വളര്‍ത്താനോ കൊല്ലാനോ



എല്ലാ നായരും എന്‍.എസ്.എസിന്‍േറതല്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒരു മുഴുനായരായി എന്‍.എസ്.എസ് അംഗീകരിച്ചിട്ടില്ല. ശശി തരൂരാകട്ടെ, ദല്‍ഹി നായരോ ലണ്ടന്‍ നായരോ ആണവര്‍ക്ക്. മാതൃകാ നായര്‍ രമേശ് ചെന്നിത്തലയാണ്. എന്നാല്‍, എന്‍.എസ്.എസ് രമേശിനെ ചേര്‍ത്തുപിടിക്കുന്നത് വളര്‍ത്താനോ അതോ കൊല്ലാനോ എന്ന് അദ്ദേഹത്തിന്‍െറ അനുയായികള്‍ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നു.  വളര്‍ത്താനായിരുന്നെങ്കില്‍ നായര്‍ സമ്മേളനത്തില്‍ ജി. സുകുമാരന്‍ നായര്‍ ഈ കൊലച്ചതി ചെയ്യുമായിരുന്നില്ല. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയോ മന്ത്രിയെങ്കിലുമോ ആകാനുള്ള സാധ്യതകളാണ് സുകുമാരന്‍ നായര്‍ തന്‍െറ മഹാ സമ്മേളനത്തില്‍ കലക്കിമറിച്ചത്. സ്നേഹം കൊണ്ട് നക്കികൊല്ലുക എന്നൊരു ചൊല്ലുണ്ട്.  രമേശിനോടുള്ള സ്നേഹം കൊണ്ടാണോ സുകുമാരന്‍ നായര്‍ ഇതുചെയ്തതെന്ന് പറയേണ്ടത് രമേശ് തന്നെയാണ്. ഒരു അധികാരസ്ഥാനത്ത് ഇനി രമേശിന് മതേതര മുഖത്തോടെ ഭരിക്കാന്‍ കഴിയുമോയെന്ന് അദ്ദേഹം ചിന്തിക്കട്ടെ. സവര്‍ണ സമുദായമുദ്ര അദ്ദേഹത്തിന്‍െറ പാര്‍ട്ടിയധ്യക്ഷപദവിക്കുപോലും ഗുണകരമാകുമോ? അനുയായികള്‍ പറയട്ടെ.
കേരളത്തില്‍ സമുദായത്തെ ആശ്രയിക്കുന്ന രാഷ്ട്രീയതന്ത്രം ഇപ്പോള്‍ നാട്ടുനടപ്പാണ്. പണ്ട് അത് യു.ഡി.എഫിനു മാത്രം അവകാശപ്പെട്ട കീര്‍ത്തിമുദ്രയായിരുന്നു. പിന്നീട് ഇടതു പാര്‍ട്ടികളും ചിലപ്പോഴൊക്കെ അതു ശീലിച്ചു.  കടുത്ത മതവിരോധികള്‍ എന്നു വാഴ്ത്തപ്പെട്ട സി.പി.എമ്മിലെ ചില നേതാക്കള്‍ മാത്രമല്ല, പാര്‍ട്ടിതന്നെ ചില സാഹചര്യങ്ങളില്‍ സാമുദായികത ഉപയോഗിക്കുന്നതായ ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ നേരിടുന്ന അവസ്ഥയുണ്ട്. എന്നാല്‍, യു.ഡി.എഫിന്‍െറ മുഖമുദ്രതന്നെ സാമുദായികതയാണ്. അതിലെ പാര്‍ട്ടികളുടെയും നേതാക്കളുടെയും നിലനില്‍പുതന്നെ സാമുദായികതയില്‍ ഊന്നിയുള്ളതാണ്. മതേതര-ജനാധിപത്യ-ദേശീയ ട്രേഡ്മാര്‍ക്കോടെ അറിയപ്പെടുന്ന കോണ്‍ഗ്രസില്‍പോലും എ.കെ.ആന്‍റണിയെയോ വി.എം. സുധീരനെയോപ്പോലെ അപൂര്‍വം ചിലരെ മാറ്റിനിര്‍ത്തിയാല്‍ സമുദായത്തിന്‍െറ കൈയൊപ്പു തേടാത്ത എത്ര നേതാക്കളുണ്ട്?  എങ്കിലും അതിനൊക്കെ ഒരു മറയുണ്ടായിരുന്നു, ഇത്രയും കാലം. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകള്‍ സാമുദായികത പറയുമ്പോള്‍തന്നെ അതിന് ഒരു മര്യാദയും അന്തസ്സും പണ്ട് ഉണ്ടായിരുന്നു. അന്തസ്സോടെ മാത്രം രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്ന സംഘടനകളില്‍ ഒന്നായി എന്‍.എസ്.