ഉസാമയുടെ ഗതി; ഒബാമയുടെ 'നീതി'
അമേരിക്കയില്‍ 2001 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന് മാസങ്ങള്‍ ബാക്കിയിരിക്കെ അതിന്റെ സൂത്രധാരനെന്ന് കരുതുന്ന ഉസാമ ബിന്‍ ലാദിനെ അമേരിക്ക വധിച്ചു. പാകിസ്താനിലെ ഒളിത്താവളത്തില്‍ കഴിയുകയായിരുന്നു ഉസാമ.  പത്തുമാസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണത്രെ ഞായറാഴ്ച 40 മിനിറ്റ് നീണ്ട ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ഉസാമയെ വധിച്ചത്. മൃതദേഹം കടലില്‍ സംസ്‌കരിച്ചു. 2001ലെ ഭീകരാക്രമണത്തെ ഇന്നും പൊതിഞ്ഞുകിടക്കുന്ന ദുരൂഹത അതിന്റെ സൂത്രധാരനെന്ന് പറയപ്പെടുന്നയാളുടെ അന്ത്യം വരെ നീണ്ടിരിക്കുന്നു. ഉസാമ താമസിച്ച ഗുഹകളിലെയും ഒളിത്താവളങ്ങളിലെയും അതാര്യത അദ്ദേഹത്തിനെതിരായ അമേരിക്കയുടെ അന്തിമ വിജയത്തെപ്പോലും ചൂഴ്ന്നുനില്‍ക്കുന്നു. മൃതദേഹം പരിശോധിച്ച് അത് ഉസാമ തന്നെയെന്ന് ഉറപ്പുവരുത്തണമെന്നും ഫോട്ടോയെങ്കിലും കാണിക്കണമെന്നുമൊക്കെയുള്ള ആവശ്യം തിരസ്‌കൃതമായി -ഉസാമയുടെ എന്തെങ്കിലും ശേഷിപ്പ് അനുയായികളില്‍ യു.എസ് വിരുദ്ധ വികാരം ആളിക്കത്തിക്കും എന്നതത്രെ കാരണം.
ഇത് ന്യായമാകാം -പക്ഷേ, ദുരൂഹത അവശേഷിക്കുന്നു. ഭീകരാക്രമണം മുതല്‍ ഭീകരവിരുദ്ധ യുദ്ധം വരെയും ഒളിവിലിരിക്കെ ഉണ്ടായ ഉസാമയുടെ സന്ദേശങ്ങള്‍ മുതല്‍ മരണം വരെയും അമേരിക്ക ഏകപക്ഷീയമായി  പ്രചരിപ്പിച്ചുവന്ന വസ്തുതകളിലെല്ലാം ഇതേ ദുരൂഹത കാണുന്നു. ഭീകരാക്രമണത്തെപ്പറ്റി വന്ന ഔദ്യോഗിക വിവരണങ്ങളിലെ വൈരുധ്യങ്ങളും സംശയങ്ങളും ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ആക്രമണകാരികളെക്കുറിച്ച തെളിവുകള്‍പോലും പഴുതുകള്‍ നിറഞ്ഞതാണ്. ഭീകരാക്രമണത്തിനു പിന്നില്‍ ആരെന്ന് തിടുക്കത്തില്‍ പ്രഖ്യാപനമുണ്ടാവുകയും അതിനു ചേര്‍ന്ന തരത്തില്‍ അന്വേഷണങ്ങള്‍ നടക്കുകയുമാണുണ്ടായത്. ആക്രമണം നടത്തിയത് ഉസാമയുടെ അല്‍ഖാഇദ ആയിരിക്കാന്‍ സാധ്യത ഉണ്ടായിരുന്നതുപോലെ മറ്റുചിലര്‍ക്കുനേരെയും സംശയമുയര്‍ന്നിരുന്നു. യു.എസ് മിലിട്ടറി അഡ്വാന്‍സ്ഡ് സ്റ്റഡീസ് സ്‌കൂള്‍ തയാറാക്കിയ ഒരു പ്രബന്ധത്തില്‍ 'യു.