ഈ ദുരന്തം ഇന്ത്യയുടെ ഹൃദയം തകര്‍ക്കുന്നു

‘‘വെള്ളിയാഴ്ച രാവിലെ ഇന്ത്യ മുഴുവന്‍ പേടിച്ച ദുരന്തം’’ നടന്നതായി (മാതൃഭൂമി) പത്രങ്ങള്‍. നവംബര്‍ 26 ശനിയാഴ്ചത്തെ പത്രങ്ങള്‍ മുന്‍പേജില്‍ മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള ഭീതി പങ്കുവെച്ചിരുന്നു. നല്ല നീരൊഴുക്കില്‍ നിറഞ്ഞുകവിഞ്ഞ അണക്കെട്ട്. അവിടവിടെ ചോര്‍ച്ച. കാലാവധി എന്നോ കഴിഞ്ഞ അണക്കെട്ട് സുരക്ഷിതമല്ളെന്ന് വിദഗ്ധ നിരീക്ഷണം. പോരെങ്കില്‍ ഭൂചലനവും. ജനങ്ങള്‍ ഭീതിയിലായിരിക്കെ ‘‘ഇന്ത്യ മുഴുവന്‍ പേടിച്ച ദുരന്തം’’ ഏതായാലും അതല്ളെന്ന് ഉറപ്പിക്കാന്‍ പ്രയാസപ്പെട്ടില്ല. കാരണം ഈ ‘‘ദുരന്തം’’ സ്പോര്‍ട്സ് പേജിലാണ്.
ക്രിക്കറ്റില്‍ ഒരു റെക്കോഡ്കൂടി സൃഷ്ടിക്കാന്‍ സചിന്‍ ടെണ്ടുല്‍കര്‍ക്ക് കഴിയാതെ പോയതാണത്രെ മഹാദുരന്തം.
കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞത് രണ്ടു വലിയ വിഷയങ്ങള്‍: ചില്ലറ വ്യാപാര രംഗത്ത് ബഹുബ്രാന്‍ഡുകള്‍ക്ക് 51 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സന്ദിഗ്ധാവസ്ഥ.
ജനങ്ങളെ നേരിട്ടുബാധിക്കുന്ന ഇത് രണ്ടും ഒരുവേള പെട്ടെന്നൊരു ദിവസം അപ്രധാനമായിപ്പോകുമായിരുന്നു- സചിനെങ്ങാനും നാലു റണ്‍ കൂടി എടുത്തിരുന്നെങ്കില്‍ നവംബര്‍ 26ലെ പത്രങ്ങള്‍ ചില്ലറ വ്യാപാരത്തെയും മുല്ലപ്പെരിയാറിനെയും ചെറുതാക്കിക്കളയുമായിരുന്നില്ളേ?
നൂറാം സെഞ്ച്വറി തികക്കാന്‍ സചിന് സാധിക്കാതിരുന്നതുപോലും ഒന്നാം പേജില്‍ ‘ചില്ലറ വ്യാപാരം’ റിപ്പോര്‍ട്ടിനോടു മത്സരിച്ച് നില്‍പുണ്ടായിരുന്നു മലയാള മനോരമയില്‍.
ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആവാമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ മിക്ക സംസ്ഥാനങ്ങളിലും വന്‍ പ്രക്ഷോഭം. കേരളത്തില്‍ കടയടപ്പുസമരത്തിന് തീരുമാനം. പാര്‍ലമെന്‍റില്‍ ‘‘പ്രതിഷേധക്കൊടുങ്കാറ്റ്’’. ഇതെല്ലാമാണ് 26ലെ പത്രങ്ങളുടെ മുഖ്യവാര്‍ത്ത. എന്നാല്‍, ‘‘ഹൃദയഭേദകം’’ (വീക്ഷണം), ‘‘ഹൃദയം തകര്‍ത്ത’’ (കേരള കൗമുദി), ‘‘ഇന്ത്യയുടെ വേദന’’ (ദീപിക) എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ചില്ലറ വ്യാപാര പ്രശ്നത്തിനോ മുല്ലപ്പെരിയാര്‍ ഭീഷണിക്കോ അല്ല ചാര്‍ത്തിക്കൊടുത്തത്. അതെല്ലാം ക്രിക്കറ്റിനും സചിനും കിട്ടാതെപോയ നൂറാം ശതകത്തിനും മാത്രമായി കരുതിവെച്ചു.