എസിനെ ഇടതു നേതാക്കളും ഇടക്കാലത്ത്  വിശേഷിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ സീറ്റു വിഭജനത്തില്‍ സാമുദായികത ഏറെ പ്രകടമായതാണ്.  രണ്ടു സമുദായങ്ങള്‍ സീറ്റുമുഴുവന്‍ അപഹരിച്ചതായ പരാതി അന്നേ ഉയര്‍ന്നിരുന്നു. ദലിത്, മുസ്ലിം വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. അതിനിടെ, രമേശിനെ മുഖ്യമന്ത്രിയാക്കാനുള്ള ചരടുവലി പിന്നാമ്പുറത്തു നടക്കുന്നതായി പാര്‍ട്ടിക്കുള്ളില്‍ അഭ്യൂഹം പരന്നു. ദല്‍ഹിയിലേക്കു കൊണ്ടുപോയ സ്ഥാനാര്‍ഥിലിസ്റ്റില്‍ മാറ്റം വന്നത് ഇതിന്‍െറ ഭാഗമായാണെന്നും ആരോപണമുയര്‍ന്നു.  ഈ വികാരം പ്രചാരണരംഗത്ത് ഏറെ ബാധിച്ചു. രമേശിന്‍െറ അനുയായികളായി കരുതപ്പെട്ട സ്ഥാനാര്‍ഥികളില്‍ 22 പേര്‍ ദയനീയമായി തോറ്റു. ഇത് സി.പി.എമ്മിലെ വി.എസ് മാജിക്കിനാലാണെന്ന് കോണ്‍ഗ്രസുകാര്‍ ആരും ഇപ്പോഴും വിശ്വസിക്കുന്നില്ല. രമേശിന്‍െറ മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസില്‍നിന്ന് കരുനീക്കമുണ്ടായതാണ് ഇവരുടെ പരാജയ കാരണമെന്ന് പാര്‍ട്ടിയിലെ പലരും വിശ്വസിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കാലുവാരല്‍ കോണ്‍ഗ്രസില്‍ സ്വാഭാവിക പ്രതിഭാസമാണ്. രമേശിന്‍െറ ഭൂരിപക്ഷം പോലും പ്രതീക്ഷിച്ചതിനടുത്തെങ്ങും ഉയര്‍ന്നില്ല എന്നതാണ് ചരിത്രം.
നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ ഒരു മത്സരത്തിനുള്ള സാധ്യത അതോടെ ഇല്ലാതായി. ഉമ്മന്‍ചാണ്ടി ഐകകണ്ഠ്യേന നേതാവായി. അന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ ആയിരുന്നെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് സുകുമാരന്‍ നായരായിരുന്നു.  സമ്മര്‍ദം കനത്തതായിരുന്നു. ഉപമുഖ്യമന്ത്രിപദവും ആഭ്യന്തര വകുപ്പും. അതായിരുന്നു, ആവശ്യം. രമേശിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഉമ്മന്‍ചാണ്ടി തയാറുമായിരുന്നു. എന്നാല്‍, വകുപ്പ് ആഭ്യന്തരമല്ല, റവന്യു ആയിരിക്കും. അതില്‍ എന്‍.എസ്.എസ് അസി.സെക്രട്ടറിയായിരുന്ന സുകുമാരന്‍ നായര്‍ തൃപ്തനല്ലെങ്കിലും രമേശ് തൃപ്തനായേനെ. കെ. മുരളീധരന്‍െറ മുന്‍ചരിത്രം ചൂണ്ടിക്കാട്ടി  വിലക്കിയത് രമേശിന്‍െറ സ്വന്തം അനുയായികള്‍തന്നെ. അതല്ലെങ്കില്‍ തിരുവഞ്ചൂര്‍ പുറത്തും രമേശ് റവന്യു വകുപ്പുമായി ഉപമുഖ്യമന്ത്രിപദത്തിലും എത്തുമായിരുന്നു. തിരുവഞ്ചൂര്‍ എന്‍.എസ്.എസിന് നായരല്ലാതായത് അന്നുമുതലാണ്. അദ്ദേഹത്തിന് ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പു കൊടുത്തപ്പോള്‍ അതിനെ സുകുമാരന്‍ നായര്‍ പുച്ഛിച്ചതേയുള്ളു.  നായര്‍ എന്നാല്‍ രമേശാണ് എന്‍.എസ്.എസിന്.
