മലയോരത്തിന്‍െറ പ്രതിധ്വനി, പാലായുടെ സ്വന്തം മാണിസാര്‍ പടിഞ്ഞാറന്‍ കടലില്‍ കണ്ണുവെച്ചിരിക്കുന്നു.
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖ സംബന്ധിച്ച് തിരുവനന്തപുരത്ത് പാര്‍ലമെന്‍ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചര്‍ച്ചയില്‍ അധ്യക്ഷതവഹിച്ച് കെ.എം. മാണി പറഞ്ഞു, കേരളം കൂടുതല്‍ വിഭവസമാഹരണം നടത്താന്‍ പരമ്പരാഗതമല്ലാത്ത മേഖലകളിലേക്ക് കടക്കണം എന്ന്. മലയോര കര്‍ഷകരുടെ ആധികാരിക ശബ്ദമായ മാണിസാറിന് ‘പുത്തന്‍ കൃഷി’കളെക്കുറിച്ച് പരമ്പരാഗതമല്ലാത്ത പല അറിവുകളും ഉണ്ടെന്ന കാര്യം രാഷ്ട്രീയത്തില്‍ പലപ്പോഴായി നടത്തിയിട്ടുള്ള പല കൃഷിയിറക്കലുകളിലൂടെ പലവുരു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇക്കുറി ഉന്നംവെച്ചിരിക്കുന്നത് കടലിനെയാണെന്നുമാത്രം.
കടലില്‍ കണ്ണുവെക്കുമ്പോള്‍ കാര്യം പലത് കാണാമെന്ന് വരുന്നു. കടലില്‍ കായം കലക്കിയതുപോലെയെന്നും കടലില്‍ കല്ലിട്ടാല്‍ കണക്ക് കാണില്ളെന്നും കടലുമായി ബന്ധപ്പെട്ട് തരംപോലെ പ്രയോഗിക്കാവുന്ന പഴഞ്ചൊല്ലുകളുടെ സാധ്യതകള്‍ കിടപ്പുണ്ടല്ളോ. അതിനാല്‍, സമുദ്രത്തില്‍നിന്ന് മണല്‍ വാരുന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണമെന്ന് കെ.എം. മാണി പറയുന്നു. ‘‘സമുദ്രത്തില്‍ ഇഷ്ടംപോലെ മണലുണ്ട്. സമുദ്രത്തില്‍നിന്ന് മണല്‍ വാരിയാല്‍ പരിസ്ഥിതിക്ക് ബുദ്ധിമുട്ടാണോ? എന്തു പറഞ്ഞാലും പരിസ്ഥിതിയെന്നുപറഞ്ഞ് പേടിപ്പിക്കുകയാണ്’’ എന്നിങ്ങനെയായിരുന്നു കടലില്‍ കണ്ണുവെച്ചുകൊണ്ടുള്ള മാണിസാറിന്‍െറ അധ്യക്ഷപ്രസംഗം. കേരള രാഷ്ട്രീയത്തില്‍ കെ.എം. മാണി ഒരിക്കലും ഒരു അധികപ്രസംഗിയായിരുന്നില്ളെന്ന ചരിത്രപാഠത്തിന് അടിവരയിട്ടുകൊണ്ടുവേണം ഈ അധ്യക്ഷപ്രസംഗത്തെ വിശകലനം ചെയ്യാന്‍. കാരണം, സ്വന്തം പാര്‍ട്ടിയുടെ മാത്രമല്ല താന്‍ നിലനിന്നിട്ടുള്ള മുന്നണികളുടെയും ദശാസന്ധികളില്‍ ഒരു സഭാപ്രസംഗിയുടെയും വേഷം കെ.എം. മാണി തന്ത്രപരമായി ഏറ്റെടുത്തിട്ടുണ്ട്. അതാണ് കേരള രാഷ്ട്രീയത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും ‘മാണിമാജിക്ക്’.
ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാറില്‍ ഒരിക്കല്‍ കൂടി ധനകാര്യമന്ത്രിയായിരുന്നുകൊണ്ട് കടല്‍മണല്‍ ഖനനം എന്ന പുത്തന്‍കൃഷിയെക്കുറിച്ച് അദ്ദേഹം പറയുമ്പോള്‍ അതില്‍ സംസ്ഥാനത്തിന്‍െറ വരുമാനം വര്‍ധിപ്പിക്കുക എന്ന ധനകാര്യ ലക്ഷ്യത്തിനും അപ്പുറം ഒരു രാഷ്ട്രീയ ദൗത്യംകൂടിയുണ്ടോയെന്ന് ശങ്കിച്ചാല്‍ തെറ്റുപറയാനാകില്ല. കാരണം, കടല്‍മണല്‍ ഖനനം എന്ന ആശയം സത്യത്തില്‍ കേരള കോണ്‍ഗ്രസിന്‍െറ, കെ.എം. മാണിയുടെ പ്രജ്ഞയില്‍ പിറന്ന സന്തതിയൊന്നുമല്ല. മുസ്ലിംലീഗിന്‍െറ മൂല്യവര്‍ധിത നായകന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മാനസപുത്രനോ പുത്രിയോ ആണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ വ്യവസായ മന്ത്രിയായിരിക്കെ കുഞ്ഞാലിക്കുട്ടി കൊച്ചിയില്‍ സംഘടിപ്പിച്ച ‘ജിം’ എന്ന ആഗോള നിക്ഷേപക സംഗമത്തില്‍ ഒരു പ്രധാന ഇനമായി ‘കടല്‍മണല്‍ ഖനനം’ എന്ന വ്യവസായ ആശയം മുന്നോട്ടുവെച്ചിരുന്നു. 2012 സെപ്റ്റംബറില്‍ കൊച്ചിയില്‍ തന്നെ ‘എമേര്‍ജിങ് കേരള’ എന്ന പേരില്‍ വീണ്ടും ജിം സംഘടിപ്പിക്കുന്നതിനുള്ള അണിയറ ഒരുക്കങ്ങള്‍ മുല്ലപ്പെരിയാര്‍ ആശങ്കക്കിടയിലും നടന്നുകൊണ്ടിരിക്കവെയാണിപ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനായ മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെ നടക്കാതെപോയ പഴയൊരു മോഹം മന്ത്രിസഭയില്‍ രണ്ടാമനാകാന്‍ മോഹിക്കുന്ന കേരള കോണ്‍ഗ്രസിന്‍െറ കെ.എം. മാണി പുതിയ വീഞ്ഞെന്നപോലെ എടുത്ത് മേശപ്പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു രാഷ്ട്രീയ ദൗത്യം വ്യക്തമാണ്.
ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതാം തീയതിയായിരുന്നു അധികവിഭവ സമാഹരണത്തിനായി സമുദ്രത്തില്‍നിന്ന് മണല്‍ വാരുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കെ.എം. മാണി പറഞ്ഞത്. അതിനു പിന്നാലെ മുല്ലപ്പെരിയാര്‍ ഭീതി ഉയര്‍ന്നുവരുകയും മാധ്യമങ്ങളും അതിലൂടെ കേരള ജനത ഒന്നടങ്കവും മുല്ലപ്പെരിയാറിലെ ഉയരുന്ന ജലനിരപ്പിന്‍െറ ആശങ്കയില്‍ മുങ്ങിപ്പോകുകയും ചെയ്തതിനാലാകണം കടല്‍മണല്‍ ഖനനം എന്ന ആശയം ഒരു ചര്‍ച്ചയായില്ല. എന്നാല്‍, അതിനുള്ള ഒരുക്കങ്ങള്‍ മുല്ലപ്പെരിയാര്‍ഭീതി നിറഞ്ഞുനില്‍ക്കുമ്പോള്‍തന്നെ ഭരണകൂടത്തിന്‍െറ ഉള്‍പ്പിരിവുകളില്‍ ഊര്‍ജസ്വലമായിതന്നെ നടക്കുന്നുണ്ടെന്നതിന്‍െറ സൂചനയായി നവംബര്‍ 30ന് മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവനയുണ്ടായി, കടല്‍മണല്‍ഖനനം പഠനത്തിനുശേഷം മാത്രമെന്ന്. കടല്‍മണല്‍ഖനനം സംബന്ധിച്ച് വിശദവും ശാസ്ത്രീയവുമായ പഠനത്തിനുശേഷം മാത്രമേ തീരുമാനം എടുക്കുവെന്ന് ധീവര സഭാനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതു തെളിയിക്കുന്നത് കെ.എം. മാണി ഒരു ചര്‍ച്ചയുടെ ഭാഗമായി അവതരിപ്പിച്ച ഈ ആശയം ഒരു അജണ്ടയായിതന്നെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നു എന്നാണ്. മറ്റൊരു കാര്യം കടല്‍ മണല്‍ ഖനനം സംബന്ധിച്ച് ശാസ്ത്രീയമായ ഒരു പഠനം സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുകകൂടിയാണ്. അതിനാല്‍, ശാസ്ത്രീയ പഠനം നടത്തും എന്ന അറിയിപ്പുകൂടിയായി മുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തലിനെ വായിക്കാം. അപ്പോള്‍ എങ്കില്‍ പിന്നെ എന്ത് അറിവിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജിമ്മില്‍ കടല്‍മണല്‍ ഖനനം എന്ന ആശയം അവതരിപ്പിക്കാന്‍ തയാറായത് എന്ന ചോദ്യം ഉയര്‍ന്നുവരുന്നു.
മുംബൈയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന ക്രൗണ്‍ മാരിടൈം ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് 2002ല്‍ കടല്‍മണല്‍ ഖനന പദ്ധതി സംസ്ഥാന സര്‍ക്കാറിന് മുമ്പാകെ അവതരിപ്പിച്ചത്. സര്‍ക്കാര്‍ അത് ആഗോള നിക്ഷേപക സംഗമത്തില്‍ സമര്‍പ്പിക്കാനായി സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന് കൈമാറുകയും അവര്‍ ആ പദ്ധതി റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷം ജിമ്മില്‍ ഒരു പ്രധാന പദ്ധതിയായി അത് അവതരിപ്പിക്കാന്‍ തീരുമാനിക്കുകയുമാണ് അന്ന് ചെയ്തത്. കടല്‍മണല്‍ ഖനനം സംബന്ധിച്ച് വിശദമായ ശാസ്ത്രീയ പഠനം നടത്തിയിട്ടല്ല സര്‍ക്കാര്‍ ഇതിന് നീക്കം നടത്തുന്നതെന്ന് അന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. ആ വിമര്‍ശം ശരിയായിരുന്നെന്ന് സമ്മതിക്കുകയാണ് ശാസ്ത്രീയ പഠനത്തിലൂടെ മാത്രമേ തീരുമാനം എടുക്കൂ എന്ന നയം വ്യക്തമാക്കലിലൂടെ മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. എന്നാല്‍, അതേസമയം അന്ന് കടല്‍മണല്‍ ഖനനം എന്ന പദ്ധതി അവതരിപ്പിച്ചവര്‍ കൃത്യമായ പഠനം നടത്തിയിരുന്നു എന്നതാണ് യാഥാര്‍ഥ്യം. കാര്യം പഠിച്ച് ലാഭമെന്തെന്ന് കാണാതെ ആരാണ് കടലില്‍ കാശിറക്കാന്‍ തയാറാകുക. ആ പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടാണവര്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചതും. പക്ഷേ, ആ പഠനം കടല്‍മണല്‍ ഖനനം മൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചോ അതിന്‍െറ ഫലമായി വന്നുചേരുന്ന അനന്തര ദുരന്തങ്ങളെക്കുറിച്ചോ അല്ല, കടല്‍ മണല്‍ ഖനനത്തിന്‍െറ സാധ്യതകളെക്കുറിച്ചും അതിലൂടെ ഉണ്ടാക്കാവുന്ന സാമ്പത്തിക ലാഭത്തെക്കുറിച്ചുമായിരുന്നു എന്ന് മാത്രം. സര്‍ക്കാറിനാകട്ടെ അത് ധാരാളവുമായിരുന്നു. സംസ്ഥാനത്തിന് നഷ്ടപ്പെട്ടുപോയ ‘വ്യവസായ വിപ്ളവം’ തിരിച്ചുപിടിക്കുന്നതിനുവേണ്ടി ആഗോള മൂലധന ശക്തികള്‍ക്കുമുന്നില്‍ എന്ത് വഴങ്ങിക്കൊടുക്കലിനും തയാറുമായിരുന്നു. അതുകൊണ്ടാണല്ളോ ശാസ്ത്രീയപഠനങ്ങളൊന്നും നടത്താതെതന്നെ ക്രൗണ്‍ മാരിടൈം കമ്പനി സമര്‍പ്പിച്ച പദ്ധതി സര്‍ക്കാര്‍ വ്യവസായ വികസന കോര്‍പറേഷന് കൈമാറിയത്. അതിലെ ‘വ്യവസായം’ മാത്രമാണ് അന്ന് പരിശോധിക്കപ്പെട്ടത്. എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ഈ പദ്ധതി മണ്ണുനീക്കി കുഴിയില്‍നിന്ന് പുറത്തെടുക്കപ്പെടുമ്പോള്‍ പരിശോധിക്കപ്പെടാന്‍ പോകുന്നതും വ്യവസായം മാത്രമായിരിക്കുമോ? ശാസ്ത്രീയമായ പഠനം എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം എത്രമാത്രം പാലിക്കപ്പെടും?
കടല്‍ മണല്‍ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചെന്നതുപോലെ തന്നെ കേരളം ചര്‍ച്ചചെയ്യേണ്ടതാണ്. എന്തു പറഞ്ഞാലും പരിസ്ഥിതിയെന്നു പറഞ്ഞ് പേടിപ്പിക്കുകയാണ് എന്ന് സംസ്ഥാന ധനകാര്യമന്ത്രി പറയുമ്പോള്‍ ആ പേടിപ്പെടുത്തലുകളെ വകവെക്കാതെ സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ പോകുന്നു എന്നുതന്നെയാണ് അര്‍ഥമാക്കേണ്ടത്.
നടപ്പാക്കാന്‍ തീരുമാനിച്ച ഒരു പദ്ധതിക്ക് അനുകൂലമായി ഒരു ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ഉണ്ടാക്കുക ഭരണകൂടത്തിന് അത്ര പ്രയാസമുള്ള കാര്യമായിരിക്കില്ല. സൈലന്‍റ് വാലി, അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങി വിളപ്പില്‍ശാല മുതല്‍ ബ്രഹ്മപുരം വരെയുള്ള മാലിന്യ സംസ്കരണ പദ്ധതികള്‍ക്കുവരെ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളവരാണല്ളോ നമ്മള്‍. കൂടങ്കുളത്തും ജയ്താപൂരിലും ഉയരുന്ന ആണവനിലയങ്ങള്‍ സംബന്ധിച്ചും നമ്മള്‍ ‘ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍’ ഉണ്ടാക്കിയിട്ടുണ്ടെന്നതും മറക്കാവുന്നതല്ല. കടല്‍മണല്‍ ഖനനത്തിന്‍െറ കാര്യത്തിലും തീര്‍ച്ചയായും അതുണ്ടാകും. പോരെങ്കില്‍ വ്യക്തവും വിശദവും സുനിശ്ചിതവുമായ ഒരു പഠന റിപ്പോര്‍ട്ട് ഇപ്പോള്‍തന്നെ കൈയിലുണ്ടുതാനും.
