ഇന്ത്യയിലെ വിശുദ്ധ പശുക്കളില്‍ പ്രമുഖ ഇനമാണ് പട്ടാളം.

  ജവാന് ജയ് വിളിക്കാത്തവന്‍ ദേശവിരുദ്ധനായി എളുപ്പത്തില്‍ ചാപ്പകുത്തപ്പെടുന്ന കാലംകൂടിയാണിത്. ദേശാഭിമാനം തെളിയിക്കാനുള്ള കുറുക്കുവഴിയായ പട്ടാളസ്തുതിയിലെ സ്ഥിരംപംക്തി, 'നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന ധീരാത്മാവ്'  എന്ന കണ്ണുംപൂട്ടിയുള്ള സുവിശേഷമാണല്ലോ. സത്യത്തില്‍ ഇതേ ലൈനിലാണ് ബ്രിട്ടീഷ്‌രാജ് ഇന്ത്യന്‍ പട്ടാളത്തെ പോറ്റിയിരുന്നതും. എന്നുവെച്ചാല്‍ സായ്പിനുവേണ്ടി ഇന്ത്യക്കാരെ ഒതുക്കാന്‍ വിനിയോഗിച്ച ഇന്ത്യക്കാരുടേതായ കമ്പനിപ്പട്ടാളത്തെ. അതുകൊണ്ടാണ് ഗാന്ധി എഴുതിയത്, '... ഇന്നുവരെ നമുക്കുമേല്‍ വകതിരിവില്ലാതെ വെടിയുതിര്‍ക്കാനായിരുന്നു ഈ പട്ടാളം. ഇനിമേല്‍ നിലമുഴുതും കിണര്‍ കുഴിച്ചും കക്കൂസ് കഴുകിയും മറ്റും എല്ലാത്തരം നിര്‍മാണപ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടുവേണം അവര്‍ ജനങ്ങളുടെ വെറുപ്പിനെ സ്‌നേഹമാക്കി മാറ്റാന്‍' (ഹരിജന്‍, 1946 ഏപ്രില്‍ 21). അങ്ങനെ കമ്പനിപ്പട്ടാളം ഇന്ത്യന്‍സേനയായി മാറിയ വകയില്‍ സംഭവിച്ച നല്ലൊരു കാര്യം ജനാധിപത്യത്തില്‍ അവര്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടില്ലെന്നതാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന സ്ഥാപനം സൈന്യം മാത്രമാണെന്ന്, ഇതര ദേശീയസ്ഥാപനങ്ങളുടെ ജീര്‍ണത അനുഭവിച്ചുവരുന്ന പൊതുജനം വിശ്വസിക്കുന്നു.
എന്നാല്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ ചിത്രം തകരുകയായിരുന്നു. പൊതുസമൂഹത്തിലെ ജീര്‍ണതാനിര്‍മാണത്തിന്റെ അതേ വഴികളിലൂടൊക്കെത്തന്നെയാണ് പട്ടാളവും മുന്നേറുന്നത്- കൈക്കൂലിയും കുംഭകോണങ്ങളും ലൈംഗികകുറ്റകൃത്യങ്ങളും തൊട്ട് യൂദാപ്പണികള്‍ വരെ.
പക്ഷേ, വിശ്വാസപശുവല്ലേ? കേസുകള്‍ എത്ര പൊന്തിവന്നാലും ഭരണനേതൃത്വം അതൊക്കെ തന്ത്രപരമായി മൂടും. അന്വേഷണപ്രഹസനങ്ങള്‍ നടത്തി വായടപ്പിക്കും. ആ പതിവുപരിചകള്‍ കൊണ്ട് സൈന്യത്തിലെ ജീര്‍ണതകള്‍ മറയ്ക്കാനാവില്ലെന്ന പരുവത്തിലായിട്ടുണ്ട് കാര്യങ്ങള്‍. മിലിട്ടറി ക്വോട്ടയില്‍ ന്യായവിലക്ക് കിട്ടുന്ന റമ്മും ബ്രാന്‍ഡിയും ഓപ്പണ്‍ മാര്‍ക്കറ്റില്‍ മറിച്ചുവിറ്റ് ചില്ലറയുണ്ടാക്കുന്ന സാദാ പട്ടാളക്കാരനില്‍ തുടങ്ങി വന്‍കിട ആയുധക്കരാറുകളില്‍ ദല്ലാള്‍പ്പണിയെടുത്ത് കോടീശ്വരന്മാരാകുന്ന സൈനിക മേധാവികള്‍ വരെ അതിവിപുലമായ രോഗശൃംഖലയാണിന്ന് ഇന്ത്യന്‍ പട്ടാളശരീരം. റേഷന്‍, കാന്റീന്‍ നടത്തിപ്പ്, മരുന്ന്, തുണി, എണ്ണ, ഇന്ധനം, ഫാമുകള്‍, റിക്രൂട്ട്‌മെന്റ്, ഭൂമി തൊട്ട് ശവപ്പെട്ടി കുംഭകോണം വരെയുണ്ട് ജയ്ജവാന്‍ കഥകള്‍. (ജോര്‍ജ് ഫെര്‍ണാണ്ടസിന് ബോധമില്ലാത്തത് ടിയാന്റെ ഭാഗ്യം). തോളില്‍ നക്ഷത്രങ്ങളേറെയുള്ളവരെ കുടുക്കാന്‍ ഒളികാമറകള്‍ സ്വകാര്യ ഓപറേഷന്‍ നടത്തുന്ന കാലം.
