ശ്രീമതി ടീച്ചറും ശ്രീ ശ്രീ രവിശങ്കറും



‘അഴീക്കോടന്‍ രാഘവനുശേഷം ടി.കെ രാമകൃഷ്ണനല്ലാതെ ചിരിക്കുന്ന സഖാവ് നമുക്കുണ്ടോ’.എന്‍.എസ് മാധവന്‍െറ വിഖ്യാതമായ ‘നാലാം ലോകമെന്ന’ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ഈയിടെ ആരോ ചോദിക്കയുണ്ടായി: പി.കെ ശ്രീമതിക്കുശേഷം ആരായിരിക്കും നമ്മുടെ നൃത്തംചെയ്യുന്ന സഖാവ്?

ഒരു സിനിമയില്‍ ഉപ്പുമാവിന് ‘സോള്‍ട്ട്മാങ്കോട്രീ’യെന്ന്പറഞ്ഞ്കൊണ്ട് മോഹന്‍ലാല്‍ കുട്ടികള്‍ക്ക്  ക്ളാസെടുത്തതിനെ ഓര്‍മ്മിപ്പിക്കുന്നരീതിയില്‍  ഇംഗ്ളീഷ് സംസാരിച്ചാണ ്മുമ്പ് മന്ത്രിയായിരിക്കെ ശ്രീമതി ടീച്ചര്‍, യു ട്യൂബിലെത്തിയത്.   സി.പി.എം തൃശൂര്‍ ജില്ലാസമ്മേളന പൊതുസമ്മേളനത്തില്‍  നാടന്‍പാട്ടിനൊത്ത് രണ്ടുവരി പാടിയതും നൃത്തംചെയ്യുന്നതുപോലെ തോന്നിപ്പിച്ചതും, കടുത്ത വിഷയദാരിദ്ര്യം നേരിടുന്ന ചാനല്‍ തമാശകളില്‍  കയറിക്കൂടുന്നത് സ്വാഭാവികം. പക്ഷേ, നമ്മുടെ ദിനപത്രങ്ങളുടെ കാര്യമോ? ടീച്ചര്‍ എന്തോ വലിയ അപരാധം ചെയ്തതുപോലെയാണ് പല മലയാള പത്രങ്ങളും വാര്‍ത്ത ഒന്നാംപേജില്‍ തന്നെ കൊടുത്തത്.
സത്യത്തില്‍ മലയാളിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു സാസ്കാരിക കാപട്യത്തിന്‍െറ ദിശാസൂചിക കൂടിയാണ് ടീച്ചറുടെ പാട്ട് വാര്‍ത്തയായ സംഭവം സൂചിപ്പിക്കുന്നത്. ആനന്ദങ്ങളെയും സന്തോഷങ്ങയെുമെല്ലാം പ്രത്യേക കംപാര്‍ട്ട്മെന്‍റില്‍ നാം ഒതുക്കുന്നു. കപട സദാചാരംപോലെ വിമര്‍ശിക്കപ്പെടേണ്ടതാണ് മലയാളിയുടെ കപടഗൗരവവും. വീട്ടില്‍ അതൊട്ടും കുറയരുത്; ഓഫീസില്‍ അല്‍പ്പം താഴാം. എന്നാല്‍ ആഹ്ളാദിക്കണമെങ്കിലൊ. അതിനല്ളേ വലിയ ടൂര്‍ പാക്കേജുകള്‍. വീഗാലാന്‍ഡു മുതല്‍ വിസ്മയ പാര്‍ക്കുവരെയുള്ള ജലകേളി സങ്കേതങ്ങള്‍. വളിപ്പുകള്‍പോലും ഉപദംശങ്ങളാക്കുന്ന മദ്യപാന സദിരുകള്‍.
വിദേശികളുമായി താരതമ്യപ്പെടത്തേണ്ട; ശരാശരി തമിഴനും തെലുങ്കനുംവരെ മലയാളികളേക്കാള്‍ ആഹ്ളാദിക്കുന്നവരും സന്തോഷം പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണെന്ന് അവിടെ രണ്ടു ദിവസമെങ്കിലും താമസക്കാന്‍ കഴിഞ്ഞവര്‍ക്ക് ബോധ്യമാവും. പാട്ടും ഡാന്‍സുമായി ഉത്സവതുല്യമാണ് ഉത്തരേന്ത്യക്കാരുടെയൊക്കെ വിവാഹങ്ങള്‍. അവര്‍ക്കറിയുന്ന രീതിയില്‍ അവര്‍ തന്നെയാണ് പാടുന്നത്. നമ്മളോ വന്‍ തുകകൊടുത്ത് റിമിടോമിയുടെ ഗാനമേള ബുക്കുചെയത്, ശരീരം വടിപോലെയാക്കി ഇരിക്കുന്നു. ഉലക സഞ്ചാരിയായ സന്തോഷ് ജോര്‍ജ്കുളങ്ങര പറയുന്നത് യാത്രചെയ്യാന്‍ ഏറ്റവും വിമുഖരായ ആളുകളാണ് മലയാളികളെന്നാണ്. വിദേശികളുടെ കാര്യം പോട്ടെ, ഉത്തരേന്ത്യക്കാര്‍ പോലും പുതിയ അനുഭവങ്ങള്‍തേടി എത്രയെത യാത്രകള്‍ നടത്തുന്നു? നമ്മളോ, ശരപഞ്ജരത്തിലെ ജയനെപ്പോലെ മസിലുപിടിച്ചുപിടിച്ച് ഒടുവില്‍ ഹൃദയ ധമനികള്‍പൊട്ടി, കുഴഞ്ഞുവീണുമരിച്ചു എന്ന് ചരമക്കോളങ്ങള്‍ക്ക് ചെല്ലപ്പേരു നല്‍കി വിടപറയുന്നു. നമുക്ക് ആഹ്ളാദം മദ്യപിക്കുമ്പോള്‍ മാത്രംവരുന്ന വികാരമാവുന്നു. മൂക്കറ്റം മോന്തി മദ്യപാനിക്കുമാത്രം കിട്ടാവുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെത്ത് ‘കൂതറ’യാവുന്നു. സന്തോഷത്തിന്‍െറ ഈ ‘സ്വകാര്യവത്ക്കരണം’ തന്നെയല്ളേ നമ്മുടെ നാട്ടില്‍ ബിവറേജിനുമുന്നിലെ പുരുഷാരത്തെ ഓരോ വര്‍ഷവും വര്‍ധിപ്പിക്കുന്നത്?
ഇഷ്ടമുള്ളതൊന്നും ചെയ്യാന്‍ കഴിയാതെയാണ് ഒരു ശരാശരി മലയാളിയുടെ ജീവിതം അവസാനിക്കുന്നത്. ഇഷ്ടമുള്ള കളികളിക്കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കില്ല, ഇഷ്ടമുള്ള വിഷയം പഠിക്കാനാവില്ല, ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാനാവില്ല, ഇഷ്ടപ്പെട്ട ഇണയെ വിവാഹം കഴിക്കാനാവില്ല. കരിയിറസത്തിന്‍െറ ഒറ്റ അജണ്ടയില്‍ നമ്മള്‍ മറ്റൊരാളായി മറ്റാര്‍ക്കോവേണ്ടി ജീവിക്കുന്നു.
പണ്ടൊക്കെ നമ്മുടെ നാട്ടില്‍ എന്തെല്ലാം പൊതു ആഘോഷങ്ങളാണെന്ന് ഓര്‍ത്തുനോക്കുക. 15വര്‍ഷം മുമ്പുവരെ മലബാറിലെ ഗ്രാമങ്ങളിലൊക്കെ യുവാക്കള്‍ വൈകീട്ട് കോല്‍ക്കളി പഠിക്കുമായിരുന്നു. കല്ലായിഭാഗത്ത് ക്ളബുകളിലൊക്കെ പാട്ടുല്‍സവമായിരുന്നു. പാട്ടും കളിയുമായി രാവേറെ നീളുന്ന സൗഹൃദ കൂട്ടായ്മകള്‍. തിരുവാതിര എന്ന ഇന്ന് ‘റെഡ് ഡാറ്റ ബുക്കില്‍’ സ്ഥാനം പിടിച്ച ഉല്‍സവം, മാസങ്ങള്‍ നീളുന്ന ഊഞ്ഞാല്‍ സംത്രാസത്തിന്‍േറതായിരുന്നു. പത്തടിയിലേറെയുള്ള ഊഞ്ഞാലില്‍ നിന്ന് ആടുമ്പോള്‍  കിട്ടുന്ന സുഖത്തിനായി ഇന്ന് നമ്മുടെ കുട്ടികള്‍ വാട്ടര്‍തീംപാര്‍ക്കുകളിലെ ജയന്‍റുവീലുകളില്‍ കയറുന്നു.  കാശുകൊടുത്ത് കടിക്കുന്ന പട്ടിയെവാങ്ങുന്നപോലെ വന്‍തുകകൊടുത്ത് ബി.പി ഷൂട്ടുചെയ്യിച്ച് വയറുകാളി, ഏറെക്കാലത്തിനുശേഷം അമ്മയെവിളിച്ച് ആഞ്ഞുകാറി പുറത്തിറങ്ങുന്നു.

