ബഹുമാനപ്പെട്ട പ്രതി !




നിയമകേസരികള്‍ എന്തൊക്കെ ഗ്രന്ഥജാടയിറക്കിയാലും ശരി, ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല- ശാന്തിഭൂഷണ്‍ വക്കീല് നമ്മുടെ പരമോന്നത നീതിപീഠത്തിന് മണികെട്ടിയിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്ത് വ്യക്തിക്ക് ഒന്നും ചെയ്യാനൊക്കില്ലെന്ന് പറഞ്ഞുനടക്കുന്ന ദേശീയസിനിക്കുകള്‍ ഈ മനുഷ്യനെ രണ്ടുവട്ടം നമിക്കണം. ആദ്യത്തേത്, 1975ല്‍ സര്‍വശക്തയായ ഇന്ദിരഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയെടുത്ത വക്കാലത്ത് ജയത്തിന്. അതാണല്ലോ ഒടുവില്‍ കുപ്രസിദ്ധ അടിയന്തരാവസ്ഥയില്‍ കൊണ്ടെത്തിച്ച പുകില്. രണ്ടാമത്തേത്, ഇപ്പോഴത്തെ മണികെട്ടലിന്. മകന്‍ പ്രശാന്ത് ഭൂഷണ്‍ ഈയിടെ രണ്ട് മാധ്യമങ്ങള്‍ വഴി തുറന്നടിച്ചു, സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ്ജസ്റ്റിസും തൊട്ടു പിന്‍ഗാമികളും അത്ര ശരിപ്പുള്ളികളല്ലെന്ന്. സംഗതി ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് ഹരീഷ് സാല്‍വെ വക്കീല്‍ ബോധിപ്പിച്ചതും കോടതി ഉടനടി കേസെടുത്തു. ഇനിയാണ് നീതിപീഠവും കോടതിഭക്തരും സ്വപ്‌നേപി നിനക്കാത്ത കളി.
മൊറാര്‍ജി മന്ത്രിസഭയില്‍ നിയമമന്ത്രി കൂടിയായിരുന്ന അച്ഛന്‍ ഭൂഷണ്‍, ഇക്കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതിക്കൊരു കവര്‍ നല്‍കുന്നു- 16 മുന്‍ ചീഫ് ജസ്റ്റിസുമാരുടെ  പേരുവിവരം. അതില്‍ ആറു പേര്‍ മാന്യന്മാര്‍, രണ്ടു പേരുടെ നിജസ്ഥിതി അറിയില്ല, ബാക്കി എട്ടാളും അഴിമതിവിരുതര്‍. ശാന്തിഭൂഷന്റെ അപേക്ഷ ഇതാണ്: കോടതിക്ക് നേരിട്ട് ഈ ആരോപണം തന്ന തനിക്കെതിരെയും കേസെടുക്കണം. എന്നിട്ട് മകന്റെ കൂട്ടുപ്രതിയായിക്കണ്ട് ശിക്ഷിച്ച് ജയിലിലടക്കാം.
ഇതൊരു തുറന്ന വെല്ലുവിളിയാണ്. പരമോന്നത നീതിപീഠത്തിനുള്ള പരസ്യമായ കെണി. അപേക്ഷ സ്വീകരിച്ചാല്‍ മേപ്പടി എട്ടാള്‍ക്കുമെതിരെ അന്വേഷണം നടത്തണം. അത് പരമോന്നത നീതിപീഠത്തെതന്നെ പ്രതിയാക്കുന്ന പുതിയ വിഴുപ്പലക്കലിന് കളമൊരുക്കും. അപേക്ഷ അവഗണിച്ചാലോ? കോടതിയെ പരസ്യമായി വെല്ലുവിളിച്ച പൗരന്‍ ഹീറോയാകും. അതൊരു പുതിയ പ്രവണത സൃഷ്ടിക്കും. മാത്രമല്ല, ശാന്തിഭൂഷന്റെ പ്രസക്തമായ ഒരാരോപണം ശരിവെക്കുന്നതിന് തുല്യമാവുകയും ചെയ്യും. ആരോപണമിതാണ്: 'ജുഡീഷ്യറിയുടെ സല്‍പ്പേര് സംരക്ഷിക്കാനെന്ന പേരില്‍ അഴിമതി മൂടിവെക്കുകയാണ്. ആയതിനാല്‍, വിശ്വസ്തവും കറപറ്റാത്തതുമായ നീതിന്യായ വ്യവസ്ഥിതി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍വേണ്ടി ജയിലില്‍ പോകുന്നത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു.'
