പത്തനംതിട്ടക്കാരനായ സാം മാത്യു (പേര് യഥാര്‍ഥമല്ല) രണ്ടുവര്‍ഷം മുമ്പാണ് ബി.എസ്സി നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയത്. ആറു ലക്ഷത്തോളം രൂപ വായ്പയെടുത്താണ് പഠനച്ചെലവുകള്‍ നിര്‍വഹിച്ചത്. കഷ്ടപ്പെട്ട് ജോലി സമ്പാദിച്ചെങ്കിലും 2000-3000 രൂപയായിരുന്നു ശമ്പളം. ചെലവു പോലും നടക്കാത്ത അവസ്ഥ. വായ്പ തിരിച്ചടക്കാന്‍ ബാങ്കുകാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെ സാം ഒടുവില്‍ ഏറെ ഇഷ്ടപ്പെട്ട ജോലിയോട് വിട പറഞ്ഞു. വീട്ടില്‍ത്തന്നെ കോഴി ഫാം തുടങ്ങിയാണ് അയാള്‍ കടം വീട്ടാന്‍ വഴി കണ്ടെത്തിയത്!
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കടക്കെണി അലട്ടാന്‍ തുടങ്ങിയതോടെ നഴ്സിങ് വിട്ടു മറ്റു മേഖലകളിലേക്കു ചേക്കേറുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കൊക്കോയുടെയും വാനിലയുടെയും ഗതിയാണ് ഈ മേഖലക്കെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന എസ്.എം.എസ് ഫലിതം.
തൊഴില്‍ ചൂഷണത്തിന്‍െറ ദാരുണകഥകള്‍ക്കുമപ്പുറം നഴ്സിങ് മേഖല കൊടിയ ദുരന്തത്തിനു കാതോര്‍ക്കുകയാണ്. പഠനത്തിനു കൈത്താങ്ങായ വിദ്യാഭ്യാസവായ്പയുടെ ശ്വാസംമുട്ടിക്കുന്ന നീരാളിപ്പിടിത്തം കേരളത്തില്‍ ആസന്നഭാവിയില്‍ വന്‍ സാമൂഹിക ദുരന്തത്തിനാവും ഇടയാക്കുക. മൂന്നും നാലും ലക്ഷം രൂപ വായ്പയെടുത്താണ് ഭൂരിപക്ഷംപേരും നഴ്സിങ് പഠനത്തിന്‍െറ ചെലവുകള്‍ക്കു വഴി കണ്ടെത്തിയിരിക്കുന്നത്. ജോലിയില്‍ ചേര്‍ന്നശേഷമോ പഠനം കഴിഞ്ഞ് ആറു മാസത്തിനുശേഷമോ ഏതാണോ ആദ്യം അപ്പോള്‍ വായ്പ തിരിച്ചടവ് തുടങ്ങണം. ലക്ഷം രൂപക്ക് ഏതാണ്ട് 2000 രൂപക്കു മേല്‍ തിരിച്ചടച്ചാലേ സമയബന്ധിതമായി കടം വീട്ടാനാവൂ. പക്ഷേ, തുച്ഛമായ ശമ്പളത്തില്‍നിന്നു മിച്ചംവെച്ച് വായ്പ തിരിച്ചടക്കാന്‍ കഴിയുന്നവര്‍ അപൂര്‍വമാണ്. പിഴപ്പലിശകൂടി ചുമത്തുന്നതിനാല്‍ ഓരോ ഗഡു മുടങ്ങുമ്പോഴും കടക്കെണിയുടെ ഭാരം കൂടിക്കൊണ്ടിരിക്കുകയാണ്.
കടം എഴുതിത്തള്ളിയേക്കുമെന്ന അഭ്യൂഹം ഇതിനിടെ തിരിച്ചടവില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. വായ്പാതുകയേക്കാള്‍ പലിശ അധികരിച്ച ചിലയിടങ്ങളില്‍ റവന്യൂ റിക്കവറി നടപടിക്ക് നീക്കം തുടങ്ങിയിട്ടുമുണ്ട്. ഇന്ത്യന്‍ നഴ്സസ് പേരന്‍റ്സ് അസോസിയേഷന്‍ മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് കടത്തിന്‍െറ പത്തിലൊന്ന് ഒറ്റത്തവണയായി അടക്കാനും ശേഷിക്കുന്ന തുക 50 ഗഡുക്കളായി അടക്കാനും ധാരണയായിട്ടുണ്ടെന്ന് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്‍റ് കെ.ജെ. ജോസഫ് പറഞ്ഞു. എന്നാല്‍, ഈ വ്യവസ്ഥ പലയിടത്തും ലംഘിക്കപ്പെടുന്നുമുണ്ട്. മൂലമറ്റത്തെ ബാങ്കില്‍ 3.3 ലക്ഷം വായ്പയുള്ളയാള്‍ ഈ ധാരണപ്രകാരം ഒറ്റത്തവണ 33,000 രൂപ അടച്ചാല്‍ മതിയെന്നിരിക്കെ ബാങ്ക് 42,000 രൂപ ഈടാക്കിയെന്നാണു പരാതി.
