ഐ.സി.യുവില്‍നിന്ന് അരങ്ങത്തേക്ക് , ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’ -6

ചോര കണ്ടുതുടങ്ങിയ സമരങ്ങള്‍ ചരിത്രം കുറിച്ചാണ് അവസാനിക്കാറ്. മുംബൈയിലെ സഹപ്രവര്‍ത്തകയുടെ ചോരയില്‍നിന്നുയര്‍ന്ന നഴ്സുമാരുടെ സമരം ഇന്ന് നവമാധ്യമങ്ങളിലൂടെ വളര്‍ന്ന് ഇന്ത്യയിലെ ‘മുല്ലപ്പൂ വിപ്ളവ’മാവുകയാണ്. ഭൂമിയോളം സഹിച്ചുകഴിയുമ്പോള്‍ ‘ഭൂമിയിലെ മാലാഖമാരും’ ഭൂകമ്പപ്രഭവകേന്ദ്രമാവുകയാണ്. സത്യത്തില്‍,  കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളും ആഞ്ഞുപടരുന്ന  തീക്കാറ്റുകണ്ട് അമ്പരന്നു നില്‍ക്കുകയാണ്.  ഇനിയും കൂടുതല്‍ കോളജുകളില്‍ ഈ നിസ്സഹായരുടെ സമരം പടരുമെന്ന് ഉറപ്പ്. കാരണം, അവര്‍ക്കിത് അതിജീവനത്തിന്‍െറ അവസാനത്തെ അത്താണിയാണ്.  
ഹൈബി ഈഡന്‍ VS വെള്ളാപ്പളളി
സംഘടനകൊണ്ട് ശക്തരാകാന്‍ മലയാളിയെ പഠിപ്പിച്ച ശ്രീനാരായണഗുരുവിന്‍െറ പേരിലുള്ള ശ്രീനാരായണ ട്രസ്റ്റിന്‍െറ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലായിരുന്നു കേരളത്തില്‍ ആദ്യമായി നഴ്സുമാരുടെ സംഘടിതശക്തി സമരത്തിലൂടെ പ്രകടമായത്. മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ആശുപത്രികളിലൊന്നായിരുന്നു ഇത്. ഒപ്പം, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കുകയും ചെയ്തു.  എന്നാല്‍,      ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത് വളരെകുറച്ചുപേര്‍ക്ക് മാത്രവും.
 മുഴുവന്‍ നഴ്സുമാര്‍ക്കും മിനിമം വേതനം നല്‍കണമെന്നും ജോലി സമയം എല്ലാവര്‍ക്കും എട്ടുമണിക്കൂറായി നിജപ്പെടുത്തണമെന്നുമാവശ്യപ്പെട്ടാണ് ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നഴ്സസ് അസോസിയേഷന്‍ ശങ്കേഴ്സില്‍ സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധദിനം ആചരിച്ച നഴ്സുമാരെ ആശുപത്രി അധികൃതര്‍ ഗേറ്റിന് പുറത്താക്കി. അതോടെ, എസ്.എന്‍.ഡി.പി യൂത്ത്മൂവ്മെന്‍റിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍  സമരക്കാരെ ചോദ്യം ചെയ്ത് രംഗത്തെത്തി. തുടര്‍ന്ന്, നടുറോഡില്‍ കേരളത്തില്‍ അത്യപൂര്‍വമായി കണ്ടിട്ടുള്ള സ്ത്രീകള്‍ക്ക് നേരെയുള്ള ഗുണ്ടാ ആക്രമണമായിരുന്നു. ഗര്‍ഭിണിയായ ഒരു നഴ്സിനെ വരെ അവര്‍ ആക്രമിച്ചു.   എന്നിട്ടും, കാര്യമായ പ്രതികരണങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ആശുപത്രി മാനേജ്മെന്‍റായ സമുദായ സംഘടനയെ പിണക്കാനുള്ള ഭയം തന്നെയായിരുന്നു ഇതിന് പിന്നിലെന്ന് വ്യക്തം.
സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ചുകൂട്ടിയയോഗത്തില്‍ മാനേജ്മെന്‍റ് പോകേണ്ടതില്ളെന്ന നിലപാടായിരുന്നു ആശുപത്രിയില്‍ നിലവിലുള്ള ട്രേഡ് യൂനിയനുകളുടെത്. എന്നാല്‍, കിട്ടിയ അവസരം കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും പാഴാക്കിയില്ല. ഡി.സി.സി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ഡി.സി.സി ഓഫിസില്‍ വെച്ച് എസ്.എന്‍ മെഡിക്കല്‍ മിഷന്‍ ചെയര്‍മാന്‍ കൂടിയായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണില്‍ വിളിച്ചു; അതോടെ സമരം അവസാനിപ്പിച്ചതായി വാര്‍ത്താസമ്മേളനവും നടത്തി. ഇതിന് തൊട്ടുമുമ്പ് സമരക്കാരുമായി യാതൊരു ചര്‍ച്ചയുമില്ളെന്നാണ് മാനേജ്മെന്‍റ് വ്യക്തമാക്കിയത്. പിന്നെ എന്തുറപ്പിന്‍െറ പേരിലാണ് സമരം അവസാനിപ്പിച്ചതെന്ന് ഇന്നും അജ്ഞാതം. ഇതിന് രണ്ടുദിവസത്തിനുശേഷം വെള്ളാപ്പള്ളി കൊല്ലത്തെത്തി ചോദിച്ചത്, അസോസിയേഷന്‍ പ്രസിഡന്‍റ് ഹൈബി ഈഡന്‍െറ മതാധ്യക്ഷന്മാര്‍ നടത്തുന്ന ആശുപത്രികള്‍ക്കെതിരെ എന്താണ് സമരം നടത്താത്തതെന്നാണ്. ഏതായാലും അഞ്ചുദിവസം നീണ്ട സമരം പ്രത്യക്ഷത്തില്‍ ഒന്നുംനേടാതെ അവസാനിക്കുകയായിരുന്നു. ഐ.എന്‍.ടി.യു.സിക്കാര്‍ക്ക് ഒരു സംഘടന കിട്ടി എന്നതുമാത്രമായി സമരത്തിന്‍െറ ബാക്കിപത്രം.  

