കാഴ്ചയുടെ വസന്തവും ഓര്‍മകളുടെ പരിമളവും..ബാബു ഭരദ്വാജ്


ഒന്ന്
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലെപ്പോഴോ ഒരിക്കലാണത്. റിയാദ് നഗരം നാലുവശത്തെയും മരുഭൂമികളിലേക്ക് കൈനീട്ടിത്തൊടുന്ന കാലം. ഞാനും സംഘവും മരുഭൂമിയിലൊരിടത്ത് സിമന്‍റും കമ്പിയുമൊക്കെ സൂക്ഷിക്കാനുള്ള കൂറ്റന്‍ ഗോഡൗണുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ആ സ്ഥലം നഗരം വിഴുങ്ങിക്കാണും. മരുഭൂമിയുടെ വിഹ്വലവിശാലതകളില്‍ ഞങ്ങള്‍ക്ക് താമസിക്കാനുള്ള താല്‍ക്കാലിക ഷെഡുകളും ചക്രങ്ങളില്‍ സ്ഥാപിച്ച അല്‍പം പകിട്ടുകൂടിയ ട്രെയിന്‍ കമ്പാര്‍ട്മെന്‍റുപോലുള്ള വീടുകളും ഒരു അങ്കലാപ്പുപോലെയും ആവശ്യമില്ലാത്തിടങ്ങളില്‍ ഇടിച്ചുകയറിയവന്‍െറ വകതിരിവില്ലായ്മപോലെയും നിലകൊണ്ടു. പകലുകള്‍ക്ക് വല്ലാത്ത ഉഷ്ണമായിരുന്നു, രാത്രികള്‍ക്ക് വല്ലാത്ത കുളിരും. ഒരു കാക്കക്കാലിന്‍െറ തണലുപോലുമില്ലാത്ത അവിടെ എങ്ങനെ കഴിഞ്ഞുകൂടും എന്ന ഒരു അമ്പരപ്പ് ആദ്യമുണ്ടായിരുന്നു. വിജനമായ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടവന്‍െറ ദൈന്യം. എന്നാല്‍, മനുഷ്യര്‍ ഒത്തുവസിക്കുമ്പോള്‍ എല്ലാ നരകങ്ങളും നാകങ്ങളാവുന്നു. ഓര്‍ക്കാനും വിലപിക്കാനും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ അകത്തെ മാനവികലോകവും തീര്‍ത്താല്‍ തീരാത്തത്ര പണിയുണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ കര്‍മലോകവും സമ്പന്നമായിരുന്നു. എല്ലാ പണികളും തീര്‍ന്ന് രാവേറെ ചെല്ലുന്നതുവരെ ഞങ്ങള്‍ക്ക് ചൊല്ലിയാടാന്‍ ഒരുപാട് മനുഷ്യക്കഥകള്‍ ഞങ്ങള്‍ അകത്തുനിന്നും പുറത്തുനിന്നും മിനഞ്ഞെടുത്തു. ‘‘കഥയമമ കഥയമമ കഥകളതിസാദരം’’ എന്നോ ‘‘അതിസാഗരമേ’’ എന്നൊക്കെ തോന്നിപ്പിക്കുന്ന ഒരുപാട് കഥകള്‍ പറഞ്ഞും കേട്ടും ഞങ്ങളിരുന്നു. വചനങ്ങള്‍ക്കപ്പുറത്ത് ഞങ്ങള്‍ക്കാകെയുണ്ടായിരുന്നത് ‘ഉള്‍ക്കാഴ്ച’കളായിരുന്നു- കാഴ്ചയുടെ മനക്കണക്കുകള്‍ മാത്രം. രാവേറെ ചെന്നാല്‍ എല്ലാ തൊഴിലാളികളും ഉറങ്ങിക്കഴിഞ്ഞാല്‍ ഞാനെന്‍െറ ചെറിയ ട്രാന്‍സിസ്റ്റര്‍ ടെലിവിഷന്‍ തുറക്കും. ചുവന്ന നിറത്തില്‍ മിഠായിപ്പെട്ടിപോലുള്ള ഒരു ടെലിവിഷന്‍. ആനക്കൊഞ്ചന്‍െറ മീശക്കാലുകള്‍പോലെയുള്ള ആന്‍റിനകള്‍ നാലുപാടേക്കും നിവര്‍ത്തിവെക്കും. അതില്‍ കലങ്ങിത്തെളിഞ്ഞ കറുപ്പും വെളുപ്പും ചിത്രങ്ങള്‍ നിറയും. ചിത്രത്തിന്‍െറ അരികുകള്‍ക്കും മൂലകള്‍ക്കും വല്ലാത്ത വലിച്ചിലുണ്ടാവും. ചിത്രങ്ങളെ നാലു ഭാഗത്തുനിന്നും ആരോ പിടിച്ചുവലിക്കുന്നതുപോലെ. ഒരാള്‍ക്ക് അതിന്‍െറ മുന്നില്‍ മുഷിഞ്ഞിരുന്നാല്‍ ചിലതൊക്കെ പിടികിട്ടും. രാത്രിയുടെ മൂന്നാം യാമത്തിലേ ഇതൊക്കെ പറ്റൂ. പകല്‍വെളിച്ചത്തിന്‍ സ്ക്രീന്‍  ഒരിളിഭ്യച്ചിരിയുമായി നമ്മളെ പകച്ചുനോക്കും. അര്‍ജന്‍റീന കിരീടം നേടിയ ലോകകപ്പ് കണ്ടത് ആ രാത്രികളിലൊന്നിലാണ്. അത് നടന്ന വന്‍കര യൂറോപ്പാണോ അമേരിക്കയാണോ എന്നെനിക്കോര്‍ക്കാനാവുന്നില്ല.
ദമ്മാമിലെ സൗഖ്യം നിറഞ്ഞ ദിനരാത്രങ്ങള്‍ക്കുശേഷമാണ് ഞാന്‍ റിയാദിലെത്തുന്നത്. ദമ്മാമില്‍ ടി.വി ഉണ്ടായിരുന്നു. ടി.വിയില്‍ ദൃശ്യങ്ങളും. റിയാദിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി.വിയാണ് സംപ്രേഷണം നടത്തുന്നത്. ലോകത്തെങ്ങുമുള്ള ദൃശ്യങ്ങളൊന്നും അതിലില്ല. ഈജിപ്തിലുണ്ടാക്കിയ ചില ടെലിവിഷന്‍ സീരിയലുകള്‍ മാത്രം. ഇടക്കൊക്കെ വഴിപാടുപോലെ ചില വാര്‍ത്തകള്‍, അതിലൂടെ എന്തെങ്കിലും അറിയിക്കണമെന്ന് സംപ്രേഷകരും എന്തെങ്കിലും അറിയണമെന്ന് പ്രേക്ഷകരും ആഗ്രഹിച്ചിരുന്നില്ല. എല്ലാം കറുപ്പിലും വെളുപ്പിലും മാത്രം. കളര്‍ ടെലിവിഷന്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ ഇരുപത്തിനാലു മണിക്കൂറും സംപ്രേഷണമില്ല. വൈകുന്നേരം മൂന്നോ നാലോ മണിക്കൂര്‍ മാത്രം. രാത്രി പത്തുമണി കഴിഞ്ഞാല്‍ നിലയം താഴിട്ടുപൂട്ടി സംപ്രേഷകര്‍ വീടുകളിലേക്ക് പോവും. അതുകൊണ്ട്, ടെലിവിഷന്‍ കാഴ്ചകളില്‍ ഭ്രമിക്കുന്ന ഒരു പൊതുസമൂഹം അക്കാലത്ത് രൂപപ്പെട്ടിരുന്നില്ല. കേരളത്തിലന്ന് ടെലിവിഷന്‍ ഇല്ല. അതുകൊണ്ട്, മലയാളിയുടെ സായാഹ്നങ്ങള്‍ കന്മഷരഹിതവും കലഹരഹിതവുമായിരുന്നു.
മരുഭൂമിയിലെ ആ വനവാസക്കാലത്താണ് നാട്ടില്‍നിന്നൊരു കത്തെന്നെ തേടിയെത്തുന്നത്. ഹൈസ്കൂള്‍ ക്ളാസുകളില്‍ എന്നോടൊപ്പം പഠിച്ച ഒരു പെണ്‍കുട്ടിയുടെ കത്താണത്. പരിഭ്രമിക്കണ്ട, സഖിയോ കാമുകിയോ ഒന്നുമല്ല. ആ കുറിമാനം പ്രണയാതുരവുമായിരുന്നില്ല. അവളെന്തിനാണ് കഷ്ടപ്പെട്ട് മേല്‍വിലാസം സംഘടിപ്പിച്ച് എനിക്കെഴുതിയത് എന്ന അമ്പരപ്പോടെ ഞാന്‍ കത്ത് തുറന്നു.
