അല്‍പം കടിച്ച ഒരാപ്പിളും അതിനൊപ്പം ‘ഐതാങ്ക്യു (i Thank You)’ എന്നൊരു സന്ദേശവും, ന്യൂയോര്‍ക്കിലെ ഒരു ‘ആപ്പിള്‍’ ഷോപ്പിനു മുന്നില്‍ കിടന്നു. തന്‍െറയടക്കമുള്ള ഒരു തലമുറയുടെ ജീവിതം ഇത്രമേല്‍ എളുപ്പമാക്കിത്തീര്‍ത്തതിന് ഒരു ചെറുപ്പക്കാരന്‍ സ്റ്റീവ് ജോബ്സിന് നന്ദി പറഞ്ഞതായിരുന്നു അത്. വര്‍ഷങ്ങളുടെ അനാരോഗ്യത്തിനൊടുവില്‍ 56ാം വയസ്സില്‍ ജോബ്സ് വിടപറഞ്ഞപ്പോള്‍ ലോകമെങ്ങും ഉയര്‍ന്ന നെടുവീര്‍പ്പിലുണ്ടായിരുന്നു, കമ്പ്യൂട്ടറിന്‍െറയും സംഗീതത്തിന്‍െറയും സെല്‍ഫോണുകളുടെയും ലോകം അദ്ദേഹം എങ്ങനെ മാറ്റിമറിച്ചുവെന്നത്. തിരസ്കാരങ്ങളും പരാജയങ്ങളും ദുര്‍വിധികളും നിറഞ്ഞൊരു ജീവിതം കൂടിയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഈ അനുഭവങ്ങള്‍ ജോബ്സിന്‍െറ ജീവിതത്തെ എക്കാലത്തെയും മഹത്തായ പ്രചോദന പാഠപുസ്തകങ്ങളിലൊന്നാക്കിത്തീര്‍ത്തു. അതുകൊണ്ടുതന്നെ 2005ല്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം നടത്തിയ ഒരു പ്രഭാഷണം ചരിത്രം സൃഷ്ടിച്ചിരുന്നു. ലോകമെങ്ങുമുള്ള യുവതലമുറക്ക് ഇന്നും പ്രചോദനത്തിന്‍െറ പുതുവഴിയായിത്തീര്‍ന്ന ആ പ്രഭാഷണത്തിന്‍െറ പൂര്‍ണരൂപം:
l
ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റികളില്‍ ഒന്നായ ഇവിടെനിന്ന് ബിരുദവുമായി പുറത്തിറങ്ങുന്ന നിങ്ങള്‍ക്കൊപ്പം ആയിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. ഞാന്‍ ഒരിക്കലും കോളജില്‍നിന്ന് ബിരുദം നേടിയിട്ടില്ല. തുറന്നുപറയട്ടെ, ഒരു കോളജ് ബിരുദ ദാന ചടങ്ങ് ഇത്രയും അടുത്തുനിന്ന് ഞാന്‍ കാണുന്നതും ഇതാദ്യമായാണ്. ഇന്ന് ഞാന്‍ നിങ്ങളോട് എന്‍െറ ജീവിതത്തിലെ മൂന്ന് സംഭവങ്ങള്‍ പറയാം. അത്രമാത്രം. വലുതായൊന്നുമില്ല. മൂന്ന് സംഭവങ്ങള്‍ മാത്രം.
