പ്രകൃതിസ്നേഹിയായ; മരത്തെയും മഴയെയും കുറിച്ച് പാടിക്കൊണ്ടിരിക്കുന്ന; വഴിയിലെ വെയിലിനും ചുമലിലെ ചുമടിനും തണലിനും മരക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി പാടുന്ന ഒരു കവിയുണ്ട്. ആ കവിയുടെ ഒരു കഥ കേട്ടപ്പോള്‍ ഏതു ദേവേന്ദ്രനും മാധ്യമ വിമര്‍ശം നടത്താം എന്ന നിഗമനത്തിലാണ് ശതമന്യു എത്തിയത്്. കഥ ഇതാണ്: തീവണ്ടിയില്‍ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി കശക്കിയെറിഞ്ഞ് കൊന്ന സൗമ്യയെക്കുറിച്ച് ഒരു ചാനലിന് കവിയുടെ വാക്കുകള്‍ വേണം. റിപ്പോര്‍ട്ടറും ക്യാമറാമാനും കവിയെത്തേടി വീട്ടിലെത്തി. ക്യാമറ ഉണര്‍ന്നു. വിളക്കുകള്‍ തെളിഞ്ഞു. കവി പറഞ്ഞുതുടങ്ങി: "സൗമ്യയും സുശീലയും ശാന്തയുമായ......" അടുത്ത വാക്കു പുറത്തുവരുംമുമ്പ് മരക്കൊമ്പിലിരുന്ന് കൊച്ചുകുയില്‍ : "ക് കു....."
ക്യാമറാമാനോട് കവിയുടെ ചോദ്യം: "ഈ ശബ്ദം അതില്‍ വരുമോ?" ഉവ്വ് എന്ന ഉത്തരം. അതോടെ കവി മുറ്റത്തിറങ്ങി കല്ലെടുത്ത് മരക്കൊമ്പിലേക്ക് ഒരേറ്. "പോ കുയിലേ." തിരിച്ചു വന്ന് കസേരയിലിരുന്ന് വീണ്ടും പറഞ്ഞുതുടങ്ങി:"സൗമ്യയും സുശീലയും...." അതാ വരുന്നു വീണ്ടും കൊച്ചുകുയിലിന്റെ കമന്റ്: "ക് കു കു...." കവിക്ക് അസ്വസ്ഥത. കവിയും മകളും കൂടി മരത്തിലേക്ക് തുരുതുരെ കല്ലേറ്. ഇത് പലവട്ടം ആവര്‍ത്തിച്ചു. സൗമ്യയെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളേക്കാള്‍ കുയിലിനോടുള്ള അരിശം വാക്കേറും കല്ലേറുമായി ക്യാമറയില്‍ നിറഞ്ഞു.
വല്ലവിധേനയും ദൗത്യം പൂറത്തിയാക്കി ചാനലുകാര്‍ സ്ഥലം വിടുമ്പോഴും "കൊച്ചു കുയിലിന്" ശകാരം കിട്ടിക്കൊണ്ടേയിരുന്നു. വഴിപോക്കനെ ഓടിച്ചിട്ട് കടിച്ച നായയെ നാട്ടുകാര്‍ കല്ലെറിഞ്ഞപ്പോള്‍ മനംനൊന്ത് ഇതേ കവിയാണ് "പ്രിയ ശ്വാനസോദര, നിന്‍ നോവെന്‍ കരളിനെ പിളര്‍ക്കുന്നു" എന്ന് കവിതയെഴുതിയതത്രെ. മരത്തിനും മൃഗത്തിനും കവിതയില്‍ മാത്രമാണഭയം. ജീവിതത്തില്‍ മരം വെട്ടി ഫര്‍ണിച്ചറാക്കാനുള്ളതാണ്; മൃഗവും പക്ഷിയും കല്ലെറിഞ്ഞോടിക്കാനുള്ളതാണ്. ഇത്രയേ ഉള്ളൂ കാര്യം. കവിതയായാലും വാര്‍ത്തയായാലും ലേഖനമായാലും ഉശിരോടെ എഴുതണം; തീവ്രമാകണം. എഴുതുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തണമെന്ന് ഒട്ടുമേ നിര്‍ബന്ധമരുത്. പുറത്തുകാണുന്നത് ഒന്ന്; അകത്ത് മറ്റൊന്ന് എന്നത് മനുഷ്യന്റെ പൊതുസ്വഭാവമാണ്. കാലാകാലമായി കള്ളംമാത്രം എഴുതുന്നവര്‍ , കുറച്ചുകാലമായി അതേ പണിചെയ്യുന്നവരെ ചൂണ്ടി "പെരുങ്കള്ളന്‍" എന്നു വിളിക്കുന്നതില്‍ അത്ഭുതം കൂറാനില്ല.