സുപ്രീംകോടതി ലക്ഷണമൊത്ത കെണിയിലായതിന്റെ പൊരുള്‍ ഇവിടെ വ്യക്തമാണ്. കാല്‍നൂറ്റാണ്ടായി ഇന്ത്യന്‍ ജുഡീഷ്യറി അഴിമതിയില്‍ വീണുതുടങ്ങിയിട്ട്. ആ യാഥാര്‍ഥ്യത്തെ നേരിടാന്‍ ക്രിയാത്മകമായി തുനിയുന്നില്ലെന്നു മാത്രമല്ല, കോര്‍ട്ടലക്ഷ്യമെന്ന പഴകിപ്പൂതലിച്ച സാമ്രാജ്യത്വ വടിവാള്‍ കാട്ടി വിമര്‍ശത്തെ വിരട്ടിയൊതുക്കുകയുമാണ്. ഒപ്പം, ശാന്തിഭൂഷണ്‍ പറഞ്ഞ മാതിരി സ്വന്തം അഴിമതിക്കഥകള്‍ മൂടിവെക്കാന്‍ വേണ്ട നിയമപരിരക്ഷ സ്വയം ചമയ്ക്കുകയും ചെയ്യുന്നു. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ അവിടത്തെ നീതിന്യായ വ്യവസ്ഥിതി ഇങ്ങനെ നീതിവിരുദ്ധമായ പ്രതിരോധങ്ങളിലേര്‍പ്പെടുന്നതെന്തുകൊണ്ട്?
ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷനല്‍ അഴിമതി സംബന്ധിച്ച് ഇറക്കുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി ഇന്ത്യന്‍ ജുഡീഷ്യറിക്കൊരു വിശേഷറാങ്കുണ്ട്. രാജ്യത്ത് ഏറ്റവുമധികം അഴിമതി ഗ്രസിച്ച ഔദ്യോഗിക സ്ഥാപനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീതിന്യായസംവിധാനം. (ഒന്നാം റാങ്ക് പൊലീസിന്,  രണ്ടാം റാങ്ക് രജിസ്‌ട്രേഷന്‍-ലൈസന്‍സ് മേഖലക്ക്). ഈ സ്ഥാനത്തിന് യോഗ്യത സമ്പാദിച്ചുകൊടുത്തത് താഴേത്തല മജിസ്‌ട്രേറ്റ്-മുന്‍സിഫ് വൃന്ദം മാത്രമല്ല, ഹൈകോടതി മുതല്‍ സുപ്രീംകോടതി വരെയുള്ള മുന്തിയ ജഡ്ജിയദ്ദേഹങ്ങള്‍ പലരും ഒത്തുപിടിച്ചാണ്. ഉന്നത നീതിപീഠങ്ങളിലെ അഴിമതിയുടെ തോതറിയാന്‍ സമീപകാലത്തെ ചില പ്രശസ്ത ഉദാഹരണങ്ങള്‍ മാത്രം നോക്കിയാല്‍ മതിയാകും.
2008 ഫെബ്രുവരിയില്‍ പുറത്തായ ഗാസിയാബാദ് കുംഭകോണമോര്‍ക്കുക. കോടതിയിലെ താഴേത്തട്ടുകാരായ ക്ലാസ് മൂന്ന്, നാല് ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍നിന്ന് 23 കോടി രൂപ അനധികൃതമായി പിന്‍വലിക്കുന്നു. സംഭവമന്വേഷിച്ച ഉത്തര്‍പ്രദേശ് പൊലീസ് 34 പേര്‍ക്കെതിരെ പണാപഹരണത്തിന് കേസെടുക്കുന്നു. ഈ മാന്യപ്രതികള്‍ ആരെല്ലാം? ഒരു സുപ്രീംകോടതി ജഡ്ജി, പത്ത് ഹൈകോടതി ജഡ്ജിമാര്‍, 23 കീഴ്‌ക്കോടതി  ന്യായാധിപന്മാര്‍! സംഭവം പരസ്യമായിട്ടും പൊലീസിന് കേസെടുക്കാന്‍ കഴിയാതെ കുറേക്കാലം കിടന്നു. കാരണം, ജഡ്ജിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെങ്കില്‍ ഉന്നത നീതിപീഠത്തിന്റെ അനുമതി വേണം. ഒടുവില്‍ മാധ്യമകോലാഹലവും ഒരു പൊതുതാല്‍പര്യഹരജിയും വേണ്ടിവന്നു, സുപ്രീംകോടതിക്ക് ഈ പണാപഹരണം അന്വേഷിക്കാന്‍ അനുമതികൊടുക്കാന്‍. അപ്പോള്‍പ്പോലും കേസ് പൊലീസില്‍നിന്ന് മാറ്റി സി.ബി.ഐക്കാണ് കൊടുത്തത്.
