പൂഞ്ഞാര്‍ പുണ്യാളന്‍ !

കര്‍ത്താവായ യേശുമിശിഹാ, അദ്ദേഹത്തിന്‍െറ ശിഷ്യന്മാര്‍, സഭയിലെ സകല പുണ്യാളന്മാര്‍, ഇവരുടെയൊക്കെയും തിരുരൂപങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏവരുടെയും മുഖത്ത് മാറ്റമില്ലാതെ തെളിഞ്ഞുനില്‍ക്കുന്നത് സ്നേഹം, കാരുണ്യം, ദീനാനുകമ്പ, സഹാനുഭൂതി എന്നീ ഭാവങ്ങളാണെന്ന് കാണാം. ഒട്ടുമിക്കവര്‍ക്കും അര്‍ധനിമീലിത നേത്രങ്ങള്‍, പ്രലോഭനങ്ങളെ അകറ്റിനിര്‍ത്തുന്ന ഊശാന്താടി, പരുക്കന്‍ കുപ്പായങ്ങള്‍, അടിമുടി ശ്രദ്ധിച്ചാല്‍  ‘‘മകനെ അടങ്ങ് വാളെടുക്കുന്നവന്‍ വാളാലെ നശിക്കും’’എന്നു പറഞ്ഞുനിര്‍ത്തിയതുപോലുള്ള ചുണ്ടുകള്‍.
ഇതിന് ഏക അപവാദം സെന്‍റ്ജോര്‍ജ് പുണ്യാളനാണ്. കുതിച്ചുപായുന്ന കുതിരപ്പുറത്ത് പിടിച്ചിരുന്ന് തിന്മയുടെയും അനീതിയുടെയും പിശാചിന്‍െറയും പ്രതീകമെന്നുപറയാവുന്ന വ്യാളിയുടെ അണ്ണാക്കിലേക്ക് കുന്തംകയറ്റി നില്‍ക്കുന്ന സെന്‍റ് ജോര്‍ജിനെ കണ്ടാല്‍ കൈകൂപ്പി  ആരും പറഞ്ഞുപോകും ‘‘പുണ്യാളനായാല്‍ ഇങ്ങനെതന്നെ വേണമെന്ന്.’’ കേരളീയര്‍ക്ക് അരീത്ര പുണ്യാളന്‍ എന്ന പേരില്‍ പേട്രന്‍ സെയ്ന്‍റാണ്  മൂന്നാം നൂറ്റാണ്ടില്‍ റോമന്‍ ഭരണാധിപര്‍ക്കു മുന്നില്‍ സ്വന്തം വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഈ സിറിയക്കാരന്‍ സൈനികന്‍.
ഇന്ന് ക്രിസ്ത്യാനിക്കുഞ്ഞുങ്ങള്‍ അമേരിക്കക്കാരുടെയും യഹൂദരുടെയും പഴയനിയമത്തിലെ പ്രവാചകരുടെയും പേരിടുന്നതാണ് നടപ്പുശൈലിയെങ്കിലും പണ്ട് കേരളീയര്‍ അങ്ങനെയായിരുന്നില്ല. പുതിയനിയമത്തിലെ ക്രിസ്തുശിഷ്യന്മാരുടെയും സഭക്കുവേണ്ടി ജീവത്യാഗം ചെയ്ത പുണ്യാളന്മാരെയും സദാ സ്മരിക്കാന്‍ അവരുടെ പേരുകള്‍ കുഞ്ഞുങ്ങള്‍ക്കിടും. ചിലര്‍ കുഞ്ഞുണ്ടാകാന്‍ മധ്യസ്ഥ പ്രാര്‍ഥന നടത്തിയ പുണ്യാളന്‍െറ പേരിട്ടേക്കാമെന്ന് വഴിപാട് നേരും. എന്തായാലും പൂഞ്ഞാര്‍ എം.എല്‍.എയും ചീഫ്വിപ്പും കേരള കോണ്‍ഗ്രസ് നേതാവുമായ പി.സി. ജോര്‍ജിന് അദ്ദേഹത്തിന്‍െറ അപ്പന്‍ ‘അരീത്ര പുണ്യാളന്‍െറ’ പേരുനല്‍കിയത് അന്വര്‍ഥമായി. ആരുടെയെങ്കിലും അണ്ണാക്കിലേക്ക് കുന്തം കയറ്റിനിന്നാലേ മനസ്സമാധാനം കിട്ടൂ എന്ന പി.സിയുടെ സ്വഭാവം നാമകരണം ചെയ്തവര്‍ ദീര്‍ഘദര്‍ശനം ചെയ്തോ ആവോ? പൊതുവെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ കട്ടിമീശ വെക്കുകയും കാളയിറച്ചി തിന്നുകയും ചെയ്യുന്നതൊഴിച്ചാല്‍ സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയില്‍ ശാന്തരായി കഴിയുന്നവരാണ്. വനഭൂമി ആളില്ലാതെ കിടക്കുന്നതുകണ്ടാല്‍ കൈയേറുമെന്നതൊഴിച്ചാല്‍ ആര്‍ക്കുനേരെയും കൈയേറ്റത്തിന് പോകുന്നവരല്ല. സി.