ഒരു കാര്യം സമ്മതിക്കണം. ക്രിക്കറ്റ് റിപ്പോര്‍ട്ടിങ് പൊതുവെ ശ്രദ്ധേയമായിരുന്നു. സചിന് ശതകം നഷ്ടമായതും അശ്വിന് ആദ്യമായി ശതകം കിട്ടിയതും വെച്ച് തലക്കെട്ടുമുതല്‍തന്നെ പത്രങ്ങള്‍ ആവേശം ഉള്‍ക്കൊണ്ടു. ‘‘സച്ചിനല്ല, അശ്വിന്‍’’ (ദേശാഭിമാനി), ‘‘ഹൃദയഭേദകം സച്ചിന്‍, ഹൃദ്യമായി അശ്വിന്‍’’ (വീക്ഷണം), ‘‘ആ നൂറില്ല, വേറൊരു നൂറ്’’ (സിറാജ്), ‘‘സചിന് വെച്ചത് അശ്വിന്’’ (മാധ്യമം, മാതൃഭൂമി), ‘‘നൂറിന്‍െറ തീരം അകലെ’’ (മനോരമ), ‘‘ഇന്ത്യയുടെ വേദനയില്‍ അശ്വിന്‍െറ ലേപനം’’ (ദീപിക), ‘‘ആറ് ചതിച്ചു, നൂറു കടന്നില്ല’’ (മംഗളം), ‘‘സചിന്‍െറ നഷ്ടവും അശ്വിന്‍െറ നേട്ടവും; ആ ആറില്‍ മുങ്ങിത്താണത് നൂറിലെ നൂറ്’’ (കൗമുദി).
കളിറിപ്പോര്‍ട്ടുകളില്‍ വായനക്കാരന് അറിയേണ്ട സകല വിശദാംശങ്ങളുമുണ്ട്. ജനതയുടെ ജീവിതം തകര്‍ക്കാന്‍ പോന്നതെന്ന് മാധ്യമങ്ങള്‍തന്നെ പറഞ്ഞ ചില്ലറ വ്യാപാര പ്രശ്നത്തില്‍ അത്ര സമഗ്രത റിപ്പോര്‍ട്ടുകള്‍ക്കില്ല.
മാത്രമല്ല, ജനങ്ങളുടെ യഥാര്‍ഥ സങ്കടമാണ് ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപം; വ്യാപകമായ ജനരോഷത്തെപ്പറ്റി പത്രങ്ങള്‍ പറയുന്നുണ്ടല്ളോ. കേരള ജനതയുടെ യഥാര്‍ഥ ആശങ്ക മുല്ലപ്പെരിയാറിന്‍െറ സുരക്ഷിതത്വമാണ് -പ്രത്യേകിച്ച്, അപ്രതീക്ഷിതമായി മഴ പെയ്ത് അണക്കെട്ട് പരിധിവിട്ട് നിറയുന്നുവെന്ന് വന്നപ്പോള്‍.
പക്ഷേ, സചിന്‍െറ ശതകനഷ്ടമത്രെ വലിയ ദുരന്തം. ‘‘മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ ഇടപെടാനാവില്ളെന്നു’’ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞത് ‘‘കേരളത്തെ ആശങ്കയിലാഴ്ത്തി’’; അതേസമയം, ‘‘ആറു റണ്‍ അകലെ സച്ചിന്‍ പുറത്തായപ്പോള്‍’’ വാംഖഡെ സ്റ്റേഡിയം മാത്രമല്ല ‘‘രാജ്യമൊട്ടാകെ നിരാശയിലമര്‍ന്നു’’ (മംഗളം). ‘‘...138 കിലോമീറ്റര്‍ വേഗത്തില്‍ രവി രാംപോളിന്‍െറ കൈകളില്‍നിന്ന് ബാറ്റിങ് എന്‍ഡിലേക്കെത്തിയ പന്ത് 130 കോടി പ്രതീക്ഷകളുടെ ബെയ്ല്‍ അടര്‍ത്തിമാറ്റി’’ (മാധ്യമം).
