'മിഷനറി പാരമ്പര്യ'ത്തില്‍നിന്ന് വിദ്യാഭ്യാസ മാഫിയയിലേക്ക്

പി.ജെ. ജെയിംസ്


യു.ഡി.എഫും എല്‍.ഡി.എഫും പ്രതിനിധാനം ചെയ്യുന്ന കേരളത്തിന്റെ ഭരണ-രാഷ്ട്രീയ മണ്ഡലത്തെയാകെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുന്നതും ഇതര മതസമുദായ വിഭാഗങ്ങളില്‍ ഉത്കണ്ഠയും ഭയാശങ്കകളും സൃഷ്ടിക്കുന്നതും സര്‍വോപരി കേരളത്തിന്റെ പൊതുജനാധിപത്യ ബോധത്തിനും പുരോഗമനാഭിമുഖ്യത്തിനും നേരെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതുമായ ഒന്നാണ് കത്തോലിക്കാ മത മേധാവിത്വവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ രംഗത്തെ, വിശേഷിച്ചും പ്രഫഷനല്‍ വിദ്യാഭ്യാസ രംഗത്തെ മാഫിയ. മണല്‍ മാഫിയ, റിയല്‍ എസ്‌റ്റേറ്റ് മാഫിയ, മണി ചെയിന്‍ മാഫിയ, ഫ്‌ളാറ്റ് മാഫിയ, ഭിക്ഷാടന മാഫിയ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന സാമൂഹിക വിരുദ്ധ ശക്തികളെ, ഫലപ്രദമല്ലെങ്കില്‍ കൂടി നിയമപരമായി കൈകാര്യം ചെയ്യാമെന്നിരിക്കെ, അത്തരം നിയമ നടപടികള്‍ക്കൊന്നും വിധേയമാകാത്തവിധം കേവലം കച്ചവട-ഊഹ മൂലധന താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നതും എന്നാല്‍, വമ്പിച്ച മത, രാഷ്ട്രീയ, സാമ്പത്തിക പിന്‍ബലമുള്ളതും കേരളത്തിന്റെ ജനാധിപത്യ മതേതര മണ്ഡലത്തില്‍ വിള്ളലുണ്ടാക്കുന്നതും ആയതിനാല്‍ കൂടുതല്‍ അപകടകരമായ മാനങ്ങളുള്ളതുമാണ് വിദ്യാഭ്യാസ മാഫിയ. സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍ കേരളത്തില്‍ ആരംഭിച്ചതു മുതല്‍ ഓരോ അധ്യയന വര്‍ഷാരംഭത്തിലും ഈ വിദ്യാഭ്യാസ മാഫിയയുമായി ബന്ധപ്പെട്ട് വലത്-ഇടതു മുന്നണി ഭരണഭേദമില്ലാതെ നിരന്തരം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ ഈ വര്‍ഷം എല്ലാ സീമകളും ലംഘിച്ചുകഴിഞ്ഞു. പത്ര-ദൃശ്യമാധ്യമങ്ങളുടെ നല്ലൊരു ഭാഗം ഈ വിഷയത്തിനായി മാറ്റിവെക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ മാഫിയയെ നിഷ്‌കൃഷ്ടമായ ഒരു പരിശോധനക്ക് ആരും വിധേയമാക്കാറില്ല.