` ഈ ലേഖകന്‍ ഇതുവരെ കഴിച്ചിട്ടുള്ളതില്‍ എറ്റവും രുചിയുള്ള ‘കൊച്ചിക്കോയയെന്ന’ഭക്ഷണം അവിലും പൂവന്‍ പഴവുമൊക്കെ ചേര്‍ത്ത് യുവാക്കുളടെ സ്നേഹക്കൂട്ടായ്മയിലാണ്  ഉണ്ടാക്കിയിരുന്നത്. വൈകീട്ടെന്താ പരിപാടിയെന്ന്’ ചോദിച്ചാല്‍ അന്നത്തെ യുവാക്കളടെ മറുപടി ‘കൊച്ചിക്കോയ’യുണ്ട് എന്നാവും. ലക്ഷ്മി നായരുടെ കുക്കറിഷോ കണ്ടായിരുന്നില്ല. ഞങ്ങളാരും  ‘കൊച്ചിക്കോയയുടെ’ പന്തിഭോജനസുഖം നുകരാനെത്തിയത്. വിയര്‍പ്പുനാറുന്നവന്‍ ബസില്‍ കയറുന്നത് നിരോധിക്കാന്‍ പൊതുതാല്‍പ്പര്യ ഹരജി ഫയല്‍ ചെയ്യാന്‍ മടിയില്ലാത്ത രീതിയില്‍ മാറുന്ന ആധുനിക സമൂഹത്തിന് സുഹൃത്തിന്‍െറ കൈകള്‍ മേച്ളവസ്തുവാകുന്നു. ഒരുത്തന്‍  തൊട്ടത് മറ്റൊരാള്‍ തിന്നാത്ത കെട്ട കാലത്ത്, കൊച്ചിക്കായയയും തിരുവാതിരയുടെ വഴിയെ വംശനാശത്തിലേക്ക്. ഗ്രൂപ്പ് കള്‍ച്ചറിന്‍െറ ആഹ്ളാദം ഇന്ന് യുവാക്കള്‍ അനുഭവിക്കുന്നത് മാരക വിപത്തായ സമൂഹ മദ്യപാനത്തിലൂടെയാണ്. അപ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരുത്തന്‍ വലിച്ചതു വലിക്കാം. ഒറ്റ  ഗ്ളാസുമതി. മറ്റൊരുത്തന്‍െറ ഉച്ചിഷ്ടം ‘ലൗ സിപ്പാക്കി’ അവനെ കെട്ടിപ്പിടിക്കാം.
കൃത്രിമമായ ആനന്ദനിര്‍മ്മാതാക്കളടെ അബ്കാരി ബുദ്ധിയുടെ മറ്റൊരു പതിപ്പാണ് ഇന്ന് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആനന്ദോല്‍സവങ്ങളും ആള്‍ദൈവ കള്‍ട്ടുകളും. സ്വന്തം വീട്ടിലും നാട്ടിലും നിങ്ങള്‍ക്ക് ആനന്ദം കിട്ടാതാവുമ്പോള്‍ വന്‍ തുക മുടക്കി യോഗാ- ധ്യാന പാക്കേജുകളായി പരമാനന്ദം നേടിയെടുക്കാം. സായിബാബായും അമൃതാനന്ദമയിയും ‘ഡബിള്‍ശ്രീ’ രവിശങ്കറും തൊട്ട്  കോഴിബിരിയാണി ഭക്തര്‍ക്ക് പ്രസാദമായികൊടുത്ത കോഴിക്കോട്ടെ സിനിമാസ്വാമിയും, മരുകാവതാരമായി മയിലാടുന്ന കോഴിക്കോട്ടെ ജിലേബി സ്വാമിയും വരെ ഭക്തരെ കൂട്ടിയത് പാട്ടിലും നൃത്തത്തിലും കൂടെയാണ്. സന്യാസി കുഴിയില്‍ ചാടിമരിച്ചാലും സമാധിയെന്ന് പറയുന്നതുപോലെ അത്തരം പാട്ടുകള്‍ക്ക് ഭജനയെന്നാണ് നാമം. ഈ സാകേതിക വിദ്യ ഏറ്റവും കൊമേഴ്സലായി വികസിപ്പിച്ചത് ശ്രീശ്രീ രവിയാണ്. മസിലുപിടിച്ച് ജീവിക്കുന്ന പലരും, ശ്രീശ്രീയുടെകൂടെ  പാട്ടും നൃത്തവും കഴിയുമ്പോള്‍ കിട്ടുന്ന ഊര്‍ജവും അനന്ദവും, തങ്ങളെ പുതിയ മനസിനുടമകളാക്കിയെന്ന് വിശ്വസിക്കുന്നു. കത്തുന്ന വേനലില്‍ ഐസ്വാട്ടറില്‍ കുളിക്കാന്‍ അവസരം കിട്ടിയാല്‍ ഗള്‍ഫിലെ തൊഴിലാളിക്കള്‍ക്കും മറ്റുമുണ്ടാകുന്ന സന്തോഷം എങ്ങനെയായിരിക്കും. എന്നുവെച്ച് കുളിയൊരു സര്‍വരോഗ നിവരാണിയാക്കി, 750രൂപവേണ്ട മൂന്നുമാസത്തെ കോഴ്സില്‍ പഠിപ്പിക്കാവന്ന സ്നാനതെറാപ്പിയാക്കി മറ്റിയാലോ?
