അബുബക്കറിന്റെ സിനിമാറിവ്യൂകള്‍ അതാതുസിനിമയുടെ പാഠങ്ങളില്‍ ഒതുങ്ങിയവയായിരുന്നില്ല. താരഗരിമയുടെ പരിണാമചരിത്രങ്ങളന്വേഷിക്കുന്നതിലും ഓരോ സിനിമയേയും അതിനുമുമ്പുവന്ന ചിത്രങ്ങളുടെ തുടര്‍ച്ചയായി വായിക്കുന്നതിലും കാലഘട്ടത്തിന്റെ സാമൂഹ്യസവിശേഷതകളെ വിശകലനം ചെയ്യുന്നതിലും ഈ പംക്തിയില്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ശ്രമത്തിന്റെ ഒരു ക്രോഡീകരണം എന്ന നിലയിലായിരുന്നു താരനിര്‍മ്മിതിയുടെ ഘടകങ്ങളേക്കുറിച്ച് അന്വേഷിക്കുന്ന തേജാഭായിയുടെ റിവ്യൂ. അതിന് ഒരു അനുബന്ധമാണ് കൃഷ്ണനും രാധയും എന്ന സന്തോഷ് പണ്ഡിറ്റ് ചിത്രത്തിനെക്കുറിച്ചുള്ള നാലുഖണ്ഡങ്ങളുള്ള ഈ പഠനം. ലേഖനത്തിലേക്ക്:
മലയാളസിനിമയിലെ ഏറ്റവും പുതിയ തരംഗമായിരിക്കുന്ന സന്തോഷ് പണ്ഡിറ്റും മലയാളസിനിമയിലെ താരങ്ങളായ മമ്മൂട്ടി മുതല്‍ ഇന്ദ്രജിത്തുവരെയുള്ളവരുമായിട്ടുള്ള സുപ്രധാനവ്യത്യാസമെന്താണ്?
ഉത്തരം - മമ്മൂട്ടി മുതല്‍ ഇന്ദ്രജിത്തു വരെയുള്ള താരസുന്ദരന്മാരുടെ തലയില്‍, ശിരോചര്മത്തില്നിന്നുരുവംകൊണ്ടതുപോലെ നിങ്ങള്‍ കാണുന്ന കേശഭാരത്തില്നിന്നു വ്യത്യസ്തമായി, സന്തോഷ് പണ്ഡിറ്റിന്റെ തലയില്‍ നിങ്ങള്‍ കാണുന്ന മുടിയിഴകളോരോന്നും സത്യമാണ്. നിങ്ങള്‍ക്കതില്‍ പിടിച്ചുവലിക്കാം. അങ്ങനെ വലിച്ചാല്‍ സന്തോഷ് പണ്ഡിറ്റ് അയ്യോ എന്നു നിലവിളിക്കും. അതു വേദനകൊണ്ടായിരിക്കും.
"മമ്മൂട്ടി മുതല്‍ ഇന്ദ്രജിത്തു വരെയുള്ള താരസുന്ദരന്മാരുടെ തലയില്‍, ശിരോചര്മത്തില്നിന്നുരുവംകൊണ്ടതുപോലെ നിങ്ങള്‍ കാണുന്ന കേശഭാരത്തില്നിന്നു വ്യത്യസ്തമായി, സന്തോഷ് പണ്ഡിറ്റിന്റെ തലയില്‍ നിങ്ങള്‍ കാണുന്ന മുടിയിഴകളോരോന്നും സത്യമാണ്. നിങ്ങള്‍ക്കതില്‍ പിടിച്ചുവലിക്കാം. അങ്ങനെ വലിച്ചാല്‍ സന്തോഷ് പണ്ഡിറ്റ് അയ്യോ എന്നു നിലവിളിക്കും. അതു വേദനകൊണ്ടായിരിക്കും."