ഒരു സത്യസന്ധന്‍ എഴുതിയത് വായിക്കുക: "സത്യമല്ലാത്ത സ്കൂപ്പ് ഇറക്കിയാല്‍ വിശ്വാസ്യത നഷ്ടപ്പെടില്ലേ, പത്രം തകരില്ലേ തുടങ്ങിയ ബാലിശചോദ്യങ്ങള്‍ ചോദിക്കുന്ന ബാലരാമന്മാരെ ഏക്കാലത്തും കാണും. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ ഇക്കാലംവരെ ഒരു അസത്യവാര്‍ത്തയും ഉണ്ടായിട്ടില്ല. പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത സത്യമായിരുന്നില്ല, മാപ്പാക്കണം എന്ന് ഒന്നാം പേജില്‍ അറിയിപ്പ് കൊടുക്കേണ്ടി വന്ന വിദേശപത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇവിടെ അങ്ങനെ സംഭവിക്കാറില്ല. വാര്‍ത്ത ശരിയോ എന്നന്വേഷിക്കുന്നത് എഴുതുന്ന ആളുടെ പണിയാണ്, വായിക്കുന്ന ആളുടെ പണിയല്ല. വായനക്കാരന് വേറെ പണിയുണ്ട്. രാഷ്ട്രീയ-മതപര സ്കൂപ്പുകളുടെ കാര്യത്തില്‍ ഒരു സൗകര്യമുണ്ട്. വാര്‍ത്തയില്‍ സത്യമുണ്ടോ എന്നന്വേഷിക്കേണ്ട കാര്യമില്ല. ഏതാണ്ട് മുഴുവന്‍ ജനവും ഈ കാര്യങ്ങളില്‍ ഏതെങ്കിലും ഒരു&ലരശൃര;പക്ഷത്ത് നില്‍ക്കുന്നവരാണ്. തങ്ങളുടെ പക്ഷത്തിനെതിരെങ്കില്‍ ആ വാര്‍ത്ത അസത്യം, അടിസ്ഥാനരഹിതം. മറിച്ചാണെങ്കില്‍ മറിച്ചും. സത്യം കണ്ടെത്തിക്കളയാം എന്നു വിചാരിച്ച് സ്കൂപ്പ് തുരന്നുപരിശോധിക്കാന്‍ തീരുമാനിച്ചാല്‍ , സുര്‍ക്കി കണ്ടെത്താന്‍ മുല്ലപ്പെരിയാര്‍ ഡാം തുരന്നതുപോലിരിക്കും ചിലപ്പോള്‍ . ഉള്ള് കാലി."
