ജയരാജനും നിയമവാഴ്‌ചയും‍


നിയമം അതിന്റെ വഴിക്കുപോകട്ടെ എന്നുപറഞ്ഞു നിര്‍ത്താനോ സമാധാനിക്കാനോ ഉള്ള അവസ്‌ഥയല്ല സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്‌റ്റോടെ സംജാതമായിട്ടുള്ളത്‌. രാഷ്‌ട്രീയമായ കടുത്ത പ്രതികരണങ്ങളും സ്വാഭാവികമായി അവ സൃഷ്‌ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളും സമചിത്തതയോടെ പ്രശ്‌നത്തെ സമീപിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു. അറസ്‌റ്റിനേത്തുടര്‍ന്ന്‌ കണ്ണൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്‌ഞ, അതു ലംഘിച്ചുകൊണ്ട്‌ ജില്ലയില്‍ നടക്കുന്ന പ്രതിഷേധവും അക്രമസംഭവങ്ങളും വ്യാഴാഴ്‌ച സംസ്‌ഥാന വ്യാപകമായിത്തന്നെ സി.പി.എം. ആഹ്വാനം ചെയ്‌തിട്ടുള്ള ഹര്‍ത്താല്‍. അതു സ്‌തംഭിപ്പിക്കുന്ന ജനജീവിതവുമായി ബന്ധപ്പെട്ടു ജനങ്ങളും ക്രമസമാധാനപാലനത്തിന്റെ ചുമതല വഹിക്കേണ്ട പോലീസും നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍. അങ്ങനെ അസാധാരണമായ സ്‌ഥിതിവിശേഷം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

കേരളത്തിലെ ആദ്യ സര്‍ക്കാരിനെ നയിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ചയായ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയെയാണു ഷുക്കൂര്‍ വധക്കേസില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യസംഭവം. കേരളത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയകക്ഷിയുടെ ഏറ്റവും കരുത്തുള്ള ജില്ലയുടെ സെക്രട്ടറി. ഇതു സി.പി.എമ്മിനുപോലും അപ്രതീക്ഷിതമായിരുന്നില്ല. തന്നെ അറസ്‌റ്റ് ചെയ്യുമെന്നു പി. ജയരാജന്‍ നേരത്തേ പ്രസ്‌താവിച്ചിരുന്നു. സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ഘടകമായ കേരളത്തിലെ പാര്‍ട്ടിയുടെ ഏറ്റവും വലിയ ഘടകത്തിന്റെ സെക്രട്ടറിയായ തന്നെ. അറസ്‌റ്റ് ചെയ്യുന്നതു സി.പി.എമ്മിനെ തകര്‍ക്കാനാണെന്നും ജയരാജന്‍ വിശദീകരിച്ചിരുന്നു.

കാപട്യത്തിന്റെ പ്രതീകമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച തിരക്കഥയനുസരിച്ച്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ പോലീസിനേക്കൊണ്ട്‌ ജയരാജനെ കേസില്‍പെടുത്തിയെന്നാണു പിണറായി വിജയന്‍ പ്രതികരിച്ചത്‌. കള്ളക്കേസുകള്‍കൊണ്ട്‌ സി.പി.എമ്മിനെ തകര്‍ക്കാനാകില്ലെന്നു പ്രതിഷേധത്തിനാഹ്വാനം ചെയ്‌ത് അദ്ദേഹം വ്യക്‌തമാക്കി. പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനാകട്ടെ അറസ്‌റ്റ് പക്ഷപാതപരമായതിനാലാണു പ്രതിഷേധിച്ചിട്ടുള്ളത്‌. കെ. സുധാകരനെതിരേ ഉയര്‍ന്ന ആരോപണത്തിലും കുണ്ടോട്ടിയില്‍ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട മുസ്ലിം ലീഗ്‌ എം.എല്‍.എ: പി.കെ. ബഷീറിനെതിരേ സമാനനടപടി സ്വീകരിക്കാത്തതിലുമാണു വി.എസിന്റെ പ്രതിഷേധ ആഹ്വാനം.

