'നിയമം നിയമത്തിന്റെ വഴിക്ക്' പോയ വകയില്‍ എട്ടുകൊല്ലം കൊണ്ട് ഐസ്‌ക്രീം കേസ് ആവിയായി. 16 പ്രതികളും വിജയശ്രീലാളിതരായി. ആകപ്പാടെയുണ്ടായത് രണ്ടേരണ്ട് ദോഷം. ഒന്ന്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് സീറ്റിടിഞ്ഞു. രണ്ട്, ഐസ്‌ക്രീം എന്ന ബേക്കറിയുല്‍പന്നത്തിന് ചില്ലറ ചീത്തപ്പേര് കിട്ടി.
നിയമം പോയവഴിയാണ് ഇപ്പോള്‍ റഊഫ് എന്ന കഥാപാത്രം നമുക്ക് ചൂണ്ടിത്തരുന്നത്. അതിലൂടെ ഒരു സന്ദേശം കൂടി അദ്ദേഹം പുറപ്പെടുവിക്കുന്നുണ്ട്. അതായത്, ടിയാന്‍ ഉപദേശിക്കുന്ന തരത്തിലൊക്കെ ചെയ്താല്‍ മതി, ഏത് ഐസ്‌ക്രീമും ആവിയാക്കാം. അഥവാ പെണ്‍വാണിഭക്കേസില്‍ നിന്നൂരാന്‍ കൊടികെട്ടിയ ക്രിമിനല്‍ വക്കീലല്ല വേണ്ടത്, റഊഫിനെ പോലൊരു റിങ് മാഷാണ്. വാര്‍ത്താ സമ്മേളനത്തില്‍ ടിയാന്‍ ഇരുത്തംവന്ന റിങ്മാഷായി. മാഷിനെ നഷ്ടപ്പെട്ട കുട്ടിയുടെ ശരീരഭാഷയാണ് കുഞ്ഞാലിക്കുട്ടി പ്രകടമാക്കിയതും. അങ്ങനെ പരസ്‌പരപൂരകമായി വെടിവട്ടം. ഇനി സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെ പ്രതികരണങ്ങള്‍ നോക്കാം.
മുഖ്യമന്ത്രിക്ക് ചിരികൊണ്ട് ഇരിക്കപ്പൊറുതിയില്ല. പെണ്‍വാണിഭക്കാരെ കൈയാമം വെച്ച് തെരുവില്‍ നടത്തിക്കുമെന്ന് പണ്ടു പറഞ്ഞത് ഒരാവേശത്തിന്റെ പേരിലാണെന്ന ഭേദഗതി അവതരിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്ഥായീമൂഡിന് മാറ്റമൊന്നുമില്ല. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു ഉള്‍പ്പാര്‍ട്ടി പോരുജയത്തിന്റെ ഉപാധിയാണ്. ഐസ്‌ക്രീം കേസ് ഒതുക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന് കേന്ദ്രതലത്തില്‍ പരാതിപ്പെട്ടയാളാണ്. ആ വാദം ശരിവെക്കപ്പെടുന്നതിലുള്ള ആനന്ദവായ്പാണ് ഇപ്പോഴത്തെ പ്രകടനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. പിണറായി വിജയന്‍േറത് രണ്ടുമാസം അപ്പുറം കിടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഓര്‍ത്തുള്ള നാവുനൊട്ടലാണ്. കുഞ്ഞാലിക്കുട്ടിയെ മുക്കിയാല്‍ ലീഗിനേല്‍ക്കുന്ന ക്ഷതം യു.ഡി.എഫിന്റെ കണക്കുകള്‍ തെറ്റിക്കും. മുസ്‌ലിംകളിലേക്കുള്ള യു.ഡി.എഫ് പാലമാണല്ലോ ലീഗ്. അങ്ങനെ മലബാറിലെ വോട്ട്‌സമവാക്യങ്ങള്‍ പിശകുന്നതോടെ, ഇടതുപക്ഷത്തിന്റെ മോഹങ്ങള്‍ക്ക് ചെറുതായെങ്കിലും ചിറക് മുളപ്പിക്കാം. പരാജയങ്ങളില്‍ കുളിച്ചുനില്‍ക്കുന്നൊരു പാര്‍ട്ടി സെക്രട്ടറിക്ക് അങ്ങനെ മോഹിക്കാന്‍ സ്വാഭാവിക അവകാശമുണ്ട്. യു.ഡി.എഫിലാണ് തന്നന്നാകളി. ഐസ്‌ക്രീം കേസ് വീണ്ടും പൊങ്ങിവന്നത് ഗൂഢാലോചനയാണെന്ന് ചെന്നിത്തലക്ക് സംശയമില്ല. കൂടുതല്‍ ചോദിച്ച് മെനക്കെടുത്തരുത് -കെ.പി.സി.സി പ്രസിഡന്റ് അബദ്ധം പറഞ്ഞാല്‍ അപ്പീലില്ല. പ്രതിപക്ഷ നേതാവാകട്ടെ, പുതിയ വെടിവട്ടത്തിലെ 'പോസിറ്റിവു'കളെയാണ് ആദ്യമേ പെറുക്കിയെടുക്കുന്നത്. 'വൈകിയാണെങ്കിലും കുറ്റസമ്മതം' നടത്തിയ സഹയാത്രികനെ അഭിനന്ദിക്കുകയാണ് ടിയാന്‍. സഹയാത്രികന്‍ കുറ്റസമ്മതം തിരുത്തിയ മുറക്ക് കുഞ്ഞൂഞ്ഞും തിരുത്തി -കുറ്റസമ്മതമല്ല നടത്തിയത്, വെളിപ്പെടുത്തലില്‍ പുതുതായൊന്നുമില്ലതാനും.
