"അമ്മയെ" വില്‍ക്കുന്നവര്‍ ?





"അമ്മ" നാണിക്കട്ടെ!

 ചിലരെങ്കിലും ഇപ്പോള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്‌... എന്തിനാണ്‌ ഇങ്ങനൊരു അമ്മ. ബഹിഷ്‌കരണത്തിനും വിലക്കിനും മാത്രമാണ്‌ 'അമ്മയുടെ ഭാരിവാഹികളായ 'മക്കള്‍ ഒത്തുകൂടുന്നത്‌. പല ബഹിഷ്‌കരണങ്ങളും പുറത്തുകാണില്ലെന്നതു മാത്രമാണ്‌ ഗുണം. പറയുമ്പോള്‍ അമ്മ ആരെയും വിലക്കാറില്ല. പക്ഷേ, അമ്മയുടെ അദൃശ്യ കരങ്ങള്‍ പല ബഹിഷ്‌കരണത്തിനു പിന്നിലും ഉണ്ടു താനും. തിലകനെ ബഹിഷ്‌കരിക്കാതെ ബഹിഷ്‌കരിക്കുന്നതാണ്‌ ഇതിനുള്ള ഒരു ഉദാഹരണം. ഇപ്പോഴിതാ രണ്ടാമതൊരു ഉദാഹരണം കൂടി. ഉലകന്‍ നായകന്‍ കമലഹാസനെ ആദരിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങ്‌ ബഹിഷ്‌കരിച്ചാണ്‌ അമ്മയുടെ അനുസരണശീലമുള്ള മക്കള്‍ വീണ്ടും കലാകേരളത്തിന്റെ 'സംഘടനാ ബോധം വാനോളം ഉയര്‍ത്തിയിരിക്കുന്നത്‌.
കമലാഹാസനെ ആദരിക്കുന്ന ചടങ്ങ്‌ ബഹിഷ്‌കരിക്കുന്നത്‌ എന്തിനെന്നോ? തമിഴില്‍ അഭിനയിക്കുന്ന താരങ്ങള്‍ നടികര്‍ സംഘത്തില്‍ ചേര്‍ന്നില്ലെങ്കില്‍ വിലക്കുമെന്നു പറഞ്ഞു. പോരേ പൂരം. ഇന്നസെന്റായ മലയാള താരരാജാക്കന്‍മാര്‍ക്ക്‌ ഇതിലും വലിയ അപമാനമുണ്ടാകാനോ. കൊടുത്തു ഉടന്‍ ഒരു വിലക്ക്‌.... കമലഹാസനെത്തന്നെ വിലക്കി. കളി മലയാള നടന്‍മാരോടോ...? പേടിച്ചു മൂത്രമൊഴിച്ചു കാണും നമ്മുടെ പാവം കമല്‍. സിനിമാരംഗത്തെ മിക്ക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത ഓണംവാരാഘോഷച്ചടങ്ങില്‍ താരസംഘടനയായ അമ്മയുടെ പ്രതിനിധികള്‍ വിട്ടുനിന്നതിലൂടെ തമിഴ്‌ സംഘടനകള്‍ തീരുമാനം മാറ്റുമോ എന്ന്‌ ദൈവത്തിനു മാത്രമറിയാം.
രസകരമായ വസ്‌തുത ഇതല്ല. ബഹിഷ്‌കരിക്കുന്നതായി ആരും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ്‌. സംസ്‌കാരമില്ലാത്ത ചില ചന്തപ്പെണ്ണുങ്ങളുടെ നിലവാരത്തിലേക്ക്‌ അമ്മ താഴ്‌ന്നതായി ആരെങ്കിലും പരാതിപ്പെട്ടാല്‍ കുറ്റപ്പെടുത്താന്‍ ആര്‍ക്കു കഴിയും? ചിലപ്പോള്‍ അവരെയും അമ്മ വിലക്കുമായിരിക്കും. അമ്മയുടെ പ്രതിനിധികള്‍ എന്ന നിലയ്‌ക്കല്ലാതെ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ എത്തുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ അതുണ്ടായില്ല. അമ്മയ്‌ക്കുള്ളിലും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. കമലിനെ പോലെ മലയാളത്തെയും മലയാളതാരങ്ങളെയും ബഹുമാനിക്കുന്ന ഒരാളെ അപമാനിച്ചത്‌ ശരിയായില്ലെന്നാണ്‌ അമ്മയിലെ ചില അംഗങ്ങള്‍ തന്നെ പറയുന്നത്‌.
മലയാള താരങ്ങളുടെ ഈ നടപടിക്കെതിരെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്‌തു. ഓണം വാരാഘോഷ ചടങ്ങില്‍ നിന്നും വിട്ടു നിന്ന താരങ്ങള്‍ യഥാര്‍ത്ഥ കലയേക്കാള്‍ പരസ്യകലയ്‌ക്കാണ്‌ പല താരങ്ങളും പ്രാമുഖ്യം നല്‍കുന്നതെന്നാണ്‌ വിഎസ്‌ ചടങ്ങില്‍ ആരോപിച്ചത്‌. സിനിമാകൊട്ടകകള്‍ക്ക്‌ പകരം ബിവറേജസിന്റെ മുന്നിലാണ്‌ ജനം ക്യൂ നില്‍ക്കുന്നതെന്ന്‌ ഇവര്‍ ഓര്‍മിക്കണമെന്നും അച്യുതാനന്ദന്‍ പരിഹസിച്ചു. ഒരുരാഷ്ര്‌ടീയ ഗുണവുമില്ലാത്ത തന്നെ ആദരിക്കാന്‍ കേരള സര്‍ക്കാര്‍ കാണിച്ച സന്‍മനസിന്‌ കമലഹാസന്‍ നന്ദിപറയുകയും ചെയ്‌തു. എന്തുകൊണ്ട്‌ കേരളം കമലിനെ ആദരിക്കുന്നു എന്നതിനെ വിമര്‍ശിക്കുന്നവര്‍ ഒരു മുപ്പതുവര്‍ഷം പിറകോട്ടുനോക്കാന്‍ താന്‍ വിനയത്തോടെ അഭ്യര്‍ത്ഥിക്കുകയാണെന്നും കമല്‍ പറഞ്ഞത്‌ 'അമ്മയെ ഉദ്ദേശിച്ചുതന്നെയായിരുന്നു.
എന്തായാലും അമ്മയ്‌ക്ക് ഒന്നോര്‍ത്ത്‌ അഭിമാനിക്കാം. എത്ര ചാരിത്ര്യ ശുദ്ധിയില്ലാത്തവള്‍ ആണെങ്കിലും അനുസരണയോടെ വാലാട്ടി നില്‍ക്കാന്‍ അമ്മയുടെ ആണ്‍മക്കള്‍ മുന്നിലുണ്ട്‌. ഒന്നു പറഞ്ഞാല്‍ 'അമ്മയുടെ മാനം വില്‍ക്കുന്നവര്‍ ഈ ആണ്‍മക്കള്‍ തന്നെയാണല്ലോ. അല്ലേ...

മംഗളം

Blogger templates

.

ജാലകം

.