ഭരണ-മാധ്യമ ജാതിഭീകരത !

                           ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍             
                                      ഫോട്ടോ:അജിത്‌ സാഹി              

ടതുസര്‍ക്കാര്‍ കേരളത്തിലെ പട്ടികജാതി വിഭാഗത്തെ അടിച്ചൊതുക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യന്‍ജനാധിപത്യത്തിന് 60 വര്‍ഷം തികഞ്ഞിട്ടും ജാതി ഉല്‍പാദകരുടെ മനോനിലക്ക് മാറ്റം വന്നിട്ടില്ല. അതുകൊണ്ടാണ് ജനാധിപത്യം തിരിച്ചറിഞ്ഞ് അതിനായി പ്രവര്‍ത്തിക്കുന്ന ദലിതരെ മണ്ണില്‍നിന്ന് തുടച്ചുമാറ്റാന്‍ അവര്‍ വ്യഗ്രത കാണിക്കുന്നത്. ജാതിനിയമത്തില്‍ രണ്ടാംതരം പൗരന്മാരായി പാര്‍ശ്വവത്കരിക്കപ്പെട്ട ദലിതരെ ജനാധിപത്യവ്യവസ്ഥിതിയില്‍ പുലരാനുള്ള ആഗ്രഹം സാധ്യമാക്കാതിരിക്കാനാണ് 2009 സെപ്റ്റംബര്‍ 23 മുതല്‍ അവര്‍ ഇറങ്ങിത്തിരിച്ചത്. ഈ ഗൂഢാലോചനയില്‍ കമ്യൂണിസ്റ്റ് ഭരണകൂടവും ജാതിമാധ്യമങ്ങളും ഒരുപോലെ പങ്കാളികളായി. ദലിത്‌വേട്ടക്ക് 'ദലിത് തീവ്രവാദം' എന്ന വിശേഷണം ചമച്ചു. കൊല്ലം കോടതി തീപിടിത്തം, വര്‍ക്കല കൊലപാതകം, മണ്‍വിള പ്രസ് കത്തിക്കല്‍, വിവിധ ജില്ലകളില്‍ അരങ്ങേറിയ മുഖംമൂടി ആക്രമണങ്ങള്‍, അജ്ഞാത ആക്രമണങ്ങള്‍, അജ്ഞാതമരണങ്ങള്‍, എറണാകുളം കലക്ടറേറ്റ് സ്‌ഫോടനം, തേക്കടി ബോട്ടുദുരന്തം, തീരദേശ തീവ്രവാദം, സമുദായാചാര്യന്മാരുടെ പ്രതിമ തകര്‍ക്കല്‍....അങ്ങനെ അതിനുള്ള കുറ്റകൃത്യങ്ങളുടെ ചേരുവകള്‍ തയാറാക്കി. വിവിധ പൊലീസ്‌സ്‌റ്റേഷനുകള്‍ ആക്രമിക്കാനും കേരളത്തിലെ പല പ്രമുഖരെയും വധിക്കാനും ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന പദ്ധതിയിട്ടു എന്ന വെളിപ്പെടുത്തലുമായി ജാതിമാധ്യമങ്ങള്‍ അരങ്ങ് കൊഴിപ്പിച്ചു. ഇതിനുള്ള വിദേശഫണ്ട് 'ദാവൂദ് ഇബ്രാഹീമി'ന്റെ പക്കല്‍നിന്ന് ഡി.എച്ച്.ആര്‍.എം കൈപ്പറ്റുന്നു എന്ന കഥകളും ഉപകഥകളും മെനഞ്ഞു.
ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് നിയമപരമായി രൂപവത്കരിച്ച് ഒന്നരവര്‍ഷത്തിനിടയില്‍ ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ നടന്ന 18 ജില്ലാതല പൊതുപരിപാടികളും, 547 പഞ്ചായത്ത്തല കുടുംബകൂട്ടായ്മകളും ജാതിവാദികളായ ഭരണകൂടവും മാധ്യമങ്ങളും കണ്ടില്ലെന്ന് നടിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനും തെക്കന്‍ജില്ലകളില്‍ നടത്തിയ വിവിധപരിപാടികളും മറച്ചുവെച്ചാണ് മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും  ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് നിഗൂഢസംഘടനയാണെന്ന  പ്രചാരണത്തില്‍ ഉറച്ചു നിന്നത്. ഇതിലൂടെ കേരളജനതയില്‍ 'ദലിതര്‍ തീവ്രവാദികള്‍'എന്ന ഭയാനകത താല്‍ക്കാലികമായെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ സര്‍ക്കാറിനും മാധ്യമങ്ങള്‍ക്കും സാധിച്ചു. അതിന്റെ മറവില്‍ നിസ്സഹായരായ പട്ടികജാതിക്കാരെ തീവ്രവാദികളാക്കിയും കോളനികളെ തീവ്രവാദകേന്ദ്രങ്ങളാക്കി ഉറപ്പിച്ചും ദലിത്‌വേട്ടക്ക് തുടക്കം കുറിച്ചു. പാര്‍ട്ടിയുടെ പേരില്‍ പരസ്‌പരം കടിച്ചു കീറുന്ന സി.പി.എമ്മും ശിവസേനയും ആര്‍.എസ്.എസും ഒരുമിച്ച് ചേര്‍ന്ന് കോളനികളില്‍ സമാന്തരവേട്ട നടത്തി. ഇവരെയെല്ലാം സമാധാനം ആഗ്രഹിക്കുന്ന നാട്ടുകാരായി മാധ്യമങ്ങളും പ്രചരിപ്പിച്ചു.
     കമ്യൂണിസ്റ്റ് ഭരണവേട്ടക്കാരും സമാന്തരവേട്ടക്കാരും 22 പട്ടികജാതി കോളനികള്‍ ആക്രമിച്ചു തല്ലിത്തകര്‍ത്തു. വീട്ടമ്മയെ പൊതുജനമധ്യേ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്‌നയാക്കി നടത്തി. സ്ത്രീകളേയും കുട്ടികളേയും തല്ലിച്ചതച്ചു. സ്ത്രീകളുടെ മൂത്രസഞ്ചി മുതല്‍ ഗര്‍ഭപാത്രം വരെ ചവിട്ടിത്തകര്‍ക്കാന്‍ പൊലീസും സവര്‍ണ മാര്‍ക്‌സിസ്റ്റുകാരും മല്‍സരിച്ചു. മാസങ്ങള്‍ നീണ്ട ദലിത്‌വേട്ടയില്‍ കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന ഇരുനൂറിനു പുറത്ത് പട്ടികജാതി യുവാക്കളെ ജീവനുള്ള രക്തസാക്ഷികളാക്കി. ഡി.എച്ച്.ആര്‍.എം സംഘടനയില്‍ ക്ലാസുകള്‍ നടത്തിയിരുന്ന 29 മുഴുവന്‍ സമയപ്രവര്‍ത്തകരെ മൂന്നാം മുറയ്ക്കും ജയില്‍പീഡനത്തിനും വിധേയരാക്കുകയും വിവിധ കള്ളക്കേസുകളില്‍ പ്രതികളാക്കുകയും ചെയ്തു.  പഠിക്കാന്‍ പള്ളിക്കൂടത്തിലെത്തിയ പട്ടികജാതി കുട്ടികളെ വിരട്ടിയോടിച്ചു. ജാതിവേട്ടക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ അഭയം തേടിയവരെയും ആട്ടിയോടിച്ചു. ഇതാണ് ഉത്തരേന്ത്യന്‍ ജാതിപീഡനത്തെ നാണിപ്പിച്ച കേരളത്തിന്റെ സാംസ്‌കാരിക മുഖം.