മമ്മൂട്ടിയോ മോഹന്‍ലാലോ ഒക്കെയും നിങ്ങള്‍ അവരുടെ തലമുടിയില്‍ പിടിച്ചുവലിച്ചാല്‍ അയ്യോ എന്നുതന്നെ നിലവിളിക്കും. അതു മുടി നിങ്ങളുടെ കൈയിലിരിക്കുകയും അവര്‍ മുടിചൂടാമന്നന്മാരായി തെരുവില്‍ നില്‍ക്കുകയും ചെയ്യുന്നതിലെ നാണക്കേടു കൊണ്ടായിരിക്കുമെന്നുമാത്രം. ഗള്‍ഫിലെ ഒട്ടകങ്ങളുടെ പൂഞ്ഞയില്നിന്നു സംസ്കരിച്ചെടുത്തതോ മരിച്ചുപോയ ഏതെങ്കിലും മനുഷ്യന്റെ മൃതകേശങ്ങളുടെ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിച്ച് അതു സ്വശിരസ്സില്‍ ഞാറു നടുന്നതുപോലെ നട്ടുപിടിപ്പിച്ചോ ഉണ്ടാക്കിയതാണു മമ്മൂട്ടി മുതല്‍ ഇന്ദ്രജിത്തുവരെ കിരീടമായി അണിഞ്ഞിരിക്കുന്നതെങ്കില്‍, അതല്ല, സന്തോഷ് പണ്ഡിറ്റിന്റെ തലയിലെ തൂവലായിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത ബന്ധുക്കളാരെങ്കിലും മരിച്ചാല്‍ അവരുടെ സംസ്കാരം സമയത്തിനുനടക്കും. കാരണം, പെഴ്സണല്‍ ഹെയര്‍ ഡ്രസ്സര്‍ വന്ന് മുടിപിടിപ്പിച്ച ശേഷം മാത്രമേ മുറിക്കു പുറത്തിറങ്ങാനാകൂ എന്ന ഗതികേട് സന്തോഷ് പണ്ഡിറ്റിനെ കാത്തിരിക്കുന്നില്ല.ജഗദീഷും സിദ്ദീഖും നടിച്ച നഗരത്തില്‍ സംസാരവിഷയം എന്ന ചിത്രം നിങ്ങളില്‍ സ്മരണയുള്ളവരൊക്കെ സ്മരിക്കുന്നുണ്ടാകും. ആ ചിത്രത്തില്‍ ഫിലിംപെട്ടി ചുമക്കുന്ന ജഗദീഷിനോട് സിദ്ദീഖ് പറയുന്നു -
"നന്നായി. തലയ്ക്കു പുറത്തെങ്കിലും എന്തെങ്കിലും ഉണ്ടാകുന്നതു നല്ലതാണ്..."അതിന് ജഗദീഷിന്റെ മറുപടി:
"അതു ശരിയാ... തലയ്ക്ക് അകത്തും പുറത്തും ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ വളരെ നല്ലതാ..."സിദ്ദീഖിന്റെ തലയ്ക്കു പുറത്തും ജഗദീഷിന്റെ തലയ്ക്കകത്തും ഒന്നുമില്ലെന്ന് പില്ക്കാലത്ത് കേരള ചലച്ചിത്ര-രാഷ്ട്രീയ-സംഘടനാചരിത്രനിര്ണായകവിധിമുഹൂര്ത്തങ്ങളിലൂടെ നാമെല്ലാം കണ്ടതാണ്. അതല്ല ഇവിടെ വിഷയം. മേല്‍പ്പറഞ്ഞതുപോലെ തലയ്ക്കകത്തും പുറത്തും ഒട്ടകപ്പൂഞ്ഞയല്ലാതെ മറ്റൊന്നുമില്ലാത്ത നമ്മുടെ താരനിരയിലെ തമ്പുരാക്കന്മാരെക്കാളും തലയ്ക്കു പുറത്തെങ്കിലും എന്തെങ്കിലും ഉള്ള ഒരാളാണു സന്തോഷ് പണ്ഡിറ്റ് എന്നതു തന്നെ എന്തൊരു സന്തോഷഭരിതം... പണ്ഡിതോചിതം...
