സ്വാതന്ത്ര്യത്തിന്റെ നോക്കെത്താദൂരം.'ഇന്ത്യ വിടുന്നുവെങ്കില്‍ അധികാരം ആര്‍ക്കു കൈമാറണം എന്നാണ്  ബ്രിട്ടീഷുകാരുടെ ചോദ്യം. അതിനുള്ള എന്റെ മറുപടി ഇതാണ്: ഇന്ത്യയെ ദൈവത്തിനു വിടുക. അതു കടന്ന കൈയാണെങ്കില്‍ പിന്നെ  രാജ്യത്തെ അരാജകത്വത്തിനു കൈമാറുക'-ക്വിറ്റ് ഇന്ത്യ സമര പശ്ചാത്തലത്തിലാണ് ബ്രിട്ടീഷുകാര്‍ക്കു മുമ്പാകെ ഗാന്ധിജി നയം വ്യക്തമാക്കിയത്.
ധാര്‍മികവിശുദ്ധിയുള്ള ഒരു ഭരണകൂടം ഇവിടെ സാധ്യമാകുമെന്ന പ്രതീക്ഷയിലായിരിക്കണം ഗാന്ധിജി അന്നങ്ങനെ പറഞ്ഞത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യന്‍ ഭാഗധേയം വന്നുവീണത് ഏതു കരങ്ങളിലാണെന്ന കാര്യം മറ്റൊരു വിഷയം.
'ചരിത്രത്തിന്റെ ആ പാതിരാവില്‍ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കു'മാണ് ഇന്ത്യ നടന്നടുക്കുന്നതെന്ന് മുഴങ്ങുന്ന വാക്കുകളില്‍ നെഹ്‌റു വിളംബരം ചെയ്തു. നെഹ്‌റുവിന് പിന്‍മുറക്കാര്‍ പലരും വന്നുപോയി. ദൈവത്തിനോ അരാജകത്വത്തിനോ ആര്‍ക്കാണ് ലഭിച്ചതെന്നറിയാത്ത അനിശ്ചിതത്വം തുടരുമ്പോഴിതാ പിറവിയുടെ ഈ  64ാം സ്വാതന്ത്ര്യദിനം. ഇക്കുറി ചേര്‍ത്തു വെക്കാന്‍ മള്‍ട്ടി ഡൈമന്‍ഷനല്‍ ദാരിദ്ര്യ സൂചിക(എം.പി.എ) റിപ്പോര്‍ട്ടുണ്ട്. ബിഹാര്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ പലരുടെയും സ്ഥിതി 26 ആഫ്രിക്കന്‍ രാജ്യങ്ങളിലേതിനേക്കാള്‍ ചുവടെയാണെന്ന കൃത്യം കണക്ക്. 
കടുത്ത ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെട്ട ജനകോടികളുടെ ഈ ദുരന്തചിത്രത്തിന് മറയിട്ട് ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുടെ ജയഭേരികളാണ് ഭരണകൂടം ഉയര്‍ത്തുന്നത്.  7.4 ശതമാനമെന്ന വളര്‍ച്ചാ നിരക്ക് അവര്‍ ആവര്‍ത്തിക്കുന്നു.  ഗണിത വാക്യങ്ങളും ആഗോള കോര്‍പറേറ്റ് കൂട്ടിക്കൊടുപ്പുകാരായ ചില 'വിദഗ്ധ'രുടെ വിശകലനവും മേമ്പൊടിയാക്കി മന്‍മോഹന്‍ സിങ് മുതല്‍ മുഖര്‍ജി വരെ വളര്‍ച്ചയില്‍ ഊറ്റം കൊള്ളുന്നു.
കാഴ്ചകള്‍ പക്ഷേ, കള്ളം പറയില്ല. രാജ്യത്തെ നട്ടെല്ലാകേണ്ട കാര്‍ഷിക  മേഖലയുടെ വളര്‍ച്ച വെറും  0.2 ശതമാനം. ഭക്ഷ്യ ഉല്‍പാദനത്തില്‍ 7.5 ശതമാനത്തിന്റെ ഇടിവ്. സംഭരണത്തിന്റെ അശാസ്ത്രീയതയും അസൗകര്യവും ഗുണം ചെയ്തത് രാജ്യത്തെ എലികള്‍ക്ക് മാത്രം.  പുഴുത്തു നശിക്കും മുമ്പേ ധാന്യങ്ങള്‍ പാവങ്ങള്‍ക്കെങ്കിലും നല്‍കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം.
