ടിന്റുമോന്‍ ആരുടെ സൃഷ്ടിയാണ് ?

"എ" ഫോര്‍ ആപ്പിള്‍ എന്നുപറയുന്നതുപോലെ "ടി" ഫോര്‍ ടിന്റുമോന്‍ എന്ന് മലയാളികള്‍ ഉപയോഗിച്ചു തുടങ്ങിയതായാണ് ടിന്റുമോന്‍ പ്രസാധകരുടെ സാക്ഷ്യം. "മലയാളികളുടെ എസ്എംഎസ് ഹീറോ", "രസിക കേസരി" തുടങ്ങി നിരവധി പട്ടങ്ങളാണ് ടിന്റുമോനില്‍ ചാര്‍ത്തിയിരിക്കുന്നത്. ടിന്റുമോന്‍ തമാശകളുടെ ജനപ്രിയതയാണ് മുന്നേ ചൊല്ലിവച്ചത്. ടിന്റുമോന്‍ ഈ അവാര്‍ഡുകളെല്ലാം വാങ്ങിക്കൂട്ടുമ്പോള്‍ "പുതിയ കാലഘട്ടത്തിന്റെ താര"മെന്ന നിലയില്‍ ടിന്റുമോന്റെ ജനപ്രീതി വിശകലനം അര്‍ഹിക്കുന്നത് തന്നെയല്ലെ? ടിന്റുമോന്‍ ആരുടെ സൃഷ്ടിയാണെന്ന് ആര്‍ക്കുമറിയില്ലെന്നാണ് ടിന്റുമോന്‍ ജോക്സിന്റെ പ്രസാധകരായ H&C പബ്ലിഷിങ് ഹൗസ് പറയുന്നത്. ഈ "പിതൃശൂന്യത" തന്നെയാണ് പ്രാഥമികമായി വിലയിരുത്തപ്പെടേണ്ടതും. ബോബനും മോളിക്കും ഉണ്ണിക്കുട്ടനും എല്ലാം ജന്മം നല്‍കിയവരാരാണെന്ന് നമുക്ക് അറിയാവുന്നതുകൊണ്ട് അവരുടെ നര്‍മം ആസ്വദിക്കുന്നതോടൊപ്പം അവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ കുറഞ്ഞപക്ഷം നമുക്ക് പരാതിപ്പെടുകയെങ്കിലും ചെയ്യാം. എന്നാല്‍ ടിന്റുമോന്റെ കാര്യത്തില്‍ അത് സാധ്യമല്ല. പക്ഷേ, ഒറ്റ ജനയിതാവിനെ സൂചിപ്പിക്കുന്ന വിധത്തില്‍ ടിന്റുമോന്‍ തമാശകള്‍ക്ക് ചില സാമാന്യരൂപം കണ്ടെത്താനാവും