തന്‍െറ നിഴലായിമാറിയ നായര്‍പ്രതിച്ഛായയെ രമേശ് പില്‍ക്കാലത്ത് ഭയക്കാന്‍ തുടങ്ങിയിരിക്കണം. അദ്ദേഹം കീഴ്തലത്തിലേക്ക് ഇറങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇതര സമുദായങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാനുള്ള ഒരു ശ്രമം  ഉണ്ടായി. ദലിത് കോളനികളില്‍ രമേശിന്‍െറ തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍, പരിപാടികള്‍. മതേതര പ്രതിച്ഛായയുള്ള ഫ്ളക്സ് ബോര്‍ഡുകള്‍. ആദിവാസി വൃദ്ധകളുമായി ചേര്‍ന്നുനില്‍ക്കുന്ന മനോഹര ചിത്രങ്ങള്‍ വഴിനീളെ  നിരന്നു. രമേശ് തന്‍െറ അശ്വമേധം വിജയിപ്പിക്കുമെന്നു തോന്നിയ കാലമായിരുന്നു അത്. ഉമ്മന്‍ചാണ്ടി രണ്ടുവര്‍ഷം തികക്കുന്നതോടെ ഭരണമാറ്റമുണ്ടാകുമെന്ന പ്രചാരണവും പരക്കുന്നുണ്ടായിരുന്നു. രണ്ടുവര്‍ഷം തികയാന്‍ ഇനി മാസങ്ങളേയുള്ളു.  അതിനിടെ കെ.പി.സി.സി.പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ച്ചയായി കൂടുതല്‍ കാലം അലങ്കരിച്ചതിന്‍െറ റെക്കോഡും നേടി (രണ്ടു വട്ടത്തിലധികം പ്രസിഡന്‍റുപദവിയില്‍ തുടരരുതെന്ന് എ.ഐ.സി.സി യുടെ പുതിയ തീരുമാനമുണ്ട്). അതിനിടയിലാണ് സുകുമാരന്‍നായരുടെ മഹാസമ്മേളനം ഒരു വെള്ളിടിപോലെ ഇപ്പോള്‍ വന്നു ഭവിച്ചത്. രമേശ് കഴിഞ്ഞ ഒന്നര വര്‍ഷമായി വളര്‍ത്തിവന്ന മതേതര പ്രതിച്ഛായയിലാണ് നായരുടെ ഇടിവെട്ടേറ്റത്. ദലിത് കോളനികളും ദണ്ഡിയാത്രയുമായി ഗാന്ധിയന്‍ പരിവേഷത്തിനായി വ്രതമെടുത്തുനടന്ന രമേശിനു വേണ്ടിയാണോ സുകുമാരന്‍ നായര്‍ ഇതു പറഞ്ഞത്? ആയിരിക്കാന്‍ വഴിയില്ല എന്നാണ് കരുതേണ്ടത്.
എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കാലാകാലം നടത്തുന്ന ചില പ്രസ്താവനകള്‍ പൊതുസമൂഹത്തില്‍ തല്‍ക്കാലം ഉയര്‍ത്തുന്ന വിവാദങ്ങള്‍ മാത്രമേ ശ്രദ്ധയില്‍ വരാറുള്ളു. പിന്നീട് അത് വിസ്മൃതമായിമാറും.  അതിനിടെ, അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യം സാധിച്ചെടുക്കാനവര്‍ക്കാകും. എന്തായിരിക്കും ഈ ആവശ്യമെന്നു ചോദിച്ചാല്‍ പലതുമാകാം.  രാജ്യസഭാ സീറ്റും ലോക്സഭാ സീറ്റും കേന്ദ്രമന്ത്രിപദവും എല്ലാം അവര്‍ ചോദിക്കും. പലതും മുള്‍മുനയില്‍ നിര്‍ത്തി നേടുകയും ചെയ്യും. അതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മുതല്‍ വൈസ് ചാന്‍സലര്‍ പദവിവരെയുള്ള മറ്റു ചിലതും അണിയറയില്‍  തരപ്പെട്ടേക്കാമെന്ന് അവരുടെ ശത്രുക്കള്‍ പറയാറുണ്ട്. ഒപ്പംതന്നെ, മതസൗഹാര്‍ദത്തെപ്പറ്റിയും തോരാതെ പ്രസംഗിക്കും.
