സാധാരണക്കാെര തഴഞ്ഞ് മുന്നണികള്‍

ഇടതുകാലിലെ മന്ത് വലതുകാലിലേക്കും വലതുകാലിലെ മന്ത് ഇടതുകാലിലേക്കുമെന്ന കേരളത്തിന്റെ പൊതുസമീപനത്തിന് മാറ്റമുണ്ടാകത്തക്കതായ ഒരു പുരോഗതിയും രാഷ്ട്രീയമായോ ഇതര മേഖലകളിലോ ഉണ്ടാകാത്ത സ്ഥിതിക്ക് ഏതെങ്കിലും മുന്നണിയെ പിന്താങ്ങാവുന്ന അവസ്ഥ ഈ തെരഞ്ഞെടുപ്പിലും ഉണ്ടെന്ന് തോന്നുന്നില്ല. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഓരോ മുന്നണിയെയും മടുക്കുന്നുവെന്നതിന് ഇരു മുന്നണിയിലും ജനങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന അര്‍ഥവുമുണ്ട്. രണ്ടു മുന്നണിയും ഒരേ അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. ഭരണത്തിന്റെ ആനുകൂല്യം ലഭിച്ചവരെപ്പറ്റി സി.പി.എം ഇപ്പോള്‍ ഒരു സര്‍വേ നടത്തുന്നതായാണ്അറിയുന്നത്. അതിലൂടെ തങ്ങള്‍ക്ക് എത്ര വോട്ട് കിട്ടുമെന്ന കണക്കെടുപ്പിനാണിത്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്ത സഹായങ്ങളെപ്പറ്റി പറയുന്നു എന്നതുതന്നെ ഏറ്റവും വലിയ അരാഷ്ട്രീയവത്കരണമാണ്.
പ്രവൃത്തികള്‍ ഒന്നായിരുന്നെങ്കിലും മുമ്പൊക്കെ പ്രഖ്യാപനങ്ങളിലെങ്കിലും ഇരുമുന്നണിയും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ഇന്നതും ഇല്ലാതായിരിക്കുന്നു. മൂലധന സൗഹൃദ വികസനം, കമ്പോള ആധിപത്യം ഇതൊക്കെത്തന്നെയാണ് ഇരുമുന്നണിയും നടപ്പാക്കുന്നത്. ഇടതുപക്ഷം താരതമ്യേന അഴിമതി കുറവാണെന്ന വിചാരമുണ്ടായിരുന്നതുപോലും ഇപ്പോള്‍ നഷ്ടമായി.
ഒരു മുന്നണിയുടെ അഴിമതി ചൂണ്ടിക്കാണിക്കുമ്പോള്‍ മറുപടിയായി മറുപക്ഷത്തിന്റെ അതിലും വലിയ അഴിമതിയാണ് പുറത്തുവരുന്നത്. ഇത്തരം അഴിമതികളിലൂടെ നഷ്ടപ്പെടുന്നത് ജനങ്ങളുടെ പണമാണെന്ന  വിചാരംപോലും ഇല്ലാതെ അഴിമതി ന്യൂനവത്കരിക്കപ്പെടുകയാണിവിടെ. ചില വ്യക്തികള്‍ വ്യത്യസ്ത നിലപാടുകള്‍ എടുത്തെന്ന് വരാം. പക്ഷേ, പാര്‍ട്ടിയില്‍ അവര്‍ ദുര്‍ബലരാകുന്ന കാഴ്ചയാണ് കാണുന്നത്. വി.എസ്. അച്യുതാനന്ദനും വി.എം. സുധീരനും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകാമെങ്കിലും അവര്‍ക്കും തങ്ങളുടെ പാര്‍ട്ടിയെ സംരക്ഷിക്കേണ്ടിവരുന്നു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചവരെയും വേണ്ടിവന്നാല്‍ വോട്ട് നേടാന്‍ മുന്നില്‍ നിര്‍ത്താമെന്നാണ് പാര്‍ട്ടികള്‍ ചിന്തിക്കുന്നത്. അച്ചടക്കം ലംഘിക്കുന്നവര്‍ ജനപിന്തുണ നേടുന്നുവെന്നതുതന്നെ തികഞ്ഞ വൈരുധ്യമാണ്. ഏതൊക്കെ വിഷയത്തില്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചോ, ആ വിഷയത്തിലൊക്കെ ജനം വി.എസ്. അച്യുതാനന്ദനെ ഇഷ്ടപ്പെടുന്നുവെന്നതുതന്നെ പാര്‍ട്ടി എത്രത്തോളം ജനങ്ങളില്‍നിന്ന് അകന്നുവെന്നതിന് തെളിവാണ്. ഇതുതന്നെയാണ് വി.എം. സുധീരന്റെ കാര്യത്തിലും കാണുന്നത്.