മന്ത്രി കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി കോട്ടയത്തെ നാട്ടകം ഗസ്റ്റ്ഹൗസില്‍ ജൂണ്‍ 16ന് രാത്രി 'ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍' എന്ന അപര നാമത്തിലറിയപ്പെടുന്ന സംഘവുമായി നടന്ന ചര്‍ച്ചാ പ്രഹസനത്തില്‍ 50:50 എന്ന ധാരണ അട്ടിമറിക്കപ്പെട്ടതിലൂടെ ഒറ്റയടിക്ക് 300 കോടി രൂപയാണ് വിദ്യാഭ്യാസ മാഫിയ അടിച്ചുമാറ്റിയിരിക്കുന്നത്. ഇതാകട്ടെ മഞ്ഞുമലയുടെ മുകളറ്റം മാത്രമാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കണക്കെടുത്താല്‍ ഈ വിദ്യാഭ്യാസ മാഫിയ കേരളത്തില്‍നിന്ന് അടിച്ചെടുത്തിട്ടുള്ളത് സഹസ്രകോടികളാണെന്നു കാണാം. കേരളത്തിന്റെ ഏതെങ്കിലും തരത്തിലുള്ള സാമൂഹികാവശ്യങ്ങളോ സാമൂഹിക ലക്ഷ്യങ്ങളോ സാമൂഹിക പ്രതിബദ്ധതയോ ചൂണ്ടിക്കാട്ടാനില്ലാതെ കേവലം മത പിന്‍ബലമൊന്നുകൊണ്ടുമാത്രം ഒരു വിഭാഗത്തിന് ഇത്ര ഭീമമായ കൊള്ള 'മാന്യ'മായി നടത്താന്‍ കഴിയുന്നതിന്റെ ഭൗതിക പരിസരം പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗം ഭേദമാണെന്ന് പറയാമെങ്കിലും അതില്‍ ഇന്ന് കാണുന്ന എല്ലാ നിഷേധാത്മക പ്രവണതകളും കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടതാണെന്ന് കാണാന്‍ വിഷമമില്ല. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന പാട്രിക് മോയ്‌നിഹാന്‍ അവകാശപ്പെട്ടതുപോലെ സി.ഐ.എ പണംമുടക്കി നേരിട്ടുനടത്തിയ ഓപറേഷനായ 'വിമോചന സമര'ത്തിനു നേതൃത്വം കൊടുത്ത കത്തോലിക്കാസഭാ നേതൃത്വം ആ മ്ലേച്ഛചരിത്രം മൂടിവെക്കാനായി എടുത്ത് ഉപയോഗിക്കാറുള്ള ഒന്നാണ് 'മിഷനറി പാരമ്പര്യം'. മുണ്ടശ്ശേരി മാഷിന്റെ വിദ്യാഭ്യാസ ബില്ലിനെതിരെ വിമോചന സമരം നയിച്ച സഭ തന്നെയാണ് ആ ബില്ലിന്റെ തുടര്‍ച്ചയായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. കൊളോണിയല്‍ കാലംമുതല്‍ കച്ചവട വ്യാപാരാദികളിലൂടെയും പണമിടപാടുകളിലൂടെയും സമാഹരിച്ച വമ്പിച്ച പണത്തോടൊപ്പം ഭൂമിയിലെ ഇടത്തട്ടുകാരെന്ന നിലയില്‍ ഭൂപരിഷ്‌കരണത്തോടെ കൈവന്ന വമ്പിച്ച ഭൂസമ്പത്തും അടിത്തറയാക്കിയാണ് 1960കള്‍ മുതല്‍ സംസ്ഥാനത്ത് വ്യാപകമായ എയ്ഡഡ് സ്‌കൂളുകളുടെയും കോളജുകളുടെയും മുഖ്യവിഹിതം കത്തോലിക്കാസഭ നേതൃത്വം കൈക്കലാക്കിയത്. ഇതുവഴി പൊതുവിദ്യാഭ്യാസ വികാസത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ച ബജറ്റ് വിഹിതത്തിന്റെ നല്ലൊരു ഭാഗം ഗ്രാന്റായും ശമ്പളമായും സഭാ കേന്ദ്രങ്ങളിലേക്കൊഴുകി. പൊതുഖജനാവില്‍നിന്ന് ശമ്പളം പറ്റുന്ന അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന സുപ്രീംകോടതി പോലും അംഗീകരിച്ച വിദ്യാഭ്യാസ ബില്ലിലെ വകുപ്പ് കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ സഭയെ പ്രീണിപ്പിക്കാനായി നടപ്പാക്കാതിരുന്നതു നിമിത്തം കോഴയിനത്തിലും വന്‍തുക അടിച്ചെടുക്കാനായി.
