അമേരിക്കയില്‍ ദാരിദ്ര്യം പെരുകുന്നു !


അമേരിക്കയുടെ സെന്‍സസ് ബ്യൂറോ കഴിഞ്ഞ സെപ്റ്റംബര്‍ 13ന് പുറത്തുവിട്ട വിവരങ്ങള്‍ നല്‍കുന്ന സൂചന 2010ല്‍ മാത്രം പുതുതായി 2.6 മില്യന്‍ (26 ലക്ഷം) ജനങ്ങള്‍ ദാരിദ്ര്യരേഖക്കു താഴെ പോയി എന്നാണ്. ഇപ്പോള്‍ ഈ വിഭാഗത്തില്‍ പെടുന്നവരുടെ എണ്ണം 46.2 മില്യനാണ്. പിന്നിട്ട അഞ്ചു പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ബി.ബി.സിയും ന്യൂയോര്‍ക് ടൈംസ് ന്യൂസ് സര്‍വീസും പ്രസിദ്ധീകരിച്ച ഈ കണക്കുകളും വിവരങ്ങളും അവിശ്വസിക്കേണ്ടതില്ല. ഇടത്തരം വര്‍ഗങ്ങളില്‍പെട്ടവരുടെ വരുമാനത്തിലും 1997നുശേഷം ഗണ്യമായ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹാര്‍വാഡിലെ ധനശാസ്ത്രാധ്യാപകന്‍ പ്രഫ. ലോറന്‍സ് കാട്സ് പറയുന്നത്, ഈ വിഭാഗക്കാരുടെ വരുമാനം 1930കളിലെ മഹാമാന്ദ്യത്തിനുശേഷം ഇത്രയധികം ഇടിവ് അനുഭവപ്പെട്ടതായി ഓര്‍ക്കുന്നില്ളെന്നാണ്. ‘നഷ്ടപ്പെട്ടുപോയൊരു ദശകം’ എന്നാണ് 2000 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ജനതയെ സംബന്ധിച്ചിടത്തോളം, ഇതുവരെയുള്ള അനുഭവം ഓരോ തലമുറ പിറവിയെടുക്കുമ്പോഴും തൊട്ടുമുമ്പുള്ള തലമുറയെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട വരുമാനവും ജീവിതസൗകര്യങ്ങളും നേടാന്‍ കഴിഞ്ഞിരുന്നുവെന്നാണ്. എന്നാല്‍, ഇന്നത്തെ അവസ്ഥ 1990കളെ അപേക്ഷിച്ച് തീര്‍ത്തും ദയനീയമാണെന്നേ പറയാന്‍ കഴിയൂ. അമേരിക്കന്‍ ധനശാസ്ത്രജ്ഞന്മാര്‍ ഇത്തരമൊരു അനുഭവം അപ്രതീക്ഷിതമായിരുന്നു എന്നാണ് ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നതും. 2008 മുതല്‍ തുടരുന്ന ധനപ്രതിസന്ധിയും സാമ്പത്തികമാന്ദ്യവുമാണ് ഈ ഗതികേടിലേക്ക് അമേരിക്കന്‍ ജനതയെ നയിച്ചിരിക്കുന്നതെന്നതാണ് വസ്തുത. ജനസംഖ്യാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നത് അതിബൃഹത്തായൊരു തൊഴില്‍നിയമം പാസാക്കിയെടുക്കാന്‍ ഒബാമാ ഭരണകൂടം സര്‍വസന്നാഹങ്ങളും ഒരുക്കിവരുന്ന അവസരത്തിലാണ്. അതുകൊണ്ടുതന്നെ ഈ വിവരങ്ങള്‍ അദ്ദേഹത്തിന്‍െറ തൊഴില്‍നിയമത്തിന്‍െറ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കാന്‍ സഹായിക്കുകയും ചെയ്യും. അതോടൊപ്പം തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഒബാമയുടെ എതിരാളികള്‍ ഈ സെന്‍സസ് റിപ്പോര്‍ട്ടിലൂടെ മുതലെടുപ്പ് നടത്തുകയും ചെയ്യും. ബ്രൂകിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോണ്‍ ഹോകിന്‍സ് അഭിപ്രായപ്പെടുന്നത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെപ്പറ്റിയുള്ള മോശപ്പെട്ട മറ്റൊരു വാര്‍ത്തയാണ് ഇതെന്നാണ്. ഒബാമ ഭരണകൂടത്തിന്‍െറ ചുമലില്‍ വന്നെത്തുന്ന മറ്റൊരു കുരിശുതന്നെയാണിത് എന്നതില്‍ തര്‍ക്കമില്ല എന്നും അദ്ദേഹം തുടര്‍ന്നുപറയുന്നു.