ചരിത്രത്തിലാദ്യമായി ഭൂമി കുംഭകോണത്തില്‍ മൂന്ന് ലൂട്ടനന്റ് ജനറല്‍മാരും ഒരു മേജര്‍ ജനറലും വിചാരണ നേരിടുന്നു. സര്‍വീസിലുള്ള ലൂട്ടനന്റിനെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യാനിരിക്കുന്നു. പട്ടാളക്കാര്‍ക്ക് പാല്‍ വാങ്ങുന്നതില്‍ ദേശീയ കുംഭകോണം നടത്തിയ ലൂട്ടനന്റ് കേണല്‍ സജീവമായി ഡ്യൂട്ടി നിര്‍വഹിക്കുന്നു. അഴിമതിക്കുറ്റത്തിന് ബ്രിഗേഡിയര്‍ റാങ്കിനു മേലുള്ള 20 പേരെയാണ് 2001ല്‍ ശിക്ഷിച്ചത്. പെരുമാറ്റദൂഷ്യത്തിന് 10 ഓഫിസര്‍ റാങ്കുകാര്‍ കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളില്‍ പ്രത്യക്ഷകേസില്‍ പെട്ടു. കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണത്തില്‍ മൂന്ന് പട്ടാള ശിരോമണികള്‍ക്കെതിരെ സി.ബി.ഐ പ്രഥമവിവര പട്ടിക നല്‍കിക്കഴിഞ്ഞു. നാവിക സേനയുടെ മുന്‍മൂപ്പന്‍ സുശീല്‍കുമാര്‍ പെട്ടിരിക്കുന്നത് ബറാക്മിസൈല്‍ അഴിമതിയില്‍. ഇതാകട്ടെ, ജ. വെങ്കടസ്വാമി കമീഷന്‍ അന്വേഷിച്ച 15 പ്രതിരോധക്കരാര്‍ ഇടപാടുകളില്‍ ഒന്നുമാത്രം. കഴിഞ്ഞ 10 കൊല്ലത്തിനിടെ അച്ചടക്കനടപടി നേരിട്ട പടത്തലവന്മാരുടെ കണക്കു നോക്കുക- മേജര്‍ ജനറല്‍ പി.എസ്.കെ. ചൗധരിയും എം.എസ്. അഹ്‌ലുവാലിയയും 'തെഹല്‍ക' ഓപറേഷനില്‍ തുറന്നുകാട്ടപ്പെട്ടു. വി.കെ. അര്‍ജുനയും എ.കെ. ലാലും ലൈംഗികകേസില്‍ കോടതി കയറി. ബറേലി കാലാള്‍ ഡിവിഷന്‍ തലവന്‍ മേജര്‍ ജനറല്‍ ജി.ഐ. സിങ് പണംതിരിമറിക്കാണ് ശിക്ഷിക്കപ്പെട്ടത്. ലൂട്ടനന്റ് ജനറല്‍മാരായ സുരേന്ദ്രസാഹ്‌നിയും പി.കെ. രഥും പ്രോസിക്യൂട്ട് ചെയ്യപ്പെട്ടു. മേജര്‍ ജനറല്‍ സ്വരൂപ്, ലൂട്ട. ജന. അവ്‌ധേഷ് പ്രകാശ് എന്നിവര്‍ക്ക് കോര്‍ട്ട് മാര്‍ഷ്യലൊരുങ്ങുന്നു. ഇങ്ങനെ അഴിമതിയില്‍ മുങ്ങിക്കുളിച്ചും തോര്‍ത്തുണക്കിയും വിരാജിക്കുന്ന ദേശരക്ഷാ സ്ഥാപനത്തിന്റെ പുതിയ ധീരകൃത്യമാണ് ആദര്‍ശ് കുംഭകോണം.
തെക്കന്‍ മുംബൈയിലെ കണ്ണായ പ്രദേശമാണ് കൊളാബ. ലോകത്ത് ഏറ്റവുമധികം ഭൂവിലയുള്ള പ്രദേശങ്ങളിലൊന്ന്. അവിടെ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കായി ഒരു ഫ്‌ളാറ്റ് സമുച്ചയം കെട്ടാനെന്ന പേരില്‍ മിലിട്ടറി കോമ്പൗണ്ടിലാണ് ചുളുവിലക്ക് സ്ഥലമൊപ്പിച്ചത്. ആദര്‍ശ് സൊസൈറ്റിയില്‍ അംഗത്വം നേടിയാല്‍ ഫ്‌ളാറ്റ് കിട്ടും. സ്വാഭാവികമായും ഈ അംഗത്വം കൊടുക്കലും വാങ്ങലുമെല്ലാം പട്ടാളത്തിലെ ഉന്നതന്മാരുടെ പണി. അതവര്‍ ഭംഗിയായി ചെയ്തു. സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും മാത്രമല്ല, ഈ തട്ടിപ്പിന് ഒത്താശ ചെയ്യാനും മറപിടിക്കാനും ശക്തിയുള്ള പൊതുപ്രമാണികള്‍ക്കും ഫ്‌ളാറ്റുകള്‍ സമ്മാനിച്ചു. അങ്ങനെയാണിപ്പോള്‍ അശോക് ചവാന് മുഖ്യമന്ത്രിക്കസേര പോയിക്കിട്ടിയത്. മറ്റുചില നാട്ടുപ്രമാണികള്‍ക്ക് കസേരകള്‍ പോകാനിരിക്കുന്നത്. എന്നാല്‍, ഈ ദേശീയ ചതിയില്‍ വീര ജവാന്മാര്‍ക്കുള്ള ക്രിമിനല്‍ പങ്കാണ് വേണ്ടവിധം ചര്‍ച്ചചെയ്യാതിരിക്കുന്നത്.
മുന്‍ സേനാധിപന്‍ ജന. ദീപക് കപൂറില്‍ തുടങ്ങി താഴോട്ടാണ് ഈ നാടകത്തിലെ വില്ലാളിവീരഗണം. നേരത്തേതന്നെ കപൂറിന്റെ മലീമസമായ കരിയര്‍ കുപ്രസിദ്ധമാണ്. വടക്കന്‍ കമാന്‍ഡിനു കീഴില്‍ നടന്ന ഉധംപൂര്‍ ടെന്‍ഡ് കുംഭകോണം സ്വജനപക്ഷപാതപരമായി കൈകാര്യം ചെയ്ത് കീര്‍ത്തി നേടി. സുഖ്‌ന ഭൂമി കുംഭകോണത്തില്‍ സ്വന്തം പങ്ക് 'രേഖപ്പെടുത്തി'ക്കൊണ്ട് പരമകീര്‍ത്തി. ഈ മഹാനാണ്, ആദര്‍ശ് സൊസൈറ്റിയില്‍ അംഗത്വം വേണമെന്നു പറഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാറിന് നേരിട്ട് കത്തെഴുതിയത്. എന്നിട്ടിപ്പോള്‍ പറയുന്നതോ- സംഗതി കാര്‍ഗില്‍ വിധവകള്‍ക്കു വേണ്ടിയുള്ളതാണെന്ന് അറിഞ്ഞിരുന്നില്ലെന്ന്!