ഇതാണ് മാധ്യമപ്രവര്‍ത്തനത്തിലെ ധാര്‍മികബോധം. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നും ഇതിനെ വിളിക്കാം. വാര്‍ത്തയില്‍ പരമാവധി വിഷം കലക്കുന്നതിനാണ് മുന്തിയ കൂലി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ മാധ്യമ എന്‍ഡോസള്‍ഫാന്‍ ഈയിടെ ഒളിവില്‍പോയ ഒരു മുതലാളി നയിക്കുന്ന പത്രമാണ്. പ്രസിദ്ധീകരിച്ച വാര്‍ത്ത അസത്യമാണെന്ന് തെളിഞ്ഞാലും സ്കൂപ്പ് പൊട്ടിപ്പൊളിഞ്ഞാലും വിഷം കലക്കിക്കൊണ്ടേയിരിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കാന്‍ പാടില്ല എന്നാണ് പത്രത്തിന്റെ പുതിയ നയം. അതിന്റെ പ്രചാരണത്തിന് പത്രനടത്തിപ്പുകാരെത്തേടിയിറങ്ങിയിരിക്കയാണ് മുതലാളി. തട്ടുകടയിലെ ചായക്ക് ആറുരൂപയാണ് നടപ്പുവില. മലയാള പത്രത്തിന് നാലു രൂപ. പത്രത്തിന്റെ വില അല്‍പ്പം കൂട്ടിയാല്‍ ജീവനക്കാര്‍ക്ക് തെറ്റില്ലാത്ത വേതനം നല്‍കാന്‍ കഴിയും. ആ ചിന്തയ്ക്കും പാര പണിതു നമ്മുടെ "മുതലാളി". പണ്ട് "ടൈംസ് ഓഫ് ഇന്ത്യക്കാര്‍ ഇതാ കേരളത്തിന്റെ സ്വന്തം പത്രത്തെ വിഴുങ്ങുന്നു-വീരോചിതം പൊരുതൂ നാട്ടുകാരേ" എന്നായിരുന്നു ആഹ്വാനം. ഇപ്പോള്‍ "ടൈംസ് ഓഫ് ഇന്ത്യ അഞ്ചുരൂപയ്ക്ക് വാങ്ങൂ; മലയാളത്തിന്റെ ദേശീയ പത്രം സൗജന്യമായി നേടൂ" എന്നായി. പത്രപ്രവര്‍ത്തകരുടെ ജീവിതത്തില്‍ മുതലാളി വിഷം നിറയ്ക്കുമ്പോള്‍ അനുയായികള്‍ രാഷ്ട്രീയത്തില്‍ വിഷപ്രയോഗം നടത്തുന്നതിനെ കുറ്റപ്പെടുത്തേണ്ടതില്ല. അതില്‍ അല്‍പ്പം വര്‍ഗീയത വന്നുപോയാലും കുറ്റം പറയേണ്ടതില്ല. അതുകൊണ്ട് മാതൃഭൂമിയില്‍ ഇന്ദ്രന്‍ "ഇ-മെയില്‍ വ്യാജബോംബി"നെക്കുറിച്ച് ഉപന്യസിച്ചതില്‍ ശതമന്യുവിന് തെല്ലും പരിഭവമില്ല.
ലിറ്റില്‍ ജോണിമാരും ബിഗ് ഇന്ദ്രന്‍മാരും വീരകുമാരന്‍മാരും ഒന്നിച്ചാല്‍ എന്തും സംഭവിക്കും. ചെന്നൈയിലെ കുമാരന്‍ ഉലകകുമാരനാകും. പടുവാക്കുകള്‍ സാക്ഷിമൊഴികളാകും. പടുകുഴിയില്‍ പതിച്ചാലും കാലുകള്‍ മുകളില്‍തന്നെ എന്നു തോന്നും. ഇതൊക്കെ സംഭവിക്കുന്ന നാട്ടില്‍ ആര്‍ക്കും ആരുടെ, എവിടെയും പാര കയറ്റാം. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് വകുപ്പിന്റെ കൂര്‍ത്തുമൂര്‍ത്ത പാരകള്‍ പലവഴിക്കായി തറച്ചു കയറുകയാണ്. പരിക്കേറ്റവരില്‍ ഏറെയും പ്രത്യേക സമുദായക്കാരാണെന്നും പാരയുടെ വഴി നിയമത്തിന്റെ വഴിയല്ലെന്നും ചിലരൊക്കെ വിളിച്ചു പറഞ്ഞുപോയി. സര്‍ക്കാര്‍ വിലാസം രോഷപ്രകടനക്കാര്‍ അതിനെതിരെ രംഗത്തിറങ്ങേണ്ടതുതന്നെ. അക്കൂട്ടത്തില്‍ പ്രതിയുണ്ടോ വിശേഷാല്‍ പ്രതിയുണ്ടോ എന്നൊന്നും ചോദിക്കരുത്. ഉത്തരം സുര്‍ക്കിപോലെതന്നെയാകും. എത്ര തുരന്നാലും കിട്ടില്ല
-------------
സ്കൂപ്പ് എന്ന് വിളിക്കുന്നത്, ആരും ചെയ്യാത്തത് ചെയ്യുന്നതിനെയാണ്. മാറാട് കലാപം കഴിഞ്ഞപ്പോഴും ഒരു സ്കൂപ്പ് വന്നിരുന്നു. "മധ്യസ്ഥ നീക്കം കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചു. ആന്റണി സിബിഐ അന്വേഷണത്തിന് തയ്യാറായിട്ടും കുഞ്ഞാലിക്കുട്ടി സമ്മതിച്ചില്ല. കാരണം അന്വേഷണം വന്നാല്‍ താന്‍ ഉള്‍പ്പെടെയുള്ളവരെ സിബിഐ അകത്താക്കില്ലേയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു" എന്നായിരുന്നു ഞെട്ടിക്കുന്ന ആ സ്കൂപ്പ്. ഓരോ സ്കൂപ്പിനും ആര്‍ക്കെങ്കിലും പ്രയോജനം കിട്ടണം എന്നാണ് പ്രമാണം. അന്നത്തെ പ്രയോജനം മാറാട്ടെ ഒരു ഭാഗത്തിനായിരുന്നു.
