പ്രസിദ്ധീകരിക്കാന്‍ ആഗ്രഹമില്ലാത്ത ഉത്തരങ്ങള്‍...

അഭിമുഖം: റസാഖ് കോട്ടക്കല്‍

പകല്‍ തീര്‍ത്തും വെയില്‍നിന്നുതുള്ളിയ മണ്ണിന്‍െറ ക്ഷീണത്താല്‍ അസ്വസ്ഥമാക്കപ്പെട്ടതായിരുന്നു ആ സന്ധ്യ. വിയര്‍പ്പിച്ചും വറ്റിച്ചും ഇടക്ക് നാട്ടുമാങ്ങാ പഴുപ്പിന്‍െറ സദൃശഗന്ധത്താല്‍ കൊതിപ്പിച്ചും കടന്നുപോവുന്ന, ബസ്സ്റ്റാന്‍ഡിലെ പൊടിക്കാറ്റിന്‍െറ ദുര്‍ബലമായ അക്രമാസക്തി നോക്കിയിരിക്കുകയാണ് ഞാന്‍. കോട്ടക്കല്‍ ക്ളിന്‍റ് സ്റ്റുഡിയോയിലെ ജാലകത്തിനടുത്തിരുന്ന് കാതില്‍ തോണ്ടുന്ന യന്ത്രക്കാറലുകളും ആളിരമ്പങ്ങളും ഒഴിഞ്ഞിട്ടുവേണം റസാഖ് കോട്ടക്കലിനോട് മിണ്ടാന്‍...
രാത്രിയിലും അടങ്ങിക്കിടക്കാത്ത കോട്ടക്കലങ്ങാടിയുടെ ഒച്ചപ്പാടുകളില്‍നിന്ന് സംസാരിക്കാനാവാതെ, അദ്ദേഹത്തിന്‍െറ വീട്ടിലേക്കുതന്നെ പോവേണ്ടിവന്നു.

പുറത്ത് രാത്രി ശാന്തതയുള്ള ഇരുട്ട്. വീടിന്‍െറ ഉമ്മറത്തിരുന്നാല്‍ കാണാവുന്ന ആകാശത്ത് പതിവായി വിരിയാറുള്ള വിദൂര നക്ഷത്രത്തെ പരിചയപ്പെടുത്തി, ചട്ടിയിലാണ് വളരുന്നതെങ്കിലും കടും പച്ച തളിരുള്ള ചെടികളെപ്പറ്റി പറഞ്ഞ്, കോലായിത്തെമ്പില്‍ ഇലമറച്ചുവളര്‍ന്ന നിത്യകല്യാണിപൂക്കളുടെ ചില്ലയാട്ടങ്ങള്‍ നോക്കി റസാഖ് സംസാരിച്ചു... മനഃസാക്ഷിയുള്ള പച്ച മനുഷ്യന്‍െറ കോരിക്കുടിക്കാന്‍ തോന്നുന്ന പച്ചവാക്കുകള്‍... അതിടക്കിടക്ക് മുറിഞ്ഞ്... പലപ്പോഴും പലതും ദീര്‍ഘ മൗനങ്ങള്‍കൊണ്ട് പൂരിപ്പിച്ച്... പാതിരക്ക് തണുത്തപ്പോള്‍ ഒന്നിച്ചിരുന്ന് ചായകാച്ചി... ഇടക്കെപ്പോഴൊക്കെയോ മടുക്കുന്നെന്ന് പറഞ്ഞ്... ഒരു രാത്രി. ആ രാത്രി മുഴുവന്‍ ഒന്നിച്ചിരുന്ന്, വീണുകിട്ടുന്ന വാതിലുകള്‍ തുറന്ന് ഞാനാ ജീവിതത്തിന്‍െറ അസാധാരണ ഗലികളിലൂടെ നടന്നു. ആവിഷ്കാരത്തിന്‍െറ സര്‍ഗാത്മക ഉന്മാദങ്ങളും നിലപാടിന്‍െറ രാഷ്ട്രീയ ദൃഢതയും സ്വച്ഛയാത്രകളുടെ ആനന്ദസുഖങ്ങളും ആത്മാന്വേഷണത്തിന്‍െറ വേറിട്ട വഴികളും വിശദീകരിക്കുമ്പോള്‍ അയാള്‍ ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു- ‘‘ഞാന്‍ മേഘങ്ങളുടെ സ്വാതന്ത്ര്യത്തില്‍ അസൂയാലുവാണ്. എന്‍െറ വഴികള്‍ എന്നേ തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.’’
***
2009 ജൂണ്‍ രണ്ടാം വാരത്തില്‍, കമല സുറയ്യയുടെ മരണാനന്തരം പുറത്തിറങ്ങിയ മലയാളത്തിലെ മിക്ക മുഖ്യധാരാ ആഴ്ചപ്പതിപ്പുകളിലും കമല കഴിഞ്ഞാല്‍ ശ്രദ്ധിക്കപ്പെട്ട പേര് റസാഖ് കോട്ടക്കലിന്‍േറതാണ്. ആ ആഴ്ചപ്പതിപ്പ് താളുകളില്‍ പത്തും പതിമൂന്നും തവണ നിങ്ങളുടെ പേര് ആവര്‍ത്തിച്ച് പ്രിന്‍റ് ചെയ്യപ്പെട്ടു. കാമറ കണ്ട കമല എന്ന ആലങ്കാരികതക്കപ്പുറം റസാഖ് കണ്ട കമലയെയായിരുന്നു, ഫോട്ടോഗ്രാഫുകളായി വായനക്കാര്‍ കണ്ടത്. ഇത്രമാത്രം എഴുത്തുകാരുടെ അസ്തിത്വപ്രകാശമുള്ള ചിത്രങ്ങളെടുക്കാന്‍ നിങ്ങള്‍ക്കെങ്ങനെയാണ് കഴിയുന്നത്? എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആത്മാവ് വായിക്കുന്ന സുഖമാണ് നിങ്ങളെടുത്ത അവരുടെ ഫോട്ടോഗ്രാഫ്സ് കാണുമ്പോള്‍...
