ഇന്ത്യയില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്കുള്ള പ്രസക്‌തി‍‍


ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്ക്‌ ഇനി പ്രസക്‌തിയുണ്ടോ?

ദേശീയവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളേത്തുടര്‍ന്നു രാജ്യത്തെ പല രാഷ്‌ട്രീയ നിരീക്ഷകരും ഉയര്‍ത്തുന്ന ചോദ്യമാണിത്‌. ആഗോളതലത്തില്‍ കമ്യൂണിസവും മാര്‍ക്‌സിസവും മരിച്ചുകഴിഞ്ഞു എന്നാണു സാമ്പത്തിക ശാസ്‌ത്രജ്‌ഞര്‍ കണക്കുകൂട്ടുന്നത്‌. ഇന്ത്യയിലും അതുതന്നെയാണ്‌ സ്‌ഥിതിയെന്നു കണക്കുകൂട്ടുന്നവരാണ്‌ അധികവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പും ഇക്കഴിഞ്ഞ സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ അതു കരതലാമലകം പോലെ വ്യക്‌തമായിക്കഴിഞ്ഞു എന്നും അവര്‍ കണക്കുകൂട്ടുന്നു.

543 സീറ്റുള്ള ലോക്‌സഭയില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്ക്‌ ആകെ 20 സീറ്റുകളാണുള്ളത്‌. മൂന്നു പതിറ്റാണ്ടിലധികം ഭരിച്ച പശ്‌ചിമബംഗാള്‍ സംസ്‌ഥാനത്ത്‌ ഇടതുമുന്നണിയെ നയിച്ചിരുന്ന സി.പി.എമ്മിന്‌ അധികാരം നഷ്‌ടപ്പെട്ടു. കേരളത്തിലും സി.പി.എമ്മും സി.പി.ഐയും അധികാരത്തിനു പുറത്താണ്‌. ഇന്ത്യയുടെ ഹൃദയമായ ഹിന്ദിമേഖലയിലും വ്യവസായ തൊഴിലാളികളുടെ കേന്ദ്രീകരണമുള്ള മഹാരാഷ്‌ട്രയിലും ഗുജറാത്തിലും കര്‍ണാടകത്തിലുമൊന്നും ചെങ്കൊടികള്‍ കാണാതായിരിക്കുന്നു. ഇതെല്ലാം യാഥാര്‍ഥ്യമായിരിക്കെ ഇന്ത്യയില്‍ ഇനി കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്കെന്താണ്‌ പ്രസക്‌തിയെന്നുള്ളതു ന്യായമായും ഉയരാവുന്ന സംശയമാണ്‌.

ഇതെല്ലാമാണെങ്കിലും തീര്‍ത്തും നിഷ്‌പക്ഷമായി ചിന്തിച്ചാല്‍ ഏതു രാഷ്‌ട്രീയ വിദ്യാര്‍ഥിക്കും സാമ്പത്തിക ശാസ്‌ത്രജ്‌ഞനും ഒരുകാര്യം സമ്മതിച്ചേ മതിയാകൂ. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്ക്‌ ഒരു ഇടമുണ്ട്‌, പ്രസക്‌തിയുണ്ട്‌ എന്ന യാഥാര്‍ഥ്യമാണത്‌. സാമ്പത്തിക ഉദാരവല്‍ക്കരണവും സ്വതന്ത്ര സമ്പദ്‌വ്യവസ്‌ഥയുമെല്ലാം എത്രത്തോളം പ്രസക്‌തമാണ്‌ അത്രയുംതന്നെ പ്രസക്‌തമാണു കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ സാന്നിധ്യവും. ഒരുപക്ഷേ, തീരെ ചെറുതായിരിക്കാം അത്‌. കടിഞ്ഞാണില്ലാത്ത ഉദാരവല്‍ക്കരണം സൃഷ്‌ടിക്കുന്ന അസമത്വത്തെ ചെറുക്കാനും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്രര്‍ക്കും ചൂഷിതര്‍ക്കും വേണ്ടി വാദിക്കാനും ഭരണകര്‍ത്താക്കളുടെ നയരൂപീകരണ തീരുമാനങ്ങള്‍ക്കു മുമ്പൊരു പുനര്‍ചിന്തനം നടത്തിക്കാനും അങ്ങനെയൊരു ന്യൂനപക്ഷത്തിന്റെ സാന്നിധ്യവും സമ്മര്‍ദവും അനിവാര്യമാണെന്ന്‌ ഇന്ത്യയിലെ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. സാധാരണക്കാരുടെ സാമ്പത്തികശേഷിക്കപ്പുറം വളര്‍ന്നുപോകുമായിരുന്ന വിദ്യാഭ്യാസമേഖലയിലേയും ആരോഗ്യസംരക്ഷണ മേഖലയിലേയും ബാങ്കിംഗ്‌ ഇന്‍ഷുറന്‍സ്‌ മേഖലയിലേയും അതിരുവിട്ട ഉദാരവല്‍ക്കരണത്തിനും ഈവിധത്തില്‍ കടിഞ്ഞാണിട്ടതു കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും ചെറുത്തുനില്‍പ്പും സമ്മര്‍ദവുമാണ്‌. കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്കുകൂടി പങ്കാളിത്തമുണ്ടായിരുന്ന ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്‌ ആ പാര്‍ട്ടികള്‍ക്കുണ്ടായിരുന്ന സ്വാധീനം ഇക്കാര്യത്തില്‍ പ്രധാന ഘടകമായിരുന്നു.