ഇങ്ങനെ കൂട്ടായ്മ സംസ്ക്കാരത്തിന്‍െറ ആത്മ ബന്ധം നന്നായി ചൂഷണം ചെയ്യുന്നത് ഇന്ന് വര്‍ഗീയ സംഘടനകളാണ്. കഴമ്പില്ലാത്ത ചാര വിവാദത്തിലു മറ്റുംപെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് പുകയില്ലാത്ത അടുപ്പുപോലായത് നമ്മുടെ സെക്യുലര്‍ സ്പേസിന് കിട്ടിയ കനത്ത ആഘാതമാണ്.
ഇവിടെയാണ് ശ്രീമതി ടീച്ചറെപ്പോലുള്ളവരുടെ പ്രസക്തി. സംഗീതവും നൃത്തവും പ്രസരിപ്പിക്കുന്ന ഊര്‍ജത്തെ അവര്‍ നന്നായി ഉപയോഗിക്കുന്നു. വിപ്ളവം ജനങ്ങളുടെ ഉല്‍സവമാണെന്ന് ലെനിന്‍ പറയുന്നു. അടുത്തകാലത്തൊന്നും വിപ്ളവത്തിന് സ്കോപ്പില്ലാത്ത ഒരു പാര്‍ട്ടിക്ക് സമ്മേളനങ്ങളെങ്കിലും ജനങ്ങളുടെ ഉല്‍സവമാക്കിക്കൂടെ. അത് കഴിഞ്ഞ കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ പിണറായി പൊട്ടിത്തെറിച്ചപോലെ ‘ഉള്ളിലുള്ള വീര്യത്തിന്‍െറ അടിസ്ഥാനത്തില്‍ ഉഷാ ഉതുപ്പിന്‍െറ ഗാനമേളപോലെ’ ആകരുതെന്ന് മാത്രം. അല്ളെങ്കിലും ‘വെള്ളത്തില്‍ മല്‍സ്യത്തെയെന്നപോലെ ജീവിക്കേണ്ട’ കമ്യൂണിസ്റ്റുകാര്‍ സദാ മലബന്ധം അനുഭവിക്കുന്ന മുഖത്തോടുകൂടി, ‘അടൂര്‍ സിനിമകളി’ലെ നായകരെപ്പോലെ നടക്കേണ്ട കാര്യമുണ്ടോ? ചില കോണ്‍ഗ്രസുകാരെപ്പോലെ ഏതു നിമിഷവും ‘ഇളിച്ചു’കൊണ്ട് നടക്കേണ്ടതുമില്ല.
മനുഷ്യരാട് സംസാരിക്കുകയും ചിരിക്കുകയും ചെയ്താല്‍ കരുത്തനായ കമ്യൂണിസ്റ്റെന്ന പദവിപോകുമെന്ന പേടിയിലാണ് പലരും. ടി.വിരാജേഷിന്‍െറ പൊട്ടിക്കരയല്‍ വിവാദത്തിലും ഒരു കമ്യൂണിസ്റ്റുകാരന്‍ ഇങ്ങനെ കരയാമോ എന്നായിരുന്നു വിമര്‍ശം. പൊളപ്പന്‍ പീഡന കഥകള്‍ തെളിവുസഹിതം പുറത്തുവരുമ്പോഴും, അതിനെയെല്ലാം പ്രവാചകന്‍ അനുഭവിച്ച പീഡനത്തോട് താരതമ്യം ചെയ്യുന്ന രാഷ്ട്രീയ തൊലിക്കട്ടി കണ്ടുശീലിച്ചവര്‍ക്ക്, നിയമസഭയില്‍ ഒരു വനിതയെ അപമാനിക്കാന്‍  ശ്രമിച്ചന്നെ ദുരാരോപണം താങ്ങാനാവാതെ കരയുന്ന എം.എല്‍.എ പരിഹാസ പാത്രമാവുന്നതില്‍ അത്ഭുതമില്ല. നമ്മളെല്ലാം രാഷ്ട്രീയക്കാരല്ളെയെന്നു പറഞ്ഞ് എ.കെ ശശീന്ദ്രന്‍ എം.എല്‍.എ, രാജേഷിനെ സ്വാന്തനിപ്പിച്ചതും അര്‍ഥഗര്‍ഭമായി. കണ്ടാമൃഗത്തെ അതിശയിപ്പിക്കുന്ന  തൊലിക്കട്ടിയാണ് രാഷ്ട്രീയക്കാരന് വേണ്ടത്. ‘മാണിസാര്‍’ മോഡല്‍ മുതലക്കണ്ണീരല്ലാതെ അവന്‍ ഒരിക്കലും കരയരുത്.