(ഒരു കാര്യം നേരത്തേ പറഞ്ഞേക്കാം. ലേഖനത്തിന് എന്തോരം നീളം കാണുമെന്നൊന്നും മുന്‍കൂട്ടി പറയാനാവില്ല. നീളത്തോടു വിരക്തിയുള്ള വായനക്കാരുണ്ടെങ്കില്, വൈക്കം മുഹമ്മദ് ബഷീര്‍ ഹുന്ത്രാപ്പി ബുസാട്ടോയില് പറഞ്ഞതുപോലെ, ഇവിടെ വായന നിര്‍ത്തിക്കോളുക... സ്റ്റോപ്പ്!)
തുടരുകയാണ്. ഈ മുടിയുടെ കാര്യത്തിലല്ലാതെ മറ്റെന്തെങ്കിലും വ്യത്യാസം താരരൂപങ്ങളും സന്തോഷ് പണ്ഡിറ്റും തമ്മിലുണ്ടോ?
ഉത്തരം - എണ്ണിപ്പറയാന്‍ കഴിയുന്ന അരഡസന്‍ വ്യത്യാസങ്ങളെങ്കിലും ഉണ്ട്.
മറ്റൊരുദാഹരണം പറയാം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ തങ്ങളെപ്പറ്റി അധികം പറയേണ്ടിവരുന്നില്ല. അതേസമയം അവരുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ നടികള്‍ അവരെപ്പറ്റി പറഞ്ഞുകൊള്ളും.
മമ്മൂക്കയ്ക്ക് അറിയാത്ത വിവരങ്ങളൊന്നുമില്ല... വല്ലാത്ത ജ്ഞാനമാണ്... നോബല്‍ പ്രൈസ് കൊടുക്കാമെന്നു പറഞ്ഞിട്ട് അങ്ങേരു വേണ്ടെന്നു പറഞ്ഞു. ക്യാമറ, കംപ്യൂട്ടര്‍ തുടങ്ങിയവയൊക്കെ കണ്ടുപിടിച്ചതു മൂപ്പരാണ്... പിന്നെ ലാലേട്ടനാണെങ്കില്‍ വല്ലാത്ത കെയറിംഗാണ്... കെയര്‍ ഫ്രീയാണ്... അഭിനയം പഠിപ്പിച്ചുതരും... അതുപോലെ, പിലാച്ചപ്പിയാണെങ്കില് ഹൊ! പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ പിലാച്ചപ്പിക്കു പഠിപ്പിക്കുന്ന രണ്ടു വലിയ പേപ്പറുകളില്‍ മൂന്നെണ്ണം ഈ ലാലേട്ടന്റെതാണ്...ഇങ്ങനെയൊക്കെ പെമ്പിള്ളേരു വച്ചുകീച്ചിക്കോളും. ലാലേട്ടനും മമ്മൂക്കയും ഇതൊക്കെ ഞമ്മളെപ്പറ്റിയാണെന്ന മട്ടില്‍ വെറുതെ നിന്നുകൊടുത്താല്‍മതി. ബാക്കി മനോരമക്കാരു ക്വട്ടേഷനെടുത്തിട്ടുണ്ട്. അവരുടെ ശിശു, ബാല, കൗമാര, യൗവ്വന, സ്ത്രീ, പുരുഷ, ഗേ, ലെസ്ബ്, മദ്ധ്യവയ്സ്ക്, വൃദ്ധ, ആബാലവൃദ്ധ, പാര്‍പ്പിട, കക്കൂസ് പ്രസിദ്ധീകരണങ്ങളിലൂടെ നീട്ടിവലിച്ച് ഈ താരപ്രബന്ധങ്ങളൊക്കെ ഇങ്ങനെ അടിച്ചുവിട്ടുകൊണ്ടിരിക്കും. എന്നിട്ടും എല്ലും പല്ലും ശേഷിക്കുന്നത് ചാനലിലൂടെ ചാര്ത്തിവിട്ടുകൊള്ളും.
