പരീച്ചിന്റകത്ത് കുഞ്ഞിക്കോയ: ഒരു സായാഹ്ന കൊലപാതകത്തിന്റെ കഥ

ഒരു മതേതര ജനാധിപത്യരാജ്യമായിരിക്കെത്തന്നെ പ്രായോഗിക തലത്തില്‍ മുസ്‌ലിംകളും ദലിതുകളും ഇരട്ട നീതിയുടെ ഇരകളായി മാറുന്നതിനെക്കുറിച്ച തിരിച്ചറിവുകള്‍ ഇന്ന് സജീവമാണ്. നടുക്കുന്ന ഈ  യാഥാര്‍ഥ്യത്തെ വ്യവഹരിക്കാനാണ് 'വിവേചന ഭീകരത' എന്ന പദം പ്രയോഗിക്കപ്പെടുന്നത്. വിവേചന ഭീകരതയെക്കുറിച്ചും ഇരവത്കരണത്തെക്കുറിച്ചും മുസ്‌ലിംകളും ദലിതുകളും നേരത്തേ തന്നെ നിരന്തരമായി പറയുന്നവരാണെങ്കിലും കെ.ഇ.എന്നിനെ പോലുള്ള ഇടതുപക്ഷ ബുദ്ധിജീവികള്‍ മാര്‍ക്‌സിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ അക്കാര്യങ്ങള്‍ കൂടുതല്‍ തീക്ഷ്ണമായി അവതരിപ്പിച്ചപ്പോഴാണ് കേരളീയ സാംസ്‌കാരിക രംഗത്ത് അത് ചൂടേറിയ ചര്‍ച്ചയായത്. വിവേചന ഭീകരതയൊക്കെ ശരി തന്നെ, പക്ഷേ, അതെന്തിനാണ് കേരളത്തില്‍ പറയുന്നത്; ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ എന്ന മട്ടിലാണ് പലരും അതിനോട് പ്രതികരിച്ചത്. 'കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടേണ്ട ബുദ്ധിജീവി' എന്ന് ആര്‍.എസ്.എസ് വാരികയായ കേസരി സര്‍ട്ടിഫൈ ചെയ്ത ഹമീദ് ചേന്ദമംഗലൂര്‍, അദ്ദേഹത്തിന്റെ ലഫ്റ്റനന്റ് കേണല്‍ എം.എന്‍ കാരശ്ശേരി, രണ്ടു പേരുടെയും കാലാള്‍ പടയാളികളായ കെ.എം. ഷാജി, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയ മാധ്യമനിര്‍മിത മുസ്‌ലിം യുവനേതാക്കള്‍, ഇവരെല്ലാവരും ചേര്‍ന്ന് വിവേചന ഭീകരതക്കെതിരായി ഉയര്‍ന്നു വരുന്ന സാംസ്‌കാരികപ്രതിരോധത്തെ സംഘ്പരിവാറിന്റെ പക്ഷത്തുനിന്ന് ചെറുക്കാന്‍ ശ്രമിച്ചത് നാം കണ്ടതാണ്. സംഘ്പരിവാറിന്റെയും സവര്‍ണ അധികാരത്തിന്റെയും സാംസ്‌കാരിക പ്രത്യയശാസ്ത്രത്തെ വിമര്‍ശിക്കുന്നവരെ ഉസാമ ബിന്‍ലാദിന്റെ അളിയന്‍മാരായി ചിത്രീകരിക്കുന്ന പ്രവണത അങ്ങനെയാണ് വളര്‍ന്നു വന്നത്. കേരളത്തില്‍ ഇതൊക്കെ പറഞ്ഞ് നിങ്ങളെന്തിനാണ് നാട് കലുഷമാക്കുന്നത് എന്ന നിഷ്‌കളങ്കമെന്ന് തോന്നുന്ന ചോദ്യത്തിലൂടെയാണ് അവര്‍ സംഘ്പരിവാര്‍ സാംസ്‌കാരിക ദൗത്യത്തിന് അടിയൊപ്പ് വെച്ചത്.
