ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍-4


സ്വന്തം തെറ്റ് മറച്ചുവെക്കാനായി പ്രശ്നങ്ങള്‍ വഷളാക്കി, കുട്ടികളെ മാനസികരോഗികളാക്കി  ആത്മഹത്യയിലേക്കെത്തിക്കുന്ന ‘കരിയര്‍ മാനേജ്മെന്‍റ്’ കാണണോ. അന്യ സംസ്ഥാനങ്ങളിലെ നഴ്സിങ് കോളജുകളിലേക്ക് സ്വാഗതം.
മംഗലാപുരത്തെ ഒരു സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിയായിരുന്ന തിരുവല്ല പൊടിയാടി തോട്ടത്തില്‍ പറമ്പില്‍ ദേവദാസിന്‍െറ മകള്‍ ശ്രുതിദാസ് (19)  ഈ ഡിസംബര്‍ മൂന്നിനാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. നഴ്സിങ് കോളജിലെ സഹപാഠികളും മേട്രനും മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയത്.
മൂന്ന് മാസം മുമ്പാണ് ശ്രുതി പഠനത്തിനായി മംഗലാപുരത്തേക്ക് പോയത്. നവംബര്‍ മൂന്നിന് പനിയും ഛര്‍ദിയും അനുഭവപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് കോളജ് പി.ആര്‍.ഒ നിര്‍ദേശിച്ചെങ്കിലും ഹോസ്റ്റല്‍ മേട്രന്‍ രാത്രിയില്‍ ഇല്ലാതിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. ഇത് ശ്രുതിയുടെ വീട്ടുകാര്‍ ചോദ്യംചെയ്തു. അതോടെ ഹോസ്റ്റലിലെ ചില പെണ്‍കുട്ടികളും മേട്രനും രാത്രിയില്‍ ഹോസ്റ്റല്‍ വിട്ടുപോകുന്ന വിവരം പുറത്തായി. ക്ഷുഭിതരായ മേട്രനും വിദ്യാര്‍ഥിനികളും ശ്രുതിക്ക് മാനസിക വിഭ്രാന്തിയാണെന്ന് പറഞ്ഞ് ചികിത്സിക്കാന്‍ ശ്രമിച്ചു.  ഇക്കാര്യങ്ങള്‍ ശ്രുതി ഏറ്റുമാനൂര്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. നവംബര്‍ 17ന് വീട്ടിനുള്ളില്‍വെച്ച് സ്വയം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ ശ്രുതി കോട്ടയം മെഡിക്കല്‍ കോളജില്‍  ചികിത്സയിലിരിക്കെയാണ് ഡിസംബര്‍ മൂന്നിന് മരിച്ചത്. മെഡിക്കല്‍ കോളജിലെത്തിയാണ് മജിസ്ട്രേറ്റ് മൊഴിയെടുത്തത്.
ഭ്രാന്താണെന്ന് വരുത്തിത്തീര്‍ത്ത് ചികിത്സ നല്‍കുംമുമ്പ് വീട്ടുകാര്‍ എത്തി ശ്രുതിയെ കൂട്ടിക്കൊണ്ടുപോരുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി എപ്പോഴും മേട്രന്‍െറ പേര് പറഞ്ഞുകൊണ്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഓടിച്ചാടി നടന്നിരുന്ന ഈ കൊച്ചുപെണ്‍കൊടി മംഗലാപുരത്തെ കോളജില്‍ മൂന്ന് മാസം പഠിച്ചപ്പോഴേക്കും ഭ്രാന്തിയായി!
ആഗോളീകരണത്തിന്‍െറയും വിദ്യാഭ്യാസ കച്ചവടത്തിന്‍െറയും ഹീനമായ മുഖം ഗവേഷണവിഷയമാക്കുന്നവര്‍ക്കുള്ള  നല്ല കേസ് സ്റ്റഡിയാണ് നഴ്സിങ് കോളജുകള്‍. ശമ്പളമില്ലാതെ അടിമപ്പണി എടുപ്പിക്കാനുള്ള ഒന്നാന്തരം അവസരം എന്നുകരുതിയാണ് മിക്കവരും നഴ്സിങ് കോളജ് തുടങ്ങുന്നതുതന്നെ. നഴ്സിങ് അല്ല ക്ളീനിങ്ങും അറ്റന്‍ഡര്‍ പണിയുമാണ് ഇവിടെ കൂടുതലെന്ന് പലരും തുറന്നു പറയുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍പോലും 14-15 മണിക്കൂര്‍ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നുണ്ട്.
 ഭാവിയിലേക്കുള്ള മുന്നൊരുക്കം എന്ന മട്ടില്‍ അടിമത്തവും അച്ചടക്കവും വിധേയത്വവുമാണ് മിക്ക നഴ്സിങ് കലാലയങ്ങളിലും നല്‍കുന്ന പ്രാഥമിക പാഠം. പാവപ്പെട്ട കുട്ടികളാണ് നഴ്സിങ് പഠനത്തിനിറങ്ങുന്നവരില്‍ ഭൂരിഭാഗവും. മോഹിപ്പിക്കുന്ന അവസരങ്ങള്‍ കൊത്തി വിദേശത്തേക്കു പറക്കുന്നതാണ് ഏതാണ്ട് എല്ലാവരുടെയും സ്വപ്നം. അവിടെയാണ് ഭൂമിയിലെ മാലാഖമാര്‍ പിന്തുടരേണ്ട സഹനത്തിന്‍െറ കഥ പറഞ്ഞും ഇന്‍േറണല്‍ മാര്‍ക്കിന്‍െറ വാളോങ്ങിയും കുട്ടികളെ പരുവപ്പെടുത്തിയെടുക്കുന്നത്.