സന്തോഷ് പണ്ഡിറ്റിനെപ്പറ്റി തല്ക്കാലം നടിമാര്‍
പണ്ഡിറ്റേട്ടനു ഫയങ്കര അറിവാണ്... പിന്നെ, ഫയങ്കര ബുദ്ധിയും... പിന്നെ ഫയങ്കര സൗന്ദര്യവും... പിന്നെ ഫയങ്കര... എന്നുവേണ്ട ഒരു ഫയങ്കരകിങ്കരനാണു സന്തോഷേട്ടന് ...എന്നൊന്നും പറയില്ല. അതുകൊണ്ട് സന്തോഷേട്ടന് തന്നെ തന്റെ സിനിമകളിലൂടെയും വാര്ത്താവിതരണസാദ്ധ്യതകളിലൂടെയും ഇതെല്ലാം പറയുന്നു.
"മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ തങ്ങളെപ്പറ്റി അധികം പറയേണ്ടിവരുന്നില്ല. അതേസമയം അവരുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ നടികള്‍ അവരെപ്പറ്റി പറഞ്ഞുകൊള്ളും. സന്തോഷ് പണ്ഡിറ്റിനാകട്ടെ, ഇതു സ്വയം ചെയ്യേണ്ടിവരുന്നുണ്ട്. ലഭിക്കുന്ന ഇന്റര്‍വ്യൂകളെല്ലാം ഇതിനായി സന്തോഷ് പണ്ഡിറ്റ് തന്നെ ഉപയോഗിക്കുന്നു. സിനിമയില്‍ അത് ഇതപര്യന്തമുള്ള മലയാളസിനിമയിലെ താരനായകന്മാരുടെ ശീലങ്ങളെയും ശേഷികളെയും പാരഡി ചെയ്യുന്നുണ്ട്. അഭിമുഖങ്ങളില്‍ അതു മമ്മൂട്ടി മുതല്‍ പൃഥ്വിരാജു വരെയുള്ള താരങ്ങളുടെ പുറംമോടികളുടെ പൂച്ചുകുപ്പായങ്ങളണിയുന്നു, ബോധപൂര്‍വമോ അല്ലാതെയോതന്നെ."
ഇങ്ങനെ വ്യത്യാസങ്ങളെപ്പറ്റി പറയുന്നതിലേറെയാണ് ഈ താരങ്ങളുടെയെല്ലാം പണ്ഡിറ്റുപരമായ സാമ്യങ്ങള്‍. ഒരുപരിധിവരെ മലയാളത്തിലെ എല്ലാ താരങ്ങളുടെയും സഹജസ്വഭാവങ്ങളുടെ ഒരു മിശ്രിതമാണു പണ്ഡിറ്റെന്നു പറയാം. ആ മനുഷ്യന് യഥാര്‍ത്ഥത്തില്‍ അങ്ങനെയാവണമെന്നു പോലുമില്ല. പക്ഷേ, സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന സന്തോഷ് പണ്ഡിറ്റ് എന്ന നായകനടനും അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അതേപേരുള്ള താരവും ഈ താരവൈരൂപ്യങ്ങളെ ഒരുപോലെ സ്വാംശീകരിച്ചാണു ഉണ്ടായിട്ടുള്ളത്, അഥവാ, ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. സിനിമയില്‍ അത് ഇതപര്യന്തമുള്ള മലയാളസിനിമയിലെ താരനായകന്മാരുടെ ശീലങ്ങളെയും ശേഷികളെയും പാരഡി ചെയ്യുന്നുണ്ട്. അഭിമുഖങ്ങളില്‍ അതു മമ്മൂട്ടി മുതല്‍ പൃഥ്വിരാജു വരെയുള്ള താരങ്ങളുടെ പുറംമോടികളുടെ പൂച്ചുകുപ്പായങ്ങളണിയുന്നു, ബോധപൂര്‍വമോ അല്ലാതെയോതന്നെ.