ആഴക്കടല്‍ മണല്‍ ഖനന പദ്ധതി തുടങ്ങാന്‍ 180 കോടി രൂപയുടെ മുതല്‍മുടക്ക് വേണ്ടിവരും എന്നാണ് എട്ടുവര്‍ഷം മുമ്പ് തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇപ്പോഴത് പലമടങ്ങായി പെരുകിയിട്ടുണ്ടാകും. കേരളത്തില്‍ കണ്ണൂരിനും വിഴിഞ്ഞത്തിനും ഇടയില്‍ അഞ്ച് ആഴക്കടല്‍ മണല്‍ ഖനന യൂനിറ്റുകള്‍ തുടങ്ങാനാണ് അന്നവര്‍ പദ്ധതിയിട്ടിരുന്നത്. അതിനായി ഏറ്റവും ലാഭകരമെന്നുകണ്ട വര്‍ക്കല, അമ്പലപ്പുഴ, വലപ്പാട്, കാപ്പാട്, തലശ്ശേരി എന്നീ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. അതായത്, വര്‍ക്കലമുതല്‍ തലശ്ശേരി വരെ ഏതാണ്ട് ഓരോ നൂറു കിലോമീറ്ററിനുള്ളിലും ഓരോ ഖനന കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ ആഴക്കടല്‍ മണല്‍ വാരുന്നതിനുള്ള കുത്തകാവകാശം 25 വര്‍ഷത്തേക്ക് അനുവദിക്കണം എന്നതായിരുന്നു അന്ന് ഒരു സ്വകാര്യ കമ്പനി ആവശ്യപ്പെട്ടിരുന്നതെന്നറിയണം. അതിനാണ് അന്ന് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ച് റിപ്പോര്‍ട്ട് കെ.എസ്.ഐ.ഡി.സിക്ക് സമര്‍പ്പിക്കുകയും അവര്‍വഴി നിക്ഷേപകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തത്. അന്ന് ആ പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ഇന്ന് കേരളത്തിന്‍െറ 590 കിലോമീറ്റര്‍ കടല്‍ത്തീരം ഒരു സ്വകാര്യ കമ്പനിക്ക് കീഴില്‍, ഒരൊറ്റ ഭരണസംവിധാനത്തിന് കീഴില്‍ ഒതുങ്ങുമായിരുന്നു. കേരളത്തിന്‍െറ ആഴക്കടല്‍ അവര്‍ ഉഴുതുമറിച്ചിട്ടുണ്ടാകുമായിരുന്നു. കേരളത്തിന്‍െറ തീരദേശത്തെ പ്രവചനാതീതമായ ദുരന്തങ്ങള്‍ വിഴുങ്ങിയിട്ടുണ്ടാകുമായിരുന്നു. വീണ്ടും അതിനുള്ള സാധ്യതകള്‍ ഒരുങ്ങുകയാണ്.
മാറിയകാലത്ത് പക്ഷേ, അത് നേരെ ഒരു സ്വകാര്യ കമ്പനിക്ക് പതിച്ചുകൊടുക്കുക എന്നതായിരിക്കില്ല നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി. സ്വകാര്യവത്കരണത്തിനുപകരം പുതിയ മൂലധന പ്രത്യയശാസ്ത്രം പാകപ്പെടുത്തിയിരിക്കുന്ന പൊതു- സ്വകാര്യ പങ്കാളിത്തം അഥവാ പി.പി.പി എന്നത് രക്ഷാമന്ത്രമായി സ്വീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അത്തരത്തിലൊരു സങ്കര സംവിധാനമായിരിക്കും കടല്‍ മണല്‍ ഖനനത്തിന് ഉണ്ടാകുകയെന്ന് കരുതാം. അങ്ങനെയാകുമ്പോള്‍ സര്‍ക്കാറിന് പങ്കാളിത്തം അല്ളെങ്കില്‍ നിയന്ത്രണം ഉണ്ടെന്ന വാദത്തിന്‍െറ അടിസ്ഥാനത്തില്‍ പഴയ പദ്ധതിയിലെ 25 വര്‍ഷത്തിന് പകരം അമ്പതോ അതിനുമപ്പുറം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ കാര്യത്തിലെ 999 എന്നതുപോലെ ഒരു 99 വര്‍ഷത്തേക്കെങ്കിലുമോ കടല്‍മണല്‍ ഖനനത്തിന് വിട്ടുകൊടുത്താലും അദ്ഭുതപ്പെടേണ്ടതില്ല. കാരണം, പദ്ധതി പി.പി.പിയായിരിക്കും. പുതിയ നിക്ഷേപങ്ങള്‍, പുതിയ വ്യവസായങ്ങള്‍, പുതിയ വരുമാനസാധ്യതകള്‍ സര്‍ക്കാറിന് ആവശ്യമാണ്.
കടലില്‍നിന്ന് മണല്‍ വാരുന്നതിനെക്കുറിച്ച് ആലോചിക്കണം എന്ന് പറഞ്ഞതിന് കുറച്ചുനാള്‍ മുമ്പ് കേരള കോണ്‍ഗ്രസിന്‍െറ കെ.എം. മാണി അല്ളെങ്കില്‍ കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് അവതരിപ്പിച്ച ‘പദ്ധതി സമീപനരേഖ’ ഇതോടൊപ്പം കൂട്ടിവായിക്കുന്നത് നന്നായിരിക്കും. എല്ലാ മേഖലയിലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണം എന്നാണ് തന്‍െറ പാര്‍ട്ടിയുടെ പദ്ധതി സമീപനരേഖ അവതരിപ്പിച്ചുകൊണ്ട് മാണിസാര്‍ പറഞ്ഞത്. സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ മേഖലയിലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും സ്വകാര്യ പങ്കാളിത്തത്തോടെയേ രാജ്യത്തെ നിക്ഷേപകതോത് ഉയരുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, അപ്പോള്‍തന്നെ മണല്‍ അടക്കമുള്ള സമുദ്ര സമ്പത്ത് ചൂഷണം ചെയ്യുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തിയോട് കൂടിയ സമീപനം ഉണ്ടാകണമെന്നും കെ.എം. മാണി പറഞ്ഞിരുന്നു. പരിസ്ഥിതി ജീവിക്കാന്‍വേണ്ടിയുള്ളതാണ് എന്ന നിലപാട് പ്രഖ്യാപിക്കുന്ന പദ്ധതി സമീപനരേഖ അവതരിപ്പിച്ചുകൊണ്ട് അന്ന് പറഞ്ഞത് ഒന്നുകൂടി തെളിച്ചു പറയുകയാണ്- സമുദ്രത്തില്‍നിന്ന് മണല്‍ വാരിയാല്‍ പരിസ്ഥിതിക്ക് ബുദ്ധിമുട്ടാണോ എന്ത് പറഞ്ഞാലും പരിസ്ഥിതിയെന്ന് പറഞ്ഞ് പേടിപ്പിക്കുകയാണ്- എന്ന് പാര്‍ലമെന്‍ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ചര്‍ച്ചയുടെ അധ്യക്ഷപ്രസംഗത്തിലൂടെ അദ്ദേഹം ചെയ്തത്. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തരത്തില്‍ സമീപനരേഖയൊന്നും മുന്നോട്ട് വെച്ചിട്ടുള്ളതായി അറിയില്ല. കാര്യങ്ങള്‍ വിളിച്ചുപറയാനുള്ളതല്ല, നടപ്പാക്കാനുള്ളതാണെന്നതാകാം അദ്ദേഹത്തിന്‍െറ അടവുനയം.