മന്ത്രിയാവുന്നതിനുമുമ്പ് മനോഹരമായി സംസാരിച്ച പലരും പിന്നീട് എസ്.ശര്‍മ്മയെപ്പോലെ ‘ബാസിട്ടാണ്’ സംസാരം. കമ്യൂണിസ്റ്റ് നേതാക്കള്‍ അഹംഭാവികളാണെന്ന് എതിരാളികള്‍ക്ക് നന്നായി പ്രചരിപ്പിക്കാനും പൊതുസമൂഹത്തിലെ ഒരു വിഭാഗം അത് നന്നായി വിശ്വസിക്കാനും തുടങ്ങിയത് ഈ പേശിപിടുത്തംകൊണ്ടല്ളേ എന്നത് ടീച്ചറുടെ നൃത്ത വിവാദത്തിന്‍െറ പശ്ചാത്തലത്തിലെങ്കിലും പാര്‍ട്ടി പരിശോധിക്കട്ടെ.
മൃദുഹിന്ദുത്വം എന്നു പറയുന്നതുപോലെ മൃദു സ്്രതീവിരുദ്ധതയും ഈ വിഷയത്തില്‍ കയറിക്കൂടിയിട്ടുണ്ട്. ജയരാജന്‍മാരെപ്പോലൊരു   സഖാവാണ് ഇങ്ങനെ പാട്ടുപാടിയതെങ്കില്‍ ആര്‍ക്കും പരാതിയില്ലായിരുന്നു. രഞ്ജിനി ഹരിദാസൊക്കെ വിമര്‍ശിക്കുന്നതുപേപാലെ സാരി സ്ത്രീശരീരത്തിന് ഏറ്റവും ദുര്‍ബലമായ വസ്ത്രമാണെന്നും യൂട്യൂബ് ദൃശ്യങ്ങള്‍ തെളിയിക്കുന്നു.
ടീച്ചറുടെ പാട്ട് തീരെ സുഖിക്കാത്ത രീതിയിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇരുന്നതെന്നും പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു.  പഴയ നമ്പൂതിരിമാരുടെ ‘ക്വാ ക്വ ഗ്വാ ഗ്വ’ മോഡല്‍ സംവാദങ്ങളെ ഓര്‍മ്മിപ്പിക്കുന്ന, ഒരുത്തരവും കിട്ടാത്ത പു.ക.സയുടെ സെമിനാറുകളേക്കാള്‍  കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനകീയമാക്കിയത് കെ.പി.എ.സി പോലുള്ളവയും അസംഖ്യം പ്രാദേശിക കലാകാരന്‍മ്മാരുമാണെന്ന് മറന്നുപോകരുത്. ( നാട്ടിപ്പാട്ടു പാടുന്നതുകൊണ്ട് ഞാറുനടല്‍ വേഗത്തിലാവുകയും അതുവഴി തൊഴില്‍കുറയുകയും ചെയ്യുന്നതിനാല്‍ കെ.എസ്.കെ.ടി.യു ആലപ്പുഴയില്‍ വയല്‍പാട്ട് ‘നിരോധിച്ചതായി’ വെട്ടിനിരത്തല്‍ സമരകാലത്ത് സിന്‍ഡിക്കേറ്റുപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു! കാലംപോയ പോക്ക് നോക്കണേ.)
എന്തെക്കെ പറഞ്ഞാലും നായനാര്‍ക്ക് കിട്ടിയ ജനകീയത അദ്ദേഹത്തിന്‍െറ തുറന്ന പെരുമാറ്റം തന്നെയായിരുന്നു. ഒരിക്കല്‍ തെന്നല ബാലകൃഷ്ണപിള്ളയെ വിമര്‍ശിക്കാന്‍ ‘തെന്നലേ ഇളം തെന്നലേ’ എന്ന് പാടി രണ്ട് ചുവടുവെക്കുകകൂടി ചെയ്തു അദ്ദേഹം. എന്‍.എസ് മാധവന്‍െ കഥ തിരുത്തിയാല്‍ ഇ.കെ  നായനാര്‍ക്കുശേഷം പി.കെ ശ്രീമതിയല്ലാതെ ആടിപ്പാടുന്ന ഒരു നേതാവ് നമുക്കുണ്ടോ എന്നാക്കേണ്ടിവരും
എം.ഋജു