പലര്‍ കൂടിനിര്‍മിച്ച തമാശകള്‍ക്ക് എങ്ങനെ ഒരു സാമാന്യരൂപം കൈവരുന്നു എന്നന്വേഷിക്കുമ്പോഴാണ് സമൂഹത്തില്‍ വിശിഷ്യാ യുവതലമുറയില്‍ രൂപം കൊള്ളുന്ന പുതിയ പ്രതിലോമ മൂല്യബോധങ്ങള്‍ക്ക് ഇതില്‍ നിശ്ചയമായും ഒരു ഭാഗധേയം ഉണ്ടെന്ന് കണ്ടെത്താനാവുക. അതായത് ടിന്റുമോന്റെ പിതൃത്വം അന്വേഷിച്ച് ഒരു ഡിഎന്‍എ ടെസ്റ്റ് നടത്തുകയാണെങ്കില്‍ അത് തീര്‍ച്ചയായും നവഉദാരവല്‍കരണത്തിന്റെ സാംസ്കാരിക ഭൂമികയില്‍ തന്നെയാവും ചെന്നെത്തുക. അതുകൊണ്ട് ഏത് തമാശയും ടിന്റുമോന്റെ പേരില്‍ ചെലവാകില്ലെന്നര്‍ഥം. ഉദാരവല്‍കരണത്തിന്റെ ചില മിനിമം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമ്പോഴാണ് ഒരു ജോക്ക് ടിന്റുമോന്‍ ജോക്ക് എന്ന വിഭാഗത്തിലേക്ക് "ക്വാളിഫൈ" ചെയ്യപ്പെടുക എന്നു കാണാം. പൊതുവില്‍ അവയെ ഇങ്ങനെ തിരിക്കാം: കഴുത്തറപ്പന്‍ ഉപയുക്തതാവാദം, തികഞ്ഞ പ്രായോഗികമതിത്വം, ബന്ധങ്ങളോ (അച്ഛന്‍ അമ്മ മുത്തച്ഛന്‍ മുത്തശ്ശി, ഗുരുനാഥന്‍)ടുള്ള നിരാസം, മഹത് വ്യക്തികളോടും മഹത്വത്തോടുമുള്ള അവഹേളനം, പ്രായത്തിനു ചേരാത്ത ലൈംഗികത പ്രയോഗങ്ങള്‍ , പ്രണയത്തിലെ പ്രായോഗികവാദം തുടങ്ങി സൂക്ഷ്മവിശകലനത്തില്‍ തെളിഞ്ഞുവരുന്നത് അകംപൊത്തായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സമകാലിക ദുരന്തമുഖങ്ങള്‍ തന്നെയാണ്്. തമാശകള്‍ക്ക് മാംസവും മജ്ജയും നല്‍കുന്ന സാമൂഹിക വിമര്‍ശനം എന്ന ഘടകം ടിന്റുമോന്‍ തമാശകളില്‍ തൊട്ടുതീണ്ടിയിട്ടില്ല. അതുകൊണ്ട് യാതൊരു "കോപ്പിറൈറ്റും" അവകാശപ്പെടാത്ത നിഷ്കളങ്കവും നിര്‍ദോഷകരവുമായ ഫലിതങ്ങള്‍ എന്ന പ്രസാധകരുടെ അവകാശവാദം ശരിയല്ല എന്ന് കണ്ടെത്താനാവും. ലോകത്തെ കമ്പോളമായിക്കാണുന്ന, ഉപഭോഗത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറന്നിട്ടുകൊണ്ടിരിക്കുന്ന, ബന്ധങ്ങളേയും മൂല്യങ്ങളേയും വലിച്ചെറിഞ്ഞ് ഉപയുക്തതാവാദത്തിന് കീഴ്പ്പെട്ട് സ്വാര്‍ഥമതികളായി ജീവിക്കാന്‍ ഉദ്ഘോഷിച്ചു കൊണ്ടിരിക്കുന്ന പുതിയ മൂലധന പ്രയോക്തതയ്ക്കു തന്നെയാണ് അതിന്റെ "കോപ്പിറൈറ്റ്". അതിന്റെ നവലിബറല്‍ ആശയങ്ങളോട് തന്നെയാണ് അത് കടപ്പെട്ടിരിക്കുന്നതും.

ടിന്റുമോന്റെ ബയോഡേറ്റ ഇങ്ങനെയാണ് പ്രസാധകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പേര് - ടിന്റുമോന്‍
ഡാഡി മമ്മിയുടെ ഒറ്റ പുത്രന്‍
പഠിക്കുന്നത് - നഴ്സറിയില്‍
എല്‍കെജി-ബി
ഇഷ്ടവിനോദം - കുറുമ്പ്
പ്രധാന ആയുധം - ബെല്ലും ബ്രേക്കുമില്ലാത്ത നാക്ക്
അതുകൊണ്ട് എല്‍കെജി ക്കാരനായ ടിന്റുമോന് എന്തും പറയാം. വേണ്ട, ഇനി തുടര്‍ന്ന് സ്കൂളില്‍ എത്തി എന്നുതന്നെ കരുതുക. ടിന്റുമോന്റെ പ്രയോഗങ്ങളുടെ എരിവും പുളിയും ഒന്നുവേറെ തന്നെ.