ചുരുക്കത്തില്‍, കൊളോണിയല്‍ കാലത്തുടനീളം സാമ്രാജ്യപക്ഷത്തും അധികാര കൈമാറ്റത്തിനുശേഷം എന്നും അധികാരപക്ഷത്തും നിലയുറപ്പിക്കുകയും ഇതര മത സമുദായ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമൂഹിക പരിഷ്‌കരണത്തിന്റെയും ജനാധിപത്യവത്കരണത്തിന്റെയും ദിശയില്‍ ഒന്നും അവകാശപ്പെടാനില്ലാതെ പ്രതിലോമപരത സൂക്ഷിക്കുകയും ചെയ്തുപോന്നിട്ടുള്ള കത്തോലിക്കാ മതനേതൃത്വമാണ് ഭൂമിയും വിദ്യാഭ്യാസവും ധന ബാങ്കിങ് സംവിധാനങ്ങളുമെല്ലാമടക്കം വമ്പിച്ച സമ്പത്തു കേന്ദ്രീകരണം നടത്തിയിട്ടുള്ളതെന്ന് കാണാം. മുമ്പ് സൂചിപ്പിച്ചതുപോലെ, ഈ സാമ്പത്തികാപഹരണ ചരിത്രത്തിന് മറയിടാനാണ് 'മിഷനറി പാരമ്പര്യ'ത്തെപ്പറ്റി സഭ വാതോരാതെ പറഞ്ഞുപോരുന്നത്. എന്നാല്‍, ചരിത്രസത്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല ഈ അവകാശവാദം. 'ഇന്ത്യയെ ജ്ഞാനസ്‌നാനപ്പെടുത്തി ക്രിസ്തീയവത്കരിക്കുകയാണ് അതിന്മേലുള്ള നമ്മുടെ നിയന്ത്രണത്തിന്റെ ആത്യന്തിക ലക്ഷ്യ'മെന്ന് 19ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്തുന്ന വേളയില്‍ കൊളോണിയല്‍ മേധാവികള്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായിട്ടാണ് ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെയും മറ്റും പ്രവര്‍ത്തനഫലമായി കേരളത്തില്‍ കൊളോണിയല്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്. അപവാദങ്ങളൊഴിച്ചാല്‍, കൊളോണിയല്‍ ദൗത്യത്തിന്റെ ഭാഗമായ വിദ്യാഭ്യാസ പദ്ധതികള്‍ ഇവിടെ ആരംഭിച്ചതിന്റെ മുഴുവന്‍ പാരമ്പര്യവും ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്റ്, 'കത്തോലിക്കാ ഇതര' ക്രൈസ്തവ സഭകള്‍ക്ക് അവകാശപ്പെട്ടതാണ്. മഹാനായ അയ്യങ്കാളി-ശ്രീനാരായണ പ്രസ്ഥാനത്തോടൊപ്പം ഈ ക്രൈസ്തവ മിഷനറിമാരുടെ ശ്രമഫലമായി കൂടിയാണ് ദലിതര്‍ അടക്കമുള്ള അവര്‍ണര്‍ക്ക് പരിമിതമായെങ്കിലും സ്‌കൂള്‍ പ്രവേശം സാധ്യമായത്. നേരെമറിച്ച് ഇവിടെ നിലനിന്നുപോന്ന 'മാര്‍തോമാ ക്രിസ്ത്യാനികള്‍' എന്ന വിഭാഗത്തിലൂന്നിയും പോര്‍ചുഗീസ് പാരമ്പര്യവുമായി ബന്ധപ്പെട്ടും റോമന്‍ കത്തോലിക്കാ സഭയായി പരിണമിച്ച കത്തോലിക്കാ വിഭാഗം ചിട്ടിക്കമ്പനികളും പള്ളിക്കുറികളും പണമിടപാടുകളും