പിന്നിട്ട ദശകം മറ്റൊരു പ്രതിഭാസത്തിനുകൂടി സാക്ഷ്യം വഹിക്കുകയുണ്ടായി. സാമ്പത്തികാസമത്വങ്ങളിലുണ്ടായ വന്‍ വര്‍ധനയാണിത്. 1999നും 2010നും ഇടക്ക് താണ വരുമാന വിഭാഗക്കാരുടെ വരുമാനത്തില്‍ 12 ശതമാനം ഇടിവുണ്ടായപ്പോള്‍, ജനസംഖ്യയില്‍ 10 ശതമാനം വരുന്ന ഉയര്‍ന്ന വരുമാനക്കാരുടെ വരുമാനത്തില്‍ നാമമാത്രമായ 1.5 ശതമാനം ഇടിവാണുണ്ടായത്. ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളുടെ വരുമാനം, പണപ്പെരുപ്പ നിരക്കുകൂടി കണക്കിലെടുത്താല്‍ 2009നും 2010നും ഇടക്ക് 2.3 ശതമാനം കുറഞ്ഞ് 53,252 ഡോളറില്‍നിന്ന് 49,445 ഡോളറായി. അതേസമയം, ഈ കാലയളവില്‍ ദാരിദ്ര്യരേഖക്കു താഴെയുള്ള അമേരിക്കന്‍ ജനത 15.1 കണ്ട് ഉയരുകയായിരുന്നു. 1993നു ശേഷം ഏറ്റവുമുയര്‍ന്ന വര്‍ധനയായിരുന്നു ഇത്. 2011ലും ഇതേ സ്ഥിതി തുടരാനാണ് സാധ്യത. 1993ല്‍ നാലംഗങ്ങളുള്ള ഒരു കുടുംബത്തിന്‍െറ വരുമാനം 22,314 ഡോളറായിരുന്നു. സാമ്പത്തിക ഉത്തേജനത്തിനായി നല്‍കപ്പെട്ടിരുന്ന പ്രത്യേക ധനസഹായം ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളാണെങ്കില്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതു കൂടാതെ, സാമൂഹിക പദ്ധതികള്‍ക്കുള്ള ബജറ്റിലും കുറവുവരുത്തിയിരിക്കുകയാണ്. ഇതിന്‍െറ ഫലമായി ഇപ്പോള്‍തന്നെ സാമ്പത്തികമായി ബലഹീനമായ കുടുംബങ്ങള്‍ ദാരിദ്ര്യത്തിലേക്കുതന്നെ തള്ളിവിടപ്പെടുമെന്നത് ഉറപ്പാണ്. അമേരിക്കന്‍ ജനസംഖ്യയില്‍ ന്യൂനപക്ഷമായ ആഫ്രിക്കന്‍ അമേരിക്കക്കാരാണ് ഏറ്റവും കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവരായുള്ളത്. അവരുടെ ദാരിദ്ര്യത്തിന്‍െറ നിരക്ക് 2010ല്‍ 27 ശതമാനമായിരുന്നു. 2009നെ അപേക്ഷിച്ച് രണ്ടു ശതമാനം അധികം. വെളുത്തവര്‍ഗക്കാരുടെ ദാരിദ്ര്യത്തിന്‍െറ നിരക്ക് 2009-10 കാലയളവില്‍ 9.4ല്‍നിന്ന് 9.9 ശതമാനമായും ഏഷ്യക്കാരുടേത് മാറ്റമില്ലാതെ 12.1 ശതമാനത്തില്‍ തുടരുകയും ചെയ്തു. ബ്രൂകിങ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ പഠനം കാണിക്കുന്നത് നിലവിലുള്ള മാന്ദ്യനിരക്ക് കണക്കിലെടുത്താന്‍ ഈ പതിറ്റാണ്ടിന്‍െറ മധ്യത്തോടെ 10 മില്യന്‍ പേര്‍കൂടി ദാരിദ്ര്യരേഖക്കു താഴെ എത്തിയിരിക്കുമെന്നാണ്. ഈ വിധത്തില്‍ ദാരിദ്ര്യം പെരുകാനിടയാക്കിയ പ്രധാന സാഹചര്യം സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും മൂലം തൊഴിലില്ലായ്മയിലുണ്ടായ അഭൂതപൂര്‍വമായ പെരുപ്പമാണ് എന്ന് ധനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. 