അങ്കമാലിയിലെ അച്ഛന്‍മാര്‍ അമലയിലേക്ക് നോക്കൂ...

 
ഒരുമാസമായി അമലയില്‍ പൊട്ടിത്തെറികള്‍ തുടങ്ങിയിട്ട്. കാരണം മറ്റൊന്നുമല്ല, ഇന്ത്യയിലെ നഴ്സുമാരൊന്നടങ്കം അവരുടെ ആശുപത്രി മുതലാളിമാരോട് പറഞ്ഞതത്രയും തന്നെ. ആശുപത്രിക്കുള്ളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊക്കെ തലയാട്ടി സമ്മതിച്ചാല്‍ പിന്നെന്ത് വില. ഒരുമാസം നീണ്ട ചര്‍ച്ചകള്‍ പക്ഷെ, ജില്ലാ ലേബര്‍ ഓഫിസറുടെ മുന്നില്‍ നാലുമണിക്കൂര്‍ ഇരുന്നപ്പോഴേക്കും നഴ്സുമാരുടെ ആവശ്യങ്ങളെയല്ലാം അംഗീകരിച്ചു നല്‍കി. അതാണ് തൃശൂരിലെ അച്ഛന്‍മാര്‍.

അമലയെ നയിക്കുന്ന സി.എം.ഐ സഭാ നേതൃത്വത്തിന് സമരങ്ങളെയും നാട്ടുകാരുടെ ഇടപെടലുകളെയും വലിയ ഭയമാണ്. തൃശൂര്‍ നഗരത്തിലെ കണ്ണായ കൃഷിഭൂമി ഭൂമാഫിയക്ക് വിറ്റ് കാശാക്കാന്‍ നികത്തിയെടുത്തതിന് സഭക്കേറ്റ തിരിച്ചടി ചെറുതൊന്നുമല്ല. ചണ്ടിപ്പുലിപ്പാടം കോള്‍മേഖലയിലെ അസ്സല്‍ കര്‍ഷകര്‍ പാട്ടത്തിനെടുത്ത കൃഷി ഭൂമി ഇഷ്ടന്‍മാര്‍ വളച്ചുകെട്ടി കക്ഷത്ത് വച്ചതിന് ഇപ്പോഴും ഹൈക്കോടതിയില്‍ കേസുണ്ട്. ഒരിക്കല്‍ കോടതി ഇടപെട്ട് അച്ഛന്‍മാരെ തിരുത്തിയിരുന്നു.

സമരം ചെയ്യുന്ന നഴ്സുമാരെ പൊലീസിനെ ഉപയോഗിച്ച് നീക്കാന്‍ ഹൈക്കോടതി കയറിയിറങ്ങിയ അങ്കമാലിയിലെ അച്ഛന്‍മാര്‍ക്ക് ബുധനാഴ്ച കുറേ നിയമവശങ്ങള്‍ കിട്ടി. 'പുതിയ നിയമ'ത്തില്‍ കാണാത്തതും വായിക്കാത്തതുമായ നിയമങ്ങളും പരാമര്‍ശങ്ങളുമാണ് കറുത്ത കോട്ടിട്ട നിയമജ്ഞര്‍ വെള്ളക്കുപ്പായത്തിനുള്ളിലുണ്ടായ അച്ഛന്‍മാര്‍ക്ക് നല്‍കിയത്. കോടതി നഴ്സുമാരുടെ ദുരിതം കണ്ടറിഞ്ഞെന്നുവേണം പരാമര്‍ശങ്ങള്‍ക്കൊണ്ട് നിരീക്ഷിക്കാന്‍.





എന്തായാലും, നഴ്സുമാരുടെ പ്രശ്നങ്ങള്‍ അംഗീകരിക്കാതെ സമരത്തിന് വഴിയൊരുക്കിയാല്‍ അമലക്കുണ്ടാവുന്ന നഷ്ടം വലുതായിരുന്നു. സാക്ഷാല്‍ സുകുമാര്‍ അഴീക്കോട് വരെ അമലയിലെ 118-ാം നമ്പര്‍ മുറിയിലിരുന്ന് അച്ഛന്‍മാരുടെ ചെവിക്കുപിടിക്കുമെന്ന് സി.എം.ഐ സഭാ നേതാക്കള്‍ക്കറിയാം. അമല മാത്രമല്ല, നഗരത്തിനോടുരസി നില്‍ക്കുന്ന ജൂബിലിയും കാര്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ മട്ടിലാണ്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍(യു.എന്‍.എ) ഭാരവാഹികളും ജില്ലാ ലേബര്‍ ഓഫിസര്‍മാരായ എം.കെ.വേണുഗോപാല്‍, ഇ.കെ.ഷംസുദ്ദീന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് അമല മെഡിക്കല്‍ കോളജ് അധികൃതര്‍ മാത്രകകാട്ടിയത്. വ്യാഴാഴ്ചമുതല്‍ ഇവിടെ യു.എന്‍.എ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് യു.എന്‍.എ യൂനിറ്റ് ഭാരവാഹികള്‍ ആശുപത്രി മാനേജ്മെന്റിന് നോട്ടീസ് നല്‍കിയത്. ഒരുമാസത്തിലേറെയായി നടന്നിരുന്ന ശീതസമരങ്ങള്‍ക്കിടെ പലതവണ ഇരുവിഭാഗവും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബുധനാഴ്ച വൈകുന്നേരം ജില്ലാ ലേബര്‍ ഓഫിസര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കുവിളിക്കുകയായിരുന്നു.

സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം അടുത്തമാസം ഒന്നുമുതല്‍ നല്‍കാനും ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയ നഴ്സുമാരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. ജോലി ഭാരംകുറക്കുന്നതിന്റെ ഭാഗമായുള്ള സമയക്രം, ഒ.പി അലവന്‍സ്, വിശ്രമവേള തുടങ്ങിയകാര്യങ്ങളില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കും.

മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി, ഫാ.ഫ്രാന്‍സിസ് കുരുശേരി, ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ജോയ് പയ്യപ്പിള്ളി എന്നിവര്‍ക്കാണ് ബുധനാഴ്ച ദൈവവിളിയുണ്ടായത്. അങ്കമാലിയിലെ കത്തോലിക്കാ സഭക്കാരും തൃശൂരിലെ സി.എം.ഐ സഭയും തമ്മിലുള്ള വ്യത്യാസം അതാണ്. അങ്കമാലിയിലെ സഭക്കാര്‍ എത്ര ഞായറാഴ്ച ഇടയലേഖനം ഇറക്കിയാലും ചെയ്തു കൊണ്ടിരിക്കുന്ന പാപം കഴുകികളയാനാവില്ലല്ലോ.അമലയിലെ മാനേജ്മെന്റിന് ദൈവരാജ്യം ഉണ്ടാവട്ടെയെന്നും അങ്കമാലിയിലെ അച്ഛന്‍മാര്‍ക്ക് യേശുക്രിസ്തുവിന്റെ പീഡാനുഭവം വായിക്കാന്‍ മനസ്സുതോന്നിക്കണമേ എന്നും പ്രാര്‍ഥിക്കുന്നു.



ആമേന്‍...



വാല്‍ക്കഷ്ണം;

നല്‍കിയ ഉറപ്പ് ലംഘിച്ച് കരിങ്കാലിവേല ചെയ്ത തൃശൂര്‍ മദര്‍ ആശുപത്രി മാനേജ്മെന്റിനെ നഴ്സുമാര്‍ 'ആദരിക്കണം'.
വത്സന്‍ രാമന്കുളത് 

Blogger templates

.

ജാലകം

.