'3096 ദിനങ്ങള്‍': മനുഷ്യക്രൂരതയുടെ ഇര നടാഷയുടെ ആത്മകഥ ജനസമക്ഷത്തിലേക്ക്

വിയന: ഓസ്ട്രിയയില്‍ പത്തു വയസ്സില്‍ തട്ടിക്കൊണ്ടുപോയി വര്‍ഷങ്ങളോളം ഏകാന്ത തടവില്‍ പാര്‍പ്പിച്ച നടാഷ കംപൂച്ചിന്റെ തടവറക്കാലത്തെ കഥകള്‍ ആദ്യമായി പുറത്തെത്തി. 'ഡെയ്‌ലി മെയിലി'ലാണ് ഇവരുടെ ആത്മകഥ പരമ്പരയായി വരുന്നത്.
സ്‌കൂളിലേക്കുള്ള വഴി 1998 മാര്‍ച്ചിലാണ് നടാഷയെ വോള്‍ഫ്ഗാങ് പ്രിക്‌ലോപില്‍ എന്നയാള്‍ വാനില്‍ തട്ടിക്കൊണ്ടുപോയി തന്റെ വീടിന്റെ അടിയിലത്തെ ഇരുട്ടറയില്‍ പാര്‍പ്പിച്ചത്.
പിന്നീട് പത്തുവര്‍ഷത്തിനുശേഷം 2006 ആഗസ്റ്റില്‍ ഈ പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോയ ആളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നടാഷയുടെ കഥ കേട്ട് അന്നുതന്നെ ലോകം ഞെട്ടിയിരുന്നു. മനുഷ്യമനഃസാക്ഷിയെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് നടാഷയുടെ പുതിയ വിവരണങ്ങളിലുള്ളത്.
തട്ടിക്കൊണ്ടുപോയ ആദ്യനാളുകളില്‍, ഏതാണ്ട് ആറുമാസത്തോളം കാലം നടാഷയെ പാര്‍പ്പിച്ചത് ജനല്‍പോലുമില്ലാത്ത അറയിലായിരുന്നു. അതിനകത്ത് ഒരു ബെഡും ടോയ്‌ലറ്റും സിങ്കും മാത്രം; പിന്നെ ഇരുട്ടും.തീര്‍ത്തും അടിമത്ത മനോഭാവം വെച്ചുപുലര്‍ത്തിയ വോള്‍ഫ്ഗാങ്, നടാഷയുടെ പേരുപോലും മാറ്റി.
തടവറയിലേക്ക് ഇന്റര്‍കോം വെച്ച് മുകളില്‍നിന്ന് 'എന്നെ അനുസരിക്കൂ' എന്ന് നൂറുവട്ടം ഇയാള്‍ ആക്രോശിക്കുമായിരുന്നു. ശാരീരിക ഉപദ്രവം പതിവായിരുന്നു. അര്‍ധനഗ്‌നയാക്കി വീട്ടുജോലികള്‍ ചെയ്യിപ്പിച്ചു. സ്വന്തം തലമുടി വടിച്ചുകളയാന്‍ നിര്‍ബന്ധിച്ചു. ഇതിനിടയിലെല്ലാം 'ഒരു അടിമയുണ്ടാകുക എന്നത് തന്റെ എക്കാലത്തെയും ആഗ്രഹമാണെ'ന്ന് അയാള്‍ വിളിച്ചുപറഞ്ഞു.
'ചില ആഴ്ചകളില്‍ തന്നെ 200 തവണയെങ്കിലും ഇയാള്‍ തല്ലിയിട്ടുണ്ട്. വിചിത്രമായ ഭ്രാന്തുള്ള വ്യക്തിയായിരുന്നു വോള്‍ഫ്ഗാങ്. ചിലപ്പോള്‍ കിടന്നുറങ്ങവെ എന്നെ ചങ്ങലകൊണ്ട് ബന്ധിക്കുമായിരുന്നു.
എല്ലാത്തിലും മടുത്ത് പല തവണ ആത്മഹത്യാശ്രമം നടത്തി. പക്ഷേ, ഒന്നും വിജയിച്ചില്ല' -നടാഷ പറയുന്നു.
'3096 ദിനങ്ങള്‍' എന്നാണ് നടാഷയുടെ ആത്മകഥയുടെ പേര്. നടാഷ തടവറയില്‍ കഴിഞ്ഞ ദിനങ്ങളുടെ ദൈര്‍ഘ്യമാണ് ഇത് അടയാളപ്പെടുത്തുന്നത്.
തന്റെ മുന്നില്‍ മുട്ടില്‍നിന്ന് അടിമ ഉടമയോട് കെഞ്ചുന്നതുപോലെ വേണം കാര്യങ്ങള്‍ ചോദിക്കാനെന്ന് ഇയാള്‍ അടിവരയിടുമായിരുന്നു. സീമെന്‍സ് കമ്പനിയിലെ മുന്‍ എന്‍ജിനീയറായിരുന്നു വോള്‍ഫ്ഗാങ്.
നടാഷയുടെ മാതാപിതാക്കള്‍ മോചനദ്രവ്യം നല്‍കാന്‍ വിസമ്മതിച്ചെന്നും അതിനാല്‍ അവര്‍ക്ക് നിന്നെ വേണ്ടെന്നും ഇയാള്‍ ആവര്‍ത്തിച്ചു പറഞ്ഞു.
നടാഷ ആര്‍ക്കും വേണ്ടാത്തവളാണെന്ന് തോന്നിപ്പിക്കുകതന്നെയായിരുന്നു ലക്ഷ്യം.
കൊടും പീഡനങ്ങള്‍ക്കിടയിലും മനുഷ്യനോട് മിണ്ടാന്‍ കൊതിച്ച്, ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്റെ പീഡകനോട് ഒരു കഥ പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടതായി നടാഷ ഓര്‍മിക്കുന്നു.
2006ല്‍ വോള്‍ഫ്ഗാങ് കാര്‍ കഴുകാന്‍ തിരിഞ്ഞതിനിടെയാണ് നടാഷ രക്ഷപ്പെട്ടത്. ഏതാനും മണിക്കൂറുകള്‍ക്കകം വോള്‍ഫ്ഗാങ് (അന്ന് 44 വയസ്സ്) ആത്മഹത്യ ചെയ്യുകയായിരുന്നു.
ആധുനിക യുഗത്തിലെ മനുഷ്യ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായി  ഇപ്പോള്‍ വിയനയില്‍ കഴിയുന്ന നടാഷ ഓസ്ട്രിയന്‍ ടി.വിയില്‍ ഒരു ചാറ്റ്‌ഷോ അവതരിപ്പിക്കുന്നുണ്ട്.
വോള്‍ഫ്ഗാങ്ങിന്റെ വീടും കാറുമെല്ലാം പിന്നീട്  നടാഷ വാങ്ങിയിരുന്നു;  ഒരു കറുത്ത കാലത്തിന്റെ സ്മാരകമെന്ന പോലെ.


Share/Bookmark

Blogger templates

.

ജാലകം

.