ദുബായിലുള്ള അമ്മയ്ക്ക് ടിന്റുമോന്‍ കത്തെഴുതി

"മമ്മി വരുമ്പോള്‍ എന്തായാലും ഒരു ബെഡ് കൊണ്ടുവരണം. എക്സ്ട്രാ ബെഡ് ഇല്ലാത്തതിനാല്‍ ഡാഡിയും വേലക്കാരിയും ഇപ്പോള്‍ ഒരു ബെഡിലാ കിടക്കുന്നത്. .......



ടിന്റുമോന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നത് കണ്ടപ്പോള്‍
അച്ഛന്‍ : എന്താടാ നോക്കുന്നത്?
ടിന്റു: ശ്ശ്.... മിണ്ടല്ലേ- ജോലിക്കാരി നമ്മുടെ സോപ്പെടുത്ത് കുളിക്കുന്നുണ്ടോന്നു നോക്കുവാ...

ടീച്ചര്‍ : ഈ വാചകം മലയാളത്തിലാക്കൂ... I Saw  a Film yesterday.
. ടിന്റുമോന്‍ : ഞാനിന്നലെ "എ" പടം കണ്ടു. ......
ടീച്ചര്‍ : കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ കക്ഷത്തില്‍ എന്തായിരുന്നു
ടിന്റുമോന്‍ : അതുപറയാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല ടീച്ചര്‍ .

മൃദുലൈംഗികത യുടെ മാര്‍ക്കറ്റ് നല്ലവണ്ണം തിരിച്ചറിഞ്ഞവനാണ് ടിന്റു. ഇന്ന് സകല മാധ്യമങ്ങളുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനങ്ങളില്‍ ഒന്ന് ഈ special box  ഐറ്റങ്ങളാണ്. ഇത് ടിന്റുമോനിലും പ്രകടമാണ്. ഒരു യുവാവില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലുമേറെ ദ്വയാര്‍ഥപ്രയോഗങ്ങളും അന്തരാര്‍ഥ പ്രയോഗങ്ങളും ഈ എല്‍കെജിക്കാരന് സുസാധ്യം. സമകാലീന മാധ്യമ വാര്‍ത്തകളില്‍ എല്‍കെജി വിദ്യാര്‍ഥികള്‍ പോലും ഇരകളും പ്രതികളുമാവുന്നുണ്ടെന്നത് നാം ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

കഴുത്തറുപ്പന്‍ ഉപയുക്തതാവാദത്തിനും പ്രായോഗികവാദത്തിനും സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിക്കുന്നതിനെയാണ് പലപ്പോഴും നാം "തമാശ" എന്ന് അറിയാതെ പേരിട്ട് വിളിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ കെട്ട നൈതികത തന്നെയാണ് ടിന്റുമോന്‍ തമാശകളുടെ ആന്തരികസത്ത. ചില ഉദാഹരണങ്ങള്‍ . ടിന്റുമോന്‍ തമാശകളുടെ പ്രത്യയശാസ്ത്രം സങ്കടക്കടലില്‍ അപൂര്‍വമായെത്തുന്ന ആശ്വാസത്തിന്റെ തിരമാലകളായിരുന്നു നമുക്ക് തമാശകള്‍ . ചിരിയുടെ വേലിയേറ്റം സൃഷ്ടിക്കുന്ന ആ നൈമിഷിക ആഹ്ലാദത്തില്‍ ജീവിതപ്രയാസങ്ങളത്രയും മറന്നുകൊണ്ട് ഹൃദയത്തില്‍ നിന്ന ്ഒരു നിറകണ്‍ചിരി വിടരുക തന്നെ ചെയ്യും. കാലത്തില്‍നിന്ന് കാലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുണ്ടായിരുന്ന ആ തമാശകളുടെ പ്രാഥമികമായ യോഗ്യത ഈ ജീവിതഗന്ധം തന്നെയായിരുന്നു. നമ്പൂതിരി ഫലിതങ്ങളിലും സര്‍ദാര്‍ജി തമാശകളിലും എന്തിനേറെ "സീതിഹാജി" തമാശകളില്‍ വരെ ഈ ജീവിതഗന്ധം ഒരു ഗ്രാമവീഥിയിലൂടെ നടക്കുമ്പോഴെന്ന പോലെ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് തിരിച്ചറിയാനാവും. ഈ തമാശകളില്‍ പ്രത്യക്ഷാര്‍ഥത്തില്‍ തന്നെ നിലനില്‍ക്കുന്ന കീഴാള വിരുദ്ധത; സ്ത്രീവിരുദ്ധത; മതവിവേചനം എന്നിവയൊന്നും കാണാതെയല്ല ഇതു കുറിക്കുന്നത്. എങ്കിലും സാധാരണ മനുഷ്യന്റെ ജീവിതത്തോട് നേരിട്ട് സംവദിക്കുന്ന സവിശേഷമായ എന്തോ ഒന്ന് അവയില്‍ നിശ്ചയമായും ഉണ്ടായിരുന്നു. അവന്റെ എണ്ണമറ്റ ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ ആ തമാശകള്‍ സ്വയം ഇടം കണ്ടെത്തിയത് അങ്ങനെയായിരുന്നു.