l പുഴക്ക് പാറക്കെട്ടുകളെ വിശ്വസിക്കാമെങ്കില്‍ പുഴ ധൈര്യമായി ഒഴുകും. അതേപോലെ, ഒരാള്‍ക്ക് അയാളുടെ മുന്നിലിരിക്കുന്നത് അത്തരമൊന്നാണ് എന്ന് തോന്നുമ്പോള്‍ സൗഹൃദത്തിന്‍െറ ഗരിമ കിട്ടും. ഉള്ളിലുള്ളതൊക്കെ പറയാന്‍ പറ്റും. ഞാനീയെഴുത്തുകാരെയും കലാകാരന്മാരെയുമൊക്കെ കാണാന്‍പോകുന്നത് എന്‍െറ വലുപ്പക്കുറവ് അറിയാനാണ്. നമ്മള്‍ക്ക് സങ്കല്‍പിക്കാനാവാത്ത ഒരാളെ കണ്ടുകൊണ്ട് ഇരിക്ക്യ എന്നു പറയുന്നത് ഒരു മലയെ നോക്കിയിരിക്കുന്ന സുഖമാണ്. അതിനുള്ള നിമിത്ത ഉപകരണമായാണ് ഞാനീ കാമറ ഉപയോഗിക്കുന്നത്. എന്‍െറ അറിവിനും സാഹിത്യത്തിനുമൊക്കെ ബലമില്ലാത്തതുകൊണ്ട് അതിന്‍െറ സഹായത്തിനാണ് കാമറ കൂടെയെടുക്കുന്നത്. പിന്നെ എന്നോട് പറയാന്‍തന്നെ ഒരു കാരണമില്ല. ഇങ്ങനെ ചെല്ലുമ്പോള്‍ എന്തിനാണ് വന്നതെന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്ക് ഒരു മറുപടി ഒറ്റവാക്കില്‍ പറയാനില്ല. നിങ്ങളെ ഉള്‍ക്കൊള്ളാനാണ് വന്നതെന്ന് പറയാനാവുമോ? അത് പറയാതിരിക്കാനുള്ള ഒരു കാരണമാണ് കാമറ.  എനിക്ക് കുറച്ച് ഫോട്ടോഗ്രാഫ്സ് വേണമെന്നു പറഞ്ഞ് കയറാം.
ഇങ്ങനെ ചെന്നിട്ട് സംസാരിച്ചിറങ്ങുമ്പോള്‍ അവസാനം അവര് ചോദിക്കും. എന്താ ഫോട്ടോ എടുക്കുന്നില്ളേന്ന്.  അപ്പോ ഫോട്ടോ എടുക്കും. ഈ പ്രതിഭകളെയൊന്നും പല സ്ഥലത്ത് നിര്‍ത്തി പോസ് ചെയ്യിച്ച് എടുക്കാന്‍ പറ്റില്ല. നമുക്ക് നമ്മുടേതായ ആംഗിള്‍ തെരഞ്ഞെടുക്കാം എന്നല്ലാതെ അവരൊരിക്കലും അതിനുവേണ്ടി നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യില്ല. എല്ലാ മനുഷ്യരും ബേസിക്കലി പാവങ്ങളാണ്. അവരെ പരിഗണിക്കുക എന്നത് അവര്‍ക്ക് വലിയ സന്തോഷമാണ്. ഒരാളെങ്കിലും എന്‍െറ ഫോട്ടോ എടുക്കാന്‍ വന്നു എന്നത് അവര്‍ക്കൊരു നിര്‍വൃതിയാണ്.
എഴുത്തുകാരുടെ, നിങ്ങളെടുത്ത ഓരോ ഫോട്ടോഗ്രാഫ് കാണുമ്പോഴും  ആ ഫോട്ടോയിലെ എഴുത്തുകാരനുമായുള്ള നിങ്ങളുടെ ആത്മബന്ധം കാഴ്ചക്കാരന് ഫീല്‍ചെയ്യും. പ്രത്യേകിച്ച്, ബഷീറിന്‍െറ ഫോട്ടോകളില്‍. ഇങ്ങനെയൊരു ആത്മബന്ധം സാധ്യമായത് ആശ്ചര്യംതന്നെ...
l ഓരോ എഴുത്തുകാരനും അയാളെ ചോദ്യംചെയ്യാന്‍വരുന്ന ആളുകളെ എപ്പോഴും സംശയിക്കും.  പ്രത്യേകിച്ച് പത്രക്കാരെ. മാത്രവുമല്ല, എന്താണിയാള്‍ എഴുതിപ്പിടിപ്പിക്കുക എന്ന ഉത്കണ്ഠയും ഉണ്ടാവും. ബഷീറിന്‍െറ ഉയരവും വലുപ്പവുമറിയുന്ന ആളാവണമെന്നില്ല  ഡെസ്ക്കില്‍നിന്ന് അയക്കപ്പെടുന്നയാള്‍. പലപ്പോഴും അവനവന്‍െറ ചിന്തയും ഉള്‍ക്കാഴ്ചയുമാവില്ല എഴുതിയതില്‍ ഉണ്ടാവുക എന്നതും ഇവരെ ഭയപ്പെടുത്തും. ഒരുപാട് കോമ്പ്രമൈസ് ചെയ്തുകൊണ്ടാവും അവര് സംസാരിക്കുന്നത്. പക്ഷേ, എനിക്കങ്ങനെ ഒരു അകലമുണ്ടായിരുന്നില്ല. ഒന്ന്, ബഷീറിനോട് ഞാനൊന്നും ചോദിച്ചിട്ടില്ല. ബഷീറിനറിയാം ഞാനിതൊന്നും പബ്ളിഷ് ചെയ്യില്ളെന്ന്. ഒരു ഹൃദയബന്ധത്തിന്‍െറ സമീപനമാണ് ഇടയില്‍. അതുകൊണ്ട്, ആന്തരികരഹസ്യങ്ങളെക്കുറിച്ച് പറയാനും, ടെക്നിക് വിശദമാക്കാനും മടിയില്ലായിരുന്നു. എന്‍െറ മുഖത്ത് നോക്കിയാല്‍ എന്നില്‍ കിടക്കുന്ന ചോദ്യമെന്താണെന്ന് അദ്ദേഹം വായിച്ചറിയും.