മീയണ്ണൂരിലെ
വെന്നിക്കൊടി
അടുത്ത സമരം കൊല്ലം മീയണ്ണൂര്‍ അസീസിയാ മെഡിക്കല്‍ കോളജിലായിരുന്നു.  രജിസ്ട്രേഡ് നഴ്സസ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ തന്നെയായിരുന്നു ഇവിടുത്തെയും സമരം. ചില നഴ്സുമാരെ മെഡിക്കല്‍ കോളജിന്‍െറ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായിരുന്നു  പെട്ടന്നുണ്ടായ കാരണം.
 ഹൈകോടതി ഉത്തരവിന്‍െറ ബലത്തില്‍ നഴ്സുമാരെ ആശുപത്രി കോമ്പൗണ്ടില്‍നിന്ന് പുറത്താക്കാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ആദ്യസമരത്തില്‍ നിന്നു വ്യത്യസ്തമായി ഈ സമരവുമായി സഹകരിക്കാന്‍ തുടക്കംമുതല്‍ യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. ഇവിടെയും സാമുദായിക സംഘടനകള്‍ ആശുപത്രിക്ക് അനുകൂലമായി സജീവമായി രംഗത്തുവന്നു. ഏതായാലും 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കാന്‍ ഇടപെട്ടത് കെ.പി.സി.സി പ്രസിഡന്‍റായിരുന്നു. ആദ്യ സമരം യാതൊരു കരാറുമില്ലാതെയാണ് തീര്‍ന്നതെങ്കില്‍ രണ്ടാമത്തെ സമരം അവസാനിച്ചത് നാല് വ്യവസ്ഥകള്‍ എഴുതി ഉറപ്പിച്ച് മാനേജ്മെന്‍റും സമരക്കാരും മധ്യസ്ഥരും ഒപ്പിട്ട കരാറോടെയാണ്.