ആഗോളതലത്തില്‍ 2008, 2009 കാലഘട്ടത്തില്‍ ബാങ്കിംഗ്‌, ഇന്‍ഷുറന്‍സ്‌ മേഖലയാകെ വലിയ തകര്‍ച്ച നേരിട്ടപ്പോള്‍ ഇന്ത്യയില്‍ ദേശസാല്‍കൃത ബാങ്കുകളും ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷനുമാണ്‌ ആ തകര്‍ച്ചയെ അതിജീവിക്കാന്‍ തീര്‍ച്ചയായും നമ്മെ സഹായിച്ചത്‌. സ്വകാര്യമേഖലയിലേയും വിദേശ ബാങ്കിംഗ്‌ ഇന്‍ഷുറന്‍സ്‌ സ്‌ഥാപനങ്ങളുടെയും സാന്നിധ്യം ഇന്ത്യയില്‍ ഈ പൊതുമേഖലാ സ്‌ഥാപനങ്ങളിലൂടെ ജനങ്ങള്‍ക്കു ലഭ്യമായിരുന്ന സേവനം വളരെയേറെ മെച്ചപ്പെടുത്താന്‍ സഹായിച്ചു എന്ന യാഥാര്‍ഥ്യവും കാണാതിരിക്കാനാവില്ല.

വിദ്യാഭ്യാസരംഗത്തും വൈദ്യശുശ്രൂഷാരംഗത്തും സ്വകാര്യവല്‍ക്കരണം കൂടുതല്‍ വ്യാപകമാകാതിരിക്കാന്‍ സഹായിച്ചത്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്‌തമായ ചെറുത്തുനില്‍പ്പുകൊണ്ടാണ്‌. വിദ്യാഭ്യാസം സാധാരണ ജനങ്ങളുടെ പൗരാവകാശമാണെന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ ഉറച്ച നിലപാടാണ്‌ ആ രംഗത്തു സ്വകാര്യമേഖലയുടെ സമ്പൂര്‍ണമായ കയറൂരിവിടലിനെ തടഞ്ഞതെന്നത്‌ യാഥാര്‍ഥ്യമാണ്‌. സമ്പൂര്‍ണമായ സ്വകാര്യവല്‍ക്കരണം പലേ പാശ്‌ചാത്യ വികസിത രാജ്യങ്ങളിലും ചികിത്സാരംഗത്ത്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ സമ്പ്രദായമുണ്ടെങ്കിലും ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക്‌ താങ്ങാനാവാത്തവണ്ണം ചികിത്സാച്ചിലവ്‌ ഉയര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ നോക്കുമ്പോഴേ ഇവിടെ സര്‍ക്കാര്‍ ആശുപത്രികള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം നമുക്കു മനസിലാക്കാന്‍ കഴിയൂ.