കെട്ടിടം പണിയുടെ നേതൃത്വം മഹാരാഷ്ട്രമേഖലയിലെ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്ങില്‍ തുടരെ വന്ന അഞ്ച് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ക്കായിരുന്നു. അവരുടെ മേലാളന്‍, പുണെയിലെ ദക്ഷിണ മേഖലാ കമാന്‍ഡര്‍. ഇപ്പറഞ്ഞ ആറു പേര്‍ക്കും ഈ തട്ടിപ്പിലുള്ള പങ്ക് ഒട്ടും യാദൃച്ഛികമല്ലെന്നു പറയുമ്പോള്‍ പിന്നെ ഇതൊരു സംഘടിത ഗൂഢാലോചനയല്ലെന്ന് എങ്ങനെ പറയും? ഇവര്‍ക്കു താഴെ സബ് ഏരിയ കമാന്‍ഡറും അഡ്മിനിസ്‌ട്രേറ്റിവ് കമാന്‍ഡറുമാണ് കഥയിലെ വാലുകളായി വരുന്നത്. വാലുകള്‍ക്ക് പട്ടാളത്തിലുള്ള ഉത്തരവാദിത്തമറിഞ്ഞാലേ ഈ ധീരജവാന്മാരുടെ പ്രകൃതശുദ്ധി തിരിച്ചറിയൂ. ഗാരിസണ്‍ സുരക്ഷയുടെയും ഔദ്യോഗിക രേഖയുടെയും സൂക്ഷിപ്പുകാരാണിവര്‍. വിധവകളുടെ ഫ്‌ളാറ്റ് അടിച്ചുമാറ്റാന്‍തക്ക 'ഇന്റഗ്രിറ്റി'യുള്ളവരില്‍ ഇപ്പറഞ്ഞ ചുമതലകളില്‍ എത്രകണ്ട് വിശ്വാസമര്‍പ്പിക്കാമെന്ന് ഊഹിക്കുക. സ്വാര്‍ഥാവശ്യങ്ങള്‍ക്കായി എന്തും ചെയ്യാന്‍ മടിക്കില്ലെന്നു തെളിയിക്കുന്ന ഈ കഥാപാത്രങ്ങള്‍ സമ്പാദിച്ച ആദര്‍ശ് ഫ്‌ളാറ്റുകള്‍ നിലകൊള്ളുന്നത് കൊളാബയില്‍ മിലിട്ടറിയുടെ തന്ത്രപ്രധാന സ്ഥാപനങ്ങളിരിക്കുന്ന മേഖലയിലാണെന്നിരിക്കെ, 'സുരക്ഷ'യുടെ കിടപ്പുവശം കൂടി അനുമാനിക്കാം.
ഇനി ഈ കളികള്‍ക്ക് ചുക്കാന്‍പിടിച്ച മറ്റൊരു സംഘത്തെ പരിചയപ്പെടുക- മേജ. ജന. ടി.കെ. കൗള്‍, ഡിഫന്‍സ് എസ്‌റ്റേറ്റ് ഒഫിഷ്യല്‍ ആര്‍.സി. ഠാക്കൂര്‍, ബ്രിഗേ. എം.എം. വാഞ്ചു എന്നിവരാണ് ഓപറേഷന്‍ ആദര്‍ശിന്റെ ആസൂത്രണവും നടത്തിപ്പുമുറയും നിര്‍വഹിച്ചത്. സുക്‌ന കുംഭകോണത്തില്‍ ഉള്‍പ്പെട്ടിരുന്നത് തേയിലത്തോട്ട ഭൂമിയായിരുന്നു. അത് കൈവശപ്പെടുത്താന്‍ പട്ടാള കമാന്‍ഡര്‍ അനുമതി കൊടുത്തപ്പോഴാണ് പുകിലായതും ഇടപാടില്‍ രണ്ട് ലൂട്ടനന്റ് ജനറല്‍മാര്‍ പ്രത്യക്ഷ തെളിവില്ലാഞ്ഞിട്ടു കൂടി പ്രതികളാക്കപ്പെട്ടതും. എന്നാല്‍, ആദര്‍ശ് കേസിലാകട്ടെ, ഭൂമി തന്ത്രപ്രധാനമായ പട്ടാള കേന്ദ്രത്തിനുള്ളിലാണ്: തട്ടിപ്പിന് പ്രത്യക്ഷ തെളിവുകള്‍ യഥേഷ്ടമുണ്ട്. പങ്കെടുത്ത പ്രമാണികളില്‍ 90 ശതമാനവും സൈനികോദ്യോഗസ്ഥരും തലതൊട്ടപ്പന്‍ ദീപക് കപൂറും. എന്നിട്ടും ഇതേവരെ കേസില്ല, പിന്നല്ലേ കോര്‍ട്ട് മാര്‍ഷ്യല്‍? ദീപക് കപൂര്‍ തനി രാഷ്ട്രീയക്കാരന്റെ മട്ടില്‍ അവതാ പറയുന്നു- വിധവക്കാര്യമറിയാതെയാണ് ഫ്‌ളാറ്റ് ഒപ്പിച്ചത്, വേണമെങ്കില്‍ അതങ്ങ് വിട്ടുകളയാമെന്ന്. ഇന്ത്യയുടെ സൈന്യാധിപനായി ഇന്നലെ വരെ തൊപ്പിവെച്ചിരുന്ന ഒരുവന്റെ അവതാപറച്ചിലാണിത്. ഇതുതന്നെയാണ് പട്ടാളമെന്ന ദേശീയ പ്രസ്ഥാനത്തിന്റെ രോഗീചിത്രത്തിനുള്ള സാര്‍ഥകമായ അടിക്കുറിപ്പ്.