 ബഷീറിനെ കാണാന്‍ ചെന്ന ആദ്യ അനുഭവം എങ്ങനെയുണ്ടായിരുന്നു? മനസ്സില്‍ സങ്കല്‍പിച്ച ബഷീറിനെപ്പോലെയായിരുന്നോ യഥാര്‍ഥ ബഷീര്‍?
l ആദ്യമായി ചെന്ന ദിവസം ബഷീറിന്‍െറ ഫോട്ടോ എടുത്തിട്ടില്ല. അന്ന് ചെല്ലുമ്പോള്‍ ഒരു വല്യ ഗ്രൂപ്പ് ബഷീറുമായി ചര്‍ച്ചയിലാണ്. ഞാന്‍ ഗേറ്റില്‍ കാത്തുനിന്നു. ബഷീര്‍ ശ്രദ്ധിച്ചിരുന്നു. കൂട്ടായീന്ന് ഒരു മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അവരുടെ തീരത്തെ ഒരു ക്ളബ് ഉദ്ഘാടനംചെയ്യാന്‍ ബഷീറിനെ ക്ഷണിക്കാന്‍ വന്നതായിരുന്നു. അവര് പിരിയുമ്പോഴേക്കും ഇരുട്ടായിതുടങ്ങിയിരുന്നു. എന്നെ വിളിച്ചു. എവിടന്നാണ് എന്ന് ചോദിച്ചു. ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തു. ജീവിക്കാന്‍വേണ്ടി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, കാര്യമായി ഒന്നുമില്ല. ഒരു കാമറയുണ്ട്. പടമെടുക്കുമെന്ന്. ഓ, കാമറ കൈയിലുണ്ട് അല്ളേ, പടമെടുപ്പൊന്നും സാധ്യമല്ല. ഞാന്‍ ഷേവ് ചെയ്തിട്ടില്ല. എന്‍െറ മുഖം വൃത്തികേടാവും.  ഞാന്‍ ഷേവ് ചെയ്ത് നല്ല മുഖത്തിലിരിക്കുമ്പോള്‍ ചിത്രങ്ങളെടുത്തോളൂ. ചിത്രങ്ങളെടുത്ത് തേഞ്ഞുപോയതാണെന്‍െറ മുഖം. പിന്നെ വരൂ. എനിക്ക് കാമുകിമാര്‍ക്ക് അയച്ചുകൊടുക്കാന്‍ നല്ല പടങ്ങള്‍ വേണം. പിന്നെയും കുറെ സംസാരിച്ചു. ഫോട്ടോ എടുക്കാന്‍ അനുവദിച്ചില്ല. കുറെ കഴിഞ്ഞ് ബഷീറിന്‍െറ അവശത കണ്ടപ്പോള്‍ ഞാനവിടന്ന് തിരിച്ചുപോന്നു.
പിന്നെയും ഇടക്കിടക്ക് പോകും. വീട്ടില്‍ ഒരംഗംപോലെയായി ഞാന്‍. തമ്മില്‍ പരസ്പരം പിരിയാനാവാത്ത തരത്തിലുള്ള സൗഹൃദം വളര്‍ന്നു. എനിക്ക് ഫോട്ടോ എടുക്കുകയായിരുന്നില്ല ആവശ്യം. ഇത്രയും വലിയ മനുഷ്യന്‍െറ അടുത്തിരിക്കുക. അയാള്‍ പറേന്നത് കേള്‍ക്കുക ഇതായിരുന്നു എനിക്കിഷ്ടം. അയാള്‍ എന്നെ ചീത്ത പറയുമ്പോഴാണ് എന്‍െറ അസ്തിത്വം കൂടുതല്‍ വ്യക്തമാവുന്നത്. കാരണം, എനിക്കൊരാളുണ്ടല്ളോ.
ബഷീറിനെ കാണുക എന്നതുപോലും ആളുകള്‍ക്ക് ഒരാഘോഷമായിരുന്നു. തിരിച്ച് ബഷീറിനും. എന്നാല്‍, ഈ ബഹളങ്ങളില്‍നിന്നൊക്കെ മാറി ഒറ്റക്കായ ബഷീറിന്‍െറ തനത് മുഖഭാവങ്ങളെ പകര്‍ത്താന്‍ നിങ്ങള്‍ വിജയിച്ചു. കാമറക്കുമുന്നിലെ  ബഷീറിന്‍െറ സ്വഭാവം...?
l പകല്‍ മുഴുവന്‍ ബഷീറിന് സന്ദര്‍ശകരായിരിക്കും. ബഷീറിനെ വായിച്ചവരായിരുന്നില്ല ആ സന്ദര്‍ശകരധികവും. ബഷീര്‍ എന്തോ മഹാനാണെന്ന മട്ടിലാണ് പലരും സന്ദര്‍ശിച്ചിരുന്നത്. കോളജീന്ന് കുട്ടികള്‍ ടൂറിന് വരുന്നപോലെ ബഷീറിന്‍െറ വീട്ടിലേക്കുവരും. അടുത്തുള്ള സ്കൂളില്‍നിന്നും കോളജില്‍നിന്നുമൊക്കെ ഇങ്ങനെ വരുന്നത് ബഷീറിന് സന്തോഷമായിരുന്നു. ബഷീര്‍ ഇരുളില്‍ മാത്രമാണ് ജീവിച്ചത്. പുറത്ത് അദ്ദേഹമൊരു സാധാരണ ജീവിതമാണ് നയിച്ചത്. ഞാനാ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. അതിന്‍െറ ഏതു കോണും എനിക്ക് പാകവും പരിചയവുമായിരുന്നു. സ്വന്തമാവശ്യത്തിന് ബഷീറൊരിക്കലും വീട്ടുകാരെ സമീപിക്കാറില്ല. വിരുന്നുകാര്‍ വന്നാല്‍ അവര്‍ക്കൊരു ചായ ആവശ്യപ്പെടുമെന്നല്ലാതെ സ്വന്തമാവശ്യത്തിന് സുലൈമാനി, ബഷീറ് അടുക്കളയില്‍നിന്ന് ഒറ്റക്ക് ഉണ്ടാക്കി കുടിക്കുകയാണ് പതിവ്. ഇങ്ങനെ പുറംലോകം കാണാത്ത ബഷീറിന്‍െറ ചില മുഖങ്ങള്‍ എന്‍െറ കാമറക്ക് കിട്ടി.