ദരിദ്ര സംസ്ഥാനങ്ങളെന്ന്  എണ്ണിയവയിലാണ് സമ്പന്നമായ ധാതുവിഭവങ്ങള്‍ കൂടുതല്‍. പക്ഷേ, അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. അന്താരാഷ്ട്ര കോര്‍പറേറ്റ് ഭീമന്മാര്‍ വട്ടമിട്ടു പറക്കുകയാണ്. വോദാന്തം മുതല്‍ ബെല്ലാരി സഹോദരങ്ങള്‍ക്കു വരെ അതിന്റെ ഗുണഫലം ലഭിക്കുന്നു. അതിസമ്പന്നരുടെ പട്ടികയിലേക്കുള്ള നീക്കം സുഗമമാക്കാനുള്ള മല്‍സരം കൊഴുക്കുന്നു. തൊണ്ണൂറുകളില്‍ അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിങ്ങിലൂടെ തുടക്കം കുറിച്ച നവ ഉദാരവത്കരണ നയങ്ങളുടെ തിരുശേഷിപ്പുകള്‍ കൂടിയാണ്  ഈ പട്ടിണിപ്പാവങ്ങള്‍. ആഗോളവത്കരണത്തിന്റെ പ്രായോജകര്‍ കവര്‍ന്നെടുത്തത് അവന്റെ മണ്ണും ഉപജീവന സാധ്യതകളും മാത്രമല്ല, നിവര്‍ന്നു നില്‍ക്കാനുള്ള ത്രാണി കൂടിയാണ്.
എല്ലാം അതിസമര്‍ഥമായാണ് ഊറ്റിയെടുത്തത്. വിത്തെറിയും മുമ്പേ കമ്പനികള്‍ക്ക് ലാഭം പെരുത്തു. 4600 കോടിക്കു മേല്‍ ആസ്തിയുള്ളവരുടെ (ബില്യനധിപര്‍)എണ്ണം രാജ്യത്ത് കുത്തനെ ഉയര്‍ന്നു. 2003-04ല്‍ വെറും ഒമ്പതു പേരായിരുന്നു ഈ ഗണത്തില്‍. നടപ്പുവര്‍ഷം അത് 49 ല്‍ എത്തിയെന്ന്  'ഫോബ്‌സ്' മാഗസിന്‍ പറയുന്നു.  കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വന്‍കുതിപ്പും പ്രകടം. രാജ്യത്തെ എണ്ണം തികഞ്ഞ പത്ത് സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ആസ്തി 2004ല്‍ 3.54 ലക്ഷം കോടി രൂപയായിരുന്നു.  2008ല്‍ അത് 10.34 ലക്ഷം കോടി രൂപ! എന്തൊരു ചെയ്ഞ്ച്!!
ഒരു തല വളരുമ്പോള്‍ സ്വാഭാവികമായി മറുതല തളര്‍ന്നു. അസന്തുലിതത്വം പെരുകി.മന്‍മോഹന നയപരിപാടികളുടെ തുടര്‍ച്ചകള്‍ക്കിടയില്‍ 1997 മുതല്‍ 2008 വരെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം രണ്ട് ലക്ഷത്തിനും മീതെ. അതൊന്നും പക്ഷെ, വാര്‍ത്ത പോലുമല്ലാതായി.
ദരിദ്ര ജനതയാണ് രാജ്യത്തിന്റെ അതിദ്രുത പ്രയാണത്തില്‍ ശരിക്കും പകച്ചു പോയത്.  ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമാണ് ഈ ദരിദ്ര സംജ്ഞയില്‍ ഭൂരിഭാഗവും. സ്വാതന്ത്ര്യത്തിന്റെ ഈ ആണ്ടുല്‍സവ വേളയില്‍ 'അവസര സമത്വ കമീഷന്‍' ചര്‍ച്ച പൊടിപാറുന്നു. എല്ലാ തുല്യതയും ഉറപ്പു നല്‍കുന്ന ഒരു ഭരണഘടന നമുക്കുണ്ട്.  മാനവിക ദര്‍ശനങ്ങളില്‍ രൂപം നല്‍കിയ ജനായത്ത സംവിധാനമുണ്ട്. വിവേചനരഹിത വീക്ഷണം പുലര്‍ത്താന്‍ ബാധ്യതപ്പെട്ട ഭരണ സംവിധാനമുണ്ട്. എല്ലാം നിരീക്ഷിക്കാന്‍ കെല്‍പുള്ള ജുഡീഷ്യറിയും. ഇതൊക്കെ ഉണ്ടായിരിക്കെ തന്നെയാണ് രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന  ദുര്‍ബല ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇവ്വിധം പുറമ്പോക്കിലേക്ക് തള്ളിമാറ്റപ്പെട്ടതും. 