കടക്കെണിയില്‍ 9
ലക്ഷംപേര്‍
സംസ്ഥാനത്തെ 11 ലക്ഷം നഴ്സുമാരില്‍ ഒമ്പതുലക്ഷവും വിദ്യാഭ്യാസ വായ്പയുടെ ഭാരം പേറുന്നവരാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഏതാണ്ട് 4000 കോടിയോളം വരും ഈ തുക. കാര്‍ഷിക വായ്പ തീര്‍ത്ത അമിതസമ്മര്‍ദം കൂട്ട കര്‍ഷക ആത്മഹത്യകള്‍ക്കു പ്രേരണയായ സാഹചര്യം ഇവിടെയും ഉടലെടുത്തേക്കാമെന്നാണ് ഈരംഗത്തു പഠനം നടത്തുന്നവര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വിദ്യാഭ്യാസ വായ്പക്കു സര്‍ക്കാര്‍ പലിശ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 2010നുശേഷമുള്ള വായ്പകള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാവുന്നത്. ഇപ്പോള്‍ 12 മുതല്‍ 17 ശതമാനം വരെ പലിശയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്നത്. കടക്കെണിയില്‍ കുടുങ്ങിയവരുടെ പലിശയെങ്കിലും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറായാല്‍ പ്രതിസന്ധിക്കു വലിയൊരളവോളം പരിഹാരം കാണാന്‍ കഴിയും. പക്ഷേ, ഇതു കേന്ദ്ര വിഷയമാണെന്നു പറഞ്ഞു കൈ കഴുകുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്.
സഹകരണ ബാങ്കുകളും പിന്നാക്ക വികസന കോര്‍പറേഷനും മറ്റും നല്‍കിയ വായ്പയുടെ പലിശ എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാറിനു കഴിയുമെന്നും അങ്ങനെ അവര്‍ മാതൃക കാട്ടണമെന്നുമാണ് രക്ഷിതാക്കളുടെ സംഘടന ആവശ്യപ്പെടുന്നത്. കര്‍ഷക ആത്മഹത്യപോലെ താമസിയാതെ നഴ്സിങ് പഠനത്തിന് പോയ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടം കയറി ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവാന്‍ പോവുകയാണെന്ന് ഇന്ത്യന്‍ നഴ്സസ് പേരന്‍റ്സ് അസോസിയേഷന്‍ തിരുവല്ല താലൂക്ക് സെക്രട്ടറി മുരളി തിരുവല്ല ആശങ്കപ്പെടുന്നു. ബി.എസ്സി നഴ്സിങ് കഴിഞ്ഞ ഒരു വിദ്യാര്‍ഥി പുറത്തിറങ്ങുമ്പോഴേക്കും ഏഴു ലക്ഷത്തിലേറെ രൂപ ചെലവാകുമെന്ന് അദ്ദേഹം കണക്ക് നിരത്തി. ബാങ്കുകാര്‍ ജപ്തിക്ക് വന്നുതുടങ്ങിയാല്‍പിന്നെ ആത്മഹത്യയുടെ വഴി തേടുകയല്ലാതെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗമില്ലാതെ വരുമെന്നാണ് മുരളിയുടെ അഭിപ്രായം.
എല്ലാം അക്കരപ്പച്ച
പഠനം കഴിഞ്ഞ പെണ്‍കുട്ടികള്‍ പാശ്ചാത്യ നാടുകളിലും ഗള്‍ഫിലും ജോലി നേടുന്നതും അവരുടെ കനത്ത ശമ്പളവാര്‍ത്തകളും പരന്നതോടെയാണ് മധ്യ തിരുവിതാംകൂറില്‍ നഴ്സിങ് ജ്വരമായി മാറിയത്. കൊക്കോക്കും വാനിലക്കും വില വാനോളമുയര്‍ന്നപ്പോള്‍ ഉള്ളതെല്ലാം വെട്ടിപ്പറിച്ച് ഇവ നട്ടതുപോലെയായി കാര്യങ്ങള്‍. ജോലിയുടെയും ശമ്പളത്തിന്‍െറയും കഥകേട്ടവര്‍ കേട്ടവര്‍ മക്കളെ കൂട്ടത്തോടെ നഴ്സിങ് പഠിക്കാന്‍ അയച്ചുതുടങ്ങി. ഇപ്പോള്‍, ഇവിടെ പത്തു വീടെടുത്താല്‍ അഞ്ചിടത്തും നഴ്സുമാരുണ്ടാവുമെന്ന സ്ഥിതിയാണ്.
