ഹിന്ദു, ടൈംസ്, മാതൃഭൂമി...


ഹിന്ദുപത്രം വിരസമെന്ന് ടൈംസ് ഓഫ് ഇന്ത്യ. ടൈംസ് വായനക്കാരെ ബുദ്ധിയില്ലാത്തവരാക്കുമെന്ന് ഹിന്ദു. ചെന്നൈയില്‍ പത്രത്തല്ലിന്റെ ഹരം.
കുറച്ചുമുമ്പാണ് ടൈംസ് അതിന്റെ ഹിന്ദു വിരുദ്ധ വീഡിയോ ക്ളിപ്പ് ഇറക്കിയത്. ഹിന്ദുവിന്റെ തറവാട്ടിലേക്കുള്ള ടൈംസിന്റെ കടന്നുവരവ് അറിയിക്കാനായിരുന്നു അത്. നിങ്ങളെ ഉറക്കിക്കിടത്തുന്ന പത്രം വിട്ട് ഉണര്‍ത്തുന്ന പത്രം വാങ്ങൂ എന്നായിരുന്നു സന്ദേശം.
രസകരമാണ് ക്ളിപ്പ്. പശ്ചാത്തലത്തില്‍ താരാട്ടിന്റെ ഈണം. ജോലിക്കിടയിലും മറ്റും ഉറക്കം തൂങ്ങുന്നവര്‍. ജിംനേഷ്യത്തില്‍ ചാരി ഉറക്കുന്നവര്‍. വായിച്ച പത്രത്തില്‍ തലവെച്ച് ഉറങ്ങിപ്പോയയാള്‍, പത്രം വിശറിയാക്കി ഉറക്കത്തിലേക്ക് ചായുന്നയാള്‍...ഒടുവില്‍ സന്ദേശം തെളിയുന്നു: നിങ്ങളെ ഉറക്കിക്കിടത്തുന്ന പത്രത്തോടൊപ്പം കുടുങ്ങിപ്പോയോ? ടൈംസ് ഓഫ് ഇന്ത്യയിലേക്ക് ഉണരൂ.
ഒന്നു രണ്ടു മാസമെടുത്തെങ്കിലും ഹിന്ദുവിന്റെ മറുപടി ഇപ്പോള്‍ വന്നു: മര്‍മം നോക്കിത്തന്നെ. പൈങ്കിളിവിശേഷങ്ങള്‍ക്കപ്പുറം അവശ്യ വിവരങ്ങളൊന്നും ടൈംസില്‍നിന്ന് കിട്ടില്ലെന്നാണ് അവരുടെ വിഡിയോ വിളംബരം ചെയ്യുന്നത്.
ഒരു ക്വിസ്മത്സരമാണ് രംഗം. ആറ് മത്സരാര്‍ഥികള്‍. ചോദ്യം ഒന്ന്-ഹാരി പോട്ടര്‍ പരമ്പര രചിച്ചതാര്? ഓരോരുത്തരായി ഉത്തരം കിട്ടാതെ ഒഴിയുന്നു. ജൂലിയസ് സീസറാണോ എന്നുവരെ ഒരാള്‍ നേരിയ പ്രത്യാശയോടെ ചോദിക്കുന്നു.
പോള്‍ മക്കാര്‍ട്നി ഏത് ബാന്‍ഡിന്റെ ഭാഗം? -അടുത്ത ചോദ്യം-ആറു പേര്‍ക്കും അതുമറിയില്ല. 'എ.ടി.എമ്മി'ന്റെ പൂര്‍ണരൂപം? ശരിയുത്തരമൊഴിച്ച് കുറെ ധീരമായ ശ്രമങ്ങള്‍ മാത്രം.
അപ്പോള്‍ വരുന്നു മറ്റൊരു ചോദ്യം: 'സൈസ് സീറോ' എന്ന അഴകളവുമായി ബന്ധപ്പെട്ട ബോളിവുഡ് നായികയുടെ പേര്? ഒട്ടും സംശയമില്ലാതെ ആറുപേരും ശരിയുത്തരം നല്‍കുന്നു: കരീന.
ക്വിസ് മാസ്റ്ററുടെ ചോദ്യം: നിങ്ങള്‍ ഏതു പത്രമാണ് വായിക്കുന്നത്? ആറുപേരും നല്‍കുന്ന ഉത്തരം ഒന്നുതന്നെ. വിഡിയോയുടെ ആ ഭാഗത്ത് ശബ്ദം ഒഴിവാക്കിയിട്ടുണ്ടെങ്കിലും ചുണ്ടനക്കം വായിക്കാനാവും-ടൈംസ് ഓഫ് ഇന്ത്യ.
