ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’ -3


‘ഭൂമിയിലെ മാലാഖമാര്‍’ അനുഭവിക്കുന്ന പൈശാചികതയുടെ ആഴമറിയണമെങ്കില്‍ മധ്യകേരളത്തിലെ ഒരു മനോരോഗാശുപത്രിയില്‍ ഈയിടെയുണ്ടായ സംഭവമറിയണം.  ഇന്‍ജക്ഷന്‍ എടുക്കുന്നതിനിടെ രോഗിയുടെ പരാക്രമത്തിനിടക്ക് കുത്തി വെച്ച അതേ സൂചി , ലേഡി നഴ്സിന്‍െറ  വിരലില്‍ തറഞ്ഞു കയറി. പിന്നീടാണ് ഇയാള്‍ എച്ച്.ഐ.വി ബാധിതനാണെന്ന് നഴ്സിനോട് ഡോക്ടര്‍ വെളിപ്പെടുത്തുന്നത്! അതോടെ  സന്തോഷകരമായി ജീവിച്ചുവന്ന ആ സ്ത്രീയുടെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നു.
രോഗിയുടെ കൈയില്‍ നിന്ന് നഴ്സിങ് സര്‍വീസിനുള്ള ഫീസായി ആയിരവും 1500ഉം ഈടാക്കുമ്പോള്‍ നഴ്സുമാര്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങള്‍പോലും മിക്ക സ്വകാര്യ ആശുപത്രിക്കാരും വാങ്ങിക്കൊടുക്കാറില്ല.  ഇന്‍ജക്ഷന്‍ നല്‍കാന്‍ പുതിയ ഗ്ളൗസും സൂചിയും ഉപയോഗിക്കണമെന്നാണ് നിയമം. രണ്ട് കാര്യങ്ങള്‍ക്കും രോഗിയില്‍ നിന്ന് ബില്ലില്‍ തുക ഈടാക്കുന്നുമുണ്ട്. എന്നാല്‍, നഴ്സിന് ഗ്ളൗസ് പോലും നല്‍കുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പുതുതായി വരുന്നവരെ ആശുപത്രി മാനേജ്മെന്‍റ് തങ്ങള്‍ക്ക് തോന്നുന്ന എല്ലാ പണികളും  ചെയ്യിക്കും. രോഗിയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ മുതല്‍ അഴുക്കുപുരണ്ട തുണികള്‍ വരെ ഇവര്‍ കഴുകേണ്ടിവരുന്നു. ഫൈവ് സ്റ്റാര്‍ സംവിധാനം വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍പ്പോലും നഴ്സുമാരുടെ അന്തസ്സ് വസ്ത്രധാരണത്തില്‍ മാത്രമാണ് ഉള്ളത്. ‘രോഗീ പരിചരണത്തിനേക്കാളുപരി ക്ളീനിങ് മേഖലയിലേക്ക് നഴ്സുമാരുടെ ‘സേവനം’ എത്തിക്കാനാണ് അധികൃതര്‍  ശ്രമിക്കുന്നത് ’-ചാലക്കുടിയിലെ ഒരു മിഷന്‍ ആശുപത്രിയിലെ നഴ്സ് പരാതിപ്പെട്ടു. ക്ളീനിങ് തങ്ങളുടെ തൊഴിലല്ളെന്ന് പറഞ്ഞതിന് ഒന്നരദിവസം ശമ്പളമില്ലാതായത്രേ.