അറസ്‌റ്റ് ചെയ്‌താലും പ്രതിയാക്കിയാലും കുറ്റവാളിയെന്നു കോടതി കണ്ടെത്തുംവരെ എല്ലാവരെയും നിരപരാധിയായി കാണണമെന്ന നിയമദൃഷ്‌ടി ജയരാജനും ബാധകമാണ്‌. അത്‌ അംഗീകരിച്ചുകൊണ്ടുതന്നെ സി.പി.എം. ഇതിനെ സമീപിക്കുന്നതിനെയും അണികളെയും അനുയായികളെയും തെരുവിലിറക്കി നേരിടുന്ന രീതിയെയും ജനാധിപത്യസമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌.

മുഖ്യപ്രശ്‌നം ഇതാണ്‌: നിഷ്‌ക്കളങ്കവും നിരപരാധിയുടേതായ മുഖവും അവസ്‌ഥയുമായാണോ 48 വര്‍ഷത്തെ ചരിത്രം പേറി സി.പി.എം. ഷുക്കൂര്‍ വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഇടം നേടുന്നത്‌? ഒഞ്ചിയത്ത്‌ ടി.പി. ചന്ദ്രശേഖരനെ ദാരുണമായി കൊലപ്പെടുത്തിയതു സി.പി.എമ്മിനെ തകര്‍ക്കാന്‍ യു.ഡി.എഫ്‌. ചെയ്‌തതായിരുന്നു എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി അന്നു പറഞ്ഞുവച്ചത്‌. 74 പ്രതികളില്‍ ഇപ്പോള്‍ നിരന്നുനില്‍ക്കുന്നതു സി.പി.എമ്മിന്റെ കണ്ണൂര്‍- കോഴിക്കോട്‌ ജില്ലകളിലെ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും.

സി.പി.എമ്മിന്റെ മുഖം നഷ്‌ടപ്പെടുത്തിയ ആ കേസിന്റെ ഗൂഢാലോചനക്കാരുടെ മുഖം ഇനിയും പോലീസ്‌ തുറന്നുകാട്ടിയിട്ടില്ല. അതേക്കുറിച്ച്‌ സി.പി.എം. അണികളും ജനങ്ങളും മാത്രമല്ല വി.എസ്‌. അച്യുതാനന്ദനേപ്പോലുള്ള പരിണിതപ്രജ്‌ഞനായ പാര്‍ട്ടി നേതാവുപോലും നേതൃത്വത്തിന്റെ നിലപാടിനോടു വിയോജിക്കുകയാണ്‌. പൊതുസമൂഹം വ്യത്യസ്‌തമായ കണ്ണുകൊണ്ട്‌ സി.പി.എമ്മിനെ നോക്കിക്കാണുന്ന സന്ദര്‍ഭത്തിലാണ്‌ അബ്‌ദുള്‍ ഷുക്കൂര്‍ എന്ന വിദ്യാര്‍ഥി നേതാവിനെ താലിബാന്‍ മോഡലില്‍ കൊലചെയ്‌തത്‌. കേസില്‍ ജില്ലാ സെക്രട്ടറിയും പാര്‍ട്ടി എം.എല്‍.എയും പ്രതികളാകുന്നത്‌. അവിടെയും തീരുന്നില്ല. സി.പി.എം. വിട്ട്‌ എന്‍.ഡി.എഫില്‍ പോയ ഫസല്‍ എന്ന ചെറുപ്പക്കാരന്റെ വധക്കേസിലടക്കം സംശയത്തിന്റെ ചൂണ്ടുവിരല്‍ സി.പി.എമ്മിനുനേരേ ഉയരുന്നു. ഇതെല്ലാം പൊതുസമൂഹം മനസിലാക്കിയിട്ടുണ്ട്‌.

സി.പി.എമ്മിനെ തകര്‍ക്കുന്നതു പോലീസാണോ? 14 ജില്ലാ സെക്രട്ടറിമാരില്‍ അഞ്ചു പേരുടെ അവസ്‌ഥ ഇന്നെന്താണ്‌? പുറത്തുനിന്നുള്ളവരുടെ തിരക്കഥകൊണ്ടല്ല കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെയും എറണാകുളം ജില്ലാ സെക്രട്ടറിയെയും പുറത്താക്കി വാതില്‍ കൊട്ടിയടച്ചത്‌. കണ്ണൂരിലെ രണ്ടാം ജില്ലാ സെക്രട്ടറിയാണ്‌ ഇപ്പോള്‍ കൊലക്കേസില്‍ ജയിലിലായത്‌.

