പത്മനാഭസ്വാമി ക്ഷേത്രം: നേരും നുണയും (തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌)

ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്ന നിധിശേഖരമുള്ള പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധാകേന്ദ്രമായിരിക്കുകയാണല്ലോ. ഇതുസംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളിലും മറ്റും അബദ്ധജടിലമായ കാര്യങ്ങളാണ്‌ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. തിരുവിതാംകൂര്‍ ചരിത്രമറിയാത്ത ചരിത്രകാരന്മാരും സാംസ്‌കാരിക-സാഹിത്യ നായകരും അടിസ്‌ഥാനരഹിതമായ വാദങ്ങള്‍ നിരത്തുന്നതു വിചിത്രമാണ്‌. മലബാര്‍ചരിത്രം പോലെയാണു തിരുവിതാംകൂറും എന്ന മട്ടിലാണ്‌ ചില പ്രമുഖ ചരിത്രകാരന്മാര്‍പോലും കാര്യങ്ങള്‍ തട്ടിവിടുന്നത്‌.

ശ്രീപത്മനാഭനും രാജാക്കന്മാരും ഇത്രയധികം സ്വത്ത്‌ ജനങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്നു എന്നും അത്‌ ആലോചിക്കുമ്പോള്‍ കോള്‍മയിര്‍ കൊള്ളുന്നു എന്നും പറയുന്നവരുണ്ട്‌. അന്നു ജനദ്രോഹപരമായി ഭരണം നടത്തിയിരുന്നവരെ വാഴ്‌ത്തുകയും ചെയ്‌തിരിക്കുന്നു. ഇത്രയ്‌ക്കും കരുണാനിധിയായ പത്മനാഭസ്വാമിയുടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജനങ്ങളെ നൂറ്റാണ്ടുകളോളം അനുവദിക്കാതിരുന്നതും ജനങ്ങള്‍ക്കുവേണ്ടിയായിരിക്കുമോ!

യഥാര്‍ഥത്തില്‍ പഴയ ബുദ്ധവിഹാരമായിരുന്നു ഇന്നത്തെ പത്മനാഭസ്വാമിക്ഷേത്രം. അതുമായി ബന്ധപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെയാണ്‌ അയിത്തം കല്‍പിച്ച്‌ പത്മനാഭദാസന്മാര്‍ മാറ്റിനിര്‍ത്തിയിരുന്നത്‌. ക്ഷേത്രപ്രവേശനം 1936ല്‍ നടന്നു. എന്നാല്‍ എന്നുമുതലാണ്‌ ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്നതെന്ന കാര്യം ആരും ചോദിക്കാറോ പറയാറോ ഇല്ല.

ഒമ്പതാം നൂറ്റാണ്ടിനുശേഷം നടന്ന കേരളത്തിലെ ആര്യവല്‍ക്കരണത്തെത്തുടര്‍ന്നാണ്‌ ബുദ്ധവിഹാരങ്ങള്‍ തകര്‍ത്ത്‌ ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റിയത്‌. പിന്നാക്ക- ദളിത്‌ വിഭാഗങ്ങള്‍ ഹിന്ദുക്കളായിരുന്നില്ല, ബുദ്ധമതക്കാരായിരുന്നു, അതുകൊണ്ടാണ്‌ അവരെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത്‌.

'തിരുവിതാംകൂര്‍' (മുമ്പ്‌ തിരുവിതാംകോടായിരുന്നു) എന്ന പദത്തിന്റെ അര്‍ഥംതന്നെ ബുദ്ധനെ സ്‌മരിക്കുന്നതാണ്‌. ഇക്കാര്യം ഇപ്പോള്‍ വിശദീകരിക്കുന്നില്ല. തിരുവിതാംകൂര്‍ ചരിത്രം പറയുന്ന എം.ജി.എസിനെപ്പോലുള്ളവര്‍ അതു പറയട്ടെ. അപ്പോഴറിയാം അദ്ദേഹം പറയുന്ന അബദ്ധങ്ങളുടെയും അസംബന്ധകാര്യങ്ങളുടെയും ആഴം. എം.ജി.എസ്‌. ധര്‍മരാജ്യമായി കാണുന്ന തിരുവിതാംകൂറിനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായിട്ടാണു കണ്ടത്‌.

