ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-4
അന്യസംസ്ഥാനങ്ങളുടേതെന്ന വ്യാജേന സാന്റിയാഗോ മാര്‍ട്ടിനും കൂട്ടാളികളും നടത്തുന്ന അനധികൃത ലോട്ടറി കച്ചവടം തടയാന്‍ കേന്ദ്ര ലോട്ടറി ചട്ടങ്ങളിലെ 3(22) വകുപ്പ് സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍തന്നെ നിയമിച്ച സിബി മാത്യൂസ് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ നടത്തുന്ന ലോട്ടറികള്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകളുടേതല്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. 2005ലെ ലോട്ടറി നികുതി നിയമം കേരളം നിര്‍മിക്കുമ്പോള്‍ പേപ്പര്‍ ലോട്ടറി എന്ന് വിവക്ഷിച്ചിരിക്കുന്നത് കേന്ദ്ര ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറികളെയാണ്.
രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെങ്കിലും മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ കഴിയും. അരുണാചല്‍പ്രദേശ് ലോട്ടറികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് 2008ലുണ്ടായ കേസിന്റെ വിധിയില്‍ പറയുന്നത് അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ഏജന്റായി അംഗീകരിച്ച് കത്തു നല്‍കുകയാണെങ്കില്‍ മുന്‍കൂര്‍ നികുതി വാങ്ങണമെന്നാണ്. 2009 നവംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ കേന്ദ്ര നിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും കോടതിയുടെ അനുമതിയോടെ സ്ഥാപനങ്ങള്‍ പരിശോധിക്കാനും സംസ്ഥാനത്തിന് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, വിവാദമുണ്ടാകുന്നതുവരെ ഈ അധികാരങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചില്ല. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വിതരണക്കാര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണെന്ന് കാണിച്ച് കഴിഞ്ഞ ആഗസ്റ്റ് 12നാണ് സംസ്ഥാനത്തിന് കത്ത് കിട്ടുന്നത്. അതുവരെ കൃത്യമായ രേഖയൊന്നുമില്ലാതെയാണ് ഇവരില്‍നിന്ന് നികുതി വാങ്ങിയിരുന്നത്.
അടങ്ങില്ല മാഫിയ
======================
കഴിഞ്ഞ ജൂലൈ പകുതി മുതല്‍ നിയമസഭക്കകത്ത് പുകഞ്ഞു പൊട്ടിയ ലോട്ടറി വിവാദം രാജ്യം മുഴുവന്‍ ഒഴുകിപ്പടര്‍ന്നെങ്കിലും ലോട്ടറി മാഫിയ അടങ്ങിയെന്ന് മാത്രം കരുതരുത്. സിക്കിം സര്‍ക്കാറിന്റെ പേരില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ശിവകാശിയിലെ പ്രസില്‍ അച്ചടിച്ചുകൊണ്ടുവന്ന ദശലക്ഷക്കണക്കിന് ലോട്ടറി ടിക്കറ്റുകള്‍ ഇതിനിടയിലും വാളയാര്‍ ചെക്‌പോസ്റ്റ് കടന്ന് സംസ്ഥാനത്തെത്തി.
കൃത്യമായി മുന്‍കൂര്‍ നികുതിയടക്കാത്ത സിക്കിം സൂപ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ആഗസ്റ്റ് രണ്ടാം വാരം കേരളത്തിലെത്തിയത്. 50 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ ടിക്കറ്റുകള്‍ ആഗസ്റ്റ് 23 മുതല്‍ 29 വരെ വില്‍പന നടത്താനാണ് എത്തിച്ചത്. അതുവരെ സിക്കിം സൂപ്പര്‍ ലോട്ടോയുടെ സമ്മാനത്തുക 20 ലക്ഷമായിരുന്നു. ആഗസ്റ്റ് 21ന് ചില പത്രങ്ങള്‍ക്കു നല്‍കിയ പരസ്യത്തിലാണ് ഒന്നാം സമ്മാനം 50 ലക്ഷമായി ഉയര്‍ത്തിയ കാര്യം അറിയിക്കുന്നത്. സിക്കിം സൂപ്പര്‍ ഡീലക്‌സ്, ക്ലാസിക് എന്നിങ്ങനെ രണ്ടു ടിക്കറ്റുകളുടെ സമ്മാനത്തുകയാണ് 20 ലക്ഷത്തില്‍നിന്ന് 50 ആക്കിയത്. ടിക്കറ്റുവില പത്തുരൂപയില്‍നിന്ന് 20 രൂപ ആക്കുകയും ചെയ്തു. ആഗസ്റ്റ് 23 മുതലാണ് ഈ മാറ്റം നിലവില്‍വന്നത്. കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ട് പ്രകാരം ഉത്സവകാലത്തോ പ്രത്യേക സാഹചര്യങ്ങളിലോ സമ്മാനത്തുക വര്‍ധിപ്പിച്ചിരിക്കുന്ന ടിക്കറ്റുകള്‍ ബംപര്‍ നറുക്കെടുപ്പു വിഭാഗത്തിലാണ് പെടുക. ഇതുപ്രകാരം ഒരു നറുക്കെടുപ്പിന് 17 ലക്ഷം രൂപയാണ് മുന്‍കൂര്‍ നികുതി അടക്കേണ്ടത്. എന്നാല്‍, സാധാരണ ലോട്ടറികളെപ്പോലെ ഏഴു ലക്ഷം വീതമാണ് മേഘ നികുതി നല്‍കിയത്.