ബഷീറിനെ വെച്ചെടുത്ത ആദ്യത്തെ സ്നാപ് എങ്ങനെയായിരുന്നു? ഷേവ് ചെയ്ത് വഴങ്ങിത്തരാന്‍ കാലമൊരുപാട് വേണ്ടിവന്നോ? ബഷീര്‍ മരിച്ചുകിടക്കുന്ന നിങ്ങളുടെ ഫോട്ടോ ഏറെ ശ്രദ്ധേയമായിരുന്നു.
l ഫസ്റ്റ് ഫ്രെയിം ഓര്‍മയില്ല. അവസാന സ്നാപ് ഒരിക്കലും മറക്കില്ല. മരിച്ചുകിടക്കുമ്പോള്‍, ഞാനന്ന് കാമറ എടുത്തിരുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ ഒരുപാട് കൊല്ലങ്ങള്‍ ഞാനദ്ദേഹത്തിന്‍െറ പിന്നാലെ നടന്നതാണ്. മരിച്ച് കിടക്കുമ്പോള്‍ കാമറ എടുക്കില്ലാന്ന് തീരുമാനിക്ക്യേം, ബോഡിപോലും കാണണ്ടാന്ന് വിചാരിച്ച് നില്‍ക്കുകയായിരുന്നു. അപ്പോള്‍ മാധ്യമത്തിലെ ഒ. അബ്ദുറഹ്മാന്‍ സാഹിബ് വന്നിട്ട് പറഞ്ഞു. ഞങ്ങള്‍ക്കൊരു നല്ല പടമെടുത്തുതരണം. ഗള്‍ഫ് എഡിഷനിലേക്ക് പോകാനുള്ളതാണെന്ന്. ഞാന്‍ കാമറയില്ളെന്ന് ഒഴിഞ്ഞുമാറി. അവസാനം നിര്‍ബന്ധത്തിനു വഴങ്ങി അവര് സംഘടിപ്പിച്ചുതന്ന കാമറയില്‍ ഞാന്‍ ക്ളിക്ക് ചെയ്തു. അത് സ്വര്‍ഗസ്ഥനീയനായ ബഷീര്‍ ഇങ്ങനെ നില്‍ക്കുന്നപോലുള്ള ചിത്രമായിരുന്നു. ആദ്യകാലത്തൊക്കെ അടുക്കാന്‍ ഭയമുള്ളതുകൊണ്ട് വൈഡ് ഫ്രെയിമില് അകന്ന ചിത്രങ്ങളായിരുന്നു ഞാനെടുത്തത്. ഏറ്റവും ആദ്യത്തെ ഫ്രെയിം എങ്ങനെയായിരുന്നെന്ന് എനിക്കൂഹിക്കാനാവുന്നില്ല.
 ജീവിതത്തില്‍ ആദ്യമായി കാമറയില്‍ പകര്‍ത്തിയ ദൃശ്യമേതായിരുന്നു? ഏത് സാഹചര്യത്തിലായിരുന്നു ആ കാമറാക്ളിക് സംഭവിച്ചത്?
l കുടുംബത്തിലെ ഒരാളില്‍നിന്ന് കടംവാങ്ങിയാണ് ആദ്യമായി കാമറ ഉപയോഗിച്ചത്. ജീവിതത്തിലാദ്യമായി ഞാന്‍ വെച്ച ഫ്രെയിം എനിക്ക് ഭയങ്കര അദ്ഭുതമായിരുന്നു. ആകാശത്തെ പശ്ചാത്തലമാക്കിയുള്ള ഒരു മരത്തിന്‍െറ ചില്ലകള്‍. പിന്നെ ആ മരംവെച്ചുതന്നെ വ്യത്യസ്ത ആംഗിളുകളില്‍ 12 സ്നാപ്പുകള്‍ എടുത്തു. ഒരാവേശത്തില്‍ ചെയ്തതാണ്. അതിന്‍െറ പ്രിന്‍റ് വന്നപ്പോള്‍ നല്ല ചിത്രങ്ങളായിരുന്നു. അങ്ങനെ കാമറ എനിക്ക് ഈസിയായി വഴങ്ങുമെന്ന ആത്മവിശ്വാസം കിട്ടി. പിന്നെയിങ്ങനെ കാമറകള്‍ കിട്ടുമ്പോഴൊക്കെ ഫ്രെയിംസ് ഉണ്ടാക്കലും ആംഗിള്‍സ് ഉണ്ടാക്കലും കറക്ട് ചെയ്യലുമൊക്കെയായി. ഇങ്ങനെയിങ്ങനെ കാമറയിലൂടെ പുതിയ ലോകത്തേക്കുള്ള പ്രവേശനം കിട്ടിയതുപോലെ തോന്നി. പുസ്തകങ്ങളുടെ ലോകത്തുനിന്ന് വേറൊരു കാഴ്ചയുടെ ലോകത്ത് പ്രവേശിക്കപ്പെട്ടതുപോലെ.
എഴുത്ത് ഉള്‍പ്പെടെ മറ്റനേകം സാധ്യതകള്‍ നിലനില്‍ക്കേ ഫോട്ടോഗ്രഫിയാണ് തന്‍െറ മാര്‍ഗം എന്ന് നിശ്ചയിച്ചത് ഏത് ഘട്ടത്തിലാണ്?
l കാമറ ഒരു രസംതരുന്ന ഉപകരണംതന്നെയായിരുന്നു എനിക്ക്. 180 ഡിഗ്രി ആംഗിളില്‍നിന്ന് നമ്മള്‍ കാണുന്ന ലോകത്തെ ഒരു പ്രത്യേക ഫ്രെയിമിലേക്ക് ഒതുക്കുകയാണ് കാമറ. അതൊരു ജ്ഞാനമാര്‍ഗംകൂടിയായിരുന്നു. ലോകത്ത് ഒരുപാട് അധികം അറിവുകളുണ്ട്, വിശ്വാസങ്ങളുണ്ട്, ഇസങ്ങളുണ്ട്. പക്ഷേ, നാം തെരഞ്ഞെടുക്കേണ്ടത് ഏത് എന്ന് ബോധ്യപ്പെടുത്തിതന്ന ആത്മീയജ്ഞാനത്തിന്‍െറ ആദ്യപടിയായിരുന്നു കാമറയിലൂടെ കണ്ട ആദ്യ കാഴ്ചകള്‍. അതൊരു മരം മുഴുവനും കാണുമ്പോഴും ആ മരത്തിന്‍െറ ഏറ്റവും മനോഹരമായ ഭാഗങ്ങള്‍ ഏതാണെന്ന് തിരിച്ചറിയുകയും ആ തിരിച്ചറിവിലേക്ക് കാമറ വെക്കുകയും ചെയ്യുന്ന പ്രക്രിയയായിരുന്നു.
