ഹോസ്പിറ്റല്‍ കോര്‍പ്പറേറ്റുകളുടെ ‘കൊലവെറി(’അമ്മയുടെയും)

ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’


ക്രോധം അടക്കാനുള്ള പ്രഭാഷണങ്ങളാണ് നമ്മുടെ കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങള്‍ എപ്പോഴും ‘മക്കള്‍ക്ക്’ നല്‍കാറുള്ളത്. ക്രോധത്തെ സ്നേഹംകൊണ്ട് അടക്കി, ഘട്ടം ഘട്ടമായി ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച,് അവസാനം കുണ്ഡലിനിയെ  ഉണര്‍ത്തി പരമാനന്ദത്തിലെത്തുന്ന ‘സാങ്കേതികവിദ്യകള്‍’ ഇന്ന് വിവിധ പാക്കേജുകളായി  വിപണിയില്‍ കിട്ടും. എന്നാല്‍ അവനവന്‍െറ നേര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലോ, ഈ മര്‍മാണി വിദ്യകളൊന്നുമില്ല. ‘മക്കളുടെ’ കുണ്ഡലിനി ഉണര്‍ത്തേണ്ട സ്വാമിമാര്‍, മുട്ടിന്‍െറ ചിരട്ടതല്ലിത്തകര്‍ക്കും.
ഉത്തരേന്ത്യന്‍ നഗരങ്ങളെ വെല്ലുന്ന ഗുണ്ടായിസമാണ്  കൊച്ചി ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ ചില സ്വാമിമാര്‍ അടിമപ്പണിക്കെതിരെ പ്രതിഷേധിച്ച നഴ്സുമാരോട് കാണിച്ചത്. സമരം പുറത്ത് നടക്കുന്നതിനിടെ സ്വാമി വേഷ ധാരികള്‍ പിടിച്ചു കൊണ്ടുപോയ ആലുവ അശോകപുരം സ്വദേശിയും ആശുപത്രിയിലെ നഴ്സുമായ ലിഷു മൈക്കിളിനെ ഒരു പകല്‍ മുഴുവനും സ്റ്റോര്‍ റൂമില്‍ അടച്ചിട്ടു മര്‍ദ്ദിച്ചു. ഓരോ മണിക്കൂര്‍ ഇടവിട്ട് ഓരോ ഗുണ്ടകള്‍ കാവല്‍ നിന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും മര്‍ദനം.തല്ലിന്‍െറ കടുപ്പം കൂടിയപ്പോള്‍ ലിഷു രണ്ട് തവണ തല കറങ്ങി വീണു. ഗുണ്ടകള്‍ കഴുത്തിലെ സ്വര്‍ണ ചെയിന്‍ വലിച്ചു പൊട്ടിച്ചു. വാച്ച് തല്ലി തകര്‍ത്തു. കഴുത്തിലെ കൊന്ത മാല താഴെയിട്ട് ചവിട്ടിയരച്ചു. പാട് പുറത്തു കാണാതിരിക്കാന്‍ മുഖവും കൈകളും ഒഴിവാക്കിയായിരുന്നു മര്‍ദനം. ഈ മാസം എട്ടിന് രാത്രി പത്തരയോടെ കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ ലിഷുവിന് ബോധമുണ്ടായിരുന്നില്ല. മൂന്നു  ദിവസമാണ്  മൂത്ര  തടസ്സം അനുഭവപ്പെട്ടത്.ജീവന്‍ പോയാലും ഈ അതിക്രമത്തിനെതിരെ കേസുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ഈ 29കാരന്‍. അമൃതയില്‍ യൂനിയന്‍ രൂപവത്കരിച്ചതിന്‍െറപേരില്‍ പിരിച്ചുവിടപ്പെട്ട രണ്ട് നഴ്സുമാര്‍ക്കുവേണ്ടി ആശുപത്രി അധികൃതര്‍  അനുവദിച്ച സമയത്ത് അനുരഞ്ജന ചര്‍ച്ചക്കെത്തിയവരെ മര്‍ദിച്ചതാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചത്. ചര്‍ച്ചക്ക് വന്ന നാലു യുവാക്കളെ സ്നേഹപൂര്‍വം ഓഫിസിലേക്ക് വിളിപ്പിക്കുകയും മുറിയിലേക്ക് കടക്കുംമുമ്പ് സ്വാമി വേഷധാരികള്‍ അടക്കമുള്ള ഇരുപതിലധികം പേര്‍ ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ, സെക്രട്ടറി സുദീപ് കൃഷ്ണന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി ശിഹാബ്, വൈസ് പ്രസിഡന്‍റ് ദിപു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.തളര്‍ന്ന് അവശരായ നാലുപേരെയും ആശുപത്രിയിലെ തന്നെ അത്യാഹിത വിഭാഗത്തില്‍ നിര്‍ബന്ധപൂര്‍വം പ്രവേശിപ്പിച്ചു. സഹപ്രവര്‍ത്തകരും യൂനിയന്‍ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും ഇവരെ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. വിഷയത്തില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ തൃപ്തികരമല്ലാത്ത ഒഴിവു കഴിവുകളാണ് അധികൃതര്‍ പത്ര-മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ദിപുവിന്‍െറ തുടയെല്ല് പൊട്ടി. തലയില്‍ ആഴത്തില്‍ മുറിവേറ്റു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുട്ട് ചിരട്ട തകര്‍ത്തു. ചിരട്ട നാലായി പിളര്‍ന്ന യുവാവ് ഇപ്പോള്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറുമാസം നിര്‍ബന്ധിത വിശ്രമമാണ് ഡോക്ടര്‍മാര്‍ ദിപുവിനു നിര്‍ദേശിച്ചിട്ടുള്ളത്.
 തുടര്‍ന്ന് അഞ്ഞൂറിലധികം നഴ്സിങ് ജീവനക്കാര്‍ കൊടുംവെയിലിനെ വകവെക്കാതെ ആശുപത്രിക്കുമുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി. ഏതു വിഷയവും ചര്‍ച്ചയാക്കുന്ന  പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങള്‍  ആശുപത്രി മാനേജ്മെന്‍റിന്‍െറ ‘പിടിപാടുകള്‍’  നിമിത്തം വാര്‍ത്ത നല്‍കുന്നതില്‍നിന്ന് വിട്ടുനിന്നുവെന്നതും ശ്രദ്ധേയമാണ്.
 പൊലീസുകാരും ഇവിടെ നോക്കുകുത്തികളായി. ആശുപത്രിയില്‍നിന്ന് യുവാക്കളെ വിട്ടു നല്‍കാന്‍ നടപടിയെടുക്കണമെന്ന് കെഞ്ചിക്കേണ്  അപേക്ഷിച്ചെങ്കിലും ഒന്നും ചെയ്യാനാകാതെ ആശുപത്രി പടിക്കല്‍ നിലയുറപ്പിക്കാനേ പൊലീസിന് കഴിഞ്ഞുള്ളൂ.