ആദ്യ സംഭവം കുത്തുകള്‍
കൂട്ടിയോജിപ്പിക്കുന്നതിനെക്കുറിച്ചാണ് ആദ്യ ആറു മാസത്തിനുശേഷം റീഡ് കോളജിലെ പഠനം ഞാന്‍ മതിയാക്കി. എന്നാലും ഒരു 18 മാസം കൂടി ഞാന്‍ കോളജില്‍ കറങ്ങിനടന്നു. പിന്നെ, ഞാന്‍ പഠനം പൂര്‍ണമായി മതിയാക്കി. എന്തുകൊണ്ട്?ഞാന്‍ ജനിക്കുന്നതിന് മുമ്പാണ് ഇതിന്‍െറ തുടക്കം. എനിക്ക് ജന്മം തന്ന മാതാവ് ചെറുപ്പക്കാരിയായ, അവിവാഹിതയായ കോളജ് വിദ്യാര്‍ഥിനിയായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ജനിച്ചപ്പോള്‍ എന്നെ ദത്ത് നല്‍കാന്‍ അമ്മ ആഗ്രഹിച്ചു. കോളജ് വിദ്യാഭ്യാസം നേടിയ ആരെങ്കിലും എന്നെ ദത്തെടുക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ, ഒരു അഭിഭാഷകനും ഭാര്യയും ചേര്‍ന്ന് എന്നെ ദത്തെടുക്കാന്‍ തയാറായി. എന്നാല്‍, അവസാനനിമിഷമാണ് അവര്‍ ശരിക്കും ഒരു പെണ്‍കുട്ടിയെയാണ് ദത്തെടുക്കാന്‍ ആഗ്രഹിച്ചതെന്ന് വെളിപ്പെടുത്തിയത്. അങ്ങനെ, എന്‍െറ രക്ഷിതാക്കള്‍ക്ക് അര്‍ധരാത്രിയില്‍ ഒരു ടെലിഫോണ്‍ കോള്‍ എത്തി: ‘ഞങ്ങളുടെ കൈവശം ഒരു ആണ്‍കുട്ടിയുണ്ട്. നിങ്ങള്‍ക്ക് ദത്തെടുക്കാന്‍ ആഗ്രഹമുണ്ടോ?’ അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും’. എന്നാല്‍, ദത്തെടുക്കാന്‍ മുന്നോട്ടുവന്ന മാതാവിന് കോളജ് ബിരുദവും പിതാവിന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും ഇല്ളെന്ന് എനിക്ക് ജന്മം തന്ന അമ്മ പിന്നീട് മനസ്സിലാക്കി. അതിനാല്‍, ദത്തെടുക്കല്‍ കരാറില്‍ ഒപ്പുവെക്കാന്‍ അമ്മ വിസമ്മതിച്ചു. എന്നാല്‍, പിന്നീട്, എന്നെ ഒരു ദിവസം കോളജിലയക്കുമെന്ന് എന്‍െറ രക്ഷിതാക്കള്‍ ഉറപ്പുനല്‍കിയശേഷമാണ് അമ്മ കരാറില്‍ ഒപ്പുവെച്ചത്.
17 വര്‍ഷത്തിനുശേഷം ഞാന്‍ കോളജില്‍ പോയി. എന്നാല്‍, സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റി പോലെത്തന്നെ ചെലവേറിയതായിരുന്നു അവിടത്തെ പഠനം. എന്‍െറ രക്ഷിതാക്കളുടെ വരുമാനം മുഴുവന്‍ ട്യൂഷന്‍ ഫീസിന് വേണ്ടിവന്നു. ആറുമാസത്തിനുശേഷം മുടക്കിയ പണത്തിന് തക്ക മൂല്യം അതിനില്ളെന്ന് ഞാന്‍ മനസ്സിലാക്കി. രക്ഷിതാക്കളുടെ സമ്പാദ്യം ഞാന്‍ പാഴാക്കുകയാണെന്ന് എനിക്ക് തോന്നി. അങ്ങനെ കോളജ് പഠനം മതിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ തീരുമാനം. എന്നാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് എനിക്കറിയാം.