മമ്മൂട്ടിയുടെ ആ സുവിദിതമായ മമ്മൂട്ടിയാണു മൂത്തത്, മലയാളസിനിമയല്ല എന്ന ഭാവം. മോഹന്‍ലാലിന്റെ സൈക്കാളജിയും ഫിലാച്ചപ്പിയും ചപ്പടാച്ചിയും. സുരേഷ് ഗോപിയുടെ ആ, ഈ ഞാന്‍ ഇതൊക്കെ എങ്ങനെ ചെയ്യുന്നു, ഓ, ഫയങ്കരം തന്നെ എന്ന വിസ്മയം. ജയറാമിന്റെ ഓ, ഇതൊക്കെ നമ്മുടെ കഴിവാണോ, എല്ലാ ദൈവം തരുന്നു, പിന്നെ, ഈ ദൈവംന്നു പറഞ്ഞാല്‍ ആരാ, ഈ ഞാന്‍ തന്നെ എന്ന വികലവിനയമന്ദഹാസവം. ദിലീപിന്റെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കുവിറപ്പിക്കല്. പൃഥ്വിരാജിന്റെ രഞ്ജിത്തു വിളിച്ചതുകൊണ്ട് ഇവിടങ്ങൊതുങ്ങേണ്ടിവന്നു, അല്ലേല്‍ ഞാനിന്ന് ഓസ്ട്രേലിയന്‍ സിനിമവഴി ഹോളിവുഡില്‍ മാര്ട്ടിന് സ്കോഴ്സസേയുടെയും ക്വിറ്റിന് റ്ററന്റിനോയുടെയും പടത്തില്‍ അഭിനയിക്കേണ്ടതായിരുന്നു എന്ന ഭാവം. ഇതിനെയെല്ലാം ഒരു ശ്രീനിവാസത്തോടു കലര്‍ത്തിയ അവസ്ഥയാണ് പണ്ഡിറ്റ് ഉപയോഗപ്പെടുത്തുന്നത്. ഒപ്പംതന്നെ, ഇതേ ശ്രീനിവാസന്റെ, ഇന്നു ഞാന്‍ പതിനഞ്ചു സെന്റിമീറ്റര്‍ തമാശയേ പറഞ്ഞിട്ടുള്ളൂ, നേരമിരുട്ടുന്നതിനു മുന്‍പ് ഒരു ഏഴു സെന്റിമീറ്റര്‍ തമാശകൂടി പറയണം എന്ന ഭാവവും കൂടി അണിയുന്നതോടെ പണ്ഡിറ്റ് പൂര്‍ണമാകുന്നു.
ഇപ്പോള്‍ താരമായിക്കൊണ്ടിരിക്കുന്ന അനൂപ് മേനോന് തുടക്കകാലത്ത്, താനങ്ങനെ ചുമ്മാ പാര്‍ട്ടിയൊന്നുമല്ല എന്നും ഡിഗ്രിക്ക് റാങ്കുണ്ടായിരുന്നു എന്നും പറഞ്ഞത് ഓര്‍ക്കുക. മലയാളസിനിമയിലെ തമ്പുരാക്കന്മാരില് മിക്കവരും സംവിധായകരില്‍ ഏതാണ്ടെല്ലാവരുംതന്നെ കേസില്ലാവക്കീലന്മാരും കഷ്ടിച്ച് പ്രീഡിഗ്രി പാസായവരും ആണെന്ന കാര്യം ഒരു സത്യമാണ്. വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല. പക്ഷേ, ആറുമാസത്തെ മെക്കാനിക്കല്‍ ഡിപ്ലോമ പഠിച്ചവന് എഞ്ചിനിയറിംഗ് പഠിച്ചു എന്നു ബയോഡേറ്റയില്‍ വയ്ക്കുന്നതും മറ്റും സത്യമാണ്. അതുപോലെ, ബിരുദാനന്തരബിരുദവും എംഫിലും തിയറിജ്ഞാനവും ഇംഗ്ലീഷും അറിയാവുന്ന ഉണ്ണിക്കൃഷ്ണന് ബി വന്നപ്പോള്‍, നേരിട്ടുമുട്ടാന്‍ പറ്റില്ലെന്നു മനസ്സിലാക്കി, രാജാവാക്കിയതും ശ്രദ്ധിക്കുക. എന്നുമാത്രമോ, പൂര്ണചന്ദ്രനുദിക്കുമ്പോള് മറ്റ് ഊളന്മാരോടൊപ്പം ചേര്‍ന്ന്, നിറം നീലയാണെന്നോര്ക്കാതെ അളിയനും കൂവുന്നതും നാം കാണുന്നില്ലേ...
