പൊണ്ണത്തടിയനെ എന്തിനുകൊള്ളാം?

പൊണ്ണത്തടിയനെ എന്തിനുകൊള്ളാം, പത്തായത്തിന് തൂണിന് കൊള്ളാം..'
 ഇന്ത്യാഗവണ്‍മെന്റിന്റെ കണക്കില്‍ പ്രവാസി ഇന്ത്യക്കാരുടെ കാര്യം ഇപ്പറഞ്ഞ മാതിരിയായിട്ടുണ്ട്. ഇതില്‍ രണ്ടാംവരി വിഴുങ്ങി, ആദ്യവരി മാത്രം പാടിയാലോ? ധ്വനി പുച്ഛപൂരിതമാകും -തടിയന്റെ പ്രയോജനവശം പാടേ മുങ്ങും. ഈ തന്ത്രമാണ് കേന്ദ്ര ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്‌ലുവാലിയ പയറ്റിയത്. 'പ്രവാസി ഭാരതീയ ദിവസ്' സമ്മേളനത്തില്‍ സംഗതി കേട്ടിരുന്ന 22 മുഖ്യമന്ത്രിമാരോ പ്രവാസിവകുപ്പിന്റെ പേരില്‍ കാബിനറ്റില്‍ കസേര കിട്ടിയ മന്ത്രിയോ കൊടികെട്ടിയ പ്രവാസി ഭൂതഗണങ്ങളോ കമാന്നു മിണ്ടിയില്ല.
അഹ്‌ലുവാലിയ പറഞ്ഞതെന്താണ്? പണത്തിനുവേണ്ടി പ്രവാസി ഇന്ത്യക്കാര്‍ക്ക് പിന്നാലെ കേന്ദ്രഗവണ്‍മെന്റ് ചെല്ലുന്ന പ്രശ്‌നമില്ല. സാമൂഹിക-സാംസ്‌കാരികഘടകങ്ങളുടെ പേരിലാണ് കേന്ദ്രവും എന്‍.ആര്‍.ഐയും തമ്മിലുള്ള ബന്ധം. അതുകൊണ്ട് ഇന്ത്യയിലേക്ക് തീര്‍ഥാടനം പോലെ വന്നുപോകുന്നതിനിടക്ക് എന്‍.ആര്‍.ഐകള്‍ വേണമെങ്കിലൊരു കാര്യം ചെയ്യ്- സ്വന്തം മക്കളെ ഹോളിഡേ പാക്കേജ് ടൂറിന് ഇന്ത്യയിലേക്ക് വിട്ട് ഇവിടെ നടക്കുന്ന മഹാദ്ഭുതങ്ങള്‍ കണ്ടാസ്വദിക്കാന്‍ പറയ്.
ത്രീപീസ് സ്യൂട്ടും പണപ്പെട്ടിയുടെ പത്രാസുമായി ഇരുന്ന പ്രവാസിശിങ്കങ്ങള്‍ക്കിട്ട് ഒരാണി കൂടി അടിച്ചു ആസൂത്രണവിദ്വാന്‍- ഇന്ത്യയിലെ വിദേശനിക്ഷേപത്തില്‍ വെറും 1.3 ശതമാനം മാത്രമാണ് പ്രവാസി ഇന്ത്യക്കാരുടെ കിഴി. എന്നിട്ടും വോട്ടവകാശം തൊട്ട് പല ആനുകൂല്യങ്ങളും പെറ്റനാട് വാരിക്കോരി നല്‍കുന്നു. ആസൂത്രകന്റെ രത്‌നച്ചുരുക്കമിതാണ്- രാജ്യത്തിന്റെ പൊതുവികസനത്തിന് പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാതെ, സ്വന്തം കാര്യം കാണാന്‍ ആവലാതിപ്പെട്ടിയുമായി നടക്കുന്ന പ്രവാസിപ്പണച്ചാക്കുകളെ ഞങ്ങളത്ര ഗൗരവത്തിലെടുക്കുന്നില്ല. പിന്നെ, പട്ടവും പതാകയുമൊക്കെ നല്‍കുന്നത് സാംസ്‌കാരികമര്യാദകളുടെ മാത്രം പേരില്‍.
