ഒരു മേഖലയില്‍ സവിശേഷമായ വൈദഗ്ദ്യം ഉള്ളവര്‍ അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പ്രത്യേകിച്ചും സമൂഹത്തിന് പൊതുവിലും പ്രിയപ്പെട്ടവരാണ്. അതിനാല്‍ തന്നെ എങ്ങനെയെങ്കിലും ഇത്തരക്കാരായ അപൂര്‍വ ജനുസുകളെ പിടിച്ച് നിര്‍ത്താന്‍ മാതൃസ്ഥാപനം പഠിച്ച പണി പതിനെട്ടും പയറ്റുമെന്നതും പിടിച്ചെടുക്കാന്‍ മറ്റുസ്ഥാപനങ്ങള്‍ വലവിരിക്കുമെന്നതും വിപണി സമവാക്യം. മനോരമ ന്യൂസില്‍ ബിസിനസ് വാര്‍ത്ത കൈകാര്യം ചെയ്തുകൊണ്ടിരുന്ന സനില്‍ എബ്രഹാം സ്ഥാപനം വിട്ട് ചേക്കേറുന്നത് ഓഹരി വിദഗ്ദന് പൊറിഞ്ചു വെളിയത്തിന്റെ ഇക്വിറ്റി ഇന്റലിജന്‍സ് എന്ന ധനകാര്യ സ്ഥാപനത്തില്‍ വൈസ് പ്രസിഡന്റായി ആണ്.
സാധാരണയായി ഒരു ചാനലില്‍ നിന്ന് മറ്റൊന്നിലേക്ക് കൂടുവിട്ട് കൂടുമാറുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. അതില്‍ കാര്യമായി സംസാരിക്കാനുമില്ല. എന്നാല്‍ സനിലിന്റെ മാറ്റം ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.
"കഴമ്പില്ലാതെ അതും ഇതും പറഞ്ഞ് മണിക്കൂറുകള്‍ തള്ളിനീക്കാന്‍ ‘കെല്പ്’ ഉള്ളവര്‍ താരമായി കണക്കാക്കുന്ന തൊഴിലിടത്ത് താരതമ്യേന ആഴത്തില്‍ ഉള്ള വിവരം വേണ്ടുന്ന ഇടമാണ് ബിസിനസ് ജേണലിസം. മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ ഓഹരിവിപണി വര്‍ത്തമാനം സനില്‍ എബ്രഹാമിനെ പോലെ ഇത്ര കണിശതയോടെ പറയാന്‍ പറ്റുന്നതായി ആരുമില്ല എന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയില്ല."
ഒന്നാമതായി മൈക്ക് കൈയ്യില്‍ കിട്ടിയാല്‍ അല്ലെങ്കില്‍ പേന വിരല്ത്തുമ്പിലാണങ്കില് കഴമ്പില്ലാതെ അതും ഇതും പറഞ്ഞ് മണിക്കൂറുകള്‍ തള്ളിനീക്കാന്‍ ‘കെല്പ്’ ഉള്ളവര്‍ താരമായി കണക്കാക്കുന്ന തൊഴിലിടത്ത് താരതമ്യേന ആഴത്തില്‍ ഉള്ള വിവരം വേണ്ടുന്ന ഇടമാണ് ബിസിനസ് ജേണലിസം. മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ ഓഹരിവിപണി വര്‍ത്തമാനം സനില്‍ എബ്രഹാമിനെ പോലെ ഇത്ര കണിശതയോടെ പറയാന്‍ പറ്റുന്നതായി ആരുമില്ല എന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയില്ല. മനോരമ ന്യൂസില്‍ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന ‘ബുള്‍സ് ഐ’ എന്ന ഓഹരി വിപണി അവലോകനത്തില്‍ ഫോണ്‍ ഇന്‍ ആയി വിളിക്കുന്ന പ്രേക്ഷകര്‍ ഒപ്പമിരിക്കുന്ന ഓഹരി വിപണി വിദഗ്ദനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പലപ്പോഴും ആമുഖമായി സനില്‍ പറയുന്ന മറുപടി തന്നെ വിവരസമൃദ്ധം. മാത്രമല്ല സനിലിന്റെ ബിസിനസ് ജേണലിസം മികവ് അറിയണമെങ്കില്‍ മറ്റ് ചാനലുകളിലെ സമാന പരിപാടികള്‍ കാണണം. ഓഹരി വിപണി ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്തവരാണ് മിക്കപ്പോഴും ബിസിനസ് വാര്‍ത്ത വായിക്കുന്നത്, അവര്‍ക്കിത് വെറും ജോലി മാത്രം. രണ്ടാമതായി ചര്‍ച്ച ചെയ്യേണ്ട