കത്തില്‍ അതിലളിതമായ ഒരു അപേക്ഷയാണ് ഉണ്ടായിരുന്നത്. കോഴിക്കോട് കൊല്ലന്തോറും സംഘടിപ്പിക്കാറുള്ള ഒരു പ്രദര്‍ശനം കുട്ടികള്‍ക്കൊപ്പം കാണാന്‍പോയപ്പോള്‍ കണ്ട ടി.വിയെക്കുറിച്ച് അവള്‍ക്ക് ചില കാര്യങ്ങള്‍ അറിയണം. പ്രദര്‍ശനനഗരിയില്‍ സ്റ്റാളിലെത്തുന്നവരുടെ ചിത്രങ്ങള്‍ തത്സമയം അവിടെ സ്്ഥാപിച്ചിരുന്ന ടി.വിയില്‍ സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. അക്കാലത്ത് കാണികള്‍ തിക്കിത്തിരക്കിയിരുന്ന സ്റ്റാളുകളില്‍ ഒന്നായിരുന്നു ടി.വിയുടെ സൂത്രം കാണിച്ചിരുന്ന സ്റ്റാള്‍. ഒരു കാര്യം വിട്ടുപോയി. കത്തെഴുതിയ സഹപാഠിനി ആ കത്തെഴുതുന്നകാലത്ത് അധ്യാപികയായിരുന്നു. ഞങ്ങള്‍ പഠിച്ച അതേ ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപിക. കുട്ടികളുടെ കൗതുകം ശമിപ്പിക്കുന്ന തരത്തില്‍ ഒരുഉത്തരം കൊടുക്കാന്‍ അവള്‍ക്കായില്ല. അതുകൊണ്ടവള്‍ക്ക് വളരെ ശാസ്ത്രീയമായ വിശദീകരണം ഞാനെഴുതി അയച്ചുകൊടുക്കണം. ഒരുപക്ഷേ, ഞാനാദ്യമായി സംപ്രേഷണത്തെക്കുറിച്ചാലോചിക്കാന്‍ തുടങ്ങിയത് ആ നിമിഷത്തിലായിരിക്കണം. ഞാനവള്‍ക്കെന്താണെഴുതി അയച്ചതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. അതുകൊണ്ട് കുട്ടികളുടെ കൗതുകത്തിന് ശമനമുണ്ടായോ എന്നും അറിയില്ല. എന്‍െറ വിവരം കുട്ടികളെ കേള്‍പ്പിക്കാന്‍ കഴിഞ്ഞോ എന്നും അറിയില്ല.
എന്‍െറ പ്രവാസകാലം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി ഏറെക്കൊലം കഴിഞ്ഞിട്ടാണ് മലയാളി ടി.വി കണ്ടതും കേട്ടതും അറിഞ്ഞതും. വാര്‍ത്താവിനിമയത്തിന്‍െറയും അതടിസ്ഥാനമാക്കിയുള്ള വിനോദവിനിമയത്തിന്‍െറയും രണ്ട് ദശാസന്ധികളില്‍ ജീവിക്കാന്‍ കഴിഞ്ഞ തലമുറയാണ് ഞങ്ങളുടേത്. എന്‍െറ കുട്ടിക്കാലത്താണ് കേരളത്തില്‍ റേഡിയോ സംഭവിക്കുന്നത്. ടെലിവിഷന്‍ വ്യാപകമാവുന്നത് എന്‍െറ ഗൃഹസ്ഥാശ്രമകാലത്തും. രണ്ടിന്‍െറയും വ്യാപനത്തിന്‍െറ ഗതിക്രമത്തിനും വേഗത്തിനും ഒരുപാട് വ്യത്യാസവുമുണ്ട്. റേഡിയോക്ക് മലയാളി അടിപ്പെടുന്നത് വളരെ പതുക്കെയാണ്. വളരെ പതുക്കെയെന്നുപറഞ്ഞാല്‍ എല്ലാ വീട്ടിലും ഒരു റേഡിയോ എന്ന ഒരവസ്ഥ ഒരുകാലത്തും ഉണ്ടായിട്ടില്ളെന്നുതന്നെ പറയാം. കേള്‍ക്കലിന് കാണുന്നതിന്‍െറയത്ര പ്രാധാന്യം മലയാളി നല്‍കിക്കാണില്ല. എന്‍െറ കുട്ടിക്കാലത്ത് ഗ്രാമത്തില്‍ ആകെയുണ്ടായിരുന്ന റേഡിയോ ജ്ഞാനോദയം വായനശാലയായിരുന്നു. സാധാരണമട്ടില്‍ നിശ്ശബ്ദമായിരിക്കേണ്ട വായനശാലയെ മുഖരിതമാക്കിയത് ഒരു കൂറ്റന്‍ മര്‍ഫി റേഡിയോ ആയിരുന്നു. വൈകുന്നേരം വായനശാലയിലെ വരാന്തയും മുറ്റവുമൊക്കെ ജനനിബിഡമാക്കിയത് ഈ റേഡിയോയുടെ കരകരശബ്ദമാണ്. എത്ര ട്യൂണ്‍ ചെയ്താലും അതിന്‍െറ കരകരശബ്ദം മാറില്ല. എന്‍െറ ഓര്‍മയില്‍ അക്കാലത്തെ എല്ലാ റേഡിയോയിലും ഈ പൊട്ടലും ചീറ്റലുമൊക്കെയുണ്ടായിരുന്നു. ഏതെങ്കിലും സമയത്ത് അതില്ലാതെയാവുമ്പോള്‍ എന്തോ പന്തികേടുള്ളതുപോലെ തോന്നാറുണ്ടായിരുന്നു. സേട്ട്നാഗ്ജി ടൂര്‍ണമെന്‍റിന്‍െറ കമന്‍ററി കേള്‍ക്കാനായിരുന്നു ഈ നാട്ടുകൂട്ടം വായനശാലയില്‍ തടിച്ചുകൂടിയിരുന്നത്. കാണാത്ത കളിയെ കേള്‍വിക്കാര്‍ക്ക് അതിന്‍െറ എല്ലാ ആവേശത്തോടും കൂടെ കാണിക്കാന്‍ ഫുട്ബാള്‍ കമന്‍േററ്റര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. ഒരുപക്ഷേ, അക്കാലത്തെ യഥാര്‍ഥ താരങ്ങള്‍ ഈ കമന്‍േററ്റര്‍മാരായിരിക്കണം. ‘‘ഞങ്ങളുടെ കമന്‍ററി ബോക്സിനരികിലൂടെ അതിവേഗത്തില്‍ പന്ത് ഗോള്‍മുഖത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെ’’ന്ന് കമന്‍േററ്റര്‍മാര്‍ പറയുമ്പോള്‍ പന്തും പന്തടിക്കുന്ന കാലുകളും കളിക്കാരനും ഗോള്‍മുഖവും ഗോള്‍മുഖത്ത് അക്ഷമനായി കാത്തുനില്‍ക്കുന്ന ഗോളിയും മൈതാനവും കളികണ്ടുകൊണ്ടിരിക്കുന്നവരും ആരവവുമൊക്കെ മനസ്സില്‍ ഒരു ദൃശ്യത്തിനെക്കാള്‍ മിഴിവോടെ പതിയും. ഒരു കാമറക്ക് കാണിക്കാന്‍ കഴിയുന്നതിനെക്കാള്‍ കസര്‍ത്തുകളാണ് വായ്ത്താരികളിലൂടെ ഈ കലാകാരന്മാര്‍ നടത്തിക്കൊണ്ടിരുന്നത്. ക്ളോസപ്പും വൈഡും പാനും ടില്‍ട്ടപ്പും ടില്‍ട്ട്ഡൗണും ഒക്കെ ചേര്‍ന്ന വല്ലാത്തൊരു ഷോട്ട്. അത്തരമൊരു ദൃശ്യം സൃഷ്ടിച്ചെടുക്കാന്‍ ഒരുപക്ഷേ, ടെലിവിഷന് ഇനിയും ഒരുപാടുകാലം കാത്തിരിക്കേണ്ടിവരും. ശബ്ദത്തെ കീഴടക്കാന്‍ കാഴ്ചക്ക് ഇനിയും കഴിഞ്ഞില്ളെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഒരു കാമറക്കും വായ്ത്താരിയുടെ ഈ ഗതിവേഗം കിട്ടുകയുമില്ല. ഒരുപാട് കാമറകള്‍ ചേര്‍ന്ന ഒരു സംവിധാനത്തിനും ഈ പരിമിതിയെ മറികടക്കാനാവില്ല.
റേഡിയോ മനുഷ്യരുടെ പൊതുഇട ങ്ങളിലാണ് ആദ്യം സ്ഥാനംപിടിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്. വായനശാലകളില്‍നിന്നത് കടന്നുകയറിയത് നാട്ടിലെ ചായക്കടകളിലേക്കും ബാര്‍ബര്‍ഷോപ്പുകളിലേക്കുമാണ്. വളരെ പതുക്കെയാണ്, മടിച്ചുമടിച്ചാണ് റേഡിയോ വീടുകളിലെത്തുന്നത്. നമ്മുടെ സ്വകാര്യതകളില്‍ അത് സ്ഥാനംപിടിക്കുന്നത് പിന്നെയും ഏറെക്കഴിഞ്ഞിട്ടാണ്. എന്നാല്‍, ടെലിവിഷന്‍െറ ഗൃഹപ്രവേശമാണ് ആദ്യം നടന്നത്. വായനശാലയിലും പാര്‍ക്കുകളിലും റെയില്‍വേസ്റ്റേഷനുകളിലുമൊക്കെ അതിന് ലാവണം കിട്ടുന്നത് ഏറ്റവും ഒടുക്കമാണ്. ഈ വിപരീതദിശകളിലുള്ള വ്യാപനത്തിന് ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ ഒട്ടേറെ കാരണങ്ങളുണ്ടാവാം. നമ്മുടെ കുടുംബബന്ധങ്ങളിലുണ്ടായ ഒട്ടേറെ അഴിച്ചുപണികള്‍ക്കിടയിലാണ് ഇതൊക്കെ സംഭവിക്കുന്നത്.