പ്രത്യേക സാമ്പത്തിക സോണുകളുടെയും വന്‍കിട പദ്ധതികളുടെയും കുത്തൊഴുക്കില്‍ മണ്ണും കിടപ്പാടവും അടിയറവ് നല്‍കേണ്ടി വന്നവരിലും ഭൂരിഭാഗം പേര്‍ ഈ പതിത വര്‍ഗത്തില്‍ പെട്ടവരായതും യാദൃച്ഛികമാകാനിടയില്ല. ചിലേടങ്ങളില്‍ മാത്രം നിസ്സഹായതയുടെ ഒരു പിടച്ചില്‍ കണ്ടു. അവര്‍ക്കു മേല്‍ 'ദേശവിരുദ്ധര്‍' എന്ന ചാപ്പകുത്തി. രാജ്യത്തെ ഇരുനൂറിലേറെ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയത് ഭരണകൂടത്തിന്റെ ഈ ദയാരാഹിത്യം മുതലെടുത്താണ്. പക്ഷെ, ചിദംബരാദികള്‍ അതു സമ്മതിച്ചു തരില്ല. സൈന്യത്തെ കൂട്ടുപിടിച്ചായാലും ആദിവാസി മേഖലകളിലെ 'ആഭ്യന്തര ഭീഷണി' ഒഴിപ്പിക്കാനുള്ള പുറപ്പാടുല്‍സവമാണ് തിമിര്‍ക്കുന്നത്.
നവ ഉദാരവത്കരണ നയങ്ങളുടെ അന്ധാളിപ്പിലാണ് ജനം. ഇതെവിടെ ചെന്നുനില്‍ക്കുമെന്ന് സര്‍ക്കാറിനു പോലും ഉറപ്പില്ല.  കഴിഞ്ഞ വര്‍ഷം 25,000 കോടിയുടെ പൊതുമേഖലാ ഓഹരികളാണ് വിറ്റു തീര്‍ത്തത്. നടപ്പുവര്‍ഷം 40,000 കോടിയാണ് ലക്ഷ്യം.
അതിനിടയിലും ദരിദ്ര ജനലക്ഷങ്ങള്‍ക്ക് അവിഹിതമായി എന്തൊക്കെയോ ആനുകൂല്യം സര്‍ക്കാര്‍ നല്‍കുന്നുവെന്നാണ് മുഖര്‍ജിയും മൊണ്ടേക് സിങ് അഹ്‌ലുവാലിയയും മുരളി ദേവ്‌റയും നിത്യം വിവരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ മാത്രം പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയിലൂടെ 60,000 കോടിയാണ് കണ്ടെത്തിയത്. അതേ ബജറ്റില്‍ നേരിട്ടുള്ള നികുതിയിനത്തില്‍ സമ്പന്ന വര്‍ഗത്തിന് കാല്‍ ലക്ഷം കോടിയുടെ ഉദാര ഇളവുകളും നല്‍കി!  'ആം ആദ്മി' മുദ്രാവാക്യങ്ങള്‍ക്കിടയിലാണ് ഇന്ധനവില നിയന്ത്രണം തന്നെ വേണ്ടെന്നു വെച്ചത്. അതുവഴി തുടര്‍ വിലക്കയറ്റത്തിന്റെ ആഘാതവും വന്നുവീണത് ദരിദ്രവര്‍ഗത്തിന്റെ തലയില്‍.
ഭക്ഷ്യവില വര്‍ധന 16 ശതമാനം കടന്നിരിക്കുന്നു. റീട്ടെയില്‍ മേഖലയിലേക്കു കൂടി വിദേശനിക്ഷേപം വരുന്നതോടെ ജനലക്ഷങ്ങളാവും തെരുവോരങ്ങളിലെ ഉപജീവന മാര്‍ഗങ്ങളില്‍ നിന്നും എന്നെന്നേക്കുമായി  വഴിയാധാരമാവുക. പാര്‍ലമെന്റിലാകട്ടെ,  എതിര്‍പ്പുകള്‍ തീര്‍ത്തും ദുര്‍ബലമാകുന്നു. കോടിപതികളുടെ എണ്ണം നൂറു കവിഞ്ഞിരിക്കെ, ആരുടെ താല്‍പര്യങ്ങള്‍ക്കാകും പാര്‍ലമെന്റംഗങ്ങള്‍ ഇനി കൈയൊപ്പ് ചാര്‍ത്തുക?