വിഷയം ഒരു സബ്ജക്റ്റ് എക്സ്പര്‍ട്ട് ആയ ആള്‍ക്ക് മലയാള ടിവി ചാനലിലെ ഇടം എവിടെയാണെന്നതാണ്. അതും ഇതും പറഞ്ഞ് തികഞ്ഞ നെഗറ്റീവ് ആയ വാര്‍ത്ത മാത്രം തിരഞ്ഞ് നടക്കുന്നവര്‍ക്ക് അടിക്കടി സ്ഥാനക്കയറ്റവും സവിശേഷമായ സ്ലോട്ടുകളും കിട്ടുന്ന സന്ദര്‍ഭത്തില്‍ ഈ അന്വേഷണം മീഡിയോക്രിറ്റിക്കെതിരായ ജാഗ്രതകൂടിയാണ്. ബിസിനസ് അത്ര നല്ല ഇടമാണോ എന്ന് കരുതുന്നവര്‍ ഉണ്ടാകാം, എന്നാല്‍ ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ വിട്ടപ്പോഴും (പഴയ ഇടുക്കി ജില്ലാ അണ്ടര്‍ 16 ക്രിക്കറ്റ് ടീം അംഗം കൂടിയാണ് സനില്‍) ആന്ധ്രാപ്രദേശില്‍ വൈ എസ് രാജശേഖര റെഡ്ഡി വനാന്തര്‍ഭാഗത്ത് ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ട വാര്‍ത്ത കൈകാര്യം ചെയ്തപ്പോഴും മറ്റ് വിഷയങ്ങളും കൈയൊതുക്കത്തോടെ അവതരിപ്പിച്ചത് നമ്മള് കണ്ടു. എന്തിനേറേ പറയുന്നു ജേണലിസം വിട്ട് മറ്റൊരു തൊഴിലില്‍ അതും ഉയര്‍ന്ന തലത്തില്‍ എത്തുന്നു എന്നത് തന്നെ ഇദ്ദേഹത്തിന്റെ സ്പെഷലൈസേഷനിലെ മിടുക്കിന് അടിവരയിട്ട് പറയാവുന്ന കാര്യം."ഒരു സബ്ജക്റ്റ് എക്സ്പര്‍ട്ട് ആയ ആള്‍ക്ക് മലയാള ടിവി ചാനലിലെ ഇടം എവിടെയാണ്? അതും ഇതും പറഞ്ഞ് തികഞ്ഞ നെഗറ്റീവ് ആയ വാര്‍ത്ത മാത്രം തിരഞ്ഞ് നടക്കുന്നവര്‍ക്ക് അടിക്കടി സ്ഥാനക്കയറ്റവും സവിശേഷമായ സ്ലോട്ടുകളും കിട്ടുന്ന സന്ദര്‍ഭത്തില്‍ ഈ അന്വേഷണം മീഡിയോക്രിറ്റിക്കെതിരായ ജാഗ്രതകൂടിയാണ്."
ആഴ്ചാവലോകനം ആയി അവതരിപ്പിച്ചിരുന്ന ‘സമ്പാദ്യവും’ ദിനേന ഉള്ള ‘ബിസിനസ് മനോരമ’യും പതിവായി കാണുന്നവര്‍ക്ക് നഷ്ടം തന്നെയാണ് ഈ മാറ്റം. 1998 ല്‍ ചെന്നൈയില്‍ സൂര്യ ടിവി യിലാണ് ഇദ്ദേഹത്തിന്റെ മാധ്യമപ്രവര്ത്തനത്തുടക്കം. പിന്നീട് എതിര്‍പാളയമായ ജയ ടിവിയിലെത്തി. അവിടെ നിന്ന് കേരളത്തിലെ ജീവന് ടിവിയിലെ ഇംഗ്ലീഷ് ഡെസ്കില്‍ നിന്നാണ് മലയാള മനോരമയിലെത്തുന്നത്. ഒരു പക്ഷെ മനോരമയില്‍ കയറിപ്പറ്റാനായി മാത്രം ബിസിനസ് എന്ന സ്പെഷലൈസേഷന് തിരഞ്ഞെടുത്തതായിരുന്നു എന്ന് സനില്‍ പറയുന്നു.മനോരമയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. മുതിര്‍ന്ന സഹപ്രവര്‍ത്തകനായ ജയദീപിന്റെ പിന്തുണയും മനോരമയുടെ അമരക്കാരനായ ജയന്ത് മാമ്മന്‍ മാത്യുവിന്റെ പ്രോത്സാഹനവും ഏറെ സഹായിച്ചു എന്ന് പിന്നീട് ഇദ്ദേഹം തന്നെ പലയിടത്തായി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ കഴിവ് തെളിയിച്ച ഒരാളെ എന്തുകൊണ്ട് നിലനിര്‍ത്താനാകുന്നില്ല? ശമ്പളം മാത്രം ആയിരിക്കില്ലല്ലോ കാരണം, അര്‍ഹതയ്ക്കുള്ള അംഗികാരം ഇന്ന് നമ്മുടെ ടി വി ചാനലുകളില്‍ ഒരു സ്പെഷ്യലിസ്റ്റ് ജേണലിസ്റ്റിന് കിട്ടുന്നുണ്ടോ? സനില്‍ എബ്രഹാമിന് ഇതാണ് അനുഭവമെങ്കില്‍ ഇപ്പോള്‍ കടന്ന് വരുന്നവര്‍ എങ്ങനെ ഇത് പോലെ ഒരു മേഖല തിരഞ്ഞെടുത്ത് പഠിച്ച് വളര്‍ന്ന് വരും?
