ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ബുദ്ധമത പ്രചാരണം ശക്തിപ്പെടുന്നു

സംസ്ഥാനത്ത് ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ബുദ്ധമത പ്രചാരണം ശക്തിപ്പെടുന്നു. ദലിതരുടെ പൊതുമതമായി ബുദ്ധമതത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.
പലതട്ടുകളിലായി വിഭജിച്ച് നില്‍ക്കുന്ന ദലിതരുടെ ഇടയില്‍ ബുദ്ധമതത്തോടുള്ള സമീപനത്തില്‍ ഏകാഭിപ്രായം ഉരുത്തിരിഞ്ഞിട്ടുണ്ട്. മിക്കവാറും എല്ലാ ദലിത് സംഘടനകളും  ബുദ്ധമതത്തെ ആസ്പദമാക്കിയുള്ള ആത്മീയത പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ച് കഴിഞ്ഞു.
ഡി.എച്ച്.ആര്‍.എം ദലിതര്‍ക്കിടയില്‍ ബുദ്ധമത പരിവര്‍ത്തനം വ്യാപകമാക്കുന്നുമുണ്ട്. അംബേദ്കറിസ്റ്റുകള്‍ മുമ്പുതന്നെ  ബുദ്ധമത പ്രചാരണം നടത്തിയിരുന്നു. ഈ പാത മറ്റ് ദലിത് വിഭാഗങ്ങളും പിന്തുടരുകയും മതപരിവര്‍ത്തനമടക്കം നടപടിയുമായി ഡി.എച്ച്.ആര്‍.എം എത്തുകയും ചെയ്തതോടെയാണ് ബുദ്ധമതം ദലിതര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.  ദലിതുകളില്‍ പുതിയ സ്വത്വബോധം പകരുകയാണ് ബുദ്ധമത പ്രചാരണത്തിലൂടെ  സംഘടനകള്‍ ഉന്നംവെക്കുന്നത്.
തങ്ങളുടെ അംഗങ്ങളെ മുഴുവന്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകഴിഞ്ഞതാണ് ഡി.എച്ച്്.ആര്‍.എം അവ കാശപ്പെടുന്നത്. കൃത്യമായ ആചാരാനുഷ്ഠാനങ്ങളും ഇവര്‍ നിഷ്കര്‍ഷിക്കുന്നുണ്ട്്. കുഞ്ഞുങ്ങളുടെ അരഞ്ഞാണം കെട്ടല്‍ ജന്മപൂര്‍ണിമയായും ചോറൂണ് ‘ഇല്ലം ചേരല്‍’ എന്ന ചടങ്ങായും എഴുത്തിനിരുത്തല്‍ ‘വരമൊഴി’ ചടങ്ങായുമാണ് ഇവര്‍ നടത്തുന്നത്. വരമൊഴി ദിനമായി അയ്യങ്കാളി ജന്മദിനമായ ആഗസ്റ്റ് 28 നാണ് ആചരിക്കുന്നത്. അതേസമയം, വിജയദശമി ഹിന്ദു ആചാരമായതിനാല്‍ അതിനെ പൂര്‍ണമായും തിരസ്കരിക്കുന്നു.
വിവാഹത്തിന് ‘ചേരല്‍’ എന്ന ചടങ്ങാണ് നടത്തുന്നത്. ഒരു സമുദായത്തില്‍പ്പെട്ടവര്‍ അതേ സമുദായാംഗത്തെ വിവാഹം കഴിക്കുന്നതിനെ ഡി.എച്ച്.ആര്‍.എം നിരുത്സാഹപ്പെടുത്തുന്നുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കും പ്രത്യേക ആചാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ചടങ്ങുകള്‍ക്കും ബുദ്ധ പുരോഹിതരാണ് കാര്‍മികത്വം വഹിക്കുക.
ബുദ്ധ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച  പഗോഡകളിലാണ് ആരാധന. മറ്റ് സംഘടനകള്‍ ബുദ്ധമത പരിവര്‍ത്തനം നടത്തുന്നില്ലെങ്കിലും ബുദ്ധനെ ആരാധിക്കുന്നത് സാര്‍വത്രികമാക്കിയിട്ടുണ്ട്. താനും അനുയായികളും ബുദ്ധനെ ആരാധിക്കുന്നവരാണെന്ന് ചെങ്ങറ സമരസമിതിയായ സാധുജന വിമോചന സംയുക്ത വേദി പ്രസിഡന്‍റ് ളാഹ ഗോപാലന്‍ മാധ്യമത്തോട് പറഞ്ഞു. അതേസമയം, മതപരിവര്‍ത്തനം തങ്ങള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദലിതരുടെ കൂട്ടായ മതമെന്നനിലയില്‍ ബുദ്ധമത പ്രചാരണം ദലിതര്‍ക്കിടയില്‍ ശക്തിപ്പെട്ടിട്ടുണ്ടെന്ന് ദലിത് ആദിവാസി മുന്നേറ്റ സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോനും പറഞ്ഞു. ബുദ്ധമതത്തിലെ സമനീതി എന്ന ആശയത്തിലൂടെ നഷ്ടമായ സ്വത്വബോധം വീണ്ടെടുക്കലാണ് ദലിതര്‍ ചെയ്യുന്നതെന്നും കൊയ്യോന്‍ പറഞ്ഞു.
പുഴുക്കളെ പോലെ ഹിന്ദുമതത്തില്‍ കഴിഞ്ഞവരാണ് ദലിതുകളെന്നും അതില്‍ നിന്നുള്ള മോചനമാണ് ബുദ്ധമത സ്വീകരണത്തിലൂടെ നടത്തുന്നതെന്നും ഡി.എച്ച്്.ആര്‍.എം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് അംഗം സെലീന പ്രക്കാനം പറഞ്ഞു.
ആദി ദ്രാവിഡ സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കാണിതെന്നും സെലീന പറയുന്നു. ഡി.എച്ച്.ആര്‍.എം അംഗങ്ങളായ 25,000 ത്തോളം കുടുംബങ്ങള്‍ സംസ്ഥാനത്ത് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും പ്രതിദിനം ആയിരത്തോളം മത പഠനക്ളാസുകള്‍ നടക്കുന്നുണ്ടെന്നും സെലീന പറഞ്ഞു. സാംബവ മഹാസഭ, കെ.പി.എം.എസ് തുടങ്ങിയ സംഘടനകള്‍ക്കും ബുദ്ധമതത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിലാണ്.
 ബിനു. ഡി

Google+ Followers

Blogger templates

.

ജാലകം

.