പത്മനാഭസ്വാമിയുടെ നാടിനെപ്പറ്റി 1931ലെ സെന്‍സസ്‌ കമ്മിഷണര്‍ പറയുന്നത്‌ ഇങ്ങനെ: ''ഇന്ത്യയിലെതന്നെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവുമധികം ജാതിവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ്‌ തിരുവിതാംകൂര്‍. കേരളമാണ്‌ ഇതിന്റെ പാപഭാരം ഏറ്റെടുത്തിരിക്കുന്നത്‌''. (സെന്‍സസ്‌ റിപ്പോര്‍ട്ട്‌ 1931, പുറം 364)

ഈ അമൂല്യസമ്പത്ത്‌ അന്നത്തെ ഭരണാധികാരികള്‍ നേടിയതു സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതി വാങ്ങിക്കൊണ്ടായിരുന്നു. അവര്‍ണസമുദായങ്ങള്‍ നല്‍കിയ തലക്കരവും മുലക്കരവും ഇതില്‍ ഉള്‍പ്പെടും. പ്രജകളുടെ തലയും മുലയും വളരുന്നതനുസരിച്ച്‌ തങ്ങളുടെ ഖജനാവും വളരുമെന്നാണു ധര്‍മരാജ്യത്തിലെ പ്രജാക്ഷേമതല്‍പരര്‍ കരുതിയിരുന്നത്‌. ട്രഷറി കാലിയാവുന്ന പ്രശ്‌നമുണ്ടാകില്ല. ജനസംഖ്യ കൂടുന്തോറും വരുമാനവും കൂടും. ഇതായിരുന്നു ധര്‍മരാജ്യക്കാരുടെ സാമ്പത്തികശാസ്‌ത്രം.

സ്‌ത്രീകള്‍ക്ക്‌ രണ്ടു മുലകള്‍ ഉണ്ടെങ്കിലും ഒരു നികുതി നല്‍കിയാല്‍ മതിയായിരുന്നു. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്‌ത്രീ മുലക്കരം വാങ്ങാന്‍വന്ന ഉദ്യോഗസ്‌ഥന്റെ മുന്നില്‍ തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രമുണ്ട്‌. ഈഴവരുടെ രക്ഷകനായി അവതരിച്ചിരിക്കുന്ന ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ഇതൊന്നുമറിയാതെ ക്ഷേത്രസ്വത്ത്‌ തമ്പുരാന്റേതാണെന്നും ഹിന്ദുവിന്റേതാണെന്നും പറയുന്നത്‌ തികച്ചും അപലപനീയമാണ്‌. ഈ സ്‌ത്രീയുടെ സ്‌ഥലം 'മുലച്ചിപറമ്പ്‌' എന്നാണ്‌ ഇപ്പോഴും അറിയപ്പെടുന്നത്‌. ഇതു ഫ്രാന്‍സിലോ റഷ്യയിലോ ആയിരുന്നെങ്കില്‍ നമ്മുടെ ചരിത്രകാരന്മാര്‍ പാഠപുസ്‌തകത്തിലാക്കി കുട്ടികളെ പ്രബുദ്ധരാക്കുമായിരുന്നു.