നിത്യോപയോഗ സാമഗ്രികളുടെയും മറ്റു ഗാര്‍ഹിക ആവശ്യങ്ങളുടെയും രംഗത്ത്‌ റീട്ടെയില്‍ വ്യാപാരമേഖല മുഴുവന്‍ വിദേശ സ്‌ഥാപനങ്ങളും കുത്തക സ്‌ഥാപനങ്ങളും കൈയടക്കാന്‍ നീക്കമുണ്ടായപ്പോള്‍ അതു വലിയൊരു പരിധിവരെ തടഞ്ഞുനിര്‍ത്തിയത്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ അതിശക്‌തമായ എതിര്‍പ്പുകൊണ്ടാണെന്നത്‌ യാഥാര്‍ഥ്യമാണ്‌. അവശ്യസാധനങ്ങളുടെ പൊതുവിതരണവും ശക്‌തിപ്പെടുത്തുന്ന കാര്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദം വഹിച്ച പങ്ക്‌ അംഗീകരിക്കേണ്ടത്‌ തന്നെയാണ്‌.

രാജ്യത്തിന്‌ ഏറെ നേട്ടങ്ങളുണ്ടാക്കിയ ഉദാരവല്‍ക്കരണ പരിപാടികളുടെയും പ്രത്യേകിച്ച്‌ ഐടി മേഖല കൈവരിച്ച നേട്ടങ്ങളുടെയും ഫലങ്ങള്‍ ഗണ്യമായും നഗരമേഖലയിലെ ജനങ്ങള്‍ക്ക്‌, മുഖ്യമായും മധ്യവര്‍ഗക്കാര്‍ക്കാണ്‌ ലഭ്യമായതെന്നത്‌ യാഥാര്‍ഥ്യം മാത്രമാണ്‌. അതുകൊണ്ടുതന്നെ ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കേവലം മൂകസാക്ഷികളായി നില്‍ക്കേണ്ടിവന്ന ഗ്രാമീണ ജനതയുടെ താല്‍പര്യം സംരക്ഷിക്കാന്‍ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരും അതിനു മുന്‍പു വാജ്‌പേയി സര്‍ക്കാരും ഗ്രാമവികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പല പരിപാടികളും ആവിഷ്‌കരിക്കുകയുണ്ടായെന്നത്‌ അംഗീകരിക്കേണ്ട കാര്യമാണ്‌. അങ്ങനെ ദേശവ്യാപകമായി നടപ്പാക്കപ്പെട്ട ഗ്രാമീണ തൊഴില്‍ദാന പദ്ധതിയുടെ കാര്യത്തിലും മറ്റും കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും ശക്‌തമായ സമ്മര്‍ദമുണ്ടായിയെന്നത്‌ അംഗീകരിക്കേണ്ട കാര്യമാണ്‌. അതുപോലെതന്നെ കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികളെ വളരെയേറെ സ്വാധീനിച്ച ഒരു ഘടകമുണ്ട്‌. അതു പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരികള്‍ ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്ക്‌ യുക്‌തിപൂര്‍വമായ കടിഞ്ഞാണിടാന്‍ കഴിഞ്ഞത്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയനുകള്‍ നടത്തിയ ശക്‌തമായ ചെറുത്തുനില്‍പ്പുകൊണ്ടുതന്നെയാണെന്നതാണ്‌. അവരോടൊപ്പം മറ്റു പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ട്രേഡ്‌ യൂണിയനുകളും നില്‍ക്കാന്‍ നിര്‍ബന്ധിതരായി എന്നതാണ്‌ സംഭവിച്ചത്‌.

അതിലൊക്കെ കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും പങ്ക്‌ ചെറുതല്ലായിരുന്നു എന്ന വസ്‌തുത നമുക്ക്‌ അംഗീകരിക്കാതിരിക്കാന്‍ കഴിയുന്നില്ല. അതൊക്കെ നാമമാത്രമാണെങ്കിലും കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്ക്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലുള്ള ചെറുതല്ലാത്ത സ്വാധീനം ചൂണ്ടിക്കാട്ടുന്നു.

ആ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്ക്‌ ഇന്ന്‌ ഇന്ത്യയില്‍ ജീര്‍ണത ബാധിച്ചിരിക്കുന്നു എന്നത്‌ ആ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍തന്നെ പരസ്യമായും രഹസ്യമായും പറയുന്ന കാര്യമാണ്‌. കാരണം ആ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം നിലകൊള്ളുന്ന നേതാക്കള്‍ പലരും കടന്നുകൂടിയിരിക്കുന്നു എന്നതാണ്‌. അതു പ്രാദേശികതലത്തിലും സംസ്‌ഥാനതലത്തിലും ദേശീയതലത്തിലുമുണ്ട്‌. മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കാണുന്ന ജീര്‍ണതയുടെ പരിഛേദമാണത്‌.

