കൊച്ചി മെട്രോ സര്‍ക്കാര്‍ അട്ടിമറിച്ചു

സ്വകാര്യമേഖലക്ക് കേരളത്തിന്‍െറ നീക്കം 


ന്യൂദല്‍ഹി: കേരളത്തിന്‍െറ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ പൊതുമേഖലയില്‍ സ്ഥാപിക്കാന്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ നടത്തിയ നീക്കം കേരള സര്‍ക്കാര്‍ അട്ടിമറിച്ചു. ജനങ്ങള്‍ക്ക് ബാധ്യത ആക്കാതിരിക്കാന്‍ സ്വകാര്യ കമ്പനികളെ പദ്ധതിയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന ശ്രീധരന്‍െറ നിലപാട് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകുമെന്ന് കണ്ടാണ് തന്ത്രപരമായി സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചത്.പൊതുമേഖലയിലെ ദല്‍ഹി മെട്രോ കോര്‍പറേഷനെ ഒഴിവാക്കി കൊച്ചി മെട്രോക്കുവേണ്ടി  വന്‍കിട  കമ്പനികളില്‍നിന്ന് ആഗോള ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യമേഖലക്കു വേണ്ടി ദല്‍ഹി മെട്രോയെ കൈയൊഴിയാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി കൊച്ചി മെട്രോയുടെ തലപ്പത്ത് മുഖ്യമന്ത്രി പ്രതിഷ്ഠിച്ച ടോം ജോസ് കത്തെഴുതിയതിനെ തുടര്‍ന്നാണ് കൊച്ചിയിലെ ഓഫിസ് വെള്ളിയാഴ്ച അടച്ചുപൂട്ടിയത്. കൊച്ചി മെട്രോ പൊതുമേഖലയില്‍ വരുന്നതിന് ഏഴുവര്‍ഷമായി കേരളം നടത്തുന്ന ശ്രമങ്ങള്‍ക്ക് വിപരീതമായിട്ടാണ് ഈ കത്ത്. നിലവിലെ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കുകയല്ലാതെ മറ്റുവഴിയില്ളെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വൃത്തങ്ങള്‍ ദല്‍ഹിയില്‍ അറിയിച്ചു. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ കത്തയച്ചപ്പോഴാണ് ഇത്തരമൊരു തീരുമാനം തങ്ങള്‍ അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഓഫിസ് അടച്ചുപൂട്ടുകയാണെന്ന് അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കത്തയച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊങ്കണ്‍, ദല്‍ഹി മെട്രോ റെയില്‍പാതകളുടെ നിര്‍മാണത്തിലൂടെ രാജ്യത്തിന്‍െറ അഭിമാനമായി മാറിയ ശ്രീധരനെ മുന്നില്‍നിര്‍ത്തി കേരളം സമ്മര്‍ദം തുടങ്ങിയതോടെയാണ് കൊച്ചി മെട്രോ പദ്ധതി ഗതിപിടിച്ചത്. കേരളത്തിന് തുടക്കം മുതല്‍ സഹായം നല്‍കിയ ശ്രീധരന്‍ ദല്‍ഹി മെട്രോ മാതൃകയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് നടത്തിയത്. കൊച്ചി മെട്രോയുടെ വിശദമായ പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാന്‍ 2004 ഡിസംബര്‍ 29നാണ് കേരളം ശ്രീധരന്‍െറ നേതൃത്വത്തിലുള്ള ദല്‍ഹി മെട്രോ കോര്‍പറേഷനെ ചുമതലപ്പെടുത്തിയത്. 2005 ജൂലൈയില്‍ ശ്രീധരനും സംഘവും കേരളത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  കൊച്ചി മെട്രോ നിര്‍മാണം സംബന്ധിച്ച് സംസ്ഥാനം മുന്നോട്ടുവെച്ച നിര്‍ദേശം തള്ളി പകരം സാമ്പത്തിക സഹായംനല്‍കി പിന്തുണക്കാമെന്ന് കേന്ദ്ര ആസൂത്രണ കമീഷന്‍ വാഗ്ദാനം ചെയ്തപ്പോള്‍ അതുവേണ്ടെന്ന് പറഞ്ഞത് ശ്രീധരനായിരുന്നു. കൊച്ചി മെട്രോ നിര്‍മാണ പദ്ധതിയില്‍ പങ്കാളിയാകുന്നതിന് പകരം  ഗ്രാന്‍റ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാമെന്നായിരുന്നു അഹ്ലുവാലിയയുടെ വാഗ്ദാനം. പൊതുമേഖലയില്‍ കൊങ്കണ്‍ റെയില്‍വേയും ദല്‍ഹി മെട്രോയും വിജയിപ്പിച്ചെടുത്തതിന്‍െറ അനുഭവ സമ്പത്തില്‍നിന്നാണ് കൊച്ചി മെട്രോയില്‍ സ്വകാര്യമേഖലയെ കൂട്ടേണ്ടെന്ന നിലപാട് ശ്രീധരന്‍ സ്വീകരിച്ചത്. തുടര്‍ന്ന് കൊച്ചി മെട്രോക്ക് പുതിയ പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാനും ശ്രീധരന്‍ തയാറായി.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാനത്ത് റെയില്‍വേ വകുപ്പിന്‍െറ ചുമതലയുള്ള ആര്യാടന്‍ മുഹമ്മദും എറണാകുളത്തെ പാര്‍ലമെന്‍റില്‍ പ്രതിനിധാനംചെയ്യുന്ന കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസും ചേര്‍ന്നാണ് കൊച്ചി മെട്രോയുടെ കാര്യങ്ങള്‍ നീക്കിയത്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്‍െറ കാലത്ത് ശ്രീധരനെ മുന്നില്‍നിര്‍ത്തി ചെയ്ത നടപടിക്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു ഭരണത്തിലേറിയ ഉടന്‍ ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ചെയ്തിരുന്നത്.  ഇ. ശ്രീധരന്‍ കൊച്ചി മെട്രോയുടെ തലപ്പത്തുവരുമെന്നും കൊച്ചിയിലെ നിര്‍മാണ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുമെന്നും കേരള സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരുന്നു. ന്യൂദല്‍ഹിയില്‍ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയ കേരള വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസുമാണ് പരസ്യപ്രഖ്യാപനം നടത്തിയത്. നിരവധി രാജ്യങ്ങളുടെയും വിവിധ സംസ്ഥാനങ്ങളുടെയും ശക്തമായ സമ്മര്‍ദം അതിജീവിച്ചാണ് റിട്ടയര്‍മെന്‍റിനുശേഷം സ്വന്തം നാടിന്‍െറ സ്വപ്നപദ്ധതി സ്വന്തംപദ്ധതിയെന്ന നിലയില്‍ അഭിമാനമായി ഏറ്റെടുത്തത്. എന്നാല്‍, ഒൗദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുന്നതിന്‍െറ തലേന്ന് ഈ പദ്ധതിയുടെ ഓഫിസ് അടച്ചുപൂട്ടി പടിയിറങ്ങേണ്ടിവരുന്ന സാഹചര്യമൊരുക്കുകയായിരുന്നു കേരള സര്‍ക്കാര്‍.

മാധ്യമം
 
Share


Blogger templates

.

ജാലകം

.