റഊഫ് പറഞ്ഞതില്‍ പുതുമയില്ലെന്ന് പറഞ്ഞാല്‍ പെട്ടെന്നത് ശരിയായിത്തോന്നും. നാട്ടില്‍ എന്നേ പാട്ടായ കാര്യങ്ങള്‍. പിന്നെന്താണ് പുതുമ? റഊഫ് അത് പറയുന്നു എന്നത് തന്നെയാണ് പുതുമ. ഒപ്പം, പറച്ചിലിന്റെ സാഹചര്യവും.
എന്തിലും ഏതിലും വലംകൈയായിരുന്ന വിദ്വാനുമായി നേതാവ് തെറ്റിയതാണ് പുതിയ പശ്ചാത്തലം. കൈയാളായിരുന്നു എന്നത് റഊഫിന്റെ അവകാശവാദമല്ല. സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിതന്നെ സംഭവദിവസത്തെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നുപറഞ്ഞതാണ് -മന്ത്രിയായിരിക്കെ വഴിവിട്ട് സഹായങ്ങള്‍ ചെയ്തുകൊടുത്തതുതൊട്ട് അയാള്‍ തന്റെ പേരുപയോഗിച്ച് നേട്ടങ്ങളുണ്ടാക്കിയതും ബ്ലാക്‌മെയില്‍ ചെയ്യുന്നതും വരെ. അതിലൊന്നും തലേന്നു വരെ തെറ്റു കാണാത്ത കുഞ്ഞാലിക്കുട്ടിക്ക് മുന്‍ കൈയാള്‍ ഇപ്പോള്‍ പറയുന്ന കാര്യത്തിലേ തെറ്റുള്ളൂ. കാരണം, അയാളിപ്പോള്‍ 'ഭീകരനാണ്, ദേശദ്രോഹക്കുറ്റത്തിന് പ്രതിയാണ്, ബ്ലാക്‌മെയ്‌ലറാണ്.' ഇങ്ങനൊക്കെയുള്ള ഒരു കഥാപാത്രത്തെ കൈയാളാക്കി കൊണ്ടുനടന്നതെന്തിനെന്ന് ചോദിക്കരുത്. രാഷ്ട്രീയ നിഷ്‌കളങ്കത അവഹേളിക്കപ്പെടും. സത്യത്തില്‍ റിങ് മാസ്റ്റര്‍ക്ക് ആശ്രിതന്‍ അവസരമൊരുക്കിക്കൊടുക്കുകയായിരുന്നില്ലേ? മഹാരാഷ്ട്രയില്‍ നിര്‍ധന ഭൂരഹിതര്‍ക്കുള്ള ഭൂമി ഒപ്പിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ശ്രമിച്ചതിന് കൈയാളിന്റെ പേരില്‍ കേസ്. അതില്‍ സഹായിച്ചില്ലെന്നത് തൊട്ടാണ് അച്ചുതണ്ടിലെ വിള്ളല്‍. അതു മൂത്തപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഡ്രൈവറെ ഒളികാമറവെച്ച് കുടുക്കാന്‍ ശ്രമിച്ചതും മറ്റും റഊഫിന്റെ ദിശ വ്യക്തമായിരുന്നു. മാധ്യമങ്ങളിലൂടെ പ്രതികാരം അരങ്ങേറുമെന്നായപ്പോള്‍ കുഞ്ഞാലിക്കുട്ടിയിലെ രാഷ്ട്രീയ നിപുണന്‍ ഒരുമുഴം മുമ്പേ എറിഞ്ഞു. അതാണ് വധഭീഷണി എന്ന ഏകമാത്ര അച്ചുതണ്ടില്‍ ഭാവി ഭീഷണികളെ ഒന്നാകെ ചുരുക്കിയെടുക്കാനുള്ള ശ്രമം. റഊഫിന് വഴിവെട്ടിക്കൊടുക്കുന്ന പണിയായിപ്പോയി അത്. മണിക്കൂറുകള്‍ക്കകം ഐസ്‌ക്രീം കേസിന്റെ നിയമവഴി റഊഫ് വിളമ്പുന്നു. പുതിയ ശത്രു കയറി മാപ്പുസാക്ഷിയാവുമെന്ന് കുഞ്ഞാലിക്കുട്ടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല -ചില്ലറ കുഴപ്പങ്ങളൊക്കെ പ്രതീക്ഷിച്ചെങ്കിലും. പുതുതായി ഈ കേസില്‍ ഒന്നുമില്ലെന്ന വ്യാഖ്യാനം പോഴത്തമാകുന്നതിവിടെയാണ്. ഉള്ളതൊക്കെ പുതുതാണ് -പറയുന്നയാളും പറഞ്ഞതിലെ ഓരോ ഘട്ടങ്ങളും ഘടകങ്ങളും.
റജീനയെ പാട്ടിലാക്കിയ പണത്തിന്റെ വഴികള്‍ തന്നെ ആദ്യത്തെ ഇനം. എത്രപണം കൈമറിഞ്ഞു, അതിന്റെ ഉറവിടമേത് എന്നിങ്ങനെ വെറുതെ തിരക്കിയാല്‍പോലും പൊതുപ്രവര്‍ത്തകന്റെ സ്വത്തുവിവരം ചികയേണ്ടിവരും. റജീനയെ ഭ്രാന്തിയാക്കാന്‍ ആശുപത്രിയുമായി ചേര്‍ന്നു കളിച്ച നാടകം നമ്മുടെ ആരോഗ്യ വ്യവസ്ഥിതിയുടെ ബീഭത്സമുഖം തുറന്നുതരും. കേസന്വേഷകരെയും രാഷ്ട്രീയ ലോബികളെയും നമുക്ക് നല്ലോണമറിവുള്ളതിനാല്‍ അക്കാര്യം വിടാം. ജുഡീഷ്യറിയോ? ഈ കേസില്‍ വിധിപറഞ്ഞ കഥാപാത്രം ഇപ്പോള്‍ ഒരു കേന്ദ്ര ട്രൈബ്യൂണലിന്റെ പരമാധികാരിയാണ്. രണ്ട് പ്ലീഡര്‍മാര്‍ ഹൈകോടതിയില്‍ വിലസുന്നു. റഊഫിന്റെ മൊഴിപ്രകാരം ജുഡീഷ്യറിയെ കൂളായി സ്വാധീനിച്ചെന്നല്ലേ മനസ്സിലാക്കേണ്ടത്? ചുരുക്കത്തില്‍ കേസുമായി ബന്ധപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളൊക്കെ വിചാരണക്ക് അര്‍ഹത നേടുന്നു. കാശിനുവേണ്ടി മൊഴി മാറ്റിപ്പറഞ്ഞ പാവപ്പെട്ട പെണ്ണിന്റെ കഥ ഈ ഭൈരവന്മാരുടേതുമായി തട്ടിച്ചുനോക്കിയാല്‍ എത്രയോ നിസ്സാരം. പ്രതിയോ വാദിയോ സാക്ഷിയോ അല്ലാത്തയാളിന്റെ വെളിപ്പെടുത്തല്‍ വെച്ച് കേസെടുക്കാന്‍ പറ്റില്ലെന്ന മറ്റൊരു പോഴത്തം പ്രചരിക്കുന്നുണ്ട്. റഊഫ് സാക്ഷ്യപ്പെടുത്തുന്നത് അയാളുടേതടക്കമുള്ള ക്രിമിനല്‍ ചെയ്തികളാണ്. അറസ്റ്റ് ചെയ്ത് അകത്തിട്ട് കേസാക്കാന്‍ പറ്റിയ കാര്യങ്ങള്‍. വേണമെങ്കില്‍ ഒരു മാപ്പുസാക്ഷി വിഭവം. എന്നിട്ടും ആഭ്യന്തര മന്ത്രി നിയമോപദേശികളെ തേടി നടക്കുന്നു! കോടതിയെ ചാക്കിട്ടു/ തെറ്റിദ്ധരിപ്പിച്ചു എന്ന ഗൗരവമേറിയ പുതിയ ചാര്‍ജ് കൂടി ചാര്‍ത്താന്‍ പറ്റിയ കളമൊരുങ്ങുമ്പോള്‍ കുഞ്ഞാലിക്കുട്ടി വെറുതെയാണോ അങ്കലാപ്പു മറക്കാന്‍ ധീരന്റെ മുഖംമൂടി ധരിക്കുന്നത്?