അഞ്ചുമാസം കഴിഞ്ഞില്ല, ചണ്ഡിഗഢ് ഹൈകോടതിയില്‍നിന്ന് അടുത്ത ഇനം വരുന്നു- കാഷ് ഇന്‍ ബാഗ് കോഴ. ഹരിയാന അഡ്വക്കറ്റ് ജനറല്‍ സഞ്ജീവ് ബന്‍സാലിന്റെ ഗുമസ്തന്‍ അവിടത്തെ ഹൈകോടതി ജഡ്ജി നിര്‍മല്‍ജിത് കൗറിന്റെ വീട്ടില്‍ ചെന്ന് 15 ലക്ഷം രൂപ കൊടുക്കുന്നു. ജഡ്ജിയമ്മ ഉടനെ പൊലീസില്‍ വിവരമറിയിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാര്യം വ്യക്തമാവുന്നത്. ദല്‍ഹിയിലെ ഹോട്ടല്‍പ്രമാണി രവീന്ദര്‍ സിങ് തന്റെ ചങ്ങാതിയായ സഞ്ജീവ് ബന്‍സാല്‍ മുഖേന ഈ 'പാരിതോഷികം' കൊടുത്തുവിട്ടത് അതേ കോടതിയിലെ നിര്‍മല്‍യാദവ് എന്ന ജഡ്ജിയമ്മക്കാണ്. പേരിലെ സാമ്യംമൂലം ദൂതനായ ഗുമസ്തന് പറ്റിയ കൈപ്പിഴയാണ് പൂച്ച് പുറത്താക്കിയത്.
കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സൗമിത്രാ സെന്നിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി കിട്ടിയത് ദീര്‍ഘിച്ച താത്ത്വികവാദങ്ങള്‍ക്കൊടുവിലാണെന്ന് നമുക്കറിയാം. അതും 24 ലക്ഷം രൂപയുടെ തിരിമറി നടത്തിയതിന്. കര്‍ണാടകത്തിലെ ദിനകരന്‍ ജഡ്ജിയാകട്ടെ, സര്‍വരെയും കൊജ്ഞാണന്മാരാക്കി വിരാജിക്കുന്നു.  ഗതികെട്ട് അദ്ദേഹത്തെ സിക്കിമിലേക്ക് സ്ഥലംമാറ്റിയതാണ് സുപ്രീംകോടതിക്ക് ചെയ്യാന്‍ പറ്റിയ ഏക കാര്യം! എന്തിനധികം, അഴിമതി തെളിഞ്ഞുകഴിഞ്ഞിട്ടും വി. രാമസ്വാമിക്കെതിരെ നടന്ന ഇംപീച്ച്‌മെന്റ് നാടകം എങ്ങനെയാണ് അവസാനിച്ചതെന്നോര്‍ക്കുക. പ്രധാനമന്ത്രി റാവു പറഞ്ഞു, കോണ്‍ഗ്രസ് എം.പിമാര്‍ വോട്ടിടാതെ ഒഴിഞ്ഞുനില്‍ക്കാന്‍. അങ്ങനെ രാമസ്വാമിയുടെ ഇംപീച്ച്‌മെന്റ് ചീറ്റിപ്പോയി.
