ഹോസ്പിറ്റല്‍ കോര്‍പ്പറേറ്റുകളുടെ ‘കൊലവെറി-2-ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’


തൊടുപുഴയിലെ പാവപ്പെട്ട കുടുംബത്തിന്‍െറ മുഴുവന്‍ പ്രതീക്ഷയുമായിരുന്നു ബീന ബേബി. പണിതീരാത്ത വീടടക്കം കുടുംബത്തിലെ കഷ്ടപ്പാടുകളുടെ വേദന മനസ്സിലൊതുക്കി മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നഴ്സായി ബീന ജോലിക്കു കയറുമ്പോള്‍ പതിവുപോലെ വാഗ്ദാനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. പ്രതിമാസം 10,000 രൂപയാണ് ശമ്പളമായി ഏജന്‍റ് മുഖേന പറഞ്ഞുറപ്പിച്ചത്. പക്ഷേ, ജോലി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അഞ്ചക്ക ശമ്പളം 5000-6000 രൂപയില്‍ ഒതുങ്ങുമെന്നു മനസ്സിലായത്. ഹോസ്റ്റല്‍ ഫീസും ഭക്ഷണച്ചെലവും കഴിയാന്‍തന്നെ പ്രയാസം.  അമിതജോലിഭാരത്തിന്‍െറ സമ്മര്‍ദംകൂടിയായപ്പോള്‍ എങ്ങനെയും തിരിച്ചുപോന്നാല്‍ മതിയെന്നായി. മാനേജ്മെന്‍റിനോടു സംസാരിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കിനല്‍കാന്‍ രണ്ടു ലക്ഷം രൂപയാണ് ചോദിച്ചത്. പലരും ഇടപെട്ടപ്പോള്‍ 50,000 രൂപ മതിയെന്നായി. സര്‍ട്ടിഫിക്കറ്റ് പിന്നെ വാങ്ങാം, തിരിച്ചുപോരൂ എന്നു വീട്ടുകാര്‍ പറഞ്ഞു. എങ്കിലും, വര്‍ഷങ്ങളുടെ ദുരിതം വില നല്‍കി നേടിയ സര്‍ട്ടിഫിക്കറ്റ് ഉപേക്ഷിച്ചുപോകാന്‍ മനസ്സുവന്നില്ല. ഇതില്‍ മനസ്സുരുകി കഴിയുമ്പോഴാണ് മറ്റാരുടെയോ പിഴവിന്‍െറ ഭാരം അധികൃതര്‍ ബീനയുടെ മേല്‍ കെട്ടിവെച്ചത്.  ആ പാവം  ഹൃദയത്തിനു താങ്ങാന്‍ കഴിയുന്നതായിരുന്നില്ല ഈ സമ്മര്‍ദം. അവള്‍ ആത്മഹത്യയില്‍ അഭയം തേടി. ആ ആത്മഹത്യ മുംബൈയില്‍ നഴ്സുമാരുടെ പ്രതിഷേധത്തിന്‍െറ കനല്‍ ആളിപ്പടര്‍ത്തി. തങ്ങളെ മനുഷ്യരെപ്പോലെ കാണാത്ത മാനേജ്മെന്‍റിന്‍െറയും ഉന്നതരുടെയും സമീപനമാണ് ജീവന്‍പോലും പണയപ്പെടുത്തി സമരരംഗത്തിറങ്ങാന്‍ പ്രേരണയായതെന്ന്  പ്രക്ഷോഭത്തില്‍ സജീവമായിരുന്ന നഴ്സുമാര്‍ പറയുന്നു.
കിട്ടാക്കനിയായി പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്
പലതരം ചൂഷണങ്ങളാണ് നഴ്സിങ് മേഖലയില്‍ നിലനില്‍ക്കുന്നത്. ബോണ്ട് സമ്പ്രദായമാണ് അതിന്‍െറ ആണിക്കല്ല്. ശരിക്കുപറഞ്ഞാല്‍ അടിമപ്പണി. ജോലിയില്‍ കയറുന്നവര്‍ നിശ്ചിതകാലത്തേക്ക് മറ്റെവിടേക്കും പണിക്കു പോവാന്‍ പാടില്ളെന്നതാണ് ഈ വ്യവസ്ഥ.  10+2+4 പഠനകാലത്തെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും പിടിച്ചുവെക്കുക എന്നാണ് ഇതിനര്‍ഥം. ബോണ്ട് കാലാവധിക്കു മുമ്പ് സ്ഥാപനം വിടണമെങ്കില്‍ ചുരുങ്ങിയത് അമ്പതിനായിരമോ ഒരു ലക്ഷമോ നല്‍കേണ്ടി വരും. ഈ തുക എങ്ങനെയും ഒപ്പിച്ചു നല്‍കിയാല്‍തന്നെ അര്‍ഹമായ പല അവകാശങ്ങളും ലഭിക്കുകയുമില്ല. വിദേശ ജോലി സാധ്യത അടക്കം പ്രഫഷനല്‍ അവസരങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്. ഇതു കിട്ടുന്നില്ളെങ്കില്‍ അടിമപ്പണിയുടെ ചൂഷണം സഹിച്ച് അനുഭവിച്ച ദുരിതങ്ങള്‍ക്ക് ഒരു വിലയുമില്ലാതായി എന്നു സാരം.
ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലും സുപ്രീംകോടതിയും  കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബോണ്ടിനു മാത്രമാണ് ഏതാണ്ട് അറുതിയായിരിക്കുന്നത്. മറ്റിടങ്ങളില്‍ പല രീതിയില്‍ പരോക്ഷമായി ഇത് തുടരുന്നു. ചിലയിടങ്ങളില്‍ ഭീഷണിപ്പെടുത്തിയാണ് അടിമവേല അടിച്ചേല്‍പിക്കുന്നതെങ്കില്‍ മറ്റിടങ്ങളില്‍ അനുനയത്തിന്‍െറ ഭാഷയാണ് പ്രയോഗിക്കുന്നത്. പഠനം ശരിയായി നടന്നില്ല, എങ്ങനെയോ ജയിച്ചു എന്നേയുള്ളൂ, ഈ രീതിയില്‍ പുറത്തേക്കുപോയാല്‍ സ്ഥാപനത്തിന്‍െറ പേരുകൂടി ചീത്തയാകും, എങ്ങനെയെങ്കിലും ഒരു വര്‍ഷംകൂടി നില്‍ക്കൂ എന്നും മറ്റും പറയുമ്പോള്‍ അതില്‍ വീണുപോകുന്നവര്‍ നിരവധിയാണ്. വിദേശ ജോലിക്കും രാജ്യത്തെ പ്രമുഖമായ സ്ഥാപനങ്ങളിലും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍, അങ്ങോട്ടു പണം നല്‍കി ജോലി ചെയ്യുന്നവരും ഒരുപാടുണ്ട്. ബോണ്ടിന്‍െറ പേരിലുള്ള പീഡനങ്ങള്‍ സ്ഥാപനങ്ങള്‍തോറും വ്യത്യസ്തമാണ്.  കാലാവധിക്കു മുമ്പ്  വിട്ടുപോകുന്നവരെ ചില സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പീഡിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ സര്‍ട്ടിഫിക്കറ്റ് തിരികെ കൊടുക്കുമെങ്കിലും കോഴ്സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ല.