ഏറ്റവും അച്ചടക്കമുള്ള പാര്‍ട്ടി എന്ന സല്‍പ്പേരൊന്നും കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്ക്‌ ഇന്നില്ല. സുന്ദരയ്യയുടെയും പ്രമോദ്‌ ദാസ്‌ ഗുപ്‌തയുടെയും ഹിരണ്‍ മുഖര്‍ജിയുടെയും എ.കെ.ജിയുടെയും സി. അച്യുതമേനോന്റെയും സി.എച്ച്‌. കണാരനേയുമൊക്കെ പോലുള്ള നേതാക്കള്‍ ഇനി ആ പാര്‍ട്ടികള്‍ക്കുണ്ടാവില്ല. അവരെപ്പോലെയുള്ള നിസ്വാര്‍ഥമതികളുടെ തലമുറയല്ല ഇന്നു പാര്‍ട്ടി നേതൃത്വത്തിലുള്ളത്‌. പാര്‍ട്ടി അണികളില്‍ വേരുകളില്ലാത്ത നേതാക്കളാണ്‌ ദേശീയ നേതൃത്വത്തിലുള്ളതെന്നത്‌ മറ്റൊരു യാഥാര്‍ഥ്യം. അതുകൊണ്ടാണു വ്യക്‌തിതാല്‍പര്യങ്ങളെ മാത്രം ആധാരമാക്കിയിട്ടുള്ള അനാരോഗ്യകരമായ ഗ്രൂപ്പ്‌ മത്സരങ്ങളുടെ പിടിയില്‍ കമ്യൂണിറ്റ്‌ പാര്‍ട്ടികള്‍ അമര്‍ന്നുകൊണ്ടിരിക്കുന്നത്‌. കേരളത്തിലാണെങ്കില്‍ മക്കളുടെ തിളക്കമാര്‍ന്ന ഭാവി എന്നതാണ്‌ തങ്ങളുടെ പ്രഥമവും പ്രധാനവുമായ പാര്‍ട്ടി പ്രവര്‍ത്തന ലക്ഷ്യമായി നേതാക്കളും മറ്റും ഇന്നു കാണുന്നത്‌. ആ പാര്‍ട്ടി നേതൃത്വം നിലനിര്‍ത്താനുള്ള പാര്‍ട്ടി ഭാരവാഹികളുടെ അവിഹിത നടപടികള്‍ കണ്ടുപിടിക്കാനും എന്നും മറ്റും പറഞ്ഞ്‌ എണ്‍പതിനായിരം രൂപ വരെ വിലയുള്ള രഹസ്യക്യാമറ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍തന്നെ ദിവസങ്ങളോളം പ്രവര്‍ത്തിച്ച നാടകങ്ങള്‍ക്കാണു കേരളം സാക്ഷ്യംവഹിച്ചത്‌.

വാഷിംഗ്‌ടണിലുള്ള വാട്ടര്‍ഗേറ്റ്‌ ബില്‍ഡിംഗ്‌സിലെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഓഫീസില്‍ അവരുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തന പരിപാടി ചോര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും അമേരിക്കന്‍ പ്രസിഡന്റുമായ റിച്ചാര്‍ഡ്‌ നിക്‌സണ്‍ ടേപ്പ്‌ റിക്കാര്‍ഡര്‍ രഹസ്യമായി ഘടിപ്പിച്ചതാണ്‌ ലോകത്തിലെ ഒരു പ്രധാന സംഭവം. പക്ഷേ, ഗ്രൂപ്പ്‌ പോരിന്റെ ഭാഗമായി സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ രഹസ്യക്യാമറ ഘടിപ്പിച്ചത്‌ വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം. പാര്‍ട്ടിയിലെ ഗ്രൂപ്പ്‌ മത്സരം എത്ര രൂക്ഷമായിരിക്കുന്നു എന്ന്‌ അതില്‍നിന്നും മനസിലാക്കാമല്ലോ? കൊച്ചു കേരളത്തിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ ഗ്രൂപ്പ്‌ മത്സരത്തിന്റെ രൂക്ഷത. ഇതൊക്കെയാണെങ്കിലും തമ്മിലടിക്കുന്ന കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്ക്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലുള്ള ഒരിടത്തിന്റെ പ്രാധാന്യം നമുക്കു തള്ളിക്കളയാനാവില്ല.


K.M. റോയ്

Google+ Followers

Blogger templates

.

ജാലകം

.