പണ്ടാരയുടെ പെട്ടിയുടെ മൂടി ചവിട്ടിപ്പൊളിച്ച്‌ എല്ലാം വാരിവലിച്ചു മാലയാക്കി പുറത്തിട്ടത്‌ ഇടുക്കിയിലെ കരുത്തന്‍ ജില്ലാ സെക്രട്ടറി. വെടിവച്ചും അടിച്ചും തല്ലിയും കൊന്നതിന്റെ പഴയ ചരിത്രം പൊലീസിനു മണിയുടെ സഹായമില്ലാതെ പരിശോധിക്കാനാവില്ല. പകരംവച്ച ജില്ലാ സെക്രട്ടറിയും അവിടെ ഇപ്പോള്‍ കൊലക്കേസില്‍ ചോദ്യങ്ങള്‍ക്കു മുമ്പിലാണ്‌. ഉമ്മന്‍ചാണ്ടിയുടെ കാപട്യത്തേയും തിരുവഞ്ചൂരിന്റെ ശുദ്ധഗതിയേയും പൊലീസിന്റെ നിസഹായതയെയും കുറ്റപ്പെടുത്തി ന്യായീകരിക്കാനുള്ള അവസ്‌ഥയല്ല സി.പി.എമ്മിനെ ഇപ്പോള്‍ കെട്ടിമുറുക്കുന്നത്‌. ഇത്‌ എന്തുകൊണ്ടുണ്ടായി എന്നു പരിശോധിച്ച്‌ തിരുത്തല്‍ വരുത്തുകയായിരുന്നു പ്രകാശ്‌ കാരാട്ടെങ്കിലും ചെയ്യേണ്ടിയിരുന്നത്‌. നിയമവാഴ്‌ചയോടു പ്രതിഷേധിക്കാന്‍ പാര്‍ട്ടിയെ അഴിച്ചുവിടുകയായിരുന്നില്ല.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്കാരായ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞിരുന്നു ജനറല്‍ സെക്രട്ടറി. മൂന്നു മാസമാകാറായിട്ടും പാര്‍ട്ടി അതു പരിശോധിച്ച്‌ വാക്കുപാലിച്ചില്ല. തന്നെയുമല്ല, ചന്ദ്രശേഖരന്‍ വധക്കേസിലെ 60 പ്രതികളും നിരപരാധികളാണെന്നു കേന്ദ്രകമ്മിറ്റിയുടെ പ്രമേയത്തില്‍ എഴുതിവച്ച്‌ കേരളത്തില്‍ കൊണ്ടുവന്നു പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