ജഡ്ജിമാര്‍ അഴിമതി കാണിച്ചാല്‍ അന്വേഷിക്കണമെങ്കില്‍ ഇതരപൗരന്മാര്‍ക്കുള്ള നിയമങ്ങളോ അന്വേഷണരീതിയോ ഇന്ത്യയില്‍ സാധ്യമല്ല. ജഡ്ജസ് (എന്‍ക്വയറി) ചട്ടമനുസരിച്ചേ നീക്കുപോക്കുള്ളൂ. അതിനുതന്നെ ഉന്നത നീതിപീഠത്തിന്റെ അനുമതി വേണം. ഇംപീച്ച്‌മെന്റ് വകുപ്പുകള്‍തന്നെ നോക്കുക. കേസൊക്കെ അന്വേഷിച്ച് ബോധ്യപ്പെട്ടാല്‍ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരണം. പാസാകാന്‍ സഭയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടണം. അതു കിട്ടിയാലും സഭാധ്യക്ഷന്‍ മൂന്ന് ജഡ്ജിമാരടങ്ങുന്ന ഒരു അന്വേഷണ സമിതിയെ വീണ്ടും നിയോഗിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ വീണ്ടും വോട്ടിനിടണം. അപ്പോഴും കിട്ടണം മൂന്നില്‍ രണ്ട് ഭൂരിപക്ഷം. 200 കോടി ജനങ്ങളുടെ വിധി തിരുത്താന്‍ ഒരു സര്‍ക്കാറിനെ പുറത്താക്കുന്ന പാര്‍ലമെന്റ് പ്രക്രിയക്കുപോലും കേവല ഭൂരിപക്ഷം മതി -അവിശ്വാസപ്രമേയം പാസാകാന്‍. അതിലൊക്കെ കടുത്ത പെടാപ്പാടാണ് അഴിമതിവീരനായ ഒരു ജഡ്ജിയെ പുറത്താക്കാന്‍. ഇങ്ങനെ രാജ്യത്തെ നിയമങ്ങളില്‍നിന്നും ന്യായനടത്തിപ്പു പ്രക്രിയകളില്‍നിന്നും ഇക്കൂട്ടര്‍ക്ക് പ്രത്യേകമായൊരു സംവരണവും ഇമ്യൂണിറ്റിയും കല്‍പിച്ചത് ജനാധിപത്യ വ്യവസ്ഥിതിക്ക് താങ്ങും തണലുമാകേണ്ട സുപ്രധാന തൂണായിരിക്കണം ജുഡീഷ്യറി എന്നതിനാലാണ്. അങ്ങനെ നിലകൊള്ളണമെങ്കില്‍ ആ സ്ഥാപനത്തിന് സ്വതന്ത്രത വേണം. അധികാരവും ഉത്തരവാദിത്തങ്ങളും മൂന്നു തൂണുകള്‍ക്കിടയിലായി വിന്യസിച്ചിരിക്കുന്നത് അവയോരോന്നും മറ്റുള്ളവക്കുള്ള നിയന്ത്രണവും സന്തുലന മാര്‍ഗവുമാകണമെന്ന ഉദ്ദേശ്യത്താലാണ്. ലെജിസ്‌ലേച്ചറും എക്‌സിക്യൂട്ടിവും ഈ ഘടകങ്ങളില്‍ പിഴവരുത്തുമ്പോള്‍ തിരുത്തേണ്ട ബാധ്യതയുള്ള ജുഡീഷ്യറിക്ക് ആ കര്‍ത്തവ്യം പാലിക്കണമെങ്കില്‍ അനിവാര്യമായി വേണ്ട ഘടകമാണ് സ്വാതന്ത്ര്യം. അതു നിലനിര്‍ത്താനുള്ള സംരക്ഷണങ്ങളാണ് മേല്‍പ്പറഞ്ഞ 'സംവരണ'മൊക്കെ.
