തലസ്ഥാനത്തെ ഗണേശോത്സവം


തലസ്ഥാനത്തെ സിനിമാകൊട്ടകകളില്‍ ഗണപതിഹോമം നടത്താത്തതുകൊണ്ടാകണം, ഗണേശന്റെ പരാക്രമങ്ങള്‍ അടങ്ങുന്നില്ല. ഗണേശന്‍ വിഘ്നേശ്വരനാണ്. വേണ്ടപോലെ ചെന്ന് കണ്ട് വണങ്ങിയാല്‍ സകലമാന വിഘ്നങ്ങളും അകറ്റും; പ്രസാദം വാരിക്കോരി നല്‍കും. അതല്ലെങ്കില്‍ പെട്ടെന്ന് കോപിച്ചുകളയും. കോപം വന്നാല്‍ നാവ് തുമ്പിക്കൈപോലെ നീണ്ട് വരികയും അത് അശ്ലീലഭാഷയില്‍ ചുഴറ്റുകയുംചെയ്യും. സ്വഭാവം ആദിമധ്യാന്തം ഇങ്ങനെയായതുകൊണ്ട് ചുറ്റുമുള്ളവര്‍ അറിഞ്ഞ് പെരുമാറുകയേ തരമുള്ളൂ. ആദിയിലെ ഗണേശനെ പാര്‍വതി കളിമണ്ണുകൊണ്ടാണുണ്ടാക്കിയതത്രെ. കാലാന്തരത്തില്‍ പുറത്ത് കളിമണ്ണൊന്നും കാണാനില്ല. അഭിനവ ഗണേശന് നാലു കൈയില്ല; ആനത്തലയില്ല. എലിക്ക് പകരം വാഹനങ്ങള്‍ സ്റ്റേറ്റ് ബോര്‍ഡ് വച്ച് അഞ്ചെണ്ണമുണ്ട്. എലിക്കാണെങ്കില്‍ വല്ല കപ്പയോ പഴമോ കൊടുത്താല്‍ മതി. സ്റ്റേറ്റ്കാറുകള്‍ക്ക് പെട്രോളും ഡീസലുമാണ് ഡയറ്റ്. എല്ലാംകൊണ്ടും ഗണേശരൂപം കാലത്തിനൊത്ത് മാറിയിരിക്കയാല്‍ , ഗണപതിഹോമവും പരിഷ്കരിച്ച് നടത്തേണ്ടതുതന്നെ. അത് അന്വേഷിച്ചുപിടിച്ച് വേണ്ടപോലെ നടത്തുന്നവര്‍ എട്ടുവീട്ടില്‍ പിള്ളമാര്‍കണക്കെ ഭരണം കൈയാളുന്നുണ്ട്. സിനിമാക്കാരുടെ ഉത്സവം തുടങ്ങിയപ്പോഴാണ് കുട്ടിപ്പിള്ളമാരുടെ കൂട്ട അരങ്ങേറ്റം ഉണ്ടായത്. കുറെ താടിക്കാരും സഞ്ചിക്കാരുമൊക്കെയായിരുന്നു സിനിമാക്കളിയുടെ ഉത്സവ നടത്തിപ്പുകാര്‍ . അവര്‍ക്ക് താടി വളര്‍ത്താന്‍ മാത്രമല്ല, ചലച്ചിത്രോത്സവം നടത്താനും അറിയാമെന്ന് അഞ്ചുകൊല്ലം തെളിയിച്ചു. നല്ല സിനിമ വന്നു, കാണാന്‍ വരുന്നവര്‍ക്ക് സൗകര്യങ്ങള്‍ വന്നു, നടത്തിപ്പിന് അന്തസ്സുവന്നു. ശബരിമലയ്ക്ക് പോകുമ്പോലെ വ്രതമെടുത്ത് സിനിമ കാണാന്‍ എത്തുന്നവരുടെ എണ്ണം കൂടിക്കൂടിവന്നു. വിഘ്നേശ്വരനാമധാരിയായ മന്ത്രി കര്‍മംകൊണ്ട് സിനിമാക്കാരനായതുകൊണ്ടും മന്ത്രിക്കു ചുറ്റുമുള്ള എട്ടരക്കൂട്ടത്തിന്റെ ഉപജീവനംതന്നെ സിനിമാക്കളിയായതുകൊണ്ടും ചൊവ്വേ നേരെ സംഗതി നടക്കുമെന്ന് അവര്‍ അബദ്ധത്തില്‍ കരുതിപ്പോവുകയുംചെയ്തു.