കാല്‍പനികമായിരുന്നില്ല പിന്നീടുള്ള ജീവിതം. സ്വന്തമായി ഒരു മുറിയുണ്ടായിരുന്നില്ല. അതിനാല്‍, കൂട്ടുകാരുടെ മുറിയിലെ തറയില്‍ ഞാന്‍ അന്തിയുറങ്ങി. ഭക്ഷണത്തിന് തുകയൊപ്പിക്കാന്‍ അഞ്ച് സെന്‍റിനുവേണ്ടി ഒഴിഞ്ഞ കോളക്കുപ്പികള്‍ പെറുക്കിയെടുത്ത് നല്‍കി. ഒരുനേരത്തെ നല്ല ഭക്ഷണം കിട്ടാന്‍ വേണ്ടി എല്ലാ ഞായറാഴ്ചയും സന്ധ്യക്ക് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഹരേകൃഷ്ണ ക്ഷേത്രത്തിലേക്ക് നടന്നുപോകുമായിരുന്നു. അതെല്ലാം എനിക്കിഷ്ടമായിരുന്നു. എന്‍െറ കൗതുകംകൊണ്ടും ജിജ്ഞാസ കൊണ്ടും ഞാന്‍ ചെയ്ത പലതും പില്‍ക്കാലത്ത് അമൂല്യമായ സമ്പാദ്യമായി മാറി. ഒരുദാഹരണം ഞാന്‍ പറയാം:
റീഡ് കോളജ് അക്കാലത്തെ ഏറ്റവും മികച്ച കാലിഗ്രാഫ് കോഴ്സ് നടത്തിയിരുന്നു. കാമ്പസിലെ എല്ലാ പോസ്റ്ററുകളും ലേബലുകളും മനോഹരമായി കാലിഗ്രാഫ് ചെയ്തതായിരുന്നു. കോളജ് പഠനം അവസാനിപ്പിച്ചതിനാല്‍ ഞാന്‍ കാലിഗ്രാഫ് കോഴ്സിന് ചേര്‍ന്നു. എന്‍െറ ജീവിതത്തില്‍ ഇതുകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകുമെന്നൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, 10 വര്‍ഷത്തിനുശേഷം ഞങ്ങള്‍ ആദ്യത്തെ മക്കിന്തോഷ് കമ്പ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ അതെല്ലാം എന്‍െറ മനസ്സിലേക്ക് വീണ്ടും വന്നു. അന്ന് പഠിച്ചതെല്ലാം മക്കിന്തോഷ് കമ്പ്യൂട്ടറില്‍ ഉള്‍ച്ചേര്‍ത്തു. അന്ന് ഞാന്‍ കോളജ് പഠനം മതിയാക്കിയിരുന്നില്ളെങ്കില്‍ മാക് കമ്പ്യൂട്ടറിന് ബഹുമുഖ ടൈപ്ഫേസുകളും ക്രമാനുഗതമായ അകലത്തിലുള്ള ഫോണ്ടുകളും ഉണ്ടാകുമായിരുന്നില്ല. തീര്‍ച്ചയായും, കോളജില്‍ പഠിക്കുമ്പോള്‍ മുന്നോട്ടുള്ള കുത്തുകള്‍ കൂട്ടിയോജിപ്പിക്കാന്‍ അസാധ്യമായിരുന്നു. എന്നാല്‍, 10 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അതെല്ലാം വളരെ വളരെ വ്യക്തമായി കാണുന്നു.മുന്നോട്ടുള്ള കുത്തുകള്‍ കൂട്ടിയോജിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പിന്തിരിഞ്ഞുനോക്കി മാത്രമേ നിങ്ങള്‍ക്ക് അവ യോജിപ്പിക്കാനാകു. ആ കുത്തുകള്‍ നിങ്ങളുടെ ഭാവിയില്‍ എങ്ങനെയെങ്കിലും കൂട്ടിയോജിപ്പിക്കപ്പെടുമെന്നുള്ള വിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കണം. നിങ്ങളുടെ മനക്കരുത്തില്‍, വിധിയില്‍, ജീവിതത്തില്‍, കര്‍മത്തില്‍ -അങ്ങനെയെന്തുമാകട്ടെ, അതില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാകണം. ഈ മനോഭാവം എന്നെ ഒരിക്കലും തോല്‍പിച്ചിട്ടില്ല.
സ്നേഹത്തെയും നഷ്ടത്തെയും
കുറിച്ചാണ് രണ്ടാമത്തെ അനുഭവകഥഞാന്‍ ഭാഗ്യമുള്ളവനായിരുന്നു. എന്‍െറ ജീവിതത്തില്‍ എനിക്ക് ചെയ്യാനിഷ്ടമുള്ളതെന്തെന്ന് ആദ്യംതന്നെ ഞാന്‍ മനസ്സിലാക്കി. 20ാം വയസ്സില്‍ മാതാപിതാക്കളുടെ ഗാരേജില്‍ ഞാനും വോസ്നിയാക്കും ചേര്‍ന്ന് ആപ്പിളിന് തുടക്കമിട്ടു. ഞങ്ങള്‍ കഠിനമായി അധ്വാനിച്ചു. 10 വര്‍ഷംകൊണ്ട് ഗാരേജിലെ കേവലം ഞങ്ങള്‍ രണ്ടുപേരില്‍നിന്ന് 200 കോടി ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി ആപ്പിള്‍ വളര്‍ന്നു. ആ സമയത്ത് എന്നെ കമ്പനിയില്‍നിന്ന് പുറത്താക്കി. നിങ്ങള്‍ ആരംഭിച്ച കമ്പനിയില്‍നിന്ന് നിങ്ങളെ എങ്ങനെ പുറത്താക്കാനാകും? അതെ, 30 വയസ്സായപ്പോള്‍ ഞാന്‍ കമ്പനിയില്‍നിന്ന് പുറത്തായി.
