ബഹളത്തില്‍ മറയ്ക്കുന്ന സത്യങ്ങള്‍


ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-5
1998ലാണ് ലോട്ടറികളെ നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. 1999 ലാണ് ലോട്ടറീസ് റെഗുലേഷന്‍ നിയമം നടപ്പാക്കി തുടങ്ങിയത്. എന്നാല്‍, നിയമം കടലാസില്‍ നിലനിന്നതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല. ഈ നിയമം നിലനില്‍െക്കയാണ് ഒറ്റനമ്പര്‍ ലോട്ടറി അതിവേഗം രാജ്യത്ത് പടര്‍ന്നത്. ഈ ചൂതാട്ടം തടയാന്‍ കാര്യമായ ശ്രമം സംസ്ഥാന-കേന്ദ്രസര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേരളത്തില്‍ വല്ലപ്പോഴും ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ നടത്തിയ റെയ്ഡുകള്‍ മാത്രമായിരുന്നു ഏക നടപടി. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ കടന്നുവരവ്. ഇവിടെയും സാന്‍ഡിയാഗോ മാര്‍ട്ടിന്‍ തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്. പണംകൊണ്ടുള്ള കളിയില്‍ വിദഗ്ധനായ മാര്‍ട്ടിന്‍ ഈ രംഗത്തെ മറ്റൊരു മല്‍സരക്കാരായിരുന്ന ദല്‍ഹിയിലെ ഖുരാനാ ആന്‍ഡ് കമ്പനിയെ അതിവേഗം തോല്‍പിച്ചു.

സ്മാര്‍ട്ട് വില്‍പന
സ്മാര്‍ട്ട് വിന്‍ ആയിരുന്നു മാര്‍ട്ടിന്റെ കമ്പനി. ഓണ്‍ലൈന്‍ ലോട്ടറി കൗണ്ടറുകള്‍ക്ക് മുന്നില്‍ ശരാശരിക്കാരായ മലയാളികളുടെ നീണ്ട നിരയാണ് ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടത്. എത്ര പണം നഷ്ടപ്പെട്ടാലും വീണ്ടും വീണ്ടും പണം കിട്ടുമെന്ന പ്രതീക്ഷയില്‍ വാശിയോടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചവര്‍ വലിയ സാമൂഹികപ്രശ്‌നമായി മാറി. ഇതിനിടെ, ഓണ്‍ലൈന്‍ ലോട്ടറി വഴി കോടികള്‍ നേടിയ ഒന്ന് രണ്ട് മലയാളികളെ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചു. ഇതോടെ എളുപ്പത്തില്‍ പണക്കാരനാകാനുള്ള മാര്‍ഗമാണിതെന്ന ധാരണയില്‍ ജനം ഓടിക്കൂടി. ചില ആത്മഹത്യാവാര്‍ത്തകളും പുറത്തുവന്നു. ഈ ഘട്ടത്തിലാണ് കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിലെ 12ാം വകുപ്പ് പ്രകാരം സംസ്ഥാനം പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. 2003 ജൂലൈ 16നാണ് കേരള സ്‌റ്റേറ്റ് ലോട്ടറീസ് ആന്‍ഡ് ഓണ്‍ലൈന്‍ ലോട്ടറീസ് റെഗുലേഷന്‍സ് റൂള്‍സ് പാസാക്കുന്നത്. അക്കാലത്ത് മുഖ്യമന്ത്രി എ.കെ ആന്റണി.