വെള്ളം, വായു, കടല്‍, കായല്‍, ഭൂമി, കണ്ടല്‍, തീരം തുടങ്ങി പൊതുവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനെയാണ് ഇന്ന് വികസനം എന്ന് പറയുന്നത്. സ്മാര്‍ട്ട് സിറ്റിയും എക്‌സ്‌പ്രസ് വേയും കൂറ്റന്‍ റിസോര്‍ട്ടുകളും ഐ.പി.എല്‍ സ്‌റ്റേഡിയവുമൊന്നുമല്ല സാധാരണക്കാരുടെ ആവശ്യങ്ങള്‍. എല്ലാ വര്‍ഷവും 3000 മില്ലി ലിറ്ററിലധികം മഴ ലഭിക്കുന്ന സ്ഥലമാണ് കേരളം. ആ വെള്ളം തടഞ്ഞുനിര്‍ത്തിയാല്‍ തന്നെ കേരളം വെള്ളത്തിനടിയിലാകും . പക്ഷേ, ബഹു ഭൂരിപക്ഷം ജനത്തിനും വര്‍ഷം മുഴുവന്‍ ശുദ്ധജലം ലഭിക്കുന്നില്ല ഇവിടെ. എല്ലാ ജീവജാലങ്ങള്‍ക്കുമായി പ്രകൃതി സൗജന്യമായി നല്‍കുന്ന ശുദ്ധജലം കുപ്പിയിലാക്കി ലിറ്ററിന് 12 ഉം 15 ഉം രൂപക്ക് വില്‍ക്കുന്നതിന്റെ ധാര്‍മികതയെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. അതുതന്നെയാണ് ഭക്ഷണത്തിന്റെ കാര്യവും. അന്യസംസ്ഥാനങ്ങളില്‍നിന്ന് വിഭവങ്ങള്‍ എത്തിയില്ലെങ്കില്‍ നാം പട്ടിണിയിലാണ്. ഇത്തരത്തില്‍ ജല-ഭക്ഷ്യ ദൗര്‍ലഭ്യങ്ങള്‍ വര്‍ധിക്കുന്ന വികസന പദ്ധതികളാണ് മുന്നണികള്‍ വാഗ്ദാനം ചെയ്യുന്നത്. പാടങ്ങളും കണ്ടലും നികത്തി മണല്‍വാരി കുന്നുകള്‍ ഇടിച്ചും വനങ്ങളിലെ കരിങ്കല്‍ ക്വാറികള്‍ പോലും തകര്‍ത്തെറിഞ്ഞും നടത്തുന്ന വികസനം ചുരുക്കം ചിലര്‍ക്ക് താല്‍ക്കാലിക നേട്ടം ഉണ്ടാക്കുമെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും ഭാവി തലമുറക്കും അത് ഉണ്ടാക്കാവുന്ന ദുരന്തങ്ങള്‍ എന്തൊക്കെയാണെന്നുപോലും ചിന്തിക്കാന്‍ ആരും തയാറാകുന്നില്ല. ഇത് വെറും പരിസ്ഥിതി പ്രശ്‌നമല്ല, രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളാണെന്നും ചിന്തിക്കുന്നില്ല. പരിസ്ഥിതി സന്തുലനത്തെപ്പറ്റിയുള്ള അവബോധം ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴും വികസന സംരംഭങ്ങളുടെ നയ രൂപവത്കരണ ഘട്ടത്തില്‍  ഭരണകൂടങ്ങള്‍ക്ക് അതുണ്ടാകുന്നില്ല.