രണ്ടാംറൗണ്ടും ഏതാണ്ടിതേ മട്ട് തന്നെ. യു.പി.എയുടെ പൂര്‍ണരൂപം? (''ഉത്തര്‍പ്രദേശ്...?'') ടാറ്റാ ഗ്രൂപ്പില്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ആരാവും? ധ്യാന്‍ചന്ദ് കളിച്ചത് ഏത് കളി? അറിയില്ല, അറിയില്ല.
ഋത്വിക് റോഷന്റെ വിളിപ്പേരെന്ത്? ആറുപേര്‍ക്കും അതറിയാം-ദുഗ്ഗു. നിങ്ങള്‍ വായിക്കുന്നതേതുപത്രം? ''ടൈംസ് ഓഫ് ഇന്ത്യ...''
ഏറെ തെറ്റിയിട്ടില്ലാത്ത ഈ വിലയിരുത്തല്‍കൊണ്ട് ടൈംസിന് വലിയ അലോസരമുണ്ടാകുമെന്ന് കരുതേണ്ടതില്ല. അവര്‍ക്ക് ഇതും ഒരു ബഹുമതിയാകാം.
പൈങ്കിളിത്തത്തില്‍ ടൈംസിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന മലയാള പത്രം മലയാള മനോരമയാണെങ്കിലും ചെന്നൈയില്‍നിന്ന് പത്രമുത്തശ്ശിമാരുടെ അന്യോന്യം കേരളത്തിലേക്ക് കടന്നപ്പോള്‍ ടൈംസിന് കൂട്ടാളിയായി കിട്ടുന്നത് മാതൃഭൂമിയെ.
ഫെബ്രുവരി ഒന്നിന് മാതൃഭൂമിയുടെ ''ആതിഥേയത്വ''ത്തില്‍ ടൈംസ് കേരളത്തിലിറങ്ങിത്തുടങ്ങി. അതിന്റെ മൂന്നു ദിവസം മുമ്പ്, ജനുവരി 29ന്, ഹിന്ദു കേരളത്തില്‍ അതിന്റെ മൂന്നാം എഡിഷന്‍ കോഴിക്കോട്ട് തുടങ്ങി.
ടൈംസ്-മാതൃഭൂമി കൂട്ടുകെട്ടിന് ഒരു ''വിലവെറി'' (പ്രൈസ് വാര്‍)യുടെ അകമ്പടി കൂടിയുണ്ട്. രണ്ടു പത്രം ഒരുമിച്ചെടുത്താല്‍ നിരക്കിളവുണ്ടത്രെ. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുമെന്ന് കരുതപ്പെടുന്ന മലയാള മനോരമക്ക് രണ്ടു രീതിയില്‍ പ്രതികരിക്കാം. ഉള്ളടക്കം ടൈംസിലേതിനെക്കാള്‍ ''മനോരമ്യ''മാക്കാം; അല്ലെങ്കില്‍ വില കുറച്ച് മത്സരിക്കാം; ഇത് രണ്ടുമാകാം; രണ്ടുമല്ലാതെ വേറൊരു വഴി അവര്‍ കണ്ടെത്തിക്കൂടെന്നുമില്ല. മനോരമയാണ് കമ്പോളക്കളിയുടെ ആശാന്മാര്‍. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നാണല്ലോ കമ്പോളത്തിന്റെ ആദ്യപാഠം.
കേരളത്തില്‍ ഇംഗ്ളീഷില്‍ ഇറക്കുന്ന മറ്റൊരു ''പരദേശി''പ്പത്രം ഡെക്കാന്‍ ക്രോണിക്ക്ളാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എഡിഷനുകള്‍. പുതിയ എഡിഷനുകള്‍ തുടങ്ങാന്‍ പരിപാടിയുണ്ട്. ടൈംസിനെ ചെറുക്കാന്‍ വിലയില്‍ നേരിയ ഇളവു വരുത്തുന്നുണ്ട്. ടൈംസ് വരുന്നതുതന്നെ ഏഴു എഡിഷനുകളായാണ്.