മാധ്യമങ്ങള്‍ ആഘോഷിച്ച  ഈ 'ദലിത് തീവ്രവാദ' കഥക്ക് ഒരാണ്ട് പഴക്കമാകുന്നു. ഉത്തരവാദപ്പെട്ട സര്‍ക്കാറിനും മാധ്യമങ്ങള്‍ക്കും ഒരു തെളിവ് പൊതുസമൂഹത്തില്‍ ഹാജരാക്കാന്‍ ഇതുവരെ  കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഇതിന്റെ യാഥാര്‍ഥ്യം വെളിച്ചത്തുകൊണ്ടു വരാന്‍ ഡി.എച്ച്.ആര്‍.എം തന്നെ മുന്നിട്ടിറങ്ങിയത്. ദലിത് തീവ്രവാദത്തിന് തെളിവ് നല്‍കുന്നവര്‍ ആരായിരുന്നാലും അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് ഡി.എച്ച്.ആര്‍.എം വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. എന്നാല്‍, ദലിതര്‍ തീവ്രവാദികള്‍ എന്ന് പ്രഖ്യാപിച്ച കമ്യൂണിസ്റ്റ്‌സര്‍ക്കാരോ അത് തൊണ്ട തൊടാതെ വിഴുങ്ങി പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകരോ വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല.
 ഇന്ന് കേരളസമൂഹം കമ്യൂണിസ്റ്റ്  സര്‍ക്കാറിന്റെ 'ദലിത് തീവ്രവാദ'വേട്ടയുടെ ഉള്ളുകള്ളി തിരിച്ചറിഞ്ഞിരിക്കുന്നു. 2009 സെപ്റ്റംബര്‍ അവസാനവാരം സര്‍ക്കാര്‍ 'ദലിത് തീവ്രവാദം' പ്രഖ്യാപിച്ച് ഒരു വിഭാഗം ദലിതരെ വേട്ടയാടാനും മറ്റു വിഭാഗം ദലിതരെ പാട്ടിലാക്കാനും ശ്രമിച്ചിരുന്നു. അതിനായി വിവിധ ജില്ലകളിലെ പട്ടികജാതി കോളനികളില്‍ സ്വന്തം പാര്‍ട്ടിക്കാരെകൊണ്ട് 'ബിരിയാണി' കമ്മിറ്റികള്‍ വിളിച്ച് കൂട്ടി കോളനിവാസികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ നോക്കി. ഒരിക്കലും പട്ടികജാതിക്കാര്‍ ജനാധിപത്യം തിരിച്ചറിയുകയോ പാര്‍ട്ടിചതികളില്‍ നിന്ന് മോചിതരാകുകയോ ചെയ്യരുത്. ദലിതര്‍ എല്ലാ പാര്‍ട്ടികളുടെയും യാചകരും വാലാട്ടികളുമായിരിക്കണം -അതാണ് അവരുടെ എക്കാലത്തേയും ആഗ്രഹം.
ജനാധിപത്യം വന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പട്ടികജാതി വിഭാഗത്തിന്റെ ദുരിതം ഇന്നും മാറിയിട്ടില്ല. ഇത്തരത്തില്‍ 25000 കോളനികളില്‍ ദലിതര്‍ കഴിഞ്ഞുകൂടുന്നു. ദാരിദ്ര്യം, മദ്യ-മാഫിയകളുടെ പിടിമുറുക്കം എന്നിവ ഈ കോളനികളിലുണ്ട്. അതിനുപുറമെ, പാര്‍ട്ടികളുടെ ചാവേറുകളും കൂലിത്തല്ലുകാരുമായി ഓരോ കോളനിവാസിയും നിലനില്‍ക്കുന്നു. ഈ ജനതയുടെ മാറ്റത്തിനും വികസനത്തിനും വിവിധ സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, പാര്‍ട്ടികള്‍ ഇവരെല്ലാം തന്നെ മാറി മാറി ഇറങ്ങിത്തിരിച്ചിട്ടും ആശ്വാസത്തിനുപകരം ആവലാതികളാണ് ഓരോ കോളനിയിലും പെരുകിയത്.
 ഈ സാമൂഹിക ചുറ്റുപാട് പഠനവിധേയമാക്കിയാണ് രണ്ടര വര്‍ഷം മുമ്പേ ഡി.എച്ച്.ആര്‍.എം കോളനികളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ദലിത്ജനതയെ ലഹരിവിമുക്തമാക്കുക, ജാതിസംസ്‌കാരത്തില്‍ നിന്ന് മോചിപ്പിച്ച് അവരെ ജനാധിപത്യത്തിന്റെ അവകാശികളാക്കി മാറ്റുക. ഇതിനായി നടത്തിയ നിശാപാഠശാലകളിലും ത്രിദിനപഠനക്ലാസ്സുകളിലും ഓരോ കുടുംബത്തെയും കണ്ണിചേര്‍ത്തു.