ഏറക്കുറെ എല്ലാ വീടുകളിലും റേഡിയോ എന്ന സങ്കല്‍പത്തെ സാക്ഷാത്കരിക്കുന്നതില്‍ ഗള്‍ഫ് കുടിയേറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. എടുത്താല്‍ പൊന്താത്ത വലിയ സെറ്റില്‍നിന്ന് ട്രാന്‍സിസ്റ്റര്‍ സെറ്റെന്ന കൗതുകമുള്ള ചെറിയ റേഡിയോയിലേക്ക് മലയാളി കാലുമാറിച്ചവിട്ടി. ട്രാന്‍സിസ്റ്റര്‍ വിപ്ളവത്തിനു തൊട്ടുപിന്നാലെ ട്രാന്‍സിസ്റ്ററും ടേപ്റെക്കോഡറും ചേര്‍ന്ന കാസറ്റ് റെക്കോഡറും പ്ളെയറും പ്രവാസികള്‍ വീടുകളിലെത്തിച്ചു. രണ്ടും ചേര്‍ന്ന ഈ പെട്ടിയില്‍ റേഡിയോ ഏറക്കുറെ നിശ്ശബ്ദനായ സഹയാത്രികനായിരുന്നു.
ഇക്കാലത്തൊക്കെ ഏറക്കുറെ റേഡിയോ പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനമായിരുന്നു. അതിന്‍െറ സ്വകാര്യവത്കരണത്തെക്കുറിച്ച് ആരും അധികമൊന്നും ആലോചിച്ചില്ല. റേഡിയോയുടെ സ്വകാര്യവത്കരണം ആപത്താണെന്നും അത് ദേശവിരുദ്ധമാണെന്നും സര്‍ക്കാറിന്‍െറ വാര്‍ത്താവിനിമയ ശൃംഖലകളെ അത് അപായപ്പെടുത്തുമെന്നും ശത്രുക്കള്‍ അതിനെ ആയുധമാക്കുമെന്നും ഒക്കെയുള്ള ആശങ്ക സര്‍ക്കാറിനും ഉണ്ടായിരുന്നിരിക്കണം. ടെലിവിഷന്‍െറ അതിവേഗത്തിലുള്ള വ്യാപനത്തിനുശേഷം ഒരുപാട് സ്വകാര്യ സംരംഭകര്‍ക്ക് സംപ്രേഷണാനുമതി ലഭിച്ചതിനുശേഷം ഏറക്കുറെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും സ്വകാര്യ ടി.വി സംപ്രേഷണം വ്യാപകമായതിനു ശേഷമാണ് റേഡിയോയില്‍ സ്വകാര്യ പ്രക്ഷേപണം ആരംഭിക്കുന്നത്. എഫ്.എം റേഡിയോകള്‍ വ്യാപകമാവുന്നത് അതിനുശേഷമാണ്. ടെലിവിഷന്‍െറ വരവോടെ റേഡിയോയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് കരുതിയ കാലത്താണ് എഫ്.എം റേഡിയോകള്‍ ഉണ്ടാവുന്നതും ജനപ്രിയമാവുന്നതും. ഇത് ഇന്ത്യയില്‍ മാത്രം സംഭവിച്ച ഒരു പ്രതിഭാസമല്ല. ലോകം മുഴുവനും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. പല നാടുകളിലും ടെലിവിഷന്‍ സെറ്റുകളെ നിശ്ശബ്ദമാക്കിക്കൊണ്ട് റേഡിയോ പ്രതാപം കൈവരിച്ചിരിക്കുന്നു. അതിന്‍െറ കാര്യകാരണങ്ങള്‍ അന്വേഷിക്കേണ്ടത് ജനജീവിതത്തിന്‍െറ നാനാതരം സമസ്യകളിലും ജീവിതവ്യതിയാനങ്ങളിലുമാണ്.
കാഴ്ചകള്‍ കാണാനും കേള്‍ക്കാനുമുള്ള കൗതുകംകൊണ്ടു മാത്രമല്ല, ലോകത്തെ അനുനിമിഷം അറിയാനുള്ള താല്‍പര്യംകൊണ്ടു മാത്രമല്ല മലയാളി ടെലിവിഷനെ വീട്ടില്‍ കയറ്റിയത്. അതിനെ വീടുകളുടെ ഇരിപ്പുമുറികളുടെ അലങ്കാരവും പ്രൗഢിയുമാക്കാനാണ്. അതില്ലാതെയാവുന്ന വീടുകള്‍ അപൂര്‍ണമാണെന്ന മിഥ്യാബോധവും നമുക്കുണ്ടായിരുന്നു. നമ്മുടെ ശീലങ്ങളിലേക്ക് ടെലിവിഷന്‍ നടത്തിയ കൈയേറ്റം നിര്‍ണായകമായിരുന്നു. അത് നമ്മുടെയൊക്കെ സ്വകാര്യ ജീവിതത്തിന്‍െറ താളക്രമങ്ങളെ മാറ്റിമറിച്ചു. നമ്മുടെ നിഷ്ഠകളെ ബാധിച്ചു. നമ്മുടെ കാലബോധത്തെ പുതിയ രീതിയില്‍ ക്രമീകരിച്ചു. വിശാലമായ ലോകം നമ്മുടെ ഇരിപ്പുമുറികളിലേക്ക് കടന്നുവന്ന അതേ വേഗത്തില്‍ വിശാലമായ ലോകത്തില്‍നിന്ന്, അതിന്‍െറ പൊതു ഇടങ്ങളില്‍നിന്ന് നമ്മള്‍ വീടുകളുടെ സ്വകാര്യതകളിലേക്ക് നിഷ്ക്രമിക്കുകയും ചെയ്തു. വീടുകളിലേക്കുള്ള ഈ പിന്മടക്കം വീടുകളുടെ സ്നേഹത്തിലേക്കുള്ള പിന്മാറ്റമായിരുന്നില്ല. നമ്മുടെ വികാരങ്ങളെയും ചിന്തകളെയും അദൃശ്യവും എന്നാല്‍ സര്‍വവ്യാപിയുമായ ഒരു ആഗോള കച്ചവടദൈവത്തിന്‍െറ അടിമകളാക്കാനാണ്. അപ്രതിരോധ്യമായ രീതിയില്‍ നമുക്ക് വേണ്ടതും വേണ്ടാത്തതുമെല്ലാം കാണാനാഗ്രഹിക്കുന്നതും കാണാനാഗ്രഹിക്കാത്തതുമെല്ലാം സ്വീകരിക്കേണ്ട അവസ്ഥയില്‍ നമ്മളെത്തി. നമ്മുടെ കൈയിലെ റിമോട്ടുകള്‍കൊണ്ടുപോലും അതിനെ തടുക്കാന്‍ കഴിയാത്ത ഒരവസ്ഥ. നമ്മുടെ ദൃശ്യബോധങ്ങളിലും ബോധ്യങ്ങളിലും ഒരു സംഘടിതമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് നമ്മുടെ ശീലങ്ങളെയും മൂല്യബോധത്തെയും അതിവിദഗ്ധമായി വക്രീകരിച്ചു. നമ്മുടെ അനിഷ്ടങ്ങളെ നമ്മുടെ ഇഷ്ടങ്ങളാക്കിമാറ്റി. നമുക്ക് മുഖാമുഖമിരുന്ന് നമ്മളോട് മന്ത്രിച്ചുകൊണ്ട് നമ്മുടെ തോഴനും വഴികാട്ടിയുമൊക്കെയായി. അവിശ്വസനീയമായതൊക്കെ വിശ്വസനീയമാക്കി, വിശ്വസനീയമായതൊക്കെ അവിശ്വസനീയവും- ‘‘നീയാണ് സത്യവും അതിന്‍െറ പൊരുളും’’ എന്നപോലെ. വിവരസാങ്കേതിക വിജ്ഞാനത്തിന്‍െറ വിസ്ഫോടനമെന്ന് നമ്മളതിനെ വാഴ്ത്തി. സത്യമാണ്, ലോകത്തെ നമ്മുടെ മുന്നിലേക്ക് ആനയിച്ചിട്ടുണ്ട്. സംഭവങ്ങളെ കാഴ്ചകളാക്കിയിട്ടുണ്ട്. എല്ലാ വീണ്‍വാക്കുകളെയും സത്യവേദങ്ങളാക്കിയിട്ടുണ്ട്. എന്നാല്‍, കാണേണ്ടത് പലതും കാണാതിരിക്കാനും കേള്‍ക്കേണ്ടത് പലതും കേള്‍പ്പിക്കാതിരിക്കാനും തീവ്രമായ ശ്രമം നടന്നിട്ടുണ്ട്. പ്രേക്ഷകരെ ഒരേസമയം ടെലിവിഷന്‍െറ ഉപഭോക്താക്കളാക്കുക, ഒപ്പം അതിന്‍െറ പ്രയോക്താക്കളാക്കുക, അതോടൊപ്പം അതിന്‍െറ പ്രവര്‍ത്തകരാക്കുക എന്നിങ്ങനെ മൂന്നു തലത്തിലാണ് പ്രേക്ഷകരെ ടെലിവിഷന്‍ അതിന്‍െറ സ്വന്തം ഭാഗമാക്കിയത്. ഈ മൂന്നുതരം വേഷങ്ങളുടെ വ്യാമോഹത്തില്‍ പ്രേക്ഷകരെ അകപ്പെടുത്തുമ്പോഴും അവരെ പ്രേക്ഷകരായിത്തന്നെ നിലനിര്‍ത്തുക എന്ന തന്ത്രമാണ് സമര്‍ഥമായി ചാനലുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വ്യാമോഹങ്ങള്‍ ഉണ്ടാക്കുകയും വ്യാപിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന ദൗത്യം ചാനലുകള്‍ കൃത്യമായി നിര്‍വഹിച്ചുകഴിഞ്ഞു. പുതുതായി രംഗപ്രവേശം ചെയ്യുന്ന ഏതു ചാനലിന്‍െറയും അജണ്ട വള്ളിപുള്ളി തെറ്റാതെ ഇതൊക്കെ ചില്ലറ മാറ്റങ്ങളോടെ നടപ്പാക്കുക എന്നതു മാത്രമാണ്. രൂപത്തില്‍ മാറാതെ വേഷത്തില്‍ മാത്രം മാറുക എന്നതുതന്നെ. കൂട്ടത്തില്‍ കൂടുക എന്നതില്‍നിന്ന് കൂട്ടംതെറ്റി നടക്കുക എന്നതിലേക്കുള്ള ഏതു നീക്കവും ചാനലുകളുടെ അദൃശ്യനിയന്താക്കളായ അധീശശക്തികള്‍ മുളയിലേ നുള്ളിക്കളയും. പ്രേക്ഷകലോകം തള്ളിക്കളഞ്ഞെന്നാണ് പറയാറുള്ളതെങ്കിലും പ്രേക്ഷക ലോകമാണോ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നത്?  