2010ല്‍ 18-64 വയസ്സുള്ള 48 മില്യന്‍ പേര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസംപോലും പണിയില്ലായിരുന്നെങ്കില്‍ 2009ല്‍ ഇത് 45 മില്യന്‍ പേരുടെ അനുഭവമായിരുന്നു. ഹാര്‍വാഡിലെ ധധശാസ്ത്ര പ്രഫസര്‍ ഡോ. കാട്സിന്‍െറ അഭിപ്രായം ‘ഒരിക്കല്‍ നിങ്ങള്‍ പണിയില്‍നിന്ന് കുറേക്കാലം പുറത്തുനില്‍ക്കേണ്ടിവന്നാല്‍, തിരികെ ജോലി സ്ഥലത്ത് കയറുക വളരെ പ്രയാസമായിരിക്കും’ എന്നാണ്. മധ്യവര്‍ഗവിഭാഗത്തിന്‍െറ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടായി എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, നാം തിരിച്ചറിയേണ്ടതായ ഗുരുതരമായ പ്രശ്നം വരുമാനത്തില്‍ ഇതിലേറെ ഇടിവ് അനുഭവപ്പെട്ടത്15-24 വയസ്സുകാരായ യുവാക്കള്‍ക്കിടയിലായിരുന്നു എന്നതാണ്. അതായത്, ഒമ്പതു ശതമാനം വരുമാന തകര്‍ച്ച. അതേയവസരത്തില്‍ മിഷിഗന്‍ സര്‍വകലാശാലയിലെ പ്രഫ. ഷെല്‍സന്‍ ഡാന്‍സിങ്ങറിന്‍െറ കണ്ടെത്തല്‍ ഇടത്തരം വരുമാനവിഭാഗത്തില്‍പെട്ട ഒരു പുരുഷന്‍െറ വാര്‍ഷിക വരുമാനത്തില്‍ 1973നും 2010നും ഇടക്ക് നാമമാത്രമായ വ്യത്യാസം മാത്രമാണുണ്ടായതെന്നായിരുന്നു. അതായത്, 49,065 ഡോളറില്‍നിന്ന് 47,715 ഡോളറിലേക്ക്. ഈ കാലയളവില്‍ ജീവിതചെലവില്‍ കുത്തനെയുള്ള വര്‍ധനയാണുണ്ടായതെന്ന വസ്തുതയും നാം തിരിച്ചറിയണം. കോളജ് ഡിഗ്രി പോലുമില്ലാത്ത ഇടത്തരക്കാരുടെ ഗതി ഇതിലേറെ പരിതാപകരമായിരുന്നു. മാന്ദ്യത്തിന്‍െറ പിടിയില്‍ അകപ്പെട്ടിരിക്കുന്ന അമേരിക്കന്‍ ജനത, വിശേഷിച്ച് യുവാക്കള്‍, സ്വന്തം കുടുംബത്തോടൊപ്പം സുഹൃത്തുക്കളെയും സംരക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. 2008നും 2011നും ഇടക്ക് 25-34 വയസ്സുള്ള യുവാക്കള്‍ 25 ശതമാനത്തോളം അധികസ്ഥലം സ്വന്തം കുടുംബത്തിനായി കണ്ടുപിടിക്കേണ്ടിവന്നിരിക്കുകയാണ്. ഈ വിഭാഗത്തില്‍പെട്ടവരില്‍ പകുതിയിലേറെപ്പേര്‍, അവരുടെ രക്ഷിതാക്കളുടെ വരുമാനം ഒഴിവാക്കിയാല്‍, ദാരിദ്ര്യരേഖക്കു താഴെയാണ് എന്ന് കാണാന്‍ കഴിയും. ഏകാംഗ കുടുംബത്തിന്‍െറ ദാരിദ്ര്യ നിലവാരം 11,344 ഡോളര്‍ വരെയാണ്. വിദ്യാഭ്യാസ നിലവാരം കുറഞ്ഞ യുവാക്കള്‍ക്ക് തൊഴിലില്ലായ്മമൂലം സ്വന്തം കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണ് നേരിട്ടുവരുന്നതെന്ന് വിസ്കോന്‍സില്‍ സര്‍വകലാശാലയിലെ ഗവേഷണത്തിനും ദാരിദ്ര്യപഠനത്തിനുമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഡയറക്ടര്‍ തിമോത്തി സ്മീസിങ്ങ് പറയുന്നു. മാന്ദ്യത്തിന്‍െറ കാലഘട്ടത്തിനു മുമ്പും ഇടത്തരം വരുമാനക്കാരുടെയും തൊഴിലാളികളുടെയും അവസ്ഥ ഇതില്‍നിന്ന് ഏറെ ഭിന്നമായിരുന്നില്ല. ദാരിദ്ര്യത്തിന്‍െറ വിപത്ത് ശിശുക്കളെയും ഗുരുതരമായ വിധത്തില്‍ ബാധിച്ചിരിക്കുന്നു. 