തൊഴിലുറപ്പ് എത്ര ഭേദം
വലിയ വിദ്യാഭ്യാസയോഗ്യതയൊന്നും ആവശ്യമില്ലാത്ത വാച്ച്മാനും തൂപ്പുകാരനും വരെ അഞ്ചക്ക ശമ്പളം എളുപ്പമായ നാട്ടിലാണ് നഴ്സിങ് ബിരുദധാരികള്‍ അവരുടെ ഇരട്ടി സമയം ജോലി ചെയ്ത് നാലിലൊന്നു ശമ്പളം വാങ്ങുന്നത്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിയില്‍പോലും ഈ നഴ്സുമാരേക്കാള്‍ ഇരട്ടി വേതനമുണ്ട്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ എന്‍.ആര്‍.എച്ച്.എമ്മിനു കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ക്കുപോലും 7500 രൂപയാണ് പ്രതിമാസ വേതനം.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരില്‍ ഭൂരിപക്ഷവും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് നഴ്സിങ് പഠനം പൂര്‍ത്തിയാക്കുന്നത്. പഠനം തീരുന്ന മാസം മുതല്‍ ഈ വായ്പ ഇവര്‍ക്ക് തിരിച്ചടക്കേണ്ടതുണ്ട്. നാലും അഞ്ചും ലക്ഷം രൂപ വായ്പയെടുത്ത് നഴ്സിങ് പഠിച്ചിറങ്ങിയവര്‍ക്ക് ബാങ്കുകളില്‍ തിരിച്ചടക്കേണ്ടിവരുന്നത് 7000 രൂപയോളമാണ്. ജോലിയില്‍ കയറിയാല്‍ പ്രതിമാസം ശമ്പളമായി ലഭിക്കുന്നത് 2500 മുതല്‍ 3000 രൂപ വരെ മാത്രമാണ്. ഇതില്‍നിന്ന് താമസം-ഭക്ഷണം എന്നീ ഇനത്തില്‍ 50 ശതമാനം തുകവരെ ആശുപത്രി അധികൃതര്‍ തിരിച്ചുപിടിക്കും. പിന്നെ ലഭിക്കുന്നത് വെറും 750-1250 രൂപവരെയും. ദിവസം 16 മണിക്കൂര്‍ വരെ ജോലിചെയ്യുന്ന ഇവര്‍ക്ക് മിച്ചം പിടിക്കാന്‍ കഴിയുന്നത് പലപ്പോഴും 500 രൂപയില്‍ താഴെയും. മിനിമം വേതനം നടപ്പാക്കുമെന്നും നടപ്പാക്കിയെന്നും പറയുമ്പോഴും അത് വളരെ കുറച്ചുപേര്‍ക്ക് മാത്രമേ കിട്ടുന്നുള്ളൂവെന്നതാണ് യാഥാര്‍ഥ്യം.