ജനദ്രോഹപരമായ നൂറിലധികം നികുതികള്‍ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു; പ്രത്യേകിച്ചു തിരുവിതാംകൂറില്‍. രൂപാവരി, ആണ്ടക്കാഴ്‌ച, കുപ്പക്കാഴ്‌ച, മുടിയെടുപ്പ്‌, അലങ്കാരം, കൈക്കൂലി, തങ്കശേരി വേലികെട്ട്‌, മുണ്ടുവച്ചുതൊഴല്‍, ഈഴവാത്തിക്കാശ്‌, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണു നികുതികള്‍ പിരിച്ചിരുന്നത്‌. തലക്കരം വര്‍ഷത്തിലൊരിക്കലാണു പിരിച്ചിരുന്നത്‌. 16 മുതല്‍ 60 വരെ വയസുള്ള അവര്‍ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്‌. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും ഈ നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. മരിച്ചുപോയവര്‍ക്കും തലക്കരം കൊടുക്കണമായിരുന്നു. സി.എം. ആഗൂര്‍ രചിച്ച 'ചര്‍ച്ച്‌ ഹിസ്‌റ്ററി ഓഫ്‌ ട്രാവന്‍കൂര്‍' എന്ന കൃതിയിലും സ്‌റ്റേറ്റ്‌ മാന്വലുകളിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. തലവരിയിനത്തില്‍ ഈഴവരില്‍നിന്നും ചാന്നാന്മാരില്‍നിന്നും പ്രതിവര്‍ഷം 88,044 രൂപയും മറ്റ്‌ ഏഴു ജാതികളില്‍നിന്ന്‌ 4,624 രൂപയും പിരിച്ചെടുത്തിരുന്നു. കുടില്‍ ഒന്നിന്‌ രണ്ടു പണം വീതമാണ്‌ മറ്റു ഹീനജാതിക്കാരില്‍നിന്നു പിരിച്ചെടുത്തിരുന്നത്‌. 1861ല്‍ നാലു മണ്ഡപത്തും വാതില്‍ക്കലായി 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്‌ക്കാല്‍ പണം പിരിച്ചതായി കണക്കുണ്ട്‌. അനേകം നൂറ്റാണ്ടുകള്‍ ഈ കൊള്ള നീണ്ടുനിന്നു. ഈ നികുതിപ്പണവും ക്ഷേത്രസ്വത്തിലുണ്ട്‌.

''ചേരവംശപാരമ്പര്യവും ആയ്‌വംശ പാരമ്പര്യവും അവകാശപ്പെട്ട വേണാട്ട്‌ നാടുവാഴികള്‍ തിരുവനന്തപുരം തലസ്‌ഥാനമാക്കി തിരുവിതാംകൂര്‍ എന്നു പേരുള്ള രാജ്യം ഭരിച്ചുപോന്നു'' എന്ന അഭിപ്രായവും പഠനാര്‍ഹമാണ്‌.

ചേരരാജാക്കന്മാരും ആയ്‌ രാജാക്കന്മാരും കേരളത്തിന്റെ ആര്യവല്‍ക്കരണത്തിനു മുമ്പ്‌ (ബ്രാഹ്‌മണാധിപത്യമുള്ള ചാതുര്‍വര്‍ണ്യ വ്യവസ്‌ഥിതി അടിച്ചേല്‍പിച്ച പ്രക്രിയ) ബുദ്ധമത പാരമ്പര്യമുള്ളവരായിരുന്നു. കൊടുങ്ങല്ലൂരില്‍ ഇസ്ലാം മതം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍വരെ ആ പാരമ്പര്യം നീണ്ടുനിന്നു. 'പെരുമാള്‍' എന്നതു ബുദ്ധമതക്കാരായിരുന്ന ചേരരാജാക്കന്മാരുടെ മാത്രം സ്‌ഥാനപ്പേരാണ്‌.

ബുദ്ധമതത്തെയും ചേരസംസ്‌കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യ ശക്‌തികളാണു തിരുവിതാംകൂറില്‍ ഹിന്ദു രാജാക്കന്മാരായി രംഗത്തുവന്നത്‌. അതോടെ 'പെരുമാള്‍' സ്‌ഥാനം ഉപേക്ഷിച്ച്‌ 'വര്‍മ' എന്ന സ്‌ഥാനപ്പേരു സ്വീകരിച്ചു. മാര്‍ത്താണ്ഡവര്‍മ, രാജശേഖരവര്‍മ എന്നിങ്ങനെയുള്ള പേരുകള്‍ അങ്ങനെ വന്നതാണ്‌.