പ്രത്യക്ഷക്കണക്കില്‍ കാര്യം ശരിയാണ്. മന്‍മോഹന്റെ പുതിയ സാമ്പത്തികനയം പ്രഖ്യാപിച്ച 1991 മുതല്‍ ഇന്നോളമുള്ള നിക്ഷേപമെടുക്കുക. പ്രവാസി ഇന്ത്യക്കാര്‍ വക ആകപ്പാടെ ഇന്ത്യയിലെത്തിയത് 179 ബില്യണ്‍ ഡോളര്‍. എന്നുവെച്ചാല്‍, മൊത്തം വിദേശനിക്ഷേപത്തിന്റെ വെറും 1.3 ശതമാനം. അഹ്‌ലുവാലിയ ആസൂത്രണ കമീഷന്‍ തലവനാണ്. ഇത്തരം പ്രത്യക്ഷ കണക്കുകള്‍ക്കപ്പുറം രാജ്യത്തിന്റെ സൂക്ഷ്മമായ സാമ്പത്തിക നീക്കുപോക്കുകളില്‍ ഏറ്റവും അടുത്തറിവുള്ളവരില്‍ പ്രമുഖന്‍. പ്രവാസി ഇന്ത്യക്കാരുടെ കാശിന്റെ ഗുണം ഈ തുച്ഛ കണക്കിലാണോ? അവിടാണ്കളി.
എന്‍.ആര്‍.ഐകള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ (റെമിറ്റന്‍സ്) കണക്കും അതിന് രാജ്യത്തിന്റെ സാമൂഹിക -സാമ്പത്തിക മേഖലയിലുള്ള നിര്‍ണായക പങ്കും അഹ്‌ലുവാലിയ സമര്‍ഥമായി മറച്ചുവെക്കുന്നു. മറ്റെന്തെല്ലാം വിഗണിച്ചാലും കേന്ദ്ര സര്‍ക്കാറിന്റെ ബാലന്‍സ് ഓഫ് പെയ്‌മെന്റി (ബി.ഒ.പി)ന് ഈ റെമിറ്റന്‍സ് കാശിന്മേലുള്ള നിര്‍ണായകമായ ആശ്രിതത്വം ചിന്ന സര്‍ദാര്‍ജിക്ക് അറിയാതിരിക്കാന്‍ നിര്‍വാഹമില്ല. 1990-91ല്‍ രണ്ടു ബില്യണ്‍ ഡോളറായിരുന്ന ഈ തുക 2009ല്‍ സര്‍വകാല റെക്കോഡിട്ടു-52 ബില്യണ്‍. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാതിയില്‍ മാത്രം തുക 26 ബില്യണായി (ബാക്കികണക്ക് മാര്‍ച്ച് കഴിഞ്ഞാലെത്തും). വര്‍ധിച്ചുവരുന്ന ഈ തുകയുടെ നിര്‍ണായകത്വം രണ്ടു തരത്തിലാണ്. ഒന്ന്, 1991ല്‍ ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്ന പ്രവാസിപ്പണം കഴിഞ്ഞ കൊല്ലം നാലു ശതമാനമായി ഉയര്‍ന്നു. ആഭ്യന്തര സമ്പദ്ഘടനയെ ആകര്‍ഷകമാക്കി നിര്‍ത്തുന്നതില്‍ ഈ പണത്തിന്റെ സ്ഥിരമായ ഒഴുക്ക് അത്യാവശ്യമാണ്. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ആഭ്യന്തരവിപണിയില്‍ ചെലവിടാന്‍ പണമില്ലെങ്കില്‍ ഉല്‍പാദനം തൊട്ട് ഉപഭോഗം വരെ സര്‍വതും വെള്ളത്തിലാവും. എവിടെനിന്നാണീ പണം എന്നതാണ് ചോദ്യം (ഉത്തരം പിന്നാലെ പരിശോധിക്കാം). ഇങ്ങനെ പണം രാജ്യത്തേക്ക് അയക്കണമെങ്കില്‍ ആഭ്യന്തരസംവിധാനങ്ങള്‍ ആകര്‍ഷകമായിരിക്കയും വേണം. എന്നു വെച്ചാല്‍ ഇന്ത്യന്‍ ധനകാര്യസ്ഥാപനങ്ങളും അവയുടെ വ്യവസ്ഥകളും ചേര്‍ന്ന ചുറ്റുവട്ടം വിദേശനിക്ഷേപത്തിന് ആകര്‍ഷകമായ തരത്തില്‍ പരിഷ്‌കരിച്ചുവെക്കാന്‍ ഇടയാക്കുന്ന ഘടകങ്ങളില്‍ പ്രമുഖമാണ് എന്‍.ആര്‍.ഐ പണം.