ഭരണത്തിലേറുമ്പോള്‍ വളരെ സാധ്യതകള്‍ ഉണ്ടായിരുന്ന മന്ത്രിസഭയായിരുന്നു ഇടതുപക്ഷത്തിന്‍േറത്. യു.ഡി.എഫ് ഭരിക്കുന്ന കാലത്ത് അവരുടെ എല്ലാ തിന്മകളെയും എതിര്‍ക്കാന്‍ മുന്നില്‍ നിന്നയാള്‍ തന്നെ മുഖ്യമന്ത്രിയായി വന്നു. ഒപ്പം ഇടതുപക്ഷത്തിന് പൊതുവിലുള്ള സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ പ്രയോഗവത്കരണവും പ്രതീക്ഷിച്ചു. പക്ഷേ, ഭരണം തുടങ്ങിയപ്പോള്‍ കണ്ടത് കൈയും കാലും വായും കൂട്ടിക്കെട്ടിയ മുഖ്യമന്ത്രിയെയാണ്. അത്യപൂര്‍വമായി ചില ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോള്‍ അത് പ്രശ്‌നമാവുകയും പാര്‍ട്ടി അച്ചടക്ക ലംഘനമാവുകയും ചെയ്തു. പാര്‍ട്ടിയുടെ ആത്യന്തിക രാഷ്ട്രീയ നിലപാടിനെത്തന്നെയത് ബാധിച്ചു. എങ്കിലും പോസിറ്റീവായ ചിലകാര്യങ്ങള്‍ എങ്കിലും ഈ മന്ത്രിസഭയുടെ ഭാഗത്തുനിന്നുണ്ടായെന്ന് പറയാതിരിക്കാനാവില്ല.
വന മേഖല കൂടുതല്‍ നശിപ്പിക്കാതെ സംരക്ഷിക്കാന്‍ ഒരു മന്ത്രിയുണ്ടായി. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെപ്പറ്റി വേവലാതിപ്പെടുന്ന ഒരു കൃഷി മന്ത്രിയും നമുക്ക് ലഭിച്ചു. കിനാലൂര്‍, വളന്തക്കാട് വിഷയങ്ങളിലെ നിലപാടുകള്‍ മാറ്റിവെച്ചാല്‍ പൊതുമേഖലയെ സംരക്ഷിക്കാന്‍ തയാറായ വ്യവസായ മന്ത്രിയെയും നാം കണ്ടു. പൊതുവിതരണ രംഗത്തും താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് കാണാന്‍ കഴിഞ്ഞത്. സഖാക്കള്‍ പൊലീസ് ഭരണം തുടര്‍ന്നെങ്കിലും ജനമൈത്രി പൊലീസ് പോലുള്ള ചില നല്ല കാര്യങ്ങള്‍ ആഭ്യന്തര വകുപ്പില്‍നിന്നുമുണ്ടായി. കെ.എസ്.ആര്‍.ടി.സിയുടെ സേവനം കൂടുതല്‍ ജനങ്ങളില്‍ എത്തിച്ച ഗതാഗതവകുപ്പും കാര്യമായ നേട്ടവും കോട്ടവും ഉണ്ടായെന്ന് പറയാനാകില്ലെങ്കിലും വൈദ്യുതി വകുപ്പും പ്രത്യേകം പരാമര്‍ശിക്കാം.
എന്നാല്‍, ഏറ്റവും വലിയ വലതുപക്ഷ അജണ്ട നടപ്പാക്കിയ ധനമന്ത്രി, പൂര്‍ണമായും സ്വാശ്രയക്കാരോട് കീഴടങ്ങി. പൊതുവിദ്യാഭ്യാസ മേഖലയെപ്പോലും  ചെലവേറിയതാക്കിയ വിദ്യാഭ്യാസമന്ത്രിയും ഈ മന്ത്രിസഭയുടെ ഏറ്റവും വലിയ അപമാനമാണെന്ന് പറയാം. എന്‍.എച്ച്.ആര്‍.എം എന്ന ദേശീയ പരിപാടിയുടെ നടത്തിപ്പുകാരിയായി മാത്രം ആരോഗ്യമന്ത്രി അധഃപതിച്ചു. സാംസ്‌കാരിക വകുപ്പും പാര്‍ട്ടിവത്കരിക്കപ്പെട്ടു. ഇതൊക്കെയാണ് മന്ത്രിസഭയെപ്പറ്റിയുള്ള പൊതുവായ വിലയിരുത്തല്‍.
ഫലത്തില്‍ ഇരു മുന്നണിയും നിലനില്‍ക്കുന്നത് സ്വാര്‍ഥ താല്‍പര്യങ്ങളിലാണ്, അതുകൊണ്ടുതന്നെയാണ് ജനങ്ങള്‍ക്ക് ഇവരെ മടുക്കുന്നതും

സി.ആര്‍. നീലകണ്ഠന്‍

Blogger templates

.

ജാലകം

.