ഫോട്ടോഗ്രഫിപഠനമൊക്കെ എവിടെയായിരുന്നു? അക്കാദമിക് കോഴ്സുകളല്ല ഉദ്ദേശിച്ചത്.
l ഞാനൊരു 35MM കാമറ കാണുന്നത് മുംബൈയില്‍വെച്ചിട്ടായിരുന്നു. ഗുജറാത്ത് സേട്ടുവിന്‍െറ കൂടെ ഹെല്‍പറായിട്ട് ഞാനവിടെ കുറച്ചുകാലം നിന്നു. ധനികനും വയസ്സായ സീനിയര്‍ ഫോട്ടോഗ്രാഫറുമായിരുന്നു സേട്ട്. അദ്ദേഹത്തിന്‍െറ കാമറയില്‍ ഒഴിവുദിവസങ്ങളില്‍ ഞാന്‍ ഫോട്ടോ എടുക്കും. ഒരിക്കല്‍, പുറത്തുപോയി എടുത്ത ചിത്രങ്ങള്‍ ഡെവലപ്ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘‘നിന്‍െറ ഫ്രെയിംസൊക്കെ അസാധാരണമാണ്. നീ എന്നെക്കാളും മികച്ചവനാണ്’’ എന്ന്. അന്ന് അതിന്‍െറ പ്രിന്‍െറടുക്കാന്‍ കൈയില്‍ പണമുണ്ടായിരുന്നില്ല.
എന്തായിരുന്നു ആ ചിത്രങ്ങളിലെ കാഴ്ച?
l ഡബിള്‍ ട്രക്കര്‍ ബസിന്‍െറ മുകളിലെ നിലയില്‍നിന്ന് യാത്രചെയ്യുമ്പോഴുള്ള മുംബൈ തെരുവിന്‍െറ ദൃശ്യങ്ങളാണ് അതിലുണ്ടായിരുന്നത്. കുറെകാലം കഴിഞ്ഞ് പൈസ കിട്ടിയപ്പോള്‍ പ്രിന്‍െറടുത്തു. ഇതുകണ്ട് സേട്ടു കളിയാക്കി പറഞ്ഞു, ‘‘നീയിങ്ങനെ പോയാല്‍ എന്‍െറ ആവശ്യമില്ലല്ളോ ഇവിടെ’’ എന്ന്. എനിക്ക് ആത്മവിശ്വാസം പകര്‍ന്ന ഒന്നാന്തരം പ്രിന്‍റുകളായിരുന്നു അവ.
 ഫോട്ടോഗ്രഫിയിലെ വഴികാട്ടികള്‍ എന്നുപറയാവുന്ന ആരെങ്കിലും?
l ആരുമില്ല. വേണമെങ്കില്‍ ഗുജറാത്ത് സേട്ടു എന്നു പറയാം. പക്ഷേ, അദ്ദേഹം പറയുന്നത് ഞാനയാളുടെ ഗുരുവാണെന്നാണ്. കാരണം, അയാളൊരു പ്രഫഷനല്‍ ഫോട്ടോഗ്രാഫറാണ്. കുറെ കല്യാണഫോട്ടോകള്‍ എടുക്കുന്ന ആള്‍. മുംബൈയില്‍ സെറ്റില്‍ചെയ്ത ഗുജറാത്തികളുടെ മൊത്തം ഓര്‍ഡര്‍ അയാള്‍ക്ക് കിട്ടും. നല്ല മനുഷ്യനായിരുന്നു. പേരൊക്കെ ഞാന്‍ മറന്നു.
ഫോട്ടോക്ക് പോസ് ചെയ്യാന്‍ വലിയ വിമുഖത കാട്ടാത്തയാളാണ് ഒ.വി. വിജയന്‍ എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടുകൂടി അദ്ദേഹത്തിന്‍െറ ഇന്‍റീരിയര്‍ ചിത്രങ്ങളാണ് നിങ്ങളധികവും എടുത്തിട്ടുള്ളത്. വിജയന്‍െറ ആരാധകനായിരുന്നിട്ടും അദ്ദേഹത്തിന്‍െറ കഥാഭൂമികയുടെ പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ ചെയ്യാന്‍ മോഹമുണ്ടായിരുന്നില്ളേ?