ചേരഭരണകാലത്ത്‌ ഈ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നു. പാമ്പിന്റെ പുറത്തു കിടക്കുന്നതോ ഇരിക്കുന്നതോ ആയ ബുദ്ധവിഗ്രഹങ്ങള്‍ ഉത്തരേന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കാണാം. കുലശേഖര പെരുമാളുടെ കിരീടം കിട്ടിയതായി വാര്‍ത്ത വന്നിരുന്നല്ലോ. ഈ കിരീടം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടധാരണച്ചടങ്ങിന്‌ ആചാരമായി തലയില്‍ വയ്‌ക്കാറുണ്ടായിരുന്നു.

ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം പത്മനാഭക്ഷേത്രത്തില്‍ വന്നത്‌ എങ്ങനെ? പള്ളിവേട്ട ഉള്‍പ്പെടെയുള്ള 'പള്ളി' ശബ്‌ദമുള്ള ക്ഷേത്രാചാരങ്ങള്‍ കാണിക്കുന്നത്‌ പള്ളിയെ (ബുദ്ധവിഹാരത്തെ) തകര്‍ത്തു എന്നു തന്നെയാണ്‌. 'പള്ളികൊള്ളുന്ന പത്മനാഭന്‍' എന്ന പദപ്രയോഗവും ശ്രദ്ധിക്കുക. കൈയില്‍ താമരപ്പൂ പിടിച്ചിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും ധാരാളമുണ്ട്‌. ആല്‍വൃക്ഷം, താമര, വലംപിരി ശംഖ്‌, സ്വര്‍ണമത്സ്യം തുടങ്ങിയവ ബുദ്ധമത പ്രതീകങ്ങളാണ്‌. ഇന്നു ഹിന്ദുത്വ പാര്‍ട്ടിയുടെ ചിഹ്നമാണു 'താമര' എന്നതും ശ്രദ്ധേയമാണ്‌. കൈയില്‍ താമരപ്പൂ പിടിച്ചു കിടക്കുന്ന ഒരാളുടെ പൊക്കിളിനടുത്തായിരിക്കും താമര കാണപ്പെടുക. ഇതിനെയാണു വിഷ്‌ണുവിന്റെ പൊക്കിളില്‍ താമരയെന്നു പറയുന്നത്‌.

ശബരിമലയ്‌ക്കു കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നു വിളിക്കുന്നുണ്ടല്ലോ. ശബരിമലയും മുമ്പു ബുദ്ധക്ഷേത്രമായിരുന്നു. 'അയ്യന്‍' ബുദ്ധന്റെ പര്യായമാണ്‌. 'എന്റയ്യോ' എന്നു മലയാളി നിലവിളിക്കുന്നത്‌ അയ്യനെന്ന അയ്യപ്പനെ (ബുദ്ധനെ) ഓര്‍ത്താണ്‌. ഇതിനു ശേഷമാണു കര്‍ത്താവേ, അള്ളാ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത്‌. ബുദ്ധവിഗ്രഹമായ തകഴിയിലെ കരുമാടിക്കുട്ടനിലെ കുട്ടനും ബുദ്ധന്റെ പര്യായമാണ്‌. ബുദ്ധവിഗ്രഹങ്ങളെ വിഷ്‌ണുവാക്കുന്ന വിദ്യ ജയദേവന്റെ 'ഗീതഗോവിന്ദം' എന്ന കൃതിയില്‍ പറയുന്നുണ്ട്‌.