ഇംഗ്ലീഷില്‍ "ബ്ലാക് ഹ്യൂമര്‍" എന്നറിയപ്പെടുന്ന "കറുത്ത ഹാസ്യം" ആണ് തമാശകളുടെ ലോകത്ത് ചിരിക്കാനുംഅതിലേറെ ചിന്തിപ്പിക്കാനും വഴിയൊരുക്കിയത്. കുറിക്കുകൊള്ളുന്ന ഒരു കറുത്ത ഹാസ്യത്തിന് ജീവിത ക്ലിഷ്ടതകളെ നേരിട്ടുകൊണ്ടുതന്നെ ഒരു പ്രതിബോധം ഉയര്‍ത്തിവിടാനുള്ള അസാമാന്യമായ ഒരു കരുത്തു തന്നെയുണ്ടായിരുന്നു. ആമ്പലിന്റെ ചിരിപോലെ അതിന്റെ വേരു പടര്‍ന്നു നില്‍ക്കുന്ന ചേറിന്റെ കരുത്തില്‍നിന്നു തന്നെയായിരുന്നു ഓരോ കറുത്ത ഹാസ്യത്തിന്റെയും പിറവിയും. ചാര്‍ലി ചാപ്ലിന്റെ കണ്ണീരണിഞ്ഞ ജീവിതവും നമ്മെ പഠിപ്പിക്കുന്ന പാഠം മറ്റൊന്നല്ലല്ലോ. ..... അതെ; ടിന്റുമോന്‍ ഒരു കണ്ടുപിടിത്തം തന്നെയാണ്. പത്തു വര്‍ഷം മുമ്പില്ലാതിരുന്ന ഒരു കണ്ടുപിടിത്തം. അഥവാ പത്തുവര്‍ഷത്തിലേറെയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരവല്‍ക്കരണത്തിന്റെ സാംസ്കാരിക സൃഷ്ടി തന്നെയാണ് "ടിന്റുമോന്‍". ആഗോളവല്‍ക്കരണത്തിന്റെ പ്രയോക്താക്കള്‍ ഏതെങ്കിലും താല്പര്യത്തോടെ  ഒരു കഥാപാത്രത്തെ ജനങ്ങളിലേക്കു സന്നിവേശിപ്പിച്ചു എന്നല്ല

ടിന്റുമോന്‍ തമാശകളുടെ സൃഷ്ടി നടത്തുന്നവരില്‍ അവരറിഞ്ഞോ അറിയാതെയോ അവര്‍ വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ സാംസ്കാരിക സ്വാധീനം സ്പഷ്ടമാണ് എന്ന അര്‍ഥത്തിലാണ് ഇങ്ങനെയൊരു വാദം മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് ടിന്റുമോന്‍ തമാശകളില്‍ സാമൂഹിക വിമര്‍ശനത്തിന്റെ ചോര്‍ച്ച സംഭവിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേവല കൗതുകത്തിന്റെ സമയംകൊല്ലി ചിരിക്കപ്പുറം ടിന്റുമോന്റെ ഹാസ്യത്തിന് സമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനാവില്ല.
 വി കെ ദിലീപ്

Blogger templates

.

ജാലകം

.