"ഒരു ബിസിനസ് ജേണലിസ്റ്റിന് മലയാളത്തില്‍ പിടിച്ച് നില്ക്കാന് പാടാണ്. ഒരിടത്ത് പെയ്ഡ് ന്യൂസിന്റെ സമ്മര്‍ദ്ദം മറ്റൊരിടത്ത് ഉള്ള സമയത്ത് നന്നായി പണിയെടുത്താല്‍ കിട്ടേണ്ട മാന്യമായ പരിഗണന പോലും കിട്ടില്ല."
ഇതാദ്യമല്ല ഒരു പത്രപ്രവര്ത്തകന് ആ മേഖല വിട്ട് മറ്റൊരിടത്തേക്ക് പോകുന്നത്. ശോഭാ ഡവലെപ്പേഴ്സ്, മണപ്പുറം ഫിനാന്‍സ്, റിലയന്‍സ് ഫ്രെഷ് എന്നിവയുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷനിലേക്ക് തൊഴില്‍ മാറ്റി ചവിട്ടിയവര്‍ ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കഴമ്പില്ലാതെ രാഷ്ട്രീയ കുന്നായ്മയും കുശുമ്പും റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് മേല്‍ക്കൈ കിട്ടുകയും ഇവരെക്കാളും താരതമ്യേന ഇളമുറക്കാരായവരും തലയ്ക്ക് മുകളില്‍ പാര്ശ്വപ്രവേശനത്തിലൂടെ എത്തുകയും ചെയ്യുമ്പോള്‍ എങ്ങനെ പുറത്തേക്കുള്ള വഴി തേടാതിരിക്കും. ആത്യന്തികമായി നഷ്ടം കാഴ്ചക്കാര്‍ക്ക് തന്നെയാണ്. അമേരിക്കയിലെ മാന്ദ്യത്തെ പറ്റി തന്റെ പരിപാടികളില്‍ വളരെ മുന്നെ തന്നെ സൂചനയെന്നോണം സംസാരിച്ചതും അത് കൂടി വച്ച് സാമ്പത്തിക വിശകലനം നടത്തിയതും നന്ദിയോടെ ഓര്‍ക്കുന്ന പ്രേക്ഷകര്‍ക്ക് സനിലിന്റെ മാറ്റം നഷ്ടം തന്നെയാണ് എന്നതില്‍ സംശയമില്ല.ചെറിയ ഒരു കാലയളവ് കൊണ്ട് പഠിച്ചെടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുന്നതല്ല ഓഹരി വിപണിയുടെ ചാഞ്ചാട്ടം. വര്‍ഷങ്ങളുടെ ചങ്ങാത്തവും ആഴത്തിലുള്ള വായനയും അനിവാര്യമാണ് ഈ മേഖലയില്‍ പിച്ചവെച്ച് തുടങ്ങാന്‍ തന്നെ. കാരണം വല്ല അബദ്ധവും പറഞ്ഞാല്‍ അതറിയാവുന്ന പ്രേക്ഷകന് പിന്നെ തിരിഞ്ഞ് നോക്കില്ല. പല ചാനലുകളിലേയും ബിസിനസ് വാര്‍ത്തകള്‍ കാണുമ്പോള്‍ ഇതില്ലാത്തത് അല്ലേ ഉള്ളതിനേക്കാള്‍ നല്ലത് എന്ന് ശരാശരി പ്രേക്ഷകന് പോലും തോന്നുന്നത് ഇക്കാര്യം കൊണ്ടാണ്.
മാത്രവുമല്ല മനോരമ അടക്കം എല്ലാ ചാനലുകള്‍ക്കും ബിസിനസ് ന്യൂസിന് മര്‍മപ്രധാനമായ മറ്റോരു ഉത്തരവാദിത്വം കൂടിയുണ്ട്, പരസ്യം തരുന്നവരെ പൊക്കിപ്പറയുക! അതിനുള്ള ഒന്നാം തരം സ്ലോട്ട് ആണ് ഇത്.
ചുരുക്കത്തില്‍ ഒരു ബിസിനസ് ജേണലിസ്റ്റിന് മലയാളത്തില്‍ പിടിച്ച് നില്ക്കാന് പാടാണ്. ഒരിടത്ത് പെയ്ഡ് ന്യൂസിന്റെ സമ്മര്‍ദ്ദം മറ്റൊരിടത്ത് ഉള്ള സമയത്ത് നന്നായി പണിയെടുത്താല്‍ കിട്ടേണ്ട മാന്യമായ പരിഗണന പോലും കിട്ടില്ല.
വി കെ ആദര്‍ശ്
മലയാളം
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