പിറക്കാതെ പോയവരുടെ കണക്കെടുപ്പ്

121 കോടി ജനങ്ങള്‍.


ഇതുകേള്‍ക്കെ ആസൂത്രണകമീഷന്‍ വിറ കൊള്ളേണ്ടതാണ്. പക്ഷേ, ജനസംഖ്യാ വളര്‍ച്ചയുടെ അനുപാതം ഇതാദ്യമായി കുറയുന്നു. ഏതാണ്ട് നാലു ശതമാനം. ഒത്തുപിടിച്ചാല്‍ വളര്‍ച്ചനിരക്ക് വരും ദശാബ്ദത്തില്‍ ഇനിയും കീഴോട്ടിറങ്ങുമെന്ന് കമീഷന്‍ ആശ്വസിക്കുന്നു.

ജനസംഖ്യയില്‍ ചൈന തന്നെ മുന്നില്‍. ലോക ജനസംഖ്യയുടെ 19.4 ശതമാനവും ചൈനക്കു സ്വന്തം. 17.5 ശതമാനം ഇന്ത്യക്കും.

പോയ ദശാബ്ദത്തിലെ ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണിത്. അന്തിമ റിപ്പോര്‍ട്ട് വരുന്നതോടെ ചിത്രം ഒന്നു കൂടി തെളിയും. ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടക്കാനിരിക്കെ, ഇന്ത്യന്‍ ചേരുവ എന്തെന്ന് കൂടുതല്‍ ബോധ്യപ്പെടും. 27 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രണ്ടായിരം കോടിയിലേറെ ചെലവിട്ട് രൂപപ്പെടുത്തിയ ഈ കണക്കെടുപ്പില്‍ പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യത വെറും രണ്ട് ശതമാനം. അതുകൊണ്ട് ലഭ്യമായതില്‍ വിശ്വാസം അര്‍പ്പിക്കിന്‍.

ജനങ്ങള്‍ 121 കോടി കവിഞ്ഞിരിക്കാം. പക്ഷേ, ലോകത്തെ മികച്ച സമ്പദ്ഘടനയെന്ന് നാം ഊറ്റം കൊള്ളുന്നു. വിപണിയുടെ വൈപുല്യവും മാനവ വിഭവശേഷിയും-ഇത് രണ്ടുമാണ് സാമ്പത്തികമാന്ദ്യത്തിന്റെ പ്രഹരം മറികടക്കാന്‍ ഇന്ത്യക്ക് തുണയായത്. എങ്കിലും ഈ വസ്തുത മറച്ചുപിടിക്കാനാണ് പലര്‍ക്കും ഔത്സുക്യം. ജനസംഖ്യ പെരുകുമ്പോഴും ഇന്ത്യയും ചൈനയും നടത്തുന്ന സാമ്പത്തികമുന്നേറ്റം കാണാതെ പോകരുത്. കുറെക്കൂടി യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തിയാല്‍ ജനസംഖ്യാവര്‍ധനയുടെ പോസിറ്റിവ്ഫലങ്ങള്‍ തെളിയും. വിഭവങ്ങളുടെ തുല്യവിതരണവും മനുഷ്യാധ്വാനത്തെ സാര്‍ഥകമായി ഉപയോഗിക്കാനുള്ള കെല്‍പുമുണ്ടെങ്കില്‍ ജനസംഖ്യാ വര്‍ധ സമ്പദ്ഘടനക്ക് കൂടുതല്‍ ഉത്തേജകമാകും.

ഇതിനിടയിലും പിന്നിട്ട ദശാബ്ദത്തിന്റെ ശിഷ്ടചിത്രങ്ങളില്‍ ഏറ്റവുമേറെ നടുക്കം കൊള്ളിക്കുന്ന ഒന്നുണ്ട് -പെണ്‍ഭ്രൂണഹത്യാ വര്‍ധന. വളരുന്ന ഇന്ത്യയില്‍ പെണ്ണിനോടുള്ള വെറുപ്പ് കൂടുതല്‍ കലശലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ കുതിപ്പില്‍ പെണ്‍സാന്നിധ്യം വേണ്ടെന്ന് നാം ഉറപ്പിച്ചിരിക്കുകയാണോ?

ആറ് വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം നോക്കൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ അനുപാതം. ആയിരത്തിന് 914. ദല്‍ഹി ഉള്‍പ്പെടെ 28 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതാണ് സ്ഥിതി. ദല്‍ഹിയില്‍ അനുപാതം 866. ഉത്തര്‍പ്രദേശില്‍ 899, ഹരിയാനയില്‍ 830, പഞ്ചാബില്‍ 846. ഹരിയാനയിലെ ജജ്ജാര്‍, മഹേന്ദ്ര നഗര്‍ ജില്ലകള്‍ പെണ്‍സാന്നിധ്യത്തെ വല്ലാതെ വെറുക്കുന്നു-774,778 എന്നിങ്ങനെയാണ് അവിടെ അനുപാതം.