ഇതൊക്കെ വിശദമായ പഠനങ്ങള്‍കൊണ്ടാണ് നിര്‍ദാക്ഷിണ്യം പരിശോധിക്കേണ്ടത്. ഈ കുറിപ്പില്‍ അതിനിടമില്ല. എന്നാല്‍, ഇന്ന് നിലവിലുള്ള ഈ സംവിധാനത്തെ എതിര്‍ത്തുതോല്‍പിക്കാന്‍ അത്ര എളുപ്പമല്ല. ‘വെറുതെ കാണുക’എന്ന സരളമായ പ്രത്യയശാസ്ത്ര നിലപാടില്‍ നിഷ്കളങ്കമായി നിലയുറപ്പിച്ചിരിക്കുന്ന പ്രേക്ഷകസമൂഹത്തിന് സംഘടിച്ച് ഈ അവസ്ഥയെ അട്ടിമറിക്കാനുമാവില്ല. ഇതിനെ തകര്‍ക്കാനുള്ള ശക്തി ഈ വ്യവസ്ഥക്കുള്ളില്‍തന്നെ പിറന്നുവീഴണം; അതുതന്നെയാണ് എല്ലാ കാലത്തെയും യുക്തി. ഓരോ വ്യവസ്ഥയെയും തകര്‍ക്കാനുള്ള ശക്തി ആ വ്യവസ്ഥക്കുള്ളില്‍തന്നെ പിറക്കണം.

രണ്ട്
മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനല്‍ സംരംഭം ശശികുമാര്‍ നേതൃത്വം കൊടുത്ത ഏഷ്യാനെറ്റാണ്. വാര്‍ത്തകള്‍ക്കും പരിപാടികള്‍ക്കും ഒരു അനൗദ്യോഗിക ഭാഷ്യമുണ്ടെന്ന് അത് ജനങ്ങളെ ബോധ്യപ്പെടുത്തി. തത്സമയ വാര്‍ത്തകള്‍ക്ക് ആശ്രയിക്കാന്‍ ജനങ്ങള്‍ക്ക് ദൂരദര്‍ശനും ആകാശവാണിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ പിറ്റേന്നാള്‍ ഇറങ്ങുന്ന പത്രങ്ങള്‍ക്കായി കാത്തിരിക്കേണ്ടിവന്നിരുന്നു. അപ്പോഴേക്കും വാര്‍ത്തകള്‍ പരലോകം പൂകി ചരിത്രമായി മാറിക്കഴിഞ്ഞിരിക്കും. ഏഷ്യാനെറ്റിനെ പിന്തുടര്‍ന്ന് ഒരുപാട് ചാനലുകളുണ്ടായി. നമ്മുടെ നാട്ടില്‍ സ്തുത്യര്‍ഹമായും പരക്കെയും വാര്‍ത്താവിതരണം നടത്തിയിരുന്ന പ്രധാന പത്രങ്ങള്‍ അപ്പോഴും വിവരസാങ്കേതികതയുടെ ഈ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ മടിച്ചും അറച്ചും നിന്നു. പരിപാടികളും നിലപാടുകളും അപ്പോഴപ്പോള്‍ ജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥരായ രാഷ്ട്രീയപാര്‍ട്ടികളും ഒരു ചാനല്‍ ആരംഭിക്കാനുള്ള ധൈര്യം കാണിച്ചില്ല. അത്തരമൊരു സാഹസത്തിന് ആദ്യം മുതിര്‍ന്നത് സി.പി.എമ്മാണ്. കൈരളി അങ്ങനെയാണ് പിറക്കുന്നത്. ഇടതുപക്ഷം അര്‍ഹിക്കുന്ന ഒരു സ്ഥാനവും ഇടവും നിര്‍ണയിക്കാനും നിജപ്പെടുത്താനുമാണ് കൈരളി ആരംഭിക്കുന്നത്. ആദ്യംമുതലേ അവരിതാണ് പറഞ്ഞുകൊണ്ടിരുന്നതെങ്കിലും ആ ചാനല്‍ സി.പി.എമ്മിന്‍േറതാണെന്ന് പറയുന്നതില്‍, അല്ളെങ്കില്‍ ജനങ്ങള്‍ അങ്ങനെ അറിയുന്നതില്‍, പാര്‍ട്ടിചാനല്‍ എന്നടയാളപ്പെടുത്തുന്നതില്‍ അവര്‍ ഭയപ്പെട്ടു. കേരളത്തില്‍ ഏറ്റവും ശക്തവും ഭദ്രവുമായ അടിത്തറയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്തിനാണിങ്ങനെ ഭയപ്പെടുന്നതെന്ന് പ്രേക്ഷകലക്ഷങ്ങള്‍ അമ്പരന്നിരുന്നു. ഒരു അവിഹിതബന്ധം സര്‍ക്കാര്‍ അറിയുന്നതുപോലെയുള്ള ഭയം. കൈരളിയുടെ ജന്മം ആശയും ആശങ്കയും ഉണര്‍ത്തി. ഒരു പുതിയ മാധ്യമസംസ്കാരത്തിന് ഇത് ആരംഭംകുറിക്കുമെന്ന് നിഷ്കളങ്കരായ പ്രേക്ഷകര്‍ കരുതി. പ്രചാരണരംഗത്ത് പാര്‍ട്ടിക്ക് മുന്‍കൈ ലഭിക്കുമെന്ന് എതിരാളികള്‍ ഭയന്നു. ഇതൊക്കെ സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയായിരുന്നു. ഒന്നും സംഭവിച്ചില്ളെന്നതാണ് ചരിത്രം. എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടത് അനുയായികളും എതിരാളികളുംതന്നെയാണ്. ഇന്നതിന് എതിരാളികളില്ല; അനുയായികളും. അതുകൊണ്ടതിനെ ആരും പിന്തുണക്കുന്നില്ല. ആരും പോരാടുന്നുമില്ല. ആരും ഭയക്കുന്നുമില്ല -‘‘വിര്‍ജീനിയാ വൂള്‍ഫിനെ എന്തിനു പേടിക്കണം?’’ പേരില്‍ മാത്രമേ ചെന്നായയുള്ളൂ. സ്വന്തം കുഞ്ഞാണെന്നു പറയാന്‍ പാര്‍ട്ടി കാണിച്ച ആശങ്കയും അതുവഴി ആ ചാനലിനുണ്ടായ ദാര്‍ശനികമായ നിരാസവുമായിരിക്കണം ആ ചാനലിനെ നിലപാടുകളില്ലാത്ത, ഒരു ചാനലാക്കി മാറ്റിയത്. മുയലിനൊപ്പം ഓടണമോ ആമക്കൊപ്പം ഇഴയണോ എന്നറിയാതെ കൈരളി അന്തംവിട്ടുനിന്നു. അതുകൊണ്ട്, ഒരു മത്സരത്തിലും ജയിക്കാനാവാത്തവിധം ആ ചാനല്‍ ഒരു ജഡമായി. ‘‘ഒരു ജനതയുടെ ആത്മാവിഷ്കാരം’’ എന്നും ‘‘വേറൊരു ചാനലല്ല വേറിട്ടൊരു ചാനല്‍ ആണ്’’ എന്നൊക്കെയുള്ള പൊങ്ങച്ചംപറച്ചില്‍ അവരിപ്പോഴും ഒരു കീറക്കൊടിപോലെ കുത്തിനിര്‍ത്തിയിരിക്കുന്നുവെന്നുമാത്രം. അതിനുശേഷം വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ രാഷ്ട്രീയ പരിശ്രമങ്ങള്‍ എവിടെയും എത്താതെപോയി. ജയ്ഹിന്ദ്പോലുള്ള ചാനലുകള്‍ക്ക് സ്വന്തം സാന്നിധ്യം അറിയിക്കാനുള്ള കെല്‍പുപോലുമില്ല. ഇത്രയേറെ ചാനലുകള്‍ യഥാര്‍ഥത്തില്‍ നമ്മുടെ മാധ്യമസംസ്കാരത്തിന് ഗുണപരമായ മാറ്റം ഉണ്ടാക്കേണ്ടതായിരുന്നു. ഉണ്ടായില്ളെന്നു മാത്രമല്ല ഗുണനിലവാരത്തില്‍ ഒരു വമ്പന്‍ തകര്‍ച്ചയാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ സംഭവിച്ചത്. ചില മൂല്യങ്ങളും ഗുണമേന്മയും ചെറിയ തോതിലെങ്കിലും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിച്ചവര്‍ തഴയപ്പെടുകയും ചെയ്തു. അലസമായ ഒരു നിരീക്ഷണത്തില്‍ പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത് കൊടുക്കുന്നതുകൊണ്ടാണ് ഈ നിലവാരത്തകര്‍ച്ച ഉണ്ടാകുന്നതെന്ന വാദം പ്രസക്തമായി തോന്നിയേക്കാം, പ്രേക്ഷകര്‍ക്കൊപ്പം നീങ്ങാത്തവര്‍ പരാജയപ്പെടുമെന്ന് ഒരു സമവാക്യം ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞേക്കും. അത്തരം നിരീക്ഷണങ്ങള്‍ പ്രേക്ഷകലക്ഷങ്ങളുടെ യഥാര്‍ഥ വികാരമോ നിലവാരമോ സൂക്ഷ്മമായി പരിശോധിക്കാതെയുള്ളതായിരിക്കും.