നിലവിലുള്ള ക്ഷേത്രകഥകളില്‍നിന്നു രണ്ടു കാലഘട്ടങ്ങളിലൂടെ അതിന്റെ ചരിത്രം കടന്നുവരുന്നതായി മനസിലാക്കാം. പുത്തരിക്കണ്ടത്തിനടുത്തുള്ള അനന്തന്‍കാട്ടില്‍ കിഴങ്ങു ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുനീലി എന്ന പുലയസ്‌ത്രീയുടെ അരിവാളില്‍ ഒരു ശിലാവിഗ്രഹം തടയുവാനിടയായി. അവള്‍ അതിനെ അരയാലിന്‍ചുവട്ടില്‍ സ്‌ഥാപിച്ചത്രേ. മണ്ണില്‍ പുതഞ്ഞുകിടന്ന വിഗ്രഹം തകര്‍ക്കപ്പെട്ടതും മണ്ണടിഞ്ഞതുമായ ഒരു കേന്ദ്രത്തിലേതാണെന്നു തെളിയുന്നു.

വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ട കഥയില്‍ പറയുന്നതിങ്ങനെ: ''വിഗ്രഹത്തിന്റെ കിരീടമണിഞ്ഞ ശിരസ്‌ തിരുവല്ലത്തും മധ്യഭാഗം അനന്തന്‍കാട്ടിലും പാദങ്ങള്‍ തൃപ്പാദപുരത്തുമാണ്‌.'' അനേകം ബുദ്ധമത കേന്ദ്രങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയ ആളാണു വില്വമംഗലം. ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന കാര്യവും ഇവിടെ ഓര്‍ക്കുക. അനേകം ബുദ്ധമതാനുയായികളെ തീയിട്ടു കൊന്ന കാര്യവും ഈ ലേഖകന്‍ മുമ്പു പരാമര്‍ശിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണ്‌. ഇന്നത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹത്തെ മുഴുവനായി കാണാനാവില്ല. തല, മധ്യഭാഗം, കാലുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണാവുന്ന തരത്തിലാണു വിഗ്രഹം കാണുന്നത്‌. ''കലിയുഗം ആരംഭിച്ച്‌ മൂന്നുവര്‍ഷവും ഇരുനൂറ്റിമുപ്പതു ദിവസവും കഴിഞ്ഞപ്പോള്‍ ഒരു സന്യാസി വിഗ്രഹം പ്രതിഷ്‌ഠിച്ചു'' എന്നു മതിലകം ഗ്രന്ഥവരിയില്‍ പറയുന്നുണ്ട്‌. ബുദ്ധവിഗ്രഹത്തെ വില്വമംഗലം വിഷ്‌ണുവാക്കിയതിന്റെ സൂചനയാണ്‌ ഇതില്‍ തെളിയുന്നത്‌. കോട്ടയ്‌ക്കകത്തു ക്ഷേത്രത്തിനു ചുറ്റും താമസിക്കുന്ന തമിഴ്‌നാടുമായി ബന്ധമുള്ള ബ്രാഹ്‌മണ കുടുംബങ്ങളുടെ വരവും മേല്‍പറഞ്ഞ കാര്യവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്‌. മലയാള ബ്രാഹ്‌മണര്‍ എന്നറിയപ്പെടുന്ന നമ്പൂതിരിമാര്‍ അവിടെയില്ല. അയ്യര്‍, അയ്യങ്കാര്‍ വിഭാഗം ബ്രാഹ്‌മണര്‍ അഗ്രഹാരങ്ങളിലും നമ്പൂതിരിമാര്‍ ഇല്ലങ്ങളിലുമാണു താമസിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ചരിത്രവസ്‌തുതയാണ്‌. ഇതൊക്കെ തമസ്‌കരിച്ചുകൊണ്ടാണ്‌ എം.ജി.എസും മറ്റും ചരിത്രം പറയുന്നത്‌.

-ഡോ. എം.എസ്‌. ജയപ്രകാശ്‌ (തുടരും)



Share


Blogger templates

.

ജാലകം

.