l വിജയന്‍െറ കൂടെ ചെല്ലുമ്പോള്‍ അദ്ദേഹം അധികവും രോഗാവസ്ഥയിലായിരുന്നു. കൂടുതല്‍ ശല്യപ്പെടുത്താനൊന്നും പറ്റില്ല. എങ്കിലും വിജയന് ചിത്രമെടുക്കുന്നതില്‍ താല്‍പര്യമാണ്.  ഒരുപാടു തവണ വയ്യാവയ്യാന്ന് പറഞ്ഞ് കിടന്നിട്ടുണ്ട്. പിന്നേം എഴുന്നേല്‍ക്കും. മൂപ്പര്‍ക്ക് അതൊരു സുഖപ്രവൃത്തിയായിരുന്നു. ഹതാശയചിത്രങ്ങളാണ് അദ്ദേഹത്തിന്‍േറതായി ഞാനധികവുമെടുത്തത്. വീട്ടിലും മറ്റ് പല സ്ഥലങ്ങളിലുംവെച്ചെടുത്ത ഇന്‍റീരിയര്‍ ചിത്രങ്ങളാണ് അധികവും. അങ്ങനെയല്ലാത്ത ഒന്ന് തിരൂര്‍ റെയില്‍വേസ്റ്റേഷനിലൂടെ വിജയന്‍ നടന്നുവരുന്ന ചിത്രമാണ്. ‘ഖസാക്കിന്‍െറ ഇതിഹാസ’ത്തിന്‍െറ കവറില്ളേ, പനകള്‍ക്കിടയിലൂടെ വിജയന്‍ നടക്കുന്ന ചിത്രം, അത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കര അസൂയ തോന്നി. ആരെടുത്തതാണ് എന്ന് എനിക്കറിയില്ല. വിജയന്‍െറ, പാലക്കാട്ട് എവിടെയെങ്കിലും വെച്ചുള്ള ഫോട്ടോകള്‍ എടുക്കണമെന്ന് ഞാനൊരുപാട് ആഗ്രഹിച്ചതാണ്. നടന്നില്ല. എന്‍െറ സമയവും വിജയന്‍െറ സമയവും രണ്ടും ഒന്നിച്ച് ശരിയായി വരാറില്ല. ദല്‍ഹിയില്‍ ഉണ്ടെന്ന് ഉറപ്പുള്ള സമയത്താണ് അദ്ദേഹത്തെ കാണാന്‍ പോവാറ്. ‘പ്രവാചകന്‍െറ വഴി’യൊക്കെ വായിക്കുമ്പോള്‍, ഗാങ്ടോക്കിനെകുറിച്ച് പറയുന്നുണ്ട്. വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു, വിജയന്‍ അവിടെ പോയിരിക്കുമെന്ന്. ചോദിച്ചപ്പോള്‍ മൂപ്പര് പറഞ്ഞു, പോയിട്ടല്ല, യാത്ര വയ്യ്യാന്ന്. സുഹൃത്തുക്കള്‍ പറഞ്ഞതുകേട്ട് എഴുതിയതാണ്. കേട്ടപ്പോള്‍ എനിക്ക് അദ്ഭുതം തോന്നി. ജീനിയസ് എന്നു പറഞ്ഞാല്‍ വല്ലാത്ത ജീനിയസാണ് അദ്ദേഹം.
 റസാഖ് കോട്ടക്കല്‍ ഒരു കഥാകൃത്തുകൂടിയാണ് എന്ന കാര്യം അറിയുന്നവര്‍ ചുരുക്കമാണ്. ഒന്നുരണ്ടു കഥകള്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നല്ളോ. അതിനെന്തേ തുടര്‍ച്ചയുണ്ടായില്ല?  കഥകള്‍ എഴുതാഞ്ഞിട്ടോ?
l എഴുത്ത് പ്രജ്ഞാപരമാണ്. ഹൃദയത്തിന്‍െറ ശൂന്യതകളിലൂടെ വീശുന്ന ഇളംകാറ്റും, വഴിയില്‍ വലിച്ചെറിയുന്ന അസ്തിത്വത്തിന്‍െറ ഖേദചിത്രങ്ങളുമാണ് എനിക്ക് എഴുത്ത്. മാധ്യമം ആഴ്ചപ്പതിപ്പ് നടത്തിയ ആള്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചതാണ് ആദ്യ കഥകള്‍. രണ്ട് ബോംബു വീഴുന്നതിനിടയില്‍ ഒരു ട്രഞ്ചിലകപ്പെട്ട കുറെയാളുകളുടെ വിഹ്വലതകളും ഭാവനകളുമാണ് അതില്‍ ഒരു കഥയില്‍. മരണത്തിനുശേഷം ഒരു ചെറിയ കൂട്ടമായി സഞ്ചരിക്കുന്നവരുടെ ഉള്ളില്‍, ബാക്കിനിന്ന ഓര്‍മകളുമായി പരസ്പരം മൃതസ്പന്ദനം നടത്തുന്നവരുടെ ആത്മഘര്‍ഷങ്ങളായിരുന്നു രണ്ടാം കഥ. പ്രസിദ്ധീകരിക്കുന്നില്ലന്നേയുള്ളൂ, ഇപ്പോഴും കഥകള്‍ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. കഥയുടെ സമകാലിക സ്വഭാവങ്ങള്‍ ഇല്ലാത്തതിനാല്‍ അപ്രകാശിതങ്ങളായിരിക്കാനാണ് അവയുടെ വിധി. ആദ്യകഥ പ്രസിദ്ധീകരിച്ചപ്പോള്‍ സുഹൃത്തുക്കളുടെ നല്ല പ്രതികരണങ്ങളുണ്ടായി.
രണ്ടാം കഥയെ എം. കൃഷ്ണന്‍ നായര്‍ വാളെടുത്ത് കൊലവിളിച്ചു. അനുബന്ധ ശകലം: വേള്‍ഡ് ട്രേഡ് സെന്‍റര്‍ കത്തിയെരിയുമ്പോള്‍ അതിന്‍െറ ഏഴാം നിലയിലായിരുന്നു ഞാന്‍. റസാഖിന്‍െറ കഥ വായിച്ചപ്പോള്‍ എനിക്ക് അതിനകത്തുനിന്ന് എടുത്ത് ചാടണമെന്ന് തോന്നി.  കുട്ടിക്കാലത്ത് സ്കൂളില്‍ പോകുന്നത് വഞ്ചിനിറയെ കുത്തിത്തിരുകിയ കടത്തുമായാണ്. അതൊന്നു ചരിച്ച് അതില്‍നിന്ന് പുഴയിലേക്ക് മറിയണമെന്ന് തോന്നി- എന്നും കൃഷ്ണന്‍ നായര്‍ക്ക് എന്‍െറ കഥ വായിച്ചപ്പോള്‍ തോന്നിയതായി എഴുതി. പ്രിയ റസാഖേ, ഇത്തരം കൃതികള്‍ ഞങ്ങളെയോര്‍ത്ത് ദയവായി പ്രസിദ്ധീകരിക്കരുതേയെന്നും അദ്ദേഹം അപേക്ഷിച്ചുകളഞ്ഞു. പിന്നീട് കഥകള്‍ വരാതിരുന്നപ്പോള്‍ പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ ചോദിച്ചു, കൃഷ്ണന്‍ നായരെ കണ്ട് റസാഖ് ഭയന്നുപോയോ എന്ന്.