പരിസ്ഥിതി ജീവിക്കാന്‍വേണ്ടിയുള്ളതാണെന്ന മാണിസാറിന്‍െറ നയത്തോട് നൂറുശതമാനം യോജിക്കാം. പക്ഷേ, ആര്‍ക്ക് ജീവിക്കാന്‍ എന്നതാണ് പ്രശ്നം. മനുഷ്യന് ജീവിക്കാന്‍ എന്നാണ് ഉത്തരമെങ്കില്‍ ‘മനുഷ്യനുകൂടി’ ജീവിക്കാന്‍ എന്ന് അതിനെ തിരുത്തിപ്പറയാം. മനുഷ്യനെന്നത് ഈ പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളെപ്പോലെ ഒരു ജീവിമാത്രമാണ്. ഈ പ്രകൃതി മനുഷ്യന് മാത്രമുള്ളതല്ല എന്നതാണ് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മറ്റും ഒരു വന്‍ ഭീഷണിയായി നമ്മുടെ വാതിലുകളില്‍ വന്ന് മുട്ടിനില്‍ക്കുമ്പോള്‍ പുതിയ തലമുറക്ക് പകര്‍ന്നുകൊടുക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസം. അതിനാല്‍, പ്രകൃതി എല്ലാവര്‍ക്കും ഉള്ളതാണ് , എന്നും ഉണ്ടാകേണ്ടതാണ് എന്ന് നമുക്ക് പരിസ്ഥിതിവാദത്തെ ലളിതമാക്കാം. പരിസ്ഥിതി ജീവിക്കാന്‍ ഉള്ളതാണ് എന്നു പറയുമ്പോള്‍, പറയുന്നവര്‍ ജീവിക്കാന്‍ പരിസ്ഥിതി ആവശ്യമാണ് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
ആഴക്കടലിന്‍െറ ജൈവ ആവാസ വ്യവസ്ഥയില്‍ കണ്ണുവെക്കുമ്പോള്‍ സംസ്ഥാന ധനകാര്യമന്ത്രി വ്യക്തമാക്കുന്നത് അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാറിന്‍െറ വികസന- പരിസ്ഥിതി നയങ്ങളില്‍ ഒരു മാറ്റവും ഈ സര്‍ക്കാര്‍ വരുത്തുന്നില്ളെന്നതാണ്. പഴയ ജിമ്മിന്‍െറ എമേര്‍ജിങ് കേരള എന്ന പുതുപതിപ്പില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം എന്തായിരിക്കുമെന്ന, അഥവാ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട നയം എന്തായിരിക്കണമെന്ന കെ.എം. മാണിയുടെ മുന്നറിയിപ്പ് കൂടിയായി കാണാം കടല്‍മണല്‍ ഖനനം എന്ന വാദത്തെ.
പുതിയ സര്‍ക്കാറിന്‍െറ ആദ്യ 100 ദിന കര്‍മപരിപാടിയുടെ ‘വിജയകരമായ’ പര്യവസാനത്തോട് ബന്ധപ്പെട്ട് ഈ ലേഖകന് അനുവദിച്ച ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ കോണ്‍ഗ്രസിന്‍െറ- സര്‍ക്കാറിന്‍െറയും- മാധ്യമ മുഖമായി അംഗീകരിക്കപ്പെട്ടിട്ടുള്ള യുവ എം.എല്‍.എ പി.സി. വിഷ്ണുനാഥ്, പരിസ്ഥിതിക്കും ജനങ്ങള്‍ക്കും അപകടമില്ലാത്ത വികസന പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് ഈ സര്‍ക്കാറിന്‍െറ വികസനനയം എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞിരുന്നു. ‘‘ഈ സര്‍ക്കാര്‍ കൂടുതല്‍ ജനക്ഷേമ - വികസന പരിപാടികളുമായി മുന്നോട്ടുപോകും. വികസനവും കരുതലും എന്നതായിരിക്കും സര്‍ക്കാറിന്‍െറ മുദ്രാവാക്യം’’ എന്നായിരുന്നു അദ്ദേഹത്തിന്‍െറ സര്‍ക്കാര്‍ നയം വ്യക്തമാക്കല്‍. ഇത് ആത്മാര്‍ഥതയുള്ള ഒരു നിലപാടാണെങ്കില്‍ കടല്‍മണല്‍ ഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടി ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