നിയമം തോറ്റു, മാര്‍ട്ടിന്‍ ജയിച്ചു
നിയമം മൂന്നുമാസത്തോളം തുടര്‍നടപടികളില്ലാതെ കിടന്നു. ഫിഷറീസ്‌വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.സുരേഷ്‌കുമാര്‍ അന്നത്തെ ഫിഷറീസ് മന്ത്രിക്ക് അനഭിമതനായി ലോട്ടറി വകുപ്പില്‍ എത്തുന്നത് ഇക്കാലത്താണ്. വകുപ്പിന് സുരേഷ് കുമാറിനെ വേണ്ടെന്ന് മുഖ്യമന്ത്രിയോട് ഉറപ്പിച്ചുപറഞ്ഞപ്പോള്‍ പകരം നല്‍കാവുന്ന ഗ്ലാമറില്ലാത്ത പദവി എന്ന നിലയില്‍ ലോട്ടറി വകുപ്പ് ഡയറക്ടറാക്കി. എന്നാല്‍, ലോട്ടറി മാഫിയയെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ -ഉദ്യോഗസ്ഥ നേതൃത്വത്തെയും അലോസരപ്പെടുത്തുന്ന നടപടികളാണ് പിന്നീടുണ്ടായത്. അന്യസംസ്ഥാനങ്ങളുടെ പേരില്‍ വില്‍ക്കുന്ന എല്ലാ ലോട്ടറികളും കേന്ദ്ര നിയമം ലംഘിച്ചവയായതിനാല്‍ അവയില്‍ വഞ്ചിതരാകരുതെന്ന് പത്രപരസ്യം വന്നു. ഇത് ലോട്ടറിമാഫിയയുടെ ഉറക്കംകെടുത്തി. മുഖ്യമന്ത്രി ആന്റണിയുടെയും പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റെയും അല്ലാതെ മറ്റാരുടെയും പിന്തുണയില്ലാതിരുന്ന സുരേഷ് കുമാര്‍ ഏറക്കുറെ ഒറ്റക്ക് നടത്തിയ പോരാട്ടമാണ് ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് വിരാമമിട്ടത്്. 

ഉമ്മന്‍ചാണ്ടി ചെയ്തത്
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വക്കം പുരുഷോത്തമന്‍ ധനമന്ത്രിയുമായതോടെ ലോട്ടറി ഡയറക്ടര്‍ക്ക് കടിഞ്ഞാണ്‍ വീണു. അധികം താമസിയാതെ പദവിയില്‍നിന്ന് അദ്ദേഹം പുറത്തായി. ഡയറക്ടറെ മാറ്റുന്നത് ലോട്ടറി മാഫിയയെ സഹായിക്കാനാണ് എന്ന ആരോപണം പ്രതിപക്ഷംപോലും ഉയര്‍ത്തിയില്ല. വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് പാര്‍ട്ടി ചെയ്തത്. സര്‍ക്കാര്‍ചെയ്യുന്ന ഏത് പ്രവര്‍ത്തനത്തെയും വിമര്‍ശത്തോടെ കാണുന്ന പ്രതിപക്ഷം സുരേഷിനെ നീക്കിയപ്പോള്‍ മാത്രം അനങ്ങാതിരുന്നത് മാര്‍ട്ടിന്റെ വൈഭവം കാരണമായിരുന്നു. ലോട്ടറി കേസുകളുടെ നടത്തിപ്പില്‍ ശക്തമായ നിലപാെടടുത്ത സീനീയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അജിത്പ്രകാശിനും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പുറത്താക്കല്‍ നേരിടേണ്ടിവന്നു.
അന്യസംസ്ഥാന ലോട്ടറിമാഫിയ ആറായിരം കോടി രൂപ നികുതി വെട്ടിച്ചിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചപ്പോള്‍ എണ്‍പത് കഴിഞ്ഞയാളുടെ അറിവില്ലായ്മയെന്നാണ് സ്വന്തം പാര്‍ട്ടിക്കകത്തെ മിക്കവാറും എല്ലാ നേതാക്കളും അന്ന് പറഞ്ഞൊഴിഞ്ഞത്. ഇത്ര ചെറിയ സംസ്ഥാനത്തുനിന്ന് ഇത്ര വലിയ തുക നികുതി വെട്ടിച്ചെന്ന് അംഗീകരിക്കാന്‍ ധനമന്ത്രിയായ ശേഷം പോലും ഡോ.തോമസ് ഐസക് തയാറായിട്ടില്ല.
എന്നാല്‍, ഒടുവില്‍ പഴയൊരു നാടകത്തിലെ ഡയലോഗ് പോലെ 'വി.എസ് ആണ് ശരിയെന്ന്' അംഗീകരിക്കാന്‍ കുറേ പേരെങ്കിലും തയാറായി.

