വിലക്കപ്പെട്ട മുസ്‌ലിപവറും മാധ്യമ ധാര്‍മികതയും


കുറച്ചുകാലമായി അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരസ്യരംഗം അടക്കി വാഴുന്ന മുസ്‌ലിപവര്‍ എക്‌സ്ട്രാ നിരോധിക്കാന്‍ ഒടുക്കം സംസ്ഥാന സര്‍ക്കാര്‍ ധൈര്യം കാട്ടി. ഒന്നാന്തരം ലൈംഗികോത്തേജക മരുന്നാണെന്ന് ഇരുപത്തിനാല് മണിക്കൂറും പരസ്യങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിച്ച മുസ്‌ലിപവര്‍ ഉല്‍പാദകരായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഒടുവില്‍ എച്ച്.ഐ.വി വാഹകര്‍ക്കും അത് നല്ലതാണെന്ന് അവകാശപ്പെട്ടതോടെയാണ് ഈ തട്ടിപ്പിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മദ്യത്തിന്റെയെന്നപോലെ ലൈംഗിക ഭ്രാന്തിന്റെയും പിടിയിലമര്‍ന്ന കേരളീയ സമൂഹത്തിന്റെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്ത് കോടികള്‍ കൊയ്യുന്ന വ്യാജ മരുന്നുല്‍പാദകരുടെ പറുദീസയായി സംസ്ഥാനം മാറിയിട്ട് കാലം കുറച്ചായി. പ്രതിവര്‍ഷം 5000 കോടി രൂപയുടെ ലൈംഗികോത്തേജക മരുന്നുകളാണത്രെ കേരളത്തില്‍ വിറ്റഴിയുന്നത്. ഇതില്‍, വലിയൊരു പങ്ക് ആയുര്‍വേദ ഔഷധങ്ങളെന്ന വ്യാജേന വിപണിയിലിറക്കുന്നവയാണ്.
സംവത്സരങ്ങള്‍ നീളുന്ന ഒരു പ്രക്രിയയാണ് യഥാര്‍ഥത്തില്‍ ശാസ്ത്രീയമായ മരുന്നുല്‍പാദനം. ഒട്ടേറെ ഗവേഷണങ്ങള്‍ക്കുശേഷം രൂപപ്പെടുന്ന ഔഷധം ആദ്യം മൃഗങ്ങളില്‍ പരീക്ഷിക്കുന്നു. അത് വിജയകരമാണെന്നു കണ്ടാല്‍ മനുഷ്യരായ രോഗികളിലും മതിയായ മുന്‍കരുതലോടെ പരീക്ഷണത്തിന് വിധേയമാക്കുന്നു. അതും വിജയിച്ചു എന്ന് ബോധ്യമായാലാണ് വാണിജ്യപരമായ ഉല്‍പാദനത്തിലൂടെ വിപണിയിലെത്തുന്നത്. എന്നിട്ടുപോലും, ഉദ്ദിഷ്ട നിലവാരം പുലര്‍ത്തുന്നില്ലെന്നോ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നുവെന്നോ കണ്ടെത്തിയാല്‍ നിരോധിക്കപ്പെടുന്ന മരുന്നുകളും നിരവധിയാണ്. മരുന്നുകളുടെ വിലകൂടാന്‍ ഒരു കാരണം ചെലവേറിയ ഈ ഗവേഷണ പ്രക്രിയ കൂടിയാണ്. ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയാണ് ആയുര്‍വേദ ഔഷധ വിപണി. ഉത്തരവാദപ്പെട്ട ഒരു വൈദ്യരുടെ കുറിപ്പടിപോലും കൂടാതെ ആയുര്‍വേദ ഫാര്‍മസികളിലൂടെ വിറ്റഴിക്കപ്പെടുന്നവയാണ് പല മരുന്നുകളും. അവയുടെ ഗുണനിലവാരമോ ഫലപ്രാപ്തിയോ ഒന്നും ആരും ഒരു ലബോറട്ടറിയിലും പരിശോധിക്കാറില്ല. ആയുര്‍വേദ മരുന്നുകളെന്ന ലേബലില്‍ വിപണിയിലെത്തുന്ന പലതിലും അലോപ്പതി മരുന്നുകളുടെ ചേരുവകളും മാരക രാസപദാര്‍ഥങ്ങളുടെ സാന്നിധ്യവും സമൃദ്ധമായി കാണപ്പെടുന്നുണ്ട്. അലോപ്പതി മരുന്നുകളില്‍ത്തന്നെ വ്യാജന്‍ സുലഭമാണെന്നത് മറ്റൊരു വസ്തുതയാണ്. കേരളത്തിലെ ഔഷധ വിപണിയില്‍ വിറ്റഴിയുന്നവയില്‍ മൂന്നിലൊന്നും വ്യാജനോ നിലവാരം തീരെയില്ലാത്തതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും വേണ്ടത്ര സംവിധാനങ്ങളുള്ള അലോപ്പതിയുടെ സ്ഥിതി ഇതാണെങ്കില്‍ തീര്‍ത്തും അനാഥമായ ആയുര്‍വേദത്തിന്റെ കഥയെന്തു പറയാന്‍! കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വ്യാജമരുന്നുകളില്‍ നിന്നാണെന്ന് പ്രസിദ്ധ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബി. ഇഖ്ബാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും, നടപ്പാക്കാനുള്ളതല്ലെങ്കിലും പുറത്തിറക്കിയ പ്രകടന പത്രികകളില്‍ പോലും അതീവ ഗുരുതരമായ ഈ വിഷയത്തെപ്പറ്റി മിണ്ടിയിട്ടേ ഇല്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.