രോഗംമാറ്റി രോഗികളാവുന്നവര്‍
രോഗികളുമായുള്ള നിരന്തര സമ്പര്‍ക്കം നഴ്സുമാരെ പല രോഗങ്ങള്‍ക്കും അടിമകളാക്കുന്നുണ്ട്. ബംഗളൂരു പോലുള്ള വന്‍നഗരങ്ങളില്‍നിന്ന് ക്ഷയരോഗ ബാധിതരായി എത്തുന്ന ചെറുപ്പക്കാരെ നിരീക്ഷിച്ച ഡോക്ടര്‍മാര്‍ കണ്ടെത്തിയത് അവരിലേറെയും നഴ്സിങ് മേഖലയില്‍ പണിയെടുക്കുന്നവരാണ് എന്നാണ്. ഗ്ളൗസ്, മാസ്ക് തുടങ്ങിയ മുന്‍കരുതല്‍ സംവിധാനങ്ങളൊന്നും  പല ആശുപത്രികളും നല്‍കാറില്ല.  രോഗികളായി മാറിയാല്‍ നാട്ടിലേക്കു പറഞ്ഞയച്ച് അവര്‍ കൈ കഴുകും.
 തെര്‍മോമീറ്ററോ  മറ്റ് ഉപകരണങ്ങളോ രോഗിയുടെ കൈയില്‍ നിന്ന് താഴെവീണു പൊട്ടിയാലോ പഞ്ഞി അല്പം കൂടുതല്‍ ഉപയോഗിച്ചാലോ പിഴ നഴ്സിനാണ്. പണി സ്ഥലത്തുനിന്നു സംഭവിക്കുന്ന അപകടങ്ങള്‍ക്ക് തൊഴിലുടമ നഷ്ടപരിഹാരവും ചികിത്സയും നല്‍കുന്നതാണ് മറ്റെല്ലാ മേഖലകളിലെയും സ്ഥിതിയെങ്കില്‍ ഇവിടെ അക്കാര്യം സ്വപ്നം കാണാന്‍ പോലും കഴിയില്ല. രോഗം വന്നു വീട്ടിലേക്കു പോയി തിരിച്ചെത്താന്‍ ഒരു ദിവസം വൈകിയാല്‍ പിന്നെ പിഴയാണ്. അധികമായെടുക്കുന്ന ഓരോ ദിവസത്തിനും പിഴ നല്‍കിക്കൊണ്ടിരിക്കണം. പലപ്പോഴും ജോലി ചെയ്താല്‍ ഒരു ദിവസം കിട്ടുന്ന വേതനത്തേക്കാള്‍ കൂടിയ തുകയായിരിക്കും ഇങ്ങനെ പിഴയായി നല്‍കേണ്ടിവരുക.
 ആശുപത്രിയില്‍ ചെലവ് ചുരുക്കല്‍ പ്രക്രിയയുടെ ഭാഗമായാണത്രെ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തത്. പല സ്വകാര്യ ആശുപത്രികളിലും സ്ഥിരം ഡോക്ടര്‍മാര്‍ കുറവാണ്. ഇടക്കിടെ വന്നുപോകുന്ന ഡോക്ടര്‍മാര്‍ ഒരേസമയം പലയിടങ്ങളില്‍ കണ്‍സല്‍ട്ടിങ് നടത്തുന്നവരാണ്. അവര്‍ ഓരോ സ്ഥലത്തുനിന്ന് വന്‍തുക വാങ്ങിക്കുകയും ചെയ്യുന്നു. പലപ്പോഴും ഡോക്ടര്‍ എത്തുന്നതുവരെ അടിയന്തര വൈദ്യ പരിചരണം ലഭ്യമാക്കുന്നത് നഴ്സുമാരാണ്. അറ്റന്‍ഡറുടെയും സ്വീപ്പറുടെയും ചിലപ്പോള്‍ ഡോക്ടറുടെയും പണിയെടുക്കേണ്ടിവരുന്നതിനിടെ നഴ്സിന്‍െറ പണിയെടുക്കാന്‍ വാസ്തവത്തില്‍ സമയം കിട്ടുന്നില്ളെന്നാണ് മുതിര്‍ന്ന ചില നഴ്സുമാരുടെ പരിദേവനം.