6 അഭിപ്രായ(ങ്ങള്‍):

  • ശ്രീമതി ടീച്ചറിനെ പുകഴ്ത്തിയ ലേഖകന്‍റെ പിന്നിലെ ചേതോവികാരം പിടികിട്ടുന്നില്ല........കേരളീയ സമുഹതിന്റ്റെ മുല്യച്ചുതി പറഞ്ഞതിനോട് എനിക്കും യോജിപ്പുണ്ട്..പക്ഷെ അതിനു കാരണക്കാര്‍ ഞാനും നിങ്ങളും ഉള്‍പെടുന്ന സമുഹം തന്നെയല്ലേ????പിന്നെ ശ്രീമതി ടീച്ചറിനെ പോലെ ഉള്ള കപട രാഷ്ട്രിയക്കാര്‍ ഉള്‍പെടുന്ന നമ്മുടെ കേരളത്തിലെ മുഖ്യ ധാര രാഷ്ട്രിയക്കാര്‍ ആണ് ഇതിന്റെ തുടക്കകാര്‍...പാര്‍ട്ടി യോഗത്തിനും മറ്റും മദ്യം വിളമ്പി ആളെ കുട്ടുന്നത് ഇവിടുത്തെ വലതു പക്ഷവും ഇടതു പക്ഷവും എല്ലേ?പിന്നെ നമ്മുടെ അടുത്ത സംസ്ഥാനങ്ങളുടെ പേരുകള്‍ ഉച്ചത്തില്‍ പ്രശംസിക്കുന്നത് കേട്ടു...ഞാന്‍ വര്‍ഷങ്ങളായി ജോലിയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ഓടി നടക്കുന്ന ഒരാളാണ്...എന്നാല്‍ അവിടങ്ങളില്‍ ഉള്ള കല്യാണങ്ങളില്‍ ലേഖകന്‍ പറഞ്ഞത് പോലെ നല്ല ഡാന്‍സ് നടക്കാറുണ്ട്....എന്നാല്‍ വേറൊരു നെറികെട്ട സത്യം ഉണ്ട്...ജാതി തിരിച്ചുള്ള ആഘോഷങ്ങള്‍ ആണ് അവിടെ നടക്കുന്നത്.....സ്വന്തം അയല്‍ക്കാരന്‍ പോലും വേറെ ജാതി ആണെങ്കില്‍ ഏതു പരിപാടിക്കും ഷണം ഇല്ല സുഹൃത്തേ...ഹിന്ദുവും ക്രിസ്ടിയനും,മുസ്ലിമും ഒന്നിച്ചു ഏതു പരിപാടിക്കും ആഗോഷിക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തില്‍ മാത്രം ആണ് സുഹ്രത്തെ....ഞാന്‍ ചുണ്ടികനിച്ച തെറ്റുകള്‍ സ്വീകരിക്കും എന്നുരപ്പോടെ http://kl25borderpost.blogspot.com/

