ഗാന്ധിയെന്ന പദത്തിനെന്തര്‍ഥം?


അധികാരത്തിന്റെ ഏറ്റവും ചെറിയ ഏകകം 'ഞാന്‍' എന്ന പദമാണ്. സ്വന്തം  ഉടലിന്റെ അധികാരിയെന്ന അതിന്റെ അര്‍ഥത്തിനും എളുതായ ഒരു തലത്തിലേക്ക് ഒരു സാധാരണക്കാരന് വിനയാന്വിതനാകാന്‍ സാധ്യമല്ല. അതുപോലും സഹജീവികള്‍ക്ക് വീതംെവച്ചുകൊടുത്തുകൊണ്ട് അധികാരവികേന്ദ്രീകരണത്തെ അഥവാ ജനാധിപത്യസങ്കല്‍പത്തെ സാധൂകരിക്കാന്‍ ശ്രമിക്കലാണ് ഒരു സമരമെന്ന നിലയില്‍ നിരാഹാരസത്യഗ്രഹത്തിന്റെ സായുജ്യാവസ്ഥ.
അതില്‍കുറഞ്ഞ ഏതൊരു ലക്ഷ്യവും അതിനെ കേവലം പട്ടിണിസമരവും ഉണ്ണാവ്രതവുമൊക്കെയാക്കി പരിഹാസ്യമാക്കും. മരണംവരെ നിരാഹാരമെന്ന സമരായുധവുമായി  സത്യഗ്രഹമിരിക്കുന്ന അണ്ണാ ഹസാരേ എന്ന വയോധിക ഗാന്ധിയന്റെ നിര്‍ഭാഗ്യം അദ്ദേഹത്തിന്റെ ഗുരു മോഹന്‍ദാസ് കരംചന്ദ്ഗാന്ധി എതിരിട്ടപോലെ മൂര്‍ത്തമായ ഒരു വൈദേശികശക്തിയല്ല ഹസാരെയുടെ എതിരാളികള്‍ എന്നതാണ്.
സ്വാതന്ത്ര്യലബ്ധിയും തുടര്‍ന്ന് നിലവില്‍വന്ന റിപ്പബ്ലിക്കും അത് നിര്‍മിച്ച ഭരണഘടനാ പുസ്തകവുമൊക്കെ പറഞ്ഞകാര്യങ്ങള്‍ അണുവിട തെറ്റാതെയെന്ന നാട്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെന്ന വൈതാളിക സംഘത്തെക്കൊണ്ട് മനുഷ്യകവചം തീര്‍ത്താണ് പ്രതിലോമശക്തികള്‍ രാജ്യത്തെ കാല്‍ക്കീഴില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരെ അവന്റെ തൊലികൊണ്ടും ഭാഷകൊണ്ടും തിരിച്ചറിയാമായിരുന്നു ഗാന്ധിജിക്ക്. എന്നാല്‍, അണ്ണാ ഹസാരെയെന്ന ഗാന്ധിശിഷ്യന് എതിരെ കളിക്കുന്നത് 2 ജി സ്‌പെക്ട്രം രാജ്യത്തിന് ഒരു പൈസ നഷ്ടം വരുത്തിയിട്ടില്ലെന്ന് പത്രസമ്മേളനത്തില്‍ വാദിക്കാന്‍ ധൈര്യംകാട്ടിയ കപില്‍സിബില്‍ 'ഗാന്ധികോണ്‍ഗ്രസ്' മന്ത്രിസഭയിലെ മന്ത്രിപുംഗവന്മാരെപ്പോലുള്ളവരാണ്. അന്വേഷണ ഏജന്‍സികള്‍ നഷ്ടക്കണക്കുകള്‍ ബോധ്യപ്പെടുത്തിക്കഴിഞ്ഞിട്ടും അത്തരം ഒരു മന്ത്രിയെ കാബിനറ്റില്‍ വെച്ചുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍സിങ് എന്ന സാത്ത്വിക പരബ്രഹ്മമാണ്. ബി.സി.സി.ഐ തൊട്ട് തൊട്ടതിലെല്ലാം അഴിമതിക്കറ പുരട്ടുന്ന ശരദ്പവാര്‍ എന്ന കത്തിവേഷമാണ് മറ്റൊരു കക്ഷി. വീരപ്പമൊയ്‌ലിയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍പോകുന്ന ലോക്പാല്‍ എന്ന അഴിമതി വിരുദ്ധ പൈങ്കിളിബില്‍ കുത്തിക്കുറിക്കുന്ന മറ്റൊരു വിരുതന്‍. ജനവിരുദ്ധമായ അഴിമതിപ്പിശാചിനെ ഇവരൊക്കെച്ചേര്‍ന്ന് ആവാഹിച്ച് ആണിതറയ്ക്കും എന്ന പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന പൊതുമനസ്സിനെ ആ മൗഢ്യത്തില്‍നിന്ന് വിളിച്ചുണര്‍ത്താനാണ് ഹസാരെ അന്നംവെടിയുന്നത്.
നിറയെ നിക്ഷിപ്തതാല്‍പര്യക്കാരുടെ മൂടുതാങ്ങികളായ ജനപ്രതിനിധികളെക്കൊണ്ട് നിറച്ചതാവരുത് ലോക്പാല്‍ ബില്‍. മറിച്ച്, ജനപക്ഷനിലപാടുകള്‍കൊണ്ട് സത്യസന്ധരെന്ന് തെളിയിച്ചിട്ടുള്ള പൊതുപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളും തുല്യഅളവില്‍ സ്ഥലം പിടിച്ച 'ജന്‍ ലോക്പാല്‍ ബില്‍' വേണം നിലവില്‍വരാന്‍ എന്ന് ഹസാരെ നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു മനുഷ്യായുസ്സിനും അപ്പുറം നീളുന്ന അഴിമതിക്കേസുകളുടെ കാലവിളംബത്തിന് അറുതിവരുത്തണം. അഴിമതിക്കാര്‍ക്ക്‌നല്‍കുന്ന ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കണം. അത്യുന്നതനും അതിനിസ്സാരനും ഒരുപോലെ അഴിമതിക്കേസില്‍ വിചാരണ ചെയ്യപ്പെടണം. ഭക്ഷ്യസുരക്ഷാ ബില്‍പോലെ ജനവിരുദ്ധമോ  വനിതാ സംവരണബില്‍പോലെ  അസാധ്യമോ ആയതൊന്നാവരുത് തന്റെ ജന്‍ ലോക്പാല്‍ നിയമസങ്കല്‍പം എന്ന കര്‍ക്കശമായ നിലപാടിനെ കണ്ടില്ലെന്ന് നടിച്ച് കടന്നുപോകാനാവില്ല രാജ്യമനഃസാക്ഷിക്കെന്നത് തീര്‍ച്ച.
സഞ്ജയന്‍
മാധ്യമം വാരിക 

Share


Blogger templates

.

ജാലകം

.