തുച്ഛ ശമ്പളത്തിന് മര്‍ദനം ഫ്രീ
മനോരോഗ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരുടെ സ്ഥിതിയാണ് അതി ദയനീയം.  രോഗികളുടെ ക്രൂരമായ ആക്രമണത്തിനാണ് പലപ്പോഴും ഇവര്‍ വിധേയരാകുന്നത്. ചിലര്‍ കൈയില്‍ കിട്ടിയതൊക്കെ എടുത്തെറിയും. പലപ്പോഴും ജോലി കഴിഞ്ഞ് മടങ്ങുന്നത് നെറ്റിയിലെ കുത്തിക്കെട്ടുമായാണ്.   ചിലയിടങ്ങളില്‍ ഏതാനും ‘ഗുണ്ടകളെ’ സെക്യൂരിറ്റിയെന്ന പേരില്‍ നിയമിച്ചിട്ടുള്ളത് മാത്രമാണ് ഇതിന് അപവാദം.  മനോരോഗികളെ  മര്‍ദിച്ചൊതുക്കുന്ന ഈ ഗുണ്ടകള്‍ നഴ്സുമാര്‍ക്ക് നേരെയും പലപ്പോഴും തിരിയാറുണ്ട്.
ലൈംഗിക അതിക്രമങ്ങളാണ് നഴ്സുമാര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളി. രാത്രി രോഗികളുടെ കൂട്ടിരിപ്പുകാര്‍ മാത്രമല്ല, ചില രോഗികള്‍ പോലും അവരുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നു. ആശുപത്രി അധികൃതര്‍ പോലും ചിലപ്പോള്‍ പ്രശ്നക്കാരാവുന്നു.
കോഴിക്കോട് നഗരത്തിലെ പേരുകേട്ട ഒരാശുപത്രി. പുതിയ ബ്ളോക്കിലെ വി.ഐ.പി മുറിയില്‍ സുഖചികിത്സയില്‍ കഴിയുന്ന രോഗിയുടെ രക്തസമ്മര്‍ദം പരിശോധിക്കാന്‍ ചെന്നതാണ്  തുടക്കക്കാരിയുമായ  നഴ്സ്. സമയം രാത്രി പത്തുകഴിഞ്ഞു. രക്തസമ്മര്‍ദം അളക്കുന്നതിനിടെ രോഗിയുടെ കരവിരുത് കൂടുന്നത് കണ്ട് രക്തസമ്മര്‍ദം വര്‍ധിച്ച നഴ്സ് കരഞ്ഞുകൊണ്ട് പുറത്തേക്കോടി. ഡ്യൂട്ടി റൂമിലെത്തി സഹപ്രവര്‍ത്തകരോട് വിവരം പറഞ്ഞു. സംഭവം വനിതാ ബ്രിഗേഡിയര്‍ എന്നറിയപ്പെടുന്ന നഴ്സിങ് സൂപ്രണ്ടിന്‍െറ ചെവിയിലുമെത്തി. പിറ്റേന്നു തന്നെ നഴ്സിനെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ കൈയൊപ്പ് ചാര്‍ത്തിച്ചു. മാസം 2500 രൂപക്ക് പ്രതിദിനം 12 മണിക്കൂറിലധികം ജോലി ചെയ്ത് വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചുവന്ന നഴ്സ് അന്നുതന്നെ കരഞ്ഞുകൊണ്ട് പടിയിറങ്ങി. വിദേശിയായ രോഗിയുടെ പരാതിയില്‍ ആശുപത്രി ഉടമ തന്നെയാണ് പിരിച്ചുവിടാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയത്.