2010ല്‍ ദാരിദ്ര്യംമൂലം കഷ്ടത നേരിടേണ്ടിവന്ന ശിശുക്കളുടെ വര്‍ധന 16 മില്യനോളമായിരുന്നു. ബ്രൂകിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജനസംഖ്യാ ശാസ്ത്രജ്ഞനായ വില്യം ഫ്രെയുടെ അഭിപ്രായത്തില്‍ ഈ വര്‍ധന 1962നു ശേഷം ഏറ്റവും ഉയര്‍ന്ന തോതിലുള്ളതാണ്. ഇതിന്‍െറ അര്‍ഥം മൊത്തം ശിശുക്കളില്‍ 22 ശതമാനം ദാരിദ്ര്യത്തിലാണെന്നാണ്. 1993നു ശേഷമുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമാണിത്. അമേരിക്കയിലെ പൊതുജനാരോഗ്യമേഖലയിലും സാമൂഹിക ഇന്‍ഷുറന്‍സ് മേഖലയിലും സര്‍ക്കാര്‍ ചെലവാക്കുന്നത് നിസ്സാരമായ തുക മാത്രമാണ്. ഇക്കാരണത്താല്‍ തന്നെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാത്ത അമേരിക്കന്‍ പൗരന്മാരുടെ എണ്ണത്തില്‍ 2009-10 കാലയളവിലുണ്ടായ വര്‍ധന ഒമ്പതു ലക്ഷമായിരുന്നു. അതായത്, മൊത്തം 49.9 മില്യന്‍  പേര്‍. തൊഴിലുടമകള്‍ വഴിയുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഇതേ കാലയളവില്‍ 55 ശതമാനത്തോളം കുറയുകയാണുണ്ടായിരിക്കുന്നത്. പത്തു വര്‍ഷം മുമ്പ് ഇത് 65 ശതമാനമായിരുന്നു. ചുരുക്കത്തില്‍, സാമ്പത്തികമാന്ദ്യ പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ സാമൂഹികസേവന തുറകള്‍ അങ്ങേയറ്റം അവഗരിക്കപ്പെട്ടു എന്നതിനു പുറമെ തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള വര്‍ധനയുമാണ് ഉണ്ടായിരിക്കുന്നതെന്ന് ജനസംഖ്യാ കണക്കെടുപ്പിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നു. അതേസമയം, ഒബാമ ഭരണകൂടം നേരിട്ടും നാറ്റോ സഖ്യകക്ഷികള്‍ വഴിയും മധ്യ ഏഷ്യന്‍ താല്‍പര്യങ്ങളെ ഒന്നൊന്നായി സ്വന്തം വരുതിയിലാക്കാന്‍ സൈനിക സജ്ജീകരണങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ വരുന്ന ആളും അര്‍ഥവുമാണ് ചെലവാക്കി വരുന്നതെന്നും നാം തിരിച്ചറിയണം. ഏതുവിധേനയും തങ്ങളുടെ സാമ്രാജ്യാധീശത്വം അതിവിപുലവും പൂര്‍ണവുമാക്കുന്നതിന് ഇറാനെക്കൂടി പിടിച്ചടക്കാനാണ് ഒബാമാ ഭരണകൂടം പദ്ധതിയിട്ടിരിക്കുന്നതെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒബാമാ ഭരണകൂടത്തിന് അവസരം ലഭിക്കുന്നതെങ്ങനെ?

പ്രഫ. കെ. അരവിന്ദാക്ഷന്‍

2 അഭിപ്രായ(ങ്ങള്‍):

 • അജ്ഞാതന്‍ says:
  2011, നവംബർ 15 3:54 PM

  americayilum dharidhramo

 • അജ്ഞാതന്‍ says:
  2011, നവംബർ 15 3:56 PM

  mukalil paranja aknathan njan thanneyanu
  jasi khan/kallu

Google+ Followers

Blogger templates

.

ജാലകം

.