കാരണം, പലതരത്തില്‍ ‘കാലവത്കരി’ക്കപ്പെട്ട (seasoned) ഒരു പ്രേക്ഷകസമൂഹമാണ് ഇന്ന് ടി.വിക്കുള്ളത്. പലതരം ശീലങ്ങള്‍പോലെ ഒരു ശീലത്തിനടിപ്പെട്ടവര്‍. ഒരേതരം കാഴ്ചകള്‍ മാത്രം ഇഷ്ടപ്പെടുന്നവര്‍. കാഴ്ചയിലുള്ള ഏതു മാറ്റത്തോടും അസഹിഷ്ണുത കാട്ടുന്നവര്‍. കാലാകാലങ്ങളിലായി നമ്മുടെ ചാനലുകള്‍ സൃഷ്ടിച്ചെടുത്ത ഒരു പ്രത്യേക ഗോത്രമാണ്. ഒരേതരം അനുഷ്ഠാനങ്ങളും ശീലങ്ങളും ആചാരങ്ങളും നിഷ്ഠകളും വ്രതങ്ങളുമുള്ള ഒരു പ്രത്യേക ഗോത്രം. ടെലിവിഷന്‍ പ്രേക്ഷകരെന്ന നിലയില്‍ വ്യവഹരിക്കപ്പെടുന്ന ‘മതവിഭാഗം’ അവരാണ്. ഒരു വലിയ ജനസമൂഹത്തില്‍നിന്ന് ‘മതപരിവര്‍ത്തനം’ നടന്നെത്തിയവരാണവര്‍. ചാനലുകളുടെ‘മതബോധ’മാണ് അവരെ അങ്ങനെയാക്കിത്തീര്‍ത്തത്. എണ്ണത്തില്‍ അവര്‍ മഹാഭൂരിപക്ഷമല്ളെങ്കിലും ചാനലുകളുടെ കണക്കെടുപ്പില്‍ അവര്‍ മൃഗീയ ഭൂരിപക്ഷമാണ്. അതുകൊണ്ടുതന്നെ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ് തങ്ങളുടെ ജനാധിപത്യമെന്ന് ചാനല്‍മേധാവികള്‍ കരുതുന്നു.
ആരാണ് ചാനല്‍ മേധാവികള്‍? ദിനപത്രങ്ങളോട് ആരാണ് പത്രാധിപര്‍ എന്ന് ചോദിക്കുന്നതുപോലെതന്നെയാണ് ഈ ചോദ്യവും. പണ്ട്, നിര്‍ഭയനായ പത്രാധിപര്‍ എന്നും നിര്‍ഭയമായ പത്രപ്രവര്‍ത്തനമെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ മാധ്യമനിഘണ്ടുവിലുണ്ടായിരുന്നു. ഇന്ന് അതില്ല. പത്രാധിപന്മാര്‍ കാലംചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. ഇന്ന് പത്രങ്ങളുടെ ഉള്ളടക്കം നിര്‍ണയിക്കുന്നത്, വാര്‍ത്ത എങ്ങനെ എഴുതണമെന്നും കൊടുക്കണമെന്നും ഡിസ്പ്ളേ ചെയ്യണമെന്നും വാര്‍ത്തകളില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നും എന്തൊക്കെ ഉള്‍പ്പെടുത്തരുതെന്നും തീരുമാനിക്കുന്നത് പത്രാധിപന്മാരല്ല, വാര്‍ത്തകളെ വില്‍ക്കാന്‍ നിയോഗിക്കപ്പെട്ട പരസ്യമാനേജര്‍മാരാണ്. അവരാണ് മേധാവികള്‍. പത്രാധിപര്‍ അവരുടെ കീഴാളന്മാരാണ്, ശമ്പളം പറ്റുന്ന വെറും പേനയുന്തുകാര്‍. വാര്‍ത്തകള്‍ വായിക്കപ്പെടലല്ല പ്രധാനം, വില്‍ക്കപ്പെടല്‍തന്നെയാണ്. ചാനലുകളിലും ‘ഉത്തരവാദി’കളുടെ ലിംഗമാറ്റം സമ്പൂര്‍ണമായിക്കഴിഞ്ഞു. ഇന്നത്തെ ചാനല്‍മേധാവികള്‍ അതിന്‍െറ പരസ്യംപിടിത്തക്കാരാണ്. അതുകൊണ്ട് സോപ്പുവില്‍പനക്കാരന്‍െറ പരസ്യം കിട്ടണമെങ്കില്‍ വെളുത്ത തൊലിയുടെ മാഹാത്മ്യം പ്രചരിപ്പിക്കുന്ന പരിപാടികള്‍ ചാനല്‍ സംപ്രേഷണം ചെയ്യണം. കറുത്ത തൊലിയുള്ള ആദിവാസികളും കീഴാളജനതയും സ്ക്രീനില്‍ മുഖം കാണിക്കാനേ പാടില്ല. സോപ്പും ടാല്‍കംപൗഡറും ലേപനതൈലങ്ങളും അതുപോലെയുള്ള സൗന്ദര്യവര്‍ധകവസ്തുക്കളുടെ പരസ്യവരുമാനമാണ് പ്രധാനമായും ചാനലുകള്‍ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന മുഖകമലങ്ങളെല്ലാം വെളുത്തതായിരിക്കണമെന്ന നിഷ്കര്‍ഷ അവര്‍ക്കുണ്ട്. നമ്മുടെ പാട്ടുമത്സരങ്ങളില്‍പോലും പാട്ടിനല്ല പ്രാധാന്യം, തൊലിക്കാണ്. പാട്ടില്‍ ‘ശാരീരം’ വേണ്ട, ശരീരം മതി. റിയാലിറ്റി ഷോകള്‍ എന്ന പാട്ടുമത്സരം കാണാന്‍ ഒൗത്സുക്യത്തോടെ ടി.വിക്കു മുന്നില്‍ ഇരിക്കുന്ന പ്രേക്ഷകര്‍ ‘ശാരീര’ത്തിന്‍െറ ആരാധകരല്ല, ശരീരത്തിന്‍െറ ഒളിഞ്ഞുനോട്ടക്കാരാണ്. ശബ്ദം രൂപമായപ്പോള്‍ സംഭവിച്ച പ്രധാന മാറ്റമാണിത്.