യു.എസ് വിധേയത്വം ഒഴിയാബാധയായി പിന്തുടരുന്നു. അമേരിക്കന്‍ ഗുഡ് ബുക്കില്‍ ഇടം കിട്ടാനുള്ള വെമ്പലാണ് ഏവിടെയും. ഇന്ത്യയുടെ നല്ല അയല്‍പക്ക ബന്ധങ്ങളെപോലും അതു തകര്‍ത്തു. പുതിയ ഉടമ്പടിക്കു കീഴില്‍ (End Use Monitoring Agreement)അമേരിക്കയില്‍ നിന്നും പ്രതിരോധ ഉപകരണങ്ങളുടെ കുത്തൊഴുക്കാണിപ്പോള്‍. ആണവ കരാര്‍ വ്യവസ്ഥ പ്രകാരം 10,000 മെഗാവാട്ട് ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങിയിരിക്കണം. അതിന് ആ രാജ്യത്തെ കമ്പനികള്‍ക്ക് നിയമപരമായ ഇളവുകള്‍ നല്‍കണം. അതിന്റെ നീക്കിവെപ്പാണ് ആണവ ബാധ്യതാ ബില്‍. വല്ല ആണവാപകടവും സംഭവിച്ചാല്‍ റിയാക്ടര്‍ വിതരണക്കാരായ അമേരിക്കന്‍ കമ്പനികള്‍ക്ക് ഈസി വാക്കോവര്‍. വാറന്‍ ആന്‍ഡേഴ്‌സന്റെ പിന്‍ഗാമികളായി അവര്‍ എളുപ്പം മാറും.
സ്വാതന്ത്ര്യത്തിന്റെ തിരസ്‌കാരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ മൂന്നര പതിറ്റാണ്ടുകള്‍ കടന്നു പോയതും ഈ വര്‍ഷം.  ഭരണകൂടത്തിനോ അതിന്റെ ഭാഗമായ സുരക്ഷാ ഏജന്‍സികള്‍ക്കോ എന്നിട്ടും കുലുക്കമില്ല.പൗരാവകാശ ധ്വംസനത്തിന്റെ നാറുന്ന സംഭവ പരമ്പരകളാണ് നിത്യം പുറത്തെത്തുന്നത്. അമിത് ഷാ ഒരു പ്രതീകം മാത്രം. അധികാര തലപ്പത്ത് കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ് മോഡി ഉള്‍പ്പെടെയുള്ളവര്‍. തീവ്രവാദം, വിഘടനവാദം, ദേശവിരുദ്ധം എന്നീ സംജ്ഞകളുടെ ദുരുപയോഗത്തിലൂടെ നൂറുകണക്കിനാളുകെളയാണ് തടവറകളില്‍ തള്ളിയിരിക്കുന്നത്. നിരപരാധിയാണെന്നറിഞ്ഞിട്ടും പത്തുകൊല്ലം  തടങ്കലില്‍ വെച്ച ഒരു മനുഷ്യന്റെ ശിഷ്ടകാലം കൂടി എങ്ങനെ  നക്കിയെടുക്കാമെന്ന പ്രാകൃത പ്രതികാര ദാഹവുമായി ഒത്തുചേര്‍ന്ന ഭരണകൂട-ജുഡീഷ്യറി- മാധ്യമ ത്രയങ്ങള്‍ പൗരാവകാശ വിഷയത്തില്‍ എവിടെ നില്‍ക്കുന്നു എന്നു കൂടി ഓര്‍ക്കാന്‍ ഇതവസരമായി. സ്വയം ചോദിക്കാം, എത്ര പ്രബുദ്ധരാണ് നാം!
താഴേതട്ടിലേക്കുള്ള അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പറയുമ്പോഴും അധികാരം കൂടുതല്‍ കേന്ദ്രീകൃതമാവുകയാണ്. ഫെഡറല്‍ ഘടനക്ക് വരുന്ന ക്ഷതം ആര്‍ക്കും പ്രശ്‌നമാകുന്നില്ല. സംസ്ഥാനങ്ങള്‍ ഇപ്പോഴും കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യം കാത്തുകഴിയുന്നു.