  ജനാധിപത്യനിയമത്തില്‍ കീഴാളനും മേലാളനുമില്ല, ഉയര്‍ന്നവരും താണവരും ഇല്ല. ആ പദവി തുല്യമാക്കുന്നത് 'വോട്ട്' എന്ന പൗരമൂല്യത്തിലൂടെയാണ്. ഈ വോട്ടിന്റെ മൂല്യം ദലിതരില്‍ ബോധവത്കരിച്ച് രാജ്യത്തിന്റെ ഭാഗമാക്കുന്നതിന്റെ തുടക്കമായാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്‍.എം മത്സരിച്ചത്. ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ഥിക്ക് 5217 വോട്ടും ലഭിച്ചു. മുന്‍പരിചയം കൊണ്ടും പ്രചാരണംകൊണ്ടും തിളങ്ങിനിന്ന ശിവസേനയെക്കാള്‍ 1000ത്തില്‍ പരം വോട്ട് മുന്നിലായിരുന്നു ഇത്. മാത്രമല്ല, ദലിതര്‍ ജനാധിപത്യം തിരിച്ചറിഞ്ഞതോടെ തങ്ങളുടെ 'കുത്തകവോട്ടുകള്‍'എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വസിച്ചിരുന്ന ദലിത് വോട്ടുകളില്‍ ഇടിവുണ്ടായി. നാല്‍പതില്‍പരം വാര്‍ഡുകളിലാണ് പാര്‍ട്ടിക്ക് ക്ഷതം വന്നത്. ജാതിഭരണത്തില്‍ 64 അടി സര്‍വമേഖലയില്‍ നിന്നും നിയമപരമായി അകറ്റിനിര്‍ത്തപ്പെട്ട ദലിതര്‍ ജനാധിപത്യമാര്‍ഗേണ തങ്ങള്‍ക്കൊപ്പം എത്തുമെന്നായപ്പോള്‍ ജാത്യാധികാരം നിലനിര്‍ത്താന്‍ ദലിതരുടെ പൗരമൂല്യം തട്ടിയെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. ദലിതര്‍ ജനാധിപത്യത്തിന്റെ അവകാശികളാകാന്‍ ആഗ്രഹിക്കുന്നു. ഇതിനെ മുളയിലേ തല്ലിക്കെടുത്താനാണ് മാര്‍ക്‌സിസ്റ്റ് വേഷധാരികള്‍ കാവിഭീകരതയുടെ അവതാരമെടുത്തത്.
ടീച്ചര്‍, സര്‍ എന്ന് ദലിതര്‍ ജനാധിപത്യത്തില്‍ പരസ്‌പരം ബഹുമാനിക്കുന്നതും പരസ്‌പരം ആഹാരം വാരിക്കൊടുക്കുന്നതും സംഘനൃത്തം ചെയ്യുന്നതും ജാതിവാദികളില്‍ അസഹിഷ്ണുതയുളവാക്കി. മുന്‍കാലത്ത് കമ്യൂണിസ്റ്റ്പ്രവര്‍ത്തനം എന്ന് പറഞ്ഞ് ദലിത്‌കോളനികളില്‍ ലൈംഗികചൂഷണം ചെയ്തവരുടെ തലത്തിലേ ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തനം അവര്‍ക്ക് നോക്കിക്കാണാന്‍ സാധിക്കുന്നുള്ളൂ. ദലിതര്‍ കള്ളുകുടി നിര്‍ത്തി കൈയില്‍ കാശുമായി നടന്നാലും കുടുംബങ്ങളില്‍ ആഹ്ലാദവും സൈ്വരതയും വന്നുചേര്‍ന്നാലും ജാതിവാദികള്‍ക്ക് ആധിയാണ്. ദലിതരുടെ സന്തോഷജീവിതം അവര്‍ക്ക് തീവ്രവാദമാണ്. കേരളരാഷ്ട്രീയത്തില്‍ നടക്കുന്ന അണിയറനീക്കത്തെ തുറന്നു കാട്ടാനാണ് 'സ്വതന്ത്രനാട്ടുവിശേഷം' ഡി.