തോട്ടകൃഷിയുമെല്ലാമടങ്ങുന്ന സമ്പത്ത് സമാഹരണ പ്രക്രിയയിലായിരുന്നു തല്‍പരര്‍. ഇവിടെ നിലനിന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ സ്വയം ആവാഹിച്ച കത്തോലിക്കാ സഭാനേതൃത്വം സവര്‍ണ മേധാവികളെ പോലെതന്നെ ദലിതരോടും അവര്‍ണരോടും തികഞ്ഞ അസ്‌പൃശ്യതയും അവഹേളനവുമാണ് പുലര്‍ത്തിപ്പോന്നത്. മുട്ടുചിറ സെന്റ് ആഗ്‌നസ് സ്‌കൂളിലെ ദലിത് കുട്ടികളുടെ കഴുത്തില്‍ ജാതിക്കാര്‍ഡ് കെട്ടിത്തൂക്കുന്നത് ദലിതരോടുള്ള ഈ അവഹേളനത്തിന്റെ തുടര്‍ച്ചയും സംവരണം അടക്കം അവര്‍ക്ക് ലഭിക്കുന്ന പരിമിതമായ ജനാധിപത്യാവകാശങ്ങളോടുള്ള പ്രതിഷേധവുമാണ്. ഇക്കാര്യത്തില്‍ സവര്‍ണ മേധാവികളുടെ അതേ മനഃശാസ്ത്രം തന്നെയാണ് സവര്‍ണ കത്തോലിക്കാ സഭക്കുമുള്ളത്. പൊതുഖജനാവിലെ പണമുപയോഗിച്ച് കത്തോലിക്കാ മതമേധാവിത്വം നിയന്ത്രണത്തിലാക്കിയിട്ടുള്ള സ്‌കൂളുകളിലും കോളജുകളിലും അധ്യാപകരും ജീവനക്കാരുമായി എത്ര ദലിതരുണ്ടെന്നത് പൊതുസമൂഹം അന്വേഷിക്കേണ്ടതാണ്. ഇവിടെ സംവരണ തത്ത്വങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന കാര്യം കേരളം മാറിമാറി ഭരിച്ച ഇടത് -വലത് മുന്നണികളുടെ വിഷയവുമായിരുന്നില്ല. ഈ സ്ഥാപനങ്ങളിലെ തൂപ്പുകാരും പ്യൂണ്‍മാരുമായി ചില 'ദലിത് ക്രിസ്ത്യാനി'കളെ കാണാമെന്നതിലേക്ക് സവര്‍ണസഭയുടെ ക്രൈസ്തവ നീതി ചുരുങ്ങിയിരിക്കുന്നു.
രണ്ടാംലോക യുദ്ധാനന്തരം സാമ്രാജ്വത്തിന്റെ ആത്മീയശക്തിയായി റോമന്‍ കത്തോലിക്കാ സഭ മാറിയതിന്റെ പ്രതിഫലനമായിരുന്നു കേരളത്തിലെ വിമോചന സമരത്തിലെ അതിന്റെ നായകത്വം. ഭരണഘടനാ രൂപവത്കരണ വേളയില്‍ ഇതര ക്രൈസ്തവ സഭകള്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സംവരണം ഒരു ജനാധിപത്യാവകാശമായി ആവശ്യപ്പെട്ടപ്പോള്‍ സാധാരണക്കാരായ സഭാ വിശ്വാസികള്‍ക്കെതിരെ സമ്പത്തും അധികാരവും ഒരു ന്യൂനപക്ഷത്തില്‍ കേന്ദ്രീകരിക്കുന്ന 'ന്യൂനപക്ഷാവകാശം' അധികാര കേന്ദ്രങ്ങളുമായി വിലപേശി വാങ്ങിയെടുക്കുകയായിരുന്നു  സവര്‍ണ കത്തോലിക്കാ നേതൃത്വം. ഈ ന്യൂനപക്ഷാവകാശത്തിന്റെ പിന്‍ബലത്തിലാണ് ജാതി-മത ഭേദമന്യേ എല്ലാ കുട്ടികള്‍ക്കും പൊതുവിദ്യാഭ്യാസം ഉറപ്പാക്കാന്‍ കൊണ്ടുവന്ന 1957ലെ വിദ്യാഭ്യാസ ബില്ലിനെതിരെ തൊപ്പിപ്പാളക്കാരെയും