 വേള്‍ഡ് പീസ് മൂവ്മെന്‍റിന്‍െറ അംഗമായി യുദ്ധദേശത്തുപോയിട്ടുണ്ടല്ളോ? അതിന്‍െറ അനുഭവങ്ങളാണോ ആദ്യ കഥയായി മാറിയത്?
l ആദ്യ അമേരിക്ക-ഇറാഖ് യുദ്ധത്തില്‍ ഞാന്‍ അവിടെ പോയിട്ടുണ്ട്. ഫോട്ടോഗ്രാഫറായിട്ടല്ല, മൂവ്മെന്‍റ് അംഗം എന്ന നിലക്ക്. യുദ്ധകാഠിന്യവും ഭീകരതയും ദൂരെനിന്ന്  മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരു ഫോട്ടോഗ്രാഫറെയോ, പത്രപ്രവര്‍ത്തകനെയോ യുദ്ധക്കളത്തിലൊന്നും ആ 52 ദിവസങ്ങളില്‍ എനിക്ക് കാണാനായിട്ടില്ല. സംരക്ഷിതമേഖലകളിലിരുന്ന് വാര്‍ത്തകള്‍ പുറംലോകത്തിലേക്ക് പരത്തുകയായിരുന്നു അപ്പോഴത്തെ അവിടത്തെ ശീലം. അതുകഴിഞ്ഞ് പത്തു വര്‍ഷത്തിനുശേഷം വന്ന തുടര്‍ച്ചയായ യുദ്ധത്തില്‍ ‘എംപാക്ക്’ ജേണലിസം ആയിരുന്നു അമേരിക്ക നടപ്പാക്കിയത്. സൈന്യത്തിനൊപ്പം അവര്‍ പറയുന്നപോലെ ചിത്രങ്ങള്‍ എടുക്കുകയും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ കൂടെകൊണ്ടുനടക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന രീതിയായിരുന്നു അത്. ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ക്ക് ഏതെങ്കിലുമൊരു സൈന്യത്തിന്‍െറ സഹായമില്ലാതെ യുദ്ധഭൂമിയില്‍ ഒന്നും ചെയ്യാനാവുമായിരുന്നില്ല.  സംഭവത്തിന്‍െറ അടുത്തേക്ക് പോകാന്‍ അനുവദിക്കാതെ വിദൂരദൃശ്യലെന്‍സുകളിലൂടെയായിരുന്നു യുദ്ധ ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നത്. ഒരു പ്രഫഷനല്‍ ഫോട്ടോഗ്രാഫറുടെ ജോലി ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ്. പ്രഫഷനല്‍ ഫോട്ടോഗ്രഫിയില്‍ ഇതുതന്നെയാണ് ലോകത്ത് സംഭവിക്കുന്നത്.
വേറിട്ട വഴിതാണ്ടിയ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എന്ന നിലക്ക് കേരളത്തിലെ ഇന്നത്തെ ഫ്രീലാന്‍സ് ഫോട്ടോഗ്രഫിയെക്കുറിച്ച് എന്താണ് അഭിപ്രായം?
lഫ്രീലാന്‍സായി ജീവിക്കാന്‍ കേരളത്തില്‍ പറ്റില്ല.  ഒന്നിലും ഉറച്ചുനില്‍ക്കാതെ ഏറ്റവുമടുത്ത അവസരങ്ങള്‍ക്ക് കാത്തിരിക്കുകയും അതിന്‍െറ ഉപയോക്താക്കളാകുകയും ചെയ്യുന്ന ഒരു രീതിയാണ് ഇപ്പോഴത്തെ ഫ്രീലാന്‍സേഴ്സിന്. ചുരുക്കം ചിലര് മാത്രമേ അങ്ങനെയല്ലാത്തവരായുള്ളൂ. ഉടമവര്‍ഗത്തിന്‍െറ ഇച്ഛാനിഷ്ടങ്ങള്‍ക്ക് അപ്പുറമായി സ്വന്തം തല ഉയര്‍ത്തിനില്‍ക്കാവുന്ന ഒരു നല്ല വ്യക്തിഭാവം ഫ്രീലാന്‍സിനേ നിലനിര്‍ത്താനാവൂ. ഏറ്റവും വലിയ സിറ്റികളില്‍ പ്രഫഷനലുകളെക്കാള്‍ മൂല്യം ഫ്രീലാന്‍സേഴ്സിനാണ്.
 യതിയുമായി നല്ല അടുപ്പമായിരുന്നല്ളോ? ധ്യാനനിമഗ്നനായ യതിയുടെ നഗ്നചിത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ഏറെ വിമര്‍ശങ്ങളുമുയര്‍ന്നിരുന്നു. അദ്ദേഹത്തിന്‍െറ നഗ്നത പകര്‍ത്താന്‍പോലുമുള്ള സ്വാതന്ത്ര്യം ഒരു ഭാഗ്യമല്ളേ?
lയതി എനിക്ക് അത്താണിയും അഭയവുമൊക്കെയായിരുന്നു. ആകാശത്തിനൊരു കുത്തുവീണാല്‍ ഹൃദയം അസ്വസ്ഥമാവുന്ന ആ കാലത്ത് ഗുരുകുലത്തിലേക്ക് എത്രയോ യാത്രകള്‍ ചെയ്തിട്ടുണ്ട്. വിരസതയും മടുപ്പും എന്‍െറ ജന്മമുദ്രയായിരുന്നു. ഊട്ടിയിലെ ഗുരുകുലത്തില്‍, ധ്യാനത്തിനും സായുജ്യതകള്‍ക്കും അപ്പുറം പരിഹാസങ്ങളും അകംനിറഞ്ഞ പൊട്ടിച്ചിരികളുമുണ്ടായിരുന്നു. യതിയുടെ മുന്നില്‍ നമ്മള്‍ വെറും ശിശുക്കള്‍. ആശ്രമസന്ധ്യകളും യതിയും എനിക്കൊരു ശമനമായിരുന്നു. എന്‍െറ നിഷ്കളങ്കതയാവാം, മറ്റ് ശിഷ്യരെക്കാള്‍ ഒരുപാട് സ്വാതന്ത്ര്യം ആശ്രമത്തില്‍ എനിക്ക് അനുവദിക്കപ്പെട്ടിരുന്നു. അതിന്‍െറ കടന്നുകയറ്റമായിരുന്നു ‘നഗ്നനായ യതി’. ആ ഫോട്ടോക്ക് എനിക്ക് അനുവാദം കിട്ടിയത് യതിയുമായി അത്ര സ്വാതന്ത്ര്യത്തോടെ എനിക്കിടപെടാന്‍ കഴിയുന്നതുകൊണ്ടായിരുന്നു. യതിക്കുമുന്നില്‍ പാപചിന്തകളില്ല. ജനനമരണ ഭീതികളില്ല. യതിയുടെകൂടെ നടന്ന സായാഹ്നങ്ങളും ആ വഴിയിലെ സൂര്യനും കിളികളും പൂക്കളും എന്‍െറ കാമറയുടെ ഭാഗ്യങ്ങള്‍.