എങ്കിലും ഇതുവരെ ഇതിനൊക്കെ മറയുണ്ടായിരുന്നു. സുകുമാരന്‍ നായര്‍ക്ക് ആ മറ വേണ്ട.  പറയാനുള്ളത് വെട്ടിത്തുറന്നു പറയുന്ന ശൈലി വെള്ളാപ്പള്ളിയില്‍നിന്നു ശീലിച്ചതാകാം. ഇരുവരും ഇപ്പോള്‍ സൗഹൃദത്തിലാണ്.  സമ്മര്‍ദ തന്ത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് ആവിഷ്കരിക്കും. ഒരാള്‍ പറയുന്നതിനെ മറ്റേയാള്‍ പിന്താങ്ങും.  ഇരുവര്‍ക്കും ഒരേലക്ഷ്യം, ഒരേ ശൈലി. എന്നാല്‍, നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ചങ്കുറപ്പുമില്ല. പിന്‍സീറ്റ് ഡ്രൈവിങ്ങിലാണ് താല്‍പര്യം. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്ന മുന്നണിയോടൊപ്പം നില്‍ക്കും. വിജയത്തിന്‍െറ ക്രെഡിറ്റ് അവകാശപ്പെടും. അതിനിടെയാണ് ചില നേതാക്കളെ ഇങ്ങനെ ഓരോ പാര്‍ട്ടിയില്‍നിന്നും ദത്തെടുക്കുന്നത്.
ഈ വക തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞയാളാണ് ഉമ്മന്‍ചാണ്ടി. അതിനാലാണ്, അദ്ദേഹം ഒന്നാം വര്‍ഷം ജനസമ്പര്‍ക്കത്തിലൂടെ തന്‍െറ അധീശത്വം പാര്‍ട്ടിയില്‍ ഉറപ്പിക്കാന്‍ ശ്രമിച്ചത്.  എല്ലാ വിഭാഗങ്ങള്‍ക്കും സമ്മതനാകാനുള്ള ആ ശ്രമം കുറെയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്‍.എസ്.എസ് നേതൃത്വം നായര്‍ കാര്‍ഡിറക്കുമെന്നു കണ്ടപ്പോള്‍ നായരായ തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കി അവരുടെ വായടപ്പിക്കാനുള്ള കുശാഗ്രബുദ്ധിയാണ് ഉമ്മന്‍ചാണ്ടി കാട്ടിയത്. രമേശിന്‍െറ അനുയായികളായ വി.എസ്. ശിവകുമാറിനും സി.എന്‍. ബാലകൃഷ്ണനും വേണ്ടി പ്രഗല്ഭരായ ജി.കാര്‍ത്തികേയനെയും വി.ഡി. സതീശനെയും മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തു. അതേസമയം, ഇതൊന്നും എന്‍.എസ്.എസിന്‍െറ സമ്മര്‍ദത്താലല്ലെന്ന്  വ്യക്തമാക്കാനായി എന്നതും അദ്ദേഹത്തിന്‍െറ തന്ത്രപരമായ വിജയമാണ്. എന്നാല്‍, ആ സംഘടനയുടെ ഭൗതികാവശ്യങ്ങള്‍ അവര്‍ വിചാരിക്കാത്തത്ര മികച്ച തരത്തില്‍ നിറവേറ്റി നല്‍കുകയും ചെയ്തുവന്നു.  കൂട്ടത്തില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്ന തോന്നല്‍ ഉണ്ടാക്കാനും അദ്ദേഹത്തിന്  കഴിഞ്ഞു.
എങ്കിലും ഭരണരംഗം സാമുദായിക വര്‍ഗീയ പ്രീണനങ്ങളുടെ കളരിയായി മാറുന്നതുവഴി ഉണ്ടാകുന്ന രോഗാതുരതയാണ് കേരള രാഷ്ട്രീയം ഇന്ന് കാണുന്നത്. ഈ വക സമുദായ സംഘടനകള്‍ക്ക് ഭരണനേതൃത്വത്തിനു മുന്നില്‍ ഭീഷണി ഉയര്‍ത്താനാകുന്നത് രാഷ്ട്രീയത്തിന് ഇടക്കാലത്ത് സംഭവിച്ച മൂല്യച്യുതി തന്നെയാണ്. ഇതൊക്കെ കേരള സമൂഹം നേരിടുന്ന ഒരു വലിയ പതനത്തിന്‍െറ ലക്ഷണമായി വിലയിരുത്തപ്പെട്ടാല്‍ അതിനോടു യോജിക്കാനേ കഴിയൂ.
 വയലാര്‍ ഗോപകുമാര്‍

Blogger templates

.

ജാലകം

.