ക്രൗണ്‍ മാരിടൈം കമ്പനി 2002ല്‍ സമര്‍പ്പിച്ച പദ്ധതിയില്‍ പറഞ്ഞിരുന്നതായി അറിവുള്ളത് കടല്‍ത്തീരത്തുനിന്ന് 20 കിലോമീറ്റര്‍ ദൂരത്തില്‍ 20-30 മീറ്റര്‍ ആഴത്തില്‍ മണല്‍ ഖനനം ചെയ്യാമെന്നായിരുന്നു. ഇവിടങ്ങളില്‍നിന്ന് പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ മണല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് കോരിയെടുത്ത് കരയിലേക്ക് പമ്പുചെയ്ത് ശുദ്ധീകരിച്ച് എടുക്കുക എന്നതാണ് പദ്ധതിയുടെ ചുരുക്കം. കേരള തീരത്ത് കടലില്‍ 20 കിലോമീറ്റര്‍ ദൂരത്തില്‍ 20-30 മീറ്റര്‍ ആഴത്തില്‍ 400 ബില്യന്‍ ടണ്‍ മണലുണ്ടെന്ന് അന്ന് ഒരു കമ്പനി വിദഗ്ധന്‍ കണക്കും അവതരിപ്പിച്ചിരുന്നു. ഒരു വര്‍ഷം ഖനനം ചെയ്യുന്ന 50 ലക്ഷം ടണ്‍ കടല്‍മണല്‍ കഴുകി ശുദ്ധീകരിക്കാന്‍ കുറഞ്ഞത് 2.5 കോടി ക്യുബിക് മീറ്റര്‍ ശുദ്ധജലം ഉപയോഗിക്കേണ്ടി വരുമെന്ന് അന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഉല്‍പത്തി മുതല്‍ കാലങ്ങളായി ഉപ്പടിഞ്ഞ് കിടക്കുന്ന കടല്‍മണല്‍ ഉപയോഗപ്രദമാക്കാന്‍ പലതവണ ശുദ്ധജലത്തില്‍ കഴുകേണ്ടി വരും. അപ്പോള്‍ അത്രയും ശുദ്ധജലം ഇതിനായി മാറ്റിവെക്കേണ്ടി വരും. അത് പിന്നീട് ഉപയോഗിക്കാനാകാത്തവിധം മലിനമാകുകയും ചെയ്യും. ഇത്രയും ശുദ്ധജലം പദ്ധതി നടപ്പാക്കാന്‍ വരുന്നവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കേണ്ടിവരും. അതിനുള്ള വെള്ളം എവിടെനിന്ന് ഉണ്ടാക്കും? ഇപ്പോള്‍തന്നെ തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാന്‍ സാധിക്കാത്തവിധം ശുദ്ധജലക്ഷാമം രൂക്ഷമാണെന്നതോര്‍ക്കണം.
രാജ്യം അതിന്‍െറ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലേക്ക് കടക്കുകയാണ്. അത് മിശ്രസമ്പദ്വ്യവസ്ഥയില്‍നിന്ന് മൂലധന സാമ്രാജ്യ രാഷ്ട്രീയ നിലപാടിന്‍െറ ഉദാരീകൃത സമ്പദ്വ്യവസ്ഥയുടെ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടുകൊണ്ടുകൂടിയാണ്. നെഹ്റുവിയന്‍ സോഷ്യലിസത്തില്‍നിന്ന് മന്‍മോഹന്‍ ഇക്കണോമിക്സിന്‍െറ രണ്ടുപതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ‘അതിവേഗം വളരുന്ന വിപണി’യെന്ന വികസിത- മൂലധന ശക്തികളുടെ വിളിപ്പേരും രണ്ടക്കത്തില്‍ മുട്ടി മുട്ടിയില്ളെന്ന് പറഞ്ഞുനില്‍ക്കുന്ന ജി.ഡി.പി വളര്‍ച്ചയുടെ പ്രഭാഷണങ്ങളും അരങ്ങുതകര്‍ക്കെയാണ് പന്ത്രണ്ടാം പദ്ധതി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നതും നടപ്പാക്കാന്‍ പോകുന്നതും. പടിഞ്ഞാറ്, ദേശസാത്കരണത്തിന്‍െറ പഴയ കാലങ്ങളിലേക്ക് തിരിഞ്ഞുനടക്കുകയും നിയന്ത്രിത കമ്പോള സമ്പദ്വ്യവസ്ഥയെ ക്യാപിറ്റലിസത്തിന്‍െറ പുതിയ എപ്പിസോഡുകളിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ കമ്പോളത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ വഴങ്ങുകയും അവശേഷിച്ചിരുന്ന ചില്ലറ വ്യാപാരമേഖലയടക്കം വിദേശ മൂലധന ശക്തികള്‍ക്ക് തുറന്നുകൊടുക്കാന്‍ തയാറായിരിക്കുകയുമാണ്. ക്യാപിറ്റലിസം അതിന്‍െറ ആഗോള ഗതികേടില്‍ പുതിയ സാധ്യതകള്‍ തേടുമ്പോള്‍ 120 കോടി ജനതയുടെ അതിവേഗം വളരുന്ന വിപണി ഒരു വന്‍ പ്രലോഭനമായിരിക്കുമല്ളോ. ഈ കമ്പോളാധിഷ്ഠിത പ്രത്യയശാസ്ത്രത്തിന്‍െറ പ്രചാരകര്‍തന്നെയാണ് കടല്‍മണല്‍ ഖനനംപോലുള്ള വിപണി സാധ്യതകള്‍ അവികസിത രാജ്യങ്ങളുടെ അധികവിഭവ സമാഹരണം എന്ന ആഗ്രഹത്തിനകത്ത് നിറച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഇന്നത്തെ ലാഭം എന്നതല്ലാതെ നാളത്തെ ലോകം എന്ന ചിന്ത ഉണ്ടായതായി ചരിത്രത്തില്‍ ഒരിടത്തും കാണുന്നില്ല.