'ഈ കണക്കുകള്‍ സത്യത്തില്‍ വല്ലാതെ ആശങ്ക ഉയര്‍ത്തുന്നതാണ്' -പറയുന്നത് കണക്കുകള്‍ പുറത്തുവിട്ട രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സി. ചന്ദ്രമൗലി തന്നെ. പെണ്‍ഭ്രൂണഹത്യ അഭംഗുരം തുടരുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. പെണ്ണാണെന്നു കണ്ടാല്‍ ഗര്‍ഭപാത്രത്തില്‍ ഉടന്‍ കുരുതി. അതിന് സൗകര്യമൊരുക്കാന്‍ എണ്ണമറ്റ സ്വകാര്യക്ലിനിക്കുകള്‍. ഭ്രൂണഹത്യയുടെ ലോകത്ത് ഡോക്ടര്‍മാരും ക്ലിനിക്കുകളും തടിച്ചുകൊഴുക്കുന്നു.

ലിംഗാനുപാതം പിടിച്ചുനിര്‍ത്തുന്നതില്‍ നാം പരാജയപ്പെട്ടെന്ന് ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ളയും തുറന്നുസമ്മതിക്കുന്നു. നിയമം ഇല്ലാത്തതല്ല പ്രശ്‌നം. ഭ്രൂണാവസ്ഥയിലെ ലിംഗനിര്‍ണയവും ഹത്യയും ഇന്ത്യ കര്‍ശനമായി തടഞ്ഞിട്ടുണ്ട്. പക്ഷേ, നിയമത്തില്‍ പഴുതുകളേറെ. അതില്‍ പിടിച്ചാണ് പിറക്കുംമുമ്പേയുള്ള ഈ പെണ്‍കുരുതി.

1996ല്‍ ആവിഷ്‌കരിച്ച നിയമം ശരിക്കും ശക്തമാണ്. കാര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര നിരീക്ഷകബോര്‍ഡുണ്ട്. എല്ലാ ആറുമാസം കൂടുമ്പോഴും ബോര്‍ഡ് യോഗം ചേരണമെന്നും ചട്ടമുണ്ട്. പറഞ്ഞിട്ടെന്ത്, കഴിഞ്ഞ മൂന്നു കൊല്ലമായി ബോര്‍ഡ്തന്നെ നിലവിലുണ്ടോ എന്നറിയില്ല. ഉണ്ടായിട്ടുവേണ്ടേ യോഗം ചേരാന്‍.

രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവില്‍ വൈദ്യമേഖലയുടെ അധാര്‍മികവ്യാപാരം അതിജയിക്കുന്നു. 36,000 അംഗീകൃത സോണോഗ്രഫികേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്. ഈ കേന്ദ്രങ്ങളില്‍ പോലും ഒരുവക രജിസ്റ്ററും സൂക്ഷിക്കുന്നില്ല. കാര്യങ്ങള്‍ വിലയിരുത്താന്‍ പരിശോധനയുമില്ല. ഇത്രയും കാലം ആകക്കൂടി കണ്ടെത്തിയ നിയമലംഘനങ്ങളുടെ എണ്ണം വെറും 450. ഇവയില്‍തന്നെ തെളിഞ്ഞ കേസുകളുടെ എണ്ണം വെറും 15! പെണ്‍ഭ്രൂണഹത്യയുടെ പേരില്‍ മഹാരാഷ്ട്രയിലെ ഒരു ഡോക്ടര്‍ക്കു മാത്രമാണ് മൂന്നു കൊല്ലം തടവും 90,000 പിഴയും ലഭിച്ചത്!!

വൈദ്യമേഖലയില്‍ നടക്കുന്ന പിറക്കും മുമ്പേയുള്ള ഈ കൂട്ട ഉന്‍മൂലന പദ്ധതിയെക്കുറിച്ച് ആരോഗ്യമന്ത്രാലയത്തിനു പോലും മിണ്ടാട്ടമില്ല. ഓരോ കൊല്ലവും അഞ്ചുലക്ഷം പെണ്‍കുട്ടികളാണ് ഗര്‍ഭാവസ്ഥയില്‍ കൊല്ലപ്പെടുന്നതെന്ന കണക്കുണ്ട് അവരുടെ പക്കല്‍. വിവരാവകാശ നിയമപ്രകാരം ആരെങ്കിലും ചോദിച്ചാല്‍ അവര്‍ അതു കൈമാറും.

