ഗാന്ധിജി ഗുജറാത്തിലേക്ക്, വീണ്ടും രക്തസാക്ഷിയാകാന്‍

കോണ്‍ഗ്രസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 125ാം വാര്‍ഷികാഘോഷം സംബന്ധിച്ച് പരലോകത്ത് ഒരു ചര്‍ച്ചായോഗം നടക്കുന്നു. മൗലാനാമാരായ അബുല്‍കലാം ആസാദ്, മുഹമ്മദലി, ശൗക്കത്തലി, ഹസ്രത്ത് മൊഹാനി, മോത്തിലാല്‍ നെഹ്‌റു, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ജവഹര്‍ലാല്‍ നെഹ്‌റു, യാഖൂബ് ഹസന്‍സേട്ട്, സുഭാഷ് ചന്ദ്രബോസ്, മഹാത്മാ ഗാന്ധി, വിത്തല്‍ഭായി പട്ടേല്‍, ഭുലാഭായി ദേശായി, സര്‍ദാര്‍ പട്ടേല്‍, ഇന്ദിരഗാന്ധി, ഇ. മൊയ്തു മൗലവി, കെ.പി. കേശവമേനോന്‍, ചരിത്രകാരന്മാരായ കെ.കെ. മുഹമ്മദ് അബ്ദുല്‍കരീം, പി.എ. സെയ്തുമുഹമ്മദ്, കൊച്ചി തുറമുഖ തൊഴിലാളി യൂനിയന്‍ സംഘാടകരായിരുന്ന സുലൈമാന്‍ മാസ്റ്റര്‍, കൊച്ചുണ്ണി മാസ്റ്റര്‍, രക്തസാക്ഷികളായ സര്‍ദാര്‍ ഭഗത്‌സിങ്, ചന്ദ്രശേഖര ആസാദ്, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, എം.പി. നാരായണമേനോന്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, മലയംകുളത്തേല്‍ മരക്കാര്‍ മുസ്‌ലിയാര്‍, ടി.എം. വര്‍ഗീസ്, പ്രഫ. ടി.ജെ. ജോര്‍ജ്, കെ.ജെ. ഹര്‍ഷല്‍, ഫിറോസ്ഗാന്ധി, വെളിയങ്കോട് ഉമര്‍ ഖാദി, സെയ്ഫുദ്ദീന്‍ കിച്ചലു, ആര്‍.വി. ശര്‍മ, മുത്തുരാമലിംഗ തേവര്‍, മൊറാര്‍ജി ദേശായി, വക്കം മൗലവി തുടങ്ങി നിരവധി പേര്‍ സദസ്സിലുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര ഇന്ത്യ സ്വീകരിച്ച ചേരിചേരാ നയത്തിന് കടകവിരുദ്ധമായി മന്‍മോഹന്‍സിങ് ഭരണം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചേരിയിലണിനിരക്കാന്‍ ശ്രമിക്കുകയാണ്. ലജ്ജാകരമായ ഈ നടപടിയെ അനുകൂലിച്ചുകൊണ്ട് സോണിയഗാന്ധി നെഹ്‌റു കുടുംബത്തെതന്നെ അപമാനിക്കുന്നു. ഇങ്ങനെയൊക്കെ ഫിറോസ് ഗാന്ധി ഉച്ചത്തില്‍ പറഞ്ഞു. നെഹ്‌റു കുടുംബത്തിലെ പുതിയാപ്ലയെന്ന നിലയില്‍ മന്‍മോഹന്‍സിങ്-സോണിയ ചെയ്തികള്‍ മറ്റാരേക്കാളും തന്നെ ദുഃഖിതനാക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.
രാഷ്ട്രപിതാവായ ഗാന്ധിജിക്ക് ജന്മം നല്‍കിയ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്ക് ബി.ജെ.പി ഭരണത്തില്‍നിന്ന് അനുഭവിക്കേണ്ടിവന്നതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ 'ഹലാക്കിന്റെ അവിലും കഞ്ഞിയും' വിവരിച്ചുകൊണ്ടാണ് ഫിറോസ് ഗാന്ധി ഭാഷണം നിര്‍ത്തിയത്.
ഇതെല്ലാം സദസ്യരെ -പ്രത്യേകിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഗാന്ധിജിയെയും- വല്ലാതെ വികാരഭരിതരാക്കി. അപ്പോഴാണ് ഈയിടെ പരലോക പൗരത്വം സ്വീകരിച്ച ഗാന്ധിയന്‍ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പാട് എഴുന്നേറ്റുനിന്ന് സൗമ്യസ്വരത്തില്‍ മൊഴിഞ്ഞത്: 'ഗുജറാത്തിലെ മുസ്‌ലിംകളെ കൂട്ടക്കശാപ്പിനിരയാക്കിയ ബി.ജെ.പിക്കാരന്‍ മുഖ്യമന്ത്രി മോഡി ഗാന്ധിജിക്ക് സ്മാരകം നിര്‍മിക്കാന്‍ പോകുന്നു. ആര്‍.എസ്.എസുകാരന്‍ നിഷ്ഠുരമായി വെടിവെച്ചുകൊന്ന നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയെ വീണ്ടും വധിക്കുന്നുവെന്നല്ലേ ഇതിനര്‍ഥം?'
വൈദ്യഭൂഷണം തിരുമുല്‍പാട് നിര്‍ത്തിയ ഉടന്‍ ഗാന്ധിജി എഴുന്നേറ്റുനിന്ന് പ്രഖ്യാപിച്ചു: 'മോഡിയുടെ ഹിന്ദുത്വ ഭീകരതക്കെതിരെ പോരാടി എനിക്ക് വീണ്ടും രക്തസാക്ഷിയാകണം. അതിന് ഉടന്‍ ഗുജറാത്തിലേക്ക് പുറപ്പെടുന്നു.'
ഇതുകേട്ടപ്പോള്‍ സദസ്യര്‍ ഒന്നടങ്കം മുദ്രാവാക്യം മുഴക്കി: 'ഹിന്ദുത്വ ഭീകരര്‍ നശിക്കട്ടെ, മഹാത്മാഗാന്ധി നീണാള്‍ വാഴട്ടെ.' ഇതുകേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. കുറേ നിമിഷങ്ങള്‍ക്കുശേഷമാണ് സ്വപ്‌നം കാണുകയായിരുന്നുവെന്ന് ബോധ്യമായത്. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംകളെ രക്ഷിക്കാന്‍വേണ്ടി നടത്തിയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രാണന്‍ നഷ്ടപ്പെട്ട ഗാന്ധിജി, ഇന്നുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ പോരിനിറങ്ങുമായിരുന്നു, തീര്‍ച്ച. അതുകൊണ്ടാണ് ഞാന്‍ കണ്ട സ്വപ്‌നം വായനക്കാരുമായി പങ്കുവെക്കുന്നത്.




Share

1 അഭിപ്രായ(ങ്ങള്‍):

  • അജ്ഞാതന്‍ says:
    2011, ജനുവരി 19 6:11 PM

    ആകെ മൊത്തം ഒരു ലെവെലായി അല്ലേ...

Blogger templates

.

ജാലകം

.