ഇവിടംകൊണ്ടും മതിയാക്കുന്നില്ല. കൗമുദി റിപ്പോര്‍ട്ടില്‍നിന്ന്: ‘‘ഇന്ത്യന്‍ ക്രിക്കറ്റ് ദൈവത്തിനുവേണ്ടിയുള്ള ശതകോടി പ്രാര്‍ത്ഥനകള്‍ ഒരിക്കല്‍കൂടി യഥാര്‍ത്ഥ ദൈവം തള്ളിക്കളഞ്ഞപ്പോള്‍ രാജ്യം മുഴുവനുമാണ് സങ്കടപ്പെട്ടത്.’’ കളിദൈവത്തെ ജയിക്കാന്‍ വിടാത്ത യഥാര്‍ഥ ദൈവം എത്ര വലിയ വില്ലന്‍!
അല്ല, ഈ ദുരന്തനാടകത്തില്‍ വില്ലന്‍ വേറെയുമുണ്ട്. ദീപിക പറയട്ടെ: ‘‘ക്രിക്കറ്റ് ചരിത്രത്തില്‍ നിരവധി വീരഗാഥകള്‍ രചിച്ച നായകനെതിരേ വില്ലനായി അവതരിക്കുകയായിരുന്നു...രാംപോള്‍ എന്ന ഇന്ത്യന്‍ വംശജനായ വിന്‍ഡീസുകാരന്‍.’’
ഇന്ത്യന്‍ വംശജന്‍ ഇന്ത്യയെ ചതിച്ചു എന്നൊരു ധ്വനി ഇതിലുണ്ടോ? നന്നായി കളിച്ചയാള്‍ ജയിക്കട്ടെ എന്ന സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇല്ലാതാകുന്നിടത്ത് ‘‘നായക’’നും ‘‘വില്ല’’നും ഉണ്ടാകുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തിലോ ചില്ലറ വില്‍പന പ്രശ്നത്തിലോ കാണേണ്ട വിശകലനക്ഷമതയും ആവേശവുമാണ് ക്രിക്കറ്റിലേക്ക് കുടിയിരുത്തപ്പെടുന്നത്. രാഷ്ട്രീയവിഷയങ്ങളില്‍ അരാഷ്ട്രീയത, കളിയില്‍ കാര്യം.
വാര്‍ത്താ അവതരണത്തിലെ ഈ വൈരുധ്യം നിലവിലെ റിപ്പോര്‍ട്ടിങ് സമ്പ്രദായത്തില്‍ ഒഴിവാക്കാനാവാത്തതാണുതാനും. കളിയെഴുത്തില്‍ അതിഭാവുകത്വം, രാഷ്ട്രീയത്തില്‍ തരംപോലെ അത്യുക്തിയും ന്യൂനോക്തിയും-ഇത് മാധ്യമങ്ങളുടെ സഹജശൈലിയാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മലയാള പത്രങ്ങളില്‍ പലതും വളരെ വിശദമായി വിവരം നല്‍കി എന്നതും എടുത്തുപറയണം. ഏതാനും പേജുകള്‍ മുല്ലപ്പെരിയാര്‍ വിവരങ്ങള്‍ക്ക് നീക്കിവെച്ച മനോരമ തന്നെ, സചിന് പ്രതീക്ഷ നിറവേറ്റാനാകാതെ പോയതിനെ ‘‘ഡാം പോലെ കെട്ടിനിര്‍ത്തിയ പ്രതീക്ഷകള്‍ തകര്‍ന്ന’’പോലെ എന്നാണ് വിശേഷിപ്പിച്ചത്.