വാര്‍ത്താ സമ്മേളനങ്ങള്‍ രണ്ടും ഭാവപഠനത്തിന്റെ മാതൃകാ വിഭവങ്ങളായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് പരിഭ്രാന്തി മറക്കാനുള്ള പരിഭ്രമം. റഊഫിന് പഴയകാല കുഞ്ഞാലിക്കുട്ടിയുടെ ഇരുത്തംവന്ന ശരീരഭാഷ. ഈ ഭാവഭാഷ രണ്ടുകൂട്ടര്‍ക്ക് സ്വായത്തമാകാം. പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരനും പയറ്റിത്തന്നെ തെളിഞ്ഞ അപരാധിക്കും. തന്‍േറത് ഇതിലേതാണെന്ന് റഊഫ് പറയാതെ പറഞ്ഞുവെച്ചു. ഈ ആട്ടമെല്ലാം കാണുന്ന നമുക്ക് ഒരു സമൂഹമെന്ന നിലയിലുള്ള സന്ദേശമെന്താണ്? ഐസ്‌ക്രീം കേസ് കേവലമായ ഒരു പെണ്‍വാണിഭക്കേസായിരുന്നില്ല. അധികാരവും ധനശേഷിയുമുള്ളവര്‍ ഉള്‍പ്പെടുന്ന ഏതു ക്രിമിനല്‍ കേസിനും സംഭവിക്കുന്നതെന്തെന്നതിന്റെ ലാക്ഷണിക മാതൃകയായിരുന്നു. മാധ്യമങ്ങളില്‍, കോടതിയില്‍, സമൂഹത്തില്‍ എന്നിങ്ങനെ ബന്ധപ്പെട്ട പൊതു തട്ടകങ്ങളില്‍ പല ലക്ഷങ്ങള്‍ സൃഷ്ടിച്ച് ആദ്യം തന്നെ കേസിന്റെ മെറിറ്റിനെ നിസ്സാരവത്കരിക്കും. അനന്തര ഗഡുവായി കൃത്രിമത്തെളിവുകള്‍, സാക്ഷികളെ തെറ്റിക്കല്‍, വാദിപക്ഷത്തെ വക്രീകരിക്കല്‍, കേസിന്റെ സാമൂഹിക മെറിറ്റ് ഉന്നയിക്കുന്നവരെ അവഹേളിക്കല്‍, വേണ്ടിവന്നാല്‍ അവരെ അപ്പാടെ ഒതുക്കല്‍... മുറകള്‍ അങ്ങനെ നീണ്ടുവരും. ഈ കേസില്‍ അതെല്ലാം നമ്മള്‍ പടിപടിയായി കണ്ടു.
