അന്നത്തെ വാര്‍ത്തയും ഇന്നത്തെ വാര്‍ത്തയും

 
''സംഝോത തീവണ്ടിയില്‍ ബോംബിട്ട കേസില്‍ മുന്‍ ആര്‍.എസ്.എസുകാരനെ പിടികൂടി''-ഫെബ്രുവരി 13ന് ഹിന്ദുവിന്റെ ലീഡ് വാര്‍ത്ത.
ഇന്ത്യ-പാക് അതിര്‍ത്തിക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കുമായി സഞ്ചരിക്കുന്ന ഈ തീവണ്ടി 2007 ഫെബ്രുവരി 18നാണ് ഭീകരാക്രമണത്തിന് ഇരയായത്. 68 പേര്‍ മരിച്ചു. ഹിന്ദുവിലെ ഈ റിപ്പോര്‍ട്ട് എഴുതിയത് പ്രവീണ്‍ സ്വാമി.
2007ല്‍, സ്ഫോടനത്തിന്റെ തൊട്ടുടനെ പ്രവീണ്‍ സ്വാമി ഹിന്ദുവിലും ഫ്രണ്ട്ലൈനിലുമായി എഴുതിയ റിപ്പോര്‍ട്ടുകള്‍ വേറെ കഥയാണ് പറഞ്ഞിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് കിട്ടിയതെന്ന ആധികാരികതയോടെ അന്ന് തയാറാക്കിയ റിപ്പോര്‍ട്ടുകളുടെ ഒരു തനി മാതൃക 2007 മാര്‍ച്ചിലെ ഫ്രണ്ട്ലൈനില്‍നിന്ന് (വാല്യം 24, ലക്കം: 4):
''സമാധാനത്തിനെതിരായ ഗൂഢാലോചന'' എന്ന് തലക്കെട്ട്. ഇന്ത്യ-പാക് സൗഹൃദം സഹിക്കാനാവാത്ത ''പാകിസ്താനി ഇസ്ലാമിസ്റ്റുകളി''ലേക്കാണ് സ്ഫോടനം കണ്ണിചേരുന്നതെന്ന് ഉപശീര്‍ഷകം.
ചില ഭാഗങ്ങള്‍:
-ഇത്തരം സ്ഫോടക വസ്തുക്കള്‍ ഏറെ ഉപയോഗിച്ചവരാണ് ഖലിസ്താന്‍ സിന്ദാബാദ് ഫോഴ്സ്. ഇവര്‍ക്ക് ഹിസ്ബുല്‍ മുജാഹിദീന്‍ അടക്കമുള്ള ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ട്.
-സംഝോധ സ്ഫോടനത്തിന്റെ തൊട്ടുടനെ ചില ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ആരോപിച്ചത്, ഇത് ഹിന്ദു മതമൗലിക വാദികളുടെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും കൃത്യമാണ് എന്നാണ്. ഇത്തരമാളുകള്‍ ഇന്ത്യയില്‍ ധാരാളമുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍, ഇത് വിശ്വസിക്കാന്‍ പാകിസ്താനില്‍പോലും ആളെ കിട്ടില്ല. കാരണം, സാധാരണ മുസ്ലിംകളുടെ ജീവന് തങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ലെന്ന് അടുത്തകാലത്തെ പല ആക്രമണങ്ങളിലും ഈ ഇസ്ലാമിസ്റ്റുകള്‍ തെളിയിച്ചിട്ടുള്ളതാണ്.
അങ്ങനെ, തീവണ്ടിക്ക് ബോംബ് വെച്ചവരാരെന്ന് ഏറക്കുറെ തീര്‍ത്തുപറഞ്ഞ പ്രവീണ്‍ സ്വാമിയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നതെന്താണ്?
-ബോംബ് വെച്ച നാലുപേരില്‍ ഒരാള്‍ ആര്‍.എസ്.എസുകാരന്‍ കമല്‍ ചൗഹാനാണ്. ഇയാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.
-ഹിന്ദുത്വ പ്രവര്‍ത്തകന്‍ ലോകേഷ് ശര്‍മ ഗൂഢാലോചനയില്‍ പങ്കെടുത്തു. 2002 മുതല്‍ ഒരുപാട് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആര്‍.എസ്.എസുകാരന്‍ സന്ദീപ് ഡാംഗെക്ക് ഇതിലും പങ്കുണ്ട്. പങ്കുള്ള മറ്റൊരാള്‍, ആര്‍.എസ്.എസുകാരന്‍ തന്നെയായ രാമചന്ദ്രന്‍ കല്‍സംഗ്രയാണ്.