വില കുറച്ച് മത്സരിക്കുന്നതുകൊണ്ട് ഗുണമോ ദോഷമോ? ഉപഭോക്താക്കള്‍ക്ക് അത് ഗുണകരമാണെന്ന ധാരണ പൊതുവെ ഉണ്ട്. എന്നാല്‍, രണ്ടു നിലക്ക് അത് ദോഷമാണ് ചെയ്യുക. ഒന്ന്, അത് മറ്റു പത്രങ്ങളെ നശിപ്പിച്ച് ഏതാനും കുത്തകകള്‍ക്ക് മാത്രമായി രംഗം വിട്ടുകൊടുക്കാന്‍ ഇടവരുത്തുന്നു. രണ്ട്, വില കുറക്കുന്നതിനനുസരിച്ച് പരസ്യങ്ങളെയും ഇതര വരുമാന മാര്‍ഗങ്ങളെയും കൂടുതലായി ആശ്രയിക്കാന്‍ പത്രങ്ങള്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ അവയുടെ സ്വതന്ത്ര സ്വഭാവം നശിക്കുന്നു.
ഇന്ന് പതിനാറും ഇരുപതും രൂപ ഉല്‍പാദനച്ചെലവ് വരുന്ന ഒരു പത്രം നാലു രൂപക്ക് ഉപഭോക്താവിന് ലഭിക്കുന്നുണ്ട്. ഭീമമായ ഈ വ്യത്യാസം നികത്തുന്നത് പരസ്യവരുമാനത്തിലൂടെയാണ്. വില കുറയുന്നതിനനുസരിച്ച് പരസ്യങ്ങളുടെ എണ്ണവും സ്വാധീനവും വര്‍ധിക്കും. വില കൂടുന്നതിനനുസരിച്ച് അവ കുറക്കാനാവും. പരസ്യങ്ങള്‍ക്കും പരസ്യദാതാക്കള്‍ക്കും വഴങ്ങുന്നതില്‍ എതിര്‍പ്പില്ലാത്തവരാണ് വില കുറച്ച് മത്സരിക്കാന്‍ തയാറാവുക.
വാസ്തവത്തില്‍, സൗജന്യ സേവനം ഏറെയും സൗജന്യമല്ല-അതിന്റെ വില മറ്റുനിലക്ക് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിന് ഒരു ഉദാഹരണമാണ് ഇന്റര്‍നെറ്റിലെ ''സൗജന്യ''സേവനങ്ങളായ ഇ-മെയില്‍, ബ്ലോഗ്, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ.
ഈ സൗജന്യത്തിന്റെ വില അവര്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. ഉപയോക്താവിന്റെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി വിവരങ്ങള്‍ മറ്റു കമ്പനികള്‍ക്ക് കൈമാറുമെന്ന് ഗൂഗ്ള്‍ അറിയിച്ചിരിക്കുന്നു. ഫേസ്ബുക്കും ട്വിറ്ററുമൊന്നും പുറത്തുപറഞ്ഞിട്ടില്ലെങ്കിലും ഇങ്ങനെ ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഉപയോക്താവിന്റെ സ്വകാര്യത ഈ സേവനദാതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുമാത്രം വിധേയമായിരിക്കും.