പന്താടുന്നത്  ജീവന്‍കൊണ്ട്
രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നും ഡ്യൂട്ടി നഴ്സിന്‍െറ തലവേദനയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇതിന്‍െറ പ്രയാസം കൂടുതലും. ഐ.സി.യുവില്‍ കിടക്കുന്ന രോഗികളെ കാണാനുള്ള സമയം വളരെ കര്‍ക്കശമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. അതു ലംഘിച്ചാല്‍ രോഗികള്‍ക്കുതന്നെയാണു പ്രശ്നം. സന്ദര്‍ശന സമയത്തല്ലാതെ ആരെയും കടത്തിവിടരുതെന്ന് എല്ലായിടത്തും മാനേജ്മെന്‍റിന്‍െറ നിര്‍ദേശവുമുണ്ടാകും. പക്ഷേ, സ്വാധീന ശക്തിയുള്ള രോഗികളോ ബന്ധുക്കളോ എത്തിയാല്‍ നഴ്സ് കുഴഞ്ഞതുതന്നെ. തോന്നുന്നപോലെ ഐ.സി.യുവില്‍ കയറാനാവും അവരുടെ ശ്രമം. തടയാന്‍ ശ്രമിക്കുന്ന നഴ്സ് ആവും മിക്കവാറും കേസുകളില്‍ ഒടുവില്‍ പ്രതി. സന്ദര്‍ശനം വിലക്കുന്ന നഴ്സിന് മര്‍ദനമേറ്റ ഉദാഹരണങ്ങള്‍ മിക്ക ആശുപത്രികള്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ടാവും.
വാര്‍ഡില്‍ നാലു രോഗിക്ക് ഒരു നഴ്സും ഐ.സി.യുവില്‍ ഒരു രോഗിക്ക് ഒരു നഴ്സും എന്നതാണ് യഥാര്‍ഥ കണക്ക്. എന്നാല്‍, ഒരിടത്തും ഇതു പാലിക്കാറില്ല. പലപ്പോഴും 30-40 രോഗികളെയാണ് ഒരാള്‍ക്ക് പരിചരിക്കേണ്ടിവരുന്നത്. മുഴുനേര പരിചരണം ആവശ്യമായി അത്യാസന്ന നിലയില്‍ ഐ.സി.യുവില്‍ കഴിയുന്ന നാലഞ്ചു രോഗികളെ ഒരേസമയം ഐ.സി.യുവില്‍ പരിചരിക്കാന്‍ നിര്‍ബന്ധിതയാവുന്ന നഴ്സിന്‍െറ മാനസിക സമ്മര്‍ദം ആരറിയാന്‍? നഴ്സുമാര്‍ക്ക് കൊടുക്കുന്നത് നക്കാപ്പിച്ചയാണെങ്കിലും നഴ്സിങ് ഫീസെന്നും ഐ.സി.യു ചാര്‍ജ് എന്നുമൊക്കെ പേരിട്ട് രോഗികളെ പിഴിയാന്‍ മാനേജ്മെന്‍റുകള്‍ മടിക്കാറില്ല.

സൂക്ഷ്മ നിരീക്ഷണം വേണ്ട രോഗികളില്‍ ഒരാള്‍ക്ക് അടിയന്തര ചികിത്സ നല്‍കുമ്പോഴാകും  മറ്റൊരു രോഗിക്ക് സഹായം വേണ്ടി വരുന്നത്. എന്നാല്‍, ഇത് നല്‍കാന്‍ കഴിയാതെ വന്നാല്‍ രോഗിയുടെ ജീവന്‍ അപകടത്തിലാവും. എന്നാല്‍, അധികൃതര്‍ ബന്ധുക്കളോട് പറയുക സ്വാഭാവിക മരണമെന്നാണ് . ഇതുകൊണ്ടുതന്നെ നഴ്സുമാരുടെ സമരം ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാവുകയാണ്.
(തുടരും)
റിപ്പോര്‍ട്ട്: സി.എ.എം. കരീം, കെ.പി. റജി, അജിത് ശ്രീനിവാസന്‍, ബാബുചെറിയാന്‍, ബിനു.ഡി.രാജ, ജിഷ എലിസബത്ത്, വത്സന്‍ രാമംകുളത്ത്

Google+ Followers

Blogger templates

.

ജാലകം

.