പിടിച്ചതിലും വലിയതാണു മാളത്തിലെന്നു മനസിലാക്കിയതുകൊണ്ടാണോ തന്റെ സ്‌ഥാനവും പേരുംപോലും നഷ്‌ടപ്പെടുത്തുന്ന ഗതികേടില്‍ പ്രകാശ്‌ എത്തിയത്‌. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി ഉദാരമായി പ്രയോഗിച്ച കാപട്യം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എമ്മും അതിന്റെ അധികാരികളും അര്‍ഹിക്കുന്നുണ്ട്‌. സംശയിക്കാന്‍ ഇത്രയൊക്കെ വസ്‌തുതകള്‍ ധാരാളം. വി.എസ്‌. അച്യുതാനന്ദന്‍ കൊലപാതകക്കേസുകളുമായി ബന്ധപ്പെട്ട്‌ കേന്ദ്രകമ്മിറ്റിയില്‍ ചെയ്‌ത പ്രസംഗഭാഗങ്ങള്‍ വായിച്ച മലയാളികള്‍ കപടവേഷം ആരുടേതാണെന്നു കൃത്യമായി തിരിച്ചറിയും. ചന്ദ്രശേഖരന്റെ വധത്തേത്തുടര്‍ന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണത്തില്‍നിന്നല്ല സി.പി.എമ്മിന്റെ പങ്ക്‌ പുറത്തുവന്നത്‌. വി.എസ്‌. മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തരമന്ത്രിയും ആയിരിക്കുന്ന എല്‍.ഡി.എഫ്‌. ഭരണത്തില്‍തന്നെ പോലീസ്‌ ഇന്റലിജന്റ്‌സ് രേഖകളില്‍ അതു കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഗൂഢാലോചനയുടെയും വധശ്രമത്തിന്റെയും പ്രഭവകേന്ദ്രം കണ്ണൂരിലെ സി.പി.എമ്മാണെന്ന്‌. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ പൊലീസ്‌ അന്വേഷണം കണ്ണൂരിലെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്‌ വരെ എത്തി. പിന്നീട്‌ മന്ദീഭവിച്ചു നില്‍ക്കുന്നത്‌ ഉമ്മന്‍ചാണ്ടിയുടെ തിരക്കഥ അപൂര്‍ണമായതുകൊണ്ടാവില്ല. മറ്റാരെങ്കിലും ഇടപെട്ട്‌ തിരുത്താന്‍ ശ്രമിക്കുന്നതുകൊണ്ടല്ലെന്നും പറയാനാകില്ല. ആ നിലയ്‌ക്കു ഷുക്കൂര്‍ വധക്കേസിലെ ജയരാജന്റെ അറസ്‌റ്റോടെ പാര്‍ട്ടിയെ തീപ്പന്തമാക്കി മാറ്റി കേരളത്തിലെ നിയമവാഴ്‌ച ദഹനക്രിയയ്‌ക്കു വിധേയമാക്കാതെ നോക്കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്‌. അടിയന്തരാവസ്‌ഥയില്‍ പീഡന ക്യാമ്പുകളില്‍ നടന്ന കരുണാകരന്‍ വാഴ്‌ചയില്‍പോലും സി.പി.എമ്മിനെ തകര്‍ക്കാന്‍ നേതാക്കളെ വധക്കേസുകളില്‍പെടുത്തി പരീക്ഷിച്ചിട്ടില്ല. കുഞ്ഞാലി വധക്കേസില്‍ ഇ.എം.എസ്‌. സര്‍ക്കാരിന്റെ കാലത്ത്‌ തന്നെ പ്രതിയാക്കിയതു കോണ്‍ഗ്രസിനെ തകര്‍ക്കാനാണെന്ന്‌ ആര്യാടന്‍പോലും പറഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടിതന്നെയും മുമ്പു കേരളം ഭരിച്ചിട്ടുണ്ട്‌. അന്നു സി.പി.എമ്മിനെ തകര്‍ക്കാന്‍ ഈ വഴി സ്വീകരിച്ചിട്ടില്ല.

പകരത്തിനു പകരവും പാര്‍ട്ടിയെ തകര്‍ക്കാനുമാണെന്നുതന്നെ വയ്‌ക്കുക: പാമൊലില്‍, ഐസ്‌ക്രീം, ഇടമലയാര്‍ തുടങ്ങിയ കേസുകളുടെ മിസൈലുകളുമായി നടക്കുന്ന വി.എസ്‌. അച്യുതാനന്ദനെയാണ്‌ ആദ്യം അവര്‍ പ്രതിചേര്‍ക്കേണ്ടത്‌. അങ്ങനെ സി.പി.എമ്മിനെ തകര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിപോലും ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കില്ലെന്നു നന്നായറിയുക പിണറായി വിജയനുതന്നെയായിരിക്കും.

ഇത്രയും പറയേണ്ടി വന്നതു പ്രശ്‌നത്തിന്റെ ഒരുവശം മാത്രമാണ്‌. കെ. സുധാകരന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ടുവന്ന കണ്ണൂര്‍ കേസിലും മുസ്ലിം ലീഗ്‌ എം.എല്‍.എ. ബഷീര്‍ ഉള്‍പ്പെട്ട കേസിലും പോലീസ്‌ പക്ഷപാതിത്വം ജനങ്ങള്‍ സംശയിക്കുന്നതില്‍ തെറ്റില്ല. വിശേഷിച്ചും സി.പി.എമ്മിന്റെ നേതാക്കള്‍ക്കെതിരേ അന്വേഷണം ഇടപെടല്‍ കൂടാതെ പോകുന്നു എന്നു പറയുമ്പോള്‍. ഭരണകക്ഷിക്കാര്‍ ഉള്‍പ്പെട്ട കൊലക്കേസുകളില്‍ നിയമത്തിന്റെ വഴി തടയപ്പെടാതെ സുതാര്യമായും തീവ്രമായും പോകേണ്ടതുണ്ട്‌. അക്കാര്യം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞാല്‍പോരാ, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന യു.ഡി.എഫിനും അതില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ട്‌.