സന്തോഷ് പണ്ഡിറ്റ് എന്ന ഒരു നിര്‍മ്മിതിയാണെങ്കില്‍ ആ നിര്‍മ്മിതിയുടെ പണിശാല മലയാളസിനിമ തന്നെയാണ്. കൃഷ്ണനും രാധയും എന്ന സിനിമയും സന്തോഷ് പണ്ഡിറ്റ് എന്ന താരവും അതുകൊണ്ടുതന്നെ ഓരോ ഇഞ്ചിലും മലയാളസിനിമയുടെ പ്രേതരൂപമായി മാറുകയും ചെയ്യുകയാണ്.
സന്തോഷ് പണ്ഡിറ്റ് ഒരു വിഡ്ഢിയാണോ ഭ്രാന്തനാണോ എന്നൊക്കെയും ചര്‍ച്ച നടക്കുന്നുണ്ട്. ഇദ്ദേഹം ഒരു വിഡ്ഢിയാണെങ്കില്‍, ഭ്രാന്തനാണെങ്കില്‍ അതു തുടര്‍ച്ചയായി മലയാളസിനിമകള്‍ കണ്ടതുകൊണ്ടു സംഭവിച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതല്ല, ഒരു അതിബുദ്ധിമാനാണെങ്കില്‍, മലയാളസിനിമയെ ഏറ്റവും നന്നായി, മലയാളിപ്രേക്ഷകന്റെ ഇച്ചീച്ചിശീലങ്ങളെ ഏറ്റവും ആഴത്തില്‍ മനസ്സിലാക്കി, ബുദ്ധികൊണ്ട് അദ്ദേഹം നടത്തിയ വ്യായാമമാണ് കൃഷ്ണനും രാധയും.
സന്തോഷ് പണ്ഡിറ്റിനെ കൊല്ലാന്‍ വരുന്ന കൊട്ടേഷന്‍ സംഘത്തെ ശ്രദ്ധിക്കുക. വാര്‍ത്താചാനലുകളിലെ വകതിരുവുകേടായ ഷാനി പ്രഭാകര്‍, ഒപ്പം, എം നിഷാദ്, സോള്‍ട്ട് ആന്റ് പെപ്പറില്‍ അഭിനയിച്ചതോടെ താനൊരു സംഭവമായി മാറി എന്നു കരുതുന്ന ബാബുരാജ്. പണ്ഡിറ്റ് ചില ചിത്രങ്ങളെപ്പറ്റി പറയുമ്പോള്‍ ഷാനി ചോദിക്കുന്നു, താങ്കള്‍ ഈ സിനിമകളൊക്കെ കണ്ടിട്ടുണ്ടോ... ബാബുരാജ് അടുത്തിരിക്കുന്ന ഡോക്ടറോടു ചോദിക്കുന്നു - ഇയാള്‍ക്കു വല്ല ഭ്രാന്തുമുണ്ടോ... ആ ഡോക്ടറെ മനുഷ്യമൃഗം, ഡാലിയ എന്നീ ചിത്രങ്ങള്‍ കാണിച്ചാല്‍ ഒന്നുകില്‍ അയാള്‍ക്കു വട്ടാകും, അല്ലെങ്കില്‍ അയാള്‍ ബാബുരാജിനെ ചങ്ങലക്കിടാനും ഷോക്കുകൊടുക്കാനും പ്രിസ്ക്രിപ്ഷന് പാഡിലെഴുതും.