പരീക്ഷയില്‍ തോറ്റാല്‍ പിഴ
അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാതെ ഉയര്‍ന്നുവരുന്ന സ്വകാര്യ നഴ്സിങ് സ്ഥാപനങ്ങള്‍ കുട്ടികളെ പലവിധ ഭീഷണികളുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പഠനം പൂര്‍ത്തിയാക്കുന്നത്.  പി.ടി.എ യോഗങ്ങളില്‍പോലും പ്രശ്നങ്ങള്‍ സംസാരിക്കാന്‍ കുട്ടികള്‍ മാതാപിതാക്കളെ അനുവദിക്കാറില്ല. പിന്നീട് അധ്യാപകരും മാനേജ്മെന്‍റും അതിന്‍െറ പേരില്‍ പീഡനമുറകള്‍ സ്വീകരിക്കുമോ എന്ന പേടിതന്നെ കാരണം. ഒരുതരം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്‍െറ അവസ്ഥയിലാണ് മിക്കവാറും നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളും.
ഹോസ്റ്റലുകളില്‍ പഴകിയ ഭക്ഷണം നല്‍കിയാല്‍പോലും ആരും ചോദ്യംചെയ്യില്ല. പരാതിപ്പെട്ടാല്‍  ശിക്ഷ കൂടുകയേ ഉള്ളൂ. ചിലയിടങ്ങളില്‍ പരീക്ഷക്കു തോറ്റാല്‍പോലും പിഴയാണ്. ഹൈദരാബാദിലെ ഒരു സ്ഥാപനത്തില്‍ ഒരു വിഷയത്തിനു തോറ്റാല്‍ 5000 രൂപയാണ് പിഴ. മൂന്നു വിഷയം തോറ്റ വിദ്യാര്‍ഥിനിയോട് 15,000 രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. പരാതിപ്പെടാന്‍ നിന്നാല്‍ കൂടുതല്‍ വിഷയമാവുമെന്ന് കരുതി  വീട്ടുകാരെ നിര്‍ബന്ധിച്ച് ഒരുവിധത്തില്‍ പണമെത്തിച്ചുകൊടുക്കുകയായിരുന്നു.
 മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കുപ്രസിദ്ധി നേടിയ തിരുവല്ലയിലെ സ്ഥാപനത്തിലെ രീതികള്‍ ഇങ്ങനെയാണ്. പഠനകാലത്ത് 18 മണിക്കൂര്‍വരെയാണ് ഒരു വിദ്യാര്‍ഥിയെ ജോലിചെയ്യിക്കുന്നത്. എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഇന്‍േറണല്‍മാര്‍ക്ക് വട്ടപ്പൂജ്യമാകും.  ഒരു സെമസ്റ്ററിന് തോറ്റാല്‍ ഇംപ്രൂവ്മെന്‍റിന് ജി.എന്‍.എമ്മിന് 10,000, ബി.എസ്സി നഴ്സിങ്ങിന് 18,000 എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഇംപ്രൂവ്മെന്‍റിന് യൂനിവേഴ്സിറ്റിയില്‍ അടക്കേണ്ട തുക 250ല്‍ താഴെയേ ഉള്ളൂ. ഇത്രയും തുക ഈടാക്കുന്നത് ആരും ഉഴപ്പാതെ പഠിക്കാന്‍ താല്‍പര്യമെടുക്കുന്നതിനുവേണ്ടിയാണെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. നാലു വര്‍ഷമായി ഇതേ കോളജിലെ വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തബാധ കണ്ടുവരുന്നുണ്ട്. ഈയിടെയും 20 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തബാധയുണ്ടായി. ഭക്ഷണത്തിലെയും വെള്ളത്തിലെയും കുഴപ്പമല്ളെന്നും രോഗികളില്‍നിന്ന് പകരുന്നതാണ് ഇതെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.
പല ആശുപത്രികളിലും ലൈംഗികചൂഷണത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നഴ്സിങ് വിദ്യാര്‍ഥിനിയായ  സിജിമോള്‍ക്ക് ഗുരുവായ ഡോക്ടറെ  പേടിയാണ്.   ഇന്‍േറണല്‍ മാര്‍ക്കിനായി ചെല്ലുമ്പോഴാകും ഗുരുക്കന്മാരുടെ തനി  സ്വഭാവം പുറത്തു വരുകയെന്നും സിജി പറയുന്നു. വിശ്രമമുറികള്‍ നല്‍കണമെന്ന നിയമത്തിന് ഒട്ടുമിക്ക ആശുപത്രികളിലും പുല്ലുവിലയാണ്. നിയമം അനുശാസിക്കുന്ന എട്ടു മണിക്കൂറും കഴിഞ്ഞ് പിന്നെയും രണ്ടും മൂന്നും മണിക്കൂറുകള്‍ പണിയെടുത്ത് തളര്‍ന്നുവരുമ്പോള്‍ വിശ്രമിക്കാന്‍ സൗകര്യമില്ലാത്ത ആശുപത്രികള്‍ നിരവധി. നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഹോസ്റ്റലുകളും മോശം ഭക്ഷണവും പതിവുകാഴ്ചയാണ്. മലിനജലം കുടിവെള്ളമായി വിതരണം ചെയ്തതുമൂലം കൊച്ചിയിലെ സര്‍ക്കാര്‍ നഴ്സിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ പകര്‍ച്ച വ്യാധി പിടിപെട്ടത് അടുത്ത കാലത്താണ്. പലപ്പോഴും ആശുപത്രികള്‍ ആവശ്യത്തിന് നഴ്സിങ് ജീവനക്കാരെ നിയമിക്കാതെ വരുമ്പോള്‍ അധികഭാരം ചുമക്കേണ്ടിവരുന്നതും ഈ കുട്ടികളാണ്.