കുഞ്ഞാലിക്കുട്ടിക്ക് അടികിട്ടി; ഹിന്ദു തീവ്രവാദികള്‍ക്ക് ചിരിപൊട്ടി. കാലം മാറിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയെയും രക്ഷിക്കണം; പഴയ കൂട്ടുകാരെയും പ്രീണിപ്പിക്കണം. ഇ-മെയില്‍ വിവാദത്തില്‍ മുഖ്യമന്ത്രി പുട്ടുവിഴുങ്ങിയിരിക്കുന്നു. ലീഗിന് മിണ്ടാട്ടം മുട്ടിയിരിക്കുന്നു. സ്വന്തം മുതലാളി യുഡിഎഫിന്റെ യോഗത്തില്‍ പങ്കെടുക്കാറില്ലെന്നേയുള്ളൂ. "ലുക്കില്ലെങ്കിലും" വലിയ നേതാവാണ്. കാക്കനാട്ടെ പത്രക്കാരുടെ അക്കാദമിയില്‍ കസേര തരപ്പെടുത്തിത്തന്നത് ഉമ്മന്‍ചാണ്ടി. അതില്‍ ഇരിക്കാനായത് കുഞ്ഞാലിക്കുട്ടിയുടെ മഹാമനസ്കത കൊണ്ട്. ഒരു പാലമിട്ടാല്‍ വണ്‍വേ ആകരുത്. കുഞ്ഞാലിക്കുട്ടിക്ക് ഒരു ബുദ്ധിമുട്ട് വന്നു. സഹായിക്കണം. ആ സഹായം വൈരുധ്യാത്മകമാവുകയും വേണം. ഹിന്ദുത്വസോദരര്‍ പിണങ്ങരുതല്ലോ. ഇ-മെയില്‍ വിവാദം വിഷാത്മകം എന്ന സിദ്ധാന്തം ജനിച്ചത് ഈ ദ്വന്ദാത്മകതയില്‍നിന്നാണ്. ആയതിനാല്‍ നമുക്ക് ഇനി, വാര്‍ത്തയില്‍ എത്ര ശതമാനം വിഷം ചേര്‍ക്കാം, സ്കൂപ്പുകളില്‍ അനുവദനീയമായ രാസവസ്തുക്കളുടെ അളവെത്ര എന്നിങ്ങനെ കെമിസ്ട്രി പറഞ്ഞുകളിക്കാം. -------- അവസാനം കേട്ട ആക്ഷേപ ഹാസ്യം: "മാധ്യമസ്വാതന്ത്ര്യം എന്നത് &മലഹശഴ;കുറച്ചെല്ലാം അസത്യവും പറയാനുള്ള സ്വാതന്ത്ര്യമാണ്. അതുണ്ടെങ്കിലേ സത്യം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടാകൂ." സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന് എഴുതുന്നതിന് മറ്റൊരര്‍ഥവുമുണ്ടെന്ന്. അല്‍പ്പം അസത്യവും കുറച്ചേറെ അസമത്വവും മേമ്പൊടിക്ക് ദുഃസ്വാതന്ത്ര്യവും ആകാം. പദവിക്ക് ഒട്ടും ഉലച്ചില്‍തട്ടില്ല.
sathamanyu.blogspot
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