  • ജഗദീശ്.എസ്സ് says:
    2012, ജനുവരി 10 9:48 AM

    മലയാളിയുടെ കപട ഗൗരവമാണ് ഇവിടെ ചര്‍ച്ച ചെയ്തത്. മറ്റ് സംസ്ഥാനക്കാര്‍ക്ക് പല കുഴപ്പങ്ങളും ഉണ്ടാകാം. അവരുടെ ഒരു നല്ലഗുണം ലേഖകന്‍ ചൂണ്ടിക്കാണിച്ചു. സംസാരിക്കുമ്പോള്‍ തെറ്റിയാല്‍ കളിയാക്കും, വീണാല്‍ കളിയാക്കും. എന്തു ചെയ്താലും കളിയാക്കല്‍. പിന്നെ മസില് പിടിച്ചിരിക്ക മാത്രം ഗതി. നമ്മുടെ കുട്ടികള്‍ പൊതു സഭയില്‍ സംസാരിക്കാന്‍ തയ്യാറാകാത്തതും, ജാള്യതയുള്ളവരാകുന്നതിനും കാരണം ഇത്തരം അനാവശ്യ കുറ്റംപറച്ചില്‍ കാരണമാണ്. മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികളില്‍ ജോലി ചെയ്ത അനുഭത്തില്‍ നിന്ന് പറയുന്നതാണ്.

    2005 ല്‍ ബോംബേയില്‍ ജീവിച്ചിരുന്ന അവസരത്തിലെ ഒരു സ്വാതന്ത്ര്യ ദിന ആഘോഷം ഓര്‍ക്കുന്നു. സ്വാതന്ത്ര്യ ദിന ആഘോഷം തന്നെ നമുക്ക് പുതുമയാണ്. സാധാരണ കേരളത്തില്‍ സ്കൂളുകള്‍, NCC തുടങ്ങിയവര്‍മാത്രമാണ് പതാകഉയര്‍ത്തലും ചിലപ്പോള്‍ ഒരു പ്രഭാഷണവും നടത്തുക. ചെറു ഉച്ചഭാഷിണി ഒക്കെ ഉപയോഗിച്ച് ഞങ്ങളുടെ കോളനിയിലും സ്വാതന്ത്ര്യ ദിന ആഘോഷം നടന്നു. വളരെ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പല പരിപാടികളില്‍ പങ്കെടുത്തു. ടേപ്പ് റിക്കോര്‍ഡറില്‍ നിന്നുള്ള സിനിമാ ഗനത്തിനൊത്ത് നൃത്തം ചെയ്യാന്‍ 20 വയസിനടുത്ത് പ്രായമുള്ള പെണ്‍കുട്ടി വന്നു. എന്തോ സാങ്കേതിക തകരാറുകാരണം ടേപ്പ് റിക്കോര്‍ഡര്‍ ഇടക്കിടെ നിന്നു പോകും. നൃത്തം അങ്ങനെ ഇടക്കിടക്ക് തടസപ്പെട്ടു. പെണ്‍കുട്ടി ചെറു ദേഷ്യത്തോട് ഇനി എനിക്ക് നൃത്തം ചെയ്യാന്‍ വയ്യാ എന്ന് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഒരൊറ്റ മനുഷ്യനും അവളെ കളിയാക്കി ചിരിച്ചില്ല. കൂവിയില്ല.

    നിര്‍ത്താന്‍ കൈകാണിച്ച ബസ്സ് നിര്‍ത്താതെ പോകുന്നത് കണ്ടാല്‍ സമീപത്തുള്ളവര്‍ കളിയാക്കി ചിരിക്കുന്നത് തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോള്‍ സ്ഥിരം അനുഭവിച്ച കാര്യമാണ്.

    എന്തുതന്നെയായാലും ആരേയും നിരുത്സാഹപ്പെടുത്തരുത്. കുഴപ്പങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞ്കൊടുത്ത് തെറ്റുകള്‍ തിരുത്തണം. മലയാളി സമൂഹം ഇത് പഠിക്കണം.

    ഈ നാട്ടില്‍, രാജ്യത്ത്, ലോകത്ത് എന്തെല്ലാം പ്രധാന പ്രശ്നങ്ങളുണ്ട്. നാണംകെട്ട മാധ്യമപ്രവര്‍ത്തകര്‍ ജനശ്രദ്ധ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിച്ച് വിടാനുള്ള ശ്രമത്തിനായി ആ പി.കെ ശ്രീമതിയുടെ നൃത്തത്തെ ഉപയോഗിക്കുകയാണ് ചെയ്തത്. മാധ്യമ സാമൂഹ്യ ദ്രോഹികളും അഴുമതിക്കാരുമാണെന്നുള്ളതിന്റെ ഒരു തെളിവുകൂടിയാണ് ഈ സംഭവം.

  • Rejeesh Sanathanan says:
    2012, ജനുവരി 10 12:37 PM

    "ടീച്ചറുടെ പാട്ട് തീരെ സുഖിക്കാത്ത രീതിയിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇരുന്നതെന്നും പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു. "

    ഈ വരികൾ ഓർമ്മിപ്പിക്കുന്നത് ഒരു ചൊല്ലാണ്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും...............