കേരളത്തില്‍ വിവേചന ഭീകരതയോ എന്ന് സംശയിക്കുന്നവര്‍ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതാണ് ഈ ജനുവരി 21ന് (വെള്ളി) ഉണ്ടായ മാറാട് പ്രത്യേക കോടതിയുടെ വിധി.  നമ്മുടെ മാധ്യമങ്ങളും സാംസ്‌കാരിക പൊതുബോധവും മറച്ചുവെക്കാന്‍ ശ്രമിക്കുന്ന, വിവേചന ഭീകരതയുമായി ബന്ധപ്പെട്ട വളരെ സുപ്രധാനമായ രണ്ട് വശങ്ങള്‍ ആ വിധിയിലുണ്ട്.
മാറാട് സ്വദേശി പരീച്ചന്റകത്ത് കുഞ്ഞിക്കോയയെ (32) കൊലപ്പെടുത്തിയ കേസിലാണ് വിധി. 2002 ജനുവരി മൂന്നിന് സന്ധ്യക്കാണ്, മഗ്‌രിബ് നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോയ കുഞ്ഞിക്കോയ പള്ളിക്ക് മുമ്പില്‍ വെച്ച് കുത്തേറ്റ് മരിക്കുന്നത്. കേരളത്തിന്റെ തന്നെ സാമുദായിക ബന്ധങ്ങളില്‍ വലിയ മുറിവേല്‍പിച്ച മാറാട് കലാപങ്ങള്‍ക്ക് തുടക്കം കുറിച്ച ആദ്യ കൊലപാതകമായിരുന്നു അത്. മാറാട് കേസുകള്‍ വിചാരണ ചെയ്യാനുണ്ടാക്കിയ മാറാട് പ്രത്യേക കോടതി പക്ഷേ, വിധിപ്രസ്താവം നടത്തിയ അവസാനത്തെ കൊലപാതക കേസുമാണിത്! 2002 ജനുവരിയില്‍ നടന്ന ഒന്നാം കലാപത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാതിരിക്കുകയും പ്രതികളില്‍ പലരും മാറാട് പ്രദേശത്ത് പരസ്യമായി കൊലവിളി നടത്തി പെരുമാറുകയും ചെയ്യുന്നതിലെ പ്രതികാരമായാണ്, ഒന്നാം കലാപത്തില്‍ കൊല്ലപ്പെട്ട അബൂബക്കറിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ 2003 മേയ് രണ്ടിന് നിര്‍ഭാഗ്യകരമായ മാറാട് കൂട്ടക്കൊല നടക്കുന്നത്. പക്ഷേ, അങ്ങനെയൊരു പ്രതികാരം നടക്കുമ്പോഴേക്ക് നമ്മുടെ നീതിന്യായ സംവിധാനം ഊര്‍ജസ്വലമായി. പ്രത്യേക കോടതിതന്നെ സ്ഥാപിക്കപ്പെട്ടു. അറസ്റ്റുകളും പ്രോസിക്യൂഷന്‍ നടപടികളും ശരവേഗത്തില്‍ മുന്നോട്ടു പോയി. 2009 ജനുവരി 19ന് തന്നെ കോടതി വിധി പ്രസ്താവം നടത്തി; 62 പ്രതികളെ ശിക്ഷിച്ചു. എന്നാല്‍, കലാപത്തിന് തുടക്കമിട്ട കൊലപാതകത്തിന്റെ കാര്യത്തില്‍ നീതി നിര്‍വഹണം പൂര്‍ത്തിയാകാന്‍ വീണ്ടും രണ്ട് വര്‍ഷങ്ങളെടുത്തു. കാരണം ലളിതമാണ്; ഒന്നാം കലാപം ഒരു ആര്‍.എസ്.എസ് പദ്ധതിയായിരുന്നു. രണ്ടാം കലാപം അതിന്റെ ഇരകളായ മുസ്‌ലിംകള്‍ നടത്തിയ പ്രതികാരമായിരുന്നു. മുസ്‌ലിംകളുടെ കാര്യം വരുമ്പോള്‍ നമ്മുടെ നീതിന്യായ സംവിധാനത്തിന് വന്നു ചേരുന്ന അത്യന്തം 'പക്വതയാര്‍ന്ന അവധാനത'യാണ് ഇതിലൂടെ വെളിച്ചപ്പെടുന്നത്. ബാബരിമസ്ജിദ് തകര്‍ക്കലിന്റെയും ബോംബെ കലാപത്തിന്റെയുമെല്ലാം കാര്യത്തില്‍ നീതിന്യായ സംവിധാനത്തിന്റെ വിവേചനപരമായ ഈ  'അവധാനത' ഇപ്പോഴും തുടരുന്നത് നാം കാണുന്നു.
