തൃശൂര്‍: ബംഗളുരു സ്‌ഫോടന കേസില്‍ കര്‍ണാടകയില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന അബ്‌ദുള്‍ നാസര്‍ മഅ്‌ദനിക്കെതിരേ നിയമക്കുരുക്കു മുറുകുന്നു. മഅ്‌ദനിയുടെ കുടകുയാത്ര നിഷേധിക്കാനായി വിവരാവകാശ നിയമപ്രകാരം കേരളം നല്‍കിയ യാത്രാഡയറി സത്യവിരുദ്ധമാണെന്നു സ്‌ഥാപിക്കുന്ന രേഖകളും ഫോണ്‍ സന്ദേശങ്ങളും കര്‍ണാടക പോലീസ് ശേഖരിച്ചുകഴിഞ്ഞു. മഅ്‌ദനി കോഴിക്കോട് മുക്കത്തെ സ്വകാര്യ ചികിത്സാകേന്ദ്രത്തില്‍ കഴിയുന്നതിനിടെ കുടകിനടുത്ത മാതാപുരിലെ ലെക്കേരി എസ്‌റ്റേറ്റില്‍ എത്തിയിരുന്നതായാണു കര്‍ണാടക പോലീസിന്റെ രേഖകളില്‍ പറയുന്നത്. ലഷ്‌കറെ തോയ്‌ബ ഭീകരന്‍ തടിയന്റവിട നസീര്‍ ഇഞ്ചിക്കൃഷിയുടെ മറവില്‍ ഇവിടെ നടത്തിയ തീവ്രവാദ പരിശീലന ക്യാമ്പില്‍ ആശയപരമായ നേതൃത്വം വഹിക്കാനാണു മഅ്‌ദനിയുടെ സന്ദര്‍ശനമെന്നാണു കര്‍ണാടക പോലീസിന്റെ ആരോപണം.
മഅ്‌ദനിയുടെ അംഗരക്ഷകരായ കേരള പോലീസിലെ ഷാജഹാന്‍, നബില്‍, ബഷീര്‍, സജീവന്‍ എന്നിവരോട് ഒരാഴ്‌ചയ്‌ക്കകം അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ മേധാവിയായ ഓംകാരയ്യ നോട്ടീസ് നല്‍കിയത്. മഅ്‌ദനിയുടെ വിവാദ കുടകുയാത്രയ്‌ക്കൊപ്പം പോയത് ഷാജഹാനാണെന്നാണു കര്‍ണാടക പോലീസിനു ലഭിച്ച സൂചന. അതിന്റെ അടിസ്‌ഥാനത്തില്‍ ചോദ്യംചെയ്യലിനു വിധേയനാകാന്‍ ആവശ്യപ്പെട്ട് കര്‍ണാടക പോലീസ് നേരത്തേ കത്തു നല്‍കിയിരുന്നു. ആലപ്പുഴ എ.ആര്‍. ക്യാമ്പില്‍ ജോലി ചെയ്യവെയാണ് ഷാജഹാന്‍ മഅ്‌ദനിയുടെ ഗണ്‍മാനായി നിയോഗിക്കപ്പെടുന്നത്. ബംഗളുരു പോലീസ് ഇയാളെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു കത്തു നല്‍കിയശേഷമാണ് ആലപ്പുഴയില്‍നിന്ന് ഇയാളെ കൊല്ലത്തേക്കു മാറ്റിയത്. കഴിഞ്ഞ ജൂലൈ ഒന്നിനു കൊല്ലത്തേക്കു മാറ്റം കിട്ടിയ ഷാജഹാന്‍ ജൂലൈ ആറുമുതല്‍ ലീവിലാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ ലീവിലാണ് ഇയാള്‍ കഴിയുന്നത്. കുടക് സന്ദര്‍ശിച്ചതായി സംശയിക്കുന്ന ദിവസം മഅ്‌ദനിയുടെയും ഷാജഹാന്റെയും മൊബൈല്‍ ഫോണുകള്‍ ആറു മണിക്കൂറിലധികം ഓഫ് ചെയ്‌തിരുന്നതായും കര്‍ണാടക പോലീസ് പറയുന്നു. രഹസ്യയാത്രയ്‌ക്കു കളമൊരുക്കാനാണു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തത് എന്നാണു കര്‍ണാടക പോലീസ് സംശയിക്കുന്നത്.