ജനിച്ചു വളര്‍ന്നത് വയനാട്ടിലായിരുന്നില്ളേ? റസാഖിന്‍െറ ആദ്യ ഫ്രെയിംപോലും വയനാടന്‍ മലയുടെ പശ്ചാത്തലത്തിലായിരുന്നു. ഇന്ന് വയനാടിനെ ഓര്‍ക്കാറുണ്ടോ? ഒരുപാട് കാലശേഷം കോട്ടക്കലിരുന്ന് ആ നാടിനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നതെന്തൊക്കെയാ?
lഎന്‍െറയുള്ളില്‍ ഉണ്ടായിരുന്ന ജന്മഗ്രാമമല്ല ഇന്ന് ആ നാട്. വളരെ മാറിപ്പോയിരിക്കുന്നു. എന്‍െറ കുട്ടിക്കാലത്താണ് ഞാനവിടെ ജീവിച്ചതെങ്കിലും അവിടത്തെ മനുഷ്യരായിരുന്നു ആ നാടിന്‍െറ സമ്പത്ത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ മനുഷ്യരെ എനിക്ക് നഷ്ടപ്പെട്ടു. മാര്‍ക്വേസിന്‍െറ രചനകള്‍ വായിക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പല സവിശേഷതകളും വയനാട്ടിലെ ആ ഗ്രാമത്തിന് ഉണ്ടായിരുന്നു. ‘ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍’ വായിച്ചുപോവുമ്പോള്‍ പല അനുഭവങ്ങളും ഇതെന്‍െറ നാട്ടില്‍ നടക്കുന്നതാണല്ളോയെന്ന് വിസ്മയിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് അട്ടപ്പാടിയായിട്ടും വയനാടുമായിട്ടും നല്ല സാദൃശ്യങ്ങള്‍ ഉണ്ടെന്നാണ് എന്‍െറ തോന്നല്‍.
ചെറുപ്പംമുതലുള്ള യാത്രകള്‍... നാടുമാറിയുള്ള ജീവിതം...വേറെ വേറെ ഭാഷകള്‍...ദേശങ്ങള്‍...അനുഭവങ്ങള്‍..പ്രവാസ ജീവിതം...സ്വയം രൂപപ്പെടാന്‍ സഹായകമായിട്ടുണ്ടോ?
l പ്രവാസജീവിതം ഞാന്‍ നയിച്ചിട്ടില്ല. എല്ലാ സ്ഥലവും ഒരുപോലെയായിരുന്നു. പ്രവാസം എന്നൊക്കെ പറയുന്നത് ഒരുതരം പലായനക്കാരുടെ ജീവിതരീതിക്കാണ്. ഞാനങ്ങനെ പലായനം ചെയ്തിട്ടില്ല. യാത്ര ചെയ്തിട്ടുണ്ട്. യാത്രകള്‍ ശരിക്കും തെരുവുമായി ബന്ധപ്പെട്ടതാണ്. കാരണം, വഴിയുടെ ഓരങ്ങളാണ് തെരവുകള്‍. ഈ ഓരജീവിതം കാമറയിലാക്കിയിട്ടുണ്ട്. അല്ലാതെ, ഞാനൊരു പ്രവാസിയല്ല.
സ്റ്റില്‍കാമറയില്‍നിന്ന് സിനിമയിലേക്കും മാറിയിരുന്നല്ളോ കുറച്ചുമുമ്പ്? നിശ്ചലഛായാഗ്രഹണത്തില്‍നിന്ന് ചലനഛായാഗ്രഹണത്തിലേക്ക് മാറിയപ്പോള്‍ തോന്നിയത് എന്താണ്?
l എന്‍െറയൊരു വിഷ്വല്‍ കണ്ടിട്ട് എന്നെക്കൊണ്ട് സിനിമ ചെയ്യിച്ചാല്‍ കൊള്ളാമെന്നുപറഞ്ഞ് കൊല്‍ക്കത്തയില്‍നിന്ന് ജോഷി ജോസഫ് എന്‍റടുത്തുവന്നു. അയാളാണ് ആദ്യമായെനിക്കൊരു മൂവികാമറ തരുന്നത്. ഇതിന്‍െറ നെഗറ്റീവ് പ്രിന്‍റ് കണ്ടിട്ട് പുള്ളി കൊല്‍ക്കത്തയില്‍നിന്ന്് എനിക്കൊരു കത്തയച്ചു. അതിന്‍െറ മേല്‍വിലാസം: റസാഖ് കോട്ടക്കല്‍,ഹണ്‍ഡ്രട് പേര്‍സെന്‍റ് ആര്‍ട്ടിസ്റ്റ്, ക്ളിന്‍റ് സ്റ്റുഡിയോ, കോട്ടക്കല്‍ എന്നായിരുന്നു. കാമറാമാന്‍ എന്നെഴുതിയിരുന്നില്ല. ഞാന്‍ കൗതുകമറിയാന്‍ ജോഷിയെ വിളിച്ചു. കൊല്‍ക്കത്തയില്‍നിന്ന് ഞങ്ങളുടെ സിനിമ എഡിറ്റ് ചെയ്യുന്നവര്‍ ചോദിച്ചത്രെ, ആരാണ് ഇതിന്‍െറ കാമറ എന്ന്. ജോഷി പറഞ്ഞു, ഫോറിനിലുള്ള ഒരാളാണെന്ന്. എട്ട് മിനിറ്റുള്ള ‘സ്റ്റാറ്റസ്കോ’ എന്ന ആ സിനിമയായിരുന്നു മൂവികാമറയിലെ എന്‍െറ ആദ്യ ശ്രമം.

ഉണ്ണികൃഷ്ണന്‍ ആവള / മാധ്യമം

Blogger templates

.

ജാലകം

.