എന്നാല്‍, യഥാര്‍ഥത്തില്‍ തുടക്കംമുതലേ ചാനല്‍ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരുടെ ഒരു വലിയ വിഭാഗം, അവരൊരുപക്ഷേ, മഹാഭൂരിപക്ഷമായിരിക്കണം ഇതിനകം കൊഴിഞ്ഞുതീര്‍ന്നുകഴിഞ്ഞു. അല്ളെങ്കില്‍, അവര്‍ ടെലിവിഷന്‍ കാണുന്നത് നിര്‍ത്തിയിട്ട് കാലമേറെയായി. ടെലിവിഷന്‍െറ അനന്തസാധ്യതകളെക്കുറിച്ച് ബോധമുള്ളവരായിരുന്നു അവര്‍. ചാനലുകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന പൊതുബോധത്തെക്കുറിച്ചും സാമൂഹികതലത്തില്‍ അത് നിര്‍വഹിക്കേണ്ട കടമകളെക്കുറിച്ചും ബോധ്യമുള്ളവര്‍. അവര്‍ മനസ്സുമടുത്ത് പ്രേക്ഷകസമൂഹത്തില്‍നിന്ന് ചിതറിപ്പോയില്ലായിരുന്നെങ്കില്‍, അവരൊരുമിച്ച് ചാനലുകള്‍ നടത്തുന്ന ജനവിരുദ്ധതക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവാരത്തകര്‍ച്ച ഉണ്ടാകുമായിരുന്നില്ല. ചുരുക്കത്തില്‍, ചാനലുകള്‍ ‘സ്കൂളിങ് (schooling) നടത്തി സൃഷ്ടിച്ചെടുത്ത പ്രേക്ഷകരാണ് ചാനലുകളുടെ സ്ഥിരം പ്രേക്ഷകര്‍. ഈ സ്ഥിരം പ്രേക്ഷകര്‍ക്കുവേണ്ടിയാണ് നിലവിലുള്ള ചാനലുകള്‍ പരിപാടികള്‍ തയാറാക്കുന്നത്. ഇന്ന് വന്നുകൊണ്ടിരിക്കുന്ന ചാനലുകളുടെയും ഇനി വരാന്‍ പോവുന്ന ചാനലുകളുടെയും ടാര്‍ഗറ്റ് പ്രേക്ഷകരും ഇവര്‍ തന്നെയാണ്. ടാര്‍ഗറ്റ് പ്രേക്ഷകര്‍ എന്ന പദപ്രയോഗംതന്നെ ചാനലുകളിലെ കച്ചവടക്കാര്‍ ‘നാണയം’ (coin) ചെയ്തുണ്ടാക്കിയതാണ്. യഥാര്‍ഥ പ്രേക്ഷകര്‍ കളത്തിനു പുറത്താണ്. അവര്‍ നിരാശരാണ്, നിരാശ്രിതരാണ്. അവര്‍ക്ക് ആവലാതിപ്പെടാന്‍ വേദികളില്ല, കേള്‍ക്കാന്‍ ചാനലുകളുമില്ല. അതുകൊണ്ട്, അവരെ തൃപ്തിപ്പെടുത്താനോ പ്രീതിപ്പെടുത്താനോ വേണ്ട പരിപാടികള്‍ ഉണ്ടാക്കപ്പെടുകയോ സംപ്രേഷണം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. അവരാണ് യഥാര്‍ഥത്തില്‍ ‘അവഗണിതേകാന്ത ജീവിതാന്ധര്‍’. ജനാധിപത്യംപോലെതന്നെ അയഥാര്‍ഥമായ ഒരു പ്രഹേളികയാണിത്. ജനാധിപത്യത്തിന്‍െറ സംരക്ഷണക്കായി നിയോഗിക്കപ്പെട്ടവര്‍ ജനാധിപത്യവിരുദ്ധരും ജനാധിപത്യധ്വംസകരുമാവുന്നതുപോലെ. നിയമം സംരക്ഷിക്കേണ്ട കോടതികള്‍ നിയമം തകര്‍ക്കുന്നതുപോലെ. മാധ്യമധര്‍മം നിര്‍വഹിക്കേണ്ടവര്‍ മാധ്യമാധര്‍മികളാവുന്നതും ഇതുപോലെയാണ്. അവര്‍ ജനവിരുദ്ധമായ കച്ചവടയുക്തികള്‍ക്ക് കീഴടങ്ങുന്നു. കൈരളിയെപ്പോലെ സോദ്ദേശ്യത്തോടെ രൂപവത്കൃതമായ ചാനല്‍ അവരുടെ പ്രഖ്യാപിത മാനിഫെസ്റ്റോ  മറന്നതുപോലെ നിലപാടുകള്‍ മാറ്റിനിര്‍ത്തി കച്ചവടയുക്തികള്‍ക്കൊപ്പം ഒഴുകിയതുപോലെ. നിലപാടുകള്‍ക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനിക്കുന്ന ചാനലുകളെയും, അവര്‍ നിലപാടുകള്‍ ശ്രദ്ധാപൂര്‍വം പ്രയോഗിക്കുന്നില്ളെങ്കില്‍ ഈ ദുര്‍വിധി കാത്തുനില്‍ക്കുന്നു.

മൂന്ന്
‘ടാര്‍ഗറ്റ്’ എന്ന കച്ചവടയുക്തിയെ പലതലത്തില്‍ വര്‍ഗീകരിക്കാന്‍ കഴിയും. (i) പ്രായമനുസരിച്ച് ഗ്രൂപ്പുകളാക്കി. (ii) തൊഴില്‍ അനുസരിച്ച് ക്ളാസുകളാക്കി. (iii) ബൗദ്ധിക നിലപാടുകളും നിലവാരങ്ങളും അനസരിച്ച്. (iv) അഭിരുചികള്‍ അനുസരിച്ച്. (v) രാഷ്ട്രീയ ചായ്വുകള്‍ അനുസരിച്ച്. (vi) സ്ത്രീ-പുരുഷ ഗണനയനുസരിച്ച്. (vii) വരുമാന ശ്രേണിയനുസരിച്ച് അടിത്തട്ട്, ഇടത്തട്ട്, മേല്‍ത്തട്ടുമായി.
കച്ചവടക്കാര്‍ക്ക് ഇത്രയും സൂക്ഷ്മതലങ്ങളിലേക്ക് പോകേണ്ട കാര്യമില്ല. അവര്‍ കച്ചവടത്തിനുവേണ്ട ഒരു സമവാക്യം രൂപപ്പെടുത്തിയിട്ടുണ്ട്. ഈ ടാര്‍ഗറ്റ് ഗ്രൂപ്പുകളിലെല്ലാംപെട്ടവരെ ഉള്‍ക്കൊള്ളുന്ന ഒരു സമവാക്യം. അതുകൊണ്ട്, സൗകര്യത്തിനനുസരിച്ച് അവര്‍ പ്രേക്ഷകസമൂഹത്തെ രണ്ടുമൂന്നു കള്ളികളിലാക്കുന്നു. അതനുസരിച്ച് ഒരു കൈക്കണക്കുണ്ടാക്കുന്നു. അടിത്തട്ടുകാരും ഇടത്തട്ടുകാരുമാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും. അതില്‍ത്തന്നെ ഇടത്തരക്കാര്‍ക്കാണ് പ്രാമാണ്യം. അവര്‍തന്നെയാണ് മാര്‍ക്കറ്റിലെ പ്രമുഖ ഉപഭോക്താക്കള്‍. അതുകൊണ്ട്, അവരെ പ്രീതിപ്പെടുത്തലാണ് മുഖ്യം. ഈ ഇടത്തരക്കാരില്‍തന്നെ ഏറ്റവും വലിയ വിഭാഗം സ്ത്രീകളാണ്. വീട്ടില്‍ മുഷിഞ്ഞിരിക്കുന്നവരും വീട്ടിലും പുറത്തും മുഷിഞ്ഞിരിക്കുന്നവരും സാധാരണ മട്ടില്‍ ജീവിതത്തില്‍ സ്തോഭജനകമായ സംഭവങ്ങള്‍ അധികം അനുഭവിക്കാത്തവര്‍. നിത്യജീവിതത്തിലെ ചില പരാധീനതകള്‍ക്കപ്പുറം വലിയ കോളിളക്കമൊന്നും അവരുടെ ജീവിതത്തിലില്ല. അവരാണിന്ന് ചാനലുകളുടെ ‘സ്ഥിരനിക്ഷേപം’ (fixed deposit). ഈ സ്ഥിരനിക്ഷേപം പിന്‍വലിക്കപ്പെടുന്നതിനെയാണ് ചാനലുകള്‍ ഏറെ ഭയപ്പെടുന്നത്. ഈ സ്ഥിര നിക്ഷേപം നിലനിര്‍ത്തുന്നതിനുള്ള കടുംകൈകളാണ് ചാനല്‍പരിപാടികള്‍. അതുകൊണ്ട്, ഓളങ്ങളും ഒഴുക്കുകളും ഇല്ലാത്ത ഇവരുടെ ജീവിതത്തില്‍ സ്തോഭങ്ങള്‍ കാഴ്ചകളാവാന്‍ ചാനലുകള്‍ കൊടും ക്രൂരതകളും സാഹസങ്ങളും തകര്‍ച്ചകളും പീഡനങ്ങളും ലോഭവും മോഹവും ഒക്കെ ഏറ്റവും കൂടുതല്‍ ഡിഗ്രിയിലുള്ള സീരിയലുകള്‍ പടച്ചുകൊടുക്കുന്നു. അതിലൂടെ വീട്ടമ്മമാര്‍ അവരൊരിക്കലും അനുഭവിക്കാത്ത ചില രസങ്ങള്‍ സ്ത്രീകളില്‍നിന്ന് അനുഭവിക്കുന്നു. ആരാന്‍െറ അമ്മയുടെ ഭ്രാന്ത് കാണാന്‍ രസമാണല്ളോ. സംഭവങ്ങളൊന്നുമില്ലാത്ത ജീവിതത്തെ സംഭവബഹുലമാക്കാനുള്ള കുറുക്കുവഴിയാണിത്.