2008 ജൂലൈ 26 നാണു ബംഗളുരു നഗരത്തിലെ എട്ടിടത്തായി സ്‌ഫോടനങ്ങള്‍ നടന്നത്. അതിന്റെ ആസൂത്രണം നടന്നത് ലെക്കേരി എസ്‌റ്റേറ്റിലാണെന്നാണ് കര്‍ണാടക പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.
തടിയന്റവിട നസീറും മഅ്‌ദനിയും തമ്മില്‍ സ്‌ഫോടനത്തിനു മുമ്പും പിമ്പും നടന്ന സംഭാഷണ വിവരങ്ങള്‍ കര്‍ണാടക പോലീസിന്റെ പക്കലുണ്ട്. രണ്ടു സെല്‍ഫോണുകള്‍ മഅ്‌ദനി സാധാരണ ഉപയോഗിച്ചിരുന്നതായി കര്‍ണാടക പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ഇവയിലൊന്നു റിലയന്‍സിന്റേതും മറ്റൊന്നു വോഡാഫോണിന്റേതുമാണ്. സെല്‍ഫോണ്‍ സംഭാഷണങ്ങളുടെ ശബ്‌ദസാമ്പിളുകളുടെ സ്‌ഥിരീകരണവും കര്‍ണാടക പോലീസ് നടത്തിക്കഴിഞ്ഞു. തങ്ങള്‍ക്കു കോയമ്പത്തൂരില്‍ പറ്റിയ അബദ്ധം ബംഗളുരുവില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു മഅ്‌ദനി സ്‌ഫോടനത്തിനു മുമ്പ് നസീറിനു മുന്നറിയിപ്പ് നല്‍കിയതായും ഫോണ്‍ ശബ്‌ദസാമ്പിളുകള്‍ അടിസ്‌ഥാനമാക്കി കര്‍ണാടക പോലീസ് പറയുന്നു. സ്‌ഫോടനത്തിനു ശേഷം മഅ്‌ദനിയെ വിളിച്ച തടിയന്റവിട നസീര്‍, 'ബാഡ്‌ലക്ക്' എന്നാണ് അറിയിച്ചത് എന്നും സ്‌ഫോടന പരമ്പരകളില്‍ മരണം കുറഞ്ഞതാണ് ഇത്തരമൊരു പ്രതികരണത്തിന് കാരണമെന്നും കര്‍ണാടക പോലീസ് പറയുന്നു.
മഅ്‌ദനി കുടകിലെ തീവ്രവാദ ക്യാമ്പില്‍ എത്തിയതായി അന്ന് പരിശീലന ക്യാമ്പിലുണ്ടാവുകയും പിന്നീട് വിട്ടുപോവുകയും ചെയ്‌ത റഫീഖ്, എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്ന പ്രഭാകര്‍ എന്നിവര്‍ ബംഗളുരു ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇവരടക്കം അഞ്ചു ദൃക്‌സാക്ഷികള്‍ മഅ്‌ദനിയെ കുടകിലെ തെളിവെടുപ്പിനിടെ തിരിച്ചറിയുകയും ചെയ്‌തതോടെ മഅ്‌ദനിക്കെതിരേ കര്‍ണാടക പോലീസ് നിയമക്കുരുക്കു മുറുക്കുകയാണെന്നു നിയമവിദഗ്‌ധര്‍ പറയുന്നു.
*ജോയ് എം. മണ്ണൂര്‍
'കാറ്റ് വിതച്ചു കൊടുംകാറ്റ് കൊയ്യുക' എന്ന് കേട്ടിട്ടില്ലേ....? അതാണ് ഇത്.....