ഏതാനും മാസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍, ക്രമേണ എനിക്ക് പുതിയൊരു ധൈര്യം കൈവരുന്നതുപോലെ തോന്നി. എല്ലാം വീണ്ടും തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
അന്നെനിക്ക് മനസ്സിലായില്ളെങ്കിലും, ആപ്പിളില്‍നിന്ന് പുറത്താക്കിയതാണ് എന്‍െറ ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് പില്‍ക്കാലത്ത് ബോധ്യമായി. നേട്ടങ്ങളുടെ ഭാരത്തേക്കാള്‍ തുടക്കക്കാരന്‍െറ ലാഘവത്വം എനിക്ക് തോന്നി.
അടുത്ത അഞ്ചു വര്‍ഷത്തിനകം നെക്സ്റ്റ്, പിക്സര്‍ എന്നീ കമ്പനികള്‍ ഞാന്‍ തുടങ്ങി. ലോകത്തെ ഏറ്റവും മികച്ച ആനിമേഷന്‍ സ്റ്റുഡിയോ ആണ് പിക്സര്‍ ഇന്ന്. കാലത്തിന്‍െറ അദ്ഭുതങ്ങള്‍ പിന്നെയുമുണ്ടായി. ആപ്പിള്‍ നെക്സ്റ്റിനെ ഏറ്റെടുത്തു. ഞാന്‍ ആപ്പിളില്‍ തിരിച്ചെത്തി. ആപ്പിളിന്‍െറ പില്‍ക്കാല നേട്ടങ്ങളുടെ കേന്ദ്രബിന്ദുവായി നെക്സ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മാറി.
ആപ്പിളില്‍നിന്ന് പുറത്തായിരുന്നില്ളെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ളെന്ന് എനിക്കുറപ്പുണ്ട്. നിങ്ങള്‍ക്ക് എന്താണ് ഏറ്റവും ഇഷ്ടമുള്ളതെന്ന് നിങ്ങള്‍ കണ്ടെത്തണം. മഹത്തായ പ്രവൃത്തിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്യുകയെന്നതാണ് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യം. മഹത്തായ ഒരു കാര്യം ചെയ്യാനുള്ള ഒരേയൊരു വഴി നിങ്ങള്‍ ചെയ്യുന്നതിനെ സ്നേഹിക്കുകയെന്നതാണ്. ഇനിയും നിങ്ങള്‍ അത് കണ്ടെത്തിയിട്ടില്ളെങ്കില്‍ സൂക്ഷിച്ചുനോക്കുക.
മരണത്തെക്കുറിച്ചാണ്
എന്‍െറ മൂന്നാമത്തെ അനുഭവം ‘ഓരോ നിമിഷവും നിങ്ങളുടെ അവസാന നിമിഷമെന്ന് കരുതി ജീവിച്ചാല്‍ ഒരു ദിവസം നിങ്ങളുടെ പ്രവൃത്തി അര്‍ഥപൂര്‍ണമാകും’ എന്ന ചൊല്ല് എനിക്ക് 17 വയസ്സുള്ളപ്പോള്‍ വായിക്കാനിടയായി. അതെന്നെ ഏറെ സ്വാധീനിച്ചു. അതിനുശേഷം കഴിഞ്ഞ 33 വര്‍ഷമായി ഓരോ ദിവസവും രാവിലെ ഞാന്‍ കണ്ണാടിയുടെ മുന്നില്‍നിന്ന് സ്വയം ചോദിക്കും: ‘ഇന്നെന്‍െറ ജീവിതത്തിലെ അവസാന ദിനമാണെങ്കില്‍ ഇന്ന് ചെയ്യേണ്ട കാര്യം ഞാന്‍ ചെയ്യണമോ?’ ദിവസങ്ങളോളം ഉത്തരം ‘വേണ്ട’ എന്നായിരുന്നു. അപ്പോള്‍ എനിക്ക് തോന്നി, ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന്.