മനുഷ്യരില്‍ ആസക്തി വര്‍ധിപ്പിക്കുന്ന വയാഗ്ര അമേരിക്ക മുതല്‍ ജപ്പാന്‍ വരെയുള്ള ആഗോള വിപണിയില്‍ രംഗപ്രവേശം ചെയ്തതു മുതല്‍, പറയുന്ന വിലകൊടുത്ത് അതുവാങ്ങി ആര്‍ത്തിയോടെ തിന്നുന്ന ലൈംഗിക ഭ്രാന്തരില്‍ നിശ്ചയമായും ഇന്ത്യക്കാരും കേരളീയരും പിന്നിലല്ല. ഹൃദ്രോഗം, പക്ഷാഘാതം, കരള്‍രോഗങ്ങള്‍, ലുക്കീമിയ, ആമാശയ അള്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഡോക്ടര്‍മാരുടെ വിദഗ്‌ധോപദേശം തേടിയേ വയാഗ്ര ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പെങ്കിലും അതിന്റെ ഉല്‍പാദകര്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന സാധനങ്ങള്‍ക്ക് അതുപോലും ഇല്ല. ആയുര്‍വേദ മരുന്നെന്ന് പേരിട്ടാല്‍ ഒരു തരത്തിലുള്ള മുന്നറിയിപ്പിന്റെ ബാധ്യതയും ഇല്ല. ആര്‍ക്കും ഏത് പ്രായത്തിലും ഏതവസരത്തിലും വാങ്ങി വിഴുങ്ങാം!ഈ രോഗാതുര മനസ്സിനെയാണ് ഔഷധ നിര്‍മാതാക്കള്‍ മൃഗീയമായി ചൂഷണം ചെയ്യുന്നത്. എയ്ഡ്‌സിന് ദിവ്യൗഷധം പുറത്തിറക്കി ശതകോടികള്‍ കൊയ്ത വിദ്വാന്മാരുമുണ്ടല്ലോ എറണാകുളത്ത്. നാട്ടില്‍ വിലക്ക് വന്നപ്പോള്‍ സാധനം ശ്രീലങ്കയിലേക്ക് പറിച്ചുനട്ടു. അവിടന്ന് ഇങ്ങോട്ട് ഇറക്കുമതി ചെയ്യുകയാണിപ്പോള്‍. വീടും പുരയിടവും വിറ്റെങ്കിലും എച്ച്.ഐ.വി ബാധിതര്‍ മരുന്ന് വാങ്ങുമെന്ന് മനസ്സിലാക്കി തനി വ്യാജ ഉല്‍പന്നം മരുന്നെന്ന പേരില്‍ വില്‍പന നടത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞത് മാധ്യമങ്ങളുടെ പരസ്യക്കൊതിമൂലമാണ്. വ്യാജനും തട്ടിപ്പുമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പരസ്യങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കൊരുത്തരവാദിത്തവുമില്ലെന്ന് വാദിച്ച്, എല്ലാ തരം പരസ്യങ്ങളും വിവേചനരഹിതമായി പ്രസിദ്ധീകരിക്കുന്ന പതനത്തിലാണ് നമ്മുടെ അച്ചടി-ദൃശ്യമാധ്യമങ്ങള്‍. ഹനുമാന്റെ മോതിരവും കുട്ടിച്ചാത്തന്‍ സേവയും നിക്ഷേപത്തട്ടിപ്പുകളും ഉത്തേജക മരുന്നുകളുമൊക്കെ ജനപ്രീതി നേടുന്നത് മറ്റൊന്നും കൊണ്ടല്ല. മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പരസ്യങ്ങള്‍ കൂടിയേ തീരൂ എന്നത് ശരി. നിര്‍മാണച്ചെലവ് വിറ്റുവരവിലൂടെ മാത്രംനേരിടാനാവാത്ത ഉല്‍പന്നങ്ങളാണ് മാധ്യമങ്ങള്‍. എന്നാലും, ജീവനുമായി അഭേദ്യബന്ധമുള്ളതും ആരോഗ്യത്തെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നതുമായ വസ്തുക്കളുടെ പരസ്യങ്ങള്‍ സ്വീകരിക്കുമ്പോഴെങ്കിലും സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്താന്‍ മാധ്യമങ്ങള്‍ സന്നദ്ധരായേ പറ്റൂ. അതിനവയെ നിയമംമൂലം നിര്‍ബന്ധിക്കാന്‍ സര്‍ക്കാറിനും കഴിയണം. ഇപ്പോള്‍ വിലക്കുവീണ മുസ്‌ലിപവര്‍ എക്‌സ്ട്രായുടെ വിശ്വാസ്യതയെപ്പറ്റി ന്യായമായ സംശയമുയര്‍ന്നപ്പോള്‍തന്നെ അതിന്റെ പരസ്യം വേണ്ടെന്നുവെച്ച 'മാധ്യമം' തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത്. സദുദ്ദേശ്യപൂര്‍വം നടത്തിയ ഈ യത്‌നം സഫലമായതില്‍ ഞങ്ങള്‍ക്കുള്ള ചാരിതാര്‍ഥ്യം സീമാതീതമാണ്. പക്ഷേ, എയ്ഡ്‌സ് മരുന്നു കമ്പനിയുടെ ചുവടുപിടിച്ച് ഇനി മുസ്‌ലിപവര്‍ എക്‌സ്ട്രാ ഉല്‍പാദകരും അയല്‍നാട്ടില്‍ അഭയം തേടാന്‍ എല്ലാ സാധ്യതയുമുണ്ട്. സര്‍ക്കാര്‍ ജാഗ്രത പാലിക്കണം

മാധ്യമം


Share


Google+ Followers

Blogger templates

.

ജാലകം

.