"സന്തോഷ് പണ്ഡിറ്റ് എന്ന ഒരു നിര്‍മ്മിതിയാണെങ്കില്‍ ആ നിര്‍മ്മിതിയുടെ പണിശാല മലയാളസിനിമ തന്നെയാണ്. കൃഷ്ണനും രാധയും എന്ന സിനിമയും സന്തോഷ് പണ്ഡിറ്റ് എന്ന താരവും അതുകൊണ്ടുതന്നെ ഓരോ ഇഞ്ചിലും മലയാളസിനിമയുടെ പ്രേതരൂപമായി മാറുകയും ചെയ്യുകയാണ്."
ബാബുരാജ് പറയുന്നു, ഒരാള്‍ ചുമ്മാ വന്ന് അങ്ങനെ സംവിധായകനാകുന്നതെങ്ങനെയാണ്? അയാളാദ്യം ക്ലാപ്പ് ബോയിയായി തുടങ്ങി, പിന്നെ, നാലാം അസിസ്റ്റന്റായി നിന്ന് പടിപടിയായി കയറി, അവസാനം അസോസിയേറ്റായി, ഒടുക്കം വേണം സംവിധായകനാകാന്‍ എന്ന്. ഈ പറച്ചിലിന്റെ മറ്റൊരു തരമാണ് സംഘടനാതലത്തില്‍ സിനിമാക്കാര് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. ഒരാള്‍ സാങ്കേതികപ്രവര്‍ത്തകനാകാന്‍ അവര്‍ ബാബുരാജ് പറഞ്ഞ നിബന്ധനകളാണു വച്ചിരിക്കുന്നത്. ആ വെള്ളത്തിനുമീതെ സന്തോഷ് പണ്ഡിറ്റിനെപ്പോലൊരു സാധാരണക്കാരന് കെട്ടുവള്ളമിറക്കിയതുകണ്ട് വിരണ്ട് അവരിപ്പോള്‍ സെവന് ഡി ക്യാമറ നിരോധിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തരം നിരോധനങ്ങളെയൊക്കെക്കൊണ്ട് ഇവര്‍ ഈ മേഖലയെ ഒരു എക്സ്ക്ലൂസിവ് സോണാക്കിവയ്ക്കാന്‍ പയറ്റുന്ന ഒരു പണിയും നടക്കാന്‍ പോകുന്നില്ല എന്നുതന്നെയാണ് ഇനിയുള്ള കാലം തെളിയാന്‍ പോകുന്നത്. ഒരു സണ്ണിക്കുട്ടന് സ്റ്റൈലില്‍ പറഞ്ഞാല്‍, അടുത്ത ദുര്‍ഗാഷ്ടമിക്കു മുന്‍പ്, ഒന്നുകില്‍ മലയാളസിനിമ കൊല്ലപ്പെടും, മമ്മൂട്ടിയും മോഹന്‍ലാലും ആത്മഹത്യ ചെയ്യും. അല്ലെങ്കില്‍ പ്രേക്ഷകന് പിന്നെ ഒരിക്കലും തിരിച്ചുവരാനാകാത്ത വിധത്തില്‍ മുഴുഭ്രാന്തിന്റെ, ന്യൂറോസിസിന്റെയല്ല, സൈക്കോസിസിന്റെ തന്നെ പിടിയിലകപ്പെടും. അതിനു അവനെ തമിഴ്സിനിമയിലോ ബോളിവുഡിലോ ഹോളിവുഡിലോ ഒന്നും കൊണ്ടുപോയി ചികിത്സിച്ചിട്ടു കാര്യമില്ല നകുലാ... ഈ അവസ്ഥ ഒഴിവാക്കാനാണ് നാഗവല്ലിയെ സഹായിച്ച തിലകനെത്തന്നെ കൊണ്ടുവന്ന് ഉച്ചാടനം സാദ്ധ്യമാകുമോ എന്ന് രഞ്ജിത്ത് ശ്രമിക്കുന്നത്.സന്തോഷ് പണ്ഡിറ്റ് ചെയ്ത ഓരോ കാര്യത്തെയും മലയാളസിനിമയില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളുമായി ചേര്‍ത്തുകാണാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