രണ്ട്, ബി.ഒ.പിയുടെ കാര്യം. പ്രവാസി ഇന്ത്യക്കാരുടെ റെമിറ്റന്‍സ് കുറഞ്ഞാല്‍ ഇന്ത്യയുടെ പേമന്റ് ബാലന്‍സ് അവതാളത്തിലാവുന്ന തലത്തിലായിട്ടുണ്ട് കാര്യങ്ങള്‍. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ അക്കൗണ്ടിന്റെ മൊത്തം സര്‍പ്ലസ് 13 ബില്യണ്‍ ഡോളറായിരുന്നു.  പ്രവാസികളയച്ച കാശ് 52 ബില്യണ്‍. അത് നാലിലൊന്നെങ്കിലും കുറഞ്ഞിരുന്നെങ്കില്‍ ഇപ്പറഞ്ഞ സര്‍പ്ലസ് ആവിയായേനെ. വിദേശ മൂലധന വരവിനെയും എന്‍.ആര്‍.ഐ പണത്തിനെയും ആശ്രയച്ചു മാത്രമായിരിക്കുന്നു ബി.ഒ.പി എന്നു സാരം. ഇവിടെയാണ് പ്രവാസികളുടെ കാശിനെ ഞങ്ങള്‍ ഗൗനിക്കുന്നില്ലെന്ന അഹ്‌ലുവാലിയയുടെ ഒളിക്കുത്ത് ശുദ്ധ പോഴത്തമാകുന്നത്. അല്ലെങ്കില്‍ ആറാംതരം നന്ദികേടാകുന്നത്.
ലോകബാങ്കിന്റെ 2008ലെ റിപ്പോര്‍ട്ട് പ്രകാരം പ്രവാസികള്‍ ജന്മദേശത്തേക്ക് പണമയക്കുന്ന ഏര്‍പ്പാടില്‍ ഒന്നാം റാങ്ക് ഇന്ത്യക്കാര്‍ക്കാണെന്നു കാണാം. അക്കൊല്ലം 52 ബില്യണാണ് എന്‍.ആര്‍.ഐയുടെ 'സംഭാവന'യെങ്കില്‍ ചൈനീസ്‌പ്രവാസികള്‍ ചൈനക്കയച്ചത് 40 ബില്യണ്‍. മൂന്നാംസ്ഥാനത്ത് മെക്‌സികോ (26.3 ബില്യണ്‍). എന്‍.ആര്‍.ഐകളുടെ ആ വാര്‍ഷിക റെമിറ്റന്‍സ് ഇന്ത്യന്‍ പ്രതിരോധബജറ്റിന്റെ ഇരട്ടിയാണെന്ന് തന്നെയല്ല, ഇന്ത്യയുടെ ഏറ്റവും വലിയ കച്ചവടപങ്കാളിത്തം (ചൈന) വഴിയുള്ള വിനിമയക്കാശിനേക്കാള്‍ ഒരു ശതമാനം കൂടുതലും.
ഈ തുകയൊക്കെ പ്രവാസി ഇന്ത്യക്കാര്‍ സ്വന്തം സന്ധിബന്ധുക്കള്‍ക്ക് അയക്കുന്നതാണെന്ന് പറഞ്ഞു തടിതപ്പാന്‍ സര്‍ക്കാറുകള്‍ക്കോ ഇന്ത്യന്‍ ധനകാര്യസ്ഥാപനങ്ങള്‍ക്കോ കഴിയില്ല. കാരണം, രണ്ടു കൂട്ടരും ഈ അയപ്പുകാരില്‍നിന്ന് കൊള്ളലാഭമുണ്ടാക്കുന്നു- ഇടനിലപ്പണി ചെയ്ത്. വാങ്ങല്‍വിലയും വില്‍പനയും തമ്മിലുള്ള വ്യത്യാസം കൃത്രിമമാക്കി (ഡോളറിന് രണ്ട് എന്ന ഭീമവ്യത്യാസം ചമച്ച്) ധനകാര്യ സ്ഥാപനങ്ങള്‍ കമീഷന്‍ ഇനത്തില്‍ ശരാശരി 10,000 ബില്യണ്‍, ഏതാനും വര്‍ഷം കൊണ്ട് കീശയിലാക്കുന്നു. സാമ്പത്തികമാന്ദ്യം മൂലം വടക്കനമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രവാസിപ്പണത്തിന്റെ തോത് ഇടിഞ്ഞപ്പോള്‍ ഗള്‍ഫ്പണം ആ കുറവ് പരിഹരിച്ച് കുഴല്‍ ഏറക്കുറെ നേരെതന്നെ നിര്‍ത്തി. സര്‍ക്കാറിനോ ബാങ്കുകള്‍ക്കോ കമീഷന്‍കൊള്ളയില്‍ ഒരു മര്യാദയുമുണ്ടായതുമില്ല.