അപ്പോള്‍, എവിടെയാണ് നമ്മുടെ ആദര്‍ശധീരന്‍? പ്രതിരോധമന്ത്രിയായി കരിയര്‍ ഗ്രാഫില്‍ കയറ്റം കിട്ടിയ ശേഷം പ്രധാനപണി മാഡത്തിന്റവിടെ. അതുകഴിഞ്ഞാല്‍, മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ കാര്യദര്‍ശി. അതും കഴിഞ്ഞുവേണം പട്ടാളത്തിന്റെ കാര്യമന്വേഷിക്കാന്‍. അവിടെയാണ് ആദര്‍ശം ലക്ഷണമൊത്ത കോമഡി ഷോയാകാറ്. കഴിഞ്ഞ ജനുവരിയില്‍ ആര്‍മി ഡേ ആഘോഷം. അമേരിക്കന്‍ അംബാസഡര്‍ തിമോത്തി റോമറെ അഭിസംബോധന ചെയ്തത് ആസ്‌ട്രേലിയന്‍ പ്രതിനിധിയായി. രണ്ടുതരം ആംഗലേയങ്ങളുടെ ആക്‌സന്റ് വ്യത്യാസം പിടികിട്ടിയില്ലെന്നു പറഞ്ഞാണ് പ്രതിരോധമന്ത്രിയുടെ വിശ്വാസശിരസ്സ് അന്ന് പട്ടാളമേധാവി രക്ഷിച്ചത്. പക്ഷേ, രാജ്യരക്ഷയില്‍ സര്‍ക്കാര്‍ നയം ഉപദേശിക്കാനുള്ള കോര്‍കമ്മിറ്റിയില്‍ ഇങ്ങനെ മുഖംരക്ഷിക്കാന്‍ ആളില്ല. അവിടെ ആന്റണി പതിവുപോലെ ഒരു ദീപസ്തംഭം മാത്രമാണെന്ന ആക്ഷേപത്തിന് കാലപ്പഴക്കം കൂടിവരുന്നു. ഇതേ സ്തംഭപ്രശ്‌നം അസംബന്ധ ഫലിതമാകുന്നതാണ് ആയുധക്കരാറുകളിലെ ഇക്കാല ദൃശ്യം. അഴിമതിയാരോപണം പേടിച്ച് വിദേശ ഗവണ്‍മെന്റ് റൂട്ടിലേ ആയുധ പര്‍ച്ചേസ് നടത്തൂ. എന്നുവെച്ചാല്‍, അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്‍, റഷ്യ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ റൂട്ടില്‍ മാത്രമാണ് ഇറക്കുമതി. ഈ സര്‍ക്കാറുകള്‍ക്കാകട്ടെ കരാര്‍, അവിടങ്ങളിലെ സ്വകാര്യ ഭീമന്മാര്‍ക്ക് കൈമാറും. തന്റെ കൈ ശുദ്ധമാണെന്നു വരുത്തി പ്രതിച്ഛായ കാക്കാന്‍ ആദര്‍ശധീരന്‍ നടത്തിവരുന്ന ഈ വെള്ളാനനയം വഴി രാജ്യത്തിന്റെ ഖജാനക്കുള്ള നഷ്ടം തിട്ടപ്പെടുത്തിയാല്‍, പണി വേറെയാളെ ഏല്‍പിക്കേണ്ടിവരും. കാരണം, ഓപണ്‍ മാര്‍ക്കറ്റില്‍ ടെന്‍ഡര്‍ വിളിച്ചാലല്ലേ, ചരക്കുവിലയില്‍ വിലപേശലിന് ഇടമുണ്ടാവൂ? അതടച്ചിട്ട് ഗവ. റൂട്ടില്‍ മാത്രം കച്ചോടമുറപ്പിക്കുമ്പോള്‍ കൊള്ളക്കാശ് കൊടുക്കേണ്ടിവരുന്നു, ഇന്ത്യക്ക്. ഇതാണ് പ്രതിരോധമന്ത്രിയുടെ ആദര്‍ശ ധീരതക്ക് രാജ്യം കൊടുക്കേണ്ടിവരുന്ന റിയല്‍ ടൈം വില. അടിമുടി രോഗാതുരമായ പട്ടാളത്തിന്മേല്‍ ആദര്‍ശമൗനംകൊണ്ട് അടയിരിക്കുന്ന മന്ത്രി കൂടിയായപ്പോള്‍ ജയ് ജവാന്‍ ചിത്രം പൂര്‍ണമായി.

Blogger templates

.

ജാലകം

.