കേസുണ്ടാക്കിയത് അജിതയാണെന്ന കഥ തൊട്ട് പ്രശ്‌നമുന്നയിച്ച അബ്ദുന്നാസിര്‍ മഅ്ദനിയെ ഭംഗ്യന്തരേണ അകത്താക്കിയ ഭീകര നാടകങ്ങള്‍ വരെ. മലയാളിയുടെ ലൈംഗിക കാപട്യത്തിലേക്ക് സാംസ്‌കാരിക നായകര്‍ സംഘം ചേര്‍ന്ന് ചുരുക്കിക്കൊണ്ട് കേസിന്റെ ക്രൈംമെറിറ്റ് സമര്‍ഥമായി മൂടിക്കളഞ്ഞ ബാലിശത വേറെ. പെണ്‍വാണിഭം, ഉപഭോഗ കേരളത്തിനൊരു മനഃസാക്ഷി പ്രശ്‌നമല്ല. റാക്കറ്റിയറിങ് മാംസക്കച്ചോടത്തില്‍ മാത്രമല്ല, ഉള്ളിക്കച്ചോടം തൊട്ട് വോട്ടു രാഷ്ട്രീയം വരെ എന്തിലും ഏതിലുമുള്ള നാടാണിത്. അതുകൊണ്ടാണ് ഐസ്‌ക്രീമിന്റെ കാമ്പ് തുടക്കത്തിലേ ഒടിഞ്ഞത്. പിന്നെ സംഭവിച്ചത്, കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ നേതാവിനെ വെച്ചുള്ള ആദായക്കളികള്‍ മാത്രം. മുസ്‌ലിം വോട്ട് ഈ കേസിലിട്ട് എങ്ങനെ ഭിന്നിപ്പിക്കാം എന്നതിലായിരുന്നു ഇടതുപക്ഷത്തിന്റെ ലാഭനോട്ടം. ആദായത്തില്‍ റജീന തൊട്ട് റഊഫ് വരെ ഒരുവശത്ത്. സി.പി.എം തൊട്ട് എം.കെ. മുനീര്‍ വരെ വേറൊരു വശത്ത്. മാധ്യമങ്ങള്‍ ഇനിയൊരു വശത്ത്. ലളിതമാക്കിയാല്‍, ഒരു രാഷ്ട്രീയ സമര്‍ഥനെ വെച്ചുള്ള വിവിധയിനം റാക്കറ്റിയറിങ്ങാണ് കണ്ടതത്രയും. ആ കളിയിലേക്ക് പ്രതി എന്ന നിലയിലും പ്രഫഷനല്‍ രാഷ്ട്രീയക്കാരനെന്ന നിലയിലും കുഞ്ഞാലിക്കുട്ടിയും തന്‍േറതായ സംഭാവനകള്‍ ചെയ്തുപോന്നു. റാക്കറ്റിയറിങ്ങിന്റെ പുതിയൊരു എപ്പിസോഡാണ് റഊഫ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.
സമൂഹമെന്ന നിലക്ക് കേരളം റാക്കറ്റിയറിങ്ങിനെ ഇഷ്ടപ്പെടുന്നു. അതിന്റെ ത്രില്‍ അനുഭവിക്കുന്നു. അതാണ് ഐസ്‌ക്രീം വിവാദത്തിന് കിട്ടുന്ന മൈലേജ്. അല്ലാതെ യുക്തിസഹമായ എന്തെങ്കിലും പരിണാമഗുപ്തിയിലേക്ക് ഏതെങ്കിലും സംവാദം നമ്മെക്കൊണ്ടെത്തിച്ച ചരിത്രമുണ്ടോ? തല്‍ക്കാലം മുസ്‌ലിംലീഗിനെ തല്ലാനുള്ളൊരു വടിയാണ് ഇടതുമുന്നണിയിലെ ഭീമസേനന്മാരെ സംബന്ധിച്ച് ഇപ്പോഴത്തെ പുകില്. അത് പ്രതിരോധിക്കാനുള്ള അടവുനയങ്ങളിലാണ് യു.ഡി.എഫിലെ കീചകന്മാര്‍. രണ്ടുകൂട്ടരുടെയും കണ്ണ് രണ്ടു മാസം മാത്രം അകലെനില്‍ക്കുന്ന വോട്ടെടുപ്പ്. അച്യുതാനന്ദന്റെ അടങ്ങാച്ചിരിയും പിണറായിയുടെ ആവേശവും ചെന്നിത്തലയുടെ 'ഗൂഢാലോചന'യും ഉമ്മന്‍ചാണ്ടിയുടെ 'പോസിറ്റിവ്‌സു'മെല്ലാം ഒരേ നുകത്തില്‍ കെട്ടാം. അല്ലാതെ, ഈ കേസിലെ ക്രൈംമെറിറ്റ് നോക്കി കല്ലും നെല്ലും തിരിക്കലോ പെണ്‍വാണിഭത്തിന് കര്‍ട്ടനിടലോ ആരുടെയും അജണ്ടയല്ല. സ്വാഭാവികമായും കുഞ്ഞാലിക്കുട്ടി പുതിയ റിങ്മാസ്റ്ററെ കണ്ടുപിടിക്കും, പുതിയ റഊഫ്മാരെ. അവര്‍ പുതിയ കുഞ്ഞാലിക്കുട്ടികളെയും.
വിജൂ .വി .നായര്‍
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