ഇനി, ഈ പ്രവാസിക്കുഴലുകൊണ്ട് ആഭ്യന്തരമേഖലയിലുള്ള പരോക്ഷഗുണങ്ങള്‍ നോക്കാം. മികച്ച ഉദാഹരണം നമ്മുടെ നാട് തന്നെ. കേരള സര്‍ക്കാറിന്റെ ബജറ്റിന്റെ 25 ശതമാനമാണ് എന്‍.ആര്‍.ഐ അക്കൗണ്ട് പണം. ഈ പണത്തിന്റെ ഒഴുക്കുവഴി കേരളീയന്റെ പ്രതിശീര്‍ഷ വരുമാനം 63,000 രൂപ -രാജ്യത്തെ ഏറ്റവും വലിയ ആളോഹരി ധനശേഷി. സാധാരണഗതിയില്‍ പ്രതിശീര്‍ഷ വരുമാനം തിട്ടപ്പെടുത്തുന്നത്, സംസ്ഥാനങ്ങള്‍ ആഭ്യന്തരമായുണ്ടാക്കുന്ന വരുമാനം വെച്ചാണ്.
കേരളം അങ്ങനെ ഉല്‍പാദനപരമായി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്ന് നമുക്കറിയാം. വ്യവസായം ജന്മനാ ഗോപി വരച്ചും കൃഷിയെ ഭംഗിയായി പരണത്തുവെച്ചും മികച്ച ഉപഭോഗികളായി വിലസുന്ന നമുക്ക് പിന്നെയെങ്ങനെയാണ് മേപ്പടി 63,000 ഉറുപ്പികയുടെ തലവരി? അവിടെയാണ് പ്രവാസിക്കുഴലിന്റെ അനിഷേധ്യസംഭാവന. രാജ്യത്തെ ഏറ്റവും വലിയ 'സ്ഥിരവരുമാനം' സര്‍ക്കാറോ നാട്ടുകാരോ അല്ല പുറംലോകത്ത് പണിയെടുക്കുന്നവരാണ് എന്നതു മാത്രമല്ലിവിടെ കര്യം. ഈ വരുമാനത്തിന്റെ 50 ശതമാനത്തില്‍ കുറയാതെ സ്ഥിരമായി ചെലവിടുന്ന കൂട്ടരും കേരളീയര്‍തന്നെ. അതാണ് ഒന്നാം നമ്പര്‍ ഉപഭോഗ സംസ്ഥാനമെന്ന പദവിയുടെ കാതല്‍. ഇനി ഈ വരവും ചെലവുമില്ലായിരുന്നെങ്കിലോ?
തൊഴിലില്ലായ്മ തൊട്ട് ചെറുപ്പക്കാരുടെ ഗതിയില്ലായ്മ വരെ സ്ഥിരം അലമ്പുകള്‍, അതു മൂത്തുള്ള കലാപങ്ങള്‍, ജനകീയ അസ്വസ്ഥത, സാമൂഹിക അസ്ഥിരത... അങ്ങനെ എന്തൊക്കെ. പിന്നെന്താ, പണിയെടുക്കാന്‍ ആളില്ലെന്ന സ്ഥിതിയുണ്ടായി എന്നും മറ്റും പഴി പറയാം. അവിടെയും റെമിറ്റന്‍സ് സാമ്പത്തികത പോംവഴി പകരുന്നു. തമിഴ്‌നാടും ആന്ധ്രയും തൊട്ട് ബംഗാളും നേപ്പാളും വരെ കേരളത്തെ കൂലിപ്പണിയുടെ ഗള്‍ഫായി കാണുന്നു. അങ്ങനെ കേരളത്തില്‍നിന്ന് ഈ ആഭ്യന്തര പ്രവാസികളുടെ റെമിറ്റന്‍സ് ആ നാടുകളിലേക്ക് ഒഴുകുന്നു.