ഒരുപാട് നഷ്ടസ്വപ്നങ്ങളുമായി കഴിഞ്ഞുകൂടുന്നവരാണ് ഈ വീട്ടമ്മമാര്‍. അവരെ അറവിനായി കെട്ടിയിട്ട ‘വീട്ടുമൃഗ’ങ്ങളായിതന്നെയാണ് ചാനലുകാര്‍ കാണുന്നത്. ഇവര്‍ക്കായി നല്‍കുന്ന പ്രതീക്ഷയുടെ പുല്ലും വെള്ളവുമാണ് ‘റിയാലിറ്റിഷോകള്‍.’ ഈ മധ്യവയസ്കരുടെ, അവരാണ് പ്രേക്ഷകസമൂഹത്തിന്‍െറ മുഖ്യഭാഗം, പാടാനും ആടാനുമുള്ള കൗതുകമാണ് റിയാലിറ്റി ഷോകളിലൂടെ ശമിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട, അല്ളെങ്കില്‍, സമൂഹത്തിന്‍െറ യഥാര്‍ഥ നിര്‍മിതിയില്‍ സ്വതന്ത്രമായി പങ്കെടുക്കാന്‍ കഴിയാത്തതിന്‍െറ നിരാശകളാണ് കുടുംബബന്ധങ്ങളിലെ താളംതെറ്റലുകള്‍ എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന പരിപാടികളിലൂടെ നിറഞ്ഞുകവിയുന്നത്. മുറിവുകള്‍ ഉണക്കുന്നതിനുപകരം കൂടുതല്‍ ആഴത്തില്‍ മുറിവുകള്‍ ഉണ്ടാക്കാനാണ്  അതിലൂടെ ആ പരിപാടികളില്‍ പങ്കെടുക്കുന്ന നിയമജ്ഞരും സാമൂഹിക പ്രവര്‍ത്തകരും മനഃശാസ്ത്രജ്ഞരും ശ്രമിക്കുന്നത്. ഇങ്ങനെ സ്ത്രീകള്‍ക്കുമാത്രമായി രൂപകല്‍പനചെയ്യപ്പെടുന്ന പരിപാടികളാണ് ചാനലുകളുടെ ഭൂരിഭാഗം സമയത്തിലുമുള്ളത്.
അവര്‍ക്ക് മാത്രമായി ഇടം  ഒരുക്കിയെടുക്കാനായി ഇടത്തരക്കാരായ ഈ സ്ത്രീപ്രേക്ഷക സമൂഹം  കുട്ടികളുടെ പഠനത്തിന് വിഘ്നമുണ്ടാകുമെന്ന കാരണം പറഞ്ഞ് കുട്ടികളെ ഇരിപ്പുമുറികളില്‍നിന്ന് ഓടിക്കുന്നു. കുട്ടികള്‍ പ്രേക്ഷകരല്ലാതെയാകുമ്പോള്‍ കുട്ടികള്‍ക്കുവേണ്ടി പരിപാടികള്‍ തയാറാക്കേണ്ട കാര്യവുമില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിലും തുടര്‍വിദ്യാഭ്യാസത്തിലും ഇടപെടേണ്ട ഒരു മാധ്യമമായിരുന്നു ടെലിവിഷന്‍. വിദ്യാഭ്യാസ യത്നങ്ങളില്‍ ഇടപെടേണ്ടത് അവരുടെ മാധ്യമ ധര്‍മവുമായിരിക്കുന്നു. തുടക്കത്തില്‍, കുട്ടികള്‍ക്കുവേണ്ടി ചില ചാനലുകള്‍ ചില പരിപാടികള്‍ ചെയ്യാറുണ്ടായിരുന്നെങ്കിലും കാലക്രമേണ അതൊക്കെ നിലച്ചു. ഇപ്പോള്‍, കുട്ടികളുടെ പേരില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന പരിപാടികള്‍ കുട്ടികള്‍ വലിയവായില്‍ സംസാരിക്കുന്ന ചില ഫോണ്‍ ഇന്‍ പ്രോഗ്രാമുകളും ചലച്ചിത്രഗാനപരിപാടികളുമാണ്. ചാനലുകളുടെ മൊത്തം പരിപാടികള്‍ സ്ത്രീകള്‍ക്കുവേണ്ടി മാത്രമുള്ളതായതോടെ സമൂഹത്തില്‍ ഏറ്റവും അവശതയനുഭവിക്കുന്ന ജനവിഭാഗമെന്ന നിലയില്‍ അവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും വിലയിരുത്തുന്ന  പരിപാടികള്‍ക്ക് സ്ഥാനമില്ലാതായി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികള്‍ ‘ചമക്കല്‍’ മാത്രമായി. ശരീരം അണിയിച്ചൊരുക്കലും അടുക്കളയില്‍ വിഭവങ്ങള്‍ ചമച്ചൊരുക്കലും. ഇതില്‍നിന്നൊക്കെ വ്യത്യസ്തവും യഥാര്‍ഥവും പലപ്പോഴും വിചിത്രവുമായ സ്ത്രീജീവിതം തമസ്കരിക്കപ്പെട്ടു. പ്രാദേശിക തലങ്ങളില്‍ 50 ശതമാനം ഭരണവും സ്ത്രീകള്‍ കൈയാളുന്ന ഈ കാലത്തുപോലും അവരുടെ പൊതുജീവിതം ചാനലുകള്‍ക്ക് ഒരു വിഷയമേയല്ല. അത്തരം സവിശേഷമായ സാഹചര്യം മലയാളികളുടെ ജീവിതത്തിലുണ്ടായ സാമൂഹിക -രാഷ്ട്രീയ പരിതോവസ്ഥകള്‍ ചാനലുകളുടെ പരിഗണനയിലെങ്ങുമില്ല. ഇത്തരം അവസ്ഥകള്‍ ചാനലുകള്‍ക്ക് കോമഡികളോ വളിച്ച ഹാസ്യപരിപാടികളോ പടക്കാനുള്ള അസംസ്കൃത വിഭവങ്ങള്‍ മാത്രമാണ്.

നാല്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ കേരളീയര്‍ ഒരുള്‍വിളിയോടെ തിരിച്ചറിഞ്ഞ അനുഭവപരിസരവും സാക്ഷ്യവും പരിസ്ഥിതിയാണ്. ഏറ്റവുമേറെ ചര്‍ച്ചചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്നപരിസരവും പരിസ്ഥിതിതന്നെയാണ്. വാര്‍ത്തകളില്‍ ആരെയെങ്കിലും കുറ്റപ്പെടുത്താനോ അവഹേളിക്കാനോ വേണ്ടിയുള്ള ഒരു ‘പൊടിക്കൈ’ മാത്രമായി ഈ വിഷയം ചുരുങ്ങി. സെന്‍സേഷന്‍ ഉണ്ടാക്കാനായുള്ള ഒരു ‘വഴിമരുന്ന്’ ആയി ഇതുമാറി. ഇതുപോലെ ചാനലുകളില്‍ ഇടംകിട്ടാതെപോയ വിഷയങ്ങളാണ് ശാസ്ത്രവും ആധുനിക സാങ്കേതികരംഗവും. ശാസ്ത്രരംഗത്തെ മുന്നേറ്റങ്ങള്‍ പരിപാടികളായി രൂപകല്‍പന ചെയ്യപ്പെടുന്നില്ല. ഇങ്ങനെ ചാനലുകളുടെ  പരിഗണനയില്‍ ഇടംകിട്ടാത്ത ഒരുപാട് ജീവിതമേഖലകളും കര്‍മമേഖലകളുമുണ്ട്.
‘സ്വത്വം’ എന്ന പദവും ആശയവും ചാനല്‍ ചര്‍ച്ചകളില്‍ വെറും പൊയ്വെടിക്കെട്ടാണ്. ‘സ്വത്വവിചാരം’ മുന്നോട്ടുവെക്കുന്ന സാമൂഹികവും രാഷ്ട്രീയവും മാനസികവും അനുഷ്ഠാനപരവുമായ നാനാതരം സമസ്യകളെ ഗൗരവപൂര്‍വം സമീപിക്കാന്‍ നമുക്കാവുന്നില്ല. അതിന്‍െറ നാനാര്‍ഥങ്ങളിലേക്കും സൈദ്ധാന്തികമായ നിലപാടുതറകളിലേക്കും കടന്നുചെല്ലാന്‍ നമ്മള്‍ ഭയക്കുന്നു. സ്വത്വബോധത്തിന്‍െറ മാനവികമായ പരിപ്രേക്ഷ്യത്തെ കാണാന്‍ നമ്മള്‍ കൂട്ടാക്കുന്നില്ല.