ആയിരങ്ങള്‍ കൂട്ടത്തോടെ നഴ്സിങ് പഠനം തുടങ്ങിയതോടെ വാനിലയുടെയും കൊക്കോയുടെയും ഗതിയായി അവര്‍ക്കും. ഇതോടെ, പഠിക്കുന്നവരും ജോലിലഭിച്ചവരും നേരിടുന്ന ചൂഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. .പക്ഷേ, 2008 ഡിസംബര്‍ ഒന്നിന് സകലരും നടുങ്ങി. നഴ്സിങ് പഠനം കഴിഞ്ഞ് ദല്‍ഹിയില്‍ ജോലി നോക്കിവന്ന തിരുവല്ല തിരുമൂലപുരം ചേന്നത്തറ അന്നമ്മ ജോണിന്‍െറ ഇളയമകള്‍ ജീമോള്‍ അന്നാണ് മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് ദല്‍ഹിയില്‍ നിന്ന് മടങ്ങിവരും വഴി കോട്ടയം റെയില്‍വേസ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്. ഇതോടെ, നഴ്സിങ് രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചയാവുന്ന തലത്തിലേക്ക് മാറിയത്. ഇതിനിടെ, ഈ ഡിസംബര്‍ മൂന്നിന് തിരുവല്ലക്കാര്‍ പിന്നെയും നടുങ്ങി. നഴ്സിങ് പഠനത്തിന് ബംഗളൂരുവില്‍ പോയ തിരുവല്ല പൊടിയാടി സ്വദേശിനി മടങ്ങി വീട്ടിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തു.
റിക്രൂട്ടിങ് തട്ടിപ്പുകാരുടെ ചാകര
എങ്ങനെയും വിദേശത്തേക്കു കയറാനുള്ള സ്വപ്നത്തെ റിക്രൂട്ടിങ് തട്ടിപ്പുകാരും നന്നായി ചൂഷണംചെയ്യുന്നുണ്ട്. പ്രമുഖ ഏജന്‍സി കനത്തശമ്പളം വാഗ്ദാനം ചെയ്താണു മധ്യ തിരുവിതാംകൂറില്‍നിന്നു രണ്ടു നഴ്സിങ് ബിരുദധാരികളെ കുവൈത്തിലേക്കു റിക്രൂട്ട് ചെയ്തത്. പക്ഷേ, അവിടെ എത്തിയപ്പോഴാണ് ഹോം നഴ്സായാണു നിയമനമെന്നു ബോധ്യമാവുന്നത്. ബുദ്ധിമാന്ദ്യമുള്ള ഒരാളെ പരിചരിക്കാനായിരുന്നു ഒരാളുടെ നിയോഗം. മറ്റൊരാളുടെ രോഗി വൃദ്ധനായ ഒരു അറബിയും. ബന്ധുക്കള്‍ വിവരം അറിഞ്ഞ് ഏജന്‍സി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ പെണ്‍കുട്ടികള്‍ ജീവനോടെ നാട്ടില്‍ തിരിച്ചെത്തില്ളെന്നായിരുന്നു ഭീഷണി. ഒടുവില്‍ നഴ്സിങ് പേരന്‍റ്സ് അസോസിയേഷന്‍ ഇടപെട്ട് നടത്തിയ ശ്രമങ്ങളാണ് അവര്‍ക്കു നാട്ടിലേക്കു വഴികാട്ടിയത്. 48 മണിക്കൂറിനുള്ളില്‍ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചില്ളെങ്കില്‍ സ്ഥിതി വഷളാവുമെന്ന് സംഘടന മുന്നറിയിപ്പു നല്‍കി. പ്രശ്നമായാല്‍ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നു കണ്ട ഏജന്‍സി പെണ്‍കുട്ടികളെ നാട്ടിലെത്തിക്കുകയായിരുന്നു. പക്ഷേ, 48 മണിക്കൂര്‍ ആ പെണ്‍കുട്ടികള്‍ക്കു പച്ചവെള്ളംപോലും നല്‍കാതെയാണ് ഏജന്‍സി പകവീട്ടിയത്.
(തുടരും)
റിപ്പോര്‍ട്ട്: സി.എ.എം. കരീം, കെ.പി. റജി, അജിത് ശ്രീനിവാസന്‍, ബാബുചെറിയാന്‍, ബിനു ഡി.രാജ, ജിഷ എലിസബത്ത്, വത്സന്‍ രാമംകുളത്ത്
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