ഉത്സവപ്പറമ്പിലേക്ക് കയറുമ്പോള്‍ത്തന്നെ വിഘ്നമാണ്-വിഘ്നേശ്വര മന്ത്രിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡിന്റെ രൂപത്തില്‍ . ആ ഫ്ളക്സ് ബോര്‍ഡിനുമുന്നില്‍ നിന്ന് കഴിഞ്ഞ ദിവസം കേട്ടത് "പാരകയറ്റാനറിയാമല്ലോ, പാസ് കൊടുക്കാന്‍ അറിയേണ്ടേ" എന്ന മുദ്രാവാക്യമാണ്. പണമടച്ച് രജിസ്റ്റര്‍ചെയ്ത് വന്നവര്‍ക്ക് പാസില്ല; പാസ് കിട്ടിയവര്‍ക്ക് അത് തൂക്കിയിടാന്‍ ചരടില്ല; ചരടുകിട്ടിയവര്‍ക്ക് പുസ്തകമില്ല; പുസ്തകം കിട്ടിയവര്‍ അതുനോക്കി സിനിമയ്ക്ക് പോയാല്‍ രക്ഷയുമില്ല. കൊറിയന്‍ സിനിമ കാണാന്‍ ചെന്നാല്‍ "ഭാര്‍ഗവീനിലയം" കണ്ട് തൃപ്തിപ്പെടേണ്ടിവരും. കുഴപ്പമില്ലാത്തത് ഒറ്റക്കാര്യത്തിനുമാത്രമാണ്-മന്ത്രിയുടെ എട്ടരക്കൂട്ടം എന്നും അണിഞ്ഞൊരുങ്ങി എത്തുന്നുണ്ട്. കാര്യങ്ങളാകെ നിയന്ത്രിക്കുന്നുമുണ്ട്. വന്നുവന്ന്, ഏതു സിനിമ കാണിക്കണമെന്ന് തെരഞ്ഞെടുക്കുന്നതുവരെ മന്ത്രിയാണ്. കാണാന്‍ മെച്ചപ്പെട്ട "ആദിമധ്യാന്ത"ത്തിന് വിലക്ക് വീണത് തിരുവുള്ളക്കേടുകൊണ്ടുതന്നെ. അടുത്ത വര്‍ഷംമുതല്‍ സിനിമാ പ്രിന്റുംകൊണ്ട് മന്ത്രിമന്ദിരത്തിലേക്ക് പോയാല്‍ മതിയാകും. അവിടെ ഹോമം നടത്തി ഭഗവാനെ പ്രസാദിപ്പിച്ചാല്‍ "കൃഷ്ണനും രാധയും" നേരെ ലോകസിനിമാ വിഭാഗത്തിലേക്ക് വച്ചുപിടിക്കും. ആക്ഷനും കട്ടും പറഞ്ഞ് ഇന്നലെവരെ പേടിപ്പിച്ചവര്‍ മുന്നില്‍വന്ന് ഓച്ഛാനിച്ച് നില്‍ക്കുമ്പോള്‍ നടികര്‍ തിലകം വിഘ്നേശ്വരന് ഒരു സുഖം. അതുകൊണ്ട് അര്‍ധരാത്രിയും തമ്പാനൂരില്‍ മഴ പെയ്യുന്നു എന്ന് തോന്നും. അപ്പോള്‍പ്പിന്നെ കുട പിടിക്കാതെ തരമില്ലല്ലോ.
 
ശതമന്യു

1 അഭിപ്രായ(ങ്ങള്‍):

  • അജ്ഞാതന്‍ says:
    2011, ഡിസംബർ 15 5:43 AM

    >>> അവിടെ ഹോമം നടത്തി ഭഗവാനെ പ്രസാദിപ്പിച്ചാല്‍ "കൃഷ്ണനും രാധയും" നേരെ ലോകസിനിമാ വിഭാഗത്തിലേക്ക് വച്ചുപിടിക്കും. <<<
    ഇതൊഴികെ മുകളില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ശരിയാണ്. സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്‍റെ സിനിമയും എന്തൊക്കെപ്പറഞ്ഞാലും ഈ മന്ത്രി പുംഗവന്‍ പ്രതിനിധാനം ചെയ്യുന്ന എട്ടരക്കൂട്ടത്തിനു പഥ്യമായിരുന്നില്ലെന്നോര്‍ക്കണം.

Blogger templates

.

ജാലകം

.