മുട്ടുമടക്കിയ
മുത്തൂറ്റ്
ഇനി പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലേക്ക്.നഴ്സുമാര്‍ ഒന്നടങ്കം പണിമുടക്കിയതോടെ മുത്തൂറ്റ് ആശുപത്രി അടച്ചിടേണ്ടിവന്നു. ബോണ്ട് വ്യവസ്ഥയില്‍ ജോലിചെയ്ത 25 നഴ്സുമാരെ പിരിച്ചുവിട്ടതിനെതിരെ അവര്‍ തുടങ്ങിയ സമരത്തില്‍ ആശുപത്രിയിലെ നഴ്സുമാര്‍ ഒന്നടങ്കം ആദ്യദിനത്തില്‍ തന്നെ പങ്കാളികളാകുകയായിരുന്നു. കൊല്ലത്തും കൊച്ചിയിലും പണിമുടക്കിയ നഴ്സുമാരെ മാനേജ്മെന്‍റുകള്‍ തല്ലി ഒതുക്കിയ കഥകളുടെ ചൂടാറും മുമ്പ് പത്തനംതിട്ടയില്‍ തുടങ്ങിയ പണിമുടക്കില്‍ അതുപോലൊരുഗതി തങ്ങള്‍ക്കുണ്ടാകരുതെന്ന ഐക്യദാര്‍ഢ്യവുമായി നഴ്സുമാര്‍ ഒന്നടങ്കം അണിനിരന്നപ്പോള്‍ അതിനുമുന്നില്‍ മുട്ടുമടക്കുകയല്ലാതെ മാനേജ്മെന്‍റിന് മറ്റ് മാര്‍ഗമില്ളെന്നായി. അങ്ങനെ നാലാം ദിനത്തില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ മാനേജ്മെന്‍റ് അംഗീകരിച്ച് പണിമുടക്ക് ഒത്തുതീര്‍ത്തു.