സ്വാതന്ത്ര്യത്തിന്റെ 63 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിര്‍ത്തി സംസ്ഥാനമായ കശ്മീര്‍ കൂടുതല്‍ പ്രക്ഷുബ്ധം. രണ്ടു മാസത്തിനിടയില്‍, വെടിയേറ്റു വീണ നിരപരാധികളുടെ എണ്ണം 55. അവരില്‍ അധികവും ചെറുപ്പക്കാര്‍. തുടരന്‍ കര്‍ഫ്യു ദിനങ്ങള്‍ക്കിടയിലും തെരുവുകളില്‍ എണ്‍പതുകളുടെ ഒടുക്കത്തിലെ അതേ മുദ്രാവാക്യങ്ങള്‍ ഉയരുന്നു- 'ഹം ക്യാ ചഹ്‌തെ? ആസാദി!
പുതുതായി വെടിയേറ്റു വീണ പത്താം ക്ലാസ് വിദ്യാര്‍ഥി മുദസിറിന്റെ പേര്‍ കൂടി ചേര്‍ത്ത് താഴ്‌വരയില്‍ ഉയരുന്ന രോഷമുദ്രാവാക്യത്തില്‍ ഇന്നലെ നേരിയ മാറ്റം മാത്രം:
മുദസിര്‍ തേരെ ഖൂന്‍ സെ, ഇന്‍ക്വിലാബ് ആയേഗാ'
ഏ സാലിമോ, ഏ ജാബിറോ! കാശ്മീര്‍ ഹമാരാ ഛോഡ് ദൊ!
മുദസിര്‍ സെ പൂഛോ, മുദസിര്‍ കഹ്‌തെ ഹെ ആസാദി'.
രാജാ ഹരിസിങ്ങില്‍ നിന്ന് വാങ്ങിയ കൈയൊപ്പിന്റെ ബലത്തിലാണെങ്കില്‍ കൂടി ഇന്ത്യന്‍ യൂനിയന്റെ ഭാഗമായി എന്നും നിലയുറപ്പിച്ചിരുന്നു കശ്മീര്‍ ജനത. പാകിസ്താനുമായുള്ള യുദ്ധഘട്ടത്തിലൊക്കെയും അവര്‍ കൂടെനിന്നു. ഇന്നിപ്പോള്‍ അവര്‍ എന്തുകൊണ്ട് അകന്നു.ചോദ്യത്തിന് ഉത്തരമില്ല. എല്ലാ ചോദ്യങ്ങള്‍ക്കും പകരം നല്‍കാനുള്ളത് വെടിയുണ്ടകള്‍.
ആറു പതിറ്റാണ്ടിലേറെ കൂടെ നിന്ന ജനതയുടെ സങ്കടങ്ങളുടെ ആഴം കാണാന്‍ ആരും ശ്രമിച്ചില്ല. താഴ്‌വര കത്തുമ്പോള്‍ 'ഒരവസരം കൂടി തരൂ' എന്നാണ് പ്രധാനമന്ത്രിയുടെ യാചന. വെടിവെച്ചു തള്ളിയ നിരപരാധികളുടെ കാര്യത്തില്‍ എന്നിട്ടും ഒരു മാപ്പപേക്ഷ പോലുമില്ല. വിശാല സ്വയംഭരണമോ നിരപരാധികളെ വെടിവെച്ചു കൊല്ലുന്ന സൈന്യത്തിന് തടയിടാനോ നീക്കമില്ല.  കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയാല്‍ തെരുവിലെ പ്രക്ഷോഭം താനെ കെട്ടടങ്ങും- ഭരണകൂടത്തെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ കാലുഷ്യങ്ങള്‍ക്കു പിറകിലും കാണാം സായുധ സേനയുടെ പ്രത്യേകാധികാര ദുരുപയോഗം.  കരിനിയമത്തിനെതിരെ പത്തു വര്‍ഷത്തിലേറെയായി  ഇറോം ശര്‍മിള സഹന സമരം തുടരുന്നു. അതു പോലും കാണാന്‍ കൂട്ടാക്കാത്തവര്‍ പറയുന്നു, ആയുധം വെടിഞ്ഞാല്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്യാമെന്ന്. ആരു വിശ്വസിക്കാന്‍?
1939ല്‍ ഗാന്ധി പറഞ്ഞു: 'റോമിന്റെ പതനം അതിന്റെ തകര്‍ച്ചക്കും മുമ്പേ തന്നെ ആരംഭിച്ചിരുന്നു. ജീര്‍ണത യഥാസമയം കൈകാര്യം ചെയ്യാനായാല്‍ വലിയ വലിയ പതനങ്ങള്‍ ഒഴിവാക്കാം..'

ദല്‍ഹി ഡയറി / എം.സി.എ. നാസര്‍

Google+ Followers

Blogger templates

.

ജാലകം

.