വേട്ടക്കാരനൊപ്പം മുന്നേ ഓടുന്ന മാധ്യമങ്ങള്‍ ഇരക്കൊപ്പമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പക്ഷം ആവശ്യമുള്ള പ്രവര്‍ത്തനത്തില്‍ നിഷ്പക്ഷത നടിച്ചുകൊണ്ടാണ് അവയുടെ പ്രയാണം. നായക്കൊപ്പമാണോ മുയലിനൊപ്പമാണോ ഓട്ടമെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. കോര്‍പറേറ്റ് നിഷ്പക്ഷതയുടെ മുഖമുദ്രയാണിത്. വിജയകരമായ വിപണനതന്ത്രത്തിന്റെ സൂത്രവാക്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്.
വാസ്തവത്തില്‍ ഈ മാധ്യമങ്ങള്‍ക്ക് വി.എസ്. അച്യുതാനന്ദന്‍ ആരാണ്? അദ്ദേഹത്തിനുവേണ്ടിയോ അദ്ദേഹത്തോടൊപ്പമോ ആണോ ഈ മാധ്യമങ്ങള്‍ നില്‍ക്കുന്നത്? ഉത്തരം നേരേചൊവ്വേ പറയാന്‍ കഴിയാത്ത രീതിയില്‍ ചോദ്യം സങ്കീര്‍ണമാണ്. മാധ്യമങ്ങള്‍ വി.എസിനൊപ്പമാണെങ്കില്‍ അദ്ദേഹത്തിന്റെ സര്‍ക്കാറിന് ശക്തമായ മാധ്യമപിന്തുണ ലഭിക്കുമായിരുന്നു. നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിയില്ലെന്ന് എല്ലാവരും പതം പറയുമ്പോള്‍ വി.എസ് സര്‍ക്കാറിനെക്കുറിച്ച് നല്ലതൊന്നും പറയാന്‍ പത്രങ്ങള്‍ തയാറായില്ലെന്നാണ് അതിന്റെയര്‍ഥം. സി.പി.ഐ-എമ്മിനെ പരിഹസിക്കുന്ന മാധ്യമനാടകത്തിന്റെ കൊടിയടയാളം മാത്രമാണ് വി.എസ്.
സാന്റിയാഗോ മാര്‍ട്ടിന്‍ ഒരു പ്രതീകമാണ്. ലോട്ടറിയുടെ മറവില്‍ അയാള്‍ വലിയ തോതില്‍ കൊള്ള നടത്തുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ നമ്മുടെ മാധ്യമങ്ങളുടെ ഇക്കാര്യത്തിലുള്ള നിലപാടെന്താണ്? മാധ്യമങ്ങള്‍ മാര്‍ട്ടിനൊപ്പമോ അതോ, അയാളെ കുടുക്കാന്‍ ശ്രമിക്കുന്ന വി. എസിനൊപ്പമോ? വി.എസ് ആരംഭിച്ച നടപടികളുടെ പുരോഗതിയേക്കാള്‍ വി.എസിനെതിരെ പി.ബി എടുത്തതായി പറയപ്പെട്ട നടപടിയിലാണ് അവക്ക് താല്‍പര്യം. സ്വകാര്യമായി വി.എസിനെ ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് പി.ബി വിശദീകരിച്ചു. തനിക്കെതിരെ നടപടി വരുന്നതായി അറിയില്ലെന്ന് വി.എസും പറഞ്ഞു. പക്ഷേ, കാര്യങ്ങള്‍ അവിടെ അവസാനിക്കുന്നില്ല.
രഹസ്യം ചോര്‍ന്നതുകൊണ്ട് തീരുമാനം മരവിപ്പിച്ചതാണെന്ന മട്ടിലായി പിന്നീടുള്ള വാര്‍ത്തകള്‍. രഹസ്യത്തില്‍ നടന്ന കാര്യങ്ങള്‍ കൊല്‍ക്കത്തയില്‍ ഇല്ലാതിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എങ്ങനെ അറിഞ്ഞുവെന്ന ചോദ്യം തല്‍ക്കാലം ചോദിക്കാതിരിക്കാം. ഇതിലും വലിയ രഹസ്യങ്ങള്‍ ജൂലിയന്‍ അസാന്‍ജ് ചോര്‍ത്തുന്നില്ലേ എന്ന മറുചോദ്യമായിരിക്കും ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം. വിവരം ചോര്‍ത്തിയതാണെങ്കില്‍ പി.ബിയില്‍ ഒരു ഒറ്റുകാരനുണ്ടെന്ന് അനുമാനിക്കേണ്ടിവരും. വിവരദായകനെ സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടെന്ന് ഈ പംക്തിയില്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളതിനാല്‍ പേര് വെളിപ്പെടുത്തണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത സുപ്രധാനമായ വാര്‍ത്ത തീര്‍ത്തും സാങ്കല്‍പികമാണെന്ന് ഔദ്യോഗികമായി പറയുമ്പോള്‍ അത് തങ്ങളുടെ സംയുക്തസൃഷ്ടിയല്ലെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. സോഴ്‌സ്, അങ്ങനെയൊന്നുണ്ടെങ്കില്‍, പൊതുവാണെന്ന് വാര്‍ത്തയുടെ പൊതുസ്വഭാവത്തില്‍ നിന്നറിയാം.