നെഗറ്റീവ് പബ്ലിസിറ്റിയാണ് അയാള്‍ ഉപയോഗപ്പെടുത്തിയതെന്നു പറയുമ്പോള്‍, കൈയൊപ്പിനു രഞ്ജിത്ത് നല്കിയ പബ്ലിസിറ്റി നിങ്ങള്‍ ഓര്‍ക്കണം. ഇതൊരു നല്ല സിനിമയാണ്, അതുകൊണ്ട് ഈ ചിത്രം നിങ്ങള്ക്കിഷ്ടപ്പെടില്ല എന്നതായിരുന്നു രഞ്ജിത്തിന്റെ ലൈന്‍. ഭരത് ചന്ദ്രന് വരുന്നതിനുമുന്പ്, സുരേഷ് ഗോപി ചാനലുകളില്‍ വന്നിരുന്നു കരഞ്ഞു - ന്റെ പുള്ളാര്ക്ക് ചില്ലിച്ചിക്കനും ചോക്കലേറ്റ് കോക്ടെയിലും വാങ്ങിക്കൊടുക്കാന്‍ കാശില്ല... പട്ടിണിയാണ്, സഹായിക്കണം...
ഇതൊക്കെ പോസിറ്റീവ് പബ്ലിസിറ്റിയാണെങ്കില്‍, ചേട്ടന്മാരേ, പണ്ഡിറ്റിന്റെയും അങ്ങനെ തന്നെ കാണണം.
സന്തോഷ് പണ്ഡിറ്റിനെ ഫോണില്‍ വിളിച്ച് മാദ്ധ്യമപ്രവര്ത്തകരാണെന്നുപറഞ്ഞു നല്ലനിലയില്‍ വര്‍ത്തമാനം തുടങ്ങുക, എന്നിട്ട്, അവസാനം പച്ചത്തെറി വിളിക്കുക, തന്തയ്ക്കും തള്ളയ്ക്കും വിളിക്കുക, എന്നിട്ടതു യൂട്യൂബില്‍ കയറ്റുക, ഇതായിരുന്നു കേരളം ആദ്യം അദ്ദേഹത്തോടു ചെയ്തത്. ഇതെഴുതുന്നയാള്‍ സന്തോഷ് പണ്ഡിറ്റാണെന്നുള്ള ആക്ഷേപം കേട്ടിട്ടാണ് ആദ്യമായി പണ്ഡിറ്റിനെ ട്യൂബില്‍ വീക്ഷിച്ചത്. സന്തോഷം തോന്നി, സന്തോഷ് പണ്ഡിറ്റെന്നല്ലേ ആളുകള്‍ വിളിച്ചിട്ടുള്ളൂ... അദ്ദേഹത്തെ ഫോണില്‍ വിളിച്ച ആ ആളുകളില്പ്പെട്ടവനാണെന്നു പറഞ്ഞില്ലല്ലോ...
സത്യത്തില്‍ ആദ്യം മര്യാദയ്ക്കു സംസാരിക്കുന്നതു കേട്ടപ്പോള്‍ പണ്ഡിറ്റിന് മാദ്ധ്യമപ്രവര്ത്തകരാണോ എന്നു സംശയം തോന്നിയിരിക്കണം. ഒടുക്കം, തെറിവിളിയും തന്തയ്ക്കുവിളിയും കേട്ടപ്പോഴാവണം, അദ്ദേഹം ഉറപ്പിച്ചത്, മാദ്ധ്യമപ്രവര്‍ത്തകര്‍ തന്നെ
ബി അബുബക്കര്‍
മലയാളം
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