ദാരിദ്ര്യമാണ് പിറക്കും മുമ്പെ പെണ്ണിനെ വകവരുത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്ന മുന്‍വിധിയുണ്ട്. പുതിയ കണക്കുകള്‍ അതും തിരുത്തുന്നു. താരതമ്യേന മികച്ച സമ്പദ്ഘടനയുള്ള പഞ്ചാബിലും ഹരിയാനയിലുമാണ് പെണ്‍ ഭ്രൂണഹത്യ കൂടുതല്‍. വിഭവങ്ങളും സാക്ഷരതയും കൂടിയ ദല്‍ഹി പോലുള്ള നഗരങ്ങളാണ് പെണ്ണിന്റെ വിദൂരസാന്നിധ്യത്തെ പോലും വെറുക്കുമാറ് ആയുധവുമേന്തി പരക്കം പായുന്നത്. ഇങ്ങനെ പോയാല്‍ ഹരിയാനയിലെ ചില ഗ്രാമങ്ങളില്‍ പെണ്‍വര്‍ഗം തന്നെ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു. ദയാരഹിതരായ മാതാപിതാക്കളും ആര്‍ത്തി മൂത്ത ഡോക്ടര്‍മാരും നിര്‍വികാരത പുലര്‍ത്തുന്ന ഭരണകൂടവും ചേര്‍ന്നാണ് ഈ നിശ്ശബ്ദ കൂട്ടക്കുരുതി ആഘോഷിക്കുന്നത്.

ദല്‍ഹിയിലും മറ്റും മാനംകാക്കല്‍ കൊലപാതക പരമ്പരയുടെ നടുക്കം ഇനിയും മാറിയിട്ടില്ല. അതിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം അലയടിച്ചു. എന്നാല്‍, ഗര്‍ഭപാത്രത്തില്‍ ഒടുങ്ങേണ്ടി വരുന്ന പെണ്‍ഭ്രൂണങ്ങളുടെ കാര്യത്തില്‍ വനിതാകമീഷന്‍ മാത്രമാണ് ഉത്കണ്ഠ പ്രകടിപ്പിക്കുന്നത്.

സ്ത്രീക്കും പുരുഷനും തുല്യത കല്‍പിക്കുന്നുണ്ട് ഭരണഘടന. രാഷ്ട്രപതിഭവനിലും ലോക്‌സഭാ സ്‌പീക്കര്‍പദവിയിലും മുഖ്യധാരാ പാര്‍ട്ടികളുടെ തലപ്പത്തും സ്ത്രീസാന്നിധ്യം. താഴേത്തട്ടില്‍ വനിതകള്‍ക്ക് അമ്പത് ശതമാനം സംവരണാനുകൂല്യം. നിയമനിര്‍മാണസഭകളില്‍ മൂന്നിലൊന്ന് സംവരണം വൈകില്ലെന്ന പ്രഖ്യാപനം വേറെയും. എന്തുണ്ടായിട്ടെന്ത്? ജനിച്ചിട്ടു വേണ്ടേ ബാക്കിയൊക്കെ?

രാഷ്ട്രീയ ഭരണ സംവിധാനം മാത്രമല്ല സാമൂഹിക-മത നേതൃത്വവും കുറ്റകരമായ മൗനത്തിലാണ്. മുട്ടിപ്പായി പ്രാര്‍ഥിച്ചും കോടികള്‍ ചെലവിട്ട് പ്രചാരണകാമ്പയിനുകള്‍ നടത്തിയും പരിഹരിക്കാവുന്ന സാമൂഹികപ്രശ്‌നം മാത്രമല്ലിത്. നിയമം കടുപ്പമാകണം. അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും വേണം.

ഇതിനിടയിലും പെണ്‍ സാക്ഷരതാനിരക്ക് ഉയര്‍ന്നത് നേട്ടം തന്നെ. ആസൂത്രണ കമീഷന്‍ ലക്ഷ്യം വെച്ചത് നടപ്പായില്ലെങ്കിലും പത്തു സംസ്ഥാനങ്ങള്‍ വളര്‍ച്ചയില്‍ മുന്നിലാണ്. പുരുഷസാക്ഷരതയില്‍ 6.88ന്റെ ദേശീയവളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ സ്ത്രീകളുടേത് 11.79 ആണ്. എങ്കിലും അസന്തുലിതത്വം ശക്തം. 82.14 പുരുഷന്മാര്‍ സാക്ഷരത നേടുമ്പോള്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇത് 65.46 മാത്രം. അകലം 16.68 ശതമാനം.വരും ദശാബ്ദത്തില്‍ ഇതിനിയും കുറഞ്ഞേക്കാം.



