പദ്മനാഭ, തുമാരീ ലീല!

വിജു വി. നായര്‍
 ഭോജരാജാവ് യാദൃച്ഛികമായി കണ്ടെത്തുന്ന ഒരു നിധിയിലൂടെയാണ് വിക്രമാദിത്യകഥ കെട്ടഴിയുന്നത്. സാലഭഞ്ജികകള്‍ കാവല്‍ നില്‍ക്കുന്ന വജ്ര രത്‌നഖചിതമായ സ്വര്‍ണ സിംഹാസനമായിരുന്നു ടി നിധി. വിക്രമാദിത്യന്റെ വീരശൂര പരാക്രമങ്ങള്‍ മൊത്തം കെട്ടഴിച്ച ശേഷം ഭോജന്‍ ആ സിംഹാസനത്തില്‍ കയറിപ്പറ്റുന്നതോടെ പുസ്തകം തീരുന്നു. സത്യത്തില്‍ കഥ തുടങ്ങുകയായിരുന്നു, എഴുതപ്പെടാത്ത ചരിത്രം - ഒരു ഭരണാധികാരി വെട്ടിപ്പിടിച്ചുണ്ടാക്കിയത് മറ്റൊരുത്തന്‍ കൈക്കലാക്കി ചരിത്രം ആവര്‍ത്തിക്കുന്നു. ഈ ജാതി വെട്ടിപ്പിടിത്തങ്ങളുടെ മൊത്തം ഇരകളും ചെലവു പടിക്കാരുമായ ആളുകള്‍ സ്ഥിരം നോക്കുകുത്തികള്‍.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ 'നിധി' കണ്ടെത്തുന്നത് കോടതി നിയോഗിച്ച ഒരന്വേഷണ കമ്മിറ്റി. 560 കിലോ സ്വര്‍ണ നാണയം, 536 കിലോ സ്വര്‍ണക്കതിര്, 16 കിലോ തിരുവിതാംകൂര്‍ സ്വര്‍ണ നാണയം, സ്വര്‍ണ അരപ്പട്ട, ഒഡ്യാണം, ഷാള്‍ എന്നുവേണ്ട കേരളത്തിലെ ഹോള്‍സെയില്‍ ജ്വല്ലറികളെ ഡൂക്കിലികളാക്കുന്ന സ്വര്‍ണക്കമ്പക്കെട്ട്, എല്ലാം കൂടി 90000 കോടിയിലേറെ വിലമതിക്കുന്ന വഹ. പൊരെങ്കില്‍ ഇനിയും മതിപ്പുവില പറയാന്‍ പറ്റാത്തത്ര അമൂല്യരത്‌ന ശേഖരവും ഭോജ രാജനെപ്പോലെ ഇതെല്ലാം കൂടി അമുക്കാന്‍ കോടതിക്കോ അന്വേഷണ സംഘത്തിനോ നിവൃത്തിയില്ല. പൊതു ഖജാനയിലേക്ക് വകയിരുത്താന്‍ പറ്റുമോ?അവിടെയാണ് ആധുനിക ഭോജന്മാരും മാധ്യമ വേതാളങ്ങളും ചേര്‍ന്ന് നടത്തി വരുന്ന നിധിവ്യവഹാരകഥ സാമൂഹിക പ്രസക്തമാകുന്നത്. പത്മനാഭ നിധി ക്ഷേത്രത്തെ അച്ചുതണ്ടാക്കിയുള്ള ഈ വ്യവഹാരത്തിലെ മുഖ്യ പല്ലവികള്‍ രണ്ടാണ്. ഒന്ന്്, നൂറ്റാണ്ടുകളായി ഈ നിധി കാക്കുന്ന തിരുവിതാംകൂര്‍ രാജ വംശത്തിന് ടോട്ടല്‍ കീജയ്. രണ്ട്, നിധിയുടെ ഇനിയുമുള്ള ഉടമസ്ഥത പ്രത്യേക ദേവസ്വം/പ്രത്യേക ട്രസ്റ്റ്... ആ ജാതി സ്വകാര്യ സംഘത്തിനു നല്‍കുക. അതില്‍ പത്മനാഭ ദാസന്മാരുടെ രാജാ പാര്‍ട്ട് വേണോ വേണ്ടയോ എന്നതിലേ ചില്ലറ തര്‍ക്കമുള്ളൂ. അതും വൈകാതെ കവടിയാര്‍ പാലസിന് അനുകൂലമായി പരിഹരിക്കപ്പെടും. അത്രക്കാണ് നമ്മുടെ ജനാധിപത്യ രാഷ്ട്രീയ നേതൃത്വത്തിന്റെ പരമ്പരാഗത രാജഭക്തി. വാസ്തവത്തില്‍ ഈ കിഴി ആരുടേതാണ്?