-ഗുജറാത്ത് മോഡല്‍ വംശഹത്യ മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാഞ്ഞതില്‍ രോഷംപൂണ്ട ആര്‍.എസ്.എസുകാരാണ് ഈ ഭീകരഗ്രൂപ്പിലുള്ളവരെന്ന് എന്‍.ഐ.എ കണ്ടെത്തി.
-വിവിധ ഭീകരാക്രമണങ്ങള്‍ തങ്ങള്‍ ആസൂത്രണം ചെയ്ത വിവരം ദല്‍ഹി മജിസ്ട്രേറ്റ് മുമ്പാകെ നബകുമാര്‍ സര്‍ക്കാര്‍ എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ സമ്മതിച്ചിരുന്നു.
2007ലെ പ്രവീണ്‍ സ്വാമിയും 2012ലെ പ്രവീണ്‍ സ്വാമിയും തമ്മിലൊരു താരതമ്യപഠനം രസകരമാകും. നമ്മുടെ പല പ്രമുഖ പത്രപ്രവര്‍ത്തകരുടെയും പ്രഫഷനല്‍ മികവ് ഉള്ളിത്തൊലിപോലെയാണെന്ന് ബോധ്യപ്പെടാനെങ്കിലും അത് ഉപകരിക്കും.

സ്ഫോടനാനന്തരം
ഫെബ്രുവരി 14ലെ പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു ദല്‍ഹിയിലെ ഇസ്രായേലി എംബസിയുടെ കാര്‍ സ്ഫോടനത്തില്‍ കത്തിയത്. ഒരു നയതന്ത്ര ഉദ്യോഗസ്ഥക്ക് സാരമായ പരിക്കേറ്റു. ജോര്‍ജിയന്‍ തലസ്ഥാനമായ ത്ബിലിസിയില്‍ സമാനമായ സ്ഫോടനത്തിന് ശ്രമം നടന്നു.
ഒട്ടും സമയം കളയാതെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു കുറ്റവാളികളെ തീരുമാനിച്ചു-ഇറാനും ലബനാനിലെ ഹിസ്ബുല്ല എന്ന പാര്‍ട്ടിയുമാണത്രെ പ്രതികള്‍.
പത്രങ്ങള്‍ പക്ഷേ, ഇത് അങ്ങനെ വിഴുങ്ങാന്‍ തയാറായിട്ടില്ല. ഇസ്രായേലിന്റെ ആരോപണത്തോടൊപ്പം ''വിദഗ്ധരുടെ സംശയ''വും ഹിന്ദു എടുത്തുകാട്ടി:  ഇറാനെ ഒറ്റപ്പെടുത്താന്‍ യു.എസും ഇസ്രായേലും നടത്തുന്ന ശ്രമങ്ങളെ ഇന്ത്യ ചെറുക്കുന്നുണ്ടെന്നിരിക്കെ, ഇന്ത്യയെ കൂടുതല്‍ അകറ്റുന്ന ഒരു കൃത്യം ഇറാന്‍ ചെയ്യുമോ? ''ഇറാനെ കുരുക്കാന്‍ ആരോ ചെയ്തതാകുമോ ഇത്?''
പക്ഷേ, തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ല എന്നെഴുതിയ ചില പത്രങ്ങള്‍, നെതന്യാഹുവിന്റെ ആരോപണം തെളിവായി എടുത്തുകളഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ഹെറള്‍ഡ് തുടങ്ങിയവ ഇക്കൂട്ടത്തിലാണ്. മലയാള പത്രങ്ങള്‍ പൊതുവെ സൂക്ഷ്മത പുലര്‍ത്തി.
സ്ഫോടനങ്ങള്‍ക്കും അവയെക്കുറിച്ച ആരോപണങ്ങള്‍ക്കും ഒരു പശ്ചാത്തലമുണ്ട്.