വെറും കത്തുകള്‍
കെ. സുരേഷ്‌കുമാര്‍ ലോട്ടറി ഡയറക്ടറായിരുന്ന വേളയില്‍ നിയമലംഘനം നടത്തുന്ന ലോട്ടറികളുടെ നിരോധം ആവശ്യപ്പെട്ട് രണ്ട് കത്തുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ആദ്യകത്ത് 28 പേജും രണ്ടാമത്തെ കത്ത് അനുബന്ധ രേഖകള്‍ അടക്കം 72 പേജുകളും. ഈ കത്തുകള്‍ക്കുപിന്നാലെ കേന്ദ്രസര്‍ക്കാറില്‍ തുടര്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ കേരളം കാട്ടിയ വീഴ്ചയാണ് നടപടികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇപ്പോഴും കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഏതാനും പേജുകളിലൊതുങ്ങുന്ന പതിവ് കത്തുകള്‍ മാത്രമാണ് കേന്ദ്രത്തിലേക്ക് എത്തുന്നത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനാകട്ടെ, മാര്‍ട്ടിനെക്കാള്‍ വലിയ പല ലോട്ടറി തമ്പുരാക്കന്മാരേയും രക്ഷിക്കാനുണ്ടുതാനും. അതിനാല്‍ ലോട്ടറിനിരോധത്തിലൊന്നും മന്‍മോഹന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. നിലവില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ബഹളം വെക്കുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ പരസ്‌പരം പഴിചാരുന്ന രാഷ്ട്രീയ സര്‍ക്കസുകള്‍ക്ക് അപ്പുറം പോകുന്നില്ലെന്നതാണ് വാസ്തം. സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് കോടികള്‍ കടത്തികൊണ്ടുപോകുന്ന ലോട്ടറി മാഫിയകള്‍ക്കെതിരെ സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇനിയും തയാറാകുന്നില്ലെന്നത് പരസ്‌പരമുള്ള വിഴുപ്പലക്കിന് അപ്പുറം മാര്‍ട്ടിനെയും കൂട്ടരെയും എതിര്‍ക്കാന്‍ ഇരുപക്ഷവും ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ്.

തെറിപ്പിച്ച കസേരകള്‍
കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിന് പലപ്പോഴും വീഴ്ചകള്‍ നേരിടുന്നതും മറ്റൊന്നുംകൊണ്ടല്ല. ലോട്ടറി മാഫിയക്കെതിരെ ആത്മാര്‍ഥമായി നീങ്ങിയവര്‍ക്ക്  ജോലി നഷ്ടപ്പെട്ടത് മിച്ചം. സീനിയര്‍ ഗവ. പ്ലീഡറായിരുന്ന അജിത് പ്രകാശിനെ യു.ഡി.എഫ് സര്‍ക്കാറാണ് പുറത്താക്കിയതെങ്കില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്ന ഡി. അനില്‍കുമാറിന് പുറത്തേക്കുള്ള വഴി തുറന്നതിലും ലോട്ടറിക്കൊരു പങ്കുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദല്‍ഹിയില്‍ പോയി ലോട്ടറി കേസില്‍ നേരിട്ട് ഇടപെടല്‍ നടത്തിയ അനില്‍കുമാര്‍ പലരുടെയും കണ്ണിലെ കരടായിരുന്നു. അനില്‍കുമാറിന്റെ രക്തത്തിനായി ദാഹിച്ചവര്‍ പിന്നീട് അവസരം മുതലാക്കി പുറത്തേക്കുള്ള വഴിയൊരുക്കി. കെ. പരാശരന്‍, സോളി സൊറാബ്ജി, ദുഷ്യന്ത് ദാവെ തുടങ്ങി സുപ്രീംകോടതിയിലെ മുന്‍നിരക്കാരായ അഭിഭാഷകരെ മുന്‍നിര്‍ത്തി ലോട്ടറി ലോബി നടത്തിയ നിയമയുദ്ധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. സീനിയര്‍ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതുമില്ല.
(ലോട്ടറിക്കളിയില്‍ കേന്ദ്രത്തിന്റെ താല്‍പര്യങ്ങളെക്കുറിച്ച് നാളെ)

Blogger templates

.

ജാലകം

.