സചിന്‍ ടെണ്ടുല്‍കര്‍ക്ക് നൂറു ശതകം തികക്കാന്‍ കഴിയാഞ്ഞത് മാനസിക സമ്മര്‍ദംമൂലമാണെന്ന് പത്രങ്ങള്‍ പറയുന്നു. ജനങ്ങളാകെ പ്രതീക്ഷയിലാണ് എന്ന് ഓരോ തവണയും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍തന്നെയാണ് ഈ പിരിമുറുക്കത്തിനും ഒരളവില്‍ കാരണം. അങ്ങനെ ആവാതെ പറ്റില്ലതാനും. മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രതീക്ഷകള്‍തന്നെയാണല്ളോ കളിയുടെയും കളിക്കാരുടെയും ഊര്‍ജത്തിന്‍െറ ഉറവിടം.
പക്ഷേ, കളിക്കിടയില്‍ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നം ചെറുതായിക്കൂടല്ളോ.

യുദ്ധമൊരുങ്ങുന്നു?
ഇറാഖിനോട് പയറ്റിയ തന്ത്രം അമേരിക്ക ഇറാനുനേരെയും പയറ്റിത്തുടങ്ങിയിരിക്കുന്നു. മാധ്യമങ്ങളുടെ സഹകരണത്തിലൂടെ പ്രചാരണം നടത്തി അന്തരീക്ഷമൊരുക്കിയശേഷം ഉപരോധം, ആക്രമണം-ഇതായിരുന്നു ഇറാഖിനെ കീഴ്പ്പെടുത്താന്‍ ഉപയോഗിച്ച രീതി. ആണവായുധം നിര്‍മിക്കുന്നു എന്നാണ് ഇറാനെതിരായ, തെളിവില്ലാത്ത ആരോപണം.
ഇറാന്‍ ആണവോര്‍ജശാലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം, ആണവ നിര്‍വ്യാപനക്കരാര്‍ ഒപ്പിട്ടിട്ടുമുണ്ട്. എന്നാല്‍, 1980കള്‍ മുതല്‍ തരംപോലെ ഇറാനെതിരെ ആരോപണങ്ങളുമായി യൂറോപ്യന്‍, യു.എസ്, ഇസ്രായേലി ഭരണകൂടങ്ങള്‍ മുന്നോട്ടുവന്നപ്പോഴൊക്കെ മാധ്യമങ്ങളും ഒപ്പം നിന്നുകൊടുത്തിട്ടുണ്ട്.
ഇറാന്‍െറ ആണവബോംബ് നിര്‍മാണം അന്തിമഘട്ടത്തിലെത്തിയെന്ന് പശ്ചിമ ജര്‍മനി അറിയിച്ചത് 1984ലാണ്. 1992 ആയപ്പോഴും ബോംബില്ല. അന്ന് ഇസ്രായേല്‍ എം.പി ബെന്യമിന്‍ നെതന്യാഹു പറഞ്ഞത് 3-5 വര്‍ഷങ്ങള്‍ക്കകം ഇറാന്‍ ആണവായുധം ഉണ്ടാക്കുമെന്നാണ്. 1999ഓടെ അത് നടക്കുമെന്ന് ഇസ്രായേല്‍ വിദേശമന്ത്രി ഷിമോണ്‍ പെരസ് പറഞ്ഞത് ഫ്രഞ്ച് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
അഞ്ചു വര്‍ഷത്തിനകം ഇറാന്‍െറ അണുബോംബ് ഉറപ്പെന്ന് 1995ല്‍ ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 1998ല്‍ ടൈംസ് ഇത് ആവര്‍ത്തിച്ചു.
ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ കൂടക്കൂടെ നടന്നുകൊണ്ടിരുന്നു. അതിനിടെ, ഇറാഖിനെ നശിപ്പിക്കാനും ഇതുപോലുള്ള വ്യാജങ്ങള്‍ ഉപയോഗപ്പെടുത്തി. ഇപ്പോള്‍ വീണ്ടും ഇറാനെതിരെ തിരിഞ്ഞിരിക്കുന്നു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ)യുടെ ഒരു റിപ്പോര്‍ട്ടാണ് ഇറാനെതിരായ ഏറ്റവും പുതിയ ആയുധം.
റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: ഇറാന് ആണവായുധ നിര്‍മാണ പരിപാടി ഇല്ളെന്ന് ഖണ്ഡിതമായ തെളിവു കിട്ടിയിട്ടില്ല. അതുകൊണ്ട്, ഇറാന്‍െറ ആണവപരിപാടി മുഴുവന്‍ സമാധാനപരമാണെന്ന് പറയാന്‍ കഴിയില്ല.
ഇറാഖില്‍ കൂട്ട നശീകരണായുധമുണ്ടെന്ന പഴയ കള്ളത്തെ അനുസ്മരിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് അമേരിക്കക്കുവേണ്ടി തയാര്‍ ചെയ്തതാണെന്ന് നിരീക്ഷകര്‍ പറയുന്നു. റിപ്പോര്‍ട്ട് തയാറാക്കിയ ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ യുകിയാ അമാനോ അമേരിക്കന്‍ പക്ഷപാതിയാണെന്നു വരുമോ?
അതെയെന്ന് ഗാര്‍ഡിയന്‍ പത്രത്തിലെ നയതന്ത്ര ലേഖകന്‍ ജൂലിയന്‍ ബോര്‍ഗര്‍ പറയുന്നു. ഇതിന് തെളിവായി അദ്ദേഹം എടുത്തുകാട്ടുന്നത് യു.എസ് ഒൗദ്യോഗിക രേഖകള്‍തന്നെ.
2010ല്‍ വിക്കിലീക്സ് പുറത്തുവിട്ട രഹസ്യരേഖകളില്‍ യു.എസ് വിദേശകാര്യവകുപ്പുദ്യോഗസ്ഥരുമായി യുകിയാ അമാനോ നടത്തിയ കൂടിയാലോചനകളുണ്ട്. തന്‍െറ നിലപാടുകള്‍ അദ്ദേഹം അമേരിക്കയെ ബോധ്യപ്പെടുത്തുന്നുണ്ട്. തന്ത്രപ്രധാനമായ ഏതു വിഷയത്തിലും -‘‘ഉന്നതോദ്യോഗസ്ഥരെ നിയമിക്കുന്നതുമുതല്‍ ഇറാന്‍െറ ആരോപിത ആണവായുധ പരിപാടിയെ കൈകാര്യം ചെയ്യുന്ന രീതിവരെ’’-താന്‍ തീര്‍ത്തും അമേരിക്കയുമായി യോജിപ്പിലാണെന്ന് അദ്ദേഹം പറയുന്നു.
ഐ.എ.ഇ.എയുടെ പുതിയ മേധാവിയായി തെരഞ്ഞെടുക്കപ്പെടുന്നതിനും (2010 നവംബര്‍ 30) ഒരു വര്‍ഷം മുമ്പായിരുന്നു (2009 ഒക്ടോബര്‍) അമാനോയുടെ ഈ കൂറുപ്രഖ്യാപനം.
ഇറാനെതിരെ തെളിവില്ളെങ്കിലും പ്രതികൂല റിപ്പോര്‍ട്ട് അദ്ദേഹമെഴുതിയത്, അമേരിക്കയും മറ്റും ഇറാനെ ഉന്നമിട്ട സമയത്താണ്. പക്ഷേ, ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ അമാനോക്കെതിരെ ചെറിയ സൂചനപോലും നല്‍കാതെ അദ്ദേഹത്തെ പൂര്‍ണമായി വിശ്വസിച്ചാണ് ബി.ബി.സി വാര്‍ത്തകൊടുത്തത്.
‘‘റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അങ്ങേയറ്റം വിശ്വസനീയമാണ്’’ എന്ന് ഐ.എ.ഇ.എയെ ഉദ്ധരിച്ച് ബി.ബി.സിയുടെ ഇറാന്‍ ലേഖകന്‍ ജെയിംസ് റെയ്നോള്‍ഡ് വിശകലനക്കുറിപ്പെഴുതി.
റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന്‍െറ 11 ദിവസം മുമ്പ് അമാനോ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് വരാന്‍പോകുന്ന റിപ്പോര്‍ട്ടിനെപ്പറ്റി സംസാരിക്കുക വരെ ചെയ്തതായി ന്യൂയോര്‍ക് ടൈംസ് ഈയിടെ റിപ്പോര്‍ട്ട് ചെയ്തു.
വിക്കിലീക്സ് വഴി ചോര്‍ന്ന ഒൗദ്യോഗിക വിവരങ്ങളും ടൈംസ് റിപ്പോര്‍ട്ടുമൊന്നും ബി.ബി.സി ലേഖകന്‍ കാണാഞ്ഞതെന്തേ എന്ന് അന്വേഷിച്ച ഗാര്‍ഡിയന്‍ ലേഖകന് അദ്ദേഹം മറുപടി നല്‍കി: നിങ്ങള്‍ പറഞ്ഞ കാര്യം ശ്രദ്ധിച്ചു; കാര്യം പ്രസക്തംതന്നെ എന്ന്. പക്ഷേ, അപ്പോഴും അക്കാര്യം പരസ്യപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
ബി.ബി.സി പോലുള്ളവ നേരുപറയാതിരിക്കുമ്പോള്‍ കരുതി ഇരിക്കണം-ഒരു യുദ്ധംകൂടി ഒരുങ്ങിവരുന്നുണ്ടാവാം.

പത്രപ്രവര്‍ത്തകരിലും ഗ്രൂപ്പ്
മുണ്ടൂരില്‍നിന്ന് ടി.എല്‍. ലിയാ ട്രീസ അയച്ച കത്ത്:
‘‘മാതൃഭൂമി ദിനപത്രം (നവം: 21) പാലക്കാട് എഡിഷനില്‍ പേജ് അഞ്ചില്‍ ഇങ്ങനെയൊരു വാര്‍ത്തയുണ്ട്: ‘നീലേശ്വരം ഏരിയാ കമ്മിറ്റി വി.എസ് പക്ഷത്തിനൊപ്പം’. മലയാള മനോരമ (നവം: 21) പാലക്കാട് എഡിഷനില്‍ പേജ് 9ല്‍ അതേ വാര്‍ത്തയുടെ തലക്കെട്ട് ‘നീലേശ്വരം ഏരിയാ കമ്മിറ്റി പിണറായി പക്ഷത്തിന്’ എന്നാണ്. നിജസ്ഥിതി അറിയാന്‍  പിണറായി വിജയനോടോ വി.എസ്. അച്യുതാനന്ദനോടോ ചോദിക്കേണ്ടിവരും. വിഭാഗീയത സി.പി.എം പ്രവര്‍ത്തകരില്‍ മാത്രമല്ല ഉള്ളത്. കേരളത്തിലെ പത്രപ്രവര്‍ത്തകരിലുമുണ്ടെന്നാണ് മേല്‍പറഞ്ഞ വാര്‍ത്ത ചൂണ്ടിക്കാട്ടുന്നത്.’’
ഡിസംബര്‍ ഒന്നിന് പല മലയാള പത്രങ്ങളും കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ പരസ്യം ജാക്കറ്റാക്കിയാണ് ഇറങ്ങിയത്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് മൂവാറ്റുപുഴയില്‍നിന്ന് പി.എം. ഷുക്കൂര്‍. കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങള്‍ മുല്ലപ്പെരിയാറിനെച്ചൊല്ലി ഭീതിയില്‍ കഴിയുമ്പോള്‍ ഇതെല്ലാമറിയുന്ന പത്രങ്ങള്‍ക്ക് ആഘോഷിക്കാന്‍ കഴിയുന്നതെങ്ങനെ എന്നാണ് അദ്ദേഹത്തിന്‍െറ ചോദ്യം.
 
യാസീന്‍ അശ്റഫ്


Share


Blogger templates

.

ജാലകം

.