എച്ച്.ആര്‍.എം പ്രസിദ്ധീകരിച്ചത്. അതിനെ തടസ്സപ്പെടുത്താനായി കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെയും പ്രാദേശിക പാര്‍ട്ടിനേതാക്കളുടെയും അടുത്ത ശ്രമം. നൂറിന് പുറത്ത് വാരിക വിതരണക്കാരെ വിവിധ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി വെറുതേ ഇരുത്തുക, കള്ളക്കേസുകള്‍ ചുമത്തുക, രഹസ്യപൊലീസിനെ ഇറക്കി 'വാരിക വായിച്ചാല്‍ തീവ്രവാദക്കേസില്‍ പ്രതിയാകും' എന്ന് കോളനി തോറും പ്രചരിപ്പിക്കുക-ഇതൊക്കെയായിരുന്നു പരിപാടി. ഒരു സര്‍ക്കാര്‍, ജനാധിപത്യത്തെ ഇത്രയും ഭയക്കുന്നതെന്തിന്? വേറൊന്നുമല്ല, എട്ടു ജില്ലകളില്‍ വരുംതെരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ചെമ്മരുതി, ഇലകമണ്‍, പള്ളിക്കല്‍, മുദാക്കല്‍ എന്നീ പഞ്ചായത്തിലെ ദലിതര്‍ക്കുണ്ടായ ജനാധിപത്യബോധം എട്ടു ജില്ലകളിലെ ദലിതര്‍ക്കുണ്ടായാല്‍ ദലിതരെ രണ്ടാംതരക്കാരായും താഴ്ന്ന ജാതിക്കാരാക്കിയും അവഹേളിക്കാന്‍ കഴിയില്ലെന്ന് ജാതിവാദികള്‍ക്കറിയാം. ദലിതര്‍ പൗരബോധമുള്ളവരായാല്‍ ആ ജനതക്ക് ഭരണഘടനാപരമായി വികസിക്കാനുള്ള 'സംവരണം,' ആരുടെയും ഔദാര്യമില്ലാതെ സ്വയം നേടിയെടുക്കാന്‍ കഴിയുമെന്നറിയാം. അതിനുവേണ്ട പുറപ്പാടായിരിക്കണം ഇനി എല്ലാ ദലിതര്‍ക്കും. ജനാധിപത്യഭരണമാണ് ദലിതരുടെ മോചനമാര്‍ഗം. അല്ലാതെ ജാതിഘടനയോ ജാതിഭരണമോ അല്ല. ജനാധിപത്യം ആഗ്രഹിക്കുന്ന ദലിതരെ രാജ്യദ്രോഹികളും തീവ്രവാദികളുമാക്കി വംശഹത്യ ചെയ്യാന്‍ മുന്നിട്ടിറങ്ങിയ ജാതിമേധാവികള്‍ക്ക് ചുട്ടമറുപടി നല്‍കാനുള്ള അവസരം കൂടിയാണ് ഈ വരുന്ന തെരഞ്ഞെടുപ്പ്. 60 വര്‍ഷക്കാലം ജാതി ഉല്‍പാദകര്‍ക്ക് ദലിതര്‍ വോട്ട് നല്‍കിയിട്ടും അവര്‍ക്ക് ജനാധിപത്യത്തെ സ്‌നേഹിക്കാനോ ജാതിമനോഭാവം മാറ്റി മാന്യത കൈവരിക്കാനോ കഴിഞ്ഞിട്ടില്ലെങ്കില്‍ ദലിതര്‍ ഇനി ജനാധിപത്യം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. എങ്കില്‍മാത്രമേ കേരളസമൂഹത്തില്‍ ജാതിവാദികള്‍ക്ക് വിരോധം തോന്നുന്ന സമൂഹത്തേയും സമുദായത്തേയും 'തീവ്രവാദികള്‍' എന്ന് വിളിച്ച് വംശഹത്യ ചെയ്യുന്ന മനുനിയമം ഇവിടെ അവസാനിപ്പിക്കാന്‍ കഴിയൂ.

 
ദാസ് കെ. വര്‍ക്കല
മാധ്യമം 


Share

Blogger templates

.

ജാലകം

.