എന്നാല്‍, സ്വന്തം നിലക്ക് രോഗാതുരമാവുകയും അതിനു സ്വയം ചികിത്സ പറ്റാതാവുകയും ചെയ്യുന്നു എന്നതാണ് ജുഡീഷ്യറി ഇന്ന് നേരിടുന്ന പ്രശ്‌നം. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം രോഗം മറയ്ക്കാനുള്ള മര്‍ക്കടമുഷ്ടിയും അടവുനയങ്ങളുമാണത് അവലംബിക്കുന്നതെങ്കിലോ? കോടതിയലക്ഷ്യം എന്ന ഭീഷണിയും ജഡ്ജിമാര്‍ക്കെതിരെ കേസെടുക്കാന്‍ ജഡ്ജിത്തലവന്റെ തന്നെ അനുമതി വേണമെന്ന വൈചിത്ര്യവുമാണ് ഈ അടവിനുള്ള മുഖ്യപരിചകള്‍. 2007ല്‍ ദല്‍ഹി ഹൈകോടതി നാലു പത്രപ്രവര്‍ത്തകര്‍ക്ക് നാലുമാസം തടവു വിധിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന വൈ.കെ. സബര്‍വാളിന്റെ രണ്ടു മക്കള്‍ ഷോപ്പിങ് മാളുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു കമ്പനി ദല്‍ഹിയില്‍ നടത്തിയിരുന്നു. ഈ കൂറ്റന്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശികമായി മത്സരമുണ്ടാക്കാനിടയുള്ള ചില്ലറ വ്യാപാര സ്ഥാപനങ്ങളെ വകുപ്പും മുറയും പറഞ്ഞ് ഷട്ടറിടുവിക്കുന്ന പണിയാണ് അച്ഛന്‍ ജഡ്ജി ചെയ്തത്. അത്തരത്തിലൊരു അടച്ചുപൂട്ടല്‍ പരമ്പരക്കുള്ള വിധികളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. നാട്ടുകാര്‍ പ്രതിഷേധിച്ചു. ഒരു മാധ്യമവും പ്രശ്‌നത്തിന്റെ കാതലിലേക്ക് കടന്നില്ല. ഉച്ചപ്പത്രമായ 'മിഡ്‌ഡേ' മാത്രം വാര്‍ത്ത അച്ചടിച്ചു. ചീഫ് ജസ്റ്റിസിന്റെ ഈ അഴിമതി  പുറത്തുവരുത്തിയതിന് കോടതിയലക്ഷ്യ കേസെടുത്തു. കാര്‍ട്ടൂണ്‍ വരച്ച ഇര്‍ഫാന്‍ ഖാനടക്കം തടവുശിക്ഷ. അതൊരു തുറുപ്പ്.
മുമ്പ് സൂചിപ്പിച്ച കാഷ് ഇന്‍ ബാഗ് കേസ് വെച്ചവസാനിപ്പിക്കാന്‍ സി.ബി.ഐ ഒരപേക്ഷ കോടതിക്ക് കൊടുത്തു- ചണ്ഡിഗഢിലെ വിചാരണ കോടതിയില്‍. 15 ലക്ഷം കോഴ വാങ്ങിയ ശ്രീമതി നിരപരാധിയായതുകൊണ്ടല്ല, തെളിവില്ലാഞ്ഞിട്ടുമല്ല. ഉന്നത നീതിപീഠം അനുമതി കൊടുക്കാത്തതുകൊണ്ടുമാത്രം! ഇവിടാണ് രണ്ടാം തുറുപ്പ്. കോളനിഭരണത്തിനായി സായ്പുണ്ടാക്കിയ നിയമങ്ങള്‍ പലതും പകര്‍ത്തിയെടുത്ത വകയില്‍ 1898ലെ ക്രിമിനല്‍ നടപടിച്ചട്ടവും സ്വതന്ത്രേന്ത്യ കവര്‍ന്നു. ആ ചട്ടത്തിലെ 197ാം വകുപ്പുപ്രകാരം ഒരു ജഡ്ജിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മേലാളന്റെ അനുമതി വേണം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലെ പബ്ലിക് സര്‍വന്റിന്റെ വീഴ്ചകള്‍ക്കു മാത്രമാണ് പ്രോസിക്യൂഷന്‍. കൈക്കൂലി ഈ വകുപ്പിലുണ്ടായിരുന്നില്ല.