  • അവര്‍ണന്‍ says:
    2012, ജനുവരി 10 12:45 PM

    എം.ഋജു വിന്റെ ഈ പോസ്റ്റ്‌ മാധ്യമത്തില്‍ വായിച്ചിരുന്നു. മലയാളത്തില്‍ ഈയിടെ വന്ന ഏറ്റവും നല്ല സാമൂഹ്യ വിമര്‍ശനമാണിത്. സുകുമാര്‍ അഴീക്കോട് പോലും എം.ഋജു വിന്റെ മുന്നില്‍ തല കുനിച്ചു നില്‍ക്കണം. എം.ഋജു വീണ്ടും എഴുതട്ടെ. ഇത്തരം തുറന്നെഴുത്ത് കൊണ്ടെങ്കിലും ഈ നാടിന്റെ സംസ്കൃതി നന്നാകട്ടെ.

  • അജ്ഞാതന്‍ says:
    2012, ജനുവരി 11 12:29 PM

    സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞാല്‍ ചുറ്റുമുള്ളവര്‍ക്ക് ഇഷ്ട്ടക്കെടകുമോ എന്നുള്ള ചിന്താഗതി യുള്ള വരാണ് മലയാളികള്‍ എന്നാണു എനിക്ക് ഇടയ്ക്കു തോനരുള്ളത്... ഇവിടെ എല്ലാം തുറന്നെഴുതുന്നത്‌ കണ്ടപ്പോള്‍ സന്തോഷം തോന്നുന്നൂ... സ്രീമതി ട്ടീച്ചര്‍ മലയാളിയുടെ കപട സധാചാരത്തിന് വിരുദ്ധമായി തുറന്നവേധിയില്‍ അവരുടെ സന്തോഷം പ്രകടിപ്പിച്ചു നൃത്തം ചെയ്തു എന്നതിനെ വിമര്‍ശിക്കുന്നവരോട് എന്താ പറയാ...
    മനുഷ്യര്‍ക്ക്‌ ഓരോരുത്തരുടെ ശരികളാണ് ശരി... അതിനിടക്ക് സന്തോഷ പ്രഗടനവും നൃത്തവും ഒക്കെ ചിലപ്പോള്‍ തെറ്റായി വ്യാക്യനിക്ക്യ പ്പെട്ടു പോകുന്നു...
    ഇനിയുള്ള ജനറേഷന്‍ എങ്കിലും അല്‍പ്പം മാറി ചിന്തിക്കും എന്ന് ഒരു പ്രധീക്ഷ മാത്രം പങ്ക് വെച്ചുകൊണ്ട്... നിര്‍ത്തുന്നൂ...

  • അജ്ഞാതന്‍ says:
    2012, ജനുവരി 11 12:30 PM

    സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞാല്‍ ചുറ്റുമുള്ളവര്‍ക്ക് ഇഷ്ട്ടക്കെടകുമോ എന്നുള്ള ചിന്താഗതി യുള്ള വരാണ് മലയാളികള്‍ എന്നാണു എനിക്ക് ഇടയ്ക്കു തോനരുള്ളത്... ഇവിടെ എല്ലാം തുറന്നെഴുതുന്നത്‌ കണ്ടപ്പോള്‍ സന്തോഷം തോന്നുന്നൂ... സ്രീമതി ട്ടീച്ചര്‍ മലയാളിയുടെ കപട സധാചാരത്തിന് വിരുദ്ധമായി തുറന്നവേധിയില്‍ അവരുടെ സന്തോഷം പ്രകടിപ്പിച്ചു നൃത്തം ചെയ്തു എന്നതിനെ വിമര്‍ശിക്കുന്നവരോട് എന്താ പറയാ...
    മനുഷ്യര്‍ക്ക്‌ ഓരോരുത്തരുടെ ശരികളാണ് ശരി... അതിനിടക്ക് സന്തോഷ പ്രഗടനവും നൃത്തവും ഒക്കെ ചിലപ്പോള്‍ തെറ്റായി വ്യാക്യനിക്ക്യ പ്പെട്ടു പോകുന്നു...
    ഇനിയുള്ള ജനറേഷന്‍ എങ്കിലും അല്‍പ്പം മാറി ചിന്തിക്കും എന്ന് ഒരു പ്രധീക്ഷ മാത്രം പങ്ക് വെച്ചുകൊണ്ട്... നിര്‍ത്തുന്നൂ...

Blogger templates

.

ജാലകം

.