അതിരുവിട്ട് കുറികള്‍
======================
ആഗസ്റ്റ് 22ന്, മുന്‍കൂര്‍ നികുതി അടക്കാത്ത, കേരളത്തില്‍ വില്‍പനക്കു കൊണ്ടുവന്ന 30 ലക്ഷം സിക്കിം സൂപ്പര്‍ ഡീലക്‌സ്, സിക്കിം സൂപ്പര്‍ ക്ലാസിക് ടിക്കറ്റുകള്‍ വാണിജ്യ നികുതി വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഒരു ട്രക് നിറയെ ടിക്കറ്റ് നേരത്തേ സംസ്ഥാനത്തെത്തിയതായി കണ്ടെത്തിയത്. ആഗസ്റ്റ് 20 മുതല്‍ ഇതിന്റെ വില്‍പന കേരളത്തില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. സിക്കിം സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ചില ലോട്ടറികള്‍ കേരളത്തില്‍ വിറ്റുവെന്നാരോപിച്ച് മേഘയില്‍നിന്ന് നികുതി സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയില്‍ നടക്കവെയാണ് സമ്മാനഘടനയില്‍ മാറ്റം വരുത്തി പുതിയ ടിക്കറ്റുകള്‍ വിപണിയിലെത്തിയത്. ഇത്തരത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് സര്‍ക്കാറിനെ അറിയിക്കണമെന്നാണ് നിയമമെങ്കിലും തങ്ങളെ അറിയിച്ചിട്ടില്ലെന്ന് നികുതി വകുപ്പ് അധികൃതര്‍ പറയുന്നു.
എന്നാലിതൊന്നും നറുക്കെടുപ്പു നടത്തുന്നതിന് മാഫിയക്ക് തടസ്സമായില്ല. നറുക്കെടുപ്പ് തടസ്സമില്ലാതെ നടന്നു. മുന്‍കൂര്‍ നികുതിയിനത്തില്‍ ഒരാഴ്ച 70 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടായത്. ആഗസ്റ്റ് 30, 31 തീയതികളില്‍ വിറ്റഴിക്കേണ്ട, അഞ്ചു കോടിയോളം രൂപ വിലവരുന്ന കുറച്ചു ടിക്കറ്റുകള്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ പിടിച്ചെടുത്തപ്പോള്‍ ആഗസ്റ്റ് 23 മുതല്‍ 29 വരെ വിറ്റഴിക്കേണ്ട 140 കോടി രൂപയുടെ ടിക്കറ്റുകള്‍ തടസ്സമൊന്നുമില്ലാതെ കേരള വിപണിയിലെത്തിയതും വേണ്ടപ്പെട്ടവര്‍ കണ്ണടച്ചതിനാല്‍ മാ്രതം.
മാഫിയ അധികാരികളെ
വിലക്കെടുക്കുന്ന വഴികളെക്കുറിച്ച് നാളെ
ചട്ടം 3(3) പ്രകാരം ഒരു സംസ്ഥാനം തുടങ്ങാനുദ്ദേശിക്കുന്ന ലോട്ടറിയുടെ വിശദ വിവരങ്ങൾ മുൻകൂട്ടി പരസ്യപ്പെടുത്തിയിരിക്കണം.(എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിരിക്കണമെന്നു ചട്ടൻ അനുശാസിക്കുന്നില്ല). എന്നാൽ സിക്കിം ഭൂട്ടാൻ ലോട്ടറി ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് കേരളത്തിലാണ്. അതു കൊണ്ട് തന്നെ കേരളത്തിലെ ലോട്ടറി വകുപ്പിനും, ഇവിടുത്തെ പോലീസ് വകുപ്പിനും സിക്കിം ഭൂട്ടാൻ സർക്കാരുകൾ പരസ്യപ്പെടുത്തിയ രീതിയിലും, വിധത്തിലും തന്നെഉള്ളതാണു ഇവിടെ വിറ്റഴിക്കപ്പെടുന്ന ടിക്കറ്റുകൾ എന്നു ഉറപ്പു വരുത്തുവാൻ ബാധ്യസ്ഥരാണു. ആരും അതേപറ്റി അന്വേഷിച്ചതേ ഇല്ല. അതു കൊണ്ട്, 10 രൂ.ടിക്കറ്റ് വിൽക്കുന്നു എന്ന് പരസ്യപ്പെടുത്തുകയും, 20 രൂപ ടിക്കറ്റ് വിറ്റഴിക്കുകയും ചെയ്തു. അതു പോലെ തന്നെ സമ്മാന ഘടനയും.
ഇവിടെ വിറ്റ ടിക്കറ്റുകൾ മുഴുവൻ ശിവകാശിയിൽ പ്രിന്റ് ചെയ്തതാണു. അതു പ്രിന്റ് ചെയ്ത പ്രസ് റിസർവ് ബാങ്കിന്റെ അംഗീകാരം ഉള്ളതായിരിക്കണമെന്നു ചട്ടം അനുശാസിക്കുന്നു. അങ്ങ്നെ ചെയ്തില്ലെൻകിൽ, അത് ക്രിമിനൽ കുറ്റ മാണ്. നിയമത്തിലെ വകുപ്പ് 5 പ്രകാരം ഇവിടെ നിരോധിക്കാം.