 1947ലെ അഴിമതി തടയല്‍ നിയമം വന്ന് കൈക്കൂലിയെക്കൂടി ഈ പരിധിയില്‍പ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാനിയമം 21 പ്രകാരം ജഡ്ജിയും മന്ത്രിയുമൊക്കെ പബ്ലിക് സര്‍വന്റ് എന്ന വിഭാഗത്തില്‍ വരും. ഇതാണ് നിയമനിര്‍മാണ സഭയുണ്ടാക്കിയ നിയമം. എന്നാല്‍, 1991ല്‍ സുപ്രീകോടതി സ്വയമൊരു നിയമമങ്ങുണ്ടാക്കുന്നു- ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരെ രാജ്യത്ത് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല- സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് 'കണ്‍സല്‍ട്ട്' ചെയ്യാതെ. ഇനി കണ്‍സല്‍ട്ടിങ്ങിന്റെ പൊരുള്‍ കേള്‍ക്കുക. ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തിന് 'അര്‍ഹമായ പ്രതിപത്തി' സര്‍ക്കാര്‍ കൊടുക്കണം. കേസെടുക്കേണ്ടെന്ന് ടിയാന്‍ പറഞ്ഞാല്‍, കേസ് പാടില്ല. പച്ചയായ ഈ വീറ്റോ അധികാരം കവര്‍ന്ന സുപ്രീംകോടതി സ്വയം പുകഴ്ത്തിയതുകൂടി കേള്‍ക്കുക: 'ജഡ്ജിമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷനില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഒരു നിയമവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍, ഈ അവ്യക്ത മേഖലയില്‍ ഈ കോടതി ഒരു നിയമനിര്‍മാണവും പ്രശ്‌നപരിഹാരവുമാണ് നിര്‍വഹിക്കുന്നത്.' പാര്‍ലമെന്റിന് മാത്രമേ നിയമനിര്‍മാണത്തിന് അവകാശമുള്ളൂ എന്ന് കൂട്ടത്തില്‍ രണ്ട് ജഡ്ജിമാര്‍ പറഞ്ഞെങ്കിലും അവരുടെ വാക്കിന് വിലയുണ്ടായില്ല. അങ്ങനെ സ്വന്തം പരിരക്ഷക്ക് നിയമം നിര്‍മിക്കാനുള്ള അവകാശവും കോടതി സ്വയമങ്ങുണ്ടാക്കിയെടുത്തു.
ജഡ്ജി അഴിമതി കാണിച്ചത് ചോദ്യം ചെയ്താല്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കും. അഥവാ സ്‌റ്റേറ്റ് ഏജന്‍സികള്‍ക്ക് അന്വേഷിക്കണമെന്നുണ്ടെങ്കില്‍ ജഡ്ജിമൂപ്പന്‍ കനിയണം. ഇവിടെ സുപ്രീംകോടതി സൃഷ്ടിച്ചെടുത്ത പരിരക്ഷ വാസ്തവത്തില്‍ രാജ്യത്തെ നിയമത്തില്‍നിന്നുതന്നെയുള്ള ഇമ്യൂണിറ്റിയല്ലേ? നിയമവാഴ്ചക്കുവേണ്ടി നിലകൊള്ളുന്നവര്‍ തന്നെ അതേ വാഴ്ചക്കെതിരാവുന്ന പരിഹാസ്യതയല്ലേ പ്രകടമാകുന്നത്?  ചുരുക്കത്തില്‍, ഈ ഒളിവും മറയുമല്ലേ ഇന്ത്യന്‍ ജുഡീഷ്യറിയെ അഴിമതിക്ക് കൂടുതല്‍ കൂടുതല്‍ പരുവപ്പെടുത്തുന്നതും?
രാഷ്ട്രീയ ഇടപെടല്‍ ജുഡീഷ്യറിയുടെ സ്വതന്ത്രതയെ ഹനിക്കുമെന്ന് ജഡ്ജിസമൂഹം നിരന്തരം പറയും. അതു നേരുമാണ്. എന്നാല്‍, അഴിമതി ഗ്രസിച്ചിരിക്കുന്ന ഒരു സ്ഥാപനത്തിന്റെ സ്വതന്ത്രത നിരര്‍ഥകമാണ്. അതിലുപരി അപായകരവുമാണ്. കാരണം, ഈ സ്വതന്ത്രത അഴിമതിയെ പരിരക്ഷിക്കാനുള്ള ആയുധം കൂടിയാകുന്നു. ശാന്തി ഭൂഷന്റെ മണികെട്ടലും പാഴ്‌വേലയാകുമോ?


വിജു വി. നായര്‍


Share

Blogger templates

.

ജാലകം

.