പത്മനാഭസ്വാമി ക്ഷേത്രം ഹിന്ദുക്കളുടേതാണെന്നും അതുണ്ടാക്കിയത് ഹിന്ദുക്കളായ തിരുവിതാംകൂര്‍ രാജവംശമാണെന്നുമാണ് ചിരപുരാതനമായ പ്രമാണം. ചരിത്രം പക്ഷേ, നേരെ മറിച്ചുള്ളൊരു കഥപറയും. കേരളക്കരയില്‍ ബ്രാഹ്മണിയാല്‍ ഹിന്ദുത്വം തേരോട്ടം നടത്തുന്നതിനു മുമ്പ് ജൈന വിഹാരമായിരുന്ന തെക്കന്‍ കേരളത്തില്‍ വ്യക്തമായ തെളിവുകള്‍ പലതും ശേഷിക്കുന്ന കൂട്ടത്തില്‍ ഏറ്റവും പ്രമുഖമാണ് മേപ്പടി ക്ഷേത്രം. ജൈന-ബൗദ്ധ വിഹാരങ്ങള്‍ തച്ചുടച്ചും  ഉടക്കാതെ കൈയടക്കിയും ഹൈന്ദവ വത്കരണം നടത്തിയ വകയിലാണ് 'പത്മനാഭ സ്വാമിയും' അനന്ത ശയനവുമൊക്കെയുണ്ടാകുന്നത്. പഞ്ചദശി തത്ത്വമനുസരിച്ചുള്ള (ക്ഷേത്രം=ശരീരം)  നിര്‍മിതിയേയല്ല ടി ക്ഷേത്രത്തിന്‍േറതെന്നോര്‍ക്കണം. ദേശീയ സാമ്രാജ്യത്വത്തിന്റെ ഈ പിടിച്ചടക്കല്‍ പ്രക്രിയക്കു ശേഷം തമിഴ്തച്ചന്മാരെക്കൊണ്ട് അറിതമിഴ് തച്ചുശാസ്ത്ര പ്രകാരം കെട്ടിപ്പൊക്കിയ കെട്ടിടം എന്തുകൊണ്ട് ഒരു രാജപരമ്പരക്ക് അതീവ നിര്‍ണായകമായി എന്നതാണ് തിരിച്ചറിയേണ്ടത്.
മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് രാജ്യത്തിനെ 'ശ്രീപത്മനാഭന് തൃപ്പടിദാനം ചെയ്ത' പ്രഖ്യാപനത്തില്‍ അതിന്റെ പൊരുളുണ്ട്. രാജഭരണക്കാര്‍ക്ക് പലതരം ആരാധനാ മൂര്‍ത്തികളുണ്ടാവും. പ്രത്യകിച്ചും  ബഹുദൈവവിശ്വാസം പന്തലിച്ചിട്ടുള്ള ഇന്ത്യന്‍ പശ്ചാത്തലത്തില്‍. അതില്‍, പരദേവത എന്ന കേന്ദ്രീകരണവും നടക്കാറുണ്ട്. തിരുവിതാംകൂര്‍ രാജവംശം അവരുടെ ജനിതക മൂലസ്ഥലമായ തമിഴ് ദേശത്തുനിന്നും ഇറക്കുമതി ചെയ്തതാണോ, ഈ 'പരദേവത' എന്നാണ് പരിശോധിക്കേണ്ടത്. അങ്ങനെയെങ്കില്‍ പത്മനാഭനും അനന്തശയനവുമൊക്കെ തമിഴകത്തും കാണണം. വസ്തുത അതല്ലെന്നിരിക്കെ എന്തുകൊണ്ട് ഒരു രാജ്യഭരണത്തെ ഈ അമ്പലപ്പടിക്കല്‍ വെച്ചു?