എസ് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനും എന്നിട്ട് അത് ഫലസ്തീനി/അറബി കൃത്യമാണെന്ന് വരുത്തിത്തീര്‍ക്കാനും ഇസ്രായേലിന്റെ മൊസാദിന് കഴിയുമെന്ന്' പറഞ്ഞത് ഭീകരാക്രമണ നാളില്‍ 'വാഷിങ്ടണ്‍ ടൈംസ്' ഉദ്ധരിച്ചിരുന്നു. 'പെന്റഗനു നേരെയുണ്ടായ ആക്രമണം അമേരിക്ക നിര്‍മിച്ചതാ'ണെന്ന് തിയേരി മേയ്‌സന്റെ പുസ്തകം സമര്‍ഥിച്ചിട്ടുണ്ട്. ഈ സാധ്യതകളൊന്നും അന്വേഷണത്തില്‍ വന്നില്ല. ഭീകരാക്രമണത്തിന്റെ പേരില്‍ യു.എസ് തയാറാക്കിയ ഭീകരവിരുദ്ധ യുദ്ധമാകട്ടെ അതിവേഗം അറബ്-മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളായി പരിണമിക്കുകയും ചെയ്തു.
ഈ പരിവര്‍ത്തനമാണ് യു.എസ് ലക്ഷ്യങ്ങളെപ്പറ്റിയുള്ള സംശയം ബലപ്പെടുത്തുന്നത്. എന്തുകൊണ്ടെന്നാല്‍ ഉസാമ എന്ന തീവ്രവാദിയായ പോരാളി അമേരിക്കയുടെ തന്നെ ഉല്‍പന്നമായിരുന്നു. സോവിയറ്റ് അധിനിവേശത്തില്‍ അഫ്ഗാനിസ്താനില്‍ രൂപപ്പെട്ട ചെറുത്തുനില്‍പിന് സായുധരൂപം നല്‍കാന്‍ ഉസാമയെയും അല്‍ഖാഇദയെയും അമേരിക്ക അളവറ്റ് സഹായിച്ചു. പിന്നീട് യു.എസ് അധിനിവേശത്തെ എതിര്‍ത്തപ്പോഴാകട്ടെ ഉസാമ എന്ന യോദ്ധാവ് ഭീകരതയുടെ അടയാളമായി അവതരിപ്പിക്കപ്പെട്ടു. ഈയൊരു പ്രതീകത്തിലൂടെയാണ് അമേരിക്ക അതിന്റെ ഇസ്‌ലാംവിരുദ്ധതക്ക് മൂര്‍ച്ചയുണ്ടാക്കിയത്. ബുഷ് ഭരണകൂടം പ്രതിസന്ധിയിലകപ്പെട്ടപ്പോഴെല്ലാം ഉസാമയുടെ ഭീകരസന്ദേശങ്ങള്‍ പുറത്തുവരും; അതോടെ ബുഷ്‌വിരുദ്ധര്‍ നിരായുധരാകും. ഉസാമയുടെ മരണം പോലും പലകുറി 'നടന്നി'ട്ടുണ്ട്. ഭീകരാക്രമണത്തിന് തൊട്ടുശേഷം ഡിസംബറില്‍ അദ്ദേഹം മരിച്ചുവെന്ന് നിരീക്ഷകര്‍ പറഞ്ഞു. വൃക്കരോഗം മൂലം 2002 ആദ്യത്തില്‍ ഉസാമ മരിച്ചെന്ന് യു.എസ് ഫോറിന്‍ റിലേഷന്‍സ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രഖ്യാപിച്ചു. അന്നത്തെ പാക് പ്രസിഡന്റ് മുശര്‍റഫും എഫ്.ബി.ഐ കൗണ്ടര്‍ടെററിസം ഉദ്യോഗസ്ഥന്‍ ഡേല്‍ വാട്‌സണും ഇത് വിവിധ സന്ദര്‍ഭങ്ങളില്‍ സ്ഥിരീകരിച്ചു. 2002 ഡിസംബറില്‍ തോറബോറ പ്രദേശത്തുവെച്ച് ഉസാമ ശ്വാസകോശരോഗം മൂര്‍ച്ഛിച്ച് മരിച്ചതായി ഒരു താലിബാന്‍ നേതാവ് പറഞ്ഞെന്നും വാര്‍ത്ത വന്നു. ഉസാമ മരിച്ചെന്ന് ബേനസീര്‍ ഭുട്ടോ പിന്നീടൊരിക്കല്‍ ഖണ്ഡിതമായി പ്രഖ്യാപിച്ചു. ഉസാമയുടേതെന്ന് വിശ്വസിക്കാവുന്ന ഏറ്റവും ഒടുവിലത്തെ സന്ദേശം പുറത്തുവന്നത് 2001 ഡിസംബറിലാണ്. ഇങ്ങനെ പലതവണ മരിക്കുകയും പിന്നെയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഈ ഭീകരനെ ചൂണ്ടി ബുഷ് പ്രതിസന്ധികളെ തരണം ചെയ്തു; രണ്ടാംതവണ കൂടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതില്‍പിന്നെ, 2006ല്‍ ബുഷ് പ്രഖ്യാപിച്ചത്, ഉസാമയെ പിടിക്കല്‍ തന്റെ മുന്‍ഗണനയില്‍ ഇല്ലെന്നാണ്. അത് പക്ഷേ,  ഒബാമയുടെ മുന്‍ഗണനയില്‍ വന്നു- രണ്ടാമൂഴത്തിന് മത്സരിക്കാന്‍ തീരുമാനിച്ച വേളയില്‍. ബുഷ് ഭൂതത്തെ തുറന്നുവിട്ട് വീരനായകനായി; ഒബാമ ഭൂതത്തെ തുരത്തിക്കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കി. അമേരിക്ക ഇന്ന് ഒബാമയുടെ കാല്‍ചുവട്ടിലാണ്.
ഉസാമയെക്കൊണ്ട് ഏറ്റവും കൂടുതല്‍ മുതലെടുത്തത് യു.എസ് ഭരണനേതൃത്വങ്ങളും അവിടത്തെ  യുദ്ധവ്യവസായികളും വര്‍ഗീയവാദികളുമാണ്. അദ്ദേഹം മൂലം ഏറ്റവും കൂടുതല്‍ അനീതിയും കഷ്ടപ്പാടും അനുഭവിച്ചത് അറബ്-മുസ്‌ലിം ലോകവും. വിവിധ ഭരണകൂടങ്ങള്‍ വ്യവസ്ഥാപിതമായി മുസ്‌ലിം സമൂഹങ്ങളെ പീഡിപ്പിക്കുന്നത് ഉസാമയെ ചൂണ്ടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ചെയ്ത കൃത്യങ്ങള്‍ -അവ അദ്ദേഹം തന്നെയാണ് ചെയ്തതെങ്കില്‍- ഇസ്‌ലാമിനൊ മുസ്‌ലിംകള്‍ക്കോ ഗുണകരമല്ല; അംഗീകരിക്കാവുന്നതുമല്ല. എന്നാല്‍, അവയുടെ പേരുപറഞ്ഞ് അമേരിക്കയും മറ്റും ചെയ്തതോ? 'നീതി നടപ്പായി' എന്നാണ് ഒബാമ പറയുന്നത്. 'ബിന്‍ ലാദിന്‍ ഒരിക്കലും കോടതിയില്‍ ഹാജരാകില്ല' എന്ന് അറ്റോണി ജനറല്‍ എറിക് ഹോള്‍ഡര്‍ പ്രഖ്യാപിച്ചത് ഈയിടെയാണ്. കോടതിയോ തെളിവുകളോ വ്യവസ്ഥാപിത രീതികളോ അമേരിക്കന്‍ നീതിക്ക് വിഷയമല്ല.
 ഒബാമ അവകാശപ്പെടുന്ന നീതി, ഉസാമയെ കാട്ടി ഗ്വണ്ടാനമോയിലും മറ്റും പിടിച്ചിട്ട് പീഡിപ്പിക്കപ്പെടുന്ന നൂറുകണക്കിന് നിരപരാധികള്‍ക്ക് കിട്ടിയിട്ടില്ല. ലോകമെങ്ങും വേട്ടയാടപ്പെടുന്നവര്‍ക്ക് കിട്ടിയിട്ടില്ല. കാരണം, അത് മറ്റൊരുതരം 'നീതി'യാണ് -ഭീകരതയുടെ പേരുപറഞ്ഞ് നടത്തപ്പെടുന്ന ഭീകരത. അതിന് യോജിച്ച ഉപകരണമായിരുന്നു ഉസാമ എന്ന പ്രതീകം. ഈ പ്രതീകത്തിന്റെ ഔദ്യോഗിക മരണം ശാന്തിയോ അതോ കൂടുതല്‍ അശാന്തിയോ സൃഷ്ടിക്കുക എന്ന് കണ്ടറിയുകയേ നിര്‍വാഹമുള്ളൂ.


Share


Google+ Followers

Blogger templates

.

ജാലകം

.