പോരാട്ടം മിനിമം വേതനത്തിന്
മിനിമം വേതനം, ജോലിസമയം നിശ്ചിതപ്പെടുത്തല്‍, ശമ്പളത്തിന് രേഖ, നഴ്സുമാരുടെ വ്യക്തിത്വം അംഗീകരിക്കല്‍ എന്നിവയാണ് സംസ്ഥാനത്ത് ഇപ്പോള്‍ സമരരംഗത്തുള്ളവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.നിലവില്‍ പത്തു വര്‍ഷം സര്‍വീസുള്ള ഒരു നഴ്സിന്‍െറ മിനിമം അടിസ്ഥാന വേതനമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 5610 രൂപ മാത്രമാണ്. 20 വര്‍ഷത്തെ ഇടവേളക്കുശേഷം 2007ലാണ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ വേതനപരിഷ്കരണത്തിന് നടപടികളാരംഭിക്കുന്നത്. ഇതിനായി മിനിമം വേജസ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍,  കമ്മിറ്റിയിലെ ആശുപത്രി മാനേജ്മെന്‍റ്  പ്രതിനിധികള്‍ ഏതാണ്ട് എല്ലാവരും വേതനപരിഷ്കരണത്തെ എതിര്‍ത്തു. ഒരു തരത്തിലും തീരുമാനമുണ്ടാകില്ളെന്നുവന്നപ്പോള്‍ ഒരു സമവായം തല്ലിക്കൂട്ടിയെടുത്ത് , 2009 ഡിസംബറില്‍  വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇതില്‍ തന്നെ രണ്ട് മാനേജ്മെന്‍റ് പ്രതിനിധികള്‍ ഒപ്പുവെച്ചുമില്ല. കൂടാതെ, വിജ്ഞാപനത്തിനെതിരെ ഉടമകള്‍ കോടതിയില്‍ പോവുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു. പിന്നീട് അത് ഒഴിവാക്കി. എന്നാല്‍, സ്റ്റേ ഒഴിവാക്കിയെങ്കിലും സ്റ്റേ ഉണ്ടെന്ന മട്ടില്‍ ആശുപത്രി ജീവനക്കാര്‍ക്ക് മിനിമം വേതനം നിഷേധിക്കുകയാണെന്ന് അന്നത്തെ തൊഴില്‍മന്ത്രി പി.കെ. ഗുരുദാസന്‍ പറഞ്ഞിരുന്നു. അന്ന് നിശ്ചയിച്ച മിനിമം വേതനം കുറവാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിലെ വേതനഘടന, യോഗ്യത, സര്‍ക്കാറിന് ആശുപത്രികളില്‍ ഇടപെടാനുള്ള അധികാരം എന്നിവ നിര്‍ണയിക്കുന്ന ബില്‍ 1960ല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന്  ചുവപ്പുനാടയിലാണ്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നഴ്സുമാരുടെ സംഘടനയുടെ ആവശ്യം.

 റിപ്പോര്‍ട്ട്: സി.എ.എം കരീം, അജിത് ശ്രീനിവാസന്‍,  ബാബുചെറിയാന്‍, ബിനു.ഡി.രാജ, ജിഷ എലിസബത്ത്, വല്‍സന്‍ രാമംകുളത്ത്

Google+ Followers

Blogger templates

.

ജാലകം

.