സ്വന്തം രാജ്യത്തെ പ്രകൃതിവിഭവങ്ങളെല്ലാം ജാഗ്രതയോടെ കരുതിവെച്ചിട്ട് അന്യദേശക്കാരുടെ വിഭവങ്ങള്‍ക്കുമേല്‍ ആശയംകൊണ്ടും ആയുധംകൊണ്ടും കടന്നുകയറുന്നവര്‍ക്ക് ഇപ്പോള്‍ നേരിട്ടുതന്നെ മുതലിറക്കാമെന്നായിരിക്കുന്നതോടെ വിഭവചൂഷണം മറ്റെന്തിനെക്കാളും എളുപ്പവും ലാഭകരവുമായ വ്യവസായമായി മാറുകയാണ്, അപ്പോള്‍ എന്തും ഖനനം ചെയ്യപ്പെടാം.
കടല്‍മണല്‍ ഖനനം സൃഷ്ടിക്കുന്ന ഏറ്റവും വലിയ ആഘാതമെന്നത് കടലിന്‍െറ ആവാസവ്യവസ്ഥ ഉഴുതുമറിക്കപ്പെടുമെന്നതുതന്നെയാണ്. കടലിന്‍െറ ജൈവവ്യവസ്ഥയുടെ നാശം എന്നതുപോലെതന്നെ രാജ്യത്തിന്‍െറ ഒരു പ്രധാന വരുമാന സ്രോതസ്സായ മത്സ്യസമ്പത്തിന്‍െറ സര്‍വനാശം തന്നെയാകും ഇതിലൂടെ സംഭവിക്കുക എന്നത് പുതിയ അധികവരുമാനം തേടുന്നവര്‍ മനസ്സിലാക്കുന്നില്ളെന്നാണോ? കടലിലെ മത്സ്യമേഖല എന്നത് വെള്ളത്തില്‍, പ്രകാശം പ്രതിഫലിക്കുന്ന ആദ്യത്തെ 80 മീറ്റര്‍ ആഴമാണ്. അതുകഴിഞ്ഞ് വരുന്ന 80 മുതല്‍ 200 മീറ്റര്‍വരെ ആഴത്തിലുള്ളയിടം താരതമ്യേന മത്സ്യസമ്പത്ത് കുറഞ്ഞ ഇടമാണ്. അതിനുശേഷം വരുന്ന ഇടമാകട്ടെ ഒരു കാലാവസ്ഥാ വ്യതിയാനവും ഇല്ലാത്ത, തണുത്ത ഇരുണ്ട ഒരു മരുപ്രദേശം എന്നുതന്നെ പറയാവുന്ന മേഖലയാണെന്ന് സമുദ്ര ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതില്‍ ആദ്യത്തെ 80 മീറ്ററെന്ന മത്സ്യ ആവാസ പ്രദേശമായിടത്തത് 20- 30 മീറ്റര്‍ ആഴത്തില്‍ മണല്‍ ഖനനം ചെയ്യാനാണ് പദ്ധതി തയാറാക്കപ്പെട്ടിരുന്നത് എന്നറിയുക.
ലോക സമുദ്രങ്ങളില്‍ വലുപ്പംകൊണ്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യന്‍ സമുദ്രത്തോട് ബന്ധപ്പെട്ട് കിടക്കുന്ന നാല്‍പതിനായിരം ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേരള തീരമെന്നത് രാജ്യത്തെ മറ്റൊരിടത്തും ഇല്ലാത്തവിധം മത്സ്യസമ്പത്തുകൊണ്ടും സ്വാഭാവിക പ്രകൃതി പ്രതിഭാസങ്ങള്‍കൊണ്ടും അനുഗൃഹീതമായ പ്രദേശമാണ്. കടല്‍മണല്‍ ഖനനം അനുവദിക്കപ്പെട്ടാല്‍ ഈ പ്രദേശം അപ്പാടെ അട്ടിമറിക്കപ്പെടുമെന്ന് തിരിച്ചറിയാന്‍ വലിയ ശാസ്ത്രജ്ഞാനമൊന്നും വേണമെന്നില്ല, സാമാന്യബുദ്ധി മതിയാകും. മത്സ്യസമ്പത്തും അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വലിയൊരു തൊഴില്‍മേഖലയും നശിപ്പിക്കപ്പെടും. തീരങ്ങള്‍ ഇപ്പോഴത്തെക്കാള്‍ ഭീകരമായി തിരകളാല്‍ ആക്രമിക്കപ്പെടുകയും ചെയ്യും.
കേരളത്തിലെ, പടിഞ്ഞാറേക്ക് ഒഴുകി അഷ്ടമുടി, വേമ്പനാട് കായലുകളില്‍ ചെന്നുപതിക്കുന്ന നദികളിലൂടെ വന്‍തോതില്‍ പോഷണം കടലിലേക്ക് എത്തുന്നതിന്‍െറ ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തെ ഏറ്റവും വലുതും വിശേഷപ്പെട്ടതുമായ ജൈവവൈവിധ്യവും മത്സ്യസമ്പത്തും ഉള്ള മേഖലയായി അന്താരാഷ്ട്ര ശാസ്ത്ര സമൂഹം വളരെ മുമ്പുതന്നെ അടയാളപ്പെടുത്തിയിട്ടുള്ളതാണ്.