എ.ഡി 1000 തൊട്ട് ഏതാണ്ട് 950 വര്‍ഷങ്ങളാണ് തിരുവിതാംകൂര്‍ രാജപരമ്പരയുടെ ഭരണവാഴ്ച. മലബാറിലോ തമിഴകത്തിന്റെ മറ്റിടങ്ങളിലോ ഉണ്ടായ അധികാര പ്രശ്‌നമൊന്നും പൊതുവെ ഈ ഭാഗത്തുണ്ടായില്ല -പറയാന്‍ കൊള്ളാവുന്ന ഒരു യുദ്ധംപോലും. കപ്പം പിരിച്ചും കച്ചോടം നടത്തിയും സ്വരുക്കൂട്ടിയ വകയൊക്കെ പ്രത്യേകിച്ചൊരു തടസ്സവുമില്ലാതെ രാജഖജാനയിലേക്കു ചെന്നു ചേര്‍ന്നു. സത്യത്തില്‍, എട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച വിദേശ വ്യാപാര ബന്ധമാണ് ഈ പിരിവ് പൊലിപ്പിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ നടത്തിയ മൈനര്‍ പടയോട്ടങ്ങള്‍ വഴി ചേര്‍ത്തുവെച്ചതും കൂട്ടാം. ഇതിനുപുറമെയാണ് തൃപ്പടിദാന കല്‍പനയോടെ ആവിഷ്‌കൃതമായ മറ്റൊരു വരുമാന ലൈന്‍. അതായത്, തൊട്ടതിനും തൊടാത്തതിനുമൊക്കെയുള്ള 'ദാനം'. പോക്രിത്തരം കാട്ടിയ ബ്രാഹ്മണരെ കുറ്റവിചാരണ ചെയ്തുപോയാല്‍ 'പാപം' പോക്കാന്‍ അമ്പലത്തിലേക്ക് സ്വര്‍ണം/വെള്ളി പാത്രമോ ആഭരണമോ. ആരാനും അയിത്ത വ്യവസ്ഥ ലംഘിച്ചാല്‍ ശിക്ഷാ മോചനത്തിനും സമാന  കുറുക്കുവഴി. സംഗ്രാമ ധീരനെപ്പോലെ സ്വര്‍ണക്കൊപ്ര ദാനം ചെയ്ത കഥാപാത്രങ്ങള്‍ വേറെ.ചുരുക്കത്തില്‍ ലക്ഷണമൊത്ത ട്രഷറിയായിരുന്നു ഈ അമ്പലമെന്നു സാരം. ട്രഷറിയില്‍ ബാങ്കിങ്ങുമുണ്ടായിരുന്നു എന്നാണ് രാജഭക്തരുടെ യുക്തിന്യായം. അതായത് പഞ്ഞമാസങ്ങളില്‍ ടി ഭണ്ഡാരത്തിലെ സ്വര്‍ണം വായ്പയായി ഭരണക്കാരെടുക്കും, പിന്നീടത് തിരിച്ചടക്കും. ബ്രിട്ടീഷുകാര്‍ക്ക് കൃത്യമായി കൊടുത്ത കപ്പംതൊട്ട് റസിഡന്റ് സായ്പുമാര്‍ക്കുള്ള സ്‌പെഷല്‍ കിഴി വരെ ഏത് അക്കൗണ്ടില്‍പെടുത്തി എന്നു ചോദിക്കരുത്. അത്തരം 'ബ്ലാസ്‌ഫെമി' നടത്തിയാല്‍ വേലുത്തമ്പി അടക്കമുള്ള ധീര ദേശാഭിമാനികളുടെ മുഖംമൂടിയും അതുവഴി ആധുനിക കേരളീയന്റെ അടിശീലയും കീറിപ്പോകും. (അതു മറ്റൊരു കഥ).
ഏതായാലും തിരുവിതാംകൂര്‍ രാജാക്കള്‍ കോട്ട പോലെ കാത്ത ഈ ക്ഷേത്രത്തിന്റെ യഥാര്‍ഥ റോള്‍ പൊതുമുതലിന്റെ സൂക്ഷിപ്പുമേട എന്നതായിരുന്നു. രാജഭരണ കാലത്ത് സര്‍വം രാജാവിന്റെ വക. ജനായത്ത കാലത്ത് അതേ സംഗതി പൊതുജനത്തിന്‍േറതാവണമല്ലോ. ആയത് പപ്പനാവനോ പരമുപിള്ളക്കോ തൃപ്പടിദാനം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. മാത്രമല്ല, തിരുവിതാംകൂര്‍ തിരുനാളുമാര്‍ അധ്വാനിച്ചുണ്ടാക്കിയ മുതലൊന്നുമല്ല കെട്ടിക്കിടക്കുന്നത്. അതും അതിലേറെയും പ്രിവിപഴ്‌സ് വഴിയും ഇന്ദിര ഗാന്ധി അതു നിര്‍ത്തലാക്കുന്നതിനു മുമ്പും പലവഴിക്ക് സ്വന്തമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ രാജാപ്പാര്‍ട്ടു മാത്രമേ ലിഖിതമായുള്ളൂ എന്നതുകൊണ്ട് ഈ വന്‍കിഴിയിലെ പൗരാവലിയുടെ പങ്ക് കൊട്ടിഘോഷിക്കപ്പെടാറില്ല. സത്യത്തില്‍, കച്ചോടപ്പിരിവായാലും കപ്പം പിരിവായാലും നാട്ടുകാരുടെ വകയും ചെലവും ചേര്‍ത്തുള്ള വരായ്കയല്ലേ ഖജാനയുടേത്?