മദര്‍ ഒടുവില്‍
ഫ്രന്‍ഡാകുന്നു
തൃശൂര്‍ മദര്‍ ആശുപത്രിയിലെ 240 നഴ്സുമാരും  300 നഴ്സിങ് വിദ്യാര്‍ഥികളും മറ്റുജീവനക്കാരും ഒറ്റക്കെട്ടായി പണിമുടക്കിയപ്പോള്‍ രണ്ടാംമണിക്കൂറില്‍ മാനേജ്മെന്‍റിനു കണ്ണുതുറക്കേണ്ടിവന്നു. മാനേജ്മെന്‍റിന്‍െറ തൊഴില്‍ ദ്രോഹത്തിനൊപ്പം പ്രമുഖനായ ഒരു ഡോക്ടറുടെ പീഡനമാണ് മദറിലെ മുംബൈ മോഡല്‍ സമരത്തിന് കാരണമായത്. ‘രോഗികള്‍ക്ക് മുന്നില്‍ വെച്ചുള്ള കുത്തുവാക്കുകളും അസഭ്യവര്‍ഷവും മനോനിലതന്നെ തെറ്റിക്കുകയാണ്. രാവിലെ ഡോക്ടര്‍മാരുടെ സന്ദര്‍ശനം കഴിയുമ്പോഴേക്കും തങ്ങളുടെ ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നശിച്ചിരിക്കും. പ്രതികരിച്ചാല്‍ പണി പോകുമെന്നുമാത്രമല്ല, ഒരാശുപത്രിയിലേക്കും കയറ്റാത്തവിധം അപവാദ പ്രചാരം നടത്താനും ഇവര്‍ക്ക് ആളുകളുണ്ട്’-നഴ്സുമാര്‍ വിവരിച്ചു.
സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച അടിസ്ഥാന ശമ്പളം ഡിസംബറിലെ ശമ്പളത്തിനൊപ്പം നല്‍കാമെന്ന് സമരക്കാര്‍ക്ക് മദര്‍ മാനേജ്മെന്‍റ് ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റ് സമ്പ്രദായം 60 ദിവസത്തിനകം നടപ്പാക്കാമെന്നും സമ്മതിച്ചു. ബോണ്ട് വ്യവസ്ഥ പരിപൂര്‍ണമായും നിര്‍ത്തലാക്കും. ഒരു വര്‍ഷം സേവനം നടത്തിയവരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചിരുന്നു.
പക്ഷേ, ചിലയിടത്തൊക്കെ സമരം വിജയിച്ചു എന്നതുകൊണ്ട് മാനേജ്മെന്‍റുകള്‍ അടങ്ങുമെന്ന് കരുതേണ്ട. അമൃതയിലടക്കം പ്രതികാര നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഏറ്റവുമൊടുവില്‍ നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍െറ(യു.എന്‍.എ)  നോട്ടീസ് കൈപറ്റിയ  തൃശൂരിലെ ആശുപത്രി മാനേജ്മെന്‍റ് തൊട്ടടുത്ത ഗുണ്ടാതാവളത്തില്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്. മധ്യകേരളത്തിലെ ഗുണ്ടകളുടെയും കൊലപാതകികളുടെയും ‘ഷെല്‍ട്ടര്‍’ എന്ന് കുപ്രസിദ്ധിയുള്ള ചിയ്യാരത്താണത്രേ ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നത്.
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ബി.എസ്സി നഴ്സിങ്   പഠനം പൂര്‍ത്തിയാക്കിയ 49 വിദ്യാര്‍ഥികളെ പുറത്താക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.  തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ രണ്ട് പുരുഷ നഴ്സുമാരോട് സ്വയം പിരിഞ്ഞുപോവാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരിക്കയാണ്.  24  മണിക്കൂറിനകം തീരുമാനം പിന്‍വലിച്ചില്ളെങ്കില്‍ മുഴുവന്‍ ജീവനക്കാരും സമരത്തിനിറങ്ങാനാണ്  യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍െറ തീരുമാനം.
ആണ്‍കുട്ടികളുടെ വരവോടെയാണ് നഴ്സിങ് മേഖലയില്‍ പ്രതിഷേധത്തിന്‍െറ ശബ്ദം ഉയര്‍ന്നു തുടങ്ങിയത്. ഇതോടെ മിക്ക ആശുപത്രികളും ആണ്‍കുട്ടികളെ ജോലിക്കെടുക്കാന്‍ തയാറാവുന്നില്ല. പെണ്‍കുട്ടികള്‍ മാത്രമാണെങ്കില്‍ അവരെ എങ്ങനെയും കൈകാര്യം ചെയ്യാമെന്ന കണക്കുകൂട്ടലാണ് ഈ തീരുമാനത്തിനു പിന്നില്‍.
അങ്ങനെയാണെങ്കില്‍ പുരുഷ നഴ്സുമാരുടെ ശക്തമായ സമരത്തിനും കേരളം സാക്ഷിയാവും.അതിലേക്കൊക്കെ എത്തിക്കുന്നതിനുമുമ്പ് സര്‍ക്കാറില്‍ നിന്ന് ശക്തമായ നടപടി; ഏവരും കാത്തിരിക്കുന്നത് അതിനാണ്.

(അവസാനിച്ചു)

 റിപ്പോര്‍ട്ട്: സി.എ.എം കരീം, കെ.പി റജി, അജിത് ശ്രീനിവാസന്‍, ബാബുചെറിയാന്‍, ബിനു.ഡി.രാജ, ജിഷ എലിസബത്ത്, വത്സന്‍ രാമംകുളത്ത് ഏകോപനം: എം.ഋജു

Google+ Followers

Blogger templates

.

ജാലകം

.