ദരിദ്രരുടെ കണക്കെടുപ്പിന്റെ കാര്യത്തില്‍ നമ്മുടെ സംവിധാനത്തിനും ഉദ്യോഗസ്ഥര്‍ക്കും ആലസ്യം വിട്ട മട്ടില്ല. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ബി.പി.എല്‍, എ.പി.എല്‍ വേര്‍തിരിവ് രൂപപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കൃത്യമായ മാനദണ്ഡം ഇല്ലാത്തതു തന്നെ പ്രശ്‌നം. ഗ്രാമീണ മേഖലയിലെ ദരിദ്രരെ കണ്ടെത്താന്‍ മൂന്ന് ഔദ്യോഗിക സര്‍വേകളാണ് ഇതിനകം നടന്നത് -1992,1997,2002 വര്‍ഷങ്ങളില്‍. അങ്ങനെ കണ്ടെത്തിയവരില്‍ അമ്പതു ശതമാനവും ഇപ്പോള്‍ 'ദരിദ്രര്‍' എന്ന സംജ്ഞക്കു പുറത്താണെന്നാണ് ഉദ്യോഗസ്ഥവാദം. സബ്‌സിഡി നിരക്കില്‍ ഭക്ഷണവും സൗജന്യ മരുന്നും ലഭിക്കുന്നവര്‍, ബാങ്ക്‌വായ്പയുള്ളവര്‍- ഈ ഗണത്തില്‍ പെടുന്നവരായിരുന്നു ആദ്യമൊക്കെ ദരിദ്രര്‍ എന്നറിയപ്പെട്ടത്. വരുമാനവും ചെലവുമായിരുന്നു ആദ്യ രണ്ട് സര്‍വേകളുടെയും മാനദണ്ഡം. 2002ഓടെയാണ് ഇതു മാറിയത്. ദരിദ്രകുടുംബങ്ങളെ കണ്ടെത്താന്‍ ആസൂത്രണകമീഷന്‍ 13 സൂചനകളാണിപ്പോള്‍ അവലംബിക്കുന്നത്. ഉറച്ച മേല്‍ക്കൂര, കക്കൂസ് സൗകര്യം, കുട്ടികളുടെ സ്‌കൂള്‍ പഠനം-ഇതൊക്കെ നോക്കിയാണ് വരുമാന നിര്‍ണയം.

വിധവകള്‍, അംഗവൈകല്യം സംഭവിച്ചവര്‍, അശരണര്‍, അടിമവേല ചെയ്യുന്നവര്‍ എന്നിവരുടെ കാര്യത്തില്‍ തര്‍ക്കമില്ല. സാമൂഹിക-സാമ്പത്തികമാനദണ്ഡങ്ങള്‍ പ്രകാരം ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് തള്ളിമാറ്റപ്പെട്ട പട്ടികജാതി-വര്‍ഗ വിഭാഗം, മുസ്‌ലിംകള്‍, ഭൂരഹിത തൊഴിലാളികള്‍, ഭവനരഹിതര്‍, ഒറ്റ മുറിയില്‍ കഴിയുന്ന കുടുംബങ്ങള്‍ എന്നിവരെ കൂടി ദരിദ്രഗണത്തില്‍ ഉള്‍പ്പെടുത്തുകയാണ് അഭികാമ്യമെന്ന് പൗരാവകാശ സംഘടനകള്‍ ഉണര്‍ത്തുന്നു.

ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പും ഇനി നടക്കാനിരിക്കുന്നു. തുടക്കത്തില്‍ ജാതിയോട് തന്നെ എതിര്‍പ്പായിരുന്നു പലര്‍ക്കും. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നില്‍ക്കാന്‍ പറ്റില്ലെന്നു വന്നപ്പോള്‍ പലരും മാറി. മതേതരവാദത്തിന്റെ മേലങ്കിയിലൂടെ സവര്‍ണബോധം തീണ്ടുന്ന സാഹചര്യം ഇനി തുടരാനാവില്ല. സച്ചാര്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ഇന്ത്യന്‍ മുസ്‌ലിംസ്ഥിതി എത്രമാത്രം തീവ്രമാണെന്നു തെളിഞ്ഞത്. രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നീതിനിഷേധത്തിന്റെ ദാരുണമായ തൊഴില്‍ചിത്രവും വരച്ചിട്ടു. ഇരു റിപ്പോര്‍ട്ടുകള്‍ക്കു ശേഷവും എല്ലുറപ്പുള്ള തുടര്‍ച്ചകള്‍ ഉണ്ടായില്ല. അതോടെ രാഷ്ട്രീയശാക്തീകരണം കൂടാതെ രക്ഷയില്ലെന്ന തോന്നല്‍ ശക്തിയാര്‍ജിക്കുകയാണ്. അതിന്റെ മെച്ചം പക്ഷേ, കണ്ടറിയണം.

എം.സി. എ   .നാസര്‍



--------------------------------------------------------------

Blogger templates

.

ജാലകം

.