കേരളത്തിന്‍െറ തെക്ക് കൊല്ലം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശം ഏറ്റവും കൂടുതല്‍ മത്സ്യം ലഭിക്കുന്ന ലോകത്തിലെ അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവിക ചെമ്മീന്‍ നഴ്സറി കൊല്ലത്തിന് പടിഞ്ഞാറുവശത്തുള്ള ‘ക്വയ്ലോണ്‍ബാങ്ക്’ എന്നറിയപ്പെടുന്ന പ്രദേശമാണ്. ഇതിനിടയില്‍ വര്‍ക്കലയാണ് മണല്‍ഖനനത്തിന് ഒരു മികച്ച ഇടമായി പദ്ധതിയില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നത്.
ക്വയ്ലോണ്‍ ബാങ്ക്പോലെതന്നെ അതീവ പ്രാധാന്യമുള്ള ‘ചാകര’പ്രദേശമാണ് കേരളതീരത്തെ അമ്പലപ്പുഴ ഉള്‍പ്പെടുന്ന വലിയഴീക്കല്‍ മുതല്‍ എഴുപുന്നവരെയുള്ള ഇടം. മറ്റൊരു മണല്‍ ഖനന പ്ളാന്‍റ് സ്ഥാപിക്കുക ഈ അമ്പലപ്പുഴയിലായിരിക്കുമെന്നാണ് പഴയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പുതിയ പദ്ധതി അവതരിപ്പിക്കപ്പെടുമ്പോള്‍ ഒരു പുതുമ സൃഷ്ടിക്കാനായി ഈ സ്ഥലപ്പേരുകളില്‍ മാറ്റംവരുത്തിയേക്കാം.
എന്നാല്‍, പ്രദേശത്തിന് മാറ്റംവരാന്‍ ഇടയില്ല. കാരണം, കാശ് നന്നായി മുടക്കി പഠിച്ച് ഒരു സ്വകാര്യ കമ്പനി കണ്ടെത്തിയിരിക്കുന്ന ഖനനസാധ്യതയും ലാഭസാധ്യതയും ഏറിയ പ്രദേശങ്ങളാണിത്. കൂടിയ ലാഭത്തിലായിരിക്കുമല്ളോ എപ്പോഴും നിക്ഷേപകന്‍െറ കണ്ണ്.
ആധുനിക ഖനന യന്ത്രങ്ങള്‍ ഇവിടം കിളച്ചുമറിക്കുന്നതോടെ മത്സ്യത്തിന്‍െറ പ്രജനനം തടസ്സപ്പെടും, അവയുടെ ഭക്ഷ്യശൃംഖലയിലെ കണ്ണികളായ ഒച്ച്, കക്ക, ജലസസ്യങ്ങള്‍ ഒക്കെ നാമാവശേഷമാക്കപ്പെടും. മണല്‍കൂടി നീക്കം ചെയ്യപ്പെടുന്നതോടെ ജീവന്‍ ഇല്ലാത്ത ചളിത്തട്ട് മാത്രമായിത്തീരും കേരള തീരം.
ഖനനത്തിലൂടെ ഉണ്ടാകുന്ന ചളിയും മറ്റ് മാലിന്യങ്ങളും സ്വാഭാവികമായും കടലിലേക്കുതന്നെ നിക്ഷേപിക്കപ്പെടുകയാകും ഉണ്ടാകുക. അത് ഖനനമേഖലക്ക് പുറത്തേക്കും പടര്‍ന്ന് മത്സ്യസമ്പത്ത് നശിപ്പിക്കും, കടല്‍ മലിനമാക്കും.
പരിസ്ഥിതി തീവ്രവാദമെന്നും പേടിപ്പിക്കലെന്നും പറഞ്ഞ് എതിരഭിപ്രായങ്ങളെ തള്ളിക്കളയും മുമ്പ് ഒന്നാലോചിക്കുക, കടല്‍ മണല്‍ ഖനനം യഥാര്‍ഥത്തില്‍ സംസ്ഥാനത്തിന് സംഭാവന ചെയ്യുക അധിക വരുമാനമായിരിക്കുമോ അതോ പാരിസ്ഥിതിക ആഘാതവും തൊഴില്‍നഷ്ടവും മറ്റും മൂലം ഉണ്ടാകുന്ന അധിക ബാധ്യതയായിരിക്കുമോ എന്ന്.
കടല്‍മണലില്‍ കണ്ണെറിയുമ്പോള്‍ മാണിസാര്‍ പക്ഷേ, കൃത്യമായും ഒരു രാഷ്ട്രീയ ദൗത്യം നിറവേറ്റുക കൂടിയാണ്. പഴയ ജിമ്മിന്‍െറയും പുതിയ ജിമ്മിന്‍െറയും ആസൂത്രകനും സൂത്രധാരനുമായ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വ്യവസായ വികസന നയത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഐക്യമുന്നണിക്കകത്തെ മാണിസാറിന്‍െറ മണിയടികൂടിയാണിതെന്നതാണ് ആഴക്കടല്‍ മണല്‍ ഖനനം എന്ന ആശയാവതരണത്തിന്‍െറ ആഴത്തിലുള്ള രാഷ്ട്രീയ പാഠം.
പാഠങ്ങള്‍ പഠിക്കാന്‍ മാത്രമുള്ളതല്ല, പഠിപ്പിക്കാന്‍കൂടിയുള്ളതാണല്ളോ.
പരിസ്തിധി
സന്തോഷ്ബാബു
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