സമരക്കാര്‍ക്ക് ‘അമ്മയുടെ’
കോംപ്ളിമെന്‍റ് കവര്‍
ഈയിടെ അമൃത ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നതിനുശേഷം അവിടെത്തന്നെയുള്ള വിദ്യാര്‍ഥികള്‍ സമരവുമായി മുന്നോട്ടുവന്നിരുന്നു. സമരത്തിനിറങ്ങിയ പെണ്‍കുട്ടികളോട് വളരെ മോശമായ രീതിയില്‍ സംസാരിച്ചാണ് അധികൃതര്‍ സമരം ഒതുക്കാന്‍ നോക്കിയത്. 14 മുതല്‍ 18 മണിക്കൂര്‍ വരെ ജോലിചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ടാണ് കുട്ടികള്‍ സമരത്തിനിറങ്ങിയത്. സമരം ഒതുക്കാന്‍ ചില വിദ്യാര്‍ഥികള്‍ക്ക് 1001 രൂപയടങ്ങിയ  കവര്‍ നിര്‍ബന്ധപൂര്‍വം ഏല്‍പിക്കാന്‍ ശ്രമിച്ചത് കുട്ടികള്‍ തടഞ്ഞു. അമ്മയുടെ കോംപ്ളിമെന്‍റാണെന്ന് പറഞ്ഞാണ് ഈ കവര്‍ ഏല്‍പിക്കാന്‍ അവര്‍ ശ്രമിച്ചതത്രെ!  ഇതേതുടര്‍ന്ന് രാത്രി ഹോസ്റ്റലിലെത്തിയ ബ്രഹ്മചാരിണികള്‍ അസഭ്യംപറഞ്ഞതായും ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നു.