ഇല്ലെങ്കില്‍ തകരുകയും തകര്‍ക്കപ്പെടുകയും ചെയ്യുക കേരളത്തിലെ നിയമവാഴ്‌ചയുടെ വിശ്വാസ്യതയാണ്‌. അധികാരത്തില്‍ വരുമെന്നതുകൊണ്ട്‌ തരംപോലെ ആരെയും തലവെട്ടി ആഘോഷിക്കാമെന്ന രാഷ്‌ട്രീയ മേലാളന്മാരുടെ പുതിയ കൊലവെറി രാഷ്‌ട്രീയമാണ്‌. സി.പി.എം. നേതൃത്വം ചെയ്യേണ്ടതു നിയമവാഴ്‌ചയെ അംഗീകരിക്കുകയും കള്ളക്കേസാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ നിലപാട്‌ തെളിയിക്കുകയുമാണ്‌. ജര്‍മ്മനി- മോസ്‌ക്കോ, പെഷവാര്‍, കാണ്‍പൂര്‍, മീററ്റ്‌ ഗൂഢാലോചനക്കേസുകളോട്‌ ഈ കൊലക്കേസുകളെ താരതമ്യം ചെയ്യുന്നതു പാര്‍ട്ടി ചരിത്രത്തെ അവഹേളിക്കലാണ്‌.

കമ്യൂണിസ്‌റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തില്‍നിന്നു രാജ്യത്തെ മോചിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം എവിടെ? രാഷ്‌ട്രീയ എതിരാളികളെ വെട്ടിക്കൊല്ലിക്കുന്ന കൊലപാതക രാഷ്‌ട്രീയം എവിടെ? എല്‍.ഡി.എഫ്‌. യോഗ്യനായിക്കണ്ട ഡി.ജി.പിക്കു കീഴിലെ ഏതാനും പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ സി.പി.എമ്മിനെ തകര്‍ക്കാന്‍ നടക്കുകയാണെന്നും കരുതാനാവില്ല.

സി.പി.എമ്മിനു വോട്ടുചെയ്യാത്ത 54.92 ശതമാനം പേര്‍ സി.പി.എം. തകരണമെന്ന്‌ ആഗ്രഹിക്കുന്നവരല്ല. എല്‍.ഡി.എഫിനു വോട്ട്‌ ചെയ്‌ത 45.08 ശതമാനം പേരും സംസ്‌ഥാനത്തു ഹര്‍ത്താലും ബന്ദും നടത്തി നിയമവാഴ്‌ച തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരുമല്ല. കേരളത്തിലെ മഹത്തായ നിയമവാഴ്‌ചയെ കെടുത്തുന്നതും തെരുവില്‍ ആക്രമിക്കുന്നതും സി.പി.എമ്മിന്‌ ഒട്ടും ഗുണം ചെയ്യില്ല.

കുറ്റവാളികളെ മുഴുവന്‍ കണ്ടെത്തി കൊലപാതക രാഷ്‌ട്രീയത്തിന്റെ അടിവേരുകള്‍ അറുക്കുന്നതിലേക്ക്‌ ഈ കേസ്‌ അന്വേഷണങ്ങളെ നയിക്കുന്നതില്‍ പൊലീസും ഭരണരാഷ്‌ട്രീയ നേതൃത്വവും മുട്ടുവിറച്ചുകൂടാ. ഇതാണ്‌ കേരള പൊതു സമൂഹത്തിന്റെ മനസ്‌. അതു തകര്‍ക്കാന്‍ എല്‍.ഡി.എഫോ യു.ഡി.എഫോ സി.പി.എം. ഒറ്റയ്‌ക്കോ മുതിരുന്നതു ശുഭകരമാകില്ല.

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Google+ Followers

Blogger templates

.

ജാലകം

.