എഫ്. തോമസിനെയും ജോസഫ് പുതുശ്ശേരിയെയുംപോലുള്ള സാധുക്കളെ നോക്കിയാല്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ ‘വാഴ്ത്തപ്പെട്ടവരാ’ക്കാന്‍ മാത്രം സഹനവും ക്ഷമയും ഉള്ളവരാണ് നല്ല ശതമാനം നേതാക്കള്‍. അങ്ങനെയല്ല നമ്മുടെ പി.സി. കുന്തംകൊണ്ട് കുത്താന്‍ ഒരു വ്യാളിയും മേക്കിട്ടുകേറാന്‍ ഒരു കുതിരയും അച്ചായന് നിര്‍ബന്ധമാണ്. സ്ഥിരമായി മേക്കിട്ടു കേറിക്കൊണ്ടിരുന്ന മാണിസാര്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍െറ നേതാവായി പരിണമിച്ചു. പിന്നെ പഥ്യം പി.ജെ. ജോസഫിനെയാണ്. ഐക്യകേരള കോണ്‍ഗ്രസ് പിറന്നതോടെ അതിനുമുണ്ടായി ലിമിറ്റേഷന്‍. മനുഷ്യന്‍ ഒന്നാക്കിയതിനെ ദൈവം രണ്ടാക്കുന്നതുവരെ കുതിരകേറാന്‍ ഒരാളെ തെരയുമ്പോഴാണ് പി.സി വിജിലന്‍സ് കോടതി ജഡ്ജിയെ കണ്ടത്! ജഡ്ജിയെങ്കില്‍ ജഡ്ജി. അതു മതിയെന്നുവെച്ചു.
അല്ളെങ്കില്‍, ഏതെങ്കിലും ഒരു കേരള കോണ്‍ഗ്രസുകാരന്‍ ഏഴയലത്തുകൂടി പോകാത്ത പാമോയില്‍ കേസ്. അത് കുത്തിപ്പൊക്കി ഉമ്മന്‍ചാണ്ടിക്ക് പണികൊടുക്കുന്നതുകാണാന്‍ കോണ്‍ഗ്രസിലെതന്നെ നല്ളൊരു ശതമാനം കൊതിക്കുന്നു. അപ്പോഴാണ് ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം വേണമെന്നുപറഞ്ഞ ജഡ്ജി പൂര്‍വാശ്രമത്തില്‍ എസ്.എഫ്.ഐക്കാരനാണെന്നു പറഞ്ഞ് പി.സി കുന്തമെടുക്കുന്നത്. അനീതി കണ്ടാല്‍ സഹിക്കില്ല എന്നതാണത്രെ പി.സി. ജോര്‍ജിന്‍െറ വേദപ്രമാണം. അത് മനസ്സിലാക്കാം.
തീര്‍ത്താല്‍തീരാത്ത സങ്കടവും അമര്‍ഷവുംവന്നാല്‍ നെഞ്ചത്തടിച്ച് നിലവിളിക്കും മനുഷ്യര്‍. സ്വന്തം നെഞ്ചില്‍ സ്വന്തം കൈകൊണ്ടടിക്കുന്നതില്‍ ഭരണഘടനാ ലംഘനമോ കോര്‍ട്ടലക്ഷ്യമോ ഇല്ല. ചീഫ് വിപ്പിനോ മുഖ്യമന്ത്രിക്കോ പ്രതിപക്ഷനേതാവിനോ സ്വന്തം നെഞ്ചത്തടിക്കാം. പക്ഷേ, പി.സി. ജോര്‍ജ് സ്വന്തം നെഞ്ചിനുപകരം ഉമ്മന്‍ചാണ്ടിയുടെ നെഞ്ചത്തടിച്ചാണ് നിലവിളിക്കുന്നത്. സങ്കടം പി.സിക്കാണെങ്കിലും അടികിട്ടുന്നത് കോണ്‍ഗ്രസിന്. ഇതാണ് വി.ഡി. സതീശനെപ്പോലുള്ളവര്‍ക്ക് മനസ്സിലാകാത്തത്.

സഞ്ജയന്‍

2 അഭിപ്രായ(ങ്ങള്‍):

 • അജ്ഞാതന്‍ says:
  2011, ഒക്‌ടോബർ 7 1:37 AM

  ഒരു പരമ നാരിയാണ് ജോര്‍ജ് ...


  വെറും പബ്ലിസിറ്റി വീരന്‍ ..

 • അജ്ഞാതന്‍ says:
  2011, ഒക്‌ടോബർ 7 1:37 AM

  thangal paranjath 100 sathamaanam sariyaanu

Google+ Followers

Blogger templates

.

ജാലകം

.