വനംമാഫിയക്ക് വേണ്ടി പി സി ജോര്‍ജിന്റെ ശിപാര്‍ശ, ചാനലുകള്‍ വാര്‍ത്ത മുക്കി

നെല്ലിയാമ്പതിയിലെ വിവാദമായ ചെറുനെല്ലി എസ്‌റ്റേറ്റിന് വേണ്ടി മരിച്ചവരും രംഗത്ത് വന്നു. വനഭൂമി ഏറ്റെടുക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുന്നവരില്‍ അനധികൃതമായി വനഭൂമി സ്വന്തമാക്കിയവരും വനഭൂമി ബാങ്കില്‍ പണയപ്പെടുത്തി പണം തട്ടിയവരും ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചവരും ഇപ്പോള്‍ വനഭൂമി ലഭിക്കണമെന്ന് കാണിച്ചു മുഖ്യമന്ത്രിക്ക് പരാതി നല്‍കി!. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ ശിപാര്‍ശയുമായാണ് വനം മാഫിയ മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. വനം കള്ളന്മാര്‍ക്ക് ‘വനം സംരക്ഷകര്‍’ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് ചീഫ് വിപ്പിന്റെ ശിപാര്‍ശ. ചാനലുകളുടെ മാനസപുത്രന്‍ പീ സി ജോര്‍ജ്ജിനെതിരായ വാര്‍ത്ത രേഖകള്‍ സഹിതം പുറത്തുവന്നിട്ടും ചാനലുകള്‍ വാര്‍ത്ത മുക്കി. രേഖകള്‍ സഹിതം ആ വാര്‍ത്ത ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു.
നെല്ലിയാമ്പതിയിലെ 280 ഏക്കര്‍ വരുന്ന ചെറുനെല്ലി എസ്‌റ്റേറ്റ് വനംവകുപ്പിന്റെ പാട്ടഭൂമിയാണ്. ഇത് നിയമവിരുദ്ധമായി മറിച്ചു വിറ്റതിനും വനംനിയമം ലംഘിച്ചതിനും വനഭൂമി ബാങ്കില്‍ പണയപ്പെടുത്തി ലോണ്‍ തട്ടിയതിനും ഉടമകള്‍ക്കെതിരെ കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് കേസെടുത്തിരുന്നു. നെന്മാറ ഡി.എഫ്.ഒ ആയിരുന്ന ധനേഷ് കുമാറാണ് വര്‍ഷങ്ങളായി നടന്നുവന്ന ഈ തട്ടിപ്പ് പിടികൂടിയതും കേസെടുത്തതും.
പാട്ടക്കരാര്‍ ലംഘിച്ചതിന്റെ പേരില്‍ എസ്‌റ്റേറ്റ് തിരിച്ചെടുക്കാനും ഇടതുസര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് വന്ന ഇപ്പോഴത്തെ സര്‍ക്കാരും ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകുകയും വനഭൂമി ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഉടമകള്‍ക്ക് നോട്ടീസ് കൊടുക്കാതെ ഏറ്റെടുത്തതിനാല്‍ ഹൈക്കോടതി ഇടപെട്ടു വനഭൂമി ഉടമകള്‍ക്ക് താല്‍ക്കാലികമായി തിരികെക്കൊടുത്തു. വനഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകവെയാണ് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ശിപാര്‍ശയോടെ വനംമാഫിയ രംഗത്ത് വന്നിരിക്കുന്നത്. ‘ചെറുകിട തോട്ടമുടമകള്‍’ എന്ന പേരിലാണ് തോട്ടം ഏറ്റെടുക്കുന്ന നടപടി അട്ടിമറിക്കാന്‍ വനംമാഫിയ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയവരും പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട് എന്നതാണ് ഏറെ വിചിത്രം. ജീവിച്ചിരിക്കാത്തവരുടെ പേരില്‍ വനഭൂമി വാങ്ങി തട്ടിപ്പ് നടത്തിയ അതെ സംഘം നല്‍കിയ പരാതിയിലാണ് പുതിയ തട്ടിപ്പ് വെളിച്ചത്തു വന്നത്. ജനുവരി 28 നു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ടവരില്‍ 6 പേര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചവരാണേന്നു തെളിയിക്കുന്ന രേഖകള്‍ ഡൂള്‍ ന്യൂസിന് ലഭിച്ചു.
പരാതി കാണുക


മൂന്നാമതായി ഒപ്പിട്ട റഹ്യാനത്തിന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റു ഇവിടെക്കാണാം.

ജനുവരി 23 നു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ 19, 20, 22, 23, 25 എന്നീ നമ്പരായി ഒപ്പിട്ട  ഫാ. മാത്യു, ഫാ.സിറിയക്, കുര്യന്‍, ഏലിയാമ്മ, ദേവസ്യ കുര്യന്‍ എന്നിവര്‍ മരിച്ചതായി കാണിച്ച് അവരുടെ അവകാശികള്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്‍പാകെ അതിനു ഒരാഴ്ച മുന്‍പ് നല്‍കിയ രേഖയുടെ കോപ്പി ഇവിടെ.

മരിച്ചവരുടെയും ലോകത്തെവിടെയും ജീവിച്ചിട്ടില്ലാതവരുടെയും പേരില്‍ വനഭൂമി വാങ്ങി തട്ടിപ്പ് നടത്തിയ സംഘം അതെ തട്ടിപ്പാണ് ഇവിടെയും ആവര്‍ത്തിച്ചത്. പരാതിയില്‍ ഒപ്പിട്ട ആദ്യ രണ്ടുപേരുടെയും പേരില്‍ വനഭൂമി പണയപ്പെടുത്തി ലോണ്‍ തട്ടിയ കേസ് അന്വേഷണം നടത്താന്‍ ഡി.ജി.പി പാലക്കാട് പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുള്‍പ്പെട്ട വനം മാഫിയയാണ് ഇപ്പോള്‍ വനംവകുപ്പിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് സ്വന്തം ലെറ്റര്‍ പാഡിലാണ് വനം മാഫിയയെ ന്യായീകരിക്കുന്ന കത്ത് നല്‍കിയിരിക്കുന്നത്. വനഭൂമി സംരക്ഷിക്കുന്നവരാണ് ഇവരെന്നാണ് കത്തില്‍ ചീഫ് വിപ്പിന്റെ കണ്ടെത്തല്‍. വനംവകുപ്പിന്റെ നടപടി നെല്ലിയാമ്പതി പഞ്ചായത്തിനെ ഇല്ലാതാക്കുമെന്നും അതിനാല്‍ തോട്ടം ഏറ്റെടുക്കല്‍ അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നും യു.ഡി.എഫ് ഉന്നതാധികാര സമിതിയിക്കൊണ്ട് അന്വേഷിക്കണമെന്നും പി.സി ജോര്‍ജ്ജ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. കത്ത് ഇവിടെ


ജോര്‍ജിനെതിരായ വാര്‍ത്ത ചാനലുകള്‍ മുക്കി

വനം മാഫിയയെ വെള്ളപൂശുന്ന ഈ നടപടി രേഖകള്‍ സഹിതം പുറത്തുവന്നിട്ടും വാര്‍ത്ത ചാനലുകള്‍ മുക്കി. ഇത് സംബന്ധിച്ച് മാധ്യമം പത്രത്തില്‍ വാര്‍ത്ത വന്നെങ്കിലും ഒരു ന്യൂസ് ചാനലിലും വാര്‍ത്തയോ തുടര്‍ വാര്‍ത്തകളോ വന്നിട്ടില്ല. പി.സി ജോര്‍ജ് ചാനലുകളുടെ മാനസപുത്രനാണ് എന്നതാവാം കാരണം എന്നാണു വനം വകുപ്പുദ്യോഗസ്ഥര്‍ തന്നെ പരാതിപ്പെടുന്നത്.
നെല്ലിയാമ്പതിയില്‍ ഏറ്റെടുക്കുന്ന രാജാക്കാട് മാങ്കോട് എസ്‌റ്റേറ്റ് കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പിലെ ജില്ലാ നേതാവിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. അതിനാലാവാം പി.സി ജോര്‍ജ് തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തു തോട്ടക്കാരെ സഹായിക്കാന്‍ രംഗത്തിറങ്ങിയത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍ എന്നീ ചാനലുകളില്‍ വാര്‍ത്ത നല്‍കിയെങ്കിലും വെളിച്ചം കണ്ടില്ലെന്നാണ് പാലക്കാട്ടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി പറയുന്നത്
 ഹരീഷ് വാസുദേവന്‍
 doolnews

Blogger templates

.

ജാലകം

.