ഏറക്കുറെ സമാനമായ രീതിയിലാണ് വാര്‍ത്തയുടെ പോക്ക്. ചോര്‍ത്തിയതല്ലെങ്കില്‍ അത് കൂട്ടായി സൃഷ്ടിക്കപ്പെട്ടതാണ്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത സ്വയം സൃഷ്ടിച്ചെടുത്തതാണെങ്കില്‍ അത് അതീവഗുരുതരമായ കുറ്റമാണ്. എന്തായാലും സത്യം അറിയാനുള്ള വായനക്കാരുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. വാര്‍ത്ത ശരിയോ? ശരിയല്ലെങ്കില്‍ സൃഷ്ടിക്കപ്പെട്ടതോ? അതുമല്ലെങ്കില്‍ ആരെങ്കിലും പ്ലാന്റ് ചെയ്തതോ?
എസ്. രാമചന്ദ്രന്‍ പിള്ളയുടെ നിഷേധം വ്യാജമാണെന്ന് തെളിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അതിന് പി.ബി യോഗത്തിന്റെ മിനിറ്റ്‌സ് ചോര്‍ത്തേണ്ടിവരും. നല്‍കപ്പെട്ട വിവരം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കപ്പെട്ട അവസ്ഥയില്‍ മാധ്യമപ്രവര്‍ത്തകര്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. വാര്‍ത്ത അവര്‍ സ്വയം സൃഷ്ടിച്ചതല്ലെന്ന് ഔദാര്യത്തോടെ വിശ്വസിച്ചുകൊണ്ടാണ് ഇപ്രകാരം പറയുന്നത്. കബളിപ്പിച്ചയാളിന്റെ ഐഡന്റിറ്റി രഹസ്യമായി നിലനിര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടോ? അനില്‍ നമ്പ്യാരുടെ മാതൃക നമ്മുടെ മുന്നിലുണ്ട്. വ്യാജരേഖ നല്‍കിയ ശോഭന ജോര്‍ജിനെ സംരക്ഷിക്കാന്‍ നമ്പ്യാര്‍ തയാറായില്ല. രേഖ വ്യാജമാണെന്ന് കേട്ടപാടേ നമ്പ്യാര്‍ പൊലീസിനോട് എല്ലാം പറഞ്ഞു. നമ്പ്യാരുടെ നടപടി ശരിയായിരുന്നുവോ എന്നത് മറ്റൊരു കാര്യം.
വിവരദായകന്റെ പേര് പരസ്യമാക്കാതിരിക്കുമ്പോഴും വാര്‍ത്തയുടെ അടിത്തറ ഭദ്രമാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. വാട്ടര്‍ഗേറ്റില്‍ ഡീപ് ത്രോട്ട് എന്ന വ്യാജനാമത്തില്‍ സോഴ്‌സിന്റെ ഐഡന്റിറ്റി സംരക്ഷിച്ചപ്പോഴും വാര്‍ത്തയുടെ അടിസ്ഥാനം 'വാഷിങ്ടണ്‍ പോസ്റ്റ്' വായനക്കാരെ ബോധ്യപ്പെടുത്തി. സംരക്ഷിക്കപ്പെടേണ്ടതായ വിശ്വാസ്യതയുടെ പ്രശ്‌നമാണത്. മുഖ്യമന്ത്രിയുടെ ഭരണപരമായ നടപടിയെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കിയത്. വാര്‍ത്തയ്ക്ക് ഒരു സിന്‍ഡിക്കേറ്റ് സ്വഭാവമുണ്ട്. അത് സിന്‍ഡിക്കേറ്റ് ചെയ്യപ്പെട്ടതോ സ്വയം സിന്‍ഡിക്കേറ്റ് ചെയ്തതോ ആകാം. എന്താണ് സംഭവിച്ചതെന്ന് വായനക്കാര്‍ അറിയേണ്ടതാണ്. തെറ്റ് പറ്റിയെങ്കില്‍ തിരുത്താവുന്നതേയുള്ളൂ. എല്ലാവരെക്കൊണ്ടും തെറ്റ് ഏറ്റുപറയിക്കാന്‍ ബദ്ധപ്പെടുന്ന മാധ്യമങ്ങള്‍ക്ക് വല്ലപ്പോഴും ഒരു ചെയ്ഞ്ചിനുവേണ്ടിയെങ്കിലും സ്വന്തം തെറ്റും ഏറ്റുപറയാവുന്നതാണ്. സെന്‍സേഷനലിസത്തിന്റെ പിന്നാലെയാണ് മാധ്യമങ്ങളുടെ ശീഘ്രഗമനം. സത്യം എന്തായാലും സൗണ്ട് ബൈറ്റിനു പൊലിമയുണ്ടാകണം. കണ്ടെഴുതിയാലും കേട്ടെഴുതിയാലും സ്വയം ബോധ്യപ്പെടലിന്‍േറതായ പ്രശ്‌നം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണം. ധര്‍മബോധത്തില്‍നിന്നാണ് ആ പ്രശ്‌നം ഉണ്ടാകേണ്ടത്. ധര്‍മബോധവും റേറ്റിങ്ങും ഒരുമിച്ചുപോവില്ല. നീര റാഡിയയുടെ പേര് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ വേദനിപ്പിക്കുന്നില്ല. എങ്കിലും ഒരു കാര്യം അവര്‍ ഓര്‍ത്തിരിക്കണം: സത്യത്തിന്റെ തെളിമയേക്കാള്‍ വലിയ പൊലിമയില്ല.
ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഒരു വട്ടം പൂര്‍ത്തിയാക്കി എംബെഡഡ് ജേണലിസത്തില്‍ എത്തിനില്‍ക്കുന്ന കാലമാണ്. ഇറാഖിലും അഫ്ഗാനിസ്താനിലും അധിനിവേശസേനക്കൊപ്പം നീങ്ങിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് ആ വിശേഷണമുണ്ടായത്. മാധ്യമപ്രവര്‍ത്തനം എല്ലാക്കാലത്തും അങ്ങനെയായിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിയറ്റ്‌നാം നല്ല യുദ്ധമായിരുന്നു. അമേരിക്കന്‍പട്ടാളം അവരെ കൂടെക്കൊണ്ടു നടക്കുകയും സംരക്ഷിക്കുകയും ചെയ്തു. പക്ഷേ പട്ടാളം പറയുന്നതു കേട്ടല്ല, അവരുടെ ടൈപ്പ്‌റൈറ്ററുകള്‍ ചലിച്ചത്.
വിയറ്റ്‌നാമിലെ യാഥാര്‍ഥ്യം എന്തെന്ന് അമേരിക്കന്‍ പ്രസിഡന്റും അമേരിക്കന്‍ ജനതയും മാധ്യമവാര്‍ത്തകളിലൂടെ അറിഞ്ഞു. ക്രൂരമായ ആ അറിവ് ക്രൂരമായ യുദ്ധത്തിനു അറുതി വരുത്തി. 'അസോസിയേറ്റഡ് പ്രസ്' ലേഖകനായിരുന്ന പീറ്റര്‍ ആര്‍ണെറ്റിനു പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചു. അതേ ആര്‍ണറ്റ് വര്‍ഷങ്ങള്‍ക്കുശേഷം ബാഗ്ദാദില്‍നിന്ന് അമേരിക്കന്‍ യുദ്ധതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ അയച്ചപ്പോള്‍ പിരിച്ചുവിടപ്പെട്ടു.
എംബെഡഡ് ജേണലിസവും സിന്‍ഡിക്കേറ്റ് ജേണലിസവും ആയാസമില്ലാത്ത ജോലിയാണ്. വാര്‍ത്തകള്‍ക്കുവേണ്ടിയും അദൃശ്യമായ ഒരു പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവിടെനിന്ന് വാര്‍ത്തകള്‍ പ്ലാന്റ് ചെയ്തുകൊണ്ടിരിക്കും. പ്ലാന്റ് ചെയ്യപ്പെടുന്ന നുണകള്‍ തഴച്ചുവളരുന്നതിന് ഈ കോര്‍പറേഷനിലും എന്‍ഡോസള്‍ഫാന്‍ പ്രയോഗമുണ്ട്. സത്യം വികലമാക്കപ്പെടുകയും ആത്യന്തികമായി കൊല്ലപ്പെടുകയും ചെയ്യുന്നു. പക്ഷേ, അതോടൊപ്പം വിശ്വാസ്യതയും ഇല്ലാതാകുന്നു. വിശ്വാസ്യതയാണ് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. കുഴിച്ചു നടക്കാന്‍ എളുപ്പമാണ്. പക്ഷേ സ്വയം കുഴിച്ച കുഴിയില്‍ നിന്നുള്ള കരകയറ്റം ദുഷ്‌കരമായിരിക്കും.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