ഇ-മെയില്‍
അന്വേഷണമെന്നാല്‍...
''ഇ-മെയില്‍ വിവാദം: അന്വേഷണത്തിന് ഉത്തരവ്''; ''അന്വേഷണം പുരോഗമിക്കുന്നു; ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും''; ''റിപ്പോര്‍ട്ട് ലഭിച്ചു; നടപടി ഉണ്ടാകും''.
എന്താണ് ഇ-മെയില്‍ വിവാദം? സര്‍ക്കാര്‍ കുറെ പൗരന്മാരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ നീക്കം നടത്തുന്നു; അവരില്‍ കൂടുതലും ഒരു സമുദായത്തില്‍പ്പെട്ടവരാണ്.
ഇതിനെപ്പറ്റി അന്വേഷണം നടത്തുക എന്നാല്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഇത്തരം പൗരാവകാശ ലംഘനവും സാമുദായിക വിവേചനവും എന്ന് കണ്ടെത്താന്‍ ശ്രമിക്കുക എന്നാണര്‍ഥം. ആരാണ് ഇതിന് ഉത്തരവാദികള്‍, എന്താണ് അവരുടെ ലക്ഷ്യം തുടങ്ങിയ കാര്യങ്ങളും കണ്ടെത്തണം.
പക്ഷേ, അതൊന്നും അന്വേഷണത്തിന് വിഷയമാകുന്നില്ല. പകരം, ഇതെങ്ങനെ ചോര്‍ന്നു എന്നാണ് അന്വേഷിക്കുന്നത്. ''ഇ-മെയില്‍ വിവാദം അന്വേഷണം'' തന്നെയും സര്‍ക്കാറും പ്രധാന മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ഒരു തെറ്റുധരിപ്പിക്കല്‍ യജ്ഞമാവുകയാണ്.
വാര്‍ത്ത ചോര്‍ത്തിയത് ഹൈടെക് സെല്ലിലെ ഒരു എസ്.ഐ (ബിജു) ആണെന്ന് ''കണ്ടെത്തി''. ''ബിജുവിനെതിരെ കേസെടുത്തിട്ടില്ല. കേസെടുക്കുകയാണെങ്കില്‍ (മാധ്യമം) വാരിക പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും'' എന്ന് മലയാള മനോരമ (ജനു. 28). എങ്കില്‍ 'ലൗ ജിഹാദ്' പ്രചാരണം നടത്തിയവര്‍ക്കെതിരെക്കൂടി കേസെടുക്കേണ്ടിവരുമോ എന്നും മനോരമ തീരുമാനിക്കും.