യൂനിഫോമില്‍ ചളിപറ്റരുത്;
ബോണ്ട് നീളും
കേരളം പൊതുവേ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നല്‍കുന്ന സംസ്ഥാനമാണ്. എന്നാല്‍, ശിപാര്‍ശകള്‍ക്കും  ഡൊണേഷനും അടുത്ത കാലത്തായി നഴ്സിങ് പ്രവേശത്തില്‍   വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ നഴ്സിങ് കോളജുകളില്‍ ഏറെയും സ്വകാര്യ മേഖലയിലാണ്. സ്വാശ്രയ മേഖലയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് 46,000 രൂപയാണെങ്കിലും ഒരു ലക്ഷം രൂപ വരെ വാങ്ങുന്ന സ്വകാര്യ കോളജുകളുണ്ട്. അ ന്യസംസ്ഥാന കോളജുകളില്‍ പ്രവേശം നേടിക്കൊടുക്കുന്നതില്‍ വന്‍തുക കമീഷന്‍ പറ്റുന്ന റാക്കറ്റും  സജീവമാണ്. പത്തനംതിട്ട  ജില്ലയില്‍ നഴ്സിങ് പഠനം ട്രെന്‍ഡായി മാറിയ 2000ാമാണ്ട് തൊട്ട് നഴ്സിങ് കോളജുകളുടെ ഏജന്‍റായിരുന്നയാള്‍ ഇപ്പോള്‍ കര്‍ണാടകത്തില്‍ സ്വന്തം കോളജ് നടത്തുകയാണ്.  ഈ മേഖലയില്‍ എത്ര കമീഷന്‍ ഉണ്ടെന്നതിന്‍െറ വ്യക്തമായ തെളിവാണിത്.
സുപ്രീംകോടതിയുടെ വിലക്കുണ്ടെങ്കിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും കേരളത്തില്‍ നിലവിലുണ്ട്.  പലയിടത്തും പല കാലയളവിലാണ്. രണ്ടു കൊല്ലവും മൂന്നു കൊല്ലവും ബോണ്ട് നല്‍കുന്ന ആശുപത്രികളുണ്ട്, സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എന്നതുകൊണ്ട് ഇതിനെതിരെ ശബ്ദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഭയമാണ്. കുറഞ്ഞ ശമ്പളത്തിന് വിദ്യാര്‍ഥികളെ ജോലിക്ക് കിട്ടുമെന്നതുകൊണ്ട് ബോണ്ട് കാലാവധി നീട്ടാന്‍ പല കളികളും ആശുപത്രി അധികൃതര്‍ കളിക്കും. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ ഉപയോഗിച്ചാണ് ശിക്ഷയെന്ന നിലയില്‍  ബോണ്ട് നീട്ടുന്നത്. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, വീട്ടില്‍നിന്ന് ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള്‍ അഞ്ചു മിനിറ്റ് കൂടുതല്‍ സംസാരിച്ചു, വെള്ളയുടുപ്പില്‍ ചളി കണ്ടു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്   മുതലെടുപ്പ്.
പഠനം കഴിയുന്നവര്‍ക്ക് എക്സ്പീരിയന്‍സിനായി തുടര്‍ന്ന് ജോലിചെയ്യാന്‍ സൗകര്യം കോളജ് നല്‍കുന്നുണ്ട്. പ്രതിമാസം 2000 രൂപ വേതനം. ഇതില്‍നിന്ന് ഹോസ്റ്റല്‍ ഫീസും ഭക്ഷണത്തുകയും കഴിഞ്ഞ് നൂറോ ഇരുനൂറോ രൂപ മിച്ചമുണ്ടാകും. പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചാല്‍ നൂറും ഇരുനൂറും രൂപമാത്രം മിച്ചം വരുന്ന ശമ്പളംകൊണ്ട് ലക്ഷങ്ങളുടെ കടബാധ്യത എങ്ങനെ തീര്‍ക്കുമെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

റിപ്പോര്‍ട്ട്: സി.എ.എം. കരീം, കെ.പി. റജി, അജിത് ശ്രീനിവാസന്‍, ബാബു ചെറിയാന്‍, ബിനു ഡി. രാജ, ജിഷ എലിസബത്ത്, വത്സന്‍ രാമംകുളത്ത്

Blogger templates

.

ജാലകം

.