ചാനലിന്‍െറ വിഷയനിര്‍ണയങ്ങളില്‍ എപ്പോഴും പിന്തള്ളപ്പെടുന്ന ജനവിഭാഗങ്ങളാണ് ന്യൂനപക്ഷം. അവരര്‍ഹിക്കുന്ന ഇടം ചാനലുകളില്‍ അവര്‍ക്ക് ലഭിക്കുന്നില്ല. ജനാധിപത്യഭൂമികയില്‍ അവര്‍ക്ക് ലഭിക്കുന്ന ഇടമോ അരക്ഷിതമായ അവരുടെ സാമൂഹികപദവിയോ ജീവിതമോ പരാമര്‍ശവിഷയമാകുന്നില്ല. ഭൂരിപക്ഷസമുദായത്തിന്‍െറ വിദ്വേഷങ്ങളെ പ്രീതിപ്പെടുത്താന്‍ മാത്രമാണ് അവര്‍ ചാനല്‍പരിപാടികളില്‍ സ്ഥാനംപിടിക്കുന്നത്. അവര്‍ നടത്തുന്ന ചെറുത്തുനില്‍പുകളെ മതസൗഹാര്‍ദത്തിന്‍െറയും മതനിരപേക്ഷതയുടെയും സൗകര്യങ്ങളുപയോഗിച്ച് വിധ്വംസകപ്രവര്‍ത്തനങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. പൊതുധാര, പൊതുനിയമം, പൊതുനിഷ്ഠ എന്നൊക്കെയുള്ള അയഥാര്‍ഥമായ അന്യായങ്ങളില്‍ അവര്‍ ക്രൂശിക്കപ്പെടുകയും അവരുടെ യഥാര്‍ഥ നിലപാടുകളും പൊതുജീവിതത്തോട് അവര്‍ക്കുള്ള പ്രതിബദ്ധതയും തമസ്കരിക്കപ്പെടുന്നു. ന്യൂനപക്ഷ സമൂഹങ്ങളുടെ യഥാര്‍ഥ ഉണ്‍മയും പൊരുളും തിരിച്ചറിയേണ്ടതും പറഞ്ഞുറപ്പിക്കേണ്ടതും മാധ്യമധര്‍മമാണ്. ഈ ന്യൂനപക്ഷ സമൂഹങ്ങളുടെ ആശങ്കകള്‍ പങ്കുപറ്റുന്ന അവഗണിതജനവിഭാഗമാണ് ദലിതരും ആദിവാസികളും. അവര്‍ക്കും ചാനലുകളുടെ പ്രേക്ഷകബാങ്കില്‍ സ്ഥിരനിക്ഷേപമില്ല.
ഇതുപോലെ അവഗണിക്കപ്പെടുന്ന മേഖലയാണ് നാടകവും നാടന്‍കലകളും അനുഷ്ഠാന കലകളും. പണ്ടൊക്കെ ചില ചാനലുകളില്‍ ഇതിനൊക്കെ ഇത്തിരിയിടംകിട്ടിയിരുന്നു. ഇത്തരം പരിശ്രമങ്ങള്‍ കൂടിയതോതില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ നടക്കുന്ന ഇക്കാലത്ത് ഇതൊക്കെ ചാനലിന് പുറത്തായി.
 കൈരളിക്കുശേഷം ബഹുജന പങ്കാളിത്തത്തോടെ പിറന്ന എല്ലാ ചാനലുകളുടെയും സാമ്പത്തിക അടിസ്ഥാനം പ്രധാനമായും പ്രവാസികള്‍ ഉറപ്പിച്ചതാണ്. മാത്രമല്ല, കേരളത്തിന്‍െറ ഏറ്റവും വലിയ വര്‍ത്തമാനസാന്നിധ്യവും പ്രവാസികളാണ്. പ്രവാസികള്‍ക്ക് എന്തിനമാണ് ഈ ചാനലുകള്‍ നല്‍കിയതെന്ന് ഈ അവസരത്തില്‍ ആലോചിക്കുന്നത് നല്ലതാണ്.

അഞ്ച്
ടെലിവിഷന്‍ ചാനലുകള്‍പോലെയോ ചിലപ്പോഴൊക്കെ അതിനെക്കാളേറെയോ പ്രേക്ഷകരെ വിനോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന വിനോദവ്യാപാരമേഖലയാണ് സിനിമയും. മലയാളിയെ സംബന്ധിച്ചിടത്തോളം അവന്‍െറ ജീവിതത്തിന്‍െറ താളക്രമവും അനുഭവ ആശയലോകവും സിനിമയാണ്. അതുകൊണ്ടുതന്നെ ചാനലുകള്‍ക്ക് ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ കിട്ടുന്നത് സിനിമയില്‍നിന്നും സിനിമാപരിപാടികളില്‍നിന്നുമാണ്. അതുകൊണ്ട് വാര്‍ത്താധിഷ്ഠിത പരിപാടികളുടെ മസാലക്കൂട്ടുപോലും കച്ചവടസിനിമയുടെ മസാല വടിച്ചെടുത്ത് ചേര്‍ത്തതാണ്. അതുകൊണ്ട് ഒരു ചാനലിനും സിനിമയെ തള്ളിക്കളയാനാവില്ല. എല്ലാ കലാശ്രമങ്ങളും സിനിമയിലേക്കുള്ള ചവിട്ടുപടിയായി പ്രേക്ഷകലക്ഷങ്ങള്‍ കണക്കാക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. സിനിമയുടെ സ്വര്‍ഗകവാടം തേടിയുള്ള കൂട്ടപ്പാച്ചിലിലാണ് എല്ലാവരും. സിനിമയുടെയും ടെലിവിഷന്‍െറയും ദൗത്യം വ്യത്യസ്തമാണെന്ന കാര്യം നമ്മളിതിനിടയില്‍ വിസ്മരിക്കുന്നു. കച്ചവടസിനിമകളുടെ സബ്സിഡിയറി യൂനിറ്റാണ് ഇന്ന് എല്ലാ ചാനലുകളും. കച്ചവടസിനിമകളെ മാര്‍ക്കറ്റ് ചെയ്യലായിരിക്കുന്നു ഇന്ന് ചാനലുകളുടെ ദൗത്യം. അതുകൊണ്ടുതന്നെ നമ്മുടെ സാമൂഹികമായ ഉത്സവങ്ങളെ നയിക്കുന്നവര്‍ താരരാജാക്കന്മാരായി മാറുന്നു. ചീത്ത സിനിമകളില്‍നിന്ന് രക്ഷപ്പെട്ട് ഇരിപ്പുമുറികളില്‍ അഭയംപ്രാപിക്കുന്ന പാവപ്പെട്ട പ്രേക്ഷകരെ താരചക്രവര്‍ത്തിമാര്‍ ഇരിപ്പുമുറികളിലേക്ക് കടന്നാക്രമിച്ച് കീഴ്പ്പെടുത്തുന്നു. നമ്മുടെ രാഷ്ട്രീയക്കാര്‍ ചില സിനിമാ അടവുകള്‍ പഠിച്ചതോടെ താരങ്ങളുടെ റേറ്റിങ് അല്‍പം താഴ്ന്നിട്ടുണ്ട്. ‘‘പാണ്ടന്‍നായുടെ പല്ലിന് ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല. പണ്ടിവനൊരു കടിയാല്‍’’ പല പുലികളെയും കടിച്ചിട്ടുണ്ട്. കാണികളില്‍നിന്നുയരുന്ന ഈ ‘അപായസൂചന’ താരങ്ങള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്കു നല്ലത്.
ഈ പ്രശ്നഭൂമികയിലേക്കാണ് ‘മാധ്യമം ബ്രോഡ്കാസ്റ്റിങ്’ കോര്‍പറേഷന്‍െറ രൂപകല്‍പനയിലുള്ള ‘മീഡിയാവണ്‍’ ടെലിവിഷന്‍െറ പൊരുള്‍ തിരയേണ്ടതും നിര്‍വഹിക്കേണ്ടതും. എന്തൊക്കെ സാധ്യമല്ല എന്നതിനെക്കുറിച്ചല്ല ഞങ്ങളുടെ ഉത്കണ്ഠകള്‍. എന്തൊക്കെ സാധ്യമാവും എന്നതാണ് ഞങ്ങളുടെ പ്രത്യാശകള്‍. എത്രയൊക്കെ സാധ്യമാവും എന്ന പരിഭവം ഞങ്ങള്‍ക്കില്ല. എല്ലാം സാധ്യമാക്കുക എന്നതാണ് നയം. എല്ലാ നടപ്പുരീതികള്‍ക്കുമെതിരെ പൊരുതുക എന്നത് ശ്രമസാധ്യമാണെന്നുതന്നെയാണ് ഞങ്ങള്‍ കരുതുന്നത്.

Blogger templates

.

ജാലകം

.