അതത്രയും ഭദ്രമാക്കി സൂക്ഷിക്കാന്‍ ആരാധനാലയം പോലെ ബന്തവസ്സുള്ള (ഭക്തിയുടെ എസ്‌കോര്‍ട്ടോട് കൂടിയ) മറ്റൊരു സങ്കേതം പഴയകാലത്ത് കണ്ടെത്താനാവുമായിരുന്നില്ല. അന്നത്തെ ഭരണപരമ്പര തങ്ങളുടെ വിശ്വാസപ്രകാരം ആരാധിച്ചുപോന്ന ഈ മള്‍ട്ടി-പര്‍പസ് സൗധത്തെ ഇക്കാലത്തെങ്ങനെ ഒരു മത വിഭാഗത്തിന്റെ/ഒരു പ്രത്യേക പ്രാദേശികതയുടെ മാത്രം വകയായി വിലയിരുത്താന്‍ കഴിയും? തിരുവിതാംകൂറുകാരുടെ വകയാണ് മേപ്പടി സ്വത്തെന്നും വരുമ്പോള്‍തന്നെ, തിരുവിതാംകൂറുകാരെല്ലാം പത്മനാഭ ദാസന്മാരായിരുന്നു എന്നു വരുന്നില്ല. അഥവാ, കേരളത്തിന്റെ തെക്കന്‍ മേഖലയുടെ പൊതുസ്വത്താണ് ഒരമ്പലത്തിന്റെ മറയില്‍ പൂഴ്ത്തിവെക്കപ്പെട്ടത്. നവീന ഭോജരാജന്മാര്‍ കണ്ടെടുത്ത ഈ 'സിംഹാസനം'  നാട്ടുകാരുടെതാണെന്നര്‍ഥം. അത് ഇത്രകാലം ജനങ്ങളില്‍നിന്ന് ഭക്തിയുടെ കരിമ്പടമിട്ട് ഒളിപ്പിച്ചു നിര്‍ത്തി എന്നതുകൊണ്ട് ഇനിയും 'വഞ്ചീശ ഭൂപതേ' പാടുന്ന ഏതെങ്കിലും സ്വകാര്യ ട്രസ്റ്റിന്റെ/പ്രത്യേക ദേവസ്വത്തിന്റെ മടിശ്ശീലയാക്കുകയാണ് ഇപ്പോഴത്തെ വില്ലടിച്ചാന്‍ പാട്ടിന്റെ ഉദ്ദേശ്യം.
ചരിത്രം ചികഞ്ഞാല്‍ സാക്ഷാല്‍ പത്മനാഭന്‍േറതു പോലുമല്ല,ടിയാന്‍ ഇപ്പോള്‍ അനന്തശയനം കൊള്ളുന്ന കെട്ടിടമെന്നു വരുന്നതുപോലെ, ഒരു രാജപരമ്പരയുടേയും പോക്കറ്റ് മണിയല്ല ആ കെട്ടിടത്തിന്റെ ഉള്ളറകളില്‍ നിന്നെടുത്ത അരലക്ഷം കോടിയുടെ നിധിയും. ബുദ്ധിയുള്ള പൗരാവലിയാണെങ്കില്‍ മേപ്പടി സമ്പാദ്യത്തില്‍ ചരിത്ര പ്രാധാന്യമുള്ള വക (ഉദാ: കുലശേഖര പെരുമാള്‍ കിരീടം) നേപ്പിയര്‍ മ്യൂസിയത്തിലേക്കും ബാക്കിയുള്ള മുതല്‍ സര്‍ക്കാര്‍ ഖജാനയിലേക്കും കണ്ടുകെട്ടുകയാണ് വേണ്ടത്. അല്ലാതെ ഭക്തി, രാജഭക്തി, ഇത്യാദി ഞരമ്പുദീനം പെരുപ്പിക്കാനുള്ളതല്ല ചരിത്രം തരുന്ന ഇത്തരം 'സുവര്‍ണ' അവസരങ്ങള്‍. അങ്ങനെയൊരു നോ-നോണ്‍സെന്‍സ് സമീപനത്തിനുള്ള മനോവളര്‍ച്ച  കേരളം നേടിയിട്ടുണ്ടോ എന്നാണ് 'പദ്മനാഭ' എപിസോഡ് ഉയര്‍ത്തുന്ന ചോദ്യം.Share

Google+ Followers

Blogger templates

.

ജാലകം

.