സര്‍ക്കാര്‍ അഥവാ സ്വകാര്യം
മഞ്ചേരി നറുകരയില്‍നിന്ന് വടക്കേതില്‍ വിനോദ് കുമാര്‍ പത്ര റിപ്പോര്‍ട്ടുകളിലെ വൈരുധ്യത്തിന്റെ ഉദാഹരണം കാണിക്കുന്നു. ജനുവരി 19ലെ മൂന്നു പത്രത്തലക്കെട്ടുകള്‍: ''മലബാറിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നഷ്ടപ്പെടും''(മാതൃഭൂമി); ''മഞ്ചേരി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മേഖലയില്‍ വേണമെന്ന് യു.ഡി.എഫ്'' (മനോരമ); ''പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് സ്വകാര്യ പങ്കാളിത്തമാവാമെന്ന് യു.ഡി.എഫ് (തേജസ്).
മുംബൈ സ്ഫോടന കേസിലെ ''പ്രധാന പ്രതിയായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കലി''നെ പിടികൂടാനായില്ല; അയാള്‍ ഒളിവിലാണെന്ന് ജനുവരി 24ലെ പത്രങ്ങള്‍. യാസിന്‍ ഭട്കലിന്റെ ഒരു ഫോട്ടോ അടക്കമുള്ള മാതൃഭൂമി ലീഡ് വാര്‍ത്തയില്‍ ഇങ്ങനെ: ''യാസിന്‍ ഭട്കലിന്റെ രേഖാചിത്രം ഉടനെ പുറത്തിറക്കും.''
ഫറോക്കിലെ മുല്ലവീട്ടില്‍ മുഹമ്മദിന് സംശയം: അപ്പോള്‍ ഇതിലെ ഫോട്ടോ ഏത് ''രേഖാചിത്രം'' വെച്ച് ഉണ്ടാക്കിയതാണ്?
''ഹക്കീമുല്ല മെഹ്സൂദ് കൊല്ലപ്പെട്ടെന്നു വാര്‍ത്ത; നിഷേധവുമായി താലിബാന്‍'' എന്ന് ജനുവരി 15ലെ റിപ്പോര്‍ട്ട്. കൊല്ലപ്പെടലും നിഷേധവുമായി ഇതൊരു സ്ഥിരം വാര്‍ത്താ നാടകമല്ലേ എന്ന് താമരശ്ശേരിയില്‍നിന്ന് എം. മാത്യു.
വായനക്കാരന്‍ പറഞ്ഞത് ശരിയാണ്. ജനുവരി 12ന് പാകിസ്താനിലെ വടക്കന്‍ വസീറിസ്താനില്‍വെച്ച് യു.എസ് ഡ്രോണ്‍ വിമാനാക്രമണത്തില്‍ മഹ്സൂദ് മരിച്ചു എന്നായിരുന്നു മുമ്പത്തെ വാര്‍ത്ത. ഇതാകട്ടെ ആദ്യ ''മരണ''വുമല്ല. മുമ്പ് ഏഴു തവണ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു. ചിലത് ''മരണം സ്ഥിരീകരിച്ച'' ശേഷം മാറ്റിപ്പറഞ്ഞു. 2009 ആഗസ്റ്റിലാണ് ആദ്യമായി മഹ്സൂദ് ''കൊല്ലപ്പെടു''ന്നത്. പിന്നീട് 2010 ഫെബ്രുവരി വരെ ആറുതവണ ''കൊല്ലപ്പെട്ടി''ട്ടുണ്ടയാള്‍.
പ്രമുഖ വ്യക്തികളുടെ ചരമങ്ങള്‍ നമ്മുടെ പത്രങ്ങള്‍ക്ക്  വന്‍ ആഘോഷമാവുകയാണ് എന്ന് മറ്റൊരു വായനക്കാരന്‍. മരിച്ചവരോട് ആദരവാകാം; അവരെ അനുസ്മരിക്കാം; പക്ഷേ, മറ്റു വാര്‍ത്തകളെല്ലാം മാറ്റിവെച്ച് ഒരാളെപ്പറ്റി അത്യുക്തിപരമായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് പേജുകള്‍ നിറക്കേണ്ടതുണ്ടോ? അത്യുക്തിയോ അമിത വര്‍ണനയോ അതിഭാവുകത്വം നിറഞ്ഞ ലേഖന പരമ്പരകളോ ഇല്ലാത്ത രീതിയിലേക്ക് വരാനാവില്ലേ? അദ്ദേഹം ചോദിക്കുന്നു.

ജനപ്രിയ കോണ്‍ഗ്രസ് സിനിമ
കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ പൊലീസിനെച്ചൊല്ലി തുടങ്ങിയ ഗ്രൂപ്പ് പോര് വളര്‍ന്ന് കാര്‍ട്ടൂണിസ്റ്റുകളുടെ ഹരമായി മാറിയിരിക്കുന്നു. കെ. സുധാകരനും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പൊലീസ് സൂപ്രണ്ട് അനൂപ് കുരുവിളയും കഥാപാത്രങ്ങളായുള്ള ഒരു ജനപ്രിയ സിനിമാ രംഗം അവതരിപ്പിക്കുന്നു കേരള കൗമുദിയില്‍ സുജിത് (ഫെബ്രു. 1).

 യാസീന്‍ അശ്റഫ്

Blogger templates

.

ജാലകം

.