കുറുവടിക്കാരെയുമെല്ലാം തെരുവിലിറക്കി ആഭാസ നൃത്തമാടിയത്. ഇതിന്റെ തുടര്‍ച്ചയായി സാമ്രാജ്യത്വവുമായുള്ള ബാന്ധവത്തിന്റെ പിന്‍ബലത്തില്‍ ഇവിടത്തെ ഭരണഘടനാ സ്ഥാപനങ്ങളെ കൂടി ഉപയോഗപ്പെടുത്തി സവര്‍ണ കത്തോലിക്കാ സഭ സമാഹരിച്ച സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയാപചയത്തിന്റെ ചരിത്രം കൂടിയാണ്. ഈ രാഷ്ട്രീയാപചയത്തിന്റെയും സാമൂഹിക സാംസ്‌കാരിക ജീര്‍ണതയുടെയും തുടര്‍ച്ചയായിട്ടാണ് പഴയ തൊപ്പിപ്പാള കുറുവടി സംഘം ഇന്ന് വിദ്യാഭ്യാസ മാഫിയയായി പുനരവതരിച്ചിരിക്കുന്നത്.
നവ ഉദാരീകരണത്തിന്റെ ഘട്ടത്തില്‍ വിദ്യാഭ്യാസവും ആരോഗ്യവും അടക്കം സമസ്ത മേഖലകളും ഊഹ മൂലധനത്തിന്റെ ലാഭക്കൊയ്ത്തിനുള്ള മേച്ചില്‍ പുറങ്ങളായി മാറുമ്പോള്‍, കൊളോണിയല്‍ കാലം മുതലുള്ള കത്തോലിക്കാ സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഈ മ്ലേച്ഛമായ കൊള്ളക്ക് സര്‍വഥാ യോഗ്യന്‍ കത്തോലിക്കാ മേധാവികളാണെന്നു കാണാം. കത്തോലിക്കാ സഭയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാഷ്ട്രീയ സാമ്പത്തിക ശക്തിയും വിദ്യാഭ്യാസ രംഗത്തെ കച്ചവട താല്‍പര്യങ്ങളും നന്നേ കുറവുള്ള ഇതര ക്രൈസ്തവ വിഭാഗങ്ങളെക്കൂടി കൂട്ടിക്കെട്ടിയുണ്ടാക്കിയ 'ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍' എന്ന കവര്‍ സംഘടനയെ കത്തോലിക്കാ മത മേധാവിത്വം സര്‍ക്കാറുമായുള്ള വിലപേശലിന് ഉപയോഗിക്കുന്നത് ബുദ്ധിപരമായ ഒരു നീക്കമായി കാണേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്ത്, വിശേഷിച്ച് പ്രഫഷനല്‍ വിദ്യാഭ്യാസ രംഗത്ത് കത്തോലിക്കാ സഭ നടത്തുന്ന മാഫിയാ കൊള്ളക്കെതിരെ പൊതുസമൂഹത്തില്‍നിന്നും ഇതര മതസമുദായ വിഭാഗങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്ന സ്വാഭാവിക രോഷത്തിന്റെ കുന്തമുന തങ്ങള്‍ക്കേല്‍ക്കാതെ വിദഗ്ധമായി വഴിതിരിച്ചുവിടുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. മതത്തെ മറയാക്കി സ്വന്തം കച്ചവട താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതു ഹീനനീക്കത്തിനും മടിക്കാത്ത മാഫിയയായി കത്തോലിക്കാ മതമേധാവിത്വം അധഃപതിച്ചുകഴിഞ്ഞു.


Share


Blogger templates

.

ജാലകം

.