ഉടന്‍ മരിക്കുമെന്ന് ഓര്‍മിക്കുകയാണ് ജീവിതത്തില്‍ മഹത്തായ തീരുമാനങ്ങള്‍ എടുക്കാന്‍ എന്നെ സഹായിച്ച ഏറ്റവും പ്രധാനകാര്യം. മരണത്തിനുമുന്നില്‍ ബാഹ്യമായ പ്രതീക്ഷകളും അഭിമാനവും പരാജയഭീതിയുമെല്ലാം നിഷ്പ്രഭമാകുന്നു. എന്തെങ്കിലും നഷ്ടമാകുമെന്ന ചിന്തയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവുംനല്ല മാര്‍ഗം നിങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നുള്ള ചിന്തയാണ്.
ഒരു വര്‍ഷംമുമ്പാണ് എനിക്ക് പാന്‍ക്രിയാസില്‍ കാന്‍സര്‍ തിരിച്ചറിഞ്ഞത്. ആറുമാസത്തിലധികം ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാവാത്ത, സുഖപ്പെടുത്താനാകാത്ത കാന്‍സറാണ് അതെന്ന് ഡോക്ടര്‍മാര്‍ എന്നെ ബോധ്യപ്പെടുത്തി. വീട്ടില്‍ പോയി ദൈനംദിന കാര്യങ്ങളെല്ലാം ക്രമപ്പെടുത്താന്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളാന്‍ എനിക്കുള്ള ഡോക്ടറുടെ കോഡ് ഭാഷയായിരുന്നു അത്.
ഈ അനുഭവങ്ങളിലൂടെ കടന്നുപോയ എനിക്ക് ഉറപ്പായും പറയാനാകും: ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ പോലും അതിനായി മരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും, നാമെല്ലാം പങ്കിടുന്ന വിധിയാണ് മരണം. ചെറുപ്പക്കാര്‍ക്ക് വഴിയൊരുക്കാന്‍ അത് മുതിര്‍ന്നവരെ തുടച്ചുമാറ്റുന്നു. ഇപ്പോള്‍ ചെറുപ്പക്കാര്‍ നിങ്ങളാണ്. എന്നാല്‍, ഏറെ അകലെയല്ലാത്തൊരുകാലത്ത് നിങ്ങള്‍ക്കും പ്രായമാകും. അന്ന് മരണം നിങ്ങളെയും തുടച്ചുനീക്കും.
നിങ്ങളുടെ സമയം പരിമിതമാണ്. അതിനാല്‍, മറ്റൊരാളുടെ ജീവിതം ജീവിച്ച് നിങ്ങളുടെ സമയം പാഴാക്കാതിരിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ ആന്തരിക ചോദനകളെ കെടുത്തിക്കളയാതിരിക്കട്ടെ. നിങ്ങളുടെ ഹൃദയത്തെയും ചോദനയെയും പിന്തുടരാനുള്ള ധൈര്യം നേടിയെടുക്കുക. നിങ്ങള്‍ എന്താണ് ആകാന്‍ ആഗ്രഹിക്കുന്നതെന്ന് അവക്കറിയാം.
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ ‘ദ ഹോള്‍ എര്‍ത്ത് കാറ്റലോഗ്’ എന്നൊരു മാസികയുണ്ടായിരുന്നു. 1970കളുടെ അവസാനം മാസികയുടെ അവസാന ലക്കം പുറത്തിറക്കി. അതിന്‍െറ അവസാന പുറത്ത് പ്രഭാതത്തിലെ ഒരു പാതയുടെ ദൃശ്യമായിരുന്നു. അതിനടിയില്‍ ഈ വാക്കുകള്‍ കുറിച്ചിരുന്നു: ‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക.’ അവരുടെ വിടവാങ്ങല്‍ സന്ദേശമായിരുന്നു അത്. ‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക’ -ഇത് ഞാന്‍ എന്നോടുതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍, ബിരുദവുമായി പുതുജീവിതം തുടങ്ങാനൊരുങ്ങുന്ന നിങ്ങള്‍ക്കും എന്‍െറ ആശംസ അതുമാത്രമാണ്.
വിശപ്പുള്ളവരാവുക; വിഡ്ഢിയായിരിക്കുക! (അറിവിനുവേണ്ടി കൂടുതല്‍ വിശപ്പുള്ളവരായിരിക്കുക; എല്ലാം അറിയാമെന്ന് ഭാവിക്കാതിരിക്കുക). നന്ദി!
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