കേരളം അതിരുകടന്ന ഉദാഹരണമാണെന്നു കരുതാമായിരുന്നു കുറേകാലം മുമ്പുവരെ. ഇപ്പോള്‍ സംഗതി ഒരപവാദമേയല്ല. ഇന്ത്യയിലെ ഏറ്റവും മുന്തിയ പ്രവാസിപ്പണമേട കുമ്പനാട് -പുല്ലാട് - കോഴഞ്ചേരി ബെല്‍റ്റായിരുന്നെങ്കില്‍ (5400 കോടിയുടെ ബാങ്ക് അക്കൗണ്ട്), ഗുജറാത്തിലെ മാതപാരയാണിപ്പോള്‍ ലോകത്തെ  തന്നെ ഏറ്റവും വലിയ പ്രവാസിപ്പണ ഗ്രാമം. 5100 കോടിയാണ് ഈ ഗ്രാമത്തിലെ മാത്രം എന്‍.ആര്‍.ഐ ഡെപ്പോസിറ്റ്. 80 ലക്ഷത്തിന്റെ ജാഗ്വാറുകള്‍ തൊട്ട് ബി.എം.ഡബ്ല്യു നിര തന്നെ ഗ്രാമീണര്‍ക്കു സ്വന്തം. പഞ്ചാബിലെ കര്‍ഷകര്‍ എന്‍.ആര്‍.ഐ കാശിന്മേല്‍ അടയിരിക്കുമ്പോള്‍ അവര്‍ പണ്ടേ തന്നെ സമ്പന്നരാണെന്ന് പറഞ്ഞൊഴിയാം. ഐ.ടി കയറ്റുമതി വന്ന 1990കളോടെയാണ് തെലുങ്കനും കന്നഡിഗയും പ്രവാസിപ്പണത്തിന്റെ ഊറ്ററിഞ്ഞതെന്നും ന്യായം പറയാം. എന്നാല്‍, ബിഹാറും രാജസ്ഥാനും യു.പിയും ഇപ്പറഞ്ഞ വമ്പൊന്നും അവകാശപ്പെടാനില്ലാതെ അതേ പണത്തിനു മത്സരിക്കുന്നെങ്കിലോ? അവിടങ്ങളിലെ ചെറുകിടക്കാരും നിര്‍ധനരും അന്യരാഷ്ട്രങ്ങളില്‍ ചേക്കേറി പണിയെടുത്ത് അയക്കുന്ന കാശിന്റെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും ഒരു ലാക്ഷണിക സൂചന തരാം. 2009ല്‍ ഉത്തര്‍പ്രദേശ് ഗള്‍ഫ് കുടിയേറ്റത്തില്‍ സ്ഥിരം ചാമ്പ്യനായ കേരളത്തെ കടത്തിവെട്ടി. അക്കൊല്ലം കേരളം കയറ്റിവിട്ടത് 1.19 ലക്ഷം പേരെയെങ്കില്‍ യു.പി വിട്ടത് ഒന്നേകാല്‍ ലക്ഷം പേരെ. നടപ്പുകൊല്ലം ആദ്യ ആറുമാസത്തില്‍ കേരളം  45,000 പേരെ അയച്ചപ്പോള്‍ യു.പി 69,000 പേരെ. ചുരുക്കത്തില്‍ റെമിറ്റന്‍സ് സാമ്പത്തികതയില്‍ കേരളത്തെ മാതൃകയാക്കി രാജ്യം മൊത്തത്തില്‍ മാറാന്‍ തുടങ്ങിയിരിക്കുന്നു. ആഭ്യന്തര പറുദീസ കെങ്കേമമായതുകൊണ്ടാണല്ലോ നാട്ടുകാര്‍ പരദേശത്തേക്ക് വണ്ടി പിടിക്കുന്നത്. വിദേശനിക്ഷേപക്കിഴിക്കുമേല്‍ അടയിരിക്കുന്ന അഹ്‌ലുവാലിയകള്‍ക്കും സംസ്ഥാനങ്ങള്‍ വാഴുന്ന കൊച്ചുണ്ണികള്‍ക്കും നടുവിലൂടെയാണ് ഈ പുറപ്പെട്ടുപോക്ക്. അവരയക്കുന്ന ചുടുകാശിട്ട് ആഭ്യന്തര വിപണി അര്‍മാദിക്കും. എന്നിട്ട് ക്ഷണിച്ചുവരുത്തി ഇലയിട്ടിട്ട് ചോദിക്കും- പൊണ്ണത്തടിയനെ എന്തിനു കൊള്ളാം? പത്തായക്കാര്യം കൂളായങ്ങ് വിഴുങ്ങുകയും ചെയ്യും.
                               


ShareGoogle+ Followers

Blogger templates

.

ജാലകം

.