ഇതിനിടെ, കുത്തിയിരിപ്പ് സമരക്കാര്‍ക്ക് നേരെ മുഷ്ടി ചുരുട്ടിയെത്തിയ അമ്പതിലധികം പേര്‍ ആശുപത്രിയോട്  കൂറ് കാണിക്കാന്‍ സമരക്കാരെ പൊലീസിനു മുന്നിലിട്ട് മര്‍ദിച്ചു.  കുറ്റം മാത്രം പറയരുതല്ളോ; തല്ലി കൊതി തീര്‍ന്നപ്പോള്‍ അക്രമികളെ പൊലീസ് ഇടപെട്ടാണ്  പിരിച്ചു വിട്ടത്.
പക്ഷേ, സമരക്കാര്‍ വിട്ടില്ല.  രാത്രിയും ഇവര്‍ കുത്തിയിരിപ്പ് തുടര്‍ന്നു. പിറ്റേന്ന് രാവിലെ മുതല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി. സമരക്കാരെ പിരിച്ചുവിടാന്‍ ആംബുലന്‍സുകളും മറ്റു വാഹനങ്ങളും ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു.അത്യാസന്നനിലയില്‍ വരുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ നഴ്സുമാര്‍ തടസ്സം നില്‍ക്കുകയാണെന്ന് ആരോപിച്ച് വീണ്ടും ചില ജീവനക്കാര്‍ സമരക്കാരെ മര്‍ദിക്കാന്‍ ശ്രമിച്ചു. പൊലീസിനെ കണ്ടതോടെ ’അത്യാഹിതമായി’ വന്ന രോഗി സ്ട്രെച്ചറില്‍ നിന്ന് എഴുന്നേറ്റോടിയതോടെ  ആ നാടകവും അവസാനിച്ചു. രണ്ടാം ദിവസമാണ് ലിഷുവിന് മര്‍ദനമേല്‍ക്കുന്നത്. കേസില്‍ അമൃത അന്തേവാസികളായ നാലു സ്വാമിമാര്‍ അറസ്റ്റിലായി. അനില്‍, ബിജു, ദിനേശ് കുമാര്‍, പ്രദീപ്  എന്നിവരുടെ പേരുകള്‍ പൊലീസ് സ്ഥിരീകരിച്ചു. സമരത്തിലുള്ള പെണ്‍കുട്ടികളുടെ ഫോട്ടോയെടുത്ത കേസില്‍ വേണുഗോപാലന്‍ എന്ന സ്വാമിയും അറസ്റ്റിലായി. സമരത്തിന് വിവിധ രാഷ്ട്രീയ കക്ഷികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും പിന്തുണ ഏറിയതോടെ ആശുപത്രി അധികൃതര്‍ പതുക്കെ മുട്ടുകുത്തുകയായിരുന്നു.
താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും  സമരക്കാരെ കൂട്ടമായി പിരിച്ചുവിട്ടുകൊണ്ട് മാനേജ്മെന്‍റിന്‍െറ പ്രതികാര നടപടികള്‍ ഇപ്പോഴും തുടരുകയാണ്.
അമൃതയിലേത് ഒറ്റപ്പെട്ട അവസ്ഥയല്ല. പള്ളിനടത്തുന്ന ആശുപത്രിയായാലും പാര്‍ട്ടിനടത്തുന്നതായായും  നഴ്സുമാരുടെ കാര്യം വരുമ്പോള്‍ കോരന് കഞ്ഞി കുമ്പിളില്‍തന്നെ.



Blogger templates

.

ജാലകം

.