അതിലേറെ കൗതുകകരമായ മറ്റൊരു കാര്യം ഈ വിധിയുമായി ബന്ധപ്പെട്ടുണ്ട്.  കുഞ്ഞിക്കോയ വധത്തില്‍ ജീവപര്യന്തം തടവ് ലഭിച്ച മൂന്ന് പേരിലൊരാള്‍, കേരളത്തിലെ സംഘ്പരിവാര്‍ സംഘടനകളുടെ കൂട്ടുമുന്നണിയായ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ടി. സുരേഷ് ആണ് എന്നതാണത്. ഒന്നോര്‍ത്തു നോക്കൂ; ഏതെങ്കിലും മുസ്‌ലിംസംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ് ഇങ്ങനെയൊരു കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നതെങ്കില്‍ (ശിക്ഷിക്കപ്പെടുന്നത് പോകട്ടെ) എന്താകുമായിരുന്നു നമ്മുടെ നാട്ടിലെ പുകില്? മുസ്‌ലിം സംഘടനകളെ വിട്ടേക്കുക; സി.പി.എമ്മിന്റെ ഒരു സംസ്ഥാന കമ്മിറ്റി അംഗമാണ് ഇതുപോലെ ശിക്ഷിക്കപ്പെടുന്നതെങ്കില്‍ നമ്മുടെ പത്രങ്ങളിലും ചാനല്‍ചര്‍ച്ചകളിലും എന്തെല്ലാം സംഭവിക്കുമായിരുന്നു? പക്ഷേ, സംഘ്പരിവാറിന്റെ ഒരു സംസ്ഥാന ഭാരവാഹി, കേരളത്തിന് തന്നെ അപമാനമായ ഒരു കലാപത്തിന് തുടക്കമിട്ട കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതൊരു സാംസ്‌കാരിക പ്രശ്‌നമേ ആകാത്തതെന്താണ്? രണ്ടാം തവണയാണ് ഇയാള്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് എന്നു കൂടി മനസ്സിലാക്കണം. അന്യായമായി പ്രതിചേര്‍ക്കപ്പെടുന്ന ചെറുപ്പക്കാരുടെ പേരില്‍ പോലും മുസ്‌ലിം സംഘടനകള്‍ മാപ്പ് പറഞ്ഞ് ഏത്തമിടേണ്ടി വരുന്ന ഒരു നാട്ടില്‍ സംഘ്പരിവാറിന്റെ സംസ്ഥാന കാര്യദര്‍ശി തന്നെ കലാപത്തിനും കൊലപാതകത്തിനും നേരിട്ട് നേതൃത്വം നല്‍കിയിട്ട് അത് ഒരു വിഷയമേ ആകുന്നില്ല. എന്നല്ല, കക്ഷി ഇത്രയും പ്രമാദമായ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും ഭാരവാഹി സ്ഥാനത്ത് നിന്ന് അയാളെ മാറ്റാനുള്ള സന്നദ്ധത പോലും കാണിക്കാതെ തികഞ്ഞ ധാര്‍ഷ്ട്യം കാണിക്കുകയാണ് സംഘ്പരിവാര്‍. നിങ്ങളെന്താണ് അദ്ദേഹത്തെ പുറത്താക്കാത്തത്, ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റാത്തത് എന്ന് ഒരു ചാനല്‍കാരനും സംഘ് നേതൃത്വത്തോട് ആരാഞ്ഞതുമില്ല.
മാറാട് കലാപത്തെത്തുടര്‍ന്ന് കലക്ടറുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്ന 'സമാധാന'യോഗങ്ങളിലെ തിളങ്ങുന്ന താരമായിരുന്നു ടി.സുരേഷ് എന്ന് മനസ്സിലാക്കണം. കലാപത്തിലൂടെയാണ് സംഘ്പരിവാറും സംഘ്പരിവാര്‍ നേതൃത്വവും വളര്‍ന്നു വരുന്നതെങ്കില്‍ അതിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ് മാറാടും ടി. സുരേഷും. അങ്ങനെയുള്ളൊരാള്‍ സമാധാന കമ്മറ്റികളിലെ താര സാന്നിധ്യമാകുന്നത് പോലും എവിടെയും ഒരു അലോസരവും സൃഷ്ടിക്കുന്നില്ല. നമ്മുടെ സാംസ്‌കാരിക മേല്‍പാളിയിലും മാധ്യമ മേഖലയിലും സംഘ്പരിവാര്‍ ദാസ്യം എത്രത്തോളം പിടിമുറുക്കിയിരിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ കോടതിവിധിയോടുണ്ടായ പ്രതികരണമില്ലായ്മ.
മാറാട് നമ്മളെല്ലാം മറക്കാന്‍ ആഗ്രഹിക്കുന്ന കഴിഞ്ഞുപോയൊരു അധ്യായം; പിന്നെയുമെന്തിന് അതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കണം എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. തീര്‍ച്ചയാണ്; മാറാട് പോലുള്ളവ മറക്കുന്നത് തന്നെയാണ് നമ്മുടെ സാമൂഹിക ആരോഗ്യത്തിന് നല്ലത്. പക്ഷേ, നമ്മുടെ മറവികള്‍ കൊലപാതകികളായ സംഘ്പരിവാര്‍ നേതൃത്വത്തിന് സാമൂഹികമാന്യതയും മാധ്യമലാളനയും നേടിക്കൊടുക്കാനുള്ളതാവരുത് എന്ന് മാത്രം.
വാല്‍ക്കഷണം: മതസംഘടനകള്‍ക്ക് പരിപാടികള്‍ നടത്താന്‍ കോഴിക്കോട് മുതലക്കുളം മൈതാനം മാസങ്ങളായി വിട്ടുകൊടുക്കാറില്ല. കലക്ടറുടെ പ്രത്യേക നിര്‍ദേശമാണത്. എന്നാല്‍, ടി.സുരേഷിനെ ശിക്ഷിച്ചു കൊണ്ടുള്ള കോടതി വിധി വന്ന അന്ന് രാത്രി അദ്ദേഹം കൂടി നേതൃത്വം നല്‍കുന്ന സംഘടനയുടെ പ്രഭാഷണപരിപാടി നടക്കുകയായിരുന്നു അവിടെ. വിഷയം: 'ഹിന്ദുത്വത്തിന്റെ ആഗോള ദൗത്യം'. പ്രഭാഷകന്‍, ആര്‍.എസ്.എസിന്റെ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ജെ.നന്ദകുമാര്‍. ടി. സുരേഷിനെ ദേശീയോദ്ഗ്രഥന സമിതിയില്‍ അംഗമാക്കാന്‍ ആരും ശിപാര്‍ശ ചെയ്യാതിരുന്നത് നമ്മുടെ ഭാഗ്യമെന്ന് കരുതുക.

സി. ദാവൂദ്
മാധ്യമം  


Share


Blogger templates

.

ജാലകം

.