'ഹിസ്ബുല്ല' നേതാവ് ഇമാദ് മുഗ്നിയ ഡമസ്കസില്‍ കൊല്ലപ്പെട്ടത് നാലു വര്‍ഷം മുമ്പ്-2008 ഫെബ്രുവരി 12ന്. കൊലക്കു പിന്നില്‍ ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷം ഇറാന്റെ അഞ്ചു ശാസ്ത്രജ്ഞര്‍ അജ്ഞാതരാല്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്നും മോട്ടോര്‍ സൈക്കിളില്‍ വന്ന അക്രമികളുടെ ഇരകളായിരുന്നു. ഇറാന്റെ ഇപ്പോഴത്തെ ആണവോര്‍ജ സംഘടനാ മേധാവിയായ ഫരീദൂന്‍ അബ്ബാസിയെക്കൂടി കൊല്ലാന്‍ ശ്രമം നടന്നെങ്കിലും അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 2010 നവംബറിലൊരുനാള്‍, തന്റെ കാറില്‍ എന്തോ ഘടിപ്പിച്ചുവെന്ന് തോന്നിയ ഉടനെ അദ്ദേഹം അതില്‍നിന്ന് ചാടിയിറങ്ങി; സെക്കന്‍ഡുകള്‍ക്കകം ആ കാര്‍ സ്ഫോടനത്തില്‍ കത്തിയമര്‍ന്നു. എന്നാല്‍, അതേ ദിവസം ഇറാന്റെ മറ്റൊരു ശാസ്ത്രജ്ഞന്‍ മാജിദ് ശഹ്രിയാരി മറ്റൊരാക്രമണത്തില്‍ തെഹ്റാനില്‍ വെച്ച് വധിക്കപ്പെട്ടു.
ഇറാന്റെ ശാസ്ത്രജ്ഞരെ -പ്രത്യേകിച്ച് ആണവശാസ്ത്രജ്ഞരെ-ഇല്ലാതാക്കുമെന്ന് ഇസ്രായേലി നേതാക്കള്‍ പറഞ്ഞുവരുന്നതാണ്. അക്രമങ്ങളുടെ മുഖ്യ ഗുണഭോക്താക്കള്‍ ഇസ്രായേലും അമേരിക്കയുമാണ്. 2011 ജൂലൈയില്‍ ഒരു ഇറാനി ഇലക്ട്രോണിക്സ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു. 2011 നവംബറില്‍ ഇറാന്റെ 'വിപ്ലവ ഗാര്‍ഡുകളു'ടെ നേതാക്കളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഇക്കൂട്ടത്തില്‍, ഇറാന്റെ മിസൈല്‍ പദ്ധതിയുടെ തലവനെന്ന് കരുതപ്പെട്ട മേജര്‍ ജനറല്‍ ഹസന്‍ മുഗദ്ദമും ഉണ്ടായിരുന്നു.
ഇറാന്റെ ആണവശാലകളില്‍ കമ്പ്യൂട്ടര്‍ വൈറസ് ആക്രമണം നടന്നത് ഒന്നര വര്‍ഷം മുമ്പ്. 'സ്റ്റക്സ്നെറ്റ്' എന്ന ഈ വൈറസ് ഇറാന്റെ ആണവ പദ്ധതി അട്ടിമറിക്കാനുദ്ദേശിച്ചുള്ളതായിരുന്നു.
ഇതെല്ലാം ഇസ്രായേലിന്റെ പ്രവൃത്തിയാണെന്ന് പരക്കേ വിശ്വസിക്കപ്പെടുന്നു. ഇസ്രായേല്‍ ഇതൊന്നും നിഷേധിച്ചിട്ടുമില്ല. ഒരാഴ്ച മുമ്പ് ഇസ്രായേലി സുരക്ഷാസേനയായ ഷെന്‍ബിത്തിന്റെ തലവന്‍ യോറം കോഹിന്‍ പറഞ്ഞത് ഇങ്ങനെയാണ്: നാല് ഇറാന്‍ ആണവശാസ്ത്രജ്ഞരെ വധിച്ച ആക്രമണങ്ങള്‍ക്കുപിന്നില്‍ ഇസ്രായേലാണെന്ന് ആ രാജ്യം വിശ്വസിക്കുന്നു. ''അത് സത്യമോ അസത്യമോ എന്നതല്ല വിഷയം. ഇനി ഇത്തരം കൃത്യം ഇസ്രായേല്‍ നടത്താതിരിക്കാന്‍ ഇസ്രായേലിനെ പാഠം പഠിപ്പിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.''
അതായത്, ഇറാന്റെ ആണവവിദഗ്ധരെ കൊന്നത് ഇസ്രായേലാവാം. അതിലെ ശരിയും തെറ്റും നോക്കേണ്ട. നോക്കേണ്ടത് മറ്റൊന്നാണ് -ഈ കൊലകള്‍ക്ക് ഇറാനെങ്ങാനും പകരം വീട്ടുമോ എന്ന്.
ഇങ്ങനെ പറഞ്ഞുവെക്കുന്നതോടെ ഇസ്രായേലികളെ ആരു കൊന്നാലും അത് ഇറാന്റെ പേരില്‍ വരവുവെക്കാന്‍ എളുപ്പമാണ്.
ശാസ്ത്രജ്ഞരെ കൊന്നതുകൊണ്ട് ഇറാന്റെ ആണവോര്‍ജ പരിപാടി സ്തംഭിപ്പിക്കാന്‍ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട്, ഇറാനിലെ ആണവശാലകള്‍ ആക്രമിക്കാന്‍ ഇസ്രായേലും ഒരുപക്ഷേ അമേരിക്കയും ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്ത് സജീവമാണ്.
ജനുവരി 29ന് വന്ന ഒരു റിപ്പോര്‍ട്ട് ഉദാഹരണം: ''ഇറാനില്‍ ഭൂമിക്കടിയില്‍ നിര്‍മിച്ച അതീവ സുരക്ഷിതമായ ഭൂഗര്‍ഭ ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബങ്കര്‍നശീകരണ ബോംബുകളുടെ നിര്‍മാണം യു എസ് ത്വരിതപ്പെടുത്തി...പാറയും കോണ്‍ക്രീറ്റും ഉരുക്കും തുളച്ചുകയറി സ്ഫോടനം നടത്താന്‍ കഴിയുന്ന'' ബോംബുകളാണ് നിര്‍മിക്കുന്നത് (മലയാള മനോരമ).
ന്യൂദല്‍ഹിയിലെ കാര്‍സ്ഫോടനത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. ആദ്യത്തെ ബി.ബി.സി റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇങ്ങനെ:
''പിന്നിലുള്ളവരെന്ന് തങ്ങള്‍ കരുതുന്നവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ ഇസ്രായേല്‍ ഒട്ടും വൈകിയില്ല. ഇറാനും അവരുടെ പകരക്കാരായ (പ്രോക്സി) ഹിസ്ബുല്ലയുമാണ് ഉത്തരവാദികളെന്ന് ഇസ്രായേലി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
''ഇതിന് എന്തെങ്കിലുമൊരു തെളിവ് ഇസ്രായേല്‍ നല്‍കിയിട്ടില്ല.'' അതേ പോലെ ഇറാനുമായി ബന്ധമുള്ള സംഘടനയാണ് ഹിസ്ബുല്ലയെങ്കിലും അതിനെ ഇറാന്റെ പ്രോക്സിയായി കാണുന്നത് ശരിയല്ലെന്നും ബി.ബി.സി കൂട്ടിച്ചേര്‍ക്കുന്നു.
പക്ഷേ, തീര്‍ച്ചയോ തെളിവോ ഇല്ലാതെതന്നെ ചിലര്‍ കേസ് ''തെളിയി''ക്കുന്നുണ്ട്. ടൈംസ് ഓഫ്  ഇന്ത്യ തീര്‍ത്തുപറഞ്ഞത്, ''ഇറാന്റെ ആണവ പരിപാടിയെച്ചൊല്ലിയുള്ള യുദ്ധം ഇന്ത്യന്‍ മണ്ണിലെത്തി'' എന്നാണ്. യുദ്ധത്തിലെ രണ്ടു പക്ഷങ്ങള്‍? ''ഇറാനിലെ ശിയാ തിയോക്രസി ഒരു ഭാഗത്തും ഇസ്രായേല്‍, യു.എസ്, സുന്നി അറബ് ലോകം എന്നിവ മറുഭാഗത്തും.'' മതാടിസ്ഥാനത്തില്‍ കൃത്രിമമായുണ്ടാക്കിയ രാഷ്ട്രം ഇസ്രായേലാണ്; ഇറാന്‍ അല്ല -പക്ഷേ, ''തിയോക്രസി'' എന്ന വിശേഷണം ഇറാനു മാത്രം സംവരണം ചെയ്തിരിക്കുന്നു.
ഏതായാലും രണ്ടു പക്ഷം ഏതെന്ന് വ്യക്തം. ഇതില്‍ ഏതു പക്ഷമാണ് ദല്‍ഹി സ്ഫോടനം നടത്തിയത്? ഇസ്രായേല്‍ ഇറാനെ കുറ്റപ്പെടുത്തിയെന്നും ഇറാന്‍ അത് നിഷേധിച്ചുവെന്നും ടൈംസ് അറിയിക്കുന്നു. പിന്നെ വരുന്നു ''നിഷ്പക്ഷ മൂന്നാം കക്ഷി''യുടെ ഭാഷ്യം. ''പേര് പരസ്യപ്പെടുത്തരുതെന്ന ഉപാധിയോടെ ഇന്ത്യന്‍ രഹസ്യാനേഷക വൃത്തങ്ങള്‍ പറഞ്ഞത് ഇതില്‍ ഇറാന്റെ കൈയുള്ളതായി തോന്നുന്നുവെന്നാണ്.''
ദുരൂഹമായ സംഭവം നടന്ന് മണിക്കൂറിനുള്ളില്‍ ഇങ്ങനെയൊരു അനുമാനത്തിലെത്താന്‍ കാരണം? ''ശിയാ ഭരണകൂടത്തിന്റെ'' ആണവപരിപാടി, ആ ''തിയോക്രസി''യെ ആണവായുധമണിയിക്കാനുള്ളതാണെന്ന് എതിരാളികള്‍ കരുതുന്നു. ''ഈ പദ്ധതി തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാവാം ഇത്.''
(ഇറാനെക്കുറിച്ച് പറയുമ്പോള്‍ മതവും സമുദായവും വരുന്നു; ഇസ്രായേലിനെക്കുറിച്ചാകുമ്പോള്‍ ഒരിക്കലും അങ്ങനെ ഇല്ല.)
ഇറാന്റെ കൈ ഇതിലുണ്ടെന്നതിന് ഒരു ''തെളിവ്'', ആക്രമണം നടത്തിയ ശൈലിയാണത്രെ. ബൈക്കില്‍ വന്ന ആക്രമണകാരികള്‍ കാറില്‍ സ്ഫോടകവസ്തു ഒട്ടിച്ചുവെച്ച് കടന്നുകളയുകയായിരുന്നു. കാന്തം ഉപയോഗിച്ചാണ് അത് ''ഒട്ടിച്ച''ത്.
ഇറാനെ സംശയിക്കുമ്പോള്‍ അതിനര്‍ഥം, ഈ ആക്രമണശൈലി ആ രാജ്യത്തിന്റേതാണ് എന്നാവുമോ? വാര്‍ത്തയില്‍ പറയുന്നു: ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ മുസ്തഫ അഹ്മദി റോഷനെ ജനുവരി 11ന് വധിച്ചത് അദ്ദേഹത്തിന്റെ വാഹനത്തില്‍ കാന്തബോംബ് വെച്ചാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാന്റെ നാലു ശാസ്ത്രജ്ഞര്‍ ദുരൂഹ രീതിയില്‍ വധിക്കപ്പെട്ടിട്ടുണ്ട്്. മൂന്നിലും ബൈക്ക് യാത്രികര്‍ കാന്തബോംബ് വെക്കുകയായിരുന്നു.
അതായത്, ഇറാനി ശാസ്ത്രജ്ഞരെ കൊല്ലാന്‍ എതിരാളികള്‍ സ്വീകരിച്ച ശൈലിയാണ് കാന്തബോംബ്. അതെങ്ങനെ ഇറാന്റെ പങ്കിന് തെളിവാകും?
ടൈംസ് ഓഫ് ഇന്ത്യ മുതല്‍ സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനല്‍വരെ ഇസ്രായേലിന്റെ ഇന്ത്യന്‍ അംബാസഡര്‍ ആലോണ്‍ ഉഷ്പിസിനെ വിളിച്ച് അവരുടെ ഭാഗം കൊടുക്കുന്നു. ഇറാന്‍ സ്ഥാനപതിയെ അവരാരും ബന്ധപ്പെടുന